4/30/09

മല്‍ബുവിന്റെ കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കുറേ നേരമായി.
അയാള്‍ വരുമോ? അതോ കഴിഞ്ഞ തവണത്തെ പോലെ അവസാനം ഫോണ്‍ കോളായിരിക്കുമോ വരിക?
അസ്വസ്ഥനായ മല്‍ബു ചിന്താമല്‍ബുവായി.
കഫീലിന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലംവരെ പോകേണ്ടിവന്നു എന്നായിരുന്നു അന്ന്‌ അവസാനം ഫോണില്‍ അയാളുടെ മറുപടി.
രണ്ടു മണിക്കൂറോളം നടുറോഡില്‍ കാത്തുനിന്ന ശേഷം കേട്ട മറുപടിയില്‍ രക്തം തിളച്ചുവന്നതായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍ കഴിയും, ജീവിതം അയാളുടെ കൈയിലായിപ്പോയില്ലേ?
ഇത്രയും നേരം ഇവിടെ നിര്‍ത്തിയിട്ടാണോ ഇപ്പോള്‍ നിങ്ങളുടെ ഈ മറുപടി?
ഞാനൊരു ഹൗസ്‌ ഡ്രൈവറാണേ എന്നായിരുന്നു പിന്നീട്‌ അയാളുടെ വിശദീകരണം.
അറിയാലോ, ഹൗസ്‌ ഡ്രൈവറുടെ പരിപാടി. ഒന്നിനും ഒരു നിശ്ചയോം കാണില്ല.
പാസ്‌പോര്‍ട്ടിനായി കഴിഞ്ഞയാഴ്‌ച രണ്ടു മണിക്കൂറോളം കാത്തിരുന്ന വിവരം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഒന്നുകൂടി കളിയാക്കാനായി റൂമിലുള്ളവരോടും കൂട്ടുകാരോടും എന്തിനു പറയണം?
അലമ്പില്ലാതെ നാട്ടിലെത്താന്‍ അലവിയുടെ കൈയില്‍ പാസ്‌പോര്‍ട്ട്‌ ഏല്‍പിച്ചപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞതാ. ഇനി കാത്തിരിപ്പും മൊബൈല്‍ വിളിയും തന്നെയായിരിക്കുമെന്ന്‌.
അപ്പോഴൊന്നും മല്‍ബു പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
അയാളുടെ സംസാരത്തില്‍ അങ്ങനെ പറ്റിക്കുന്നയാളാണെന്ന്‌ ഒരിക്കലും തോന്നിയിട്ടില്ല. എടങ്ങേറില്ലാതെ നാട്ടില്‍ പോയി കെട്ട്യോളേം മക്കളേം കണ്ട്‌ പുതിയ വിസയില്‍ സുഖായി മടങ്ങിവരാമെന്ന്‌ അയാള്‍ പറയുമ്പോള്‍ മാത്രമാണ്‌ ആശ്വാസം.
ഇപ്പോള്‍ കുടുംബക്കാരും കൂട്ടുകാരുമൊക്കെ കുറ്റപ്പെടുത്തുന്നത്‌ തന്നെയാണ്‌.
ആരെങ്കിലും പാസ്‌പോര്‍ട്ട്‌ കൈമാറുമോ? അത്രക്കും പൊട്ടനാണോ നീ എന്നാണ്‌ എല്ലാവരുടേയും ചോദ്യം.
മഹാ പൊട്ടത്തരം തന്നെയാ ചെയ്‌തത്‌.
നാട്ടില്‍ പോയി പുതിയ വിസയില്‍ വരാനുള്ള തിടുക്കം കാരണം മറ്റൊന്നും ആലോചിച്ചില്ല. അലമ്പില്ലാതെ നാട്ടിലെത്താനും മടങ്ങിവരാനും മറ്റെന്താണൊരു വഴി.
നാലുവര്‍ഷം ജോലി ചെയ്‌തതില്‍ മിച്ചമുള്ളതും കടം വാങ്ങിയുമാണ്‌ പുതിയ വിസ ഒപ്പിച്ചത്‌. അതും കൊണ്ട്‌ പിടികൊടുക്കാതെ പോയി വരാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ആലോചിച്ചിരിക്കുമ്പോഴാണ്‌ പടച്ചവന്‍ അലവിയെ മുന്നിലെത്തിച്ചത്‌.
സുരക്ഷിതമായി വിമാനത്തിലെത്തിച്ചാല്‍ 2000 റിയാല്‍.
മറ്റൊന്നും ആലോചിച്ചില്ല. ഈ ഉംറി പിന്നെ എന്താ ചെയ്യുക? ഇപ്പോള്‍ കുറ്റപ്പെടുത്താന്‍ വരുന്ന കുടുംബക്കാരും കൂട്ടുകാരുമൊന്നും അന്ന്‌ ഉണ്ടായിരുന്നില്ല.
പലരുടേയും മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോവുകയാണ്‌. നാലു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുമ്പള്‍ മക്കള്‍ക്കായി വാങ്ങിയ സാധനങ്ങള്‍ റൂമില്‍ തയാറാക്കി വെച്ച പെട്ടിയില്‍ ഭദ്രമാണ്‌. പുതിയ വിസയില്‍ മടങ്ങിയെത്തിയിട്ട്‌ വേണം അലമ്പില്ലാതെ പണിയെടുക്കാനും എന്തെങ്കിലുമൊക്കെ മിച്ചം വെച്ച്‌ വീടുണ്ടാക്കാനും.
ചിന്തയുടെ വേഗം വാച്ചിലെ സമയസൂചിക്കില്ലല്ലോ. പറഞ്ഞ സമയവും കടന്ന്‌ ഇപ്പോള്‍ മണിക്കൂര്‍ രണ്ടാകുന്നു. മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്‌തു നോക്കി. സ്വിച്ച്‌ ഓഫാണ്‌.
പടച്ചോനേ, ഇന്നും കാത്തിരിപ്പ്‌ വെറുതെയാകുമോ?
ദേ സമീപത്ത്‌ തന്നെപോലെ അസ്വസ്ഥനായി വിരല്‍ കടിച്ചുകൊണ്ട്‌ നില്‍ക്കുന്നു മറ്റൊരു മല്‍ബു.
മലയാളിയാ അല്ലേ?
അതേ, നാട്ടില്‍ എവിടാ?
കൊണ്ടോട്ടി. ആരെയോ കാത്തുനില്‍ക്കുകാ അല്ലേ?
അതേ, മുഹമ്മദ്‌ക്കാനെ കാത്തുനില്‍ക്കുവാ. നിങ്ങളോ?
ഞാനും ഒരാളെ കാത്തുനില്‍ക്കുവാ, അലവിയെ.
പാസ്‌പോര്‍ട്ടും കൊണ്ട്‌ അയാള്‍ കറങ്ങിനടക്കുകാ.
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയത്തായിരുന്നു.
തുല്യ ദുഃഖിതര്‍.
ആട്ടെ എത്ര മണിക്ക്‌ എത്തുമെന്നാ പറഞ്ഞത്‌?
ആറ്‌ മണി.
എന്നോടും ആറ്‌ മണി.
ഇരുവരുടേയും കൈയിലുള്ളത്‌ ഒരേ മൊബൈല്‍ നമ്പര്‍.
രണ്ട്‌ മല്‍ബുകളും ഞെട്ടി.
വെപ്പ്‌മുടി പോലെ തോന്നിക്കുന്ന മുടിയുള്ളയാള്‍ക്കാണോ നിങ്ങള്‍ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌?
അല്ല, അലവി നല്ല ഒത്ത കഷണ്ടിയാ.
ഇയാള്‍ എവിടാ താമസിക്കുന്നതെന്ന്‌ അറിയാമോ?
അയാള്‍ പറയുന്ന ഏതെങ്കിലും സ്ഥലത്ത്‌ വരികയാ പതിവ്‌. ഇവിടെ വെച്ചാ ഒരു മാസം മുമ്പ്‌ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌.
ഞാന്‍ സൂഖില്‍ വെച്ചാ കൊടുത്തത്‌.
രണ്ടും ഒരാള്‍ തന്നെയായിരിക്കും. അപ്പോള്‍ അയാളുടേത്‌ വെപ്പുമുടിതന്നെയായിരിക്കും.
പടച്ചോനേ, കുടുങ്ങിയോ?
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയം.
അതേ, മല്‍ബുകള്‍ ഒരേ പോലെ ചിന്തിക്കുന്നു.
മണ്ടത്തരമാകുന്ന മല്‍ബുത്തരത്തിലും ഒപ്പത്തിനൊപ്പം.

1 comment:

  1. സൌദിയില്‍ ഈ കടമ്പ കടക്കാത്തവരുണ്ടോ?
    ഏതെങ്കിലും ഒരു സമയത്ത് ജോലി തേടലും വാടക കഫീലും ഇടനിലക്കാരായാ ‘മൊഹമ്മദും അസീസ്സും
    ഹംസായും’ഇക്കാമാ കിട്ടും വരെയുള്ള നെട്ടോട്ടവും ..
    അനുഭവിച്ച് തന്നെ തീരണം ..

    മണ്ടനാവരുത് എന്ന് വിചാരിക്കുകയും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നവരും ഏതെങ്കിലും ഒരു നേരത്ത് പെട്ടിരിക്കും ..
    അതും മല്‍ബുവിന്റെ വീരചരിത്രത്തിന്റെ ഒരേട് ..
    അല്‍‌-ഹംദ്രുള്ളാഃ

    ReplyDelete

Related Posts Plugin for WordPress, Blogger...