ശുക്‌റന്‍ ഹബീബി. ഒരുപാട് നന്ദീണ്ട്‌ട്ടോ. എന്നെ ഹുണ്ടീന്നും കള്ളനോട്ടീന്നും അമേരിക്കന്‍ ഇന്റലിജന്‍സീന്നും ഒക്കെ രക്ഷിച്ചില്ലേ?
നോക്കിയേ ഇതൊക്കെയും അവിടന്നു കിട്ടിയ സമ്മാനങ്ങളാ. കൂട്ടുകാരന്‍ സൂരി ഒരു വിദ്യ പറഞ്ഞു തന്നു. അതങ്ങു പയറ്റി. പക്ഷേ എത്ര ശ്രമിച്ചിട്ടും സമ്മാനങ്ങളുടെ കൂട്ടത്തില്‍നിന്ന് ആ കിടിലന്‍ ഇങ്ങു പോന്നില്ല. എല്‍.സി.ഡി ടെലിവിഷന്‍. അതായിരുന്നു പ്രതീക്ഷ.
രണ്ട് വലിയ സഞ്ചിയിലും കൊള്ളാത്തത്ര സമ്മാനങ്ങളുമായാണ് മല്‍ബുവിന്റെ വരവ്.
ഇതെന്താ? ഏതെങ്കിലും ചാനലിന്റെ മത്സര പരിപാടിയില്‍ പങ്കെടുത്തിട്ടു വരികാണോ?
ഏയ് അതൊന്നുമല്ല. ഇത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതാ. അഞ്ച്, പത്ത് കൊല്ലായില്ലേ ഇവിടെ. ഇന്നാണ് ആദ്യായിട്ട് അതൊന്ന് ആഘോഷിച്ചത്.
എന്താ കോണ്‍സുലേറ്റില്‍ പോയി പതാക ഉയര്‍ത്താന്‍ കൂടിയോ? അവിടെ സമ്മാനങ്ങളുടെ കഥയൊന്നും കേട്ടില്ലല്ലോ.
കോണ്‍സുലേറ്റിലൊന്നും പോയില്ല. ഇത് ബാങ്കില്‍ പോയിട്ടാ ആഘോഷിച്ചത്. രണ്ടു കൂട്ടരാണല്ലോ നമ്മുടെ സ്വാതന്ത്ര്യദിനം മറക്കാതെ ഓര്‍മിക്കുന്നവര്‍. ഒന്നു ബാങ്കും മറ്റൊന്ന് ടെലികോം കമ്പനിയും.
പണമയച്ച് ആഘോഷിക്കാന്‍ ബാങ്കും കൂടുതല്‍ കൂടുതല്‍ സംസാരിച്ച് ആഘോഷം കേമമാക്കാന്‍ ടെലികോം കമ്പനിയും ഓരോ വര്‍ഷവും ആഹ്വാനം ചെയ്യുന്നു.
ആഹാ അപ്പോള്‍ ബാങ്കില്‍ പോയി അല്ലേ?
ഉം പോയി. കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ആദ്യാനുഭവം തന്നെ കേമായി അല്ലേ. ഇനി ഹുണ്ടീന്നും ഇപ്പോ തന്നെ കിട്ടണം എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടു വരരുത്.
പത്രത്തില്‍ വായിച്ചില്ലേ? ഒരാള്‍ നാട്ടിലേക്ക് അയച്ച പതിനായിരം രൂപ തീവ്രവാദിക്കാണെന്ന സംശയത്തിന്റെ പേരില്‍ പിടിച്ചുവെച്ചിരിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിന്റെ ചികിത്സക്കുള്ള പണമാണ് സഹോദരന്റെ പേരില്‍ അയച്ചത്. ഉടനെ കിട്ടാന്‍ വേണ്ടി വെസ്റ്റേണ്‍ യൂണിയനെ ആശ്രയിച്ചു. വേഗം കിട്ടിയതുമില്ല, ഇനി അന്വേഷണം തീരുന്നതുവരെ കാത്തിരിക്കേം വേണം.
വാര്‍ത്ത ഞാനും വായിച്ചു. ഇനി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണം കൂടി കഴിയണം അല്ലേ, പണം കിട്ടാന്‍.
അതേ, കഴിയേണ്ടിവരും. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്. നാട്ടിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും അതിലേക്ക് പണമയക്കാനും മാത്രം സമയമില്ല. ഇത് ഒരു കഥ. മറ്റൊരു മല്‍ബു അക്കൗണ്ട് തുടങ്ങാന്‍ തയാറായത് ഹുണ്ടിക്കാരന്‍ വീട്ടില്‍ കള്ളനോട്ട് എത്തിച്ചപ്പോഴാണ്. റിയാല്‍ ഇവിടെ രണ്ട് ദിവസം കഴിഞ്ഞു കൊടുത്താല്‍ മതി, മല്‍ബിക്ക് ബാങ്കില്‍ പോകേണ്ട... അങ്ങനെ പല ന്യായങ്ങളാണ് മല്‍ബു നിരത്തിയിരുന്നത്.
അവസാനം ഹുണ്ടിക്കാരന്‍ കൊടുത്ത അഞ്ഞൂറുകളുമായി മല്‍ബി ജ്വല്ലറിയില്‍ ചെന്നപ്പോള്‍ മൂന്നെണ്ണം കള്ളനോട്ട്. പരിചയക്കാരുടെ ജ്വല്ലറി ആയതിനാല്‍ പോലീസും കേസും ആയില്ല. ഇല്ലെങ്കില്‍ അമേരിക്കന്‍ ഇന്റലിജന്‍സിനേക്കാളും വലിയ അന്വേഷണം ആയേനെ.
ശരിയാണ്, ഞാന്‍ ഇപ്പോള്‍ കാണുന്നവരോടൊക്കെ പറയാറുണ്ട്. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. നാട്ടിലെ ബാങ്കില്‍ ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങിക്കൂടേ? അയക്കുന്ന തുകക്കൊക്കെ ഒരു റെക്കോര്‍ഡ് ആകും. ഏത് തരത്തിലുള്ള അന്വേഷണം വന്നാലും പ്രശ്്‌നവുമില്ല. പിന്നെ ഹുണ്ടിക്കാരന്റെ റേറ്റിനേക്കാള്‍ നല്ല റേറ്റ് കിട്ടുകേം ചെയ്യും. ഇതൊക്കെ കേട്ടിട്ട് എന്നെ പോലെ പല മടിയന്‍ മല്‍ബുകളും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങുന്നുണ്ട്.
വേറേം ഒരു ഗുണമുണ്ട് കേട്ടോ. അതും ഒരു ഗുണം തന്നെയാണ്.
എന്താ അത്?
ഞാന്‍ ഇതാ വെസ്‌റ്റേണ്‍ യൂണിയനില്‍ കാത്തു നില്‍ക്കുവാണ്. നീ ഉടനെ പണം അയക്കൂ, എന്നിട്ട് കോഡ് വിളിച്ചു പറയൂ എന്നു പറയുന്നവരോട് അയ്യോ അതു പറ്റില്ല. ബാങ്ക് അക്കൗണ്ടിലേക്കേ അയക്കാന്‍ പറ്റൂ. രണ്ട് ദിവസം ക്ഷമിക്കൂ എന്നെങ്കിലും പറയാമല്ലോ?
ആഹാ... അതും ഒരു ഐഡിയാ. അത്യാവശ്യമാണെങ്കില്‍ വേറെ വഴി നോക്കിക്കൊള്ളുമല്ലോ?
വേറെ വഴി നോക്കാനൊന്നും സാധ്യതയില്ല. പത്ത് ദിവസം വേണമെങ്കിലും കാത്തുനിന്നോളും. ആട്ടെ, എങ്ങനാ ഇത്രയും സമ്മാനങ്ങള്‍ കിട്ടിയത്?
എ.ടി.എം വഴി പണം അയക്കാന്‍ സൗകര്യമുള്ള ബാങ്കിലാ പോയത്. നമുക്ക് തന്നെ മെഷീനില്‍ പണമിട്ട് കിട്ടേണ്ട ആളെ സെലക്ട് ചെയ്ത് അപ്പോള്‍ തന്നെ പണമയക്കാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചാര്‍ജ് ഫ്രീ ആയിരുന്നു. പണമയച്ചാല്‍ കാര്‍ഡ് ചുരണ്ടി സമ്മാനവും. രണ്ട് മൂന്ന് തവണ പണം അയച്ച് ചുരണ്ടി സമ്മാനം ലഭിക്കുന്നതു കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന സിറിയന്‍ കൂട്ടുകാരന്‍ പറഞ്ഞു. എന്തിനാ ആയിരം വീതം അയക്കുന്നത്? 200 വീതം അയച്ചാല്‍ സമ്മാനങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സ്. അങ്ങനെ 200 വീതം അയച്ചിട്ടാ ഇത്രേം സമ്മാനങ്ങള്‍ കിട്ടിയത്. ഓരോ തവണയും ആ എല്‍.സി.ഡിയായിരിക്കണേ എന്നു തന്നെയായിരുന്നു പ്രാര്‍ഥന.
അപ്പോള്‍ രണ്ട് ലക്ഷം രൂപക്കുള്ള 16,000 റിയാല്‍ അയച്ചപ്പോള്‍ 80 സ്ക്രാച്ച് ആന്റ് വിന്‍ ചാന്‍സ് കിട്ടി അല്ലേ. ഇതു സൂരി പറഞ്ഞുതന്ന വിദ്യയാണോ അതോ മല്‍ബൂന്റെ സ്വന്തം ബുദ്ധിയില്‍ തോന്നിയതോ?
ആയിരം വീതം അയക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് 200 ആക്കിയതിന്റെ ക്രെഡിറ്റ് സൂരിക്ക് തന്നെ.
Read in FB! Thanks
ReplyDelete