Pages

11/29/08

പാട്ടീല്‍ ഇനി എന്തു ചെയ്യും?

അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

എം. അഷ്‌റഫ്‌

ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ സ്‌തംഭിപ്പിച്ച മുംബൈ ഭീകരാക്രമണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന വിശകലനത്തിലാണ്‌ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍. അധികാരം ബി.ജെ.പി നേതാവ്‌ എല്‍.കെ. അദ്വാനിയുടെ കരങ്ങളില്‍ അധ്വാനിക്കാതെ തന്നെ എത്തിച്ചേരുന്നത്‌ ഇനി സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്ന വിലയിരുത്തലിനാണ്‌ ഇപ്പോള്‍ മേല്‍ക്കൈ. രാജ്യത്തെ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്കോ എല്ലാം അറിയുന്നവര്‍ എന്നു നടിക്കുന്ന ലോക പോലീസായ അമേരിക്കയുടെ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്കോ ഒരു വിധത്തിലുള്ള സൂചനയും നല്‍കാതെയാണ്‌ ഭീകരര്‍ കടല്‍ കടന്നെത്തിയതെന്ന്‌ സമ്മതിക്കുമ്പോള്‍ മറുഭാഗത്ത്‌ അത്‌ രാജ്യത്തിന്റേയും പൗരന്മാരുടേയും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ തങ്ങള്‍ പരാജയമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതമായി മാറുകയാണ്‌.
ഈ കുറ്റസമ്മതത്തില്‍നിന്നുള്ള വോട്ടുകള്‍ തേടി തന്നെയാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി മുംബൈയില്‍ എത്തിയതും കോടി പ്രഖ്യാപനം നടത്തിയതും. മുംബൈ ഉള്‍ക്കൊള്ളന്ന മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ മുഖം കാണിക്കുന്നതിനുമുമ്പ്‌ തന്നെ മോഡിയുടെ കോടിക്കാണ്‌ ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്‌.
ദല്‍ഹിയെ വിറപ്പിച്ച സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ വിവിധ പാര്‍ട്ടികള്‍ തല ചോദിച്ചപ്പോള്‍ ജാമിഅ നഗറിലെ ബട്‌ല ഹൗസില്‍ താമസിച്ച തീവ്രവാദി വിദ്യാര്‍ഥികളുടെ തല നല്‍കി സ്വന്തം തല രക്ഷിക്കാന്‍ സാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ കേന്ദ്ര സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും രക്ഷിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യമാണ്‌ ഉയര്‍ന്നുവരുന്നത്‌.
ഗ്രാമങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി, വികസനവും സമ്പത്തും സൗകര്യങ്ങളും സുഖലോലുപതയും മാത്രം സ്വപ്‌നം കാണുന്ന മഹാ നഗരങ്ങളിലുള്ളവരുടെ വോട്ടുകളെ ചെറിയ സ്‌ഫോടനം പോലും എളുപ്പം സ്വാധീനിക്കും. ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക്‌ പിന്നീട്‌ വിസ്‌മരിക്കാവുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി വോട്ട്‌ തട്ടാന്‍ പാര്‍ട്ടികള്‍ക്ക്‌ കഴിയുമെങ്കിലും മുംബൈ, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ സ്ഥിതി വ്യത്യസ്‌തമാണ്‌. അവിടെ ജീവന്റെ സുരക്ഷയേക്കാള്‍ പ്രധാനം സമ്പത്തിന്റെ സുരക്ഷയാണ്‌. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്‌ വീഴുമെന്നും അത്‌ ഹിന്ദി മേഖലയില്‍ മൊത്തം പ്രതിഫലിക്കുമെന്നുമാണ്‌ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലിയിരുത്തിയിരിക്കുന്നത്‌.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ മുസ്‌ലിം വോട്ട്‌ നേടാനാകുമെന്ന്‌ പ്രത്യാശിച്ച കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറും പൗരാവകാശ പ്രവര്‍ത്തകര്‍ സംശയങ്ങളുന്നയിച്ച ബട്‌ല ഹൗസ്‌ ഏറ്റുമുട്ടലും ന്യൂനപക്ഷ മനസ്സുകളില്‍ ഏല്‍പിച്ച ആശങ്കകള്‍. അതേസമയം, രാജ്യത്തെ എല്ലാ സ്‌ഫോടനങ്ങള്‍ക്കും മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്ന ഭരണകൂട, മാധ്യമ രീതിക്ക്‌ മറുപടിയായിക്കൊണ്ട്‌ മാലേഗാവ്‌ അന്വേഷണത്തിലുണ്ടായ വഴിത്തിരിവ്‌ ന്യൂനപക്ഷ വിശ്വാസം ഒരിക്കല്‍കൂടി ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനു വഴി തുറന്നിരുന്നു.
അമേരിക്കയുടെ നയങ്ങളുടെ പ്രതികരണമായി രൂപപ്പെട്ട ഭീകരത ഇന്ന്‌ എല്ലാ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്‌. അയല്‍രാജ്യമായ പാക്കിസ്ഥാനു നേരെയാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അടക്കമുള്ളവര്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നതെങ്കിലും അമേരിക്കയുടെ എഫ്‌.ബി.ഐ കൂടി എത്തുന്നതോടെ അത്‌ അന്താരാഷ്‌ട്ര ശൃംഖലകളുള്ള അല്‍ഖാഇദയില്‍ എത്തിച്ചേരാനാണ്‌ സാധ്യത. അമേരിക്കയുടെ സഖ്യത്തില്‍ ചേരുന്നതിനെതിരെ നേരത്തെ അല്‍ഖാഇദ നല്‍കിയ മുന്നറിയിപ്പും വിദേശ വി.ഐ.പികള്‍ തങ്ങുന്ന ഹോട്ടലുകള്‍ ഭീകരര്‍ ലക്ഷ്യമാക്കിയതും ഇതിനുള്ള സൂചനകളാണ്‌.
ഭീകരാക്രമണമുണ്ടാകില്ലെന്ന്‌ ലോകത്തെ ഒരു രാജ്യത്തിനും സ്വന്തം ജനതക്ക്‌ ഉറപ്പു നല്‍കാനാകില്ലെങ്കിലും കക്ഷി രാഷ്‌ട്രീയം ജനാധിപത്യത്തിനും പൗരബോധത്തിനുമപ്പുറം സ്വാധീനം നേടിയ ഇന്ത്യയെ പോലുള്ള രാജ്യത്തെ ജനങ്ങളെ എളുപ്പം കുപ്പിയിലിറക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക്‌ കഴിയും.
രാജ്യത്തെ പൗരന്മാരുടെ സ്വസ്ഥത മാത്രമല്ല, അധഃപതനം തുടങ്ങിക്കഴിഞ്ഞ അമേരിക്കയുടെ സ്ഥാനത്ത്‌ മഹാശക്തിയാകുമെന്ന്‌ യു.എസ്‌ ഇന്റലിജന്‍സ്‌ തന്നെ പ്രവചിച്ചിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം വിറപ്പിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ തന്നെയാണ്‌ ഭീകരര്‍ ലക്ഷ്യമിട്ടത്‌.
അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ട സെപ്‌റ്റംബര്‍ 11-ലെ ഭീകരതയാണ്‌ ഇന്ന്‌ അമേരിക്കയും ലോകം തന്നെയും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉല്‍പത്തിയെന്ന വിശകലനമുണ്ട്‌. അതിനു തുടര്‍ച്ചയായി യു.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ നടത്തിയ ഇറാഖ്‌, അഫ്‌ഗാനിസ്ഥാന്‍ സാഹസികതയാണ്‌ പ്രതിസന്ധിയുടെ ഉള്ളറകളില്‍ കണ്ടെത്താന്‍ കഴിയുക.
ആഗോള പ്രതിസന്ധിയുടെ ആഘാതം ഇന്ത്യയിലും അനുഭവപ്പെട്ടു തുടങ്ങിയ വേളയിലാണ്‌ അശനിപാതം പോലെ പുതിയ ആക്രമണം. വന്‍ വ്യവസായികളും ആഗോള കമ്പനികളുടെ എക്‌സിക്യൂട്ടീവുകളും ഒരുപോലെ ആശ്രയിക്കുന്നതാണ്‌ മുംബൈയിലെ താജ്‌ ഹോട്ടല്‍. അവിടെ കത്തിയെരിഞ്ഞ മുറികളില്‍ ഇന്ത്യയുടെ വ്യാപാര സ്വപ്‌നങ്ങള്‍ കൂടിയാണ്‌ കത്തിയെരിഞ്ഞത്‌. ഇന്ത്യയില്‍നിന്ന്‌ നിക്ഷേപം പിന്‍വലിച്ചുകൊണ്ടുപോകാന്‍ രൂപയുടെ മൂല്യശോഷണത്തേക്കാള്‍ വിദേശ മുതല്‍മുടക്കുകാരെ പ്രേരിപ്പിക്കുന്നതാണ്‌ മൂന്ന്‌ ദിവസം മുംബൈ മഹാനഗരം സാക്ഷ്യം വഹിച്ച തീക്കളി.

3 comments:

 1. അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

  ReplyDelete
 2. Tell your friends not to engage in such attacks, because after every attack it is BJP which come closer to to power.
  Is there any other reason why you are against terrorist attacks, Mr. Ashraf?

  ReplyDelete
 3. ശ്രീ.അഷറഫ്
  ആദ്യം താങ്കള്‍ ഈ പേര് മാറ്റൂ. ഈ പേര് വെച്ചുക്കൊണ്ട് താ‍ങ്കള്‍ക്ക് ഇങ്ങനെയൊന്നും പറയാനുള്ള അവകാശമില്ല. അഷറഫ് എന്ന പേര് എപോഴെങ്കിലും ഒരു ഭീകരവ്vഅദിയുടെ പേര്‍ ആയി വരാന്‍ സാധ്യതയുള്ളതാണ്. ചില അനോണി കമന്റുകള്‍ വരുന്നത് അങ്ങനെയാണ്. മുംബൈയില്‍ രാജ്യം മുള്‍മുനയില്‍ ന്നില്‍ക്കുമ്പോള്‍ അവിടെ പ്രസംഗിച്ച് ഷൈന്‍ ചെയ്ത് പോയത് ഇന്ത്യയുടെ “ഭാവി പ്രധാനമന്ത്രിയാണ്” അത് മറക്കാത്രിക്കുക. ഒരു നല്ല്ല നാളേക്ക് വേണ്ടി പ്രാ‍ര്‍ഥിക്കുക.

  ReplyDelete

Related Posts Plugin for WordPress, Blogger...