ഐ.ഐ.ടിയില്‍ പോയി നേടിയ ബിരുദമൊന്നും ഇല്ലെങ്കിലും കമ്പ്യൂട്ടറില്‍ ഒരു കൈ നോക്കാമെന്ന പ്രതീക്ഷ മല്‍ബു കൈവിട്ടിരുന്നില്ല. കാരണം മല്‍ബുകളായ മുഹന്തിസുമാരെ കണ്ടാല്‍ അറബികള്‍ കൊത്തിക്കൊണ്ടു പോകുമെന്നാണ് കേള്‍വി. അതുകൊണ്ടുതന്നെ രാവും പകലുമില്ലാതെ, ഊണും ഉറക്കുമൊഴിഞ്ഞാണ് കമ്പ്യൂട്ടര്‍ പഠിച്ചത്.
ഇപ്പോള്‍ ഏതു കമ്പ്യൂട്ടറും ഏതു പ്രോഗ്രാമും വഴങ്ങും. ഏതു ലാപ്‌ടോപ്പും നന്നാക്കിക്കൊടുക്കാന്‍ മിനിറ്റുകള്‍ മതി. മുഹന്തിസുമാരുടെ സുപ്രധാന യോഗ്യതയായ സ്‌മോക്കിംഗും പഠിച്ചു. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. ഇത് മൈക്രോസോഫ്റ്റിന്റെ ഗള്‍ഫ് കോണ്‍സെന്‍ട്രേറ്റഡ് കോഴ്‌സൊന്നുമല്ല. സാക്ഷാല്‍ സ്‌മോക്കിംഗ് തന്നെ. മല്‍ബുവിന്റെ സ്വന്തം ഭാഷയില്‍ പുകക്കുക എന്നര്‍ഥം.
ഇടക്കിടെ ഒന്നു പുകച്ചാലേ മുഹന്തിസാകൂ എന്നത് മല്‍ബുവിന് ഇവിടെനിന്നു കിട്ടിയ ജ്ഞാനമാണ്. വിജ്ഞാനം എവിടെ കണ്ടാലും അതു സ്വായത്തമാക്കണമെന്നാണല്ലോ? ഒരിക്കല്‍ ഒരു അറബി ചോദിച്ചതാണ്- പുകവലിക്കാത്ത മുഹന്തിസോ? അപ്പാഴാണ് മുഹന്തിസുമാര്‍ക്ക് ചിന്താശക്തി വേണമെന്നും അതുണ്ടാകണമെങ്കില്‍ ഇടക്കിടെ പുക കയറിക്കൊണ്ടിരിക്കണമെന്നും മനസ്സിലാക്കാനായത്. ഒരു കാര്യം മനസ്സിലായാല്‍ പിന്നെ അത് ഉള്‍ക്കൊള്ളാനും സ്വന്തമാക്കാനും മല്‍ബു കഴിഞ്ഞേ മറ്റൊരാളുള്ളൂ.
എന്തുകൊണ്ടാണ് മല്‍ബുകളെ അറബികള്‍ക്ക് ഇത്രമാത്രം ഇഷ്ടമാകാന്‍ കാരണമെന്ന് നാട്ടില്‍നിന്നുതന്നെ പഠിച്ചിട്ടുണ്ട്. കേട്ടുകേള്‍വിയൊന്നുമല്ല. അനുഭവം തന്നെ. അയലത്തെ അയമു ഇക്കണ്ടതൊക്കെ ഉണ്ടാക്കിയത് അറബിയുടെ പിരിശം കൊണ്ടാണെന്നത് നാട്ടില്‍ പാട്ടാണ്. അറബിയുടെ പിരിശം എന്ന പേരില്‍ ഒരു ജോലിയോ തസ്തികയോ ഉണ്ടോ എന്നുപോലും സംശയിക്കാം.
അതെന്തായാലും അയമുവാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്്. ഗള്‍ഫിലുള്ള ബാപ്പയോട് പില തവണ ചോദിച്ചതായിരുന്നു. എന്തു പഠിച്ചാലാണ് അവിടെ അവസരം? ബാപ്പ മറുപടിയൊന്നും നല്‍കില്ല. എന്തോ താന്‍ ഗള്‍ഫിലേക്ക് പോകുന്നത് ബാപ്പാക്ക് ഇഷ്ടമില്ലാത്തതുപോലെ. ചെവിക്ക് സൈ്വരം കൊടുക്കാതിരിക്കാന്‍ ഉമ്മയും കൂട്ടുകൂടിയതോടെയാണ് ഒരിക്കല്‍ ബാപ്പ പറഞ്ഞത്. അയമു നാട്ടിലുണ്ടല്ലോ, അവനെ ഒന്നുപോയി കണ്ടുനോക്കൂ. അവന് വിസ പരിപാടിയൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്.
അങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുമായി അയമുവിനെ കാണാന്‍ പോയത്. വലിയ ഫയല്‍ കണ്ടതുകൊണ്ടാവണം, അയല്‍ക്കാരനായിട്ടു പോലും അയമു വാതില്‍ കാല്‍ഭാഗമേ തുറന്നുള്ളൂ. വാതില്‍ പെട്ടെന്ന് അടക്കേണ്ട കേസാണെങ്കില്‍ അതിനുള്ള എളുപ്പത്തിനുവേണ്ടിയാകണം വാതില്‍ കാല്‍ഭാഗം മാത്രം തുറന്ന് തല പുറത്തേക്കിടുന്നത്.
ബാപ്പ നിങ്ങളെ വന്നു കാണാന്‍ പറഞ്ഞു. എം.എ ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഒരു വിസ തരപ്പെടുത്തിത്തരണം.
നിങ്ങളുടെ അറബി വിചാരിച്ചാല്‍ സാധിക്കുമെന്നാ ബാപ്പ പറഞ്ഞത്.
എം.എ കൊണ്ടൊന്നും അവിടെ ഇപ്പോള്‍ കാര്യമില്ലാട്ടോ. കമ്പ്യൂട്ടര്‍ പഠിക്കാന്‍ നോക്ക്. എന്നാല്‍ എന്തെങ്കിലും നോക്കാം.
അങ്ങനെയാണ് കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയത്.
അധികം വൈകാതെ തന്നെ അയമുവഴി ബാപ്പ വിസ തരപ്പെടുത്തി അയച്ചു. വിസ അയച്ചപ്പോള്‍ തന്നെ ബാപ്പ പറഞ്ഞിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ഇപ്പോള്‍ തന്നെ ചെലവായി. പകുതിയും കടമാണ്.
അങ്ങനെയാണ് തന്നെയും ഒരു അറബി കൊത്തിയെടുക്കുമെന്ന പ്രതീക്ഷയുമായി മല്‍ബു വിമാനം കയറിയത്.
തല്‍ക്കാലം ഒരു കമ്പ്യൂട്ടര്‍ കടയില്‍ നില്‍ക്കാം. ഭാഷ പഠിക്കാം. ചാന്‍സ് വല്ലതും വരികയും ചെയ്യും.
ബാപ്പയും അയമുവും പറഞ്ഞതനുസരിച്ച് കമ്പ്യൂട്ടര്‍ കടയില്‍ ജോലിക്കു കയറിയ മല്‍ബു കാത്തിരിപ്പ് തുടരുകയായിരുന്നു. ഒരു അറബി വരും, പിരിശത്തോടെ തന്നെ കൊത്തിയെടുക്കാന്‍.
ബാപ്പ വിളിക്കുമ്പോഴൊക്കെ മല്‍ബു പറഞ്ഞുതുടങ്ങി. കടയിലെ ജോലി മടത്തൂട്ടോ. എവിടേക്കെങ്കിലും മാറണം. എന്റെ യോഗ്യതയനുസരിച്ച് ഈ ജോലിയൊന്നും പോരാട്ടോ.
ബാപ്പ ശുഭാപ്തി വിടില്ല. എല്ലാം ശരിയാകും. കുറച്ചുകൂടി ക്ഷമിക്കൂ.
ഒരു ദിവസം ബാപ്പ വിളിച്ചു പറഞ്ഞു. കഫീല്‍ വരുന്നുണ്ട് നിന്നെ കാണാന്‍. സന്തോഷത്തിനു കണക്കില്ലായിരുന്നു.
മുതലാളിയോട് പറയുമ്പോള്‍ ഇത്തിരി ഗമ ഉണ്ടായിരുന്നു. എന്നെ കാണാന്‍ കഫീല്‍ വരുന്നുണ്ട്. ബാപ്പ വിളിച്ചു പറഞ്ഞതാ.
പടച്ചോനേ, കുടുങ്ങിയോ എന്നായിരുന്നു മുതലാളിയുടെ കമന്റ്.
താന്‍ ജോലി വിട്ടുപോകുന്നതു കൊണ്ടുള്ള വിഷമമായിരിക്കും ഉടമ പ്രകടിപ്പിച്ചത്. മല്‍ബു മനസ്സില്‍ കരുതി.
പിന്നെ എപ്പോഴും കടയില്‍ കയിലു കുത്താനാണോ ഇത്രയും പണവും കൊടുത്ത് വിസയും വാങ്ങി ഇങ്ങോട്ടു വന്നത്?
അടുത്ത ദിവസം ബാപ്പയോടൊപ്പം കഫീല്‍ എത്തി. ജോലിയും ശമ്പളവുമൊക്കെ ചോദിച്ചറിഞ്ഞു. പോകുമ്പോള്‍ കഫീല്‍ ഒരു മൊബൈല്‍ ഫോണ്‍കൂടി എടുത്തു. ഇത് മല്‍ബൂന്റെ കണക്കിലെഴുതിക്കോളൂ. ഞാന്‍ അടുത്ത ദിവസം വീണ്ടും വരുന്നുണ്ട്.
ജോലിയുടെ കാര്യങ്ങളൊക്കെ അന്വേഷിച്ച സ്ഥിതിക്ക് അടുത്ത ദിവസം തന്നെ പുതിയ ജോലിക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ മല്‍ബു സന്തോഷവാനായി.
അപായം മണത്ത കടയുടമ മല്‍ബുവിന്റെ ബാപ്പയെ വിളിച്ചു ചോദിച്ചു.
അല്ല, കാക്കാ നിങ്ങള്‍ ഇതെന്താ ചെയ്തത്? മകനേയും കടയും എന്തിനാ കഫീലിനു കാണിച്ചു കൊടുത്തത്?
അതോ, അതു പിന്നെ... കഫീലിന് ഭയങ്കര നിര്‍ബന്ധം മോനെ കാണണോന്ന്.
എന്തായാലും അബദ്ധം ആയീന്നാ തോന്നുന്നത്. ഏതായാലും മകനെ വിളിച്ചൊന്ന് ഉപദേശിച്ചേക്ക്. അവസരത്തിനൊത്ത് പെരുമാറാന്‍.
ദിവസങ്ങള്‍ അധികം കഴിഞ്ഞില്ല. കഫീലിന്റെ വണ്ടി കടയുടെ മുന്നില്‍ വന്നു നിന്നു.
കടയില്‍ കയറിയ ഉടനെ കഫീല്‍ പറഞ്ഞു. മല്‍ബൂനെ ഞാന്‍ കൊണ്ടുപോകുന്നൂട്ടോ. അവനെ എനിക്കാവശ്യമുണ്ട്. തോട്ടത്തില്‍ പോകാന്‍ ആളില്ല.
കടയുടമ ശങ്കിച്ചതുപോലെ തന്നെയായി. ആമില്‍ മസ്‌റ എന്നായിരുന്നു ഇഖാമയില്‍ മല്‍ബുവിന്റെ ജോലി. സ്വന്തം തോട്ടത്തിലേക്ക് തൊഴിലാളിയെ കൊണ്ടുപോകാനാണ് കഫീല്‍ വന്നിരിക്കുന്നത്.
അതുപിന്നെ, പെട്ടെന്ന്്, ഇന്നുതന്നെ എങ്ങനെയാ കൊണ്ടുപോകുന്നത്. നിങ്ങള്‍ നാളെ വാ എന്നു കഫീലിനോട് പറയുമ്പോള്‍ കടയുടമ മലയാളത്തിലും പറഞ്ഞു: "മല്‍ബൂ വിട്ടോടാ....'
0 comments:
Post a Comment