
ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു.
ഫലസ്തീനികളെ
സ്നേഹിച്ച മണ്ടേല
പശ്ചിമേഷ്യയുടെ പ്രശ്ന സങ്കീര്‍ണതകള്‍ മനസ്സിലാക്കുകയും അവയുടെ പരിഹാരം നീതിയിലധിഷ്ഠിതമായിരിക്കണമെന്ന ഉറച്ച നിലപാടെടുക്കകയും ചെയ്ത നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല. ഫലസ്തീനികളെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു നേതാവുണ്ടാകില്ല. ജൂതന്മാരേയും അവരുടെ വിശാലദേശ സങ്കല്പത്തേയും വംശവെറിയേയും പ്രകോപിപ്പിക്കുമെന്നറിഞ്ഞിട്ടും തന്റെ സുചിന്തിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയാറായില്ല. നിലപാടുണ്ടായിട്ടും അത് ഉറക്കെ പറയാന്‍ മടിക്കുകയോ ഇരട്ടത്താപ്പ് സ്വീകരിക്കുകയോ ചെയ്യുന്ന നേതാക്കളുടെ ഇരട്ടിപ്പും മണ്ടേലയെ പോലെ ധീരന്മാരായ നേതാക്കളുടെ അഭാവവുമാണ് ഒരര്‍ഥത്തില്‍ ഫലസ്തീന് പ്രശ്നം നീട്ടിക്കൊണ്ടുപോകുകയും മേഖലയിലാകെ അസ്വസ്ഥത പടര്‍ത്തുകയും ചെയ്യുന്നത്.
ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു. സ്വന്തം രാഷ്ട്ര താല്പര്യങ്ങള്ക്ക് മാത്രം മുന്‍തൂക്കം നല്‍കുകയും ഫലസ്തീന് സമാധാനമെന്ന് നാഴികക്ക് നൂറുവട്ടം ആവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കിടയില്‍ മണ്ടേല സ്വീകരിച്ച ധീരമായ നിലപാടാണ് അദ്ദേഹത്തെ ഫലസ്തീനികള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഫലസ്തീന് പ്രദേശം സന്ദര്‍ശിക്കുകയും ജനകീയ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത മണ്ടേല ജൂത വംശവെറിയന്മാര്ക്ക് എന്നും കണ്ണിലെ കരടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ വംശവെറിക്കെതിരെ മണ്ടേല നേടിയ ഐതിഹാസിക വിജയം ഇസ്രായില്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തിനു പ്രചോദനവുമാണ്. 1999-ലാണ് മണ്ടേല ഫലസ്തീന് പ്രദേശങ്ങളും ഇസ്രായിലും സന്ദര്‍ശിച്ചത്.
ഇന്നിപ്പോള്‍ ഏതു ഫലസ്തീന് ചര്‍ച്ചയിലും കടന്നുവരരുതെന്ന് ഇസ്രായില്‍ ശഠിക്കുന്ന അഭയാര്‍ഥികളുടെ തിരിച്ചുവരവ് മുഖ്യവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ നേതാവായിരുന്നു മണ്ടേല. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫലസ്തീന് സമാധാന ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അലയുന്ന ഫലസ്തീനികളുടെ മടക്കം വിഷയമാകാറേയില്ല.
ഫലസ്തീന്-ഇസ്രായില്‍ സംഘര്‍ഷം കേവലം സൈനിക അധിനിവേശത്തിന്റേതു മാത്രമല്ലെന്നും ഇസ്രായില്‍ സാധാരണഗതിയില്‍ സ്ഥാപിതമായ രാഷ്ട്രമല്ലെന്നും 1967-ലെ അധിനിവേശത്തെ കേന്ദ്രീകരിച്ചു മാത്രം ഫലസ്തീന് പ്രശ്നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മണ്ടേല എല്ലാവരേയും ഓര്‍മിപ്പിച്ചു.
1948-ലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് പറയാന്‍ അദ്ദേഹം ആരേയും ഭയപ്പെട്ടില്ല. കേവലം ഒരു രാഷ്ട്രപദവിക്കുവേണ്ടി മാത്രമല്ല, ദക്ഷിണാഫ്രിക്കയില്‍ തങ്ങള്‍ നടത്തിയതുപോലെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും സമത്വത്തിനുംവേണ്ടിയാണ് ഫലസ്തീനികള്‍ പൊരുതുന്നതെന്നും അദ്ദേഹം ജനങ്ങളേയും നേതാക്കളേയും ബോധ്യപ്പെടുത്തി. 1967-ല്‍ അധിനിവേശം നടത്തിയ ഭൂമി പോലും വിട്ടുകൊടുക്കില്ല, കുടിയേറ്റ കേന്ദ്രങ്ങള്‍ അതുപോലെ നിലനിര്‍ത്തും, ജറൂസലം ഇസ്രായില്‍ പരമാധികാരത്തിനു കീഴിലായിരിക്കും, ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം അനുവദിച്ചാല്‍പോലും അത് ഇസ്രായിലി സമ്പദ്ഘടനക്ക് കീഴിലായിരിക്കുമെന്നും കര,കടല്‍,വ്യോമ അതിര്‍ത്തികളൊക്കെയും തങ്ങളുടെ കീഴിലായിരിക്കുമെന്നും ജൂതരാഷ്ട്രം കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോഴാണ് യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ ഒരു മണ്ടേല ഉണ്ടായിരുന്നത്.
ഞാന്‍ അറബികളെ വെറുക്കുന്നു, അറബികള്‍ കൊല്ലപ്പെടുന്നത് കാണാന്‍ കൊതിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഇസ്രായിലില്‍ ശക്തിപ്പെട്ട വംശീയ വിദ്വേഷത്തിലേക്ക് വിരല്‍ ചൂണ്ടാനും വെളുത്തവരുടേയും കറുത്തവരുടേയും വംശീയതക്കെതിരെ ശബ്ദമുയര്‍ത്തിയ ഈ മഹാ നേതാവിനു സാധിച്ചു. ഇസ്രായിലില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് സ്വയംതന്നെ വംശീയ വെറിയന്മാരെന്ന് പ്രഖ്യാപിക്കുന്ന ജൂത വംശീയതയിലേക്ക് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഇസ്രായിലിലെ നീതിന്യായ വ്യവസ്ഥ പോലും വംശീയതയിലധിഷ്ഠിതമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടി. ഫലസതീനികളോട് വിവേചനം പുലര്‍ത്തുന്നതാണ് ഇസ്രായിലി ജുഡീഷ്യല്‍ സംവിധാനം. ഫലസ്തീനികളുടേയും ജൂതന്മാരുടേയും ജീവനുകള്‍ക്ക് വെവ്വേറെ വിലകല്‍പിച്ചുകൊണ്ടാണ് ഇവിടെ നീതി നടപ്പിലാക്കപ്പെടുന്നത്. ഫലസ്തീനികളുടെ സ്വത്തുക്കള്‍ ഏതുസമയത്തും കൂട്ടിച്ചേര്‍ക്കേണ്ടതായതിനാല്‍ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നില്ല. ഫലസ്തീനികളുടെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട ഗാസയും വെസ്റ്റ് ബാങ്കും ഇസ്രായിലി വംശീയ വ്യവസ്ഥയുടെ ഭാഗമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതായിരുന്നു പിന്നീട് ഈ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ അതിക്രമങ്ങളും നരനായാട്ടും. വംശവെറി മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് കണക്കാക്കിയ മണ്ടേലക്ക് ദശലക്ഷക്കണക്കിനു ഫലസ്തീനികളുടെ സ്വാതന്ത്ര്യവും സ്വത്തുക്കളും കയ്യടക്കിയ ജൂതരാഷ്ട്രത്തോട് പൊറുക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലും നിരന്തര ഭീകരത നടപ്പിലാക്കിയ ഇസ്രായിലിന്റെ എല്ല ചെയ്തികള്‍ക്കു പിന്നിലും വംശവെറിയുടെ കനലുകളാണ് മണ്ടേല കണ്ടത്. അന്താരാഷ്ട ചട്ടങ്ങള്‍ക്കു വിരുദ്ധമായി ആയിരക്കണക്കിനു ഫലസ്തീനികളെ നിരന്തരം പീഡിപ്പിച്ച ജൂതരാഷ്ട്രത്തിന്റെ മുഖത്തുനോക്കി ഇത്രമേല്‍ ശക്തിയായി പറയാന്‍ മറ്റൊരു രാഷ്ട്ര നേതാവിനും സാധിച്ചിട്ടില്ല. ഇസ്രായിലിന്റെ സാങ്കേതിക പുരോഗതിയും ജൂതന്മാര്ക്ക് ആഗോള സമ്പദ്ഘടനയിലുള്ള സ്വാധീനവും പല രാഷ്ട്ര നേതാക്കളേയും തങ്ങളുടെ രാജ്യങ്ങളുടെ മുന്‍നിലപാട് വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യങ്ങള്‍ ഇസ്രായില്‍ താല്പര്യത്തിനു നിന്നുകൊടുക്കുകയും അവരെ വെള്ളപൂശാന്‍ ഒരുമ്പെടുകയും ചെയ്യുന്നു.
ജൂതരാഷ്ട്രത്തിന്റെ ഒരു ഉപോല്‍പന്നമാകരുത് ഫലസ്തീനെന്ന് പറയാന്‍ മണ്ടേലയെ പ്രേരിപ്പിച്ച സുപ്രധാന ഘടകം ഫലസ്തീനികളോട് ജൂതന്മാര് തുടരുന്ന പകയും വിദ്വേഷവും തന്നെയാണ്.