1/18/08

എയര്‍പോര്‍ട്ടുകളുടെ സ്വന്തം നാട്‌

എം.അഷ്‌റഫ്‌

(ജനുവരി 18-ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം. കണ്ണൂരില്‍ എയര്‍പോര്‍ട്ട്‌ വരുന്നതിനെ കുറിച്ചും സ്വകാര്യ മൂലധനത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടില്‍ വന്ന മാറ്റത്തെ കുറിച്ചും അഭിപ്രായങ്ങള്‍ എഴുതുമല്ലോ)


കണ്ണൂരില്‍ വിമാനത്താവളം വേണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നുവെങ്കിലും ലീല ഗ്രൂപ്പ്‌ ചെയര്‍മാന്‍ ക്യാപ്‌റ്റന്‍ സി.പി. കൃഷ്‌ണന്‍ നായര്‍ക്ക്‌ ഒട്ടും സംശയം ഉണ്ടായിരുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കും മുമ്പേ ലീലാ ഗ്രൂപ്പ്‌ അതേ കുറിച്ച്‌ പഠനം തുടങ്ങിയിരുന്നു. വ്യോമയാന രംഗത്തെ 20 പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പഠനം. ഇപ്പോള്‍ സംയുക്ത സംരംഭമായി കണ്ണൂരില്‍ എയര്‍പോര്‍ട്ട്‌ സ്ഥാപിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കെ നറുക്ക്‌ ലീലാ ഗ്രൂപ്പിനു വീഴുമോ അതോ മറ്റു വല്ലവരും തട്ടിയെടുക്കുമോ എന്നേ അറിയാനുള്ളൂ.
കോഴിക്കോട്‌ എയര്‍പോര്‍ട്ടിനെ കുറിച്ചും അവിടം കുത്തകയാക്കിയ എയര്‍ ഇന്ത്യയെ കുറിച്ചും പരാതികള്‍ അവസാനിക്കാത്തതു കൊണ്ടായിരിക്കണം കണ്ണൂരില്‍ സ്ഥാപിക്കാനിരിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളം ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി നോക്കുന്ന മലബാറുകാര്‍ക്ക്‌ പ്രയോജനപ്പെടുമെന്ന്‌ സംസ്ഥാന സര്‍ക്കാരോ കണ്ണൂരില്‍ നോട്ടമിട്ടിരിക്കുന്ന ലീലയടക്കമുള്ള സ്വകാര്യ ഗ്രൂപ്പുകളോ പറഞ്ഞുതുടങ്ങിയിട്ടില്ല. പകരം ഈ എയര്‍പോര്‍ട്ട്‌ പഴം, പച്ചക്കറി, മത്സ്യം, കൈത്തറി കയറ്റുമതിക്കും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഉപയുക്തമാകുമെന്നാണ്‌ എല്ലാവരും പറയുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ടാണ്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. ടൂറിസം വികസനമാണ്‌ ലക്ഷ്യമായി പറഞ്ഞത്‌. നിര്‍ദിഷ്‌ട എയര്‍പോര്‍ട്ട്‌ പൂക്കളും പച്ചക്കറിയും പഴങ്ങളും കയറ്റി അയക്കുന്നതിനുള്ള കേന്ദ്രമാകുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതിയെ കുറിച്ച്‌ വാര്‍ത്താ ലേഖകരോട്‌ വെളിപ്പെടുത്തിയ വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയും പ്രത്യാശ പ്രകടിപ്പിച്ചത്‌.
തുണിത്തരങ്ങളുടെ ഇന്ത്യയിലെ എട്ട്‌ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌ കണ്ണൂരെന്നും ഇവിടെ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥാപിക്കുന്നത്‌ മേഖലയുടെ മൊത്തം വികസനത്തിനു തന്നെ സഹായകമാകുമെന്നും ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായരും പറയുന്നു. മട്ടന്നൂരിനടുത്ത്‌ 2000 ഏക്കറില്‍ സ്ഥാപിക്കുന്ന എയര്‍പോര്‍ട്ടിന്‌ ഒറ്റ റണ്‍വേയായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിമാനത്താവളത്തിന്‌ സ്ഥലം അക്വയര്‍ ചെയ്യുന്നതിനും അനുമതിയായി കഴിഞ്ഞു.
സ്വകാര്യ പങ്കാളിയുമായി ചേര്‍ന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്ര രൂപം നല്‍കുന്ന സംയുക്ത കമ്പനി 930 കോടി രൂപ ചെലവിട്ടായിരിക്കും എയര്‍പോര്‍ട്ട്‌ നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകക്ക്‌ പുറമെയാണിത്‌. കിന്‍ഫ്രക്ക്‌ 24 ശതമാനവും സ്വകാര്യ കമ്പനിക്ക്‌ 74 ശതമാനവുമായിരിക്കും പങ്കാളിത്തം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സ്വകാര്യ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ച്‌ കണ്ടെത്തും.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി നേടിയ എയര്‍പോര്‍ട്ടിന്റെ സംയുക്ത പങ്കാളിയായി ലീലാ ഗ്രൂപ്പിനു പുറമേ മറ്റാരെയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന്‌ വ്യക്തമായിട്ടില്ല. നിര്‍മിച്ച്‌ കൈമാറാമെന്ന വ്യവസ്ഥയെ കുറിച്ചാണ്‌ ആലോചിച്ചതെങ്കിലും നെടുമ്പാശ്ശേരി മോഡല്‍ കമ്പനി രൂപീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന്‌ നേരത്തെ ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നാലാമത്തെ എയര്‍പോര്‍ട്ടാണ്‌ യാഥാര്‍ഥ്യമാകാനിരിക്കുന്നത്‌. കേന്ദ്രം യാതൊരു ഇളവുകളും നല്‍കില്ലെന്ന്‌ വ്യക്തമാക്കിയിട്ടും കണ്ണൂര്‍ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന്‌ പ്രേരണയായത്‌ സ്വകാര്യ പങ്കാളിത്തമെന്ന പ്രതീക്ഷയാണ്‌. നിര്‍ദിഷ്‌ട എയര്‍പോര്‍ട്ടിന്‌ കണ്ടുവെച്ച സ്ഥലത്തെ ജനസാന്ദ്രത കൂടി കണക്കിലെടുത്താണ്‌ ഒരു റണ്‍വേ മാത്രമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്‌. പലതരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചെങ്കിലും രാഷ്‌ട്രീയതലത്തിലുള്ള സമ്മര്‍ദം വേണ്ടിവന്നു കേന്ദ്രത്തെ വഴിക്കുകൊണ്ടുവരാന്‍.
പത്തുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്‌ സ്ഥാപിക്കുമ്പോള്‍ സമര രംഗത്തുണ്ടായിരുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട്‌ രാഷ്‌ട്രീയ സമ്മര്‍ദത്തിലൂടെ നേടിയെടുത്തിരിക്കുന്നതെന്നത്‌ വിരോധാഭാസമായി തോന്നാം. സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചും വികസനത്തെ കുറിച്ചുമുള്ള സി.പി.എം നിലപാടുകളിലെ മാറ്റമായി കണ്ടാല്‍ ഇവിടെ ആശ്ചര്യത്തിനവകാശമില്ല. പത്ത്‌ വര്‍ഷം മുമ്പ്‌ കെ. കരുണാകരന്റെ ഭരണകാലത്ത്‌ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സി.ഐ.എ.എല്‍) കമ്പനി രൂപീകരിക്കുമ്പോള്‍ തങ്ങളുടെ മൃതദേഹങ്ങളില്‍ ചവിട്ടിയേ സ്വകാര്യ പങ്കാളിത്തത്തോടെ എയര്‍പോര്‍ട്ട്‌ സ്ഥാപിക്കാന്‍ അനുവദിക്കൂ എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ്‌ സി.പി.എം നേതാക്കള്‍ പട നയിച്ചിരുന്നത്‌.
ഏറ്റവും കുറഞ്ഞ ദൂരപരിധിയില്‍ ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങളെന്ന ബഹുമതി കൂടി കൈവരികയാണ്‌ കൊച്ചു കേരളത്തിന്‌. അഞ്ചാമത്തെ എയര്‍പോര്‍ട്ട്‌ ആറന്മുളയിലും വരാനിരിക്കുന്നു. രാജ്യത്തെ വ്യോമഗതാഗതത്തില്‍ ഒന്നാം സ്ഥാനത്താണ്‌ മൂന്ന്‌ എയര്‍പോര്‍ട്ടുകളും കൂടി കേരളമെന്ന കണക്ക്‌ നമ്മുടെ നാലാം എയര്‍പോര്‍ട്ടിനായുള്ള യത്‌നത്തെ ന്യായീകരിക്കുമ്പോഴും വടക്കെ മലബാറിലെ വികസന മുന്‍ഗണന തെറ്റിയില്ലേ എന്ന സംശയം ബാക്കിനില്‍ക്കുന്നു. കോഴിക്കോട്ടുനിന്ന്‌ കണ്ണൂരിലേക്ക്‌ വിമാന മാര്‍ഗം പോയാലോ എന്നു തോന്നുംവിധമാണ്‌ താറുമാറായ റോഡുകളും പൂര്‍ത്തിയാകാത്ത റെയില്‍വേ മേല്‍പാലങ്ങളും. കണ്ണൂരില്‍ എയര്‍പോര്‍ട്ട്‌ വേണമെന്ന്‌ വാദിക്കാന്‍ തോന്നിപ്പിക്കുന്നതും കോഴിക്കോട്ടുനിന്ന്‌ നൂറ്‌ കി.മീ മാത്രം ദൂരമുള്ള കണ്ണൂരിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതത്തിരക്കുമാണ്‌.
ടൂറിസം വികസനത്തിനും കൈത്തറി വികസനത്തിനും മത്സ്യകയറ്റുമതിക്കുമൊക്കെ ഉപകാരപ്പെട്ട്‌ കേരളത്തിന്റെ വികസന കുതിച്ചു ചാട്ടത്തിന്‌ പുതുതായി ആരംഭിക്കുന്ന എയര്‍പോര്‍ട്ടും സഹായിക്കുമെന്ന്‌ നമുക്ക്‌ വാദിക്കാമെങ്കിലും കൂടുതുല്‍ കൂടുതല്‍ അഭ്യസ്‌തവിദ്യരെ അന്യനാടുകളിലേക്ക്‌ കയറ്റി അയക്കാന്‍ തന്നെയായിരിക്കും അന്തിമമായി ഈ എയര്‍പോര്‍ട്ടും സഹായകമാകുക. അതുകൊണ്ട്‌ പ്രവാസികളായ നമുക്ക്‌ എല്ലാവിധ ആശംസകളും നേരാം.
വാല്‍ക്കഷ്‌ണം: പുതിയ എയര്‍പോര്‍ട്ട്‌ സാധിച്ചെടുത്തതില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും മന്ത്രിമാരും ആഹ്ലാദിക്കുമ്പോള്‍ പാവം കരുണാകരനായിരിക്കും നിരാശ. ഇടതുപക്ഷവുമായി അടുപ്പമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെ എന്‍.സി.പിയില്‍നിന്നുകൊണ്ട്‌ കണ്ണൂര്‍ വിമാനത്താവളത്തിന്‌ സമ്മര്‍ദം ചെലുത്തിയ അദ്ദേഹത്തിനു വിലപേശലിനുള്ള ശേഷി തെളിയിക്കാന്‍ അവസരം നഷ്‌ടമായി.

1 comment:

Related Posts Plugin for WordPress, Blogger...