9/24/12

നിരക്ഷരതയില്‍നിന്ന് വാഴ്‌സിറ്റി വിപ്ലവത്തിലേക്ക്




അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്.

നിരക്ഷരതയില്‍നിന്ന്
വാഴ്‌സിറ്റി വിപ്ലവത്തിലേക്ക്

എം. അഷ്‌റഫ്
മറ്റു പല രാജ്യങ്ങളേയും പോലെ സാക്ഷരതയില്‍ പിറകിലായിരുന്നു ഒരു കാലത്ത് സൗദി അറേബ്യയും. ഇവിടെ 90 ശതമാനം നിരക്ഷരരുണ്ടെന്നാണ് 1950-ല്‍ യുനെസ്‌കോ കണക്കാക്കിയത്. എന്നാല്‍ ആറു പതിറ്റാണ്ടുകള്‍ കൊണ്ട്  ഈ നാട് കൈവരിച്ച വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുമ്പോള്‍ കണക്കില്‍ അതിശയോക്തി തോന്നാം. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഭരണാധികാരികളുടെ ചുവടുവെപ്പുകള്‍ ആധുനിക, ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പാണ് പോയ ദശകങ്ങള്‍ സമ്മാനിച്ചത്. നിരക്ഷരരുടെ എണ്ണക്കൂടുതലിനു പുറമേ, രാജ്യത്തെ മനുഷ്യവിഭവ ശേഷിയുടെ വികസനവും ആധുനികവല്‍കരണവും വിദ്യാഭ്യാസത്തെ മുഖ്യലക്ഷ്യമായി കാണാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചു. ഇന്ന് വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായും വിപുലമായും ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു സൗദി അറേബ്യ. 1953 വരെ ഉണ്ടായിരുന്ന ജനറല്‍ ഡയരക്ടറേറ്റ് വിദ്യാഭ്യാസ മന്ത്രാലയമായി മാറിയതു മുതല്‍ തുടക്കമിട്ടതായിരുന്നു വിദ്യാഭ്യാസ വിപ്ലവം. പുതിയ തലമുറയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യം മുന്നില്‍ കണ്ടും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയുമാണ് അബ്ദുല്‍ അസീസ് രാജാവ് മക്കളിലൊരാളായ ഫഹദ് രാജകുമാരനെ (അന്തരിച്ച ഫഹദ് രാജാവ്) രാജ്യത്തെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിച്ചത്. ഫഹദ് രാജാവ് വഴികാട്ടിയ വിദ്യാഭ്യാസ വിപ്ലവത്തെ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് അതിന്റെ പാരമ്യതയിലെത്തിക്കുന്നതാണ് ഇന്ന് കാണാന്‍ കഴിയുക.
പ്രാഥമിക, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യമൊക്കെ കടന്ന് രാജ്യം ഇപ്പോള്‍ സര്‍വകലാശാല വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിനു പുറമെ, കുട്ടികളുടേത് നിര്‍ധന കുടുംബങ്ങളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കാനും സംവിധാനമുണ്ടാക്കി. വനിതകള്‍ക്ക് ഇസ്‌ലാം അനുവദിച്ച വിശിഷ്ട സാമൂഹിക പദവിക്ക് അനുഗുണമായി പ്രത്യേകം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച് പെണ്‍കുട്ടികളുടെ പഠനത്തിനും പ്രാധാന്യം നല്‍കി. 1960 വരെ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ചതും പുരോഗതി കൈവരിച്ചതും.  ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ക്ക് അര്‍ഹമായ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇന്ന് രാജ്യം പ്രയാസപ്പെടുന്നത്.
അബ്ദുല്ല രാജാവ് തുടക്കം കുറിച്ച യൂനിവേഴ്‌സിറ്റി സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. പതിനായിരം കോടി റിയാലിന്റെ വാഴ്‌സിറ്റി സിറ്റികളാണ് രാജ്യത്ത് ഉയരുന്നത്. 16 വാഴ്‌സിറ്റി കാമ്പസുകളും 166 പുതിയ കോളേജുകളും.  ജിദ്ദ, റിയാദ് , ദമാം പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ രാജ്യത്തെ എല്ലാ മേഖലകളിലേക്കും വാഴ്‌സിറ്റി വിപ്ലവമെത്തിക്കുന്നു എന്നതാണ് സവിശേഷത. ജിസാന്‍, തായിഫ്, ഹായില്‍, തബൂക്ക്, ബാഹ, നജ്‌റാന്‍, അല്‍ ജൗഫ്, മജ്മഅ, ശഖ്‌റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ കാമ്പസുകളുണ്ട്. ഉന്നത കലാലയങ്ങളുമായി ബന്ധപ്പെട്ട് അനുബന്ധ വികസനവും രാജ്യത്ത് ദൃശ്യമാണ്. പാര്‍പ്പിട കേന്ദ്രങ്ങളും ആശുപത്രികളും ഇവയോടൊപ്പം ഉയര്‍ന്നുവന്നു.
ക്ഷേമവും ഐശ്വര്യവും സമ്മാനിച്ച വിദ്യാഭ്യാസ നവോത്ഥാനമായാണ് സൗദിയിലെ സര്‍വകലാശാല വിപ്ലവത്തെ വിലയിരുത്തുന്നത്. 2004-ല്‍ രാജ്യത്ത് 15 സര്‍ക്കാര്‍ സര്‍വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 32 ആണ്. കോളേജ് കാമ്പസുകള്‍ 314-ല്‍നിന്ന് 452 ആയി വര്‍ധിക്കുകയും ചെയ്തു. ഇതോടൊപ്പം വിദേശ യൂനിവേഴ്‌സിറ്റികളുടെ വിദ്യാഭ്യാസ സൗകര്യമൊരുക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് തഴച്ചു വളര്‍ന്നു.
അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്. ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായിരുന്നു ജിദ്ദയില്‍ സ്ഥാപിതമായ കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കൗസ്റ്റ്). രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോഗപ്പെടുംവിധം വിജ്ഞാനത്തിന്റെ വികസനമാണ് കൗസ്റ്റ് ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ല രാജാവ് പറയുകയുണ്ടായി. ശാസ്ത്രജ്ഞന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും എന്‍ജിനീയര്‍മാരുടേയും  പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങള്‍ക്ക് അവസരം നല്‍കുന്ന ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമെന്നതാണ് കൗസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന്റെ സ്വപ്നം.
ഇസ്‌ലാമിക സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ വഖ്ഫിന്റെ പ്രാധാന്യം എടുത്തുപറയാറുള്ള അദ്ദേഹം വരുംതലമുറകള്‍ക്കു കൂടി ഫലം കൊയ്യാവുന്ന സല്‍കര്‍മങ്ങളിലാണ് വിദ്യാഭ്യാസ രംഗത്തെ സഹായത്തെ വിശേഷിപ്പിക്കാറുള്ളത്.
ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗത്തെ ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയ കൗസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഖഫ് സംവിധാനം ഏര്‍പ്പെടുത്തിയതും അതിനായി സ്വതന്ത്ര ട്രസ്റ്റ് എര്‍പ്പെടുത്തിയതും സവിശേഷതയാണ്.
രാജ്യത്തെ പൗരന്മാരുടെ മാത്രമല്ല, ലോക ജനതയുടെ തന്നെ സാമ്പത്തിക പുരോഗതിയും സാമൂഹിക ക്ഷേമവുമാണ് അബ്ദുല്ല രാജാവ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ ലക്ഷ്യമെന്നു കൗസ്റ്റില്‍ പഠനത്തിനും ഗവേഷണത്തിനുമെത്തിയ വിവിധ ദേശക്കാരും ഭാഷക്കാരുമായ വിദ്യാര്‍ഥികള്‍ സാക്ഷ്യം വഹിക്കുന്നു.

2 comments:

  1. Saudi nediya nettam abhinandaneeyam.

    ReplyDelete
  2. അറിവാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം .
    ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍
    രാജ്യത്തെ വിപ്ളവകരമായ മാറ്റങ്ങളിലേയ്ക്ക് നയിക്കുന്നു .

    ReplyDelete

Related Posts Plugin for WordPress, Blogger...