7/18/10

റിസെഷന്‍ തിരിച്ചറിവ്


പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള കേരള ടീമിന്റെ സന്തോഷ് ട്രോഫി പ്രതീക്ഷകളെ കുറിച്ച് ചാനലുകള്‍ അഭിപ്രായം ചോദിക്കാത്ത ആളുകളില്ല. ഇങ്ങോട്ട് ചോദിക്കാത്തവര്‍ അങ്ങോട്ട് വിളിച്ചും അഭിപ്രായം കാച്ചി.
ലോകകപ്പ് പ്രവചനങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പോള്‍ നീരാളിയോട് ഇക്കാര്യം എന്തുകൊണ്ട് ചോദിച്ചുകൂടാ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പോള്‍ മരിച്ചുവെന്ന സുഹൃത്തിന്റെ ബ്രേക്കിംഗ് ന്യൂസ് ഇ മെയില്‍.
സ്‌പെയിനിന്റെ ഒന്നാം സ്ഥാനവും ജര്‍മനിയുടെ മൂന്നാം സ്ഥാനവുമൊക്കെ പ്രവചിച്ച പോളിനോട് ഇന്ത്യയുടെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു ചിരിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവത്രെ.
നീരാളിയുടെ രംഗപ്രവേശത്തെ തുടര്‍ന്നുള്ള ഹാസ്യ ഭാവനകള്‍ ഇ മെയിലുകളായും എസ്.എം.എസുകളായും പരന്നുകൊണ്ടിരിക്കുന്നു.
നീരാളി സ്ഥാനം പിടിച്ചടക്കിയതിനെ തുടര്‍ന്ന് പാവം തത്തമ്മയ്ക്ക് ജോലി പോയെന്നും തത്തമ്മ വേറെ ജോലി അന്വേഷിക്കുകയാണെന്നും ചിത്രസഹിതമുള്ള ഇ മെയില്‍ വേറെ.
ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ ആയിരുന്നു നീരാളിക്കു പിറകിലെങ്കില്‍ അന്ധവിശ്വാസത്തേയും ബ്ലാക്ക് മാജിക്കിനെയുമൊക്കെ പഴിക്കാമായിരുന്നു. ഇതിപ്പോ സായ്പ്പന്മാര്‍ പറയുമ്പോള്‍... നീരാളി പറഞ്ഞതിനനുസരിച്ചായിരുന്നുവത്രെ വമ്പന്മാരായ താരങ്ങള്‍ പോലും പന്തുരുട്ടിയിരുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആലിബാബ 41 കള്ളന്മാരുടെ സംഘത്തില്‍നിന്ന് 20 പേരെ പിരിച്ചുവിട്ടുവെന്ന് അന്ന് പ്രചരിച്ച തമാശകളിലൊന്ന്. സാമ്പത്തിക പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍ സംഘബലം 41 തന്നെയാക്കാനുള്ള പുതിയ റിക്രൂട്ട്‌മെന്റ് തുടങ്ങിയിരിക്കയാണത്രെ ഇപ്പോള്‍ ആലിബാബ.
അപ്രതീക്ഷിതമായി പിടിമുറുക്കിയ സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്ന പ്രവാസികളുടെ ജീവിത രീതിയില്‍ വലിയ മാറ്റം വരുത്തിയെന്നാണ് ചില മഹാന്മാരൊക്കെ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
വീണ്ടും ഗള്‍ഫ് നാടുകള്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് ചിലര്‍ ഈ അഭിപ്രായത്തിലെത്തിയതെങ്കില്‍ മറ്റുചിലര്‍ ഇങ്ങോട്ടുവരാതെ തന്നെയാണ് നിഗമനത്തിലെത്തിയത്.
വര്‍ഷത്തിലൊരിക്കലെങ്കിലും ഗള്‍ഫ് കാണാന്‍ അവസരം ലഭിച്ചവര്‍ ഇപ്പോള്‍ വീണ്ടുമൊരവസരത്തിനായി കാത്തിരുന്ന് മടുത്തു. അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ നിഗമനത്തിലെത്തുക എളുപ്പം.
മടങ്ങിപ്പോകുമ്പോള്‍ മുമ്പൊക്കെ വലിയ ഭാണ്ഡവും പേറി പോയിരുന്നവര്‍ കനമില്ലാതെ മടങ്ങിയപ്പോഴും നിഗമനം എളുപ്പമായി.
മുമ്പ് നൂറു റിയാലിന്റെ പെര്‍ഫ്യൂം നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ അഞ്ചും പത്തും റിയാലിന്റേത് കൊണ്ട് ഒപ്പിക്കുമ്പോള്‍ പ്രവാസിയുടെ പ്രതിസന്ധി എളുപ്പം മനസ്സിലാക്കാമല്ലോ?
പ്രതിസന്ധി നീങ്ങിവരുന്നതേയുള്ളൂ മാഷേ. കുറച്ചൂടി ഒന്നു ക്ഷമിക്ക്.
അടുത്ത പരിപാടി തട്ടിക്കൂട്ടുമ്പോള്‍ ആദ്യത്തെ ചാന്‍സ് നിങ്ങള്‍ക്ക്.
പേരുകേട്ട ഗള്‍ഫിലെ ആതിഥേയനായ മല്‍ബു ഫോണില്‍ മറുപടി നല്‍കുകയായിരുന്നു.
ആര്‍ക്കാ ചാന്‍സ് ഉറപ്പു നല്‍കുന്നത്?
ഒന്നും പറയണ്ടാ. ഗള്‍ഫ് കണ്ട നാളു മറന്നൂന്നും എന്താ ഞങ്ങളെയൊക്കെ മറന്നോന്നും ആണ് ചോദ്യം. പ്രതിസന്ധിയൊക്കെ നീങ്ങി ഗള്‍ഫ് പണ്ടത്തെ പോലെ തന്നെ ആയെന്നാണ് എല്ലാവരുടേയും വിചാരം. നമുക്കല്ലേ അറിയൂ ഇവിടത്തെ കാര്യങ്ങള്‍. അവര്‍ക്കൊക്കെ വരണം, കാണണം, പണം പിരിക്കണം, സമ്മാനങ്ങളുമായി മടങ്ങണം.
കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഒറ്റ കോണ്‍ട്രാക്ടും ഇനി ബാക്കിയില്ല. പണിക്കാരെ എന്തു ചെയ്യണം എന്നറിയതെ മേലോട്ട് നോക്കുകയാ ഞാന്‍.
എന്നാലും പ്രതിസന്ധി ഇപ്പോള്‍ അത്ര ഗുരുതരമല്ലല്ലോ? നിങ്ങളുടെ മറ്റു സ്ഥാപനങ്ങളെല്ലാം ഉഷാറല്ലേ? ആശുപത്രിയില്‍ തിരക്കോടു തിരക്കാണല്ലോ?
അങ്ങനെയൊന്നും പറയാറായിട്ടില്ല. പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നാലും നമ്മള്‍ സൂക്ഷിക്കണം. ചെലവു നന്നായി ചുരുക്കണം. പത്ത് വണ്ടിയുണ്ടായിരുന്നു എനിക്ക്. ഇപ്പോള്‍ രണ്ടെണ്ണം മാത്രമേയുള്ളൂ. ദാ നോക്കിയേ, രണ്ട് പാക്കറ്റ് സിഗരറ്റ് വലിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു പാക്കറ്റ് മാത്രമേ വലിക്കുന്നുള്ളൂ.
പിന്നെ കാര്യമായിട്ടുള്ള ഒരു ചെലവ് നാട്ടില്‍നിന്ന് വരുന്ന നേതാക്കള്‍ക്കായിരുന്നു. ജാതിയോ മതമോ പാര്‍ട്ടിയോ സാഹിത്യകാരന്മാരുടെ പരസ്പര വൈരമോ ഒന്നും നോക്കിയിരുന്നില്ല. ആരു വന്നാലും അവരെ എയര്‍പോര്‍ട്ടില്‍നിന്ന് പിക്ക് ചെയ്യുന്നതു മുതല്‍ തിരിച്ചെത്തിക്കുന്നതുവരെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു.
അതല്ലേ നിങ്ങളിത്രയും പ്രശസ്തനാകാന്‍ കാരണം. ഗള്‍ഫിലേക്ക് ആരു വരുമ്പോഴും നിങ്ങളെയല്ലേ ആദ്യം വിളിക്കുന്നത്.
അതൊക്കെ അവരുടെ കാര്യത്തിനല്ലേ. ദേ ഇപ്പോ കണ്ടില്ലേ, മറന്നുപോയോ എന്നു ചോദിച്ചായിരുന്നു വിളി. അതുതന്നെ കാര്യം. കഴിഞ്ഞാഴ്ച നാട്ടില്‍ എന്റെ ഒരു വണ്ടി പിടിച്ചു. പലരേയും ഞാന്‍ വിളിച്ചു നോക്കി. ഒരാളും ഫോണെടുത്തില്ല. ഈയിടെ വന്ന് പണം പിരിച്ചു ബാഗ് നിറച്ചു പോയവരുടെ പത്ര പ്രസ്താവനകള്‍ വായിച്ചില്ലേ. ഗള്‍ഫ് പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന്. കേട്ടാല്‍ തോന്നും അവരൊക്കെ ഉംറ നിര്‍വഹിക്കാനാണ് വന്നിരുന്നതെന്ന്.
ഇല്ല, ഇനി സംഭാവനകളൊക്കെ എഴുതുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം.
താങ്ക്‌സ് ടു റിസെഷന്‍.



4 comments:

  1. ..
    നന്നായി മാഷെ എഴുത്ത്, അങ്ങട്ട് ഇഷ്ടായി..
    ..
    btw, “41 കള്ളന്മാരുടെ സംഘത്തില്‍നിന്ന് 20 പേരെ പിരിച്ചുവിട്ടുവെന്ന് അന്ന് പ്രചരിച്ച തമാശകളിലൊന്ന്. സാമ്പത്തിക പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍ സംഘബലം 41 തന്നെയാക്കാനുള്ള പുതിയ റിക്രൂട്ട്‌മെന്റ് തുടങ്ങിയിരിക്കയാണത്രെ ഇപ്പോള്‍ ആലിബാബ” ഈ ഗാമഡി ഇപ്പഴാ കേള്‍ക്കുന്നെ ;) ഹിഹിഹി
    ..

    ReplyDelete
  2. നന്നായി മാഷെ

    ReplyDelete
  3. ശരിക്കും അതു ചത്തോ. ഞാന്‍ മനസ്സില്‍ വിചാരിച്ച അതേ അഭിപ്രായമാ നീ നീരളിയെ കുറിച്ചു പറഞ്ഞത്. സായിപ്പന്മാരുടെ ഭാവം കണ്ടാല്‍ നമ്മള്‍ ഇന്ത്യക്കാരാണ് അന്ധവിശ്വസാകള്‍. എന്നാലോ നമ്മള്‍ ഇന്ത്യക്കാര്‍ അവരുടെ അന്ധവിശ്വാസത്തെ ശരിക്കും മുതലാക്കി വിടുന്നത് ആ തിരുമണ്ടന്മാര്‍ അറിയുന്നില്ല. പൊട്ടന്മാര്‍.

    ReplyDelete
  4. ഇഷ്ടായി മാഷെ എഴുത്ത്.

    ReplyDelete

Related Posts Plugin for WordPress, Blogger...