Pages

7/4/10

കാലമാടന്‍വെബ്‌സൈറ്റ് നോക്കി നോക്കി മടുത്ത മല്‍ബു ബാങ്കില്‍ പോയി മടങ്ങുകയായിരുന്നു. ഇന്നു വരും, നാളെ വരും എന്നു കരുതി പത്തിരുപത് ദിവസായി വെബ്‌സൈറ്റ് നോക്കി തുടങ്ങിയിട്ട്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നു നോക്കും. അപ്പോഴാണ് ഓര്‍മ വരിക. ഓഫീസുകളൊക്കെ തുറന്ന് ഒന്ന് റെഡിയായിട്ടുവേണ്ടേ വല്ല അപ്‌ഡേറ്റും നടക്കാന്‍. അക്ഷമയോടെ കാത്തിരിപ്പായി പിന്നെ. ഒമ്പത്, പത്ത് അങ്ങനെ സമയം നീളുന്നതിനനുസരിച്ച് വീണ്ടും വീണ്ടും നോക്കി.
മാഫി ഫാഇദ. ആകെ ഉണ്ടായ മെച്ചം ഇഖാമയുടെ നമ്പര്‍ മനഃപാഠമായി. അറബിയിലുള്ള ഇഖാമ നമ്പര്‍ കടലാസില്‍ ഇംഗ്ലീഷ് അക്കത്തിലെഴുതി കൊണ്ടുനടക്കുകയായിരുന്നു പതിവ്. എവിടെയെങ്കിലും ഇഖാമ നമ്പര്‍ ആവശ്യമായി വന്നാല്‍ പഴ്‌സിനകത്തുനിന്ന് വെള്ളക്കടലാസ് വലിച്ചെടുത്ത് വേണം എഴുതിക്കൊടുക്കാന്‍.
ബുക്ക്‌ലെറ്റില്‍നിന്ന് മാറി കാര്‍ഡ് ഇഖാമ ലഭിച്ചവര്‍ക്ക് ഈ ബുദ്ധിമുട്ടില്ല. കാര്‍ഡിന്റെ താഴെ ഭാഗത്ത് നമ്പര്‍ ഇംഗ്ലീഷ് അക്കത്തില്‍ കൊടുത്തിട്ടുണ്ട്.
മല്‍ബുവിനാകട്ടെ, കാര്‍ഡ് ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ഇഖാമ നമ്പര്‍ ആരു ചോദിച്ചാലും വെള്ളം പോലെ പറയാം. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പണ്ട് സ്കൂളില്‍ പഠിച്ചത് കാര്യമാണെന്ന് ഇപ്പോഴാണ് ബോധ്യമായത്.
വെബ്‌സൈറ്റിലെ കോളത്തില്‍ ഇഖാമ നമ്പര്‍ അടിച്ചടിച്ചാണ് ഈ മനഃപാഠ വൈഭവം നേടിയത്. ഈയിടെയായി ഒന്നും ഓര്‍മിക്കാന്‍ മെനക്കെടാറില്ല. ഒന്നുകില്‍ കടലാസില്‍ എഴുതിവെക്കും അല്ലെങ്കില്‍ മൊബൈലില്‍ ഫീഡ് ചെയ്യും. ആവശ്യം വരുമ്പോള്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍.
രാവിലെ എഴുന്നേറ്റ ഉടന്‍ കംപ്യൂട്ടര്‍ തുറന്ന് കാണിക്കുന്ന അഭ്യാസത്തില്‍ മല്‍ബിക്ക് സഹികെട്ടിട്ടുണ്ട്. ചെറിയ കുട്ടിയെ സ്കൂള്‍ ബസ് വരുമ്പോഴേക്കും ഒരുക്കി ഇറക്കാന്‍ മെനക്കെടുന്ന മല്‍ബിക്ക് ഒരു സഹായവും കിട്ടുന്നില്ല. ഒടുക്കത്തെ രണ്ടായിരത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണിതെന്ന് അവള്‍ പിരാകിയിട്ടുണ്ട്. അതേ, രണ്ടായിരം റിയാലാണ് പ്രശ്‌നം.
അവള്‍ അങ്ങനെയൊക്കെ പറയും. കിട്ടിയാല്‍ എന്തെങ്കിലും സമ്മാനം വാങ്ങിത്തരണമെന്നും പറയുക അവള്‍ തന്നെയാണ്. നാക്കുപിഴ വരാതിരിക്കാനാണ് ചുറ്റും പല്ലുകൊണ്ടുള്ള മതിലെന്ന് അറിയാവുന്നതിനാല്‍ മല്‍ബു മറുപടി പറയില്ല. കര്‍മത്തില്‍ വ്യാപൃതനാകും.
അല്ല, മനുഷ്യാ നിങ്ങളല്ലേ ഇന്നലെ സ്കൂളില്‍നിന്നുള്ള സര്‍ക്കുലര്‍ വായിച്ചത്? ഒന്ന് മോനെ ബസില്‍ കയറ്റി വിട്ടശേഷം വന്നിട്ട് ഇരുന്നൂടെ ഈ കുന്ത്രാണ്ടത്തിനു മുന്നില്‍.
ശരിയാണ്. ചെറിയ കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റുന്നതിനും തിരികെ എത്തിയാല്‍ കൂട്ടിക്കൊണ്ടു പോകുന്നതിനും രക്ഷിതാക്കളോ മുതിര്‍ന്നവരോ ശ്രദ്ധിക്കണമെന്ന് സ്കൂളില്‍നിന്ന് അറിയിപ്പ് വന്നിരുന്നു. പല പ്രദേശങ്ങളിലും കുട്ടികളെ ഉപദ്രവിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സര്‍ക്കുലര്‍.
എന്നാലും കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ ഇത്തിരി പാടാണ്. "ഓ അവനങ്ങ് ബസില്‍ കയറി പോയ്‌ക്കോളൂന്നേ'.
കുടുംബ വിസയെടുക്കുന്നതിന് അടച്ച രണ്ടായിരം റിയാല്‍ സര്‍ക്കാര്‍ തിരികെ നല്‍കുന്നുവെന്ന വാര്‍ത്തയാണ് മല്‍ബുവിനെ മോഹവലയത്തിലാക്കിയത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇഖാമ നമ്പര്‍ അടിച്ചുകൊടുത്താല്‍ തിരികെ കിട്ടാനുള്ള തുകയായി 2000 റിയാല്‍ കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രിന്റുമായി ബാങ്കില്‍ പോയാല്‍ തുക ലഭിക്കും. വളരെ എളുപ്പമാണ് പ്രക്രിയ. ഇതുപോലെ പോയി വാങ്ങിയവര്‍ നിരവധി. പക്ഷേ മല്‍ബുവിന്റെ ഇഖാമ നമ്പറില്‍ എപ്പോഴും കാണിക്കുന്നത് സീറോ.
ആ സീറോ രണ്ടായിരമായി മാറുന്നതുവരെ അടിച്ചുകൊണ്ടേ ഇരിക്കാനായിരുന്നു തുക കിട്ടിയവരെ നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ ലഭിച്ച ഉപദേശം.
വിജയിക്കുന്നതുവരെ പരിശ്രമം തുടരണം.
നഷ്ടമുള്ള ഏര്‍പ്പാടൊന്നുമല്ലല്ലോ? വീട്ടില്‍ ഡി.എസ്.എല്‍ കണക്ഷന്‍. ഓഫീസിലാണെങ്കില്‍ ഹൈസ്പീഡ് നെറ്റ്. പിന്നെ സൈറ്റ് തുറന്ന് അടിച്ചുനോക്കണം. അത്രതന്നെ.
അടിച്ചടിച്ച് മനസ്സു മടുത്ത മല്‍ബുവിനു ബാങ്കില്‍നിന്നും നിരാശയായിരുന്നു ഫലം. ഇഖാമ വാങ്ങി നോക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. വെബ്‌സൈറ്റ് നോക്കി ഫണ്ട് ഉണ്ടെങ്കില്‍ മാത്രം ബാങ്കില്‍ വന്നാല്‍ മതിയെന്നായിരുന്നു മറുപടി.
അങ്ങനെ സകലരേയും പഴിച്ചുകൊണ്ട് കാറില്‍ മടങ്ങുമ്പോഴാണ് ആ വിളി വന്നത്.
നിങ്ങളുടെ സിം കാര്‍ഡ് ഒന്നു പരിശോധിക്കാമോ? അതില്‍ 124000 എന്നുണ്ടെങ്കില്‍ നിങ്ങള്‍ വിജയിയാണ്. ഇനാമിനായി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു.
2000 റിയാലാണ് സമ്മാനത്തുക. സിം പരിശോധിച്ച് ഉടന്‍ തിരിച്ചുവിളിക്കുക.
തിരിച്ചുവിളിപ്പിച്ച് പ്രോസസിംഗ് ഫീ ആയി പണം പിടുങ്ങുന്ന തട്ടിപ്പിനെക്കുറിച്ച് പത്രത്തില്‍ വായിച്ച ഓര്‍മയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിം പരിശോധിക്കാനൊന്നും പോയില്ല.
കൊടുംചൂടില്‍ ബാങ്കില്‍നിന്നുള്ള നിരാശയുടെ അരിശവും കൂടി ചേര്‍ത്ത് കാലമാടാ... എന്നോടു വേണ്ട എന്നു തിരികെയങ്ങു പച്ചമലയാളത്തില്‍ പറഞ്ഞു.
ഉടന്‍ അങ്ങേ തലക്കല്‍നിന്ന് ഫിലിപ്പിനോയുടെ മുറി അറബി. കലാംഹാഡ.. മാപ്പി മുശ്കില. പീ ഹിന്ദി.
ഫോണ്‍ ഹിന്ദിയുടെ കൈയില്‍.
ഐവ ജനാബ്. ആപ് വിന്നര്‍ ഹെ, ഇനാം കിത്‌നാഹെ മാലൂം ഹെ.. ദോ ലാക് റിയാല്‍..
അമ്പട…2000 റിയാല്‍ മിനിറ്റ് കൊണ്ട് രണ്ട് ലക്ഷമായോ?
മല്‍ബു കുറച്ചുകൂടി ശബ്ദമുയര്‍ത്തി പറഞ്ഞു. പോടാ കാലമാടാ..ചെലക്കാതെ..
അതു കലാമിനെക്കുറിച്ചല്ല എന്നു മനസ്സിലായതുകൊണ്ടാവണം ഹിന്ദി പിന്നെ തിരിച്ചുവിളിച്ചില്ല.5 comments:

 1. നന്നായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 2. നന്നായിരിക്കുന്നു. ഇന്റര്‍നെറ്റുവഴിയുള്ള തട്ടിപ്പുകള്‍ കഴിഞ്ഞാണ് കുത്തുപാളയെടുത്തിരിക്കുന്നവനെ പ്രലോഭിപ്പിച്ച് പണം പിടുങ്ങാന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഫോണ്‍ വഴിയും കച്ചവടം തുടങ്ങിയിരിക്കുന്നത്. ഇവന്മാര്‍ക്കെതിരെ എന്തുചെയ്യാന്‍ കഴിയും?

  ReplyDelete
 3. ഇവിടെ ഇത്തരം കളിപ്പീരുകള്‍ ഇല്ലാന്നു തോന്നുന്നു.

  ReplyDelete
 4. മനോഹരമായിരിക്കുന്നു.....

  ReplyDelete

Related Posts Plugin for WordPress, Blogger...