3/25/08

രാപ്പാര്‍ക്കാന്‍ ഇടം കൊടുത്തു;പണവുമായി കടന്നു

എം. അഷ്‌റഫ്‌
മാര്‍ച്ച്‌ 24- മലയാളം ന്യൂസ്‌
ജിദ്ദ: തട്ടിപ്പുകളുടേയും പിടിച്ചുപറിയുടേയും വാര്‍ത്തകള്‍ ധാരാളം കേള്‍ക്കാറുണ്ടെങ്കിലും ജോലി നഷ്‌ടപ്പെട്ട മലയാളിക്ക്‌ അഭയം നല്‍കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കഴിയുകയാണ്‌ മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത്‌ പാല സ്വദേശി കൊല്ലേരി മൂസ. ജാമിഅയില്‍ ഹാരിസായി ജോലി ചെയ്യുന്ന മൂസ നാട്ടിലെ അത്യാവശ്യത്തിനായി കരുതി വെച്ച 1970 റിയാല്‍ നഷ്‌ടപ്പെട്ട സങ്കടത്തിലാണ്‌. പണം നഷ്‌ടപ്പെട്ടതിനോടൊപ്പം നാട്ടുകാരനില്‍നിന്നുണ്ടായ ചതിയും ഓര്‍ത്ത്‌ വിഷമിക്കുന്ന മൂസയെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കാവുന്നില്ല.ഖുന്‍ഫുദയില്‍നിന്നെത്തി രണ്ടു മാസത്തോളം മൂസ ജോലി ചെയ്‌ത ഫ്‌ളാറ്റിനു സമീപത്തെ ബഖാലയില്‍ ജോലി ചെയ്‌തിരുന്ന മലയാളിയാണ്‌ രാവിലെ മൂസ ഉണരും മുമ്പേ പണവുമായി കടന്നത്‌. പരപ്പനങ്ങാടി സ്വദേശി അബ്‌ദുല്‍ മജീദ്‌ എന്നാണ്‌ യുവാവ്‌ പരിചയപ്പെടുത്തിയിരുന്നത്‌. ബഖാലയിലെ ജോലി ഒഴിവായ ശേഷം അബ്‌ദുല്‍ മജീദ്‌ രാപ്പാര്‍ക്കാനിടം ആവശ്യപ്പെടുകയായിരുന്നു. രാത്രി മജീദ്‌ കാണ്‍കെ തന്നെയാണ്‌ താന്‍ പണം വെച്ചിരുന്നതെന്നും പുലര്‍ച്ചെ ഉണരുമ്പോഴേക്കും മജീദ്‌ പോയിക്കഴിഞ്ഞിരുന്നുവെന്നും മൂസ പറയുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ മജീദിനെ കുറിച്ച്‌ പരപ്പനങ്ങാടിക്കാരോട്‌ അന്വേഷിച്ചപ്പോള്‍ ഉള്ളണം സ്വദേശിയാണെന്നാണ്‌ സുഹൃത്തുക്കള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌. ഖുന്‍ഫുദയിലേയോ ജിദ്ദയിലേയോ ഉള്ളണം സ്വദേശികള്‍ മജീദിനെ കണ്ടെത്തി തന്റെ പണം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ്‌ മൂസ.

1 comment:

  1. ആരെയും വിശ്വസിക്കാന്‍ പ്രയാസം.. വിശ്വസിച്ചാല്‍ വഞ്ചിക്കപ്പെടുമെന്ന അവസ്ഥ

    ReplyDelete

Related Posts Plugin for WordPress, Blogger...