3/16/15

പോര്‍ക്കളത്തില്‍ ഇനി നവമാധ്യമങ്ങള്‍ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പരിഷ്‌കാരത്തിന്റെ കാപട്യങ്ങള്‍ വലുതായൊന്നും എടുത്തണിയാത്ത പാവങ്ങളെന്ന് മറുനാട്ടില്‍ ജോലിക്കെത്തിയ ഇവരെ ചൂണ്ടി പറയാറുണ്ട്. സമ്പത്ത് വലിയ ജീവിത സൗകര്യങ്ങളിലേക്ക് നീക്കുന്നതിനു മുമ്പ് ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള കൊതി ഇവരെ ചെറുപ്പത്തില്‍തന്നെ പുണ്യഭൂമിയിലെത്തിക്കാറുമുണ്ട്.
ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരുന്നതിന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 16 ഇന്തോനേഷ്യക്കാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ പിടിയിലായി. ഒരു പുരുഷനും നാല് സ്ത്രീകളും 11 കുട്ടികളുമടങ്ങുന്ന സംഘമാണ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായത്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നും 16 പേരടങ്ങിയ മറ്റൊരു സംഘം അപ്രത്യക്ഷമായിട്ടുണ്ടെന്നും തുര്‍ക്കി വിദേശമന്ത്രാലയം പറയുന്നു. ഐ.എസുകാരോടൊപ്പം ചേര്‍ന്ന് പൊരുതാന്‍ 500-ലേറെ ഇന്തോനേഷ്യക്കാര്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയോടൊപ്പം ചേര്‍ന്ന് അന്വേഷണം നടത്താന്‍ ഒരു സംഘത്തെ അയച്ചതായി ഇന്തോനേഷ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലും ഇറാഖിലും എണ്ണപ്പാടങ്ങള്‍ അടക്കം പിടിച്ചെടുത്തുകൊണ്ട്  സ്വയം ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഒരുപിടി ചട്ടമ്പികള്‍ക്ക് പിന്നില്‍ ശക്തമായ കരങ്ങളുണ്ടെന്നല്ലാതെ, മറ്റുവിവരങ്ങളൊക്കെ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഐ.എസുകാരുടെ പിന്നാമ്പുറം അേന്വഷിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഒക്കെ അനുമാനങ്ങളാണ്. ഐ.എസ് ഒരു പാശ്ചാത്യ നിര്‍മിതിയാണെന്ന സംശയങ്ങള്‍ നിരാകരിക്കുന്നതാണ് കൂടുതല്‍ ഗ്രന്ഥങ്ങളുമെന്നത് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം മൂന്ന് ബ്രിട്ടീഷ് വിദ്യാര്‍ഥിനികളെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ചതിന് തുര്‍ക്കി അധികൃതര്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യം ഐ.എസിനെതിര യുദ്ധം തുടരുന്ന അമേരിക്കന്‍ സഖ്യത്തില്‍ ഉള്‍പ്പെടുന്നുവെന്നതായിരുന്നു ഈ വാര്‍ത്തയിലെ കൗതുകം.
ലിബിയ വഴി ഐ.എസ് ഇതാ യൂറോപ്പിലേക്ക് വരുന്നു എന്ന പുതിയ വാര്‍ത്തകള്‍ക്കിടെ, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ തലവന്‍ ജോണ്‍ ബ്രണ്ണന്‍ മറ്റൊരു യുദ്ധപ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും പുതിയ സാങ്കേതിക വിദ്യകളാണ് ഐ.എസ് പോലുള്ള ഗ്രൂപ്പുകളെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിവരങ്ങള്‍ കൈമാറാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകാരണം തീവ്രവാദികള്‍ക്കെതിരായ പോരാട്ടം പ്രയാസകരമാക്കിയിരിക്കുന്നു എന്നാണ് പുതിയ സി.ഐ.എ മേധാവിയുടെ അഭിപ്രായം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുഭാവികളെ നേടാനും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.
ബുഷ് ഭരണകൂടത്തിന്റെ പീഡന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബ്രണ്ണന്‍ ഇതു രണ്ടാം തവണയാണ് സി.ഐ.എയുടെ തലപ്പത്ത് എത്തുന്നത്.
പൗരാവകാശങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടുകാരനായ അദ്ദേഹം നവ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ നടപടികളെ രാജ്യാന്തരതലത്തില്‍ ഏകോപിപ്പിച്ച് പരിചയമുള്ള അദ്ദേഹത്തിന് എതിര്‍ശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഭരണകൂടങ്ങളെ പഠിപ്പിക്കാന്‍ എളുപ്പം സാധിക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. കിരാതമായ ആക്രമണമുറകള്‍ സ്വീകരിച്ച് ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ക്കുന്ന ഐ.എസ്. ഭീകരരെ ന്യായീകരിക്കുന്നവര്‍ മാത്രമല്ല, രാഷ്ട്രങ്ങളുടെ പരമാധികാരത്തിലും പൗരാവകാശങ്ങളിലും ഇടപെടുന്ന  അമേരിക്കയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യുന്നവരും  സി.ഐ.എ മേധാവി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ പരിധിയില്‍ വരും.
സൈബര്‍സ്‌പേസില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സി.ഐ.എ സ്വീകരിച്ചുവരികയാണ്. പ്രത്യേക ഭീഷണികള്‍ നേരിടുന്നതിന് ഏജന്‍സിക്കു കീഴില്‍ മിഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്.
ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിലുണ്ടാകുന്ന സംഭവം ഉടന്‍ തന്നെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാണ് അനുരണനങ്ങളുണ്ടാക്കുന്നതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്ന് ഒരു തീവ്രവാദിക്ക് ഓണ്‍ലൈനില്‍നിന്ന് ആക്രമണം എങ്ങനെ നടത്താമെന്ന് പഠിക്കാമെന്നും ബ്രണ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരാക്രമണ ഭീഷണി ഉടന്‍തന്നെ വികേന്ദ്രീകരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.
സ്വതന്ത്ര്യം, സാമൂഹ്യ നീതി പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സിറിയന്‍ ജനത ആരംഭിച്ച പ്രക്ഷോഭം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 80 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. ഏകാധിപത്യത്തില്‍നിന്ന് മോചിതരായി ജനാധിപത്യത്തിലേക്കു നീങ്ങാമെന്ന് സ്വപ്‌നം കണ്ട സിറിയന്‍ ജനതയല്ല ഇപ്പോള്‍ അവിടെ യുദ്ധം ചെയ്യുന്നത്. വിവിധ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളാണ് അവിടെ ഏറ്റുമുട്ടുന്നത്.
അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വലിയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് രാപകലില്ലാതെ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനു സിവിലിയ•ാര്‍ കൊല്ലപ്പെടുന്നതല്ലാതെ യഥാര്‍ഥ ഭീഷണിയായ ഐ.എസുകാര്‍ക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. കവചിത വാഹനങ്ങളില്ലാതെ, സാദാ ട്രക്കുകളില്‍ അവര്‍ തോക്കേന്തി വിലസുന്നു, എണ്ണ വില്‍ക്കുന്നു, മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയക്കുന്നു.
സിറിയയില്‍ അസദിന്റെ ഏകാധിപത്യ ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയവരുടെ കണക്കുകള്‍ പുറംലോകം അറിഞ്ഞത് ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ല. അതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന കൂട്ടക്കൊലകളും പൗരാവകാശ നിഷേധങ്ങളും പുറംലോകം അറിയുന്നതും നവ മാധ്യമങ്ങളിലൂടെയാണ്.
ഐ.എസിനെതിരായ സൈനിക നടപടികളുടെ മറവില്‍ ഈയൊരു സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെടാന്‍ പോകുന്നത്. നിരപരാധികളെ കൊലപ്പെടുത്തിയും ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തും ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ഐ.എസ് അങ്ങനെ സൈബര്‍ ലോകത്തും വലിയ സംഭാവനയാണ് നല്‍കാന്‍ പോകുന്നത്. ഇസ്‌ലാമിനോടൊപ്പം തളികയിലാക്കി അവര്‍ സാമൂഹിക മാധ്യമങ്ങളേയും ആധുനിക സാങ്കേതിക വിദ്യകളേയും സമര്‍പ്പിച്ചിരിക്കുന്നു. ഫേസ് ബുക്കിനും വാട്ട്‌സ്ആപ്പിനും ഇനി അങ്കിള്‍ സാമിന്റെ സമ്പൂര്‍ണ നിരീക്ഷണം.

1 comment:

  1. മിതവാദികള്‍ക്കും രക്ഷയില്ലാതാകുമോ

    ReplyDelete

Related Posts Plugin for WordPress, Blogger...