ല എന്ന അക്ഷരം മറന്ന മല്‍ബൂനെ ഭാര്യ രക്ഷിച്ചതൊരു കഥയാണ്. ഇരുപത് വര്‍ഷത്തെ പ്രവാസമാണ് മല്‍ബൂന് ഈ അക്ഷര മറവി സമ്മാനിച്ചത്. ല എന്നൊരക്ഷരം അത്ര വലിയൊരു സംഭവമാണോ എന്നു ചോദിക്കാന്‍ വരട്ടെ. നാം ഉപയോഗിക്കാത്ത എത്രയെത്ര അക്ഷരങ്ങള്‍ വേറെയും കിടക്കുന്നു. പക്ഷേ മല്‍ബൂന് ലാ. ലാ ലല്ലാ എന്ന മൂളിപ്പാട്ട് പോലും വരില്ല.
അറബയിലും മലയാളത്തിലും പിന്നെയും ഏതൊക്കെയോ ഭാഷകളിലും ല എന്നത് നിഷേധത്തിന്റെ സൂചനയാണ്. ലാ എന്നു പറഞ്ഞു പറഞ്ഞുപോയാല്‍ ഇല്ലാ എന്നാകും. വിമാനം കയറുന്നതുവരെ മല്‍ബു ഒരു നിഷേധിയായിരുന്നു. ഒന്നും വിട്ടുകൊടുക്കാത്ത ഒരു നിഷേധി. മന്ത്രി സുധാകരനെ പോലെ എല്ലാം മറുചോദ്യങ്ങള്‍ കൊണ്ട് നേരിട്ട ശരിക്കുമുള്ളൊരു ബുദ്ധിജീവി.
നാടും വീടും വിട്ടുള്ള ജീവിതത്തിന്റെ തുടക്കത്തില്‍ ഈ ചങ്കുറപ്പും ഞാനെടാ ഭാവവും പലപ്പോഴും ദുരന്തത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ പരാതികള്‍ കഫീലിന്റെ മുന്നിലത്തുമ്പോള്‍ അറിയാതെ തന്നെ പുറത്തേക്കു വരുന്ന കണ്ണീരും അങ്ങേരുടെ ചായപ്പൂതിയുമാണ് പലപ്പോഴും രക്ഷിച്ചത്. മല്‍ബു കാച്ചുന്ന ചായയില്‍ വീഴാത്ത കഫീലുമാരുണ്ടോ? വെറും ചായ കൊണ്ട് മല്‍ബുകളില്‍ എത്രയെത്ര പേര്‍ വലിയ വലിയ ബംഗ്ലാവും കാറും നേടിയിരിക്കുന്നു.
ഒരിക്കല്‍ തന്നെ പോലത്തെ മറ്റൊരു മല്‍ബൂന്റെ ആജ്ഞ ധിക്കരിച്ചപ്പോള്‍ ഇക്കുറി ജോലി പോയതുതന്നെ എന്നു ധരിച്ചതായിരുന്നു. തിരിച്ച് ഒരേ നാട്ടില്‍ പോകേണ്ടവരാണെന്ന കാര്യം പോലും മറന്നുകൊണ്ടായിരിക്കും ചിലപ്പോള്‍ ചില മല്‍ബു മേലാളന്മാരുടെ പെരുമാറ്റം. ഒന്നു വീക്കാനാണ് തോന്നുക. പിന്നെ വിധിയെന്നു കരുതി സമാധാനിക്കും. അങ്ങനെ മെല്ലെമെല്ലെയാണ് മല്‍ബു പാകപ്പെട്ടത്. ആരെന്തു പറഞ്ഞാലും ഇപ്പോള്‍ പ്രതികരണം ഒരു വിഡ്‌ഢിച്ചിരിയില്‍ ഒതുക്കും. ഒരിക്കല്‍ ഒരു സുഡാനി സുഹൃത്താണ് ഈ ചിരി പഠിപ്പിച്ചത്. ഇപ്പോള്‍ ആരോടും ലാ എന്നു പറയില്ല. എല്ലാം കേള്‍ക്കും എന്നിട്ട് മുഖത്ത് നേരത്തേ പറഞ്ഞ ആ ചിരി വരുത്തും.
നാട്ടിലെത്തി ഒരാഴ്‌ചയേ ആയിട്ടുള്ളൂ. ഇതിനകം അവള്‍ നാലു തവണ വന്നു. ചാനലില്‍ കിന്നരിക്കുന്ന പെണ്‍കുട്ടിയുടെ മുഖമുള്ളവള്‍. അവള്‍ പറയുന്ന കഥകള്‍ കേട്ടിരിക്കും. എന്നിട്ട് നീ പിന്നെ വാ എന്നു പറഞ്ഞു മടക്കി അയക്കും. ഇല്ലാ എന്നു പറയാന്‍ കഴിയാത്ത മല്‍ബൂനെ തേടി അവള്‍ പിന്നെയും വരും. പുതിയ കഥകളുമായി.
അവളുടെ സ്ഥിരമായുള്ള വരവ് പ്രിയതമക്കത്ര പിടിച്ചിട്ടില്ല. കുടിക്കാന്‍ ടാങ്ക് കലക്കി മടുത്ത ഒരു ദിവസം അവള്‍ ചോദിച്ചു. എന്തോന്നാ ഈ കിന്നാരം. ഡെഡിക്കേഷനാണോ?
പതിനഞ്ചാം വിവാഹ വാര്‍ഷികത്തില്‍ പ്രിയപ്പെട്ട ചാനലിലേക്ക് വിളിച്ച് ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്‌തതിന്റെ പുകിലാണോര്‍മ വന്നത്. അന്ന് ചാനല്‍ സുന്ദരിയോട് കിന്നരിച്ചൂന്ന് പറഞ്ഞ് പരിഭവിച്ച ഭാര്യക്ക് രണ്ടര പവന്റെ ഒരു വള വാങ്ങിക്കൊടുത്തയച്ചാണ് പ്രശ്‌നം പരിഹരിച്ചത്. തന്നോട് സംസാരിക്കുന്നതിനേക്കാളും കൂടുതല്‍ ചാനലില്‍ വിളിച്ച് റിമ്മിയോടും നിമ്മിയോടുമൊക്കെ സംസാരിക്കുന്നൂന്നായിരുന്നു പരിഭവം. അത് കൊണ്ട് ഡെഡിക്കേഷന്‍ എന്ന വാക്കു കേട്ടാല്‍ മതി മല്‍ബു മൂത്രമൊഴിച്ചോ എന്നു നോക്കിയാല്‍ മതി.
ഇപ്പോഴത്തെ പ്രശ്‌നം അത്ര വലിയ കാര്യമൊന്നുമല്ല. തേടിവരുന്ന പെണ്‍കുട്ടിയെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സുപരിചിത. മല്‍ബു ഗള്‍ഫില്‍ നിന്നെത്തുന്നതും കാത്തിരിക്കുകയായിരുന്നുവത്രേ അവള്‍. എങ്ങനെയെങ്കിലും ഒന്നെടുപ്പിക്കാനാണ് അവളുടെ വിടാതെയുള്ള വരവ്. മല്‍ബൂനാണെങ്കില്‍ അതിലൊട്ടും താല്‍പര്യമില്ലതാനും. പലിശയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു മാത്രമല്ല, എല്‍.ഐ.സിയില്‍ നിക്ഷേപിക്കുന്നത് വലിയ വിളവല്ലെന്ന ഇക്കണോമിക്‌സും മല്‍ബൂനറിയാം. പക്ഷേ, ലാ എന്നു പറയാന്‍ കഴിയുന്നില്ല. അതുകൊണ്ട് മല്‍ബു ഉണരും മുമ്പേ പുതിയ കഥകളുമായി അവള്‍ എത്തും.
ആക്‌സിഡന്റില്‍ മരിച്ച അയല്‍വാസിക്ക് എല്‍.ഐ.സി ഉണ്ടായിരുന്നെങ്കില്‍ അവന്റെ ഭാര്യക്ക് ഒരു സഹായമാകുമായിരുന്നില്ലേ, കുഞ്ഞോന്‍ പോളിസി എടുത്തതുകൊണ്ട് ഇപ്പോള്‍ പണിയില്ലാതായപ്പോള്‍ സഹായത്തിനായില്ലേ? ക്ലെയിം കിട്ടിയ പണം കൊണ്ട് നാണി കാറ് വാങ്ങിയില്ലേ? മതവും പിടിച്ചോണ്ടിരുന്നാല്‍ ഇക്കാലത്ത് ജീവിക്കാന്‍ പറ്റ്വോ? തുടങ്ങിയ കഥകളാണ് ഓരോ ദിവസവും അവള്‍ വിളമ്പുന്നത്. കേട്ടിരിക്കാന്‍ നല്ല രസം.
അയല്‍ക്കാരൊക്കെ സ്വത്ത് വാങ്ങിക്കൂട്ടുന്നു. നമ്മള്‍ ഇങ്ങനെയായാല്‍ മതിയോ എന്ന ഭാര്യയുടെ ആവലാതി പറച്ചിലിനേക്കാള്‍ എന്തുകൊണ്ടും കേള്‍ക്കാന്‍ സുഖം.
അങ്ങനെ തുടരവേയാണ് ഡെഡിക്കേഷനെ കുറിച്ചുള്ള സംശയം പ്രിയതമ ഉയര്‍ത്തിയിരിക്കുന്നത്.
വേണ്ട, നീ പോ എന്ന് എങ്ങനെയാണ് അവളോട് പറയുകയെന്ന ആശയക്കുഴപ്പത്തിലായിരുന്നു മല്‍ബു. ഇത് അഞ്ചാമത്തെ വരവാണ്. പാവം� നല്ല പ്രതീക്ഷയോടയാണ് എല്ലാ വരവും.
ആറാമത്തെ വരവില്‍ മല്‍ബു ഭാര്യയോട് കാര്യം പറഞ്ഞു. എന്താ ചെയ്യുക. നീ ഒരു വഴിയുണ്ടാക്ക്.
അതാണോ ഇത്ര വലിയ കാര്യമെന്നായി ഭാര്യ. ഞാനാരാ മോളെന്ന് ഇപ്പോ കാട്ടിത്തരമെന്ന ഭാവത്തില്‍ ഒരു നൂറു രൂപ നോട്ടുമെടുത്ത് അവള്‍ സിറ്റിംഗിലേക്ക് പോയി. പിന്നാലെ ഞാനും.
നീട്ടിപ്പിടിച്ച നോട്ടുമായി പ്രിയതമ പറഞ്ഞു. മോളെ നീ കുറെ തവണ വന്നതല്ലേ? ഇത് വണ്ടിക്ക് കൊടുത്തോ. ഇങ്ങേര് എല്‍.ഐ.സി എടുക്കൂല്ല.
ഓ ഇതൊരു കൊലച്ചതിയായിപ്പോയി എന്നു പറഞ്ഞോണ്ട് നോട്ടും വാങ്ങി അവള്‍ മല്‍ബൂന്റെ മുഖത്തേക്കൊന്ന് ദൈന്യതയോടെ നോക്കിയ ശേഷം പടികളിറങ്ങി.
മല്‍ബു ഭാര്യയോട്.. നിനക്ക് ആ നൂറു രുപ ചുരുട്ടി മൗലവിമാര്‍ക്കൊക്കെ കൈമടക്കി കൊടുക്കുന്നതുപോലെ കൊടുത്താല്‍ പോരായിരുന്നോ.
ങാ പോയതു പോയി. ഇനിയും വയ്യാവേലിക്ക് നില്‍ക്കേണ്ട. ഡെഡിക്കേറ്റ് ചെയ്‌തുകളയുമെന്ന് പറഞ്ഞ് രൂക്ഷമായി നോക്കിയ പ്രിയതമയോട് മല്‍ബൂന്റെ മതിപ്പൊന്ന് കൂടീന്ന് പറഞ്ഞാല്‍ മതി.
'ഡെഡിക്കേഷന്‍' സംഭവം സൂപ്പര്‍. എഴുത്തടിപൊളീ മല്‍ബൂ...
ReplyDeleteരസിച്ചു :)
ReplyDelete