10/11/12

രാജവിഥികളിലെ കൊള്ളക്കാരെ തേടി






കാവല്‍ക്കാരന്റെ അനുമതി ലഭിച്ചതും സഞ്ചാരികള്‍ കുന്നിനു മുകളിലേക്കു കുതിച്ചു. ദൂരെക്കാണുന്ന ശിലാഭവനങ്ങള്‍ ലക്ഷ്യമാക്കി ഓട്ടമത്സരം നടത്തുന്ന അവര്‍ ഒട്ടേറെ ജനപഥങ്ങളുടെ ഉത്ഥാനപതനങ്ങള്‍ കണ്ട ചരിത്രത്തിലേക്കു കൂടിയാണ് ഓടിക്കയറുന്നത്.
ചരിത്രശേഷിപ്പായി അവിടെ കാണുന്നത് മല തുരന്നുണ്ടാക്കിയ ഏതാനും ഭവനങ്ങള്‍. അകത്തേക്ക് നൂണുകയറി വെളിച്ചമില്ലാത്ത ഉള്‍മുറികളില്‍ ക്യാമറയുടേയും മൊബൈലിന്റേയും വെളിച്ചത്തില്‍ അവര്‍ ആരെയാണ് അന്വേഷിക്കുന്നത്. യാത്രാ സംഘത്തെ കൊള്ളയടിക്കാനോ കച്ചവടസംഘങ്ങളില്‍നിന്ന് വെട്ടിപ്പ് നടത്താനോ തക്കം പാര്‍ത്തിരിക്കുന്ന ഒരു ഐക്ക വാസി അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ?
ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്ന ആധുനിക മനുഷ്യനെ നയിക്കുന്ന മുദ്രാവക്യം ഏതോ കാലത്തുതന്നെ പ്രായോഗികമാക്കി അതിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഒരു ജനതയുടെ ചരിത്രം പറയാന്‍ ഇവിടെ ഒരാളുടെ ആവശ്യമില്ല, ഈ ചരിത്രശേഷിപ്പു മതി.
പച്ചപ്പ് ചിറകുവിടര്‍ത്തിയിരുന്ന ഈ പ്രദേശത്ത് മരുപ്പച്ചതേടി പിന്നെയും ജനപഥങ്ങള്‍ പലതും വന്നുപോയെങ്കിലും തലമുറകള്‍ക്കായി കാത്തുവെച്ചിരിക്കയാണ് ഈ കാഴ്ചകള്‍.

സൗദി അറേബ്യയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെ മദായിന്‍ ശുഐബെന്നും മാഗയിര്‍ ശുഐബെന്നും അറിയപ്പെടുന്ന ചരിത്രശേഷിപ്പ് കാണാനെത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും വിവരിക്കപ്പെട്ടിരിക്കുന്ന ശഐബ് നബിയുടേയും അദ്ദേഹത്തിന്റെ ജനതയുടേയും ചരിത്രമാണ് മനസ്സില്‍. തബൂക്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ പഴയ പേരാണ് ഐക്ക.
എക്കാലത്തേയും മനുഷ്യര്‍ക്ക് ചരിത്രപാഠം നല്‍കാന്‍ കാത്തുവെച്ചിരിക്കുന്ന ശേഷിപ്പുകള്‍ക്ക് മീതെ പില്‍ക്കാലത്തുവന്ന ജനതകളുടെ ചരിത്രം അടിച്ചേല്‍പിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ ശ്രമങ്ങളുണ്ട്. എന്നാല്‍ പോലും പേരുസൂചിപ്പിക്കുന്നതു പോലെ മദാഇന്‍ സാലിഹിനൊപ്പം മദാഇന്‍ ശുഐബും വാതില്‍ തുറക്കുന്നത് ചിരിത്രകഥനത്തിലേക്കു തന്നെ.
മദാഇന്‍ ശുഐബില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പുരാവശിഷ്ടം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിനപ്പുറത്തേക്കുള്ള വസ്തുതകള്‍ ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ചുകൊണ്ട് മണ്ണൊലിപ്പില്‍ ഒലിച്ചുതീരാത്ത ഈ ശിലാഭവനങ്ങളുടെ കാത്തിരിപ്പ് മറ്റൊന്നിനല്ല. ദൈവികശിക്ഷ ഇറങ്ങിയ പ്രദേശമെന്ന ഖ്യാതി ഈ പ്രദേശത്തുനിന്ന് മായ്ച്ചുകളയുക സാധ്യമേയല്ല.
ശുഐബ് നബിയേയും ദൈവിക നിര്‍ദേശങ്ങളേയും ധിക്കരിച്ചതിന്റെ ഫലമായി ശിക്ഷ ഇറങ്ങിയ പ്രദേശമാണ് മദായിന്‍ ശുഐബ്. ആ ദേശം തകര്‍ന്നടിഞ്ഞ ശേഷവും അറബികള്‍ക്ക് ദൃഷ്ടാന്തമായി അതുനിലനിന്നതിനാലാണ് ഇന്നും പേരുകൊണ്ടുതന്നെ ഈ സ്ഥലം അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അറബികള്‍ തലമുറകളായി കൈമാറിപ്പോന്ന ചരിത്രം ഗവേഷണം പാതിഴിയിലെത്തിയ നിരീക്ഷണത്തെ അതിജീവിക്കുന്നു. തകര്‍ന്നടിഞ്ഞ ജനപഥത്തിന്റെ പുരാവശിഷ്ടങ്ങള്‍ക്ക് മധ്യത്തിലൂടെ ആയിരുന്നു അറബികളുടെ സാര്‍ഥവാഹക സംഘങ്ങള്‍ സിറിയയിലേക്കും ഈജിപ്്തിലേക്കും പോയിരുന്നത്.

മദ്‌യന്‍ വാസികളിലേക്കാണ് ശുഐബ് നബിയെ നിയോഗിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അല്‍ അഅ്‌റാഫ് 85-87)
ഭൂമിയില്‍ സംസ്‌കരണം വന്നശേഷം നാശമുണ്ടാക്കരുതെന്നും അളവുതൂക്കത്തില്‍ കൃത്യത പാലിക്കണമെന്നും ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാണ് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തത്. ബഹുദൈവ വിശ്വാസത്തിനുപുറമേ, വ്യാപാരത്തിലെ ചതിയും കൃത്രിമവുമാണ് മദ്‌യന്‍കാരില്‍ കാണപ്പെട്ട ഏറ്റവും വലിയ തിന്മ. പൂര്‍വപ്രവാചകന്മാര്‍ പടുത്തുയര്‍ത്തിയ ധാര്‍മിക ജീവിതവ്യവസ്ഥ നശിപ്പിക്കരുതെന്നും അവരോട് ശുഐബ് നബി പറഞ്ഞു. രാജവീഥികളിലെ കൊള്ളക്കാരായി അവര്‍ വിലസി.
ശുഐബ് നബിയുടെ ആഹ്വാനം ചെവിക്കൊള്ളാതെ ആ സമൂഹത്തിലെ നായകന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങിയ ജനതയെ കിടിലം കൊള്ളിക്കുന്ന വിപത്ത് ബാധിക്കുകയും ആ ഭവനങ്ങളില്‍ താമസിക്കുകയേ ഉണ്ടായിട്ടില്ലാത്തവിധം തുടച്ചുനീക്കപ്പെട്ടുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അഅ്‌റാഫ് 90-93).
സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് ചെങ്കടലിന്റേയും അഖബാ ഉള്‍ക്കടലിന്റേയും തീരത്തൂടെ സീനാ ഉപദ്വീപിന്റെ കിഴക്കെ കരയിലോളം നീണ്ടതായിരുന്നു മദ്‌യന്‍ ദേശം. ചെങ്കടല്‍ തീരത്തൂടെ യെമനില്‍നിന്ന് യാമ്പു വഴി സിറിയ വരേയും ഇറാഖില്‍നിന്ന് ഈജിപ്ത് വരേയും പോകുന്ന വ്യാപാര മാര്‍ഗങ്ങളുടെ ഒരു ജംഗ്ഷനായിരുന്നു അത്.  ഇബ്രാഹിം നബിക്ക് മൂന്നാമത്തെ പത്‌നി ഖാത്തൂറയില്‍ ജനിച്ച പുത്രന്‍ മിദ്‌യാനോട് ബന്ധപ്പെട്ട ഒരു ജനവിഭാഗമാിരുന്നു ഇവരെന്നും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോയ ഇവരെ സംസ്‌കരിക്കാനാണ് ശഐബ് നബി നിയോഗിതനായതെന്നും മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നു.
ഈജിപ്തിലേക്കും ഇറാഖിലേക്കും കടന്നുപോകുന്ന കച്ചവട സംഘങ്ങളെ ചൂഷണം ചെയ്യാതെ, സത്യസന്ധരായി ജീവിക്കണമെന്ന ശുഐബിന്റെ ആഹ്വാനം സ്വീകരിച്ചാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ നേട്ടങ്ങളും നഷ്ടപ്പെടുമെന്ന് ഉണര്‍ത്തിയ അവരുടെ നേതാക്കള്‍ മറ്റൊരര്‍ഥത്തില്‍ മത വിശ്വാസം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ശഠിച്ചത്.
ധനം ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്നും പൂര്‍വികര്‍ ആരാധിച്ച ദൈവങ്ങളെ ഉപേക്ഷിക്കണമെന്നും പറയാന്‍ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ എന്ന് അവര്‍ ശുഐബ് നബിയോട് ചോദിക്കുന്നുണ്ട് (ഹൂദ 84-86)
ഗുണകാംക്ഷയോടെയുള്ള ഒരു സദുപദേശകന്‍ മാത്രമാണ് താനെന്നും നിങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ഇന്നത്തെ സുസ്ഥിതി സകലരേയും വലയം ചെയ്യുന്ന പീഡനം നിറഞ്ഞ ഒരു ദിനം വന്നെത്തുമെന്ന് ഭയപ്പെടുന്നുവെന്നും ശുഐബ് നബി അവര്‍ക്ക് മറുപടി നല്‍കുന്നു.
ദൈവികശിക്ഷ ഏറ്റുവാങ്ങിയ മദ്‌യന്‍ ജനതക്ക് സംഭവിച്ച നാശം വളരെ കാലത്തോളം അയല്‍നാടുകളിലും മറ്റു ജനതകളിലും ഒരു ചൊല്ലായി നിലനിന്നിരുവെന്ന് ബൈബിളും പറയുന്നു.
സംരക്ഷിത പ്രദേശമായതിനാല്‍ തലസ്ഥാനമായ റിയാദിലെ പുരാവസ്തു വിഭാഗം ഡയരക്ടറില്‍നിന്ന് അനുമതി വാങ്ങിവേണം മദാഇന്‍ ശുഐബും അതുപോലുള്ള ചരിത്രശേഷിപ്പുകളും പുരാവസ്തു കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍.
പേരില്‍നിന്നു ഭിന്നമായി, നബ്ത്തി സാമ്രാജ്യത്തിന്റെ ശേഷിപ്പായാണ് മദാഇന്‍ ശുഐബ് നിലവില്‍ അംഗീകരിക്കപ്പെട്ട ചരിത്ര ശേഷിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശുഐബ് നബിക്ക് ശേഷം ഒട്ടേറെ ജനപഥങ്ങള്‍ ഇവിടെ ജീവിച്ചു കടന്നുപോയി എന്നാണ് അനുമാനിക്കേണ്ടത്.
പ്രവാചകന്‍ മുഹമ്മദിനു (സ)700 വര്‍ഷം മുമ്പ് ദമസ്‌കസ് മുതല്‍ ചെങ്കടല്‍വരെ നീണ്ടുപരന്നു കിടന്ന ഒരു രാജവംശമായിരുന്നു നബ്ത്തി. ഇവരുടെ ബാക്കി പത്രമാണ് സൗദിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യന്ന ഹിസ്മ പര്‍വത നിരയിലുള്ളതെന്ന് ഔദ്യോഗിക ഭാഷ്യം. ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന ശവകുടീരങ്ങള്‍ക്ക് സാമ്യമുള്ള സൗദിയിലെ ചുകപ്പന്‍ കുടീരങ്ങളിലേക്ക് ചരിത്രത്തെ വലിച്ചുനീട്ടിയത് യൂറോപ്യനായ ചോള്‍ഡ് ഡോട്ടി ആയിരുന്നു.
മദായിന്‍ ശുഐബിലെ ശേഷിപ്പിന് മദായിന്‍ സാലിഹിലെ ശിലാഭവനങ്ങളോട് സാമ്യതയുണ്ടെങ്കിലും മനോഹാരിതയിലും വ്യാപ്തിയിലും മദായിന്‍ സാലിഹാണ് മുന്നില്‍. നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് നബ്ത്തികളുടെ പട്ടങ്ങളുടേയും ശവകുടീരങ്ങളുടേയും കിണറുകളുടേയും അവശിഷ്ടങ്ങള്‍. അറബിയുടെ സ്വാധീനം പ്രകടമായ അരാമിക് ഭാഷ സംസാരിച്ചിരുന്ന പുരാതന ജനവിഭാഗമായിരുന്നു നബ്ത്തികള്‍. ആ കാലഘട്ടത്തിലെ എന്‍ജിനീയറിംഗില്‍ വൈദഗ്ധ്യം പുലര്‍ത്തിയ അവര്‍ കിണറുകളും കനാലുകളും നിര്‍മിച്ച് ജലസേചനം നടത്തി പച്ചപ്പുകള്‍ തീര്‍ത്തു. അവരുടെ കിണറുകളില്‍ ചിലത് ഇക്കാലത്തും ഉപയോഗ യോഗ്യമാണ്. വടക്കന്‍ തബൂക്ക് വരെ നീണ്ടുകിടക്കുന്നതും ഹിസ്മ, സെയ്ത, അബിയദ് താഴ് വരകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഹിസ്മയാണ് മേഖലയിലെ ഏറ്റവും വലിയ പര്‍വതനിര. ഇത് തബൂക്കിലെ സറവാത്ത് മലനിരകളോടൊപ്പം ചേര്‍ന്ന് വടക്കോട്ട് നീണ്ട് ജോര്‍ദാനിലെ വാദിറുമില്‍ എത്തുന്നു. 
തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെയുള്ള വാദി അഫലിലാണ് മദായിന്‍ ശുഐബ് ഉള്‍പ്പെടുന്നത്. ഇവിടെ നബ്ത്തികളുടെ മുപ്പതോളം ശവകുടീരങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 20 വര്‍ഷം നീണ്ട വരള്‍ച്ചയാണ് ഇവിടെനിന്ന് നബ്ത്തിയന്‍ അധിവാസ കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തതെന്നും പറയുന്നു. അതേസമയം, നബ്ത്തികളുടെ തലസ്ഥാനമായിരുന്ന ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന കുടീരങ്ങളും മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും കാണുന്ന ശേഷിപ്പുകളും വ്യത്യസ്തമാണെന്ന നിരീക്ഷണം ശക്തമാണ്.
ഈജിപ്ത് വിട്ട മൂസാ നബി ശുഐബ് നബിയുടെ സമൂഹം താമസിച്ചിരുന്ന മദ്‌യനിലേക്കാണ് വന്നതെന്ന് ഖുര്‍ആനും ബൈബിളും വ്യക്തമാക്കുന്നു. ഫറോവക്ക് സ്വാധീനമോ നിയന്ത്രണമോ ഇല്ലാത്ത പ്രദേശമായതിനാലാണ് മൂസാ നബി മദ്‌യിനിലേക്ക് നീങ്ങിയത്. സീനായുടെ തെക്കും പടിഞ്ഞാറും ഭാഗത്തല്ലാതെ ഉപദ്വീപില്‍ മുഴുവന്‍ ഫറോവക്ക് നിയന്ത്രണമുണ്ടായിരുന്നില്ല.
അറബികള്‍ കൈമാറിയ അറിവാണ് ഈ പ്രദേശം തന്നെയാണ് ശഐബ് നബിയുടെ ജനത താമസിച്ചിരുന്ന മദ്‌യന്‍ എന്നുള്ളത്. ഇന്ന് അത് അല്‍ ബിദ് എന്നറിയപ്പെടുന്നു. ചരിത്രകാരന്മാരും പൊതുവെ ഇതുതന്നെയാണ് പുരാതന മദ്‌യനെന്ന് സമ്മതിക്കുന്നു. 
മഴ പെയ്താല്‍ വീണ്ടും കിളിര്‍ക്കുമെന്നും അരുവികള്‍ ഒഴുകുമെന്നും തോന്നിപ്പിക്കുന്ന ഈ പ്രദേശത്ത്  വ്യത്യസ്ത കാലഘട്ടങ്ങളില്‍ വേറെയും ജനപഥങ്ങള്‍ താമസിച്ചിരുന്നു. ടോളമി അല്‍ ഉയ്‌യ്‌നയെന്നു പരാമര്‍ശിച്ച ഈ പ്രദേശം പുരാതന മരുപ്പച്ചയായിരുന്നു. തബൂക്കിന്റെ തെക്കു പടിഞ്ഞാറ് അല്‍ദിസാഹിലും കിണറുകളുടേയും പാര്‍പ്പിടങ്ങളുടേയും ശിലാലിഖിതങ്ങളുടേയും ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു.
ശുഐബ് നബിയുടെ സമുദായത്തിനുശേഷം വന്ന ജനപഥങ്ങളും വരള്‍ച്ചക്കെടുതിയില്‍ നാമാവശേഷമായെന്നു മനസ്സിക്കുമ്പോള്‍ വരുംതലമുറകള്‍ക്കുള്ള പാഠമാണിതെന്ന ഖുര്‍ആന്റെ പ്രഖ്യാപനവും അതിന്റെ സ്വാധീനവുമാണ് പ്രകടമാകുന്നത്.
മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളും ധിക്കാരികളുമായ പ്രമാണികളോട് ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പ്രവാചകന്‍ (സ) കല്‍പിച്ച മദായിന്‍ ശുഐബിന്റെ ശേഷിപ്പ് അന്വേഷിക്കുന്ന സഞ്ചാരികള്‍ക്ക് ഈ ഭൂപ്രകൃതി തന്നെ അതു സമ്മാനിക്കുന്നുണ്ട്. പ്രവാചകന്‍ (സ) മക്കയിലെ അവിശ്വാസികള്‍ക്ക് മുമ്പാകെ ചെയ്തതു പോലെ, പൂര്‍വ പ്രവാചകന്മാരായ നൂഹിന്റേയും ഹൂദിന്റേയും സാലിഹിന്റേയും ജനത്തെ ബാധിച്ച മഹാവിപത്ത് നിങ്ങള്‍ക്ക് എത്താതിരിക്കട്ടെയെന്ന് പറയുന്ന ശുഐബ് നബി വിപത്ത് ഏറ്റുവാങ്ങിയ ലൂത്തിന്റെ ജനത നിങ്ങളുടെ അടുത്താണല്ലോ എന്നു പറയുന്നുണ്ട് (ഹൂദ് 88-90)
ലൂത്ത് നബിയുടെ ജനത ശുഐബ് നബിയുടെ ജനത താമസിച്ചിരുന്ന ദേശത്തിന്റെ തൊട്ടടുത്തായിരുന്നു എന്നു മാത്രമല്ല, അപ്പോഴേക്കും 600-700 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ. കുടുംബമില്ലായിരുന്നുവെങ്കില്‍ കൊന്നു കളയുമെന്ന് ആ സമൂഹത്തിലെ നേതാക്കള്‍ ശുഐബ് നബിയെ ഭീഷണിപ്പെടുത്തിയതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
മദീനയില്‍നിന്നുള്ള യാത്രയില്‍ മദായിന്‍ സാലിഹിനുശേഷം തബൂക്കിലുള്ള മദായിന്‍ ശുഐബ് കൂടി ഉള്‍പ്പെടുത്തുന്നവര്‍ക്ക് അഖബ ഉള്‍ക്കടലിന്റെ തീരത്ത് സൗദിയുടെ ജോര്‍ദാന്‍ അതിര്‍ത്തിയായ ഹഖല്‍ കൂടി കണ്ടു മടങ്ങാം. ഇവിടെനിന്ന് നോക്കിയാല്‍ കടലിനക്കരെ ഈജിപ്തിലെ സീനായ് മലനിരകളും വിദൂരതയില്‍ ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തില്‍നിന്നുള്ള വെളിച്ചവും കാണാം. 


3 comments:

  1. ..മല തുരന്നുണ്ടാക്കിയ ഭവനങ്ങള്‍
    ..സൗദിയിലെ ചുകപ്പന്‍ കുടീരങ്ങള്‍

    കാണാന്‍ കൊതിക്കും ഇങ്ങിനെ ചില വാക്കുകളില്‍

    ReplyDelete
  2. കാണാൻ ഇഷ്ടപെടുന്ന സഥലങ്ങൾ

    ReplyDelete
  3. ഒരു യാത്രപോലെ..

    ReplyDelete

Related Posts Plugin for WordPress, Blogger...