Pages

5/9/10

പുത്തന്‍ കുമാരസംഭവങ്ങള്‍


മലയാളിയുടെ ഇന്റര്‍നെറ്റ് വായനക്ക് അവസരം തുറന്ന ബ്ലോഗുകള്‍ പുതിയ എഴുത്തുകാരെയും പുതിയ വായനാ സമൂഹത്തെയും സൃഷ്ടിച്ചുകൊണ്ട് അതിവേഗം മുന്നേറുന്നു. മലയാളിയുടെ വായന മരിച്ചുവെന്ന പരിദേവനങ്ങള്‍ക്കിടയിലാണ് ഈ വായനാ സമൂഹത്തിന്റെ പ്രയാണം. വായിക്കാനും തങ്ങളുടെ പ്രതികരണങ്ങള്‍ അപ്പോള്‍ എഴുതാനുമുള്ള മത്സരമാണ് ബ്ലോഗുകളില്‍ കാണുന്നത്. ദിവസേന നൂറുകണക്കിനു വായനക്കാരാണ് ബ്ലോഗുകളിലേക്ക് കടന്നുവരുന്നത്. അതുപോലെ തന്നെ പുതിയ പുതിയ എഴുത്തുകാരും.
ബ്ലോഗുകളിലൂടെ വെളിച്ചം കണ്ട പല രചനകളും പുസ്തക രൂപത്തില്‍ ആയിക്കഴിഞ്ഞു. കൊടകര പുരാണം, എന്റെ യൂറോപ്പ് സ്വപ്‌നങ്ങള്‍, 15 പെണ്ണനുഭവങ്ങള്‍, പേശാമടന്ത, ചിലന്തി തുടങ്ങിയവ.
കണ്ണൂര്‍ ചേലേരി സ്വദേശി അനില്‍കുമാര്‍ ടി. എന്ന കുമാരന്റെ 'കുമാരസംഭവങ്ങള്‍' എന്ന ബ്ലോഗാണ് പുതുതായി പുസ്തകമായിരിക്കുന്നത്. പയ്യന്നൂരിലെ ഡിസംബര്‍ പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ( വില 60 രൂപ)
ബ്ലോഗ് രചനകളെന്ന വിഭാഗത്തിലാണ് പ്രസാധകര്‍ കുമാരസംഭവങ്ങള്‍ ഇറക്കിയിട്ടുള്ളതെങ്കിലും ഇതിലെ പല രചനകളും പ്രത്യേക ശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് പറയുവാന്‍ കുമാരന് കഴിഞ്ഞിരിക്കുന്നു. പല രചനകളിലും ഗ്രാമീണതയുടെ നൈര്‍മല്യവും അനുഭവിക്കാം. വലിയ വിഷയങ്ങള്‍ നീട്ടിപ്പറയാതെ സരസമായും ലളിതമായും കൈകാര്യം ചെയ്തതിനാല്‍ വായന രസകരമാക്കിയതിനു പുറമേ, സമൂഹത്തിലെ ഏത് തട്ടിലുള്ളവര്‍ക്കും അത് സ്വീകാര്യമാകുന്നു.
കഥകള്‍ക്കും നോവലുകള്‍ക്കും ക്ഷാമമില്ലാത്ത മലയാള സാഹിത്യത്തില്‍ നേര്‍ത്ത നര്‍മങ്ങളും അനുഭവങ്ങളും എപ്പോഴെങ്കിലും ഒന്ന് ഓര്‍മിച്ചു ചിരിക്കാന്‍ പാകത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.
കുമാരസംഭവങ്ങളില്‍ 21 കൊച്ചു കുറിപ്പുകളാണുള്ളത്. ജീവിത യാഥാര്‍ഥ്യങ്ങള്‍ വായിച്ചെടുക്കാവുന്ന വിധം സമ്പന്നമാണ് എല്ലാം. ഇതിലെ നര്‍മങ്ങള്‍ ഗൃഹാതുരത്വമുയര്‍ത്തുന്ന ഓര്‍മകളിലേക്ക് വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്നുണ്ട്. 'പന്തിയിലെ പക്ഷഭേദം' എന്ന കഥയില്‍ കഥാനായകനും നാട്ടിലെ പ്രധാന മദ്യപനുമായ കപ്പല്‍ വാസുവിനെ അവതരിപ്പിച്ചത് ഗ്രന്ഥകാരന്റെ നര്‍മഭാവനക്ക് അടിവരയിടുന്നു. പല കഥകളിലും സ്വയം കഥാപാത്രമായും അല്ലാതെയും അവിടെയെല്ലാമുണ്ടാകുന്ന അമളികള്‍ പങ്കുവെക്കുമ്പോള്‍ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വായനക്കാരില്‍ എത്തിച്ചേരുന്നു. പുത്തന്‍ എഴുത്തുകാരുടെ രംഗപ്രവേശം മലയാളിക്ക് തിരികെ നല്‍കുന്നത് വായനയുടെ പഴയ പൂക്കാലമാണെന്ന് നിസ്സംശയം പറയാം.
ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാഗമാവുക എന്നതില്‍ കവിഞ്ഞുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ, സുഹൃത്തുക്കളോട് ഒരു തമാശ പറയുന്നത് പോലെ എഴുതിയിട്ടവയാണ് ഇവയെല്ലാമെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. നാട്ടിലേയും ഓഫീസിലേയും സുഹൃദ് സംഭാഷണങ്ങളില്‍നിന്നും ഓര്‍മകളില്‍നിന്നും അനുഭവത്തില്‍നിന്നും അടിച്ചുമാറ്റി ഭാവന ചേര്‍ത്ത് എഴുതിയതാണ് മിക്ക കഥകളുമെന്ന് മാതൃഭൂമി കണ്ണൂര്‍ പതിപ്പില്‍ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കുമാരന്‍ പറയുന്നു. കേരളത്തിലെ പുസ്തക ശാലകള്‍ക്കു പുറമേ, ഗള്‍ഫില്‍ ബ്ലോഗ് സുഹൃത്തുക്കളില്‍നിന്ന് പുസ്തകം ലഭിക്കും.

5 comments:

 1. ഭാഷ നിലനില്ക്കട്ടെ, സംസ്കാരങ്ങള് പെയ്യട്ടെ, അറിവുകള് പ്രസരിക്കട്ടെ

  ReplyDelete
 2. ലേഖനം മലയാളം ന്യൂസില്‍ വായിച്ചിരുന്നു.! ലേഖകനും കുമാരനും ആശംസകള്‍ :)

  ReplyDelete
 3. ഇങ്ങനെയൊരു പോസ്റ്റിനും പത്രത്തിലെ ലേഖനത്തിനും വളരെ നന്ദി.

  ReplyDelete
 4. മലയാളം ഇനി വളരുന്നത് ബ്ലോഗിലൂടെ ആയിരിക്കും.

  ReplyDelete

Related Posts Plugin for WordPress, Blogger...