8/5/07

ഇറാഖിലെ ലിറ്റില്‍ അമേരിക്ക


ഇറാഖിലെ ലിറ്റില്‍ അമേരിക്ക

എം. അഷ്‌റഫ്‌

(ഓഗസ്റ്റ്‌ അഞ്ചിന്‌ മലയാളം ന്യൂസ്‌ സണ്‍ഡേ പ്ളസില്‍ പ്രസിദ്ധീകരിച്ചത്‌)


പത്രക്കാരനായാല്‍ പട്ടിണികിടക്കേണ്ടിവരുമെന്ന്‌ പേടിപ്പിച്ച ഇന്ത്യന്‍ മാതാപിതാക്കളുടെ മകന്‍ അമേരിക്കയില്‍ നേടിയ സ്വീകാര്യത വിസ്മയാവഹമാണ്‌. ഇറാഖിലെ ലിറ്റില്‍ അമേരിക്കയുടെ കഥപറയുന്ന ഇംപീരിയല്‍ ലൈഫ്‌ ഇന്‍ ദ എമറാള്‍ഡ്‌ സിറ്റി ഹോളിവുഡില്‍ സിനിമയാകുമ്പോള്‍ ഗ്രന്ഥകര്‍ത്താവ്‌ രാജീവ്‌ ചന്ദ്രശേഖരനും പുസ്തകവും വീണ്ടും വാര്‍ത്തകളില്‍.


ക്രൂരനായ ഏകാധിപതി സദ്ദാം ഹുസൈനില്‍നിന്ന്‌ മോചിപ്പിച്ച്‌ ഇറാഖിനെ നന്നാക്കാന്‍ പോയ അമേരിക്കക്കാര്‍ക്ക്‌ അവിടെ എന്തു സംഭവിച്ചു, എവിടെ പിഴച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ അമേരിക്കക്കാര്‍ പരസ്പരം നിര്‍ദേശിക്കുന്ന പുസ്തകങ്ങളിലൊന്നാണ്‌ ഇംപീരിയല്‍ ലൈഫ്‌ ഇന്‍ എമറാള്‍ഡ്‌ സിറ്റി: ഇന്‍സൈഡ്‌ ഇറാഖ്സ്‌ ഗ്രീന്‍ സോണ്‍. ഇറാഖിലെ യാഥാര്‍ഥ്യങ്ങളില്‍നിന്നകന്ന്‌ വിമോചകര്‍ക്ക്‌ സുഖിച്ചു ജീവിക്കാന്‍ എല്ലാ സൌകര്യങ്ങളുമൊരുക്കിയ ഗ്രീന്‍ സോണിനകത്തെ കഥകള്‍ പറയുന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണ്‌ പുറത്തിറങ്ങിയത്‌. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ രാജീവ്‌ ചന്ദ്രശേഖരന്‍ രചിച്ച പുസ്തകം ഈ വര്‍ഷത്തെ സാമുവല്‍ ജോണ്‍സണ്‍ പുരസ്കാരം നേടി. അമേരിക്കയുടെ കൊച്ചുപതിപ്പായി മാറിയ ഗ്രീന്‍ സോണ്‍ പോലും ആക്രമിക്കപ്പെടുന്ന ഇറാഖിലെ പുതിയ സാഹചര്യത്തില്‍ അവിടെ അധിനിവേശത്തിണ്റ്റെ ആദ്യനാളുകളില്‍ കഴിച്ചുകൂട്ടിയ പത്രപ്രവര്‍ത്തകണ്റ്റെ അനുഭവകഥകള്‍ നല്ല സ്വീകാര്യത നേടി. സദ്ദാമില്‍നിന്നുള്ള മോചനം ആഗ്രഹിച്ചിരുന്ന ഇറാഖി ജനതയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതിലും അവരെ ആയുധമെടുപ്പിക്കുന്നതിലും ഗ്രീന്‍ സോണ്‍ വഹിച്ച പങ്കാണ്‌ അവിടെ 20 മാസത്തിലേറെ വാഷിംഗ്ടണ്‍ പോസ്റ്റ്‌ ദിനപത്രത്തിണ്റ്റെ ബ്യൂറോ ചീഫായിരുന്ന രാജീവ്‌ ചന്ദ്രശേഖരന്‍ വിശദീകരിക്കുന്നത്‌. ഈ പുസ്തകത്തിണ്റ്റെ സ്വീകാര്യത വെളിപ്പെടുത്തുന്നതാണ്‌ പത്രങ്ങളിലും ഇണ്റ്റര്‍നെറ്റിലും ഇപ്പോഴും തുടരുന്ന ചര്‍ച്ചകള്‍. അമേരിക്കയുടെ ഇറാഖ്‌ സങ്കീര്‍ണത കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ വരുംനാളുകളിലും യു.എസ്‌ അധികൃതരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകണ്റ്റെ യശസ്സുയര്‍ത്തിക്കൊണ്ട്‌ പുസ്തകം സിനിമയാകുന്നു. ഹോളിവുഡിലെ പ്രശസ്ത നിര്‍മാതാക്കളായ യൂനിവേഴ്സലാണ്‌ ഇംപീരിയല്‍ ലൈഫ്‌ സിനിമയാക്കുന്നത്‌. യഥാര്‍ഥ ജീവിത സംഭവങ്ങളെ നാടകീയമായി അവതരിപ്പിക്കുന്നതില്‍ കഴിവു തെളിയിച്ച പോള്‍ ഗ്രീന്‍ഗ്രാസാണ്‌ സംവിധായകന്‍. 2001 സെപ്റ്റംബറില്‍ വേള്‍ഡ്‌ ട്രേഡ്‌ സെണ്റ്റര്‍ ആക്രമിക്കുന്നതിന്‌ തട്ടിയെടുത്ത വിമാനങ്ങളിലൊന്നിണ്റ്റെ കഥ പറയുന്ന യുനൈറ്റഡ്‌ 93, ദ ബൌണ്‍ അള്‍ട്ടിമേറ്റം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്‌ അദ്ദേഹം. ഓഷ്യന്‍സ്‌ ഇലവനിലെ നായകന്‍ മാറ്റ്‌ ഡാമണ്‍ ആയിരിക്കും 2009 ല്‍ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇംപീരിയല്‍ ലൈഫിലെ നായകന്‍. ഇറാഖ്‌ അധിനിവേശത്തിണ്റ്റെ പശ്ചാത്തലം വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഫീച്ചര്‍ ഫിലിമുകള്‍ പലതും പുറത്തുവന്നിട്ടുണ്ടെങ്കിലും അധിനിവേശത്തിനുശേഷം, നേരിട്ട പരാജയത്തിണ്റ്റെ അടിസ്ഥാന കാരണങ്ങളിലേക്ക്‌ കൂടി വിരല്‍ ചൂണ്ടുന്ന പുസ്തകത്തെ ആശ്രയിച്ചായതിനാല്‍ സിനിമയും പുതുമയായിരിക്കും. തണ്റ്റെ കന്നി പുസ്തകം പ്രശസ്തനായ സംവിധായകന്‍ സിനിമയാക്കുന്നതിണ്റ്റെ ആഹ്ളാദത്തിലാണ്‌ ദ വാഷിംഗ്ടണ്‍ പോസ്റ്റ്‌ ദിനപത്രത്തിണ്റ്റെ അസിസ്റ്റണ്റ്റ്‌ മാനേജിംഗ്‌ എഡിറ്ററായ രാജീവ്‌ ചന്ദ്രശേഖരന്‍. പുസ്തകത്തെ കുറിച്ചും അതിനെ അഭ്രപാളികളിലേക്ക്‌ പകര്‍ത്തുന്നതിനെ കുറിച്ചും മികച്ച കാഴ്ചപ്പാടുള്ള പോള്‍ ഗ്രീന്‍ ഗ്രാസ്‌ ഈ ദൌത്യം ഏറ്റെടുത്തതില്‍ അതീവ സന്തുഷ്ടനാണെന്ന്‌ അദ്ദേഹം പറയുന്നു. പത്രത്തിണ്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ (വാഷിംഗ്ടണ്‍പോസ്റ്റ്‌. കോം) ബ്രേക്കിംഗ്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന കണ്ടിന്യുസ്‌ ന്യൂസ്‌ ഡിപ്പാര്‍ട്ട്മെണ്റ്റിണ്റ്റെ തലവനായ രാജീവ്‌ തന്നെയാണ്‌ പത്രത്തിണ്റ്റെ മൊത്തം മള്‍ട്ടി മീഡിയാ സംവിധാനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. 2003 ഏപ്രില്‍ മുതല്‍ 2004 ഒക്ടോബര്‍വരെയാണ്‌ രാജീവ്‌ ചന്ദ്രശേഖരന്‍ ഇറാഖ്‌ തലസ്ഥാനമായ ബഗ്ദാദില്‍ പത്രത്തിണ്റ്റെ ബ്യൂറോ ചീഫായി ജോലി നോക്കിയത്‌. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം റിപ്പോര്‍ട്ട്‌ ചെയ്യുകയും അവിടേക്ക്‌ നിയോഗിക്കപ്പെട്ട പത്രത്തിണ്റ്റെ മറ്റു റിപ്പോര്‍ട്ടര്‍മാരടങ്ങുന്ന സംഘത്തിന്‌ മേല്‍നോട്ടം വഹിക്കുകയുമായിരുന്നു ചുമതല. യുദ്ധം തുടങ്ങുന്നതിന്‌ ആറ്‌ മാസം മുമ്പേ അതിനു പശ്ചാത്തലമൊരുക്കിയ യു.എന്‍ ആയുധ പരിശോധനാ പ്രക്രിയ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനായി രാജീവ്‌ ബഗ്ദാദിലെത്തിയിരുന്നു. ഇറാഖിലേക്ക്‌ വരുന്നതിനുമുമ്പ്‌ പത്രത്തിണ്റ്റെ കയ്‌റോ ബ്യൂറോ ചീഫായിരുന്നു അദ്ദേഹം. അതിനുമുമ്പ്‌ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തെക്കുകിഴക്കനേഷ്യയുടെ കറസ്പോണ്ടണ്റ്റായും ജോലിനോക്കി. 2001 സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്ക ഇറാഖില്‍ ആരംഭിച്ച യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ ലേഖകന്‍മാരുടെ സംഘത്തിലും രാജീവുണ്ടായിരുന്നു. ഇന്ത്യന്‍ വംശജരായ കുമാറിനും ഉമക്കും മകനെ ഗണിതമോ ശാസ്ത്രമോ പഠിപ്പിക്കാനായിരുന്നു ആഗ്രഹം. ബയോ ടെക്‌ കമ്പനിക്ക്‌ നേതൃത്വം നല്‍കിയ കെമിക്കല്‍ എന്‍ജിനീയറായിരുന്നു പിതാവ്‌ കുമാര്‍. അമ്മ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിണിയും. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ പഠനത്തിനായാണ്‌ ഇരുവരും അമേരിക്കയിലേക്ക്‌ ചേക്കേറിയത്‌. ഉത്തര കാലിഫോര്‍ണിയയെ മനസ്സിനു പിടിച്ച ഇരുവരും പിന്നീട്‌ അവിടെ സ്ഥിരതാമസമാക്കി. രാജീവ്‌ ചന്ദ്രശേഖരനും ഇളയ സഹോദരനും കുട്ടിക്കാലം ചെലവഴിച്ചത്‌ സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന്‌ 35 മൈത്സ്‌ തെക്കുള്ള പാലേ ആള്‍ട്ടോയിലായിരുന്നു. പത്രക്കാരനായാല്‍ പട്ടിണികിടന്ന്‌ മരിക്കേണ്ടി വരുമെന്നും അതുകൊണ്ട്‌ പ്രയോജനകരമായ ശാസ്ത്ര വിഷയം ഏതെങ്കിലും പഠിക്കണമെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്‌. അതിനുശേഷം വേണമെങ്കില്‍ പത്രക്കാരനായിക്കോളൂ എന്നും അവര്‍ പറഞ്ഞിരുന്നുവെന്ന്‌ രാജീവ്‌ അനുസ്മരിക്കുന്നു. അങ്ങനെ സ്റ്റാന്‍ഫോര്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ രസതന്ത്രം പഠിക്കാന്‍ ചേര്‍ന്ന രാജീവ്‌ കോളേജിലെ ആദ്യയാഴ്ച തന്നെ സ്റ്റാന്‍ഫോര്‍ഡ്‌ ഡെയിലിക്ക്‌ വേണ്ടി ജോലി ചെയ്തു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ രസതന്ത്രം ഉപേക്ഷിച്ച്‌ പൊളിറ്റിക്കല്‍ സയന്‍സിലേക്ക്‌ മാറി. അതേസമയം തന്നെ പത്രത്തിണ്റ്റെ എഡിറ്റര്‍ ഇന്‍ ചീഫുമായി. വാഷിംഗ്ടണ്‍ പോസ്റ്റ്‌ കോളമിസ്റ്റായ ഡേവിഡ്‌ ഇഗ്നേഷ്യസ്‌ 1993-ല്‍ റിക്രൂട്ട്മെണ്റ്റ്‌ ആവശ്യാര്‍ഥം സ്റ്റാന്‍ഫോര്‍ഡിലെത്തിയപ്പോഴാണ്‌ രാജീവിലെ പ്രതിഭയെ കണ്ടെത്തിയത്‌. അവധിക്കാല ഇണ്റ്റേണ്‍ഷിപ്പിന്‌ വാഷിംഗ്ടണ്‍ പോസ്റ്റിലെത്തിയ രാജീവ്‌ 1994-ല്‍ മുഴുസമയ ജീവനക്കാരനാവുകയും പിന്നീട്‌ നാഷണല്‍ ടെക്നോളജി കറസ്പോണ്ടണ്റ്റാവുകയും ചെയ്തു. മൈക്രോസോഫ്റ്റിണ്റ്റെ വികസന കഥകളായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. ജക്കാര്‍ത്തയിലായിരുന്നപ്പോള്‍ സിഡ്നിയില്‍ പോയി ഒളിംപിക്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തും മികവ്‌ കാട്ടി. സദ്ദാം ഹുസൈണ്റ്റെ പതനത്തിന്‌ മുമ്പും പിമ്പുമായി ഏറ്റവും കൂടുതല്‍ കാലം ഇറാഖില്‍ ചെലവഴിച്ച അമേരിക്കന്‍ പത്രക്കാരനാണ്‌ രാജീവ്‌. അധിനിവേശം റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനു അമേരിക്കന്‍ സേന തന്നെയായിരുന്നു ആദ്യനാളുകളില്‍ റിപ്പോര്‍ട്ടര്‍മാരെ കൊണ്ടു പോയിരുന്നത്‌. അവര്‍ നല്‍കുന്ന വിവരങ്ങള്‍ പത്രങ്ങളിലേക്കും ടെലിവിഷനിലേക്കും പകര്‍ത്തി നല്‍കുന്ന എംബെഡഡ്‌ ജേണലിസ്റ്റുകള്‍. അങ്ങനെ ആയാല്‍ പോലും ജീവന്‍ പണയം വെച്ചുകൊണ്ടാണ്‌ ഈ പത്രപ്രവര്‍ത്തകര്‍ കുവൈത്ത്‌ വഴി ഇറാഖിലെ യുദ്ധമുഖത്തെത്തിയത്‌. വെടിയൊച്ചകള്‍ക്ക്‌ നടുവില്‍ പാര്‍ക്ക്‌ ചെയ്ത വാഹനത്തില്‍ കഴിച്ചുകൂട്ടിയ കഥയോടൊപ്പം തങ്ങളും ബുഷ്‌ ഭരണകൂടത്തിണ്റ്റെ ഭാഗം പോലെയാണ്‌ തോന്നിപ്പിച്ചിരുന്നതെന്നും രാജീവ്‌ അനുസ്മരിക്കുന്നുണ്ട്‌. സുരക്ഷിതമായ കൂറ്റന്‍ മതിലുകള്‍ക്കകത്ത്‌ പാര്‍ക്കാന്‍ ആഡംബര വില്ലകളും സ്വിമ്മിംഗ്‌ പൂളുകളും മറ്റു വിനോദ ഏര്‍പ്പാടുകളുമൊക്ക ഒരുക്കിയ ഗ്രീന്‍ സോണായിരുന്നു ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിണ്റ്റെ ആസ്ഥാനം. ബഗ്ദാദില്‍ വെള്ളവും വെളിച്ചവും ഇല്ലാതിരുന്ന നാളുകളിലും ബുഷിണ്റ്റെ വിശ്വസ്തര്‍ ഉല്ലസിച്ച ഗ്രീന്‍ സോണിനകത്തേക്ക്‌ നമ്മേ കൂട്ടിക്കൊണ്ടുപോകുന്നതാണ്‌ രാജീവിണ്റ്റെ പുസ്തകം. ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച ചാവേറുകളായിരിക്കുമെന്ന ഭയത്താല്‍ ഇറാഖികള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട എമറാള്‍ഡ്‌ സിറ്റിയിലെ സൌകര്യങ്ങള്‍ പുറത്തെ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിപ്പിക്കാന്‍ പോന്നതായിരുന്നു. തണുത്ത്‌ നുരയുന്ന ബീറുകള്‍ നിറച്ച അരഡസന്‍ ബാറുകള്‍, സ്ത്രീകള്‍ നഗ്നനൃത്തമാടിയ ഡിസ്കോ, മൂവി തിയേറ്റര്‍, അശ്ളീല ചിത്രങ്ങളുടെ വില്‍പനക്കായുള്ള ഷോപ്പിംഗ്‌ മാള്‍, തീറ്റക്കും കുടിക്കും വിനോദത്തിനും അലക്കിനുമൊക്കെയായി ഹാലബര്‍ട്ടന്‍ കമ്പനി ഒരുക്കിയ സൌകര്യങ്ങള്‍. തകര്‍ന്നടിഞ്ഞ ഇറാഖിനെ പുനര്‍നിര്‍മിക്കുകയായിരുന്നു ഇവിടെ നിയോഗിക്കപ്പെട്ട വൈസ്രോയി എല്‍. പോള്‍ ബ്രെമറുടെ നേതൃത്വത്തിലുള്ള യു.എസ്‌ ഉദ്യോഗസ്ഥ സംഘത്തിണ്റ്റെ ദൌത്യം. സദ്ദാമിനെ പുറത്താക്കിയ ഇറാഖില്‍ അമേരിക്കന്‍ മാതൃകയിലുള്ള ജനാധിപത്യം കെട്ടിപ്പടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘം ചെയ്തുകൂട്ടിയ കാര്യങ്ങളാണ്‌ ഇറാഖിലെ സ്ഥിതിഗതികള്‍ ഇത്രമാത്രം വഷളാക്കിയതെന്ന്‌ നൂറു കണക്കിന്‌ അഭിമുഖങ്ങളിലൂടേയും രേഖകളിലൂടെയും രാജീവ്‌ വിശദീകരിക്കുന്നു. അധിനിവേശാനന്തര ആസൂത്രണത്തില്‍ ഇറാഖികളുടെ നിര്‍ദേശങ്ങളോടും അഭിപ്രായങ്ങളോടും പുറം തിരിഞ്ഞ ബ്രെമര്‍ ഒട്ടും അനുയോജ്യമല്ലാത്ത നിയോ കണ്‍സര്‍വേറ്റീവ്‌ പരിഹാരങ്ങളാണ്‌ അടിച്ചേല്‍പിച്ചത്‌. ഭക്ഷ്യ റേഷന്‍ ഒഴിവാക്കിയതും ഇറാഖി സര്‍ക്കാരിണ്റ്റെ ആസ്തികള്‍ വില്‍പന നടത്തിയതും പുതിയ നികുതി ഏര്‍പ്പെടുത്തിയതുമൊക്കെ യുക്തിസഹമല്ലാത്ത ഈ നടപടികള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. സ്തംഭിച്ച വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കുന്നതിനും കൊള്ളയടിക്കപ്പെട്ട കെട്ടിടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനും പകരം പുതിയ ട്രാഫിക്‌ പരിഷ്കാരത്തെ കുറിച്ചും പകര്‍പ്പവകാശ സംരക്ഷണ നിയമത്തെക്കുറിച്ചും മറ്റുമാണ്‌ ബ്രെമര്‍ ചിന്തിച്ചത്‌. അദ്ദേഹത്തിണ്റ്റെ തലതിരിഞ്ഞ അഭ്യാസ പ്രകടനങ്ങളാണ്‌ ഇറാഖികളെ രോഷാകുലരാക്കിയതും പോരാട്ടത്തിനു വീര്യം പകര്‍ന്നുകൊണ്ട്‌ ചാവേറുകളാകാന്‍ പ്രേരിപ്പിച്ചതും. ബ്രെമര്‍ക്ക്‌ കീഴില്‍ ജോലി ചെയ്തവരും പിന്‍ഗാമികളായി വന്ന ഉദ്യോഗസ്ഥരും തലതിരിഞ്ഞ നയങ്ങള്‍ തന്നെയാണ്‌ പിന്തുടര്‍ന്നത്‌. സാമ്പത്തിക രംഗത്ത്‌ ഒരിക്കല്‍ പോലും ജോലി ചെയ്തിട്ടില്ലാത്ത ൨൪ കാരനെ ബഗ്ദാദിലെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ പുനരുദ്ധരിക്കാന്‍ ചുമതലപ്പെടുത്തിയതും അടച്ചിട്ട എയര്‍പോര്‍ട്ടിന്‌ കാവല്‍ നില്‍ക്കാന്‍ മുന്‍ പരിചയമൊന്നുമില്ലാത്ത ഒരു കോണ്‍ട്രാക്ടര്‍ക്ക്‌ കോടികള്‍ നല്‍കിയതും ഇറാഖി ആയുധ ശാസ്ത്രജ്ഞന്‍മാര്‍ ഇറാനിലേക്ക്‌ കടക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെണ്റ്റ്‌ ജീവനക്കാരന്‌ അമേരിക്കക്കാര്‍ തന്നെ കൈക്കൂലി നല്‍കേണ്ടിവന്നതുമൊക്കെ രാജീവ്‌ വിശദമാക്കുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വിധേയന്‍മാര്‍ക്ക്‌ അവസരമൊരുക്കാന്‍ മധ്യപൌരസ്ത്യ ദേശത്തെ കുറിച്ച്‌ നല്ല വിവരമുള്ളവരെ തഴഞ്ഞതിനു പുറമെ, ബഗ്ദാദിലേക്ക്‌ ജോലിക്ക്‌ വരുന്നവര്‍ക്ക്‌ വൈറ്റ്‌ ഹൌസില്‍ പ്രത്യേക സ്ക്രീനിംഗ്‌ ഉണ്ടായിരുന്നുവെന്നും രാജീവ്‌ വെളിപ്പെടുത്തുന്നു. നിശ്ചയിച്ചതിലും രണ്ടു ദിവസംമുമ്പേ ൨൦൦൪-ല്‍ പോള്‍ ബ്രെമര്‍ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുന്നതുവരെ ഗ്രീന്‍ സോണിനകത്തും പുറത്തും കൈക്കൊണ്ട യുക്തിസഹമല്ലാത്ത കോമാളി നയങ്ങളുടെ പരിശോധന കൂടി നടത്തുന്നതാണ്‌ ഇംപീരിയല്‍ ലൈഫ്‌ ഇന്‍ എമറാള്‍ഡ്‌ സിറ്റി. ഇറാഖില്‍നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ എന്തുകൊണ്ട്‌ പിന്നാമ്പുറക്കഥകള്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ലെന്ന ചോദ്യത്തിന്‌ രാജീവിനു മറുപടിയുണ്ട്‌. ഗ്രീന്‍ സോണില്‍ താമസിച്ചുകൊണ്ടല്ല താന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതെന്നും ഇറാഖികളെ കൂടി സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഗ്രീന്‍ സോണിനു പുറത്ത്‌ താമസിച്ചുകൊണ്ടാണ്‌ പരമാവധി ഇറാഖികളുടെ ആശങ്കകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയതെന്നും അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട്‌ പറയുന്നു. സമീപത്തെ കെട്ടിടത്തില്‍ ബോംബ്‌ വീഴുകയും തൊട്ടടുത്ത ദിവസം തങ്ങള്‍ താമസിക്കുന്ന കെട്ടിടം ക്യാമറയില്‍ പകര്‍ത്തുന്നത്‌ ശ്രദ്ധയില്‍പെടുകയും ചെയ്തപ്പോഴാണ്‌ ആ കെട്ടിടം ഉപേക്ഷിച്ച്‌ ഹോട്ടലിലേക്ക്‌ മാറിയതെന്നും രാജീവിണ്റ്റെ സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. കൂടെ ജോലി ചെയ്യുന്നവരുടെ കൂടി സുരക്ഷ കണക്കിലെടുത്ത്‌ പരമാവധി ജാഗ്രത പുലര്‍ത്തിയിരുന്ന രാജീവിനെ കൊച്ചു സദ്ദാം എന്നാണ്‌ സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്‌. ഇറാഖിനോട്‌ വിടപറയുമ്പോള്‍ സമ്മാനമായി ലഭിച്ചത്‌ വിശിഷ്ടാവസരങ്ങളില്‍ സദ്ദാം നല്‍കാറുള്ള വെങ്കലത്തില്‍ തീര്‍ത്ത കുതിരയും.

1 comment:

  1. പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നെങ്കില്‍ വായന കൂടുതല്‍ സുഖകരമായേനെ.

    ഇറഖിനെ അമേരിക്കയുടെ സാമന്തരാജ്യമാക്കാന്‍ ശ്രമിക്കുന്നത് തന്നെയാണ് അവിടുത്തെ ചോരപുഴയുടെ യഥാര്‍ത്ഥ കാരണം.

    ഇതൊക്കെ വിളിച്ചു പറയാന്‍ ആരെങ്കിലും ഉണ്ടാകുന്നത് ഒരു അനുഗ്രഹം തന്നെ.

    ReplyDelete

Related Posts Plugin for WordPress, Blogger...