9/24/12
നിരക്ഷരതയില്‍നിന്ന് വാഴ്സിറ്റി വിപ്ലവത്തിലേക്ക്
അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ തിരുഗേഹങ്ങളുടെ സേവകന് അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്.
നിരക്ഷരതയില്‍നിന്ന്
വാഴ്സിറ്റി വിപ്ലവത്തിലേക്ക്
എം. അഷ്റഫ്
മറ്റു പല രാജ്യങ്ങളേയും പോലെ സാക്ഷരതയില്‍ പിറകിലായിരുന്നു ഒരു കാലത്ത് സൗദി അറേബ്യയും. ഇവിടെ 90 ശതമാനം നിരക്ഷരരുണ്ടെന്നാണ് 1950-ല്‍ യുനെസ്കോ കണക്കാക്കിയത്. എന്നാല്‍ ആറു പതിറ്റാണ്ടുകള്‍ കൊണ്ട് ഈ നാട് കൈവരിച്ച വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുമ്പോള്‍ കണക്കില്‍ അതിശയോക്തി തോന്നാം. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഭരണാധികാരികളുടെ ചുവടുവെപ്പുകള്‍ ആധുനിക, ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പാണ് പോയ ദശകങ്ങള്‍ സമ്മാനിച്ചത്. നിരക്ഷരരുടെ എണ്ണക്കൂടുതലിനു പുറമേ, രാജ്യത്തെ മനുഷ്യവിഭവ ശേഷിയുടെ വികസനവും ആധുനികവല്കരണവും വിദ്യാഭ്യാസത്തെ മുഖ്യലക്ഷ്യമായി കാണാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചു. ഇന്ന് വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായും വിപുലമായും ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു സൗദി അറേബ്യ. 1953 വരെ ഉണ്ടായിരുന്ന ജനറല്‍ ഡയരക്ടറേറ്റ് വിദ്യാഭ്യാസ മന്ത്രാലയമായി മാറിയതു മുതല്‍ തുടക്കമിട്ടതായിരുന്നു വിദ്യാഭ്യാസ വിപ്ലവം. പുതിയ തലമുറയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യം മുന്നില്‍ കണ്ടും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയുമാണ് അബ്ദുല്‍ അസീസ് രാജാവ് മക്കളിലൊരാളായ ഫഹദ് രാജകുമാരനെ (അന്തരിച്ച ഫഹദ് രാജാവ്) രാജ്യത്തെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിച്ചത്. ഫഹദ് രാജാവ് വഴികാട്ടിയ വിദ്യാഭ്യാസ വിപ്ലവത്തെ തിരുഗേഹങ്ങളുടെ സേവകന് അബ്ദുല്ല രാജാവ് അതിന്റെ പാരമ്യതയിലെത്തിക്കുന്നതാണ് ഇന്ന് കാണാന്‍ കഴിയുക.
പ്രാഥമിക, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു നല്കിയ പ്രാധാന്യമൊക്കെ കടന്ന് രാജ്യം ഇപ്പോള്‍ സര്‍വകലാശാല വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിനു പുറമെ, കുട്ടികളുടേത് നിര്‍ധന കുടുംബങ്ങളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കാനും സംവിധാനമുണ്ടാക്കി. വനിതകള്‍ക്ക് ഇസ്ലാം അനുവദിച്ച വിശിഷ്ട സാമൂഹിക പദവിക്ക് അനുഗുണമായി പ്രത്യേകം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച് പെണ്‍കുട്ടികളുടെ പഠനത്തിനും പ്രാധാന്യം നല്കി. 1960 വരെ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ചതും പുരോഗതി കൈവരിച്ചതും. ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ക്ക് അര്‍ഹമായ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇന്ന് രാജ്യം പ്രയാസപ്പെടുന്നത്.
അബ്ദുല്ല രാജാവ് തുടക്കം കുറിച്ച യൂനിവേഴ്സിറ്റി സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. പതിനായിരം കോടി റിയാലിന്റെ വാഴ്സിറ്റി സിറ്റികളാണ് രാജ്യത്ത് ഉയരുന്നത്. 16 വാഴ്സിറ്റി കാമ്പസുകളും 166 പുതിയ കോളേജുകളും. ജിദ്ദ, റിയാദ് , ദമാം പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ രാജ്യത്തെ എല്ലാ മേഖലകളിലേക്കും വാഴ്സിറ്റി വിപ്ലവമെത്തിക്കുന്നു എന്നതാണ് സവിശേഷത. ജിസാന്‍, തായിഫ്, ഹായില്‍, തബൂക്ക്, ബാഹ, നജ്റാന്, അല്‍ ജൗഫ്, മജ്മഅ, ശഖ്റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ കാമ്പസുകളുണ്ട്. ഉന്നത കലാലയങ്ങളുമായി ബന്ധപ്പെട്ട് അനുബന്ധ വികസനവും രാജ്യത്ത് ദൃശ്യമാണ്. പാര്‍പ്പിട കേന്ദ്രങ്ങളും ആശുപത്രികളും ഇവയോടൊപ്പം ഉയര്‍ന്നുവന്നു.
ക്ഷേമവും ഐശ്വര്യവും സമ്മാനിച്ച വിദ്യാഭ്യാസ നവോത്ഥാനമായാണ് സൗദിയിലെ സര്‍വകലാശാല വിപ്ലവത്തെ വിലയിരുത്തുന്നത്. 2004-ല്‍ രാജ്യത്ത് 15 സര്‍ക്കാര്‍ സര്‍വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 32 ആണ്. കോളേജ് കാമ്പസുകള്‍ 314-ല്‍നിന്ന് 452 ആയി വര്‍ധിക്കുകയും ചെയ്തു. ഇതോടൊപ്പം വിദേശ യൂനിവേഴ്സിറ്റികളുടെ വിദ്യാഭ്യാസ സൗകര്യമൊരുക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് തഴച്ചു വളര്‍ന്നു.
അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്. ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായിരുന്നു ജിദ്ദയില്‍ സ്ഥാപിതമായ കിംഗ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (കൗസ്റ്റ്). രാജ്യത്തെ പൗരന്മാര്ക്ക് മാത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോഗപ്പെടുംവിധം വിജ്ഞാനത്തിന്റെ വികസനമാണ് കൗസ്റ്റ് ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ല രാജാവ് പറയുകയുണ്ടായി. ശാസ്ത്രജ്ഞന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും എന്‍ജിനീയര്‍മാരുടേയും പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങള്‍ക്ക് അവസരം നല്കുന്ന ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമെന്നതാണ് കൗസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന്റെ സ്വപ്നം.
ഇസ്ലാമിക സംസ്കാരം കെട്ടിപ്പടുക്കുന്നതില്‍ വഖ്ഫിന്റെ പ്രാധാന്യം എടുത്തുപറയാറുള്ള അദ്ദേഹം വരുംതലമുറകള്‍ക്കു കൂടി ഫലം കൊയ്യാവുന്ന സല്‍കര്‍മങ്ങളിലാണ് വിദ്യാഭ്യാസ രംഗത്തെ സഹായത്തെ വിശേഷിപ്പിക്കാറുള്ളത്.
ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗത്തെ ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയ കൗസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഖഫ് സംവിധാനം ഏര്‍പ്പെടുത്തിയതും അതിനായി സ്വതന്ത്ര ട്രസ്റ്റ് എര്‍പ്പെടുത്തിയതും സവിശേഷതയാണ്.
രാജ്യത്തെ പൗരന്മാരുടെ മാത്രമല്ല, ലോക ജനതയുടെ തന്നെ സാമ്പത്തിക പുരോഗതിയും സാമൂഹിക ക്ഷേമവുമാണ് അബ്ദുല്ല രാജാവ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ ലക്ഷ്യമെന്നു കൗസ്റ്റില്‍ പഠനത്തിനും ഗവേഷണത്തിനുമെത്തിയ വിവിധ ദേശക്കാരും ഭാഷക്കാരുമായ വിദ്യാര്‍ഥികള്‍ സാക്ഷ്യം വഹിക്കുന്നു.
ദേശീയ ദിനത്തിന് ഇരട്ടി മധുരമേകി ഹോട്ടലുകളും ബേക്കറികളും
ജിദ്ദ: ഹോട്ടലുകളും ബേക്കറികളും വിവിധ വിഭവങ്ങളൊരുക്കി സൗദി അറേബ്യയുടെ ദേശീയ ദിനത്തിനു ഇരട്ടി മധുരമേകി. ദേശീയ പതാകയുടേയും പരമ്പരാഗത സൗദി കെട്ടിടങ്ങളുടേയും മാതൃകയില്‍ തീര്‍ത്ത കേക്കുകള്‍ ആകര്‍ഷകമായി. വന്‍ വ്യാപാരം പ്രതീക്ഷിച്ചുകൊണ്ട് പ്രത്യേക കേക്കുകളും കപ്പ് കേക്കുകളും ലോലി പോപ്പുകളും ഒരുക്കിയ ബേക്കറികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രമുഖ ബേക്കറികള്‍ ആഘോഷം അവിസ്മരണീയമാക്കാന്‍ വിഭവങ്ങളൊരുക്കിയിരുന്നു.
ജിദ്ദ ഹില്‍ട്ടന്റെ അല്‍സാഫിന റെസ്റ്റോറന്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ ദിനം ആഘോഷിക്കാന്‍ ബുഫെ ഒരുക്കി. ജോലിക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ് അറബിക് കോഫിയും ഈത്തപ്പഴങ്ങളും പഴച്ചാറുകളും നല്‍കിയാണ് അതിഥികളെ വരവേറ്റത്. മനോഹരമായി അലങ്കരിച്ച ഹാളില്‍ തയാറാക്കിയ ബുഫെയില്‍ സൗദി വിഭവങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. 190 റിയാല്‍ മുതലായിരുന്നു ഒരാള്‍ക്ക് ബുഫെയില്‍ പങ്കെടുക്കാനുള്ള നിരക്ക്.
ജിദ്ദയിലെ അല്‍ അവാനി മോമോനി ഈത്തപ്പഴ സംസ്കരണ ഫാക്ടറി ദേശീയ ദിനാഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഫാക്ടറി സന്ദര്‍ശനത്തോടൊപ്പം ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളുമാണ് ഒരുക്കിയത്. ഈത്തപ്പഴ സംസ്കരണത്തിന്റെ വിവിധഘട്ടങ്ങള്‍ നേരില്‍ കാണാനും തുടര്‍ന്ന് അത്താഴത്തിനും യാത്രാ സൗകര്യമടക്കമാണ് അല്‍ അവാനി ഏര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് 422 റിയാലും ദമ്പതികള്‍ക്ക് 750 റിയാലുമാണ് ഈടാക്കിയത്.

9/6/12
ചരിത്രത്തിന്റെ കടലോരത്ത്
നീലക്കടലിനോട് കിന്നരിക്കുമ്പോള്‍ നീന്തിക്കടക്കാന്‍ ഭ്രമിപ്പിച്ചുകൊണ്ട് മാടിവിളിക്കുന്നു സീനായ് മലനിരകള്‍. ഇടതുവശം തിരിഞ്ഞുനിന്ന് ദൂരേക്ക് കണ്ണു പായിച്ചാല്‍ അകലെ കാണാം, മറ്റൊരു ചരിത്ര ദേശത്തിന്റെ മുനമ്പ്. അവിടെ അവ്യക്തമായി കാണുന്ന കെട്ടിടങ്ങളും സന്ധ്യ കഴിഞ്ഞാല്‍ അരിച്ചെത്തുന്ന വെളിച്ചവും ബൈത്തുല്‍ മഖ്ദിസ് ഉള്‍പ്പെടുന്ന ചരിത്ര ഭൂമിയില്‍നിന്നാണെന്നറിയുമ്പോള്‍ സഞ്ചാരിയുടെ മനസ്സിലേക്ക് ആഹ്ലാദം തിരതല്ലിയെത്തുന്നു.
നില്‍ക്കുന്നത് അഖബ കടലിടുക്കിനോട് ചേര്‍ന്നാണ്. നാല് ദേശങ്ങള്‍ പങ്കിടുന്ന ഈ ഉള്‍ക്കടലിന്റെ ശാന്തതയും മനോഹാരിതയും മറ്റൊരു സമുദ്രത്തിനുമില്ലെന്ന് തോന്നും. അതുകൊണ്ടു തന്നെയാണ് യാത്രക്കൊരുങ്ങുന്ന സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളും ഈ മനോഹര തീരത്തണയാന്‍ കൊതിക്കുന്നത്.
ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹഖല്‍ എന്ന കൊച്ചു പട്ടണം വികസനക്കുതിപ്പിലാണ്. ടൂറിസ്റ്റു റിസോര്‍ട്ടുകളും ഉല്ലാസ നൗകകളും ഹഖലിന്റെ പുതിയ കാഴ്ച.
ഹഖലിന്റെ കിഴക്കന്‍ അതിര്‍ത്തിയാണ് ജോര്‍ദാന്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനിക കോലാഹലങ്ങളാണ് മനസ്സിലെങ്കില്‍ ഇവിടെ പട്ടാള ദൃശ്യങ്ങളില്ല. സൗദി അറേബ്യയും ജോര്‍ദാനും ഈ അതിര്‍ത്തി അടയാളപ്പെടുത്താന്‍ തീരുമാനിച്ചതും ജോര്‍ദാനിലെ ഏക തുറമുഖമായ അഖബയോട് ചേര്‍ന്ന് ജോര്‍ദാന്‍ അല്പം ഭൂമി ലഭിച്ചതും 1965 ലാണ്. മുന്നിലെ കടലിന്റെ ശാന്തത പോലെ ഈ അതിര്‍ത്തിയും ശാന്തമാണ്. പടിഞ്ഞാറ് കടലിനപ്പുറത്ത് ഈജിപ്തും സീനായ് പര്‍വത നിരകളും. പിന്നെ വിദൂരമായി കാണുന്നത് ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തിലെ ടവറില്‍നിന്നുള്ള വെളിച്ചം.
സൗദിയുടെ വടക്കു പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് ഈജിപ്തിന് അഭിമുഖമായുള്ള തബൂക്ക് പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതാണ് ഹഖല്‍. അതിവേഗം ടൂറിസ്റ്റുകളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു ഹഖല്‍. പ്രവിശ്യയുടെ തലസ്ഥാനമായ തബൂക്ക് സിറ്റിയില്‍ നിന്ന് 250 കി.മീ അകലെയാണ്. തദ്ദേശീയരും വിദേശികളും പ്രകൃതി ഭംഗിയും സവിശേഷമായ കാലാവസ്ഥയും തേടി വാരാന്ത്യത്തില്‍ ഇങ്ങോട്ടൊഴുകുമ്പോള്‍ വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹഖലിലെ കാഴ്ചകള്‍ ചരിത്ര പഠന യാത്രകളുടെ ഭാഗമാണ്.
പൈതൃക കേന്ദ്രങ്ങളായ മദായിന്‍ സാലിഹും മദായിന്‍ ശുഐബും സന്ദര്‍ശിച്ചുകൊണ്ടാണ് ചരിത്രമുറങ്ങുന്ന സീനായ് മലനിരകളും അഖബ കടലിടുക്കും കാണാനെത്തുക. പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം ലോക മഹാ യുദ്ധത്തിന്റെ ശേഷിപ്പുകളും ഈ ഭൂമി ഏറ്റുവാങ്ങിയിരിക്കുന്നു. ഈദ് അവധി ദിനങ്ങളില്‍ ജിദ്ദയില്‍നിന്ന് പുറപ്പെട്ട ഇതുപോലൊരു പഠന യാത്രയിലാണ് ഹഖലില്‍ എത്തിച്ചേര്‍ന്നത്.
പ്രകൃതി മനോഹാരതിക്കൊപ്പം ചരിത്രമുറങ്ങുന്ന ഹഖലിലും സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ മലയാളി സാന്നിധ്യമുണ്ട്. തബൂക്ക് മൊത്തം അതിശൈത്യത്തിലമര്‍ന്നാലും ഇവിടെ നല്ല കാലാവസ്ഥയായിരിക്കുമെന്നത് മറ്റൊരു സവിശേഷത.
കടലിനോട് ചേര്‍ന്നുള്ള പള്ളിയുടെ പുറത്തെ ഭാഗം സഞ്ചാരികള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. മരത്തണലുകള്‍ കൂടിയുള്ള ഈ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാം, വിശ്രമിക്കാം.
ശാന്തത ആസ്വാദിച്ചുകൊണ്ട് കടലിലേക്ക് നോക്കിയിരുന്നാല്‍ ദൂരെ സീനായ് മലകളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ കടന്നു പോകുന്നത് കാണാം. ദൈവ ധിക്കാരത്തിന്റെ ഫലമായി മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും തകര്‍ന്നടിഞ്ഞ ജനപഥങ്ങളുടെ ചരിത്രം അയവിറക്കിയ ശേഷം ഹഖലിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സീനായ് മലനിരകള്‍ പറയുന്നതും പ്രവാചക ചരിത്രം തന്നെ.
മൂസാ നബിയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്ന പര്‍വത നിരകളാണ് സീനായ്. മൂസാ നബിക്ക് വേദഗ്രന്ഥം നല്കപ്പെട്ടത് ഈ പര്‍വത നിരയില്‍ വെച്ചായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു. മൂസായും കുടുംബവും സീനായുടെ ദക്ഷിണ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് അകലെ ഒരു വെളിച്ചം കണ്ടതെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അവിടെ പോയി കുറച്ചു തീ കൊണ്ടുവരികയാണെങ്കില്‍ കുട്ടികള്‍ക്കും കുടുംബത്തിനും രാത്രി ശൈത്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നായിരുന്നു മൂസാ കരുതിയത്. ഏറ്റവും ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മനസ്സിലാക്കുകയെങ്കിലും ചെയ്യാമല്ലോ എന്നു കരുതി അങ്ങോട്ട് പോയ അദ്ദേഹത്തിനു മോക്ഷത്തിലേക്കുള്ള വഴി കൂടി അവിടെനിന്ന് ലഭിച്ചു.
ഹഖലിന്റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരദേശത്തുകൂടി മടങ്ങുമ്പോള്‍ ഒന്നു നീന്തിയിട്ട് പോകാം എന്നു പറയും മഗ്ന ബീച്ച്. ദൂരെ ഈജിപ്തിലെ വെളിച്ചം നോക്കിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള ഇവിടെ നീന്തിത്തുടിക്കാം. ആഴവും വലിയ തിരകളുമുണ്ടെങ്കിലും കൂര്‍ത്തു മൂര്‍ത്ത കല്ലുകള്‍ തറയ്ക്കാനില്ലാത്ത ഇവിടെ നീന്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടയാളപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഹഖലില്‍ നിന്ന് ജിദ്ദയിലേക്ക് തീരദേശ പാതയുണ്ട്. ഈജിപ്തിലേക്ക് ഫെറി, കപ്പല്‍ സര്‍വീസ് നടത്തുന്ന ദുബയിലേക്ക് ഇതുവഴി എത്താം. അഖബ ഉള്‍ക്കടല്‍ ആരംഭിക്കുന്ന ദുബയില്‍നിന്ന് ഈജിപ്തിലെ രണ്ട് തുറമുഖങ്ങളിലെത്താന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മതി. ഈ കൊച്ചു തുറമുഖ നഗരം തിരക്കു കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ട്. ഇവിടെ നിന്ന് 180 കി.മീ അകലെയുള്ള തബൂക്കിലും 160 കി.മീ അകലെയുള്ള അല്‍വാജിലും വിമാനത്താവള സൗകര്യമുണ്ട്. ജിദ്ദയില്‍നിന്നും മക്കയില്‍നിന്നും തബൂക്കിലേക്കുള്ള സാപ്റ്റ്കോ ബസ് സര്‍വീസ് ദുബ വഴിയാണ്.
തബൂക്കില്‍നിന്ന് ചരിത്ര വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി മുഹമ്മദ് റഷീദ് അല്‍ മതീനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പദ്ധതിയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക കമ്മിറ്റി ഈ മാസം അവസാനം യോഗം ചേരും. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. കഴിഞ്ഞ ജൂണ്‍ 30 ന് അധികാരമേറ്റ ശേഷം രണ്ടു തവണ സൗദി അറേബ്യ സന്ദര്‍ശിച്ച ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പദ്ധതി നടപ്പിലാക്കാന്‍ അതീവ തല്പരനാണ്. കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അറബ് ടൂറിസത്തിനും കോസ്വേ സഹായകമാകും. ലോകത്തെ ഏറ്റവും വലിയ പാലമായിരിക്കും ഇത്. സൗദിയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് കോസ്വേയുടെ ദൂരം 25 കിലോ മീറ്ററാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഉംലജും യാമ്പുവും കടന്ന് ബസ് ജിദ്ദയിലെത്തിയപ്പോള്‍ അവിസ്മരണീയ പ്രകൃതിക്കാഴ്ചകളും ചരിത്ര ശേഷിപ്പുകളും വീണ്ടും മാടിവിളിക്കുന്നു.
മഗ്ന ബീച്ചില്‍നിന്ന് അസ്തമയം
നിര്‍ദിഷ്ട സൗദി-ഈജിപ്ത് പാലം ഇതാ ഇവിടെ
Subscribe to:
Posts (Atom)