അങ്ങനെ മല്‍ബു സംഘം ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. അയമുവിന്റെ ചെലവ് എന്തുകൊണ്ട് വര്‍ധിക്കുന്നു, കിട്ടുന്ന ശമ്പളവും ചിട്ടിക്കാശും പിന്നെ കടം വാങ്ങുന്ന പണവും അവന്‍ എങ്ങനെ ചെലവഴിക്കുന്നു -എന്നിങ്ങനെ പോകുന്നു അന്വേഷണ പരിധിയിലെ വിഷയങ്ങള്‍.
ദുരൂഹതയുടെ പര്യായമാണ് അയമു. ഒരു ചിട്ടി തീരുന്നതിനു മുമ്പ് തന്നെ മറ്റൊരു ചിട്ടി തുടങ്ങും. ഇപ്പോള്‍ അയമുവിനെ കാണുമ്പോള്‍ തന്നെ മറ്റു മല്‍ബുകള്‍ ചോദിക്കും. എന്താ അയമൂ, പതിയ ചിട്ടിയൊന്നും തുടങ്ങുന്നില്ലേ? തുടങ്ങാന്നേ, ഇതൊന്നു തീര്‍ന്നോട്ടെ, അല്‍പമൊന്ന് ക്ഷമിക്ക്. നിഷ്കളങ്കമായിരിക്കും അയമുവിന്റെ മറുപടി.
അയമുവിനോടുള്ള ചോദ്യത്തില്‍ പരിഹാസം ഒളിച്ചിരിപ്പുണ്ടെങ്കിലും ചിട്ടിക്കു കാത്തു നില്‍ക്കുന്ന മല്‍ബുകള്‍ എത്രയോ ഉണ്ട്. കാരണം നാല് ചക്രം ബാക്കിയാക്കാന്‍ അവര്‍ക്കു മുമ്പിലുള്ള എക വഴിയാണ് ചിട്ടി. നാട്ടില്‍ പണത്തിനു അത്യാവശ്യം വന്നാല്‍ ഒരു ലക്ഷമോ രണ്ടു ലക്ഷമോ ഉണ്ടാക്കാന്‍ പത്തോ ഇരുപതോ പേര്‍ ചേര്‍ന്ന് ഒരു ചിട്ടി തുടങ്ങിയാല്‍ മതി. ആദ്യ ചിട്ടി അതു തുടങ്ങുന്ന മല്‍ബുവിനു ലഭിക്കുന്നതോടെ അയാളുടെ അത്യാവശ്യത്തിനു പരിഹാരമായി. ബാക്കി അംഗങ്ങള്‍ക്ക് അവര്‍ക്ക് ചിട്ടി കിട്ടുന്ന മാസങ്ങളിലേക്ക് കാര്യങ്ങള്‍ ആസൂത്രണം ചെയ്യാം. കേട്ടാല്‍ ഇമ്പം തോന്നുമെങ്കിലും ചിട്ടിക്കു ചേരുന്ന മല്‍ബുകളെ വെള്ളം കുടിപ്പിക്കുന്ന ദുഷ്ടന്മാരും വര്‍ധിച്ചു വരികയാണെന്ന വസ്തുത വിസ്മരിച്ചുകൂടാ. ചിട്ടിപ്പണവുമായി മുങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ വിശ്വസ്തനെന്ന് പേരെടുത്ത അയമു ഒറ്റ ചിട്ടിയും പൊട്ടിച്ചിട്ടില്ല. അയമുവിന്റെ കുറിയെന്നു കേട്ടാല്‍ മല്‍ബുകള്‍ ഓടിയെത്തും. സാമാന്യം ഭേദപ്പെട്ട ജോലിയുണ്ടായിട്ടും ചിട്ടിയും പോരാതെ അയമു വായ്പ തേടി പലപ്പോഴും അലയുന്നതെന്തുകൊണ്ട്? കൂടെ താമസിക്കുന്നവരുടേയും കൂട്ടുകാരുടേയും സംശയം ന്യായം തന്നെ.
ദേ അവന്‍ ടി.വിയിലേക്ക് വിളിച്ചും എസ്.എം.എസ് അയച്ചും പണം കളയുന്നുണ്ടാവും. അല്ലെങ്കില്‍ തായ്‌ലന്റ് ലോട്ടറിയിലായിരിക്കും പണം തുലക്കുന്നത്.
പക്ഷേ, അയമുവിനെ അറിയുന്നവര്‍ ആരും ഇതു സമ്മതിച്ചുകൊടുക്കില്ല. രണ്ട് മൂന്ന് വര്‍ഷമായിട്ടും നാട്ടില്‍ പോയിട്ടില്ല. ഇനി ഇവിടെ വല്ല ഏര്‍പ്പാടും ഉണ്ടോ? അങ്ങനെ സംശയിക്കുന്നവരും കൂട്ടത്തിലുണ്ട്.
നാട്ടില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നുണ്ടാകും. ഇപ്പോള്‍ എല്ലാവരും അതാണല്ലോ ചെയ്യുന്നത്. ആറു മാസത്തെ അവധിക്കു നാട്ടില്‍ പോയാല്‍ തിരിച്ചുവരുന്നത് ലക്ഷങ്ങളുണ്ടാക്കിയ കഥകള്‍ പറഞ്ഞ് കൂടെയുള്ളവരെ കൊതിപ്പിച്ചുകൊണ്ട്. അയമുവിന്റെ കാര്യത്തില്‍ അതും ഉറപ്പിക്കാന്‍ പറ്റുന്നില്ല. ആരോടെങ്കിലും ഒന്നു മനസ്സ് തുറന്നിട്ടു വേണ്ടേ എന്തെങ്കിലുമൊന്ന് അറിയാന്‍. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇളിച്ചു കാണിക്കും. കണ്ടാല്‍ തന്നെ അറിയാം, അത് കൃത്രിമമായി ഉണ്ടാക്കുന്ന വിഡ്ഢിച്ചിരിയാണെന്ന്.
നീണ്ട പരിശോധനയിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതാണ് വിഡ്ഢിച്ചിരി. ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് കൊച്ചു ബോസുമാര്‍ മേക്കിട്ട് കയറാന്‍ വരുമ്പോള്‍ കൈ ഉയര്‍ന്ന് അയാളുടെ മുഖത്ത് പതിച്ച് ടെര്‍മിനേഷന്‍ നോട്ടീസ് കിട്ടാതിരിക്കണമെങ്കില്‍ ഈ വിഡ്ഢിച്ചിരി പരിശീലിച്ചേ മതിയാകൂ.
അയമുവിന്റെ ചിരിയുടെ പിന്നിലെ രഹസ്യം, അല്ലെങ്കില്‍ അയമുവിന്റെ ധൂര്‍ത്തിന്റെ പിന്നാമ്പുറക്കഥകള്‍ കണ്ടെത്താനുള്ള മല്‍ബു സംഘത്തിന്റെ തീരുമാന പ്രകാരം ഉടന്‍ തന്നെ നാട്ടില്‍ പോകുന്ന രണ്ടു പേരെയാണ് ആ ചുമതല ഏല്‍പിച്ചത്.
രഹസ്യങ്ങള്‍ക്ക് കാത്തുനിന്ന മല്‍ബുകള്‍ക്ക് പക്ഷേ തെറ്റി.
വസ്തുതാന്വേഷണത്തിന് അയമുവിന്റെ കുഗ്രാമത്തില്‍ പോയ രണ്ടുപേര്‍ തിരിച്ചെത്തിയത് മറ്റു മല്‍ബുകളെ മുഴുവന്‍ കരയിച്ച വസ്തുതകളുമായിട്ടായിരുന്നു. അര്‍ബുദം ബാധിച്ച് കഴിയുന്ന അയമുവിന്റെ ഭാര്യ, പറക്കമുറ്റാത്ത മക്കള്‍, അയമുവില്‍നിന്നുള്ള ആയിരവും രണ്ടായിരവും മാത്രം ആശ്രയിച്ചു കഴിയുന്ന ബാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബം, വിസക്കു വേണ്ടി വാങ്ങിയ പണത്തിന് ഇനിയും അടച്ചുതീരാത്ത പലിശ, ചോര്‍ന്നൊലിക്കുന്ന വീട് -അങ്ങനെ നീണ്ടുപോകുന്നു അവിടെ കണ്ട കാഴ്ചകള്‍.
ഏറ്റവും കൂടുതല്‍ കരഞ്ഞത് അയമുവിന്റെ കഥകള്‍ പറഞ്ഞു പരത്താന്‍ മത്സരിച്ച നാണി എന്ന കുഞ്ഞാലിയായിരുന്നു. നാണിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്ന മല്‍ബുകളോട് കോയക്ക പറഞ്ഞു. ഇതു പണ്ട് അച്ഛന്‍ മകനേയും കൊണ്ട് തീവണ്ടിയില്‍ കയറിയതു പോലെയായി.
അതെന്തു കഥ?
ഇരുപത്തഞ്ചു വയസ്സായ മകനെയും കൊണ്ട് തീവണ്ടിയില്‍ കയറിയതായിരുന്നു വൃദ്ധനായ അച്ഛന്‍. മകന് ജനാലക്കരികില്‍ സീറ്റ് നല്‍കി അച്ഛനും സമീപത്തിരുന്നു. അഭിമുഖമായി ഒരു ദമ്പതികള്‍ ഇരിപ്പുണ്ടായിരുന്നു. കമ്പാര്‍ട്ട്‌മെന്റ് നിറയെ യാത്രക്കാരുണ്ട്. തീവണ്ടി പുറപ്പെട്ടപ്പോള്‍ ചെറുപ്പക്കാരന്‍ കൊച്ചു കുട്ടികളെപ്പോലെ പെരുമാറാന്‍ തുടങ്ങി.
അച്ഛാ നോക്കിയേ, മരങ്ങളും വീടുകളുമെല്ലാം പിറകോട്ട് പോകുന്നു. യാത്രക്കാര്‍ മൂക്കത്ത് വിരല്‍വെച്ചു -പ്രത്യേകിച്ചും ദമ്പതികള്‍. പിന്നെയും ചെറുപ്പക്കാരന്‍ ഓരോന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നാണ് മഴ പെയ്തത്. മഴത്തുള്ളികള്‍ ചെറുപ്പക്കാരന്റെ കൈയിലേക്ക് തെറിച്ചു വീണു. അയാളുടെ ആഹ്ലാദം അതിരു വിട്ടു. അതു കണ്ട് അച്ഛന്റെ കണ്ണിലും കണ്ണീര്‍ക്കണങ്ങള്‍.
ദമ്പതികള്‍ വൃദ്ധനോട് ചോദിച്ചു. അതല്ല കാര്‍ണോരെ, നിങ്ങള്‍ക്ക് ഇവനെ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചുകൂടേ? ഇക്കാലത്ത് എത്ര നല്ല ആശുപത്രികളുണ്ട്.
വൃദ്ധന്‍ പറഞ്ഞു- അതേ മക്കളെ, ഞാന്‍ അവനെയും കൊണ്ട് ആശുപത്രിയില്‍നിന്ന് മടങ്ങുകയാണ്. ഇന്ന് രാവിലെയാണ് ആദ്യമായി അവന് കാഴ്ച കിട്ടിയത്.
അപ്പോള്‍ ഇത് എല്ലാവര്‍ക്കുമുള്ള പാഠമാണ്. കോയക്ക ഗുരുജിയെ പോലെയായി.
ആരും ആരെ കുറിച്ചും ഉടന്‍ ഒരു നിഗമനത്തിലെത്തരുത്. ഓരോരുത്തരുടേയും പൊട്ടിച്ചിരിക്കു പിന്നിലും ഒളിച്ചിരിക്കുന്നത് ഒരായിരം സങ്കടങ്ങളുടെ തിരമാലകളായിരിക്കും -പ്രത്യേകിച്ചും പ്രവാസ ലോകത്ത്. കണ്ണീര്‍ മഴയത്ത്, ഒരു ചിരിയുടെ കുട ചൂടി... കോയക്ക മൂളി.
നന്നായിട്ടുണ്ട്..
ReplyDelete