8/3/07

കൈയൊഴിയുന്ന ബഖാലകള്

‍എം. അഷ്‌റഫ്‌

നല്ല നിലയില്‍ നടന്നു വരുന്ന ബഖാല വില്‍ക്കാനുദ്ദേശിക്കുന്നുവെന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പകിവായിരിക്കുകയാണ്‌. ലോകത്തിണ്റ്റെ ഏതു കോണില്‍ പോയാലും മലയാളിയെ കാണാം എന്നു പറയുന്നത്‌ പോലെ സൌദി അറേബ്യയുടെ ഏതു മുക്കില്‍ ചെന്നാലും അവിടെ മലയാളി സാനിധ്യമുള്ള ബഖാലകള്‍ കാണാം. ഒരു ബഖാലയില്‍ തുടങ്ങി ബഖാലകളുടെ ശൃംഖലയിലേക്ക്‌ നീങ്ങിയവര്‍ ധാരാളമുണ്ടെങ്കിലും ഇപ്പോള്‍ വില്‍പനക്ക്‌ വെച്ച ബഖാലകള്‍ പ്രതിസന്ധിയുടെ പ്രതീകങ്ങളാണ്‌. അവയുടെ പരസ്യത്തിനു മുന്നില്‍ ചേര്‍ത്ത നല്ലനിലയില്‍ നടന്നുവരുന്നതെന്ന വാക്കുകള്‍ വെറും വാക്ക്‌ മാത്രം. തണ്റ്റേതല്ലാത്ത കാരണത്താല്‍ വിവാഹ മോചനം നേടിയതെന്ന്‌ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത വിവാഹ പരസ്യത്തില്‍ ചേര്‍ക്കുന്നതുപോലെ ശരിയും തെറ്റും കൂടിക്കലര്‍ന്ന ഭംഗിവാക്ക്‌. നല്ല നിലയില്‍ നടക്കുന്നുവെന്ന വിശേഷണമുണ്ടായാല്‍ പിന്നെ അതെന്തിനു വില്‍ക്കുന്നുവെന്ന ചോദ്യത്തിനു മറുപടി നല്‍കേണ്ടിവരുമെന്ന്‌ മനസ്സിലാക്കുന്ന സാമര്‍ഥ്യമുള്ള കച്ചവടക്കാര്‍ ആ വാക്കുകള്‍ പരസ്യത്തില്‍ ചേര്‍ക്കാറില്ല. വിവാഹത്തിനു പരസ്യം കൊടുത്താല്‍ ബ്രോക്കര്‍മാര്‍ പോലും കൈയൊഴിഞ്ഞ പേട്ടു തേങ്ങയായിരിക്കുമെന്ന്‌ കരുതുന്നവരുടെ അറിവിണ്റ്റെ അടിസ്ഥാനത്തില്‍ പരസ്യം ഡിമാണ്റ്റ്‌ കുറക്കുമെന്ന്‌ മനസ്സിലാക്കുന്ന ചില അതിസമര്‍ഥര്‍ ബഖാലകള്‍ കൈയൊഴിയാന്‍ പരസ്യത്തെ ആശ്രയിക്കാറുമില്ല. പലതരത്തിലുള്ള പ്രതിസന്ധികളാണ്‌ ബഖാലകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്‌. സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ കാലുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്നു എന്നത്‌ തന്നെയാണ്‌ ഇതില്‍ ഒന്നാമത്തേത്‌. ബഖാല പ്രവര്‍ത്തിക്കുന്ന ചെറിയ കെട്ടിടത്തിനു മുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റിനെ പ്രതിനിധീകരിക്കുന്ന വലിയ ഷൂ വരച്ചുകൊണ്ട്‌ ഈയിടെ ഒരു പ്രാദേശിക ദിനപത്രം ഈ പ്രതിസന്ധിയെ കാര്‍ട്ടൂണിന്‌ വിഷയമാക്കി. കെട്ടിടത്തിണ്റ്റെ വാടക വര്‍ധനയും യഥാര്‍ഥ ഉടമയുടെ സമ്മര്‍ദവും ഇപ്പോള്‍ അനധികൃത താമസക്കാരുടെ മടക്കവുമൊക്കെ ഒരു കൊച്ചു ബഖാലയെ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടാന്‍ മതിയായ കാരണങ്ങളാണെങ്കിലും ചെലവ്‌ പോലും കൂട്ടിമുട്ടിക്കാന്‍ പറ്റാത്ത തരത്തിലുള്ള വരുമാനക്കുറവിനു കാരണമായ ഭീമന്‍ മാര്‍ക്കറ്റുകള്‍ തന്നെയാണ്‌ പ്രതിസ്ഥാനത്ത്‌ ഒന്നാമതായുള്ളത്‌. കൊള്ളാമെന്ന്‌ തോന്നുന്ന കച്ചവടം ദൃശ്യമായാല്‍ അവിടെ യഥാര്‍ഥ ഉടമയുടെ കണ്ണ്‌ ഭയപ്പെടേണ്ടിവരുമെന്നത്‌ പല ബഖാല ഉടമകളുടേയും അനുഭവമാണ്‍്‌. കണ്ണേറ്‌ തടുക്കാന്‍ നാട്ടില്‍നിന്ന്‌ പേറിക്കൊണ്ടുവന്ന അന്ധവിശ്വാസത്തിണ്റ്റെ തകിട്‌ തൂക്കിയിട്ടാലും സംഭവലോകത്തുള്ള ഉടമയുടെ കണ്ണേറ്‌ തടുക്കാനാവില്ലെന്ന്‌ പലരും സാക്ഷ്യപ്പെടുത്തുന്നു. ആറ്‌ മാസത്തേക്ക്‌ നടത്താന്‍ കൊടുത്ത്‌ നാട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴേക്കും ബഖാല മറിച്ചുവില്‍ക്കപ്പെട്ട സംഭവങ്ങള്‍ നിരവധി. മുന്‍ഗാമി നാട്ടുകാരനോ അയല്‍വാസിയോ ആയിരുന്നാല്‍ പോലും വഞ്ചനയുടെ കൈമാറ്റത്തിനു കൂട്ടുനില്‍ക്കാന്‍ മലയാളിക്കു ഭയമില്ല. പിന്നാലെ താനും വഞ്ചിക്കപ്പെടുമെന്ന ചിന്ത അയാളെ അലട്ടുന്നില്ല. സ്പോണ്‍സര്‍മാരില്‍ തങ്കതിളക്കമുള്ളവരെ ചൂണ്ടിക്കാണിക്കാന്‍ ധാരാളമുള്ളപ്പോള്‍ ഇത്‌ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. എങ്കില്‍ പോലും പോലും പൊടുന്നനെ മേല്‍വിലാസം നഷ്ടപ്പെടുന്ന കൊച്ചു വ്യാപാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നു. ദുരന്തകഥകള്‍ കേള്‍ക്കുന്നതിനിടെ മനസ്സിനു കുളിര്‍മ നല്‍കിയ മറ്റൊരു കഥയിതാ. ൨൦ വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോയി പിന്നീട്‌ ഉംറ നിര്‍വഹിക്കാന്‍ തിരിച്ചെത്തിയ ഒരാള്‍ക്ക്‌ ഹൃദയാഘാതമുണ്ടായപ്പോള്‍ പഴയ തൊഴിലുടമയുടെ ആര്‍ദ്രത പ്രകടമായതാണ്‌ അക്കഥ. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആനുകൂല്യങ്ങളെല്ലാം നല്‍കി തിരിച്ചയച്ച തൊഴിലാളിയുടെ ചികിത്സാചെലവ്‌ മൂഴുവന്‍ വഹിച്ചത്‌ പഴയ മുതലാളി ആയിരുന്നു. അദ്ദേഹത്തിണ്റ്റെ മകന്‍ ഇപ്പോഴും ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്നതിനപ്പുറം ഈ ആര്‍ദ്രതക്കു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്‌. കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ തുടങ്ങിയ സ്ഥാപനം പൂട്ടിപ്പോയതിനെ തുടര്‍ന്ന്‌ ആറു മലയാളികളെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കു നിര്‍ത്തി അവിടെനിന്ന്‌ അവരുടെ ആറു മാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങി ആരംഭിച്ച ബേക്കറിയാണ്‌ ഇപ്പോഴും ഓര്‍മകള്‍ കാത്തുസൂക്ഷിക്കാന്‍ തയാറുള്ള സൂരി വ്യാപാരിയുടെ വിജയ ഗാഥക്ക്‌ തുടക്കമിട്ടത്‌. അന്ന്‌ കച്ചവടം തുടങ്ങുന്നതിനുള്ള മൂലധനം കണ്ടെത്താന്‍ ആറു മാസത്തേക്ക്‌ ശമ്പളം ഉപേക്ഷിച്ച്‌ ജോലി ചെയ്തവരില്‍ ഒരാളാണ്‌ ഇപ്പോള്‍ അത്യാവശ്യ ഘട്ടത്തില്‍ ചികിത്സാ സഹായം ലഭിച്ച നമ്മുടെ മൂന്‍പ്രവാസി. കച്ചവടമുറപ്പിച്ച്‌ അഡ്വാന്‍സ്‌ നല്‍കിയ മിനി മാര്‍ക്കറ്റ്‌ ഏറ്റെടുക്കാന്‍ ചെന്നപ്പോള്‍ ൫൦൦൦ റിയാല്‍ അധികത്തിന്‌ അത്‌ മറ്റൊരാള്‍ക്ക്‌ കൈമാറിയെന്നറിഞ്ഞ്‌ ഞെട്ടിയ മറ്റൊരു യുവാവിണ്റ്റെ കഥക്കൊപ്പമാണ്‌ കുളിര്‍മ പരത്തിയ സൂരി അനുഭവം. രണ്ടാമത്തെ സംഭവത്തില്‍ അധികം തുക നല്‍കി മിനി മാര്‍ക്കറ്റ്‌ മറിച്ചെടുത്തത്‌ മറ്റൊരു മലയാളിയാണെന്ന്‌ കൂടി അറിയുമ്പോള്‍ നമ്മുടെ സാമര്‍ഥ്യമോര്‍ത്ത്‌ അഭിനന്ദിക്കുക. ബഖാലകള്‍ നേരിടുന്ന പ്രതിസന്ധി ഏതെങ്കിലും ഒരു രാജ്യത്ത്‌ ഒതുങ്ങുന്നില്ല. ആഗോളീകരണത്തിണ്റ്റെയും ഉദാരവല്‍ക്കരണത്തിണ്റ്റേയും കെടുതികള്‍ അനുഭവിച്ചു തുടങ്ങിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചില്ലറ വ്യാപാര രംഗത്തെ അന്താരാഷ്ട്ര കുത്തകകളുടെ വരവ്‌ വാന്‍ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കാനിരിക്കുന്നത്‌. കേരളത്തില്‍ വ്യാപാരി സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ചില്ലറ വ്യാപാര രംഗത്ത്‌ കടന്നുകയറാനുള്ള കുത്തകകളുടെ ശ്രമത്തിനെതിരെ സമര മുഖത്താണ്‌. ഒമ്പതാം തവണയും പ്രസിഡണ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ടി. നസീറുദ്ദീന്‍ നേതൃത്വം നല്‍കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയും സി.പി.എം ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയുമൊക്കെ സമരത്തില്‍ ഒറ്റക്കെട്ടാണ്‌. റിലയന്‍സിണ്റ്റെ ചില്ലറ വില്‍പന ശാല ഉദ്ഘാടനം ചെയ്ത സി.പി.എം നേതാവിന്‌ പിന്നീട്‌ തിരുത്തേണ്ടിവന്നതും തൊഴിലിണ്റ്റേയും വികസനത്തിണ്റ്റേയും പേരില്‍ ആഗോളീകരണത്തിനും ജീവനും പ്രകൃതിക്കും വിരുദ്ധമായ വികസനത്തിനും ഓശാന പാടുന്ന യു.ഡി.എഫ്‌ കക്ഷികള്‍ സ്വരം മാറ്റിയതും ലക്ഷക്കണക്കിനു വരുന്ന ചില്ലറ കച്ചവടക്കാരുടെ ദുരന്തം മാത്രമല്ല വരച്ചുകാട്ടുന്നത്‌. പ്രതിഷേധത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ട്‌ നമ്മുടെ സ്വന്തം കുത്തകയായ ഭാരതി ഗ്രൂപ്പിനെ മുന്നില്‍ നിര്‍ത്തിയാണ്‌ ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖല കൈയടക്കാന്‍ ശ്രമിക്കുന്നത്‌. ആകര്‍ഷകമായ വിലക്കുറവ്‌ വാഗ്ദാനം ചെയ്യുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക്‌ മുന്നില്‍ ബഖാലകള്‍ കൈയൊഴിയാന്‍ നിര്‍ബന്ധിതരാകുന്നു എന്നതുപോലെ കേരളത്തില്‍ ചില്ലറ വ്യാപാര മേഖലയെ ഉപജീവന മാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിന്‌ വ്യാപാരികളേയും അവരുടെ കുടുംബങ്ങളേയുമാണ്‌ വിഴുങ്ങാന്‍ കാത്തിരിക്കുന്നത്‌. കാര്‍ഷിക രംഗത്ത്‌ ആത്മഹത്യകള്‍ സമ്മാനിച്ച ഉദാരീകരണവും ആഗോളീകരണവും ഇനി ദുരന്തങ്ങള്‍ സമ്മാനിക്കുന്ന മേഖലയാണിത്‌. വിലക്കുറവും സമ്മാനങ്ങളും നല്‍കി മോഹിപ്പിച്ച്‌ നാട്ടുകവലയിലെ ചില്ലറ വ്യാപാരികളില്‍നിന്ന്‌ ഉപഭോക്താവിനെ മോചിപ്പിച്ച ശേഷം മാത്രമേ ഈ രംഗത്തെ കുത്തകകള്‍ യഥാര്‍ഥ മുഖം പുറത്തെടുക്കൂ. പഴങ്ങളും പച്ചക്കറികളും ശേഖരിക്കാന്‍ കുത്തകകള്‍ മത്സരിച്ചു തുടങ്ങിയപ്പോള്‍ തന്നെ വിലക്കയറ്റം ദൃശ്യമാണ്‌. തൊഴിലവസരങ്ങളും സാധനങ്ങളുടെ വിലക്കുറവും ചില്ലറ വ്യാപാര ശൃംഖലയുടെ മേന്‍മകളായി അധികൃതര്‍ എടുത്തു കാണിക്കുമ്പോള്‍ അത്‌ വരാനിരിക്കുന്ന പ്രതിസന്ധിയുടെ ആഴം അറിയാത്തതു കൊണ്ടല്ല, മറിച്ച്‌ ആഗോളീകരണത്തിണ്റ്റെ ഭാഗമുള്ള ഘടനാപരമായ പരിഷ്കാരം ഏര്‍പ്പെടുത്താനുള്ള നിര്‍ബന്ധിതാവസ്ഥയാണ്‌ പ്രകടമാകുന്നത്‌. ആഗോളീകരണം തെരഞ്ഞെടുത്തതോടെ ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഓരോ രാജ്യവും നിര്‍ബന്ധിതമാണ്‌. പടിപടിയായി അവ നമ്മുടെ ജീവിതത്തിണ്റ്റെ ഓരോ മേഖലയിലുമെത്തും. എന്തു വാങ്ങണം, എന്ത്‌ ഉപയോഗിക്കണം എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം പോലും നമ്മുടേതല്ലാതാകും.

2 comments:

  1. mnc outletukal, ithaa nammude naadineyum thakarkkan pokunnu :(

    ReplyDelete
  2. നല്ല ആര്‍ജവമുള്ള ലേഖനം. ഇത്തരം രചനകള് ശ്രദ്ധിക്കപ്പെടാതെ പോകുന്നതില് ദുഃഖമുണ്ട്.
    അഭിനന്ദനങ്ങള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...