എം. അഷ്‌റഫ്
മയ്യിത്ത് കട്ടിലുമായോ ഖബ്‌റുമായോ ടെലിമണിക്ക് ബന്ധമൊന്നുമില്ലെങ്കിലും ഈയിടെയായി മരണത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അറബ് നാഷണല്‍ ബാങ്കിന്റെ മണി ട്രാന്‍സ്‌ഫര്‍ സംവിധാനമായ ടെലിമണി. മരണത്തെ കുറിച്ച് ഓര്‍മിക്കാനും ജീവിതം ക്രമപ്പെടുത്താനും സഹായകമാകുന്ന വഴികളിലൊന്നായാണ് പ്രവാചകന്‍ (സ) ഖബര്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. നമ്മെ കയറ്റിക്കിടത്തി ആളുകള്‍ ചുമലിലേന്തി കൊണ്ടുപോകുന്ന മയ്യിത്ത് കട്ടില്‍ കണ്ടാലും അല്‍പ നേരത്തേക്കെങ്കിലും മരണം നമ്മുടെ മനസ്സിനെ കീഴടക്കും.
കഴിഞ്ഞയാഴ്‌ച ടെലിമണി വഴി നാട്ടിലേക്ക് പണമയച്ചപ്പോള്‍ കിട്ടിയ രസീറ്റ് നോക്കിയപ്പോള്‍ ഒന്നു ഞെട്ടാതിരുന്നില്ല. പണമയച്ച തീയതിക്കുശേഷം ഒരു മാസത്തിനകം ഏതെങ്കിലും അപകടത്തിലൂടെ ഈ ലോകത്തുനിന്ന് പോകേണ്ടിവന്നാല്‍ 1300 റിയാല്‍ വീതം 12 മാസത്തേക്ക് സ്ഥിരമായി പണം സ്വീകരിക്കുന്നയാള്‍ക്ക് നല്‍കാമെന്നാണ് രസീറ്റില്‍ ചുവപ്പ് മഷിയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്. അപകട മരണം പോയിട്ട് സാധാരണ മരണം പോലും ചിന്തിക്കാതിരിക്കെ ഇങ്ങനെയൊരു ഓഫര്‍ ഉള്ള കാര്യം ആരോടെങ്കിലും പറയേണ്ടേ എന്നു കരുതി വീട്ടുകാരിയോട് സൂചിപ്പിച്ചു.
അല്‍ രാജ്‌ഹിക്കു പുറമേ ധാരാളം പേര്‍ ആശ്രയിക്കുന്ന ടെലിമണിയുടെ ഓഫര്‍ ഇടപാടുകാര്‍ക്ക് എത്രമാത്രം ആകര്‍ഷകമായി തോന്നിയെന്ന് അറിയില്ല.
സൗദിയില്‍ മാത്രമല്ല, എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയും മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും ബാങ്കുകളും ഇപ്പോള്‍ പണമയക്കുന്നവര്‍ക്ക് പലതരത്തിലുള്ള വാഗ്‌ദാനങ്ങള്‍ നല്‍കുന്നു. നറുക്കെടുപ്പിലൂടെ വീടും കാറും മുതല്‍ അധിക വിനിമയ നിരക്കും കുറഞ്ഞ ചാര്‍ജും പിന്നെ ഇന്‍ഷുറന്‍സ് ആനുകൂല്യംവരെ. ഫിലിപ്പൈന്‍സിലേക്ക് പണമയക്കുന്നവര്‍ക്കാണ് ടെലിമണി നറുക്കെടുപ്പിലൂടെ കാറും വീടും നല്‍കിയത്. ഒരേ ബാങ്കിന്റെ തന്നെ വിവിധ ബ്രാഞ്ചുകളില്‍ വിനിമയ നിരക്ക് വ്യത്യസ്‌തമായാണ് നല്‍കുന്നത്. തൊട്ടടുത്ത് മറ്റൊരു സ്ഥാപനമുണ്ടെങ്കിലാണ് ബ്രാഞ്ചുകള്‍ ഈ അടവ് പയറ്റുക. ചുരുക്കത്തില്‍ മണി ട്രാന്‍സ്‌ഫര്‍ മേഖലയില്‍ സ്ഥാപനങ്ങള്‍ വര്‍ധിച്ചത് പണമയക്കുന്നതിന്റെ വേഗം കൂട്ടിയതിനോടൊപ്പം മത്സരം വര്‍ധിക്കാനും കാരണമായി.
നിലവിലെ ട്രാന്‍സ്‌ഫര്‍ രീതിയേക്കാളും ആകര്‍ഷകമായ സംവിധാനങ്ങളെ കുറിച്ചുള്ള ആലോചനയിലുമാണ് മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും ബാങ്കുകളും. മിഡിലീസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസികള്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ തയാറല്ലാത്ത ഹവാല അഥവാ ഹുണ്ടി സംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മിറകടക്കാനുള്ള ഗവേഷണമാണ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. മിനിറ്റുകള്‍ കൊണ്ട് നാട്ടില്‍ പണം ലഭിക്കുന്ന സംവിധാനവുമായി വെസ്റ്റേണ്‍ യൂനിയനും സമാന കമ്പനികളും രംഗത്തുണ്ടെങ്കിലും അതേക്കാള്‍ ആകര്‍ഷകമായ ട്രാന്‍സ്‌ഫര്‍ രീതികളാണ് വരാനിരിക്കുന്നത്.
മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡ് വാങ്ങുന്നതുപോലെ ഇവിടെ റിയാല്‍ നല്‍കി കാര്‍ഡ് വാങ്ങുകയും എസ്.എം.എസ് അയച്ചാല്‍ നാട്ടിലെ മൊബൈല്‍ കമ്പനി പണം നല്‍കുകയും ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ള ഒരു സംവിധാനം. ഇവിടെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരേയും മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയമില്ലാത്തവരേയും ഇങ്ങനെ സ്വാധീനിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
പക്ഷേ ബാങ്കുകളും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും എന്തൊക്കെ നൂതന രീതികള്‍ ആവിഷ്‌കരിച്ചാലും പുരാതന രീതിയായ ഹവാലയെന്ന, ഹുണ്ടിയെന്ന നമ്മുടെ ഉണ്ടിയെ വെല്ലാന്‍ കഴിയില്ലെന്നത് കട്ടായം. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബാങ്കുകള്‍ വഴി നാട്ടിലയക്കുന്ന പണത്തേക്കാളുമേറെ വരും ഹവാല വഴി ബഹിര്‍ഗമിക്കുന്ന പണമെന്നത് അമേരിക്കയെ മാത്രമല്ല മറ്റു രാജ്യങ്ങളേയും കുഴക്കുന്ന പ്രശ്‌നമാണ്. രേഖകളിലില്ലാതെ ഇങ്ങനെ പോകുന്ന പണം തീവ്രവാദികള്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്ന ഭീതിയെ തുടര്‍ന്നാണ് ഹവാലയെ കുറിച്ചുള്ള അമേരിക്കയുടെ ഗവേഷണം പുരോഗമിക്കുന്നത്.
എന്നാല്‍ ആയിരം റിയാലില്‍ താഴെ ശമ്പളമുള്ള പ്രവാസികളാണ് കുടുംബത്തില്‍ പണമെത്തിക്കാനുള്ള വ്യഗ്രതയില്‍ ഹുണ്ടി ഏജന്റിനെ സമീപിക്കുന്നതെന്നത് വസ്‌തുത.
ഇന്ത്യക്കാരും പാക്കിസ്ഥാനികളും നേപ്പാളികളും ബംഗാളികളുമൊക്കെ ഹുണ്ടിയെ ആശ്രയിക്കുന്നു. കൂടിയ വിനിമയ നിരക്കും വേഗവും വാഗ്‌ദാനം ചെയ്‌തതിനെ തുടര്‍ന്ന് ബംഗാളികളും നേപ്പാളികളും കൂടുതലായും അല്‍ അമൗദി എക്‌സ്‌ചേഞ്ചിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനികള്‍ക്ക് പ്രിയം ഹവാല തന്നെ. അവര്‍ക്കു പുറമേ മലയാളികളും വ്യാപകമായി ആശ്രയിക്കുന്ന ഹുണ്ടിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. പലപ്പോഴും ബാങ്ക് നിരക്കിനെക്കാള്‍ കൂടുതല്‍ നല്‍കിയാണ് മലയാളി പ്രവാസികള്‍ ഹുണ്ടി വഴി പണമെത്തിക്കാറുള്ളത്. പാക്കിസ്ഥാനികളും തഥൈവ.
ഇവിടെ ബാങ്കുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവര്‍ക്കും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയം ലഭിക്കാത്തവര്‍ക്കും മറ്റൊരു മാര്‍ഗമില്ല. സ്വന്തം താമസസ്ഥലത്തുവന്ന് റിയാല്‍ ശേഖരിക്കുന്ന പണം ഹുണ്ടി വഴി മണിക്കൂറുകള്‍ക്കകം നാട്ടിലെ വേണ്ടപ്പെട്ടവരുടെ കൈകളിലെത്തുന്നു. ഇതേക്കാളെല്ലാമുപരി പാക്കിസ്ഥാനികളേയും മലയാളികളേയും ആകര്‍ഷിക്കുന്നത് ഹുണ്ടി ഏജന്റുമാര്‍ നല്‍കുന്ന സാവകാശമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. നാട്ടിലേക്ക് പണമയച്ചാല്‍ ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞ് ഏജന്റിനു പണം നല്‍കിയാല്‍ മതി. ബാങ്ക് നിരക്കിനേക്കാളും കൂടിയാലും ഈ സൗകര്യം ഏത് മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനത്തിനു നല്‍കാന്‍ കഴിയും.
പ്രാദേശിക കറന്‍സികളുടെ മൂല്യം ഉയരുന്നതിനു മുമ്പ് ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും ബാങ്ക് നിരക്കിനേക്കാളും കൂടുതല്‍ നല്‍കാന്‍ ഹവാലകള്‍ക്ക് സാധിച്ചിരുന്നു. ഏതു കോണിലും അതിവേഗമെത്തുമെന്നതും കുറഞ്ഞ നിരക്കുമാണ് പ്രവാസികളെ ഹുണ്ടിയിലേക്ക് ആകര്‍ഷിച്ചു തുടങ്ങിയത്. ഇവിടെയെന്നതു പോലെ നാട്ടിലും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഹവാല അനുഗ്രഹമാകുന്നു. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ച് കമ്പനികളും ബാങ്കുകളും എത്രമാത്രം ആകര്‍ഷകമാക്കിയാലും എന്തൊക്കെ അഭ്യാസം നടത്തിയാലും ഹുണ്ടി ഒരിക്കലും അവസാനിക്കില്ല. ഐ.എം.എഫും ലോകബാങ്കും അമേരിക്കയും എന്തൊക്കെ ഗവേഷണം നടത്തിയാലും.
Thanks for the information.
ReplyDeleteന്യായീകരണങ്ങള്‍ എന്തൊക്കെ തന്നെ ആയാലും, ഹുണ്ടി-ഹവാല - നിരുത്സ്സഹപ്പെടുത്തേണ്ടതാണു!
ReplyDelete“ബാങ്കുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവര്‍ക്കും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയം ലഭിക്കാത്തവര്‍ക്കും“
ReplyDeleteമേല്പറഞ്ഞവരുടെ കാര്യം പ്രശ്നം തന്നെയാണ്. ബാങ്കില്‍ ചെന്നെത്തിയാല്‍ പോലും എന്തു ചെയ്യണമെന്നറിയാത്ത തോഴിലാളികള്‍ എത്രയോപേര്‍. അതു പോലെ പൊതുസ്ഥലത്തെത്തിയാല്‍ പിടികൂടുമെന്ന് ഭയപ്പാടുള്ള എത്രയോപേര്‍.