Pages

6/20/10

കൂര്‍ക്കം വലിയും ഹുറൂബും


സുഖമായി ഉറങ്ങാന്‍ കഴിയുക എന്നതു മല്‍ബുവിനെ സംബന്ധിച്ചു മാത്രമല്ല ആരെ സംബന്ധിച്ചുംപ്രധാനമാണ്. ആരാകണം എന്ന ചോദ്യത്തിനു നന്നായി ഉറങ്ങാന്‍ കഴിയുന്നവനാവുകയെന്ന് ഉത്തരംപറയുമ്പോള്‍ കവി മനസ്സില്‍ മറ്റു പലതുമുണ്ട്. നേര്‍ക്കുനേരെ ഉത്തരമില്ലാത്തതുകൊണ്ടല്ല. എല്ലാംചേര്‍ത്തുള്ള ഉത്തരമാണത്.
തിരക്കൊഴിയാത്ത ഡോക്ടറാകണം അല്ലെങ്കില്‍ ആറക്കം വാരുന്ന എന്‍ജിനീയറാകണം തുടങ്ങി ഏറ്റവുംചുരുങ്ങിയത് ഒരു പ്രവാസിയെങ്കിലും ആകണമെന്നു എളുപ്പം ഉത്തരം പറയാം. പക്ഷെ, ഏതുപദവിയിലെത്തിയാലും സുഖമായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിത സുഖം. അപ്പോള്‍കവിയുടെ ഉത്തരം തന്നെയാണ് ഏറ്റവും ഉചിതം.
നന്നായി ഉറങ്ങുന്നവനാകാന്‍ കഴിയുക.
ചിലര്‍ക്ക് കിടന്ന ഉടന്‍ ഉറക്കമെത്തിക്കോളും.
ബെഡിലേക്ക് ചാഞ്ഞ ഉടന്‍ കൂര്‍ക്കം വലി കേള്‍ക്കാം. അഞ്ചും ആറും പേര്‍ താമസിക്കുന്നമുറിയാണെങ്കില്‍ കുഴങ്ങിയതു തന്നെ. കണ്ടില്ലേ, ശല്യം.. മൈക്ക്് സൈറ്റ് ഓണാക്കി എന്നുപറയുന്നവരുണ്ടാകും ഒരു ഭാഗത്ത്.
എന്തൊരു ഭാഗ്യം, കിടന്ന ഉടന്‍ ഉറങ്ങിയെന്ന് അസൂയയോടെ പറയുന്നവര്‍ മറുഭാഗത്ത്്. ഈയിടെനാട്ടില്‍ പോയ ഒരു മല്‍ബു ബാച്ചിലേഴ്‌സ് മുറിയിലെ കലാപം കാരണം കൂര്‍ക്കം വലി ഇല്ലാതാക്കാനള്ളശസ്ത്രക്രിയ നടത്തിയിട്ടാണത്രെ മടങ്ങിയത്.
ഇപ്പോള്‍ ശസ്ത്രക്രിയയും ഒരു ബിസിനസായി വളര്‍ന്നു കൊണ്ടിരിക്കുന്നു. കൂര്‍ക്കം വലിയുടെപ്രത്യാഘാതങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പരസ്യങ്ങളും പത്രങ്ങളില്‍ ധാരാളമായി വന്നു തുടങ്ങി. ആദ്യരാത്രി കൂര്‍ക്കംവലി കാരണം ഒരു മല്‍ബൂനെ മുറിയില്‍ പൂട്ടിയിട്ട് വധു ഓടിപ്പോയത്രെ. ബന്ധംതുടര്‍ന്നു കൊണ്ടു പോകാന്‍ മല്‍ബു അടുത്ത ദിവസം തന്നെ ശസ്ത്രക്രിയക്കു പോയി. ഇപ്പോള്‍ ജീവിതംപരമസുഖം. രണ്ടു പേരും ഹാപ്പി.
മറ്റു ചില മല്‍ബുകള്‍ക്ക് കൂര്‍ക്കംവലി പോയിട്ട് കണ്ണു ചിമ്മിക്കിട്ടാന്‍ തന്നെ എന്തൊരു പാടായിരിക്കും. പാട്ടും ഓണാക്കി ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി ആര്‍ക്കും ശല്യമില്ലാതെ ഒരു ഭാഗത്ത്കിടക്കുകയാണെങ്കിലും അവര്‍ അവരുടെ വഴിയിലും പാട്ട് പാട്ടിന്റെ വഴിയിലുമായിരിക്കും. ഒന്നുശബ്ദമുണ്ടാക്കി നോക്കിയാല്‍ മതി. അവര്‍ പാട്ടിന്റെ ലോകത്തല്ല എന്നു ബോധ്യമാകാന്‍.
ങേ, ഹുറൂബായോ എന്നായിരിക്കും ചിലപ്പോള്‍ ഞെട്ടിയെഴുന്നേറ്റുകൊണ്ടുള്ള മറു ചോദ്യം.
കഫീലിനെ ഒന്നു വിളിച്ചിട്ട് കുറേ നാളായല്ലോ. കാലമാടന്‍ പോയി ഹുറൂബാക്കിയിരിക്കുമോ എന്നചിന്തയില്‍നിന്നായിരിക്കും മല്‍ബുവിന്റെ ചിന്താഭാരം തുടങ്ങുക.
ഇടക്കിടെ കഫീലിനെ വിളിക്കണംട്ടോ.. അയാള്‍ ഹൂറൂബാക്കി കളയും. ഫ്രീവിസ ഏര്‍പ്പാടാക്കിയ ഏജന്റ്പലവട്ടം പറഞ്ഞിട്ടുണ്ട്.
ഫ്രീ വിസ എന്നൊക്കെയാണ് വെപ്പെങ്കിലും സൗജന്യമായി കിട്ടിയതെന്ന അര്‍ഥത്തില്‍ പോലും ഇത് ഫ്രീവിസയല്ല.
നാടുവിട്ട് വര്‍ഷങ്ങളേറെയായിട്ടും നാല് അറബി വാക്കു പോലും അറിയില്ലെങ്കിലും ഹുറൂബ് എന്ന വാക്ക്മല്‍ബൂന് ഇപ്പോള്‍ സുപരിചതിമായി. പാര്‍ട്ടിക്കാരും നേതാക്കളുമൊക്കെ ആസന്ന ഭാവയില്‍കിട്ടാനിരിക്കുന്ന വോട്ടവകാശത്തെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ മല്‍ബൂന് അതിനൊന്നും നേരമില്ല. ഹുറൂബായില്ലെങ്കില്‍, ദൈവധീനമുണ്ടെങ്കില്‍ വോട്ട് ചെയ്യാം.
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ഹുറുബുകാരെ കാണാം എന്നായിട്ടുണ്ട് സ്ഥിതി. ഹുറൂബായതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ പോലുമാകാതെ നട്ടംതിരിയുന്നവര്‍.
ഏതോ മൂലയിലുള്ള കഫീല്‍ നിശ്ചിത ഫീ അടച്ച് കൈപ്പറ്റുന്ന വിസ കമ്മീഷന്‍ ഏജന്റുമാരിലൂടെകൈമറിഞ്ഞെത്തുമ്പോഴാണ് അതു ഫ്രീ വിസയാകുന്നത്. സ്വാഭാവികമായും തൊഴില്‍ വിസസമ്പാദിച്ചയാളാണ് കഫീല്‍. ഹുറൂബാക്കാനുള്ള അധികാരം അയാളില്‍ നിക്ഷിപ്തം.
ഒരാഴ്ച കൊണ്ട് കഫീലിനെ പോയി കണ്ടില്ലെങ്കില്‍ നിന്നെ ഹുറൂബാക്കുമെന്ന് ഏജന്റ് പറയുമ്പോള്‍ഒന്നുകിലത് കൂടതല്‍ പണത്തിനു വേണ്ടിയുള്ള വിളി അല്ലെങ്കില്‍ വിദൂര ഗ്രാമത്തിലേക്ക് ആടിനെമേയ്ക്കാനുള്ള ക്ഷണം എന്നുവേണം കരുതാന്‍.
തട്ടിമുട്ടി പോയിക്കൊണ്ടിരിക്കെയാകും മല്‍ബു ഇടിത്തീ പോലെ വിവരം അറിയുന്നത്.
ഹുറൂബായിരിക്കുന്നു. ഇന്റര്‍നെറ്റില്‍ കയറി വെബ് സൈറ്റില്‍ ഇഖാമ നമ്പര്‍ അടിച്ചു നോക്കിയാല്‍ മതി. ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കെ ഇന്‍വാലിഡ് എന്നാണ് തെളിയുന്നതെങ്കില്‍ പഹയന്‍ പറ്റിച്ചുവെന്ന്ഉറപ്പിക്കാം. അല്ലെങ്കില്‍ പറ്റിക്കാന്‍ പഹയന് ഇനിയും അവസരം നല്‍കി ക്യൂവില്‍ കാത്തുനില്‍ക്കാം.
ഹുറൂബ് എന്നു കേള്‍ക്കുമ്പോള്‍ നാട്ടിലെ പൗരാവകാശവും വോട്ടവകാശമൊക്കെ താനേ മറന്നുപോകും. ഇതോടെ, കഫീലില്‍നിന്ന് ഒളിച്ചോടി ജോലി ചെയ്യുന്ന,അനധികൃത താമസക്കാരനായിരിക്കയാണ്. ലക്ഷങ്ങള്‍ കൊടുത്ത് സമ്പാദിച്ച ഫ്രീ വിസക്കു വന്നുചേരുന്ന ദുര്‍ഗതി. എല്ലാ ഗള്‍ഫ്രാജ്യങ്ങളിലേക്കുമുള്ള വാതിലുകള്‍ എന്നെന്നേക്കുമായി അടയുന്ന വിരലടയാളവും എക്‌സിറ്റുമാണ്അവനു മുന്നില്‍ ബാക്കി കിടക്കുന്നത്.


4 comments:

 1. കൂര്‍ക്കം വലി ഒരു ഇബിലീസു തന്നെയാ..

  പിന്നെ ഈ ഹുറൂബിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല,, കാരണം ഞാന്‍ ഒരു പ്രവാസി അല്ല..

  പിന്നെ ഈ ഫ്രീ വിസ സങ്കെടുപ്പിച്ച് ഇപ്പോളും ഒരുപാടാളുകള്‍. നല്ല നാളെ സ്വപ്നം കണ്ട് വിമാനം കേറുന്നുണ്ടല്ലോ അല്ലെ

  ReplyDelete
 2. അടുത്ത ബെര്ത്തിലൊരാള് കൂര്ക്കംവലിക്കുന്നു. മല്ബുമാരൊക്കെ കൂര്ക്കംവലിക്കുന്നവരാണോ

  ReplyDelete
 3. യഥാര്‍ഥത്തില്‍ ഫ്രീ വിസ എന്നൊരു ഏര്‍പ്പാടില്ല. സൗദിയില്‍ സൗദികള്‍ സമ്പാദിക്കുന്ന തൊഴില്‍ വിസകള്‍ പണം ഈടാക്കി വില്‍ക്കുകയാണ്. ഇത് ഏജന്‍ുമാരുടെ കമ്മീഷനടക്കം നല്‍കി വാങ്ങുമ്പോള്‍ വിസയുടെ ഉടമയായ സൗദി പൗരനു കീഴില്‍ ജോലി ചെയ്യണം എന്ന നിബന്ധന വെക്കില്ല. അതാണ് ഫ്രീ വിസയായി തെറ്റിദ്ധരിക്കുന്നത്.
  പുതിയ തൊഴില്‍ കണ്ടെത്തി മറ്റൊരു സ്‌പോണ്‍സര്‍ക്കു കീഴലാകുന്നതുവരെ തൊഴിലാളി ആദ്യം വിസ സമ്പാദിച്ച സ്‌പോണ്‍സര്‍ക്കു കീഴില്‍ തന്നെയാണ്.
  ഇങ്ങനെ തന്റെ കീഴിലുള്ള തൊഴിലാളിയെ തൊഴിലാളി ഒളിച്ചോടിയെന്ന് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമ്പോഴാണ് ഹൂറൂബ് രേഖപ്പെടുത്തുന്നത്.
  ജിത്തുവിനും സലാഹിനും നന്ദി

  ReplyDelete
 4. a very interesting blog that touches the real stories in day-to-day life of every pravasi malayali esp those in saudi. i am sure everyone wud like it.
  nasar mahin koottilangadi @ Jeddah
  പ്രവാസികളുടെ (പ്രതേകിച്ചും സൌദിയിലെ) വേദനിപ്പിക്കുന്ന സത്യങ്ങള്‍ നര്‍മത്തിലൂടെ വായനക്കാരിലെത്തിക്കുന്ന അഷ്റഫ് ഭായ്ക്ക് അനുമോദനങ്ങള്‍. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഇല്ലാണ്ടാവാന്‍ പ്രാര്‍തികുന്നതോടൊപ്പം, ഉണ്ടാവുന്ന വിഷയങ്ങള്‍ ഇത്രയും നന്നായി അതിന്റെ പേരില്‍ വേദനികുന്നവന് പോലും ആശ്വാസമായി കൊണ്ടും മറ്റുള്ളവരെ ബോധാവല്‍കരിച് കൊണ്ടും അവതരിപിക്കാനുള്ള കഴിവ് അഷ്റഫ് ഭായ്ക്ക് എന്നും ഉണ്ടാവട്ടേ എന്ന് പ്രാര്‍ഥിച് കൊണ്ട്..
  സസ്നേഹം നാസര്‍ മഹിന്‍ കൂട്ടിലങ്ങാടി

  ReplyDelete

Related Posts Plugin for WordPress, Blogger...