4/30/09

വോട്ടില്ല, പകരം അടി

ബന്ധങ്ങള്‍ ഉണ്ടാക്കുന്നയാളാണ്‌ ശശി തരൂര്‍. കടല്‍ കടന്നും ബന്ധങ്ങള്‍ വളര്‍ത്തുന്നയാള്‍. ലോകമേ തറവാട്‌. ഇസ്രായിലുമായി പോലും വേണം ബന്ധമെന്ന്‌ വാദിക്കുന്നയാള്‍. വേണ്ടാ എന്നു പറയുന്നവര്‍ മഹാത്മാ ഗാന്ധിയോടൊപ്പം എന്നോ പോയി മറയേണ്ടിയിരുന്നവര്‍. കാലത്തിനു കൊള്ളാത്തവര്‍.
അങ്ങനെയുള്ള ശശി തരൂര്‍ ബന്ധം കുളമാക്കിയെന്നു പറഞ്ഞാല്‍ ആരും ഒന്നമ്പരക്കും. പക്ഷേ ഇതു വാസ്‌തവം.
ഒരു പാത്രത്തിലുണ്ടും ഒരേ കട്ടിലില്‍ കിടന്നും എന്നൊക്കെ പറയാവുന്ന രണ്ട്‌ മല്‍ബുകളെ തമ്മില്‍ തെറ്റിച്ചിരിക്കയാണ്‌ അനന്തപുരിയിലെ ലോക്‌സഭാ മണ്ഡലത്തില്‍ വിജയം പ്രതീക്ഷിച്ച്‌ കഴിയുന്ന ശശി തരൂര്‍.
ഒരേ പാത്രത്തിലുണ്ടു, ഒരേ കിടക്കയില്‍ കിടന്നു എന്നൊക്കെ പണ്ടാണെങ്കില്‍ ഉറപ്പിച്ചു പറയാമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഇതുറപ്പില്ലാത്തതു കൊണ്ട്‌ അങ്ങനെ പറയാന്‍ വയ്യ. കാരണം ഒരേ സമയത്തല്ല രണ്ടു പേരുടേയും ഭക്ഷണം. ജോലി കഴിഞ്ഞ്‌ രണ്ടു പേരും ഒരേ സമയത്ത്‌ മുറിയിലെത്താറില്ല എന്നതു തന്നെ കാരണം. വേണമെങ്കില്‍ ഒരാള്‍ ഭക്ഷണം കഴിച്ച്‌ കഴുകിവെച്ച പാത്രത്തില്‍ രണ്ടാമത്തെയാള്‍ ഉണ്ടു എന്നു പറയാം.
ഒരേ കട്ടിലില്‍ കിടന്നു എന്നു വേണമെങ്കില്‍ ശങ്കയില്ലാതെ പറയാം. ഇടുങ്ങിയ മുറിയില്‍ രണ്ടാമതൊരു കട്ടിലിടാന്‍ സ്ഥലമില്ലാത്തതിനാല്‍ നിലത്ത്‌ ബ്ലാങ്കറ്റ്‌ വിരിച്ചാണ്‌ അയമുവിന്റെ കിടപ്പ്‌. പക്ഷേ കട്ടിലിന്റെ ഉടമയായ നാണി മുറിയിലില്ലാത്തപ്പോഴെല്ലാം അയമു കട്ടിലില്‍ കിടന്നാണ്‌ ടി.വി കണ്ടിരുന്നത്‌. ലോക വിവരം കൂടുതല്‍ അയമുവിനു തന്നെയാണ്‌ കൂടുതല്‍. കാരണം കൂടുതല്‍ സമയം ടി.വിക്കു മുമ്പില്‍ ഇരിക്കാറുള്ളത്‌ അയമു തന്നയാണ്‌. ചാനലുകള്‍ കിട്ടാതായപ്പോള്‍ അയമുവിന്‌ ശരിക്കും ഭ്രാന്ത്‌ വന്നിരുന്നു. ഒടുവില്‍ എന്തൊക്കെ വിദ്യകള്‍ ഒപ്പിച്ചതിനു ശേഷമാണെന്നോ എല്ലാ ചാനലുകളും ഒപ്പിച്ചെടുത്തത്‌. എല്ലാ ചാനലുകളും കാണാറില്ലെങ്കിലും അതൊക്കെ റിസീവറില്‍ കിട്ടിയിരിക്കണം. ഒന്നും ഇല്ല എന്നു പറയാന്‍ ഇടവരരുത്‌.
നാണിക്ക്‌ താല്‍പര്യം സംഗീതവും കംപ്യൂട്ടറുമാണ്‌. ഒരു കട്ടിലിടാന്‍ മാത്രമേ മുറിയില്‍ സ്ഥലമുള്ളൂ എങ്കിലും വലിയ ടി.വിയും ഉഗ്രന്‍ മ്യൂസിക്‌ സിസ്റ്റവും നാണിയുടെ മുതലാണ്‌. ഇടുങ്ങിയ മുറിയില്‍ അത്യുച്ചത്തില്‍ എല്ലാ ഗാംഭീര്യത്തോടെയും കേള്‍ക്കുമ്പോള്‍ മാത്രമാണ്‌ അതു സംഗീതമാകുന്നത്‌. ജയ്‌ ഹോ പാടുമ്പോള്‍ കിടിലം കൊള്ളണം. പാട്ടു കേട്ടുകൊണ്ടു വേണം നാണിക്ക്‌ കംപ്യൂട്ടറില്‍ ചാറ്റിംഗ്‌.
ഇഷ്‌ടാനിഷ്‌ടങ്ങള്‍ വേറെയാണെങ്കിലും വിട്ടുവീഴ്‌ചയാണ്‌ നാണിയുടേയും അയമുവിന്റേയും മുഖമുദ്ര. പ്രവാസ ലോകത്തെ ഒട്ടുമിക്ക മല്‍ബുകളുടേയും മുഖമുദ്ര തന്നെ. വിട്ടുവീഴ്‌ചാ മനോഭാവം ഇല്ലായിരുന്നെങ്കില്‍ എത്രയെത്ര മല്‍ബുകള്‍ തല്ലിപ്പിരിയുമായിരുന്നു. കണ്ടില്ല, കേട്ടില്ല എന്നു വിചാരിക്കാന്‍ കഴിയുന്നതുകൊണ്ടുള്ള ഈ ഒരുമയെ വാഴ്‌ത്താത്തവരില്ല.
പ്രവാസികളുടെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല, തകര്‍ക്കാനെത്തുന്നവരെ തകര്‍ത്തുകളയും എന്നൊക്കെ സന്ദര്‍ശകരായെത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും കവികളും സാഹിത്യകാരന്മാരുമൊക്കെ കാച്ചുമ്പോള്‍ മല്‍ബുകള്‍ അകമേ ചിരിക്കുന്നുണ്ടാകും.
ഗതികേട്‌ കൊണ്ടാണ്‌ മാഷേ ഈ ഒരുമ. അല്ലെങ്കിലും ഇവനെപ്പോലുള്ള എരുമയെയൊന്നും ഒരിക്കലും സഹിക്കാനാവില്ലേ.
അങ്ങനെ വിട്ടുവീഴ്‌ച ചെയ്‌തും അല്ലാതെയും ഉല്ലസിച്ചു പോന്നിരുന്ന നാണിയും അയമുവും ശശി തരൂരിന്റെ ജയത്തെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞു പറഞ്ഞ്‌ കയ്യാങ്കളിയിലെത്തിച്ചുവെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.
ശശി തരൂര്‍ ജയിക്കുമെന്ന്‌ ലോക വിവരമുള്ള അയമു പറയുമ്പോള്‍ നാണി വിട്ടുകൊടുക്കേണ്ടതല്ലേ.
ജയിക്കുമെങ്കില്‍ അതു വോട്ട്‌ വില കൊടുത്ത്‌ വാങ്ങിയിട്ടാകുമെന്ന നാണിയുടെ കമന്റ്‌ ഒരു ഊഹം മാത്രമാണ്‌. പക്ഷേ, മുറിയില്‍ കിടക്കാന്‍ ഇടം കൊടുത്തയാളോടാണോ ഊഹം കാച്ചുന്നത്‌.
നിങ്ങള്‍ പണ്ടേ വോട്ട്‌ കച്ചടവക്കാരാണെന്നു കൂടി പറഞ്ഞതോടെ രണ്ടു പേരുടേയും രാഷ്‌ട്രീയത്തിന്‌ നാട്ടിലേതുപോലെ തന്നെ വീറും വാശിയുമായി.
അയമു വിട്ടുകൊടുത്തില്ല, കൊടുത്തു ഒരെണ്ണം.
അഞ്ച്‌ വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്നു.
എന്നാലും എന്നെ അടിക്കാന്‍ പാടുണ്ടോ? നാണിക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല.
വോട്ടില്ലെങ്കിലെന്താ അടി കിട്ടിയില്ലേ മല്‍ബുവിന്‌.
നിങ്ങള്‍ക്ക്‌ പന്തയം വെച്ചാല്‍ പോരായിരുന്നോ. വോട്ടെണ്ണി ഫലപ്രഖ്യാപനം വന്ന ശേഷമാകാമായിരുന്നില്ലേ അടി.
പന്തയം വെച്ച്‌ എത്രയെത്ര മല്‍ബുകളാണ്‌ ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്‌. ഫോണ്‍ കാര്‍ഡുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ പന്തയങ്ങളില്‍ മറിയും. പിന്നെ ചിലരെങ്കിലും മൊട്ടയടിച്ച്‌ നടക്കേണ്ടിയും വരും.

2 comments:

  1. മലയാളി അല്ല മല്‍ബു
    എവിടെ എത്തിയാലും രാഷ്ട്രീയം മറക്കാന്‍ പാട് തന്നെ മുന്‍പ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് അന്ന് ചാനല്‍ ഒന്നും ഇന്നത്തെ പോലെ കിട്ടി തുടങ്ങീല്ലാ നെറ്റും ഇല്ലാ, തിരഞ്ഞെടുപ്പ് റിസള്‍ട്ട് അറിയാന്‍ ഞങ്ങള്‍ കുഞ്ഞു കുട്ടികള്‍ വരെ ആയി ജെദ്ദാ കോണ്‍സുലെറ്റില്‍
    രാത്രി കഴിച്ചു കൂട്ടി ഓരോ മണ്ടലത്തിലെയും റിസള്ട്ട് വരുമ്പോള്‍ എന്താ ആര്‍പ്പും ബഹളവും ..
    ഈ കൂവി വിളിച്ചവരൊന്നും വോട്ട് ചെയ്തവരല്ലാ
    എന്നാലും അത് ഒരു ഹരം !! ഇന്ന് മുറിയിലേ റ്റീവിക്ക് മുന്നിലും നെറ്റിലും മൊബൈലിലും കൂടി റിസള്ട്ട് അറിയുമ്പോള്‍ ആ കൂട്ടം കൂടി കൌണ്‍സിലേറ്റിന്റെ അങ്കണത്തിലെ റിസള്‍ട്ട് പ്രഖ്യാപനത്തിന്റെ അത്ര രസമുണ്ടാവുമോ?

    ഹേയ് യെവ്ടെ? ഒരിക്കലും ഇല്ലാ ...

    അഷറഫ് നല്ല പോസ്റ്റ് ആണ് കെട്ടോ.

    :)

    ജയ്‌ഹോ ജയ്‌ഹോ ജയ്‌ഹോ !!

    ReplyDelete
  2. പാവം അയമുവും നാണിയും, വെറുതെ വഴക്കിട്ടു.

    ReplyDelete

Related Posts Plugin for WordPress, Blogger...