ദീര്‍ഘനേരം റിംഗായാലും മല്‍ബു ഫോണെടുക്കില്ല. എടുക്കാനുദ്ദേശ്യമില്ലെങ്കില്‍ അതൊട്ട് സൈലന്റാക്കി വെക്കുകയുമില്ല. ഇനി കേള്‍ക്കാനിമ്പമുള്ള ഏതെങ്കിലും പാട്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതെന്തോ ഒരു കഠോര ശബ്‌ദം.
മുറിയിലുള്ളവര്‍ക്കൊക്കെ സഹികെട്ടു തുടങ്ങി. കുറേ നേരം കഴിഞ്ഞിട്ടും മല്‍ബുവിന് അനക്കമില്ലെങ്കില്‍ ആരെങ്കിലും ചെന്ന് ഫോണെടുത്തു നോക്കും. ഉടന്‍ തന്നെ അവിടെവെച്ച് താന്‍ ആ വഴി പോയതേയില്ല എന്ന മട്ടില്‍ തിരിച്ചുപോകും. അടുത്തയാള്‍ വന്നാലും ഇതു തന്നെയായിരിക്കും സംഭവിക്കുക. ഫോണെടുക്കും. ഉടന്‍ വെക്കും. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കും. സ്ഥലം കാലിയാക്കും.
ഇതൊക്കെ കണ്ട് മല്‍ബു അപ്പുറത്തെ കട്ടിലില്‍ കിടപ്പുണ്ടാകും. എന്നാല്‍ അങ്ങേരോട് ഒന്നുകില്‍ ഫോണെടുക്കെടോ, അല്ലെങ്കില്‍ സൈലന്റാക്കി വെക്കെടോ എന്നാരും പറയില്ല.
കാരണം എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരു ദേഹമാണത്. ജനസേവനത്തിന്റെ പര്യായം. പ്രവാസ ലോകത്ത് തുടങ്ങിയതല്ല ആ സേവന പാരമ്പര്യം.
സേവനവും ഒപ്പം ഫുട്‌ബോളും തലക്കു പിടിച്ച് കുടുംബം പട്ടിണിയിലായപ്പോള്‍ അമ്മോശന്‍ കയറ്റിവിട്ടതാണ് ഇങ്ങോട്ട്. അങ്ങനെയെങ്കിലും ഇത്തിരി കാര്യഗൗരവം തിരികെ വരുമെന്നും കുടുംബം രക്ഷപ്പെടുമെന്നും കരുതി.
പക്ഷേ ഇവിടെ എത്തിയപ്പോഴും സ്ഥിതി തഥൈവ. സി.പി.എമ്മിലെ ആഭ്യന്തര കുഴപ്പങ്ങള്‍ പോലെ ഒരു മാറ്റവുമില്ല. ഫുട്‌ബോള്‍ കളിക്കാരെ തിരഞ്ഞുനടക്കുക മാത്രമല്ല, നാട്ടിലുള്ള ക്ലബുകളുടേയും സെവന്‍സ് ടൂര്‍ണമെന്റുകളുടേയും ജീവവായുവായി അങ്ങനെ ഒരു ജന്മം.
പിന്നെ എന്തേ ഈ കിടപ്പ്? കുരങ്ങ് ചത്ത കുറവനെപ്പോലുള്ള ഈ ഇരിപ്പ്? എന്തുകൊണ്ട് ഫോണെടുക്കുന്നില്ല?
സംശയങ്ങള്‍ ന്യായമാണ്. ഉത്തരവുമുണ്ട്.
നാളുകള്‍ ചെല്ലുന്തോറും ഉപദേശങ്ങള്‍ തേടിയും സഹായങ്ങള്‍ ആവശ്യപ്പെട്ടും മല്‍ബുവിനെ സമീപിക്കുന്നവര്‍ വര്‍ധിച്ചുവരികയായിരുന്നു.
പുതിയ കമ്പനിയിലേക്ക് മാറുന്നതിന് പഴയ സ്‌പോണ്‍സറുടെ കടലാസും ഇഖാമയുമൊക്കെ ഏല്‍പിച്ചതായിരുന്നു. പക്ഷേ അവര്‍ മേശയില്‍ വെച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഇതാ ഹുറൂബായി. കമ്പനി ഇപ്പോള്‍ കൈമലര്‍ത്തുന്നു. എവിടെയാണ് പരാതി നല്‍കേണ്ടത്?
നാട്ടില്‍ ഭാര്യയും കുടുംബക്കാരും എന്റെ എല്ലാ സ്വത്തുക്കളും കൈക്കലാക്കി. അവര്‍ക്ക് എന്റെ ചെക്ക് മാത്രമേ വേണ്ടൂ. അവരെ ഒരുപാഠം പഠിപ്പിക്കാന്‍ എന്തു ചെയ്യണം?
കൂട്ടുകാരനുമായി ചേര്‍ന്നു തുടങ്ങിയ കൂട്ടുകച്ചവടമാ. ബിസിനസ് ഉറപ്പായപ്പോള്‍ അവന്‍ എന്നെ ചവിട്ടിപ്പുറത്താക്കി. എന്തു ചെയ്യണം?
മകനെ നാട്ടില്‍ പറഞ്ഞയക്കണം. നല്ല ഒരു സ്ഥാപനത്തില്‍ അഡ്‌മിഷന്‍ ശരിയാക്കിത്തരണം.
കടത്തില്‍ മുങ്ങിയിരിക്കയാ. എവിടെനിന്നെങ്കിലും ഒരു പതിനായിരം റിയാല്‍ സംഘടിപ്പിച്ചുതരണം. അല്ലെങ്കില്‍ പലിശ കൊടുക്കേണ്ടിവരും.
അങ്ങനെ പരിഹാരം തേടി എത്രയെത്ര ആവലാതികളും അഭ്യര്‍ഥനകളുമാണ് മല്‍ബുവിനെ തേടിയെത്താറുള്ളത്.
മല്‍ബുവിന്റെ പക്കല്‍ പരിഹാരമില്ലാത്ത ഒന്നും ഇല്ലായിരുന്നു. ഒരു രണ്ട് ദിവസം തരൂ, ഞാന്‍ ശരിയാക്കാം എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
രണ്ടു ദിവസം കഴിഞ്ഞ് മൊബൈല്‍ ഫോണിലൂടെയോ ഉടലോടെയോ പരാതിക്കാരന്‍ വീണ്ടുമെത്തും.
എന്തായി മാഷേ, വല്ല പുരോഗതിയുമുണ്ടോ?
ഇല്ലെന്നേ, ങ്ങള് ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞു വിളിക്കൂ.
അങ്ങനെയിരിക്കെയാണ് അതു സംഭവിച്ചത്.
ആവലാതിക്കാരിലൊരാള്‍ ഉടലോടെ എത്തി.
നിങ്ങള്‍ എന്റെ സ്‌പോണ്‍സറെ കണ്ടോ?
കഫീലിനെ കിട്ടാന്‍ പലതവണ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നതാണ് വാസ്‌തവമെങ്കിലും പരാതിക്കാരനായ ചെറുപ്പക്കാരനെ നിരാശനാക്കേണ്ടെന്ന് കരുതി മല്‍ബു പറഞ്ഞു:
ഇല്ല, കണ്ടില്ല.
എന്തുകൊണ്ട് കണ്ടില്ല?
സമയം കിട്ടിയില്ല.
സമയം കിട്ടിയില്ല അല്ലേ, നിങ്ങള്‍ എന്റെ ഒരു മാസമാ കളഞ്ഞത് എന്നു പറഞ്ഞുകൊണ്ട് ചെറുപ്പക്കാരന്‍ ഒരു പിടിത്തമായിരുന്നു.
ചെറുപ്പക്കാരന്റെ ബലിഷ്‌ഠമായ കൈ കഴുത്തില്‍ വരിഞ്ഞുമുറുകി. എല്ലാം അവസാനിക്കുന്നതുപോലെ തോന്നി.
അപ്പോള്‍ ആരോക്കെയോ വന്ന് പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷയായി.
കഠിന വേദന തോന്നിയ കഴുത്തില്‍ തടവിനോക്കി.
അന്നു നിര്‍ത്തിയതാണിത്. പക്ഷെ റൂമിലുള്ളവരോട് പോലും ഇക്കഥ പറഞ്ഞില്ല.
സ്വയം കുഴിച്ച കുഴിയില്‍ വീണത് ആരോട് പറയാനാ?
സ്വന്തം പരിമിതികള്‍ തിരിച്ചറിയാന്‍ കഴിയാത്ത മല്‍ബു. പക്ഷേ ബുദ്ധി പ്രവര്‍ത്തിച്ചു.
അതിന്റെ ഫലമാ ഫോണെടുത്തു നോക്കുന്നവരുടെ ചമ്മല്‍.
ഫോണെടുത്തു നോക്കുന്നവര്‍ തലങ്ങും വിലങ്ങും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി ചമ്മിപ്പോകുന്നത് എന്തുകൊണ്ടാ?
ആ രഹസ്യം വെളിപ്പെടുത്താം. കൂടെ താമസിക്കുന്നവരുടെ ശല്യം കാരണം ഫോണ്‍ എവിടെയെങ്കിലും വെച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് പ്രയോഗിക്കാം. മല്‍ബുവിന്റെ മൊബൈല്‍ സ്‌ക്രീനിലെ മെസേജാണ് കാര്യം.
`ഫോണ്‍ അവിടെ വെച്ച് പോടോ വിഡ്‌ഢീ...'
ഫോണ്‍ എടുത്തു നോക്കാന്‍ വരുന്നവരുടെ തൊലിക്കട്ടി തൂക്കിനോക്കി സന്ദേശത്തില്‍ മാറ്റവുമാകാം.
അല്ലാ അതിപ്പൊ നോക്കണ്ട കാര്യമുണ്ടോ ഇല്ലാ അപ്പോ പിന്നെ കണ്ടത് ആരോടും പറെണ്ടാ
ReplyDeleteഅതല്ലെ അതിന്റെ ഒരു ശരി ..
ഏതായാലും മല്‍ബൂന്റെ ബുദ്ധി കൊള്ളാം
കൊള്ളാാം. നല്ല ബുദ്ധി :)
ReplyDeleteഎന്നാലും എല്ലാവരെയും സഹായിക്കണമെന്ന ഒരു മനസുള്ള മൽബുവിന് മറ്റുള്ളവരെ ശല്യപ്പെടുത്താതെ അതൊന്ന് സൈലന്റ് മോഡിൽ വച്ചൂടെ .. (മൽബു = മല്ലു അഥവാ മലയാളി ആണെന്ന് കരുതട്ടെ. സൌദിയിൽ മൽബു എന്നാണോ പറയുന്നത് ?)
മാണിക്യത്തിനും ബഷീറിനും നന്ദി.
ReplyDeleteമല്‍ബു മല്ലു തന്നെയാണെങ്കിലും മലബാരി എന്നതിന്റെ ചുരുക്കമാണ്.
ഇവിടെ പൊതുവെ മലായിളികളെ മലബാരികള്‍ എന്നാണ് വിളിക്കുക.
അങ്ങനെ ഒന്നാമത്തെ കുറിപ്പില്‍ സൗദി മലബാരിയെ ഇഷ്‌ടത്തോടെ വിളിച്ചപ്പോള്‍ മല്‍ബുവായി.
അങ്ങനെയാണ് ബഷീറൂ.....