6/16/15

ദിശാബോധത്തിന്റെ വീണ്ടെടുപ്പ്


മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന്മുതലെടുക്കപ്പെടാതിരിക്കാനും പേഴ്‌സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്‌ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിന് വഴിയൊരുക്കാനും മുസ്‌ലിം പൊതുവേദിക്ക് സാധിക്കണം.


ഇന്ദ്രപ്രസ്ഥത്തില്‍ ഹിന്ദുത്വ സര്‍ക്കാരാണെന്ന ആത്മവിശ്വാസം ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കയാണ്. പത്രങ്ങളിലും ടെലിവിഷനിലും മാത്രമല്ല, നവ സാമൂഹിക മാധ്യമങ്ങളിലും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ചിഹ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായ പ്രചാരണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു.
വര്‍ഗീയ ഭാഷ ഉപയോഗിക്കില്ലെന്നും ജനങ്ങളെ സാമുദായികാടിസ്ഥാനത്തില്‍ വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു പറയാറുണ്ട്. സ്വാഗതം ചെയ്യപ്പെടേണ്ട പ്രസ്താവനയാണിതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഈ വാക്കുകളില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കരുതുന്നില്ല. സംഘ്പരിവാര്‍ സംഘടനകളും അതിന്റെ നേതാക്കളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവാദ പ്രസ്താവനകളോ അവരെ ശക്തമായി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതോ  മാത്രമല്ല പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയില്ലെന്ന് വിശ്വസിക്കാന്‍ കാരണം. ഹിന്ദുത്വ ദേശീയതയുടെ അടിസ്ഥാനത്തിലാണ് രാജ്യം നിലകൊള്ളേണ്ടതെന്നും ന്യൂനപക്ഷങ്ങള്‍ അതിനു കീഴില്‍ രണ്ടാംകിട പൗര•ാരായിരിക്കണമെന്നുമുള്ള പ്രത്യയശാസ്ത്രമാണ് മൊത്തം സംഘ്പരിവാറിന്റെ അടിത്തറ. ഇങ്ങനെ കീഴടങ്ങി ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ നാടുവിടണമെന്ന പ്രസ്താവനകളുടെ മര്‍മം ഈ പ്രത്യയശാസ്ത്ര അടിത്തറയിലാണ് കാണേണ്ടത്.
ഹിന്ദുത്വ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം വൈകിക്കൂടെന്നും വിശ്വസിക്കുന്നവരാണ് പല ഹിന്ദുത്വ നേതാക്കളും. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ചിന്താഗതികള്‍ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഇത്തരം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ ഒട്ടും അവഗണിക്കന്നുമില്ല. വിദ്വേഷ തീപ്പൊരികള്‍ നിഷേധിക്കാന്‍ വരുന്ന സര്‍ക്കാര്‍ വക്താക്കളും ബി.ജെ.പി നേതാക്കളുമാകട്ടെ വിവാദങ്ങളില്‍നിന്ന് തലയൂരാനുള്ള താല്‍ക്കാലിക ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്.
പ്രത്യക്ഷത്തില്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കുന്നതിനു പകരം വിശ്വാസത്തിലും സംസ്‌കാരത്തിലും അസ്തിത്വത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിത ശ്രമങ്ങളായിരിക്കും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്ന് മുസ്‌ലിം, ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്ന സെക്കുലര്‍ നേതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദേശീയതയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ആസൂത്രിത ശ്രമം തുടരുകയാണ്. കരിക്കുലത്തിനു പുറത്തും ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതും അവരുടെ വിശ്വാസത്തിനെതിരുമായ സാംസ്‌കാരിക പരിപാടികള്‍ അടിച്ചേല്‍പിക്കാനും ശ്രമിക്കുന്നു. ഹിന്ദുത്വ ശക്തികള്‍ക്ക് ആവശ്യമായ തരത്തിലുള്ള ഹിന്ദുമതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം വളഞ്ഞ വഴിയിലുള്ള സാംസ്‌കാരിക അധിനിവേശമാണ് വിദ്യാര്‍ഥികളില്‍ ലക്ഷ്യമിടുന്നത്.
വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമൂഹികാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കെ അതു തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുളള ആസൂത്രിത ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ല. മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ ശിഥിലീകരണം മുതലെടുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെയും ശ്രമം നടത്തുന്നു.
യോഗയും സൂര്യനമസ്‌കാരവും ഉയര്‍ത്തിവിട്ട വിദ്വേഷവും വിവാദവും അവസാനിച്ചിട്ടില്ല. ഹിന്ദുത്വ നേതാക്കള്‍ ഒരു ഭാഗത്തും അവരുടെ ഇരകള്‍ മറുഭാഗത്തും വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോയാല്‍ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഇപ്പോള്‍ കാണുന്ന സമാധാനം അധികകാലം നിലനില്‍ക്കില്ല.
ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മുസ്‌ലിംകളുടെ പൊതുവേദിയായ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് (ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്) ചില ചുവടുവെപ്പുകള്‍ നടത്തുന്നത് ശുഭോദര്‍ക്കമാണ്. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ ശിഥിലീകരണത്തിനിടയില്‍ വരാനിരിക്കുന്ന ഭീഷണിയെ കുറിച്ച് ഉണര്‍ത്താനെങ്കിലും ഈ ശ്രമം സഹായകമാണ്.
സോഷ്യല്‍ മീഡിയയിലും വിപുലമായ തോതില്‍തന്നെ ഇടപെടാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കയാണ്. വിദ്വേഷ പ്രചാരണത്തിന്റെ ഏറ്റവും വലിയ ആയുധമായി സോഷ്യല്‍ മീഡിയ മാറിയിരിക്കെ, അതില്‍ മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങളിലുള്ള നിലപാട് വ്യക്തമാക്കപ്പെടുന്നത് വലിയൊരളവോളം തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ സഹായകമാകും. ശരീഅത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ ബോര്‍ഡിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞയാഴ്ച ചേര്‍ന്ന ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗമാണ് ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും. സൂര്യനമസ്‌കാരവും യോഗയും ഗീതാ പഠനവുമൊക്കെ നിര്‍ബന്ധമാക്കാനും അടിച്ചേല്‍പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ രാജ്യത്തെ എല്ലാ സമൂഹങ്ങള്‍ക്കിടയിലും ബോധവല്‍കരിക്കാനാണ് ബോര്‍ഡിന്റെ മറ്റൊരു തീരുമാനം. സര്‍ക്കാര്‍ സ്‌കൂളൂകളിലെ പാഠ്യപദ്ധതിയില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് രാജ്യം പിന്തുടരുന്ന നിയമവ്യവസ്ഥക്ക് എതിരാണെന്ന് ബോധ്യപ്പെടുത്തി പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപീകരണമാണ് പ്രസക്തം. ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രചാരണത്തിനു മറുപടി നല്‍കാന്‍ മുസ്‌ലിം സംഘടനകളും അതേ വിദ്വേഷത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതിനു പകരം എന്തുകൊണ്ടും ക്രിയാത്മകമാണ് ബോര്‍ഡിന്റെ തീരുമാനം. രാജ്യത്തെ മതേതര നേതാക്കളുടെ പിന്തുണ കൂടി നേടിക്കൊണ്ട് മാത്രമേ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഹിന്ദുത്വ കടന്നുകയറ്റം തടയാന്‍ സാധിക്കൂ.
ശരീഅത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തിനിയമ ബോര്‍ഡ് വഴി കണ്ടിരിക്കുന്നു. ശരീഅത്തുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളില്‍ ബോര്‍ഡ് കക്ഷി ചേരുന്നതിനു പുറമെ, മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മേഖലാതലത്തില്‍ വക്താക്കളെ നിയോഗിക്കാനും പരപാടിയുണ്ട്.
അയോധ്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളും കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. കോടതിയാണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്നും നിയമനിര്‍മാണമല്ലെന്നുമാണ് പ്രശ്‌നത്തില്‍ മുസ്‌ലിം നിലപാടായി ബോര്‍ഡ് നല്‍കിയിരിക്കുന്ന മറുപടി. മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന് മുതലെടുക്കപ്പെടാതിരിക്കാനും പേഴ്‌സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്‌ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിനന് വഴിയൊരുക്കാനും മുസ്‌ലിം പൊതുവേദിക്ക് സാധിക്കണം.



1 comment:

  1. പ്രചാരണത്തിലൂടെ അവബോധം

    ReplyDelete

Related Posts Plugin for WordPress, Blogger...