എം.അഷ്‌റഫ്
(ഏപ്രില്‍ 17ന് മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)
ജിദ്ദ: പാസ്‌പോര്‍ട്ട് പുതുക്കിയപ്പോള്‍ പേര് ചേര്‍ക്കുന്നതില്‍ വരുത്തിയ പരിഷ്‌കാരം ഒരു മലയാളി യുവാവിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. കോഴിക്കോട് ഓഫീസില്‍നിന്ന് പുതുക്കിയ പാസ്‌പോര്‍ട്ടുമായി ഒരാഴ്‌ച മുമ്പ് ജിദ്ദ കിംഗ് അബ്‌ദുല്‍ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങിയ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഉസ്സയിന്റെ വളപ്പില്‍ ശബീര്‍ അഹ്‌മദാണ് വ്യാജ പാസ്‌പോര്‍ട്ടിന്റെ പേരില്‍ പിടിക്കപ്പെട്ട് തിരിച്ചയക്കപ്പെട്ടത്. ദിവസങ്ങളോളം എയര്‍പോര്‍ട്ടിലും തര്‍ഹീലിലും കഴിഞ്ഞ യുവാവ് ഇന്നലെ ജോര്‍ദാന്‍ വഴി മുംബൈയിലെത്തി. ആദ്യത്തെ പാസ്‌പോര്‍ട്ടില്‍ ശബീര്‍ അഹ്‌മദ് ഉസ്സയിന്റെ വളപ്പില്‍ എന്ന പേര് പുതുക്കിയപ്പോള്‍ ഉസ്സയിന്റെ വളപ്പില്‍ ശബീര്‍ അഹ്‌മദ് ആയതാണ് വിനയായത്. കോണ്‍സുലേറ്റിന്റെ സഹായത്തോടെ ശബീറിനെ മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ അല്‍ ബാഹയില്‍നിന്നെത്തിയ സഹോദരന്‍ അമീറുദ്ദീന്‍ നിരാശനായി മടങ്ങി. നേരത്തെ അല്‍ ബാഹയില്‍ ജോലി ചെയ്‌തിരുന്ന ശബീര്‍ നാട്ടില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ് പഠിച്ച് പുതിയ ജോലിയില്‍ പ്രവേശിക്കാനാണ് നജ്‌റാനില്‍നിന്ന് സമ്പാദിച്ച വിസയില്‍ എത്തിയത്. കോഴിക്കോട് ഓഫീസില്‍നിന്ന് പാസ്‌പോര്‍ട്ട് പുതുക്കിയപ്പോള്‍ നേരത്തെ `ഗിവണ്‍ നെയിം' കോളത്തില്‍ ഉണ്ടായിരുന്ന വീട്ടുപേരിന്റെ സ്ഥാനത്ത് ശരിയായ പേര് തന്നെ ചേര്‍ക്കുകയായിരുന്നു. പുതിയ വിസയിലെത്തിയ ശബീറിന്റെ ഫിംഗര്‍ പ്രിന്റ് എമിഗ്രേഷന്‍ കൗണ്ടറില്‍ എടുത്തപ്പോള്‍ തന്നെ നേരത്തെ എക്‌സിറ്റില്‍ പോയ ഉസ്സയിന്റവളപ്പിലാണെന്ന നിഗമനത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു. രണ്ടും ഒരാളാണെന്ന് ധരിപ്പിക്കാന്‍ യുവാവിന് സാവകാശം ലഭിച്ചതുമില്ല. പുതുതായി വിസ നല്‍കിയ സ്‌പോണ്‍സര്‍ ബന്ധപ്പെട്ടപ്പോള്‍ വിസയിലെത്തിയ ആള്‍ നേരത്തെ എക്‌സിറ്റില്‍ പോയി വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയതാണെന്ന മറുപടിയാണ് ജവാസാത്ത് അധികൃതരില്‍നിന്ന് ലഭിച്ചത്. എംബസി പ്രതിനിധി എത്തി പാസ്‌പോര്‍ട്ടില്‍ കൃത്രിമമില്ലെന്ന് സ്ഥിരീകരിച്ചാല്‍ വിട്ടയക്കാമെന്ന് അധികൃതര്‍ സ്‌പോണ്‍സറെ അറിയിച്ചിരുന്നുവെന്ന് അമീറുദ്ദീന്‍ പറഞ്ഞു. രണ്ട് പാസ്‌പോര്‍ട്ടും ഒരാളുടേതാണെന്ന് സ്ഥിരീകരിച്ചുകിട്ടാന്‍ അമീറുദ്ദീന്‍ ചൊവ്വാഴ്‌ച കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ കഴിയുംമുമ്പ് ചൊവ്വാഴ്‌ച തന്നെ ജോര്‍ദാന്‍ വഴിയുള്ള വിമാനത്തില്‍ കയറ്റിവിട്ടിരുന്നു. ഇക്കാര്യം അറിയാതെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കോണ്‍സുലേറ്റിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അമീറുദ്ദീന്‍ ജിദ്ദയിലുണ്ടായിരുന്ന വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനു നിവേദനം നല്‍കുകയുമുണ്ടായി. പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടുമായി എത്തിയാല്‍ വേണ്ടതു ചെയ്യാമെന്നാണത്രെ കോണ്‍സുലേറ്റ് അധികൃതര്‍ അമീറുദ്ദീനോട് പറഞ്ഞത്. പഴയ പാസ്‌പോര്‍ട്ടിന്റേയും പുതുക്കിയ പാസ്‌പോര്‍ട്ടിന്റേയും നമ്പറുകളും പഴയ പാസ്‌പോര്‍ട്ട് കോപ്പിയും കോണ്‍സുലേറ്റില്‍ എത്തിച്ച അമീറുദ്ദീന്‍ സൗദി അധികൃതരുടെ പക്കലുള്ള പുതിയ പാസ്‌പോര്‍ട്ട് തനിക്ക് എങ്ങനെ ലഭിക്കുമെന്ന് കൈമലര്‍ത്തി. പാസ്‌പോര്‍ട്ടില്‍ പേരു ചേര്‍ക്കുമ്പോള്‍ വന്ന പിഴവ് പുതുക്കുമ്പോള്‍ തിരുത്തുന്നത് എക്‌സിറ്റില്‍ പോയി പുതിയ വിസയില്‍ വരുന്നവരെ കുഴപ്പത്തിലാക്കുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പുതിയ പാസ്‌പോര്‍ട്ടില്‍ പേര് വ്യത്യാസം ചൂണ്ടിക്കാട്ടി ഈയിടെ ജിദ്ദ കോണ്‍സുലേറ്റിനെ സമീപിച്ചയാള്‍ക്ക് അബദ്ധം തിരുത്തിയതാണെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ആവശ്യം വരികയാണെങ്കില്‍ രണ്ട് പാസ്‌പോര്‍ട്ടും ഒരാളുടേതാണെന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്‌തു. പേരുകളുടെ കോളത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് എപ്പോഴും കൂടെ കരുതുന്നതാകും ബുദ്ധി.
informative psot.. thank you
ReplyDelete