6/13/10

ഉറുമ്പ്‌ ടെക്‌നോളജി


ബോസിനെ ഇംപ്രസ്‌ ചെയ്യിക്കാനുള്ള വിദ്യകളെ കുറിച്ച്‌ ചിന്തിക്കാതെ തട്ടിമുട്ടിപ്പോകുന്ന മല്‍ബുവിന്റെ ജീവിതം കട്ടപ്പൊക തന്നെ. അറിവോ കഴിവോ സത്യസന്ധതയോ ഒന്നുമല്ല പ്രധാനം. ഇംപ്രസിംഗ്‌ വിദ്യയാണ്‌ മുഖ്യം. ഇതറിയാത്തവന്‍ തുലഞ്ഞു. ഫസ്‌റ്റ്‌ ഇംപ്രഷന്‍ ഈസ്‌ ദ ബെസ്റ്റ്‌ ഇംപ്രഷന്‍ എന്നൊക്കെ പറയുമെങ്കിലും ഫസ്‌റ്റ്‌ പോയിട്ട്‌ ഒരു ഫിഫ്‌തോ സിക്‌സ്‌തോ ഇംപ്രഷനെങ്കിലും ഉണ്ടായില്ലെങ്കില്‍ പിന്നെ ഒന്നും പറയണ്ട. പായ്യ്യാരം പറഞ്ഞോണ്ടിങ്ങനെ ഇരിക്കാം.
അഞ്ചെട്ട്‌ കൊല്ലായി വന്നിട്ട്‌. മൂന്ന്‌ കൊല്ലം കൊണ്ട്‌ മടങ്ങാന്‍ വിചാരിച്ചതാ. ഒന്നും ആയില്ലെന്നേ,�ഇങ്ങനെ പോയാല്‍ ഇവിടന്ന്‌ മടങ്ങാന്‍ കഴിയുമെന്ന്‌ ചിന്തിക്കാന്‍ പോലും കഴിയില്ല.
ഇംപ്രസിംഗ്‌ വിദ്യ എങ്ങനെ നേടും?
നാടുവിടുന്ന ഫിലിപ്പിനോകള്‍ക്ക്‌ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തൊഴില്‍ പരിശീലനവും അല്‍പം ഭാഷാ പരിജ്ഞാനവുമൊക്കെ നല്‍കുമെന്ന്‌ പറയാറുണ്ട്‌. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ചില ഫിലിപ്പിനോകള്‍ പച്ചമലയാളം പോലെ അറബി പറയുമെന്ന്‌ ഒരു മല്‍ബുവിന്റെ സാക്ഷ്യം.
പച്ചമലയാളം ആയിരിക്കല്ല. പച്ചത്തഗലോഗ്‌ ആയിരിക്കും.
ഫിലിപ്പിനോകള്‍ ഇതോടൊപ്പം വേറെയും ചില ടെക്‌നിക്കുകള്‍ സ്വായത്തമാക്കാറുണ്ടെന്ന്‌ അറിയാത്തവരുണ്ടാകില്ല. അതു സ്വന്തം വകയാണോ, അതോ സര്‍ക്കാര്‍ തന്നെ അഭ്യസിപ്പിക്കുന്നതാണോ എന്നു നിശ്ചയമില്ല.
അഞ്ചോ ആറോ മാസം കഴിഞ്ഞാല്‍ മതി, ഫലിപ്പിനോ പറയും.. അല്ലെങ്കില്‍ നിലപാട്‌ പ്രഖ്യാപിക്കും.
അഞ്ചാറു മാസത്തെ കാലയളവ്‌ കഫീലിന്റെ മുഖത്ത്‌ നോക്കി അക്കാര്യം നിവര്‍ന്നുനിന്നു പറയാനുള്ള ശേഷി നേടിയെടുക്കുന്നതിനാണ്‌. നട്ടെല്ല്‌ നിവരാനെടുക്കുന്ന സമയം അനുസരിച്ച്‌ ഭേദഗതിയാകാം. ചിലപ്പോള്‍ ഒരു മാസം മതിയാകും അതിന്‌. നിവര്‍ന്നു നിന്ന്‌ കാര്യം പറയുന്ന പാകത്തില്‍ മല്‍ബുവിന്റെ നട്ടെല്ല്‌ നിവരണമെങ്കില്‍ എത്ര കാലമെടുക്കും?
ഏയ്‌, അതിനു സാധ്യതയേയില്ല. കാരണം മല്‍ബൂന്റെ പിരടിയില്‍ നൂറു കൂട്ടം ഭാരങ്ങള്‍ അട്ടിപ്പേറായി കിടക്കുകല്ലേ. പിന്നെ എങ്ങനെ നിവരും. പൊട്ടിപ്പോകുമെന്ന ആധിയില്‍ അതിനൊട്ട്‌ ശ്രമിക്കാനും വയ്യ.
കഫീല്‍ കാതു കൂര്‍പ്പിക്കുന്ന സമയം നോക്കിയിരിക്കും ഫിലിപ്പിനോ.
എന്നിട്ട്‌ തന്റെ ദൃഢതീരുമാനം പ്രഖ്യാപിക്കുന്നതിങ്ങനെ..
മാപി സിയാദ റാത്തിബ്‌, അന പി റൂഹ്‌..
ശമ്പളം കൂട്ടിത്തന്നില്ലെങ്കില്‍ ഞാന്‍ നാട്ടിലേക്ക്‌ പോകുമെന്ന്‌ പച്ചമലയാളം.
നീ വേറെ ആളെ നോക്കിക്കോ എന്നു പറയില്ല. കാരണം വേറെ ആളെ നോക്കുകയല്ല, കരാറിലെഴുതിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ കിട്ടുകയാണ്‌ പ്രധാനം.
വിസയെടുക്കാനുള്ള ചെലവും ടിക്കറ്റിന്റെ റിയാലുമൊക്കെ കണക്കുകൂട്ടി പാവം കഫീല്‍ പറയും.
ഇന്‍ത മൊഹന്ദിസ്‌ അഹ്‌സന്‍. മാഫി റൂഹ്‌.
പോകല്ലേ, പോകല്ലേ എന്നു തനിമലയാളം. നീയാള്‌ ഉഷാര്‍ എന്‍ജിനീയറെന്നു ബാക്കി. ഫലമോ? ഫിലിപ്പിനോയുടെ ശമ്പളത്തില്‍ പ്രതീക്ഷിച്ച വര്‍ധന.
അഞ്ച്‌ പത്ത്‌ കൊല്ലായില്ലേ ജോലിക്ക്‌ കയറിയിട്ട്‌. നിനക്കെന്തു ഡെവലപ്‌മെന്റുണ്ടായി എന്നു ചോദിച്ചാല്‍ സാദാ മല്‍ബൂന്‌ ഉത്തരമൊന്നുമില്ല. ബോസിനെ ഇംപ്രസ്‌ ചെയ്യിച്ചാലേ എന്തെങ്കിലും നടക്കൂ എന്നത്‌ അനുഭവ പാഠം.
പക്ഷേ, എന്തു ചെയ്യും. ഒപ്പം വന്ന മറ്റൊരു മല്‍ബു ആദ്യമേ ഗോളടിച്ചു കഴിഞ്ഞു. സാദാ മല്‍ബു ഒരു ബോളൊക്കെ തപ്പിപ്പിടിച്ച്‌ പോസ്‌റ്റിലേത്തുമ്പോഴേക്കും പാരയുമായി നില്‍പുണ്ടാകും മറ്റവന്‍ അവിടെ. അതുവരെ നടത്തിയ പ്രയത്‌നങ്ങള്‍ വൃഥാവിലായി.
ഇതിനൊരു പരിഹാരം വേണമല്ലോ?
കുറച്ചു ദിവസത്തേക്ക്‌ മറ്റവനെ അവിടെനിന്നു മാറ്റണം. എന്നിട്ട്‌ ബോസിന്റെ മനസ്സില്‍ കയറിയിരിക്കണം. ഇരുന്ന്‌ കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല. കുറച്ച്‌ ദിവസത്തേക്കെങ്കിലും മറ്റവനെ അവിടെനിന്ന്‌ മാറ്റി ശല്യമൊഴിവാക്കാനുള്ള വിദ്യകള്‍ തേടി മല്‍ബു ഇന്റര്‍നെറ്റില്‍ പരതി തുടങ്ങി. കുറേ തിയറി കണ്ടെത്താനായെങ്കിലും അവസാനം ~ഒരു ബ്ലോഗില്‍നിന്നാണ്‌ പ്രാക്‌ടിക്കല്‍ ലഭിച്ചത്‌.
സോപ്പിനകത്ത്‌ ബ്ലേഡ്‌ ഒളിപ്പിച്ചുവെക്കുക.
മറ്റവന്‍ അതെടുത്ത്‌ കുളിക്കാന്‍ ഇടവന്നാല്‍ രക്ഷപ്പെട്ടു. ശരീരത്തിലെ മര്‍മ ഭാഗത്താണ്‌ ആ സോപ്പ്‌ തേക്കുന്നതെങ്കില്‍ ചുരുങ്ങിയത്‌ ഒരു മാസത്തേക്കെങ്കിലും ശല്യം ഒഴിവായിക്കിട്ടും.
പക്ഷേ ഒരു പ്രശ്‌നം. ഇയാള്‍ കൈയില്‍ തേച്ചാണോ ദേഹത്ത്‌ സോപ്പിടുക. അതോ നേരിട്ട്‌ ദേഹത്തു തേക്കുമോ എന്നു കണ്ടെത്തണം. അല്ല, പിന്നെയുമുണ്ട്‌ പ്രശ്‌നം. പന്നിപ്പനി വന്ന ശേഷം കമ്പനി അക്കൊമഡേഷനില്‍ ബാര്‍ സോപ്പില്ല. ലിക്വിഡ്‌ സോപ്പ്‌ സൂക്ഷിക്കുന്നതിന്‌ വലിയ ഞെക്ക്‌ യന്ത്രം കൊണ്ടുവെച്ചിരിക്കുന്നു.
ഇനിയൊരു വഴിയേയുള്ളൂ. ഉറുമ്പിനെ കൊണ്ട്‌ കടിപ്പിക്കുക.
പിന്നെ, ഉറുമ്പ്‌ കടിച്ചിട്ടെന്താവാനാ? ഇതു വല്ലതും നടക്കുമോ?
കടിക്കേണ്ടതു പോലെ കടിച്ചാല്‍ ഒന്നല്ല, രണ്ടാഴ്‌ച വരെ ആശുപത്രിയില്‍ കിടക്കാന്‍ വകുപ്പുള്ള ഉറുമ്പുകളുണ്ട്‌. അതിനങ്ങ്‌ ആമസോണ്‍ വനത്തിലൊന്നും പോകേണ്ട. നാട്ടില്‍ പോയാല്‍ മതി. അങ്ങനെ ഒരാളെ കുറിച്ച്‌ കൊച്ചിയില്‍നിന്ന്‌ കേട്ടു.
ഉറുമ്പ്‌ കടിച്ചതിനെ തുടര്‍ന്ന്‌ ആഴ്‌ചകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നയാളുടെ പേരും വിലാസവുമൊക്കെ തരപ്പെടുത്തി. അയാളെ കണ്ടാല്‍ ഉറുമ്പിനെ സ്വന്തമാക്കാം.
പാസ്‌പോര്‍ട്ടില്ലാത്ത ഉറുമ്പിനെ ജീവനോടെ ഇങ്ങോട്ടെത്തിക്കാനുള്ള വിദ്യ കണ്ടെത്തിയാല്‍ മതി.

6 comments:

  1. ..
    കിട്ടിയൊ ഉറുമ്പിനെ???


    വരികള്‍ ഖണ്ഡിക തിരിച്ചെഴുതൂ, വായനാസുഖം കിട്ടും. പിന്നെ ബ്ലോഗില്‍ വരുന്നോര്‍ക്കുമത് ഒരു “ഫസ്റ്റ് ഇംപ്രഷനാ”

    ആശംസകള്‍.
    ..

    ReplyDelete
  2. ഉറുമ്പിനെ കൊണ്ടുവരാന്‍ എന്നാ പോകുന്നെ... ??

    ReplyDelete
  3. ഈ മനുഷ്യന്റെയൊരു പുത്തി!

    എന്തായാലും ആ ബോസിനെ സമ്മതിക്കണം. ആൾക്കാരുടെ തലച്ചോർ ഇത്രയും വർക്ക് ചെയ്യിക്കുന്നില്ലേ!?

    ഇതാണ് ഇൻസ്പിറേഷണൽ ലീഡർഷിപ്പ്!

    ReplyDelete
  4. ഉറുന്പുപോലുമരിക്കില്ല, മല്ബുവിന്റെ ചിന്തകളെ

    ReplyDelete
  5. ഹഹഹ.. ബ്ലേഡ് ടെക്നോളജിക്ക് പിറകെ ഉറുമ്പ് ടെക്നോളജിയും‌ ഇറക്കിയല്ലേ... മല്‍ബു കൊള്ളാം.

    ReplyDelete

Related Posts Plugin for WordPress, Blogger...