6/27/10

വോട്ടിനു പോകന്‍ ഫ്രീ വിമാനം വോട്ടര്‍ ഫ്‌ളൈറ്റ്

ചക്ക വീഴുന്ന പോലെയുള്ള ശബ്ദം കേട്ടാണ് സഹമുറിയന്മാര്‍ ഉണര്‍ന്നത്.
കട്ടിലില്‍നിന്ന് മല്‍ബു താഴേക്ക് വീണതായിരുന്നു. അപൂര്‍വ സംഭവമല്ലാത്തതിനാല്‍ ആരും അധികം ഞെട്ടിയില്ല.
മല്‍ബു ഇപ്പോള്‍ കാര്‍പറ്റില്‍ കിടക്കുകയാണ്. കൈയും കാലും വേദനിക്കുന്നുവെങ്കിലും പരിക്കില്ല. തലങ്ങും വിലങ്ങുമിട്ട കട്ടിലുകള്‍ക്കിടയില്‍ ഒരു ചോദ്യചിഹ്നം പോലെ കുറച്ചു നേരം കിടന്നു. വല്ലതും പറ്റിയോ മല്‍ബൂ എന്നാരും ചോദിച്ചില്ല. കാരണം ആ ചോദ്യം ഒട്ടും പ്രസക്തമല്ല. സാധാരണ ഗതിയില്‍ ഒന്നും പറ്റാറില്ല. എഴുന്നേറ്റ് ഒന്നു മൂരി നിവരുന്നതോടെ ആശ്വാസമാകും. ആദ്യമായല്ലല്ലോ മല്‍ബു കട്ടിലില്‍നിന്ന് വീഴുന്നത്. ഒരാള്‍ക്ക് എത്ര ഉയരത്തില്‍നിന്നു വേണമെങ്കിലും സ്വപ്നത്തില്‍ താഴേക്ക് പതിക്കാമെന്നതിന് ഒന്നാന്തരം ഉദാഹരണമാണ് മല്‍ബു.
പല തവണ വീണിട്ടും ഇതുവരെ ഒന്നും പറ്റിയിട്ടില്ല.
ബാക്കി പ്രശ്‌നം സഹമുറിയന്മാര്‍ക്കാണ്. ആ സ്വപ്നം മുഴുവന്‍ കേട്ടിരിക്കേണ്ടി വരും. തുടക്കം മുതല്‍ ഒടുക്കം വരെ ഓര്‍മയുണ്ടാകും പഹയന്.
മല്‍ബു നാട്ടില്‍ പോയിട്ട് നാല് വര്‍ഷമായി. സ്വപ്നങ്ങളുടെ എണ്ണവും വ്യാപ്തിയും കൂടാന്‍ ഈ കാലം ധാരാളം മതി. പോകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടല്ല.
പോയാല്‍ തിരികെ വരില്ലെന്ന് എപ്പോഴോ ഒരിക്കല്‍ സൂചിപ്പിച്ചത് മുതലാളിയുടെ ചെവിയില്‍ എത്തിയിരുന്നു.
ഒന്നോ രണ്ടോ മാസത്തെ അവധി മതി, പോയിട്ട് തിരിച്ചുവരാം എന്നു പറയുമ്പോള്‍ മുതലാളി അതു വിശ്വസിക്കുന്നില്ല. ഒത്ത ഒരാളെ കൊണ്ടുവന്ന് എല്ലാം പഠിപ്പിച്ച് കൊടുത്ത ശേഷം പൊയ്‌ക്കോളൂ, പിന്നെ നീ വന്നില്ലേലും കുഴപ്പമില്ല എന്നു മുതലാളിയുടെ മറുപടി.
നാട്ടിലായിരുന്നപ്പോള്‍ മേലുദ്യോഗസ്ഥനെ കബളിപ്പിച്ച വിദ്യ ഇവിടെ എങ്ങനെ പ്രയോഗിക്കാമെന്ന ചിന്തയോടെയാണ് മല്‍ബു ഉറങ്ങാന്‍ കിടന്നിരുന്നത്. ഓത്തിന്റെ പേരിലായിരുന്നു ആ കബളിപ്പിക്കല്‍.
ചാനലുകള്‍ കണ്ട് കണ്ട് മനസ്സില്‍ വിദ്വേഷം നിറയുന്ന ഇന്നത്തേതു പോലുള്ള കാലമായിരുന്നില്ല അന്ന്. പര്‍ദയെ കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം പോലെയോ, പാതിരിമാര്‍ ധരിക്കുന്ന ളോഹ പോലെയോ മാത്രം കണ്ടിരുന്ന കാലം. പരസ്പര വിശ്വാസവും സ്‌നേഹവുമായിരുന്നു എല്ലാവര്‍ക്കും വലുത്. അന്നാണ് മേലുദ്യോഗസ്ഥനെ ഓത്തിന്റെ പേരില്‍ കബളിപ്പിച്ചത്. വിശുദ്ധ റമദാനില്‍ ഓത്തിന് (ഖുര്‍ആന്‍ പാരായണം) പോകുക നിര്‍ബന്ധമാണെന്ന് പറഞ്ഞപ്പോള്‍ മേലുദ്യോഗസ്ഥന്‍ അപ്പടി വിശ്വസിച്ചു. അങ്ങനെ എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഓത്തിനു പോകാനായി ജോലിയില്‍നിന്ന് വിടുതല്‍. നല്ല കാര്യത്തിനായാലും ഈ കബളിപ്പക്കല്‍ ശരിയല്ലെന്ന് ഒരാള്‍ ഉണര്‍ത്തുന്നതു വരെ അതു തുടര്‍ന്നിരുന്നു.
ഇപ്പോള്‍ ഇതാ മുതലാളിയെ കബളിപ്പിക്കാന്‍ ഓത്ത് പോലെ ഒരു സംഭവം വരുന്നു. നാട്ടില്‍ പോകാന്‍ ഈയൊരു വിദ്യ പ്രയോഗിച്ചു നോക്കണം. പക്ഷേ, വിദ്യ രൂപപ്പെട്ടു വരുന്നതേയുള്ളൂ. അതു ഇവിടത്തെ സംഘടനകളും നേതാക്കളും ചേര്‍ന്ന് കുളമാക്കാതിരുന്നാല്‍ മതി. പോക്കു കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. സ്വാഗതം ചെയ്‌തോട്ടെ, അഭിനന്ദിച്ചോട്ടെ, ആഹ്ലാദിച്ചോട്ടെ, ഒക്കെ ആയിക്കോട്ടെ... എന്നാല്‍ അതിന്റെ കൂടെ പാരയാകുന്ന ആവശ്യം ഉന്നയിക്കരുത്.
വോട്ട് രേഖപ്പെടുത്താന്‍ പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ സൗകര്യം ഒരുക്കണമെന്ന് എന്തിനു ആവശ്യപ്പെടണം? ഫിലിപ്പിനോകള്‍ക്കൊക്കെ അത്തരം സൗകര്യമുണ്ടെന്ന കണ്ടെത്തലുകളും നടത്തിയിരിക്കുന്നു ചില സംഘടനകള്‍.
ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് കേന്ദ്ര സര്‍ക്കാരിനെ ബോധിപ്പിക്കുന്നതെന്തിന്? ഈ ആവശ്യം ഉന്നയിക്കുന്ന നേതാക്കള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. അവര്‍ക്ക് എല്ലാ തെരഞ്ഞെടുപ്പിലും പ്രവാസി പങ്കാളിത്തം ഉറപ്പാക്കാനെന്ന പേരില്‍ ഫ്രീ ടിക്കറ്റില്‍ നാട്ടില്‍ പോകാം. നാട്ടില്‍ സ്ഥാനാര്‍ഥിത്വം കൊടുക്കുന്നതു പോലല്ലേ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നാട്ടില്‍ പോകുന്ന നേതാക്കളുടെ ഊഴം തീരുമാനിക്കുന്നത്.
വോട്ടെടുപ്പ് നാട്ടില്‍ തന്നെ ആയാല്‍ മാത്രമേ മല്‍ബുവിന്റെ ഓത്തുവിദ്യ മുതലാളിയുടെ അടുത്ത് നടക്കൂ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് വോട്ട് ചെയ്യാന്‍ പോകുക നിര്‍ബന്ധ കര്‍മമാണെന്നും അതിനായി പ്രത്യേക വിമാനം പുറപ്പെടുന്നുണ്ടെന്നും മുതലാളിയെ വിശ്വസിപ്പിക്കുക. ഓത്തു പോലെ നിര്‍ബന്ധ കര്‍മം. മുതലാളി ഇങ്ങോട്ടു വിളിച്ചു പറയില്ലേ. പോയി വോട്ട് ചെയ്തു വാ മല്‍ബൂ. ആ പറച്ചില്‍ കേട്ട ആഹ്ലാദത്തില്‍ ചാടിയെഴുന്നേല്‍ക്കുമ്പോഴാണ് മല്‍ബു പ്ലാവില്‍നിന്ന് ചക്ക വീഴുന്നതു പോലെ കട്ടിലില്‍നിന്ന് താഴേക്ക് വീണത്.


7 comments:

  1. ..
    കൊള്ളാം, ഒന്നാന്തരം ഐഡിയ..

    ഇനി പഹയന്‍ ബിമാനത്തീന്ന് തായേക്ക് പോക്വൊ?
    ..

    ReplyDelete
  2. മല്ബുവിന്റെ സ്വപ്നം നന്നായി. സത്യത്തില്‍ ഇങ്ങനെയൊരു കാര്യം നമ്മുടെ പാര്‍ട്ടിക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ കുറെ അധികം മല്ബുമാര്‍ അടുത്ത തിരഞ്ഞെടുപ്പോടുക്കുടി നാട് കാണും....

    ReplyDelete
  3. വാട്ട് ആന് ഐഡിയ

    ReplyDelete
  4. ഗംഭീര ആശയം. ഇത്തരം നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ മല്ബുവിനു കഴിയട്ടെ.
    അത് പുലരട്ടെ എന്ന് പ്രവാസിയായ ഞാനും ആശിക്കുന്നു.
    നര്‍മത്തിലൂടെ നല്ല ഒരു വിഷയം പറഞ്ഞു.
    പ്രവാസികളുടെ വോട്ടവകാശം മരുഭൂമിയിലെ മരുപ്പച്ച പോലെ നീണ്ടു പോവുകയാണല്ലോ മല്‍ബൂ.

    ReplyDelete
  5. വോട്ടവകാശം വരും. പൗരാവകാശങ്ങള്‍ എല്ലാ കാലത്തും നിഷേധിക്കാനാവില്ല. പ്രവാസികള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്ര്‌നം. നിവര്‍ന്നുനിന്നിട്ടുവേണ്ടേ.. അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍.
    നാട്ടിലെ എല്ലാ അവകാശനിഷേധങ്ങള്‍ക്കു പിന്നിലും ഈ ദൗര്‍ബല്യം കാണാം. ചോദിക്കാനുള്ള ആര്‍ജവം പോലും നമ്മില്‍നിന്ന് തട്ടിയെടുത്തിരിക്കുന്നു.
    രവിക്കും ഇസ്്മായിലിനും ടോംസിനും സലാഹിനും സുല്‍ഫിക്കും എല്ലാവര്‍ക്കും നന്ദി..
    സ്‌നേഹത്തോടെ
    അഷ്‌റഫ്‌

    ReplyDelete
  6. swapnam nannaayittundu. oro blogum onninonnu mechappettu varunnundu. nannaayirikkunnu.

    ReplyDelete
  7. ഹഹഹ്.. മല്‍ബുവിന്റെ മനക്കോട്ട കൊള്ളാമല്ലോ.

    ReplyDelete

Related Posts Plugin for WordPress, Blogger...