1/17/10

മല്‍ബുവിനെ കണ്ട ദല്‍ഹിഅപ്രതീക്ഷിതമായിരുന്നു എല്ലാം.
വിമാനം ഏതാണെന്ന് ഓര്‍മയില്ല. പക്ഷേ, അതൊരു പ്രത്യേക വിമാനമായിരുന്നു. കാരണം മല്‍ബു മാത്രമായിരുന്നു യാത്രക്കാരന്‍. പൈലറ്റും എയര്‍ ഹോസ്റ്റസുമാരും ഉണ്ടായിരുന്നോ എന്നൊന്നും ഉറപ്പില്ല.
നേരെ മുന്നില്‍ തന്നെയുള്ള വലിയ സ്ക്രീനില്‍ ഇടക്കിടെ മല്‍ബുവിന് സ്വാഗതം, മല്‍ബു കീ ജയ് എന്നിങ്ങനെ വന്നുകൊണ്ടിരുന്നു.
എത്തിച്ചേര്‍ന്നത് ഇന്ദ്രപ്രസ്ഥത്തില്‍. ആദ്യമായല്ല ഇന്ദ്രപ്രസ്ഥം കാണുന്നതെങ്കിലും ഇക്കുറി സമൂല മാറ്റം. എയര്‍പോര്‍ട്ടിന് പുറത്ത് മല്‍ബുവിന് സ്വാഗതം എന്നെഴുതിയ വലിയ കമാനം.
വാദ്യമേളങ്ങളുടെ നീണ്ട നിര. ചെണ്ടമേളമായിരുന്നോ ബാന്റ് വാദ്യമായിരുന്നോ എന്നു വ്യക്തമല്ല. ഓരോ കൊട്ടും മല്‍ബു, മല്‍ബു എന്നാണ് ചെവിയില്‍ പതിച്ചത്. ചെവി കൂര്‍പ്പിച്ചു നിര്‍ത്തിയാല്‍ ഇപ്പോഴും കേള്‍ക്കാം.
കണ്ണുകള്‍ പരതുകയായിരുന്നു ആള്‍ക്കൂട്ടത്തില്‍.
വെളുത്ത താടിയും തലപ്പാവുമുള്ള ആതിഥേയനെ തേടി കണ്ണൂകള്‍ നീണ്ടെങ്കിലും കാത്തുനില്‍ക്കുന്നവരുടെ പകുതി മാത്രമേ എത്തുന്നുള്ളൂ.
ഇത്രയേറെ ആളുകള്‍ അതും പുലര്‍ച്ചെ തന്നെ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് ആലോചിക്കുകയായിരുന്നു.
നല്ല തണുപ്പുമുണ്ട്. മൂടിപ്പുതച്ചുറങ്ങേണ്ട സമയത്ത് ഇത്രയും ആളുകള്‍ വന്നല്ലോ? അദ്ഭുതം തന്നെ. അവനവന്‍ അര്‍ഹിക്കുന്നത് എപ്പോഴായാലും കിട്ടും എന്ന് പലരും പറയാറുണ്ടായിരുന്നു. അത് ഈ മരംകോച്ചുന്ന തണുപ്പത്തായിരിക്കുമെന്ന് ഒരിക്കലും നിനച്ചതല്ല.
ഭാഗ്യത്തിനെന്തു തണുപ്പും ചൂടും. അതങ്ങ് വരികയല്ലേ ചെയ്യുക.
പുറംകാലു കൊണ്ട് തട്ടിക്കളയരുതെന്നു മാത്രം.
എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും ആ തലപ്പാവ് കാണാന്‍ കഴിയേണ്ടതായിരുന്നു.
കാരണം അദ്ദേഹത്തിനു തുല്യനായി മറ്റൊരാളില്ല.
വെളുത്ത താടി തന്നെ മതി രണ്ടാമത്തെ അടയാളത്തിന്.
എന്താ അദ്ദേഹത്തിനു ഡൈ ചെയ്യാന്‍ മേലേ? ഇവിടെ വല്ല നിരോധവുമുണ്ടോ?
മല്‍ബു ജോലി ചെയ്യുന്ന ശെയ്ബകളുടെ ലോകത്ത് ആരുടേയും താടിയും മുടിയും നരച്ചിട്ടില്ല. എവിടെ നോക്കിയാലും ഇരട്ടിക്കറുപ്പ്. അതാണ് മരുഭൂമിയുടെ സവിശേഷത. സൗഭാഗ്യങ്ങളോടൊപ്പം അത് നിത്യയൗവനവും സമ്മാനിക്കും.
കാല്‍ നൂറ്റാണ്ട് കടന്നു പോകുന്നത് ഒരു വര്‍ഷം പോകുന്നതു പോലെയായിരിക്കും. അനുഭവസ്ഥര്‍ക്കല്ല, അനുഭവിക്കുന്നവര്‍ക്ക്.
ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നിത്യയൗവനം കാത്തുസൂക്ഷിക്കുന്നതാണ് ശെയ്ബകളുടെ ലോകം. മലയാളത്തില്‍ വൃദ്ധന്മാരുടെ ലോകം.
നിരന്നു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങിയ കണ്ണുകള്‍ ഒരു പരിചിത മുഖത്തെ കണ്ടെത്തി. വെള്ള മുണ്ടും വെള്ളക്കുപ്പായവുമിട്ട കുറിയ മനുഷ്യന്‍.
അധികം ആലോചിക്കേണ്ടി വന്നില്ല.
ഇദ്ദേഹം തന്നെയായിരിക്കും ആതിഥേയന്റെ പ്രതിനിധി.
ആശ്വാസമായെങ്കിലും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.
എതായാലും ഇങ്ങേരെ തന്നെ അയച്ചതു നന്നായി. നിയോഗമറിയന്‍ എളുപ്പം സാധിക്കുമല്ലോ?
തന്നെ ഒരു നോക്ക് കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നുണ്ടെങ്കിലും
അടുത്തെത്തിയ ഉടന്‍ അദ്ദേഹത്തിന്റെ രണ്ടു കൈകളും ചേര്‍ത്തു പിടിച്ചു.
പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ ഹസ്തദാനവും ആശ്ലേഷവുമൊക്കെ സൂക്ഷിച്ചു വേണമെന്ന് അറിയത്തതുകൊണ്ടല്ല.
ചിന്തിച്ചുറപ്പിക്കുന്ന കാര്യങ്ങളൊക്കെ ചിലപ്പോള്‍ ആവേശത്തള്ളിച്ചയില്‍ മറന്നു പോകും.
പിന്നെ കമ്പനികളുടെ മരുന്നുകളൊക്കെ വിറ്റു തീര്‍ന്നതോടെ പന്നിപ്പനിയും അപ്രത്യക്ഷമായിട്ടുണ്ടല്ലോ.
ക്യാമറ ഫ്‌ളാഷുകള്‍ മിന്നിമറിഞ്ഞതിനു ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി.
നമ്മള്‍ പുതിയ ഒരധ്യായം തുടങ്ങുകയാണ്. ഈ വന്നിരിക്കുന്നത് നമ്മള്‍ ഇതുവരെ അവഗണിച്ചവരുടെ പ്രതിനിധിയാണ്. അദ്ദേഹം സ്വയം വന്നതല്ല, നമ്മള്‍ ക്ഷണിച്ചു വരുത്തിയതാണ്. കടലിനക്കരെ മരുഭൂമയില്‍ പോയി കൊടുംവെയിലത്തു കയിലു കുത്തി ഈ നാടിനെ നാടാക്കി മാറ്റിയവരുടെ പ്രതിനിധിയാണ്.
ക്രൂരവും പൈശാചികവുമായ അവഗണനയാണ് നമ്മള്‍ അവരോട് കാണിച്ചത്. ഇപ്പോള്‍ നമ്മുടെ പ്രിയങ്കരനായ നേതാവ് തന്നെ അതു തിരുത്തിയിരിക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നമ്മള്‍ വോട്ടവകാശം ഉറപ്പുനല്‍കിയിരിക്കുന്നു.
മരുഭൂമയില്‍ സ്വര്‍ണം വിളയിച്ച ഈ മല്‍ബുവിന്റെ വരവ് ആ കനകം ഇവിടെയും വിളയിക്കാനാണ്. അതിനാണ് അദ്ദേഹത്തെ നമ്മുടെ പ്രിയങ്കരനായ നേതാവ് ക്ഷണിച്ചിരിക്കുന്നത്.
ടപ്പോം..
പ്ലാവില്‍നന്ന് ചക്ക പൊട്ടിവീണതു പോലുള്ള
ശബ്ദം കേട്ടാണ് മല്‍ബി ഞെട്ടിയുണര്‍ന്നത്.
നോക്കിയപ്പോള്‍ ദേണ്ടേ കിടക്കുന്നു മല്‍ബു താഴെ..
ഞാന്‍ അന്നേ പറഞ്ഞതാ നിങ്ങളൊരു ദിവസം വീഴൂന്ന്.
ഇന്ദ്രപ്രസ്ഥത്തിലെ തണുപ്പ് സ്വന്തം മുറിയിലെ എ.സിയുടെ തണുപ്പായിരുന്നുവെന്ന് മല്‍ബു തിരിച്ചറിയാന്‍ സ്വല്‍പം സമയമെടുത്തു.

3 comments:

Related Posts Plugin for WordPress, Blogger...