Pages

2/4/13

പ്രവാസികളുടെ പണം ആരു കൊണ്ടുപോകുന്നു?പ്രവാസികള്‍ അയക്കുന്ന പണത്തെ കുറിച്ച് പ്രകീര്‍ത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നൂറുനാക്കാണ്. കുടുംബം പുലര്‍ത്താന്‍ നാടു വിട്ടുപോയവര്‍ പണം അയച്ചിരുന്നില്ലെങ്കില്‍ നാടിന്റെ നടുവൊടിഞ്ഞേനേ എന്നു പറയുമ്പോള്‍ പ്രവാസികള്‍ സുഖിക്കുന്ന കാലം കഴിഞ്ഞുപോയ കാര്യം എല്ലാവരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൊച്ചിയില്‍ ഈ മാസം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ പ്രവാസിപ്പണത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 
ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികള്‍ നാട്ടിലയച്ച പണത്തിന്റെ കണക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളും അതു സ്വീകരിച്ച ഇന്ത്യയും പുറത്തു വിടാറുണ്ട്. കഴിഞ്ഞ മാസം അയച്ച പണം ഒന്നിനും തികഞ്ഞില്ലെന്ന കുടുംബക്കാരുടെ പരാതികളുടെ ഷോക്കില്‍നിന്ന് മുക്തമാകാന്‍ പ്രവാസി ടി.വിക്കു മുന്നില്‍ ചടഞ്ഞിരിക്കുമ്പോഴായിരിക്കും അമ്പരപ്പിക്കുന്ന കോടികളുടെ കണക്കു കേള്‍ക്കുന്നത്.
ഗള്‍ഫില്‍നിന്നു കിട്ടുന്ന ശമ്പളത്തില്‍ ഒട്ടും മിച്ചം വെക്കാതെ അയച്ചിട്ടും കുടുംബത്തിന്റെ ആവശ്യങ്ങള്‍ തീരുന്നില്ല. അടുത്ത മാസം പണം അയക്കാനാകുമ്പോഴേക്കും അവിടുന്നും ഇവിടുന്നും  വായ്പ വാങ്ങിയതിന്റെ കണക്കു കൂടി എത്തുകയായി. 
വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് നേതാക്കളും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിലെ വസ്തുത തൊട്ടറിയുന്നവനാണ് പ്രവാസി. ഇവിടെയും അവിടെയും ഒരുപോലെ വിലക്കയറ്റം. രണ്ടിടത്തും പ്രവാസിക്ക് വരുമാനത്തില്‍ ചെറിയൊരു ഭാഗം പോലും മിച്ചം വെക്കാന്‍ സാധിക്കുന്നില്ല. രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന വിലക്കയറ്റമാണ് പ്രവാസികളുടെ നടുവൊടിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഗള്‍ഫുകാര്‍ ആഡംബരത്തിനും പൊങ്ങച്ചത്തിനും പണം വാരിക്കോരി ചെലവഴിക്കുന്നുവെന്ന് ആദ്യമൊക്കെ നാട്ടില്‍ ഒരു പറച്ചിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ പ്രവാസികളുടെ കുടുംബങ്ങളും രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നു.
അയ്യോ, നാട്ടില്‍ ഒരു മാസം തികച്ചുനില്‍ക്കാനാവില്ലെന്ന പരിഭവങ്ങളാണ് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികള്‍ പങ്കുവെക്കുന്നത്. 
വിലക്കയറ്റം ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല, ലോകാടിസ്ഥാനത്തില്‍ തന്നെ ഇന്ന് ചര്‍ച്ചാവിഷയമാണ്  -പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. വരുമാനത്തിന്റെ ഭൂരിഭാഗവും വിശപ്പടക്കാന്‍ വേണ്ടി മാത്രം വിനിയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഫുഡ് ഇന്‍ഫ്‌ളേഷന്‍ എന്നു പേരിട്ട് സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ധരും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും പാവങ്ങളുടെയും സാധാരണക്കാരുടെയും സ്ഥിതി ദയനീയമായിക്കൊണ്ടിരിക്കുന്നു. 
പാവങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മാത്രമാണ് പഞ്ഞമില്ലാത്തത്. കഴിഞ്ഞയാഴ്ച ജയ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറും അതുപോലുള്ള സമ്മേളനങ്ങളും പാവങ്ങള്‍ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിനു കണക്കില്ല.
പണിയും വരുമാനവുമില്ലാതെ കോടികള്‍ ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പി.ചിദംബരവും അതുപോലെ സാമ്പത്തിക ശാസ്ത്രജ്ഞരും നൂറുകൂട്ടം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ പാവങ്ങളും സിദ്ധാന്തങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടി വരുമാനം വര്‍ധിപ്പിക്കാന്‍ ധനികരും എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. രാജ്യത്തെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്നുവെന്ന് പൊതുവെ പറയാറുണ്ട്. 
ഏറ്റവും ഒടുവില്‍ സ്വര്‍ണം ഇറക്കുമതിയുടെ തീരുവ 50 ശതമാനം വര്‍ധിപ്പിച്ച് പുറത്തേക്കുള്ള ഡോളറിന്റെ ഒഴുക്കിനു തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇറക്കുമതി ചുങ്കം നാല് ശതമാനത്തില്‍നിന്ന് ആറു ശതമാനമായി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന്റെ നിക്ഷേപ ഡിമാന്റ് കുറക്കുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. സവാള വാങ്ങുന്നതു പോലെ സാധാരണക്കാരന്‍ സ്വര്‍ണം വാങ്ങില്ലെങ്കിലും ഈ തീരുവവര്‍ധനയും സ്വര്‍ണ നിരക്കില്‍ വര്‍ധന വരുത്തി അവനെ തന്നെയാണ് അന്തിമമായി ബാധിക്കുക. പുതിയ തീരുവ മറികടക്കാന്‍ കള്ളക്കടത്തിന്റെ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു. അത് കള്ളപ്പണത്തിന്റെ ഒഴുക്ക് ഒന്നു കൂടി വര്‍ധിപ്പിച്ച് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നത് സിദ്ധാന്തത്തിനുമപ്പുറത്ത് സാധാരണക്കാരനു മനസ്സിലാകുന്ന പ്രായോഗിക വശം. 
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ആഘാതത്തില്‍ നഷ്ടപ്പെട്ടുപോയ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ വെമ്പുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന ഇന്ത്യയുടെ മറുഭാഗത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അവശേഷിക്കുന്ന ധാന്യമണികള്‍ക്കായി അടിപിടി കൂടുന്ന പാവങ്ങളുണ്ട്. ഇക്കൂട്ടരെ വിസ്മരിച്ചുകൊണ്ടാണ് അമേരിക്കയടക്കമുള്ള സാമ്പത്തിക ശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് അനുസൃതമായ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വളര്‍ച്ചാ നിരക്ക് മാത്രം മുന്നില്‍ കണ്ട് പരക്കം പായുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡികളുടെ ബലത്തിലെങ്കിലും ജീവിതം മുന്നോട്ടു നീക്കിയിരുന്ന പാവങ്ങള്‍ ഞെരിഞ്ഞമരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഫലമായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നും അവര്‍ ധാരാളമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചു തുടങ്ങിയെന്നും അതുകൊണ്ടാണ് വില വര്‍ധിക്കുന്നതെന്നും ഇവിടെ സിദ്ധാന്തങ്ങള്‍ മെനയപ്പെട്ടു.  സബ്‌സിഡി ഒഴിവാക്കിയും മറ്റും പൊതുവിതരണ ശൃംഖല തകര്‍ക്കുമ്പോള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും സാധാരണമാവുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉല്‍പാദകനും ഉപഭോക്താവിനും ഇടയിലുള്ള ഏജന്റുമാര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള മാര്‍ഗങ്ങളാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നത്. അവശ്യ വസ്തുക്കള്‍ പൊതുവിതരണം വഴി ന്യായവിലക്ക് ലഭ്യമാക്കിയാല്‍ വിലക്കയറ്റം തടയാനാകുമെന്ന സാധാരണക്കാരന്റെ പക്കലുള്ള സിദ്ധാന്തം മുദ്രാവാക്യങ്ങളായി പരിണമിക്കുന്നു.  എല്ലാം വിപണി അധിഷ്ഠിതമാകണമെന്ന് ശഠിക്കുമ്പോള്‍ വിപണി ശക്തികള്‍ നിര്‍ണയിക്കുന്ന വിളകള്‍ക്കു മാത്രമായി സ്ഥാനം. 
വിലക്കയറ്റത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും  കൂട്ടത്തില്‍ തന്നെയാണ് പ്രവാസി സാധാരണക്കാരുടെ കുടുംബങ്ങളുമിന്ന്. പണിയെടുക്കുന്ന സ്ഥലങ്ങളില്‍ ജീവിതച്ചെലവിന്റെ വര്‍ധനയും നാട്ടില്‍ അതിരൂക്ഷമായ വലിക്കയറ്റവും പ്രവാസിയെ ഒരുപോലെ പിടിച്ചുമുറുക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള തിരിച്ചുപോക്ക് പല കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. 
പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര, സംസ്ഥാന  പ്രവാസി മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നതെന്നു പോലും പ്രവാസികള്‍ക്ക് മനസ്സിലാകുന്നില്ല. ദശാബ്ദങ്ങളുടെ പ്രവാസത്തിനു ശേഷം തിരിച്ചെത്തുന്നവര്‍ക്ക് ശിഷ്ട ജീവിതം തള്ളിനീക്കുന്നതിനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടാക്കി നല്‍കണമെന്ന  ആവശ്യങ്ങള്‍ നിരാകരിച്ചവര്‍ ഇന്നു വാഗ്ദാനം ചെയ്യുന്നത്  നിശ്ചിത വിഹിതം അടച്ചാല്‍ ആയിരവും രണ്ടായിരവും രൂപ പെന്‍ഷനാെണന്നാണ്. 
വലിയ നോട്ടുകെട്ടുകള്‍ സഞ്ചിയില്‍ നിറച്ച് കടകളില്‍ പോകുന്നത് ഇന്തോനേഷ്യക്കാരെ കുറിച്ച് മാത്രമല്ല, നമ്മളെ കുറിച്ച് കൂടിയാകുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. റിയാലിന് കൂടുതല്‍ രൂപ കിട്ടി എന്ന് ആശ്വസിക്കുമ്പോള്‍, അത് ഒന്നിനും തികയാത്ത കടലാസുകളായി മാറുകയാണ് മറുഭാഗത്ത്. പോക്കറ്റില്‍ കാശുമായി പോയി സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് സഞ്ചിയില്‍ പണം കൊണ്ടുപോയാല്‍ പോക്കറ്റില്‍ വെക്കാവുന്ന സാധനങ്ങള്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണ് മടങ്ങുന്ന പ്രവാസികളെയും ഇവിടെ തുടരാന്‍ ഭാഗ്യമുള്ളവരെയും ഒരുപോലെ തുറിച്ചുനോക്കുന്നത്. 
4 comments:

 1. ഇവിടത്തെക്കാള്‍ ദുസ്സഹം നാട്ടിലാണെന്നതനുഭവം

  ഞാന്‍ വാങ്ങല്‍ വളരെ കുറച്ച് പിടിച്ചുനില്‍ക്കുന്നു

  മുമ്പ് വാങ്ങിയിരുന്ന പല നിത്യോപയോഗവസ്തുക്കളും ഉപേക്ഷിച്ചു

  ReplyDelete
 2. പണിയും വരുമാനവുമില്ലാതെ കോടികള്‍ ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പി.ചിദംബരവും അതുപോലെ സാമ്പത്തിക ശാസ്ത്രജ്ഞരും നൂറുകൂട്ടം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ പാവങ്ങളും സിദ്ധാന്തങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടി വരുമാനം വര്‍ധിപ്പിക്കാന്‍ ധനികരും എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.

  ഇതെഴുതിയതിനു ഒത്തിരി നന്ദി.

  ലേഖനം വളരെ നന്നായി

  ReplyDelete
 3. സിദ്ധാന്തങ്ങള്‍ കൊണ്ട് വയറു നിറയില്ല,. 2020ല്‍ സൂപര്‍ പവര്‍ ആകും എന്നല്ലേ പറയുന്നത്. കാത്തിരിക്കാം

  ReplyDelete

Related Posts Plugin for WordPress, Blogger...