Pages

9/21/08

ദേ പിന്നേം വന്നു കഫീല്‌

എം. അഷ്‌റഫ്‌
മല്‍ബൂ എടോ മല്‍ബൂ..
ഉറക്കം പിടിച്ചുവരുന്നതേയുള്ളൂ. അതിനു മുമ്പാണ്‌ കഫീലിന്റെ വിളി. സുഖമായുറങ്ങാന്‍ ശാസ്‌ത്രീയമായി തലയണ എങ്ങനെ വെക്കണമെന്ന്‌ ഇന്റര്‍നെറ്റില്‍ ഇന്നാണ്‌ കണ്ടെത്താനായത്‌. അതു മാത്രമല്ല, ഇന്ന്‌ സംതൃപ്‌തമായ ദിനമായിരുന്നു. ആകെക്കൂടി കൂട്ടിക്കിഴിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സംതൃപ്‌തി. നാല്‌ പത്രങ്ങളില്‍ നാനാ വിഷയങ്ങളില്‍ കത്തുകള്‍ അച്ചടിച്ചുവന്ന ദിവസം. നാല്‌ പേര്‍ വിളിച്ച്‌ അഭിനന്ദിച്ച ദിവസം. മാത്രമല്ല, നാളെ പത്രങ്ങളിലെ പ്രതികരണ കോളങ്ങളിലേക്ക്‌ എഴുതാന്‍ കിട്ടിയത്‌ നല്ല വിഷയങ്ങളും. പറ്റിയെങ്കില്‍ ചാനലിലേക്ക്‌ കൂടി ഒന്നെഴുതണം.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ കുറിച്ചുള്ള കത്തെഴുത്തിനെ കുറിച്ച്‌ ആലോചിക്കുമ്പോഴാണ്‌ പണ്ടേ കാത്തിരുന്ന ഒരു വിഷയം കൂടി റമദാന്‍ ബോണസെന്ന നിലില്‍ മുന്നില്‍ വന്നു വീണിരിക്കുന്നത്‌. പലവിധേന പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ സംഘടനകളും പ്രവാസി സാമൂഹിക പ്രവര്‍ത്തകരും നടത്തുന്ന മത്സരവും അത്തരം മത്സരങ്ങളിലെ നല്ല പ്രകടനം സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും സേവനസന്നദ്ധരുടേയും പേരുകളൊന്നും വിട്ടുപോകാതെ നന്നായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രക്കാരന്‌ അവാര്‍ഡും നല്‍കുന്ന ഏര്‍പ്പാട്‌ തുടങ്ങിയിട്ട്‌ കുറെ നാളായി. ഇപ്പോള്‍ ഇതാ അങ്ങനെയൊരു സഹായവും ലഭിച്ചിട്ടില്ലെന്ന്‌ സഹായത്തിനിരയായെന്ന്‌ പത്രക്കാര്‍ വെണ്ടക്ക നിരത്തിയവര്‍ നിഷേധവുമായി രംഗത്തു വന്നിരിക്കുന്നു. തങ്ങളുടെ പേര്‌ വാര്‍ത്തയില്‍ ഉള്‍പ്പെടാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്ന്‌ സംഘടനക്കാരും പറഞ്ഞിരിക്കുന്നു.
ഏതു പ്രവാസി മരിച്ചാലും ഒന്നുകില്‍ മൃതദേഹം ഇവിടെ മറവു ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ കൊണ്ടുപോയി ഖബറടക്കും. ഇതറിയാവുന്ന എല്ലാ സംഘടനകളും രേഖകള്‍ ശരിയാക്കാനുള്ള സഹായവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. ഇതിനെയൊന്ന്‌ തുറന്നു കാണിക്കാനുള്ള വാക്കുകളൊക്കെ ആലോചിച്ചുകൊണ്ടാണ്‌ ഉറങ്ങാന്‍ കിടന്നത്‌. എല്ലാ സംഘടനകള്‍ക്കുമിട്ട്‌ കൊടുക്കണം ഒരു കൊട്ട്‌. കൂട്ടത്തില്‍ പത്രക്കാര്‍ക്കും വേണം ഒരു വീക്ക്‌.
അപ്പോഴാണ്‌ കഫീലിന്റെ വിളി. മല്‍ബൂ...
നല്ല ചായയിട്ടു കൊടുക്കാന്‍ തന്നെയായിരിക്കും. അപ്പോഴാണ്‌ അങ്ങേര്‌ മല്‍ബൂ എന്ന്‌ നീട്ടി വിളിക്കുക. മലയാളികളെ മല്ലു എന്നു വിളിക്കുന്നതു പോലെ മലബാരിക്ക്‌ അദ്ദേഹമിട്ട ചുരുക്കമാണിത്‌.
വിളി കേട്ട്‌ കണ്ണ്‌ തുറന്നു നോക്കിയപ്പോള്‍ കഫീല്‍ മുന്നില്‍ നില്‍ക്കുന്നു. ആദ്യമായണല്ലോ കഫീല്‍ താമസസ്ഥലത്തു വരുന്നത്‌. ആകെ അമ്പരപ്പായി. കിടന്നുകൊണ്ടു തന്നെ അദ്ദേഹത്തോട്‌ ഇരിക്കാന്‍ പറഞ്ഞു.
മെല്ലെ ബോധത്തിലേക്കു വന്നപ്പോഴാണ്‌ കഫീല്‍ എടോ എന്നാണല്ലോ വിളിച്ചതെന്ന്‌ ചിന്തിച്ചത്‌. ഇദ്ദേഹം എപ്പോള്‍ മലയാളം പഠിച്ചുവെന്ന അമ്പരപ്പ്‌ ഇരട്ടിച്ചപ്പോഴാണ്‌ ഒരു മാസം മുമ്പ്‌ കഫീല്‍ മരിച്ചുപോയ കാര്യവും മനസ്സിലേക്ക്‌ വന്നത്‌.
ആകെ പരവശനായി. ഒന്നു കൂടി പറയാന്‍ ശ്രമിച്ചു. അസ്സലാമു അലൈക്കും. കുല്ലു ആം വ അന്‍തും ബി ഖൈര്‍. വാക്കുകള്‍ പുറത്തേക്ക്‌ വന്നില്ല.
വീണ്ടും വിളി മല്‍ബൂ...
നിങ്ങള്‍ സ്‌പെയിനില്‍വെച്ച്‌ മരിച്ചു പോയതല്ലേ.
അതേ. മരിച്ചവരെ വീണ്ടും എഴുന്നേല്‍പിക്കൂന്ന്‌ നിനക്കറിയില്ലേ.
അറിയാം. അത്‌ ഖിയാമത്തു നാളിലല്ലേ. ഞാനൊന്ന്‌ തൊട്ടു നോക്കിക്കോട്ടെ. വിശ്വാസം വരുന്നില്ല.
ഇതാണ്‌ മലയാളികളുടെ ഒരു കാര്യം. ഒന്നും വിശ്വസിക്കില്ല. നീ നിന്റെ ഭാര്യയോട്‌ ഫോണില്‍ സംസാരിക്കുന്നത്‌ തൊട്ടു നോക്കിയിട്ടാണോ?
പിന്നെ, എനിക്ക്‌ തിരക്കുണ്ട്‌. സ്റ്റാഫിനെ എല്ലാം ഒന്നു കാണണം.
നീ നോമ്പ്‌ പിടിക്കാറുണ്ടോ.. സക്കാത്ത്‌ കൊടുക്കാറുണ്ടോ..
ഐവ.. കൃത്യമായി ചെയ്യാറുണ്ട്‌. ങാ ഇതന്വേഷിക്കാനായിരുന്നോ ഈ വരവ്‌. ബോണസ്‌ നേരിട്ടു തരാനായിരിക്കും.
എന്തിനാ അതൊക്കെ ചെയ്യുന്നത്‌.
പടച്ചോന്റെ പ്രീതി നേടാനും സ്വര്‍ഗത്തില്‍ പോകാനും.
ആരാന്റെ മുതല്‌ കട്ടുതിന്നാല്‍ സ്വര്‍ഗത്തില്‍ പോകുമോ.
ഇല്ല. അത്‌ ഞാനല്ല. ഓഫീസിലെ ഫോണില്‍നിന്ന്‌ നാട്ടിലേക്ക്‌ കട്ട്‌ വിളിക്കാറുള്ളത്‌ കുഞ്ഞോനാണ്‌. ഓന്‌ പടച്ചോനെ ഒട്ടും പേടിയില്ല. നിസ്‌കരിക്കീം കൂടി ഇല്ല.
ദേ വീണ്ടും മലായളികളുടെ സ്വഭാവം. ഞാന്‍ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ്‌ കൂട്ടുകാരനിട്ട്‌ പാര പണിയുന്നു.
നീ എത്ര കാലായി കമ്പനിയല്‍ ചേര്‍ന്നിട്ട്‌?
രണ്ട്‌ പതിറ്റാണ്ടായി.
മലയാളിത്തില്‍ പറ..
തല്‍ക്കാലം പത്രഭാഷ ഒഴിവാക്കി. 20 വര്‍ഷം.
ഇത്രയും കാലം നീ എന്റെ ഫോണും ഇന്റര്‍നെറ്റും ഫാക്‌സും പ്രിന്ററും ഒക്കെ നിന്റെ കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചത്‌ എന്നോട്‌ ചോദിച്ചിട്ടാണോ? സ്വന്തം തറവാട്ടിലെ മുതലെന്ന പോലെയല്ലേ നീ ഉപയോഗിച്ചത്‌? നീ ശരിക്കും ഒരു കള്ളന്‍ തന്നെയാ. നീ സ്വര്‍ഗത്തില്‍ പോകൂല്ല. ഒരു ദിവസം എത്ര ഫാക്‌സ്‌ അയക്കും?
അഞ്ചോ ആറോ... എത്ര അയച്ചാലും പത്രം ഓഫീസിന്ന്‌ പത്രാധിപര്‍ പറയും. അതു തെളിഞ്ഞിട്ടില്ല. ഒന്നു കൂടി അയക്കൂന്ന്‌.
പിന്നെ സാറേ, ഈ ഫാക്‌സും ഫോണും ഒന്നും എന്റെ സ്വന്തം ആവശ്യത്തിനല്ല ഞാന്‍ ഉപയോഗിച്ചത്‌. എല്ലാം സാമൂഹിക പ്രതിബദ്ധത നിറവേറ്റാനായിരുന്നു. ശരിക്കും പറഞ്ഞാല്‍ നിങ്ങള്‍ നിറവേറ്റേണ്ട സാമൂഹിക പ്രതിബദ്ധതയാണ്‌ ഞാന്‍ കഷ്‌ടപ്പെട്ട്‌ നിറവേറ്റിയത്‌. ഒരു കത്ത്‌ അച്ചടിച്ചുവരാന്‍ എത്ര തവണ വിളിക്കണോന്നറിയോ പത്രാധിപര്‍ പഹയനെ? ഇത്രയും കാലം എത്രയെത്ര വിഷയങ്ങളിലാണ്‌ ഞാന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചത്‌? തായ്‌ലന്റ്‌ ലോട്ടറിക്കെതിരായ കത്തിലൂടെ ഞാന്‍ എത്രയെത്ര കുടുംബങ്ങളെയാണ്‌ രക്ഷിച്ചത്‌?
ഫ.. ഇതു കേട്ടതോടെ കഫീലിന്റെ കൈ നീണ്ട്‌ കരണത്ത്‌ വന്ന്‌ പതിച്ചത്‌ മാത്രമേ ഓര്‍മയുള്ളൂ. മരിച്ചവര്‍ തിരിച്ചുവരുമെന്ന്‌ ശരിക്കും ബോധ്യായി. പിന്നെ ഇത്രയും കൂടി കേട്ടു.
ഞാന്‍ വീണ്ടും വരും. 20 വര്‍ഷം എന്റെ ഫാക്‌സും ഫോണും ഉപയോഗിച്ചതിനുള്ള തുക കണക്കാക്കി നാളെ തന്നെ ഓഫീസില്‍ അടയ്‌ക്കണം. ഇല്ലെങ്കില്‍ നിനക്ക്‌ ദുനിയാവും ഉണ്ടാകില്ല. നാളേക്ക്‌ നീ കാത്തിരിക്കുന്ന സ്വര്‍ഗവും ഉണ്ടാകില്ല. ഓര്‍മയിരിക്കട്ടെ.

2 comments:

  1. കഫീല്‍ എന്നാല്‍ സ്‌പോണ്‍സര്‍ അഥവാ തൊഴിലുടമ. ഖിയാമത്ത്‌ നാള്‍- അന്ത്യനാള്‍.

    ReplyDelete
  2. മലയാളം ന്യൂസില്‍ കണ്ടിരുന്നു....

    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

    http://vayyattupuzha.blogspot.com/2008/07/blog-post_29.html

    ReplyDelete

Related Posts Plugin for WordPress, Blogger...