മെസ് ഹാളില്‍ വെച്ചാണ് മല്‍ബു ആ പ്രഖ്യാപനം നടത്തിയത്.
ഇനി ഞാന്‍ നടക്കാന്‍ പോകുന്നില്ല.
നാടകീയമായിട്ടായിരുന്നു പ്രഖ്യാപനം.
പ്രിയമുള്ളവരേ, ഞാനൊരു പ്രഖ്യാപനം നടത്താന്‍ പോവുകയാണെന്ന മുഖവുരയോടെ.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു എന്നായിരിക്കും മല്‍ബു പ്രഖ്യാപിക്കുകയെന്നാണ് എല്ലാവരും കരുതിയത്.
വര്‍ഷാവര്‍ഷം പേരക്കിടാങ്ങളുടെ എണ്ണം കൂടിയിട്ടും അറുപത് പിന്നിട്ട മല്‍ബു നാട്ടില്‍ പോകുന്ന കാര്യം ചിന്തിച്ചു തുടങ്ങിയിട്ടു പോലുമില്ല.
എന്താ പറ്റീത്, നടത്തം നിര്‍ത്താന്‍?
എല്ലാവരും ചോദിച്ചു തുടങ്ങിയപ്പോള്‍ മല്‍ബു പ്രതിവചിച്ചു.
എന്തോ നല്ല സുഖം പോരാ, കിതപ്പ് അല്‍പം കൂടുന്നുമുണ്ട്. ഇത്രയൊക്കെ ആയില്ലേ, ഇനിയിപ്പം അങ്ങ് പോകുന്നെങ്കില്‍ പോകട്ടെ. വയ്യ, കാലു കഴച്ചിട്ടും വയ്യ.
ജീവിതത്തില്‍ മറ്റെന്ത് ഉപേക്ഷിച്ചാലും നടത്തം മുടക്കാത്തയാളാ ഇപ്പറേന്നെ.
എല്ലാവരും പരസ്‌പരം അന്വേഷിച്ചു.
മല്‍ബൂക്കക്ക് എന്താ പറ്റീത്? ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍.
കട്ടിലുകളേക്കാള്‍ ആളുകള്‍ കൂടുതല്‍ ഉണ്ടാകാറുള്ള അങ്ങാടി ഹൗസിലെ കാരണവരാണ് മല്‍ബു. പ്രവാസ ലോകത്തേക്ക് സമൃദ്ധിയുടെ കിനാവുകളുമായി നാടുവിട്ടെത്തുന്നവരെ ജോലി ശരിയാകുന്നതിനു മുമ്പുതന്നെ പ്രവാസ ജീവിതത്തില്‍ ആരോഗ്യത്തിനും ശരീരത്തിനും വരാനിരിക്കുന്ന നഷ്‌ടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി വ്യായാമത്തിനു പ്രേരിപ്പിക്കുന്നയാളാണ് മല്‍ബുക്ക.
റിയാലിനോടൊപ്പം ശരീരത്തിലേക്ക് ഇവിടെനിന്ന് ലഭിക്കുന്ന ദുര്‍മേദസ്സുകള്‍ ഇവിടെതന്നെ ഒഴുക്കിക്കളയണം. റിയാല്‍ മാത്രമേ കൊണ്ടുപോകാവൂ. കുടവയര്‍ കൊണ്ടുപോകരുത്.
വ്യായാമത്തില്‍ തന്റെ ശിഷ്യന്മാരാകുന്നവര്‍ക്ക് ഉചിതമായ ജോലി കണ്ടെത്തുന്നതിനും മല്‍ബുവിന്റെ സഹായമുണ്ടാകും.
സ്വന്തം കട്ടിലില്‍ കയറിക്കിടന്ന മല്‍ബു ഒന്നും മണ്ടുന്നില്ല.
സാധാരണ അങ്ങനെയല്ല. രാവിലത്തെ നടത്തം കഴിഞ്ഞ ഉത്സാഹത്തോടെ എത്തുന്ന മല്‍ബു പിന്നീട് ജോലിക്ക് പോകാനായി ഫ്‌ളാറ്റില്‍നിന്ന് പുറത്തിറങ്ങുന്നതുവരെ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
നൊടിയല്‍ തുടങ്ങി എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മല്‍ബുക്കയെ ഇഷ്‌ടമായിരുന്നു.
എന്തൊക്കെ കുറ്റം പറഞ്ഞാലും ഒരിക്കലും അനിഷ്‌ടത്തോടെ പെരുമാറില്ല. എല്ലായ്‌പ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരിക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റുന്ന ലുക്കുണ്ടെന്നാണ് കൊച്ചു മല്‍ബുകള്‍ പറയാറുള്ളത്.
ശമ്പളം കിട്ടി തൊട്ടടുത്ത ദിവസം തന്നെ മുഴുവന്‍ തുകയും ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് വിട്ട് പിന്നീട് കാണിക്കുന്ന പിശുക്ക് ആര്‍ക്കും ഇഷ്‌ടമാകാറില്ല.
ഈയിടെ ഫ്‌ളാറ്റില്‍ ഒരു ടി.വി സ്റ്റേഷന്‍ കിട്ടാതായപ്പോള്‍ വീട്ടില്‍ കാരണവര്‍ ഇല്ലാതായതു പോലെ തോന്നുന്നുവെന്ന് പറഞ്ഞത് മല്‍ബുക്കയായിരുന്നു.
പക്ഷെ, ഇത്തിരി പണം മുടക്കി അതു ശരിയാക്കാന്‍ തുനിഞ്ഞപ്പോള്‍ മല്‍ബുക്ക ഉടക്കി.
വേറെ എത്ര ടി.വി കിടക്കുന്നു. ഇനിയിപ്പം അതില്ലെങ്കില്‍ പോട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു തടിയൂരല്‍. പലര്‍ക്കും അരിശം വന്നെങ്കിലും ആരും പുറമേ പ്രകടിപ്പിച്ചില്ല. പ്രായത്തെ പരിഗണിക്കാതിരിക്കുന്നതെങ്ങനെ?
അടുക്കും ചിട്ടയോടുമുള്ള ജീവിതമാണ് ഇത്ര വയസ്സായിട്ടും തനിക്ക് ചുറുചുറുക്കും പ്രസരിപ്പും സമ്മാനിക്കുന്നതെന്ന മുഖവുരയോടെയായിരിക്കും പ്രവാസികളുടെ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മല്‍ബുക്ക സംസാരം തുടങ്ങുക.
തളര്‍ന്നതുപോലെ കിടക്കുന്ന മല്‍ബുവിനു ചുറ്റും കൂടിയവരെല്ലാം മുഖത്തോടുമുഖം നോക്കി.
കൂട്ടത്തിലൊരാള്‍ മറ്റൊരു നഗരത്തില്‍ ജോലി ചെയ്യുന്ന മല്‍ബുവിന്റെ മകന് ഫോണ്‍ ചെയ്‌തു.
ഹലോ, ഹലോ...
മല്‍ബുക്കയുടെ മോനല്ലേ.
പിന്നെ, പുള്ളിക്കാരന് എന്തോ പറ്റിയതുപോലെ. ഒറ്റ ദിവസവും നടത്തവും വ്യായാമവും മുടക്കാത്തയാളാ. ഇപ്പോള്‍ കട്ടിലില്‍ കയറി കിടപ്പാണ്. ഇനി നടക്കാന്‍ പോകുന്നില്ലെന്ന്. അസുഖം വല്ലതുമുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നോ.
ഏയ് ഇല്ല, ഇന്നലെ രാത്രിയും ഞങ്ങള്‍ സംസാരിച്ചതാ.
ഏതായാലും നിങ്ങളിങ്ങോട്ട് വന്നേക്ക്. സംഗതികള്‍ അത്ര സുഖകരമല്ല.
ഫോണ്‍ ഓഫാക്കിയ ശേഷം മറ്റു മല്‍ബുകള്‍ പറഞ്ഞു.
ഏതായാലും വിളിച്ചു പറഞ്ഞതു നന്നായി. മോന്‍ ഇങ്ങോട്ട് വന്നോട്ടെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ പോലും നമ്മള്‍ ബുദ്ധിമുട്ടും. കിട്ടിയതു മുഴുവന്‍ ചവിട്ടിയിട്ടുണ്ടാകുമല്ലോ? പോക്കറ്റില്‍ ഒന്നും കാണില്ല.
അല്‍പം കഴിഞ്ഞപ്പോഴേക്കും മല്‍ബുക്കയുടെ ഫോണ്‍ പാട്ടു പാടിത്തുടങ്ങി.
ഹലോ, നീയോ... എന്താ മോനേ ഈ ഇത്ര രാവിലെ തന്നെ.
അതേ, ങ്ങക്കെന്താ പറ്റീത്? നടത്തം നിര്‍ത്തീന്നും തളര്‍ന്നൂന്നും ഒക്കെ കേട്ടല്ലോ. ഇപ്പോ തന്നെ ആശുപ്രത്രീലേക്ക് പോണം. വെച്ചു താമസിപ്പിക്കരുത്. ഞാന്‍ നാളെ രാവിലെ അങ്ങോട്ടെത്താം.
ഏയ്, അതൊന്നും വേണ്ട. എനിക്ക് ഒരു അസുഖോം ഇല്ല. പിന്നെ നടത്തം നിര്‍ത്തീത് അവിടെ എന്റെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞതുകൊണ്ടാ. രാവിലെ പാര്‍ട്ട് ടൈം ജോലിക്കാ പോകുന്നതെന്ന് ഇവരോടാരോടും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അവിടെ അവര്‍ ഒരു ചെറുപ്പക്കാരനെ നിയമിച്ചു. വയസ്സായില്ലെടോ, പാര്‍ട്ട് ടൈം ജോലിയോന്നും ഇനിയങ്ങനെ കിട്ടീന്ന് വരില്ല. നീ വേവലാതിപ്പെടുകൊന്നും വേണ്ട. ശരീരത്തിന് ഒരു കുഴപ്പവുമില്ല.
എന്റെ ചങ്ങാതി ........
ReplyDeleteഎല്ലാം അനുഭവങ്ങള്‍ അല്ലേ ....
നല്ല നിരീഷണങ്ങള്‍ .........
ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ..
അഭിനന്ദനങള്‍ .....