5/16/10

സ്വര്‍ണമാലക്ക് കാവലിരുന്ന പൂച്ചകള്‍


ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല അത്. യാത്ര പുറപ്പെടാന്‍ നേരത്ത് മല്‍ബുവിന് ഇങ്ങനെ ഒരനുഭവം. യാത്രയാക്കാന്‍ എത്തിയവരുടെ മുഖത്തും ചിരി മാഞ്ഞു.
മല്‍ബുവിനെ അറിയുന്നവര്‍ ആരും സമ്മതിച്ചു തരില്ല അത്. ഇത്തിരി ധിറുതിയിലാണ് കാര്യങ്ങളൊക്കെ ചെയ്യുകയെങ്കിലും അടുക്കും ചിട്ടയും തെറ്റിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പറയുന്നത് വിശ്വസിക്കാന്‍ എല്ലാവര്‍ക്കും പ്രയാസം.
'ആരോ എന്തോ ചതി നടത്തിയിട്ടുണ്ട്. അല്ലാതെ മല്‍ബുവിന്റെ പക്കല്‍നിന്ന് ഇങ്ങനെ ഒരബദ്ധം ഒരിക്കലും സംഭവിക്കില്ല.' തളര്‍ന്നിരിക്കുന്ന മല്‍ബുവിനെ നോക്കി ആളുകള്‍ പരസ്പരം പറഞ്ഞു.
ഫ്‌ളാറ്റില്‍ തന്നെ എല്ലാവര്‍ക്കും പേടിയായിരുന്നു അയാളെ. ആദരവ് കൊണ്ടാണെന്ന് പുറമെ തോന്നുംവിധമായിരുന്നു മറ്റു അന്തേവാസികളുടെ പെരുമാറ്റമെങ്കിലും ഇല്ലാത്ത നേരങ്ങളില്‍ അവര്‍ അയാളെ കൊത്തി വലിച്ചിരുന്നു.
അല്ലെങ്കിലും അതു ശരി തന്നെയല്ലേ?
ആരെങ്കിലും കുളിച്ചുകഴിഞ്ഞ് സ്വന്തം തോര്‍ത്ത് എവിടെയെങ്കിലും ഉണങ്ങാനിട്ടാല്‍ ഇയാള്‍ക്ക് എന്തു ചേതം?
ടൂത്ത് പേസ്റ്റ് മധ്യഭാഗത്തുനിന്ന് ഞെക്കാതിരിക്കാന്‍ അയാള്‍ അയാളുടെ പേസ്റ്റിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരേ? മറ്റുള്ളവര്‍ അവരവരുടെ ടൂത്ത് പേസ്റ്റില്‍ എവിടെയെങ്കിലും ഞെക്കി ഉപയോഗിച്ചാല്‍ ഇങ്ങേര്‍ക്കെന്തു പോയി? നടുഭാഗം അമര്‍ന്നു കിടക്കുന്ന പേസ്റ്റ് കണ്ടാല്‍ അയാള്‍ക്ക് കലി തുടങ്ങും.
ആരാടാ ഇവിടെ വിവരദോഷികള്‍?
ഒരു പേസ്റ്റില്‍നിന്ന് നേരാംവണ്ണം പേസ്റ്റ് എടുക്കാന്‍ പോലുമറയില്ല. ഗള്‍ഫൂന്നും പറഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കും. ഇവനൊക്കെ എങ്ങനെ പണി കിട്ടും?
പൊരിവെയിലില്‍ ജോലി അന്വേഷിച്ച് പോയി തളര്‍ന്നെത്തിയ രണ്ടുപേര്‍ ഒരു മൂലയിലിരുന്ന് പത്രം വായിക്കുന്നുണ്ടെന്ന കാര്യമൊന്നും അയാള്‍ നോക്കില്ല.
താമസിക്കുന്നവരൊക്കെ വാടകയും ഭക്ഷണ ചാര്‍ജുമൊക്കെ കൃത്യമായി കൊടുക്കുന്നവരാണെങ്കിലും മല്‍ബുവിനോട് എതിര്‍ത്തൊരക്ഷരം പറയാന്‍ നാവു പൊങ്ങില്ല.
കാരണം അത്ര നിസ്സാരമൊന്നുമല്ല.
അയാളെ പിണക്കിയാല്‍ പിന്നെ പെരുവഴിയാ ശരണം. കയറിക്കിടക്കാന്‍ ബാച്ചിലേഴ്‌സിനായി ഒരിടം പോലും കിട്ടാനില്ല. അതുകൊണ്ട് എല്ലാം സഹിക്കണം.
സ്വന്തം പേരിലാണ് പത്തുപതിനഞ്ച് പേര്‍ താമസിക്കുന്ന ആ ഫ്‌ളാറ്റിന്റെ കോണ്‍ട്രാക്റ്റ് എന്നതു മാത്രമാണ് അയാള്‍ ചെയ്ത പുണ്യം. വാടക എല്ലാവരും തുല്യമായാ ഷെയര്‍ ചെയ്യുന്നത്. പക്ഷേ അയാള്‍ക്കെങ്ങാനും അതൃപ്തി തോന്നാനിടയായാല്‍ പിന്നെ രക്ഷയില്ല.
ദാ പിടിച്ചോ, നിന്റെ ബാക്കിയുള്ള വാടക. വേറെ എവിടെയെങ്കിലും താമസിച്ചോളൂ.
അടുത്തൊന്നും താമസ സൗകര്യം ലഭ്യമല്ലെന്ന് അയാള്‍ക്കുമറിയാം. താമസിക്കുന്നവര്‍ക്കും അറിയാം.
കറണ്ട് ചാര്‍ജിന്റെ വിഹിതവും കൃത്യമായി നല്‍കുന്നുണ്ടെങ്കിലും അയാളല്ലാതെ, വേറെ ആരെങ്കിലും ടെലിവിഷന്‍ ചാനല്‍ ഒന്നു മാറ്റിപ്പോയാല്‍ കുടുങ്ങി.
ടി.വീടെ മുമ്പിലിരിക്കാതെ വല്ലേടത്തും പോയി ജോലിക്ക് ശ്രമിക്കെടാ...
ഇവിടെ ഇങ്ങനെ തിന്നുസുഖിച്ചിരുന്നാല്‍ ആരും ജോലി ഇങ്ങോട്ട് കൊണ്ടുത്തരില്ല.
കേട്ടാല്‍ സദുപദേശമാണെന്ന് തോന്നാമെങ്കിലും അതു ടി.വി വെച്ചതിലുള്ള കെറുവാണെന്ന് മനസ്സിലാകാന്‍ അടുത്ത ദിവസം വാടക ഷെയറൊന്നു കൊടുക്കാന്‍ വൈകിയാല്‍ മതി. അപ്പോള്‍ ജോലി അന്വേഷിച്ചു നടക്കുന്ന പുതിയ വിസക്കാര്‍ക്ക് അല്‍പം ഇളവുപോയിട്ട് സാവകാശം പോലും നല്‍കില്ല.
ഇങ്ങനെയൊക്കെയാണ് ഫ്‌ളാഷ് ബാക്കെങ്കിലും ഇതുപോലുള്ളൊരു കടുംകൈ ആരും ചെയ്യില്ല.
രണ്ടുവര്‍ഷം വിരഹ നാളുകളെണ്ണിക്കഴിഞ്ഞ മല്‍ബിക്കായി മല്‍ബു വാങ്ങിയ പത്ത് പവന്റെ സ്വര്‍ണ മാലയാണ് അപ്രത്യക്ഷമായിരിക്കുന്നത്. എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ മല്‍ബുവിന് ഇനി അധിക സമയമില്ല. ഇനിയൊരിടവും തെരയാന്‍ ബാക്കിയില്ല. പത്ത് പവന്റെ സ്വര്‍ണമാലയെന്നത് ഇക്കാലത്ത് അസൂയാര്‍ഹമാണെങ്കിലും ആര്‍ക്കും ദയ തോന്നുന്ന വിധത്തിലാണ് മല്‍ബുവിന്റ ഇരിപ്പ്.
കുരങ്ങ് ചത്ത കുറവനെപ്പോലെ.
കടിച്ചു കൊല്ലാവുന്ന ദേഷ്യവും പകയും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്കുപോലും ഈയിരിപ്പ് കണ്ടാല്‍ ദയയല്ലാതെ മറ്റൊരു വികാരവും വരില്ല.
സ്ഥിര താമസക്കാരെയോ, യാത്രയാക്കാന്‍ വന്നവരെയോ മല്‍ബു സംശയിക്കുന്നുണ്ടോ?
പറയാന്‍ കഴിയില്ല...
രാവിലെ പല തവണ കയ്യിലെടുത്ത് മനോഹാരിത ആസ്വദിച്ചും അതണിഞ്ഞാലുള്ള മല്‍ബിയുടെ ലാവണ്യം മനസ്സില്‍ കാണുകയും ചെയ്ത മാലയാണ് അപ്രത്യക്ഷമായിരിക്കുന്നത്.
അതല്ല, പെട്ടി കെട്ടിയ ശേഷം വേസ്റ്റൊക്കെ ഏതു പെട്ടിയിലാ കൊണ്ടുപോയി കളഞ്ഞത്? ചിലപ്പോള്‍ അതിന്റെ കൂടെയെങ്ങാനും കളഞ്ഞുപോയിട്ടുണ്ടെങ്കിലോ? പണ്ടൊരാള്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷമാണ് ടിക്കറ്റില്ലെന്ന കാര്യമറിഞ്ഞത്. ഒടുവില്‍ തെരഞ്ഞ് തെരഞ്ഞ് കിട്ടിയതോ, പെട്ടി കെട്ടിയ ശേഷം വേസ്റ്റ് കൊണ്ടിട്ട പെട്ടിയില്‍നിന്നും.
പണിയില്ലാ പയ്യനെന്ന മുദ്രകുത്തി മല്‍ബു പലതവണ ഇകഴ്ത്തിയ നാട്ടുകാരന്റെ മനസ്സിലാണ് സംശയം.
അതുകൊണ്ട് നോക്കാതിരിക്കണ്ടല്ലോ?
പ്രതീക്ഷയില്ലാത്തതു കൊണ്ടുതന്നെ മല്‍ബു പോയില്ല. പകരം നഷ്ടപ്പെടാനൊന്നുമില്ലാത്തതിനാല്‍ പ്രതീക്ഷകള്‍ക്കും സ്ഥാനമില്ലാത്ത രണ്ടുപേര്‍ പോയി നോക്കി.
എന്താ കഥ... കാണാതായ സ്വര്‍ണമാലക്ക് ചുറ്റും അഞ്ച് പൂച്ചകള്‍ കാവലിരിക്കുന്നു. ഒന്നിനൊന്ന് മെച്ചമുള്ള അഞ്ച് നെടുങ്കന്‍ പൂച്ചകള്‍.
അങ്ങനെ സന്തോഷത്തോടെ യാത്ര പോയി തിരിച്ചെത്തിയ മല്‍ബു ആ വഴി പോകുമ്പോഴൊക്കെ സ്വര്‍ണമാലക്ക് കാവലിരുന്ന പൂച്ചകളിലേക്ക് കണ്ണോടിക്കാറുണ്ട്.
എത്ര നല്ല പെട്ടിയിലായിരുന്നു ആ മാല. അതു കടിച്ചുവലിച്ച് കീറേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ആത്മഗതത്തിലൊതുങ്ങി മല്‍ബുവിന്റെ രോഷം. പൂച്ചകള്‍ക്കതൊട്ട് മനസ്സിലായതുമില്ല. ഇപ്പോഴും അവ കാത്തിരിക്കുന്നു; ഏതെങ്കിലും മല്‍ബുവിന്റെ സ്വര്‍ണമാല ഇനിയും വരും.3 comments:

  1. പൂച്ചകൾക്കും മൽബുവിനെ പേടിയാണോ?
    എല്ലാ ഫ്ലാറ്റുകളിലുമുണ്ടാവും ഇങ്ങനെ ഓരൊ മൽബു.
    ആശംസകൾ!

    ReplyDelete
  2. പൂച്ചയ്ക്കറിയാം കാര്യമൊന്നുമില്ലെന്ന്

    ReplyDelete

Related Posts Plugin for WordPress, Blogger...