10/11/12

അസ്ഥികള്‍ കഥ പറയുന്നു



 യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന സൗദി അറേബ്യന്‍ പ്രവിശ്യയാണ് നജ്‌റാന്‍. കാര്‍ഷിക നഗരമെന്നു പേരുകേട്ട ഇവിടെ വിശുദ്ധ ഖുര്‍ആനില്‍ ഇടംപിടിച്ച ഒരു ദുരന്ത സംഭവത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

അമേരിക്കയിലും പുറത്തും ഇസ്‌ലാം ഭീതി പടര്‍ത്തുന്നതിന് ഇന്ന് മുന്‍പന്തിയിലുള്ള ജൂതന്മാരുടെ ക്രൂരതയുടെ മുദ്രകളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രാചീന നഗരത്തിന്റെ ശേഷിപ്പുകള്‍. പച്ചപ്പുള്ള ഈ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ തേടുന്ന അസ്ഥികള്‍ പറയുന്ന കഥയുടെ തുടര്‍ച്ചയാണ് ഈയിടെ അമേരിക്കയുടെ കൂടി പൗരത്വമുള്ള ഒരു ആധുനിക ജൂതന്‍ നൂറുപേരില്‍നിന്ന് പത്ത് ലക്ഷം ഡോളര്‍ പിരിച്ചെടുത്ത് നിര്‍മിച്ച സിനിമക്കു പിന്നിലെയും വിദ്വേഷം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു രാജാവ് പ്രകടിപ്പിച്ച വിദ്വേഷത്തിന്റേയും രാഷ്ട്രീയ, സാമ്പത്തിക മോഹങ്ങളുടേയും ആവര്‍ത്തനം തന്നെയാണ്  ഇസ്‌ലാമിനേയും മുഹമ്മദിനേയും അവഹേളിക്കുന്നതിന് കാലിഫോര്‍ണിയയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സാം ബാസിലി നിര്‍മിച്ച സിനിമക്കുപിന്നിലും.
 
അമേരിക്കയില്‍ നിലം പൊത്തിയ ഇരട്ട ടവറുകളും സെപ്റ്റംബര്‍ പതിനൊന്നും ഓരോ വര്‍ഷവും അനുസ്മരിക്കുമ്പോള്‍ ഇസ്‌ലാമിനെ വീഴ്ത്താന്‍ ശ്രമിക്കുന്ന ജൂത തന്ത്രങ്ങള്‍ നജ്‌റാനിലെ മായാത്ത ചരിത്രത്തിലെ വിറകുകൊള്ളികള്‍ക്കു സമാനമാണ്. വിശ്വാസികളെ പച്ചക്കു ചുട്ടുകൊന്നവരുടെ പാരമ്പര്യം പേറുന്നവരാണ് ഇന്നും ആഗോള ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിച്ച് ഫലം കൊയ്യുന്നത്. വെന്തുതീരുന്ന വിശ്വാസികളെ നോക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് അട്ടഹസിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് കൈയടക്കിവെച്ചിരിക്കുന്ന  ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ അതിന്റെ തനിയാവര്‍ത്തനം നടപ്പിലാക്കുന്നു.

കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു.
ആ കിടങ്ങുകള്‍ തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു.
അവര്‍ അതിന്റെ വക്കില്‍ ഇരുന്ന് സത്യവിശ്വാസികളോട്
ചെയ്തതൊക്കെ നോക്കിക്കണ്ടത് ഓര്‍ക്കുക.
അജയ്യനും സ്തുത്യര്‍ഹനും ആകാശഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു  അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം.
അല്ലാഹു എല്ലാ കാര്യത്തിനും ദൃക്‌സാക്ഷിയാണ്.
വിശുദ്ധ ഖുര്‍ആന്‍ (85: 4-9)
നജ്‌റാന്റെ പ്രാചീന പേരാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്ന അല്‍ ഉഖ്ദൂദ്. നജ്‌റാന്‍ സിറ്റിയില്‍നിന്ന് ആറ് കിലോമീറ്റര്‍ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നു. നജ്‌റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്ദൂദ് പ്രദേശമെന്നു പറയാം. സമീപ പ്രദേശങ്ങളിലെല്ലാം ജനവാസമുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ്  വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് മുസ്‌ലിം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കിടങ്ങിലിട്ട് വിശ്വാസികളെ ചുട്ടുകളഞ്ഞ സംഭവം ചരിത്രത്തില്‍ വേറെയുമുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായ സംഭവം നജ്‌റാനിലേതാണ്.
അറബ് ലോകത്തെ പാശ്ചാത്യ ലോകവുമായി ബന്ധിപ്പിച്ച കുന്തിരിക്ക പാതയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു നജ്‌റാന്‍. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നുവെന്ന് കരുതുന്ന ഇവിടെ വ്യാപാരം തഴച്ചുവളര്‍ന്നത് ക്രിസ്തുവിന് മുമ്പ് ഒന്നും രണ്ടും നൂറ്റാണ്ടുകളിലായിരുന്നു. പ്രാചീന നഗരശേഷപ്പുകളില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ കണ്ടുകിട്ടിയ പാത്രങ്ങളും ലോഹങ്ങളും മറ്റും നജ്‌റാന്‍ മ്യൂസിയത്തില്‍ കാണാം. സവിശേഷമായ കെട്ടിടങ്ങളും കോട്ടയും മതിലുകളുമൊക്കെ തകര്‍ന്നടഞ്ഞതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന്  ഉഖ്ദൂദില്‍ കാണാനുള്ളത്. ചുട്ടെരിച്ചവരുടെ എല്ലുകളാണെന്ന് പറയാനാവില്ലെങ്കിലും കല്ലുകള്‍ക്കിടയില്‍ പരതി നടന്നാല്‍ അസ്ഥികള്‍ കണ്ടെത്താം.
അവേശഷിക്കുന്ന ആ അസ്ഥികള്‍ നമ്മെ കൊണ്ടുപോകുന്നത് ഖുര്‍ആന്‍ പരാമര്‍ശിച്ച സംഭവത്തിലേക്കാകുമെന്നതില്‍ സംശയമില്ല.
ഈജിപ്തുകളിലെ പിരമിഡ് നിര്‍മിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകള്‍ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ട നിര്‍മിച്ചത്. സൗദി പുരാവസ്തു മന്ത്രാലയത്തിനു കീഴിലെ സംഘങ്ങള്‍ നജ്‌റാനില്‍ നടത്തിയ സര്‍വേയില്‍ ഇസ്‌ലാമിനും മുമ്പും ഇസ്‌ലാമിന്റെ ആദ്യകാലത്തുമുള്ള കേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഉഖ്ദൂദില്‍ കാണുന്ന കല്ലുകളിലും പാറകളിലും മൃഗങ്ങളുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളുമുണ്ട്.
വസ്ത്രനിര്‍മാണത്തില്‍ പേരെടുത്ത യഹൂദ വിശ്വസികളാണ് ഈ പ്രദേശത്തു താമസിച്ചിരുന്നതെന്നും പിന്നീട് അവര്‍ ക്രൈസ്തവ വിശ്വാസികളായെന്നും പിന്മുറക്കാര്‍ ഒടുവില്‍ സി.ഇ 630-631-ല്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും  ചരിത്രം പറയുന്നു.
യെമനിലെ ഹിംയര്‍ രാജാവായിരുന്ന തുബാന്‍ യസ്‌രിബ് (മദീനയുടെ ആദ്യനാമം) സന്ദര്‍ശിച്ച വേളയില്‍ ജൂതന്മാരില്‍ ആകൃഷ്ടനായി ജൂതമതം സ്വീകരിച്ചുവെന്നും തുടര്‍ന്ന് ഖുറൈള ഗോത്രത്തിലെ ജൂതപണ്ഡിതന്മാരെ യെമനിലേക്ക് കൊണ്ടുപോയെന്നും ഇബ്‌നുഹിശാം, ത്വബരി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ ഇസ്‌ലാമിക ചരിത്രകാരന്മാര്‍ വിവരിക്കുന്നു. ഇന്ന് നജ്‌റാന്‍ പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യെമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്താം.

യെമനില്‍ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിന്‍ഗാമിയായി അധികാരമേറ്റ പുത്രന്‍ ദൂനവാസ്  സി.ഇ 523 ല്‍ ദക്ഷിണ അറേബ്യയിലെ െ്രെകസ്തവ മേഖലയായിരുന്ന നജ്‌റാന്റെ നിയന്ത്രണം പിടിച്ചതാണ്   കിടങ്ങുസംഭവത്തിന് ആധാരം. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങള്‍  ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാര്‍ഗഭ്രംശമില്ലാതെ  ഈസാ(അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നുവെന്ന് ഇബ്‌നുഹിശാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയുടേയും അധികാരത്തിന്റേയും ഹുങ്കില്‍ ദൂനവാസ്  ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോട്ടക്കു സമീപം കിടങ്ങുകളില്‍ വലിയ അഗ്നികുണ്ഡങ്ങള്‍ തീര്‍ത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ദൂനവാസിന്റെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്‌റാന്‍കാരന്‍ നല്‍കിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്‌കാസിതനാകാന്‍ നിമിത്തമായത്. 70,000 ഭടന്മാരുള്ള  അബിസീനിയന്‍ (എത്യോപ്യ) സൈന്യം യെമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂതഭരണത്തിന്  അന്ത്യം കുറിച്ചത്. ദൂനവാസിന്റെ ക്രൂരതയുടെ വിവരങ്ങള്‍ റോമിലെ സീസര്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അബിസീനിയയിലെ നജ്ജാശി (നേഗസ്) രാജാവിന് കത്തയച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. 

 രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളും  ദൂനവാസിനെ നജ്‌റാന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതായി ചരിത്രരേഖകളില്‍ തെളിയുന്നുണ്ട്. ദക്ഷിണ അറേബ്യയിലെ പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രമായിരുന്ന നജ്‌റാനില്‍ അന്ന് തുകല്‍ വ്യവസായവും ആയുധവ്യവസായവും പുഷ്ടിപ്പെട്ടിരുന്നു. യെമനീ വസ്ത്രങ്ങളിലൂടെയും നജ്‌റാന്‍ പ്രശ്‌സതമായി.
നേരത്തെ, ഫെയ്മിയോന്‍ എന്ന സന്യാസിയുടെ പ്രബോധന ഫലമായാണ് നജ്‌റാനിലെ വിഗ്രഹാരാധകര്‍ ഈസാ നബിയുടെ മതം സ്വീകരിച്ചത്.  നജ്‌റാനില്‍ അന്ന് ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഗോത്രത്തലവനെയാണ് ദൂനവാസ് വധിച്ചത്. സുറിയാനി ചരിത്രകാരന്മാര്‍  അറത്താസ് എന്നു വിളിച്ച ഇദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളെ ഭാര്യ വേമയുടെ മുമ്പില്‍വെച്ച് കൊന്ന് ആ ചോര അവരെക്കൊണ്ടു കുടിപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിശ്വാസത്തില്‍ ഉറച്ചുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ  അഗ്നി നിറച്ച കിടങ്ങുകളില്‍ തള്ളിയത്. രാജാവും കിങ്കരന്മാരും കിടങ്ങിനു ചുറ്റുമിരുന്ന് അത് ആസ്വദിച്ചു.
സി.ഇ 523 ഒക്ടോബറില്‍ ഈ സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525 ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ  ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. യെമനിലെ പുരാവസ്തു ഗവേഷകര്‍ ഗുറാബു കോട്ടയില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ ഈ വിവരങ്ങള്‍ ശരിവെക്കുന്നു. ആറാം നൂറ്റാണ്ടിലെ നിരവധി െ്രെകസ്തവരേഖകളിലും ക്രൈസ്തവ പീഡനത്തിന്റെ വിശദാംശങ്ങളുണ്ട്.  നജ്‌റാനില്‍ കൊലചെയ്യപ്പെട്ടവരുടെ പേരില്‍ ബിഷപ്പ് പോള്‍സ് എഴുതിയ വിലാപഗീതവും പ്രശ്‌സതമായിരുന്നു.
സുറിയാനി ഭാഷയിലുള്ള കിതാബുല്‍ ഹിംയരിയ്യീന്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്‌ളീഷ് തര്‍ജമയാ ബുക്ക് ഓഫ് ഹിംയരിറ്റ്‌സും  ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള അബിസീനിയന്‍ ലിഖിതങ്ങളും  നജ്‌റാനിലെ ക്രൈസ്തവ പീഡന കഥ ശരിവെക്കുന്നു. കിടങ്ങു സംഭവം നടന്ന സ്ഥലം നജ്‌റാനിലെ ജനങ്ങള്‍ക്ക് സുപരിചിതമാണെന്നും ഉമ്മുഖര്‍ഖിനടുത്ത് പാറകളില്‍ കൊത്തിയ ചില ചിത്രങ്ങള്‍ കാണാമെന്നും ഫിലിപ്പി അദ്ദേഹത്തിന്റെ യാത്രാവിവരണമായ അറേബ്യന്‍ ഹൈലാന്റ്‌സില്‍ എഴുതിയിട്ടുണ്ട്.
ക്രൈസ്തവരെ ജൂതന്മാര്‍ കൂട്ടക്കൊല ചെയ്ത സംഭവം 2009-ല്‍ ബി.ബി.സി ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കുന്തിരിക്കപ്പാതയിലുടെ സഞ്ചരിച്ച് കേറ്റ് ഹംബിള്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ ഉഖ്ദൂദ് സംഭവം ഉള്‍പ്പെടുത്തിയതില്‍ ചില കോണുകളില്‍നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ ഇസ്രായിലി ചരിത്രകാരന്മാര്‍ തന്നെ സംഭവം ശരിവെക്കുകയായിരുന്നു.  ഹിംയാര്‍ രാജവംശത്തിലുള്ളവരെ ഇസ്രായിലിലെ ബൈത്ത് ശാരിമില്‍ സംസ്‌കരിച്ചിട്ടുണ്ടെന്നും ജോസഫ് ദൂനവാസിന്റെ പേരില്‍ ഇസ്രായിലില്‍ ഒരു സ്ട്രീറ്റുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ആധികാരിക സ്രോതസ്സകളില്‍നിന്നാണ് വിവരങ്ങളെന്നു വിശദീകരിച്ചുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. തങ്ങള്‍ കൂട്ടക്കൊല നടത്തുന്നവരല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകാമെന്നും സ്ഥാപിക്കാനായിരുന്നു ജൂതന്മാരുടെശ്രമം. മരുഭൂ പട്ടണത്തില്‍ ഇരുപതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന വാദവും ഉന്നയിച്ചിരുന്നു. ഡോക്യുമന്ററി സംഘം ബേത്ത് അര്‍ഷാം ബിഷപ്പ് 524 ല്‍ എഴുതിയ രേഖക്കു പുറമെ, ഒട്ടേറെ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് എതിര്‍ വാദങ്ങളുടെ മുനയൊടിച്ചത്.
വിശുദ്ധ ഖുര്‍ആനിലെ 105-ാം അധ്യായമായ അല്‍ ഫീലില്‍ പരാമര്‍ശിച്ചിരിക്കുന്ന ആനക്കലഹ സംഭവത്തിലെ നായകനായ അബ്‌റഹത്തിനെയാണ് അബ്‌സീനിയന്‍ രാജാവ് നജ്ജാശി തന്റെ പ്രതിനിധിയായി പിന്നീട് നജ്‌റാനില്‍ നിയോഗിച്ചത്. അബ്‌സീനിയക്കാര്‍ ഇവിടെ കഅ്ബയുടെ മാതൃകയില്‍ ഒരു കെട്ടിടമുണ്ടാക്കി അതിനു മുഖ്യസ്ഥാനം നല്‍കാന്‍ ശ്രമിച്ചിരുന്നു. തലപ്പാവ് ധരിച്ച ബിഷപ്പുമാര്‍ പുണ്യസ്ഥലമായി പ്രഖ്യാപിച്ച ഇവിടേക്ക് റോമാ സാമ്രാജ്യവും സഹായങ്ങള്‍ എത്തിച്ചിരുന്നു. ഈ കഅ്ബയിലെ പുരോഹിതന്‍ ബിഷപ്പുമാരുടെ നേതാവായി മദീനയിലേക്ക് സംവാദത്തിനു വന്നതായി പ്രവാചക ചരിത്രത്തിലുണ്ട്. പ്രവാചകന്റെ പ്രബോധനത്തോടെ  ഉഖ്ദൂദുകാര്‍ ഇസ്‌ലാമിലേക്ക് വരികയായിരുന്നു. നജ്‌റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പലപ്പോഴായി പ്രവാചക സദസ്സില്‍ എത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ട്. പുരാവശിഷ്ടങ്ങളില്‍ നജ്‌റാനില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ തറയും കാണാം.
കിടിലം കൊള്ളിക്കുന്ന ചരിത്രശേഷപ്പ് പേറി നില്‍ക്കുന്ന നജ്‌റാനിലും ധാരാളം മലയാളികള്‍ ജോലി നോക്കുന്നു. ചിലപ്പോള്‍ കേരളത്തിലെ അതേ കാലാവസ്ഥ സമ്മാനിക്കുന്ന ഇവിടെ നാട്ടിലെ പോലെ കപ്പയും വാഴയും നട്ട് ഗൃഹാതുരത്വം മറക്കാന്‍ ശ്രമിക്കുന്നു അവര്‍. കാലവസ്ഥയും അണക്കെട്ടും വെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങളും നജ്‌റാനെ സൗദി അറേബ്യയിലെ മറ്റു മരൂുഭൂ പ്രദേശങ്ങളില്‍നിന്ന് വ്യതിരിക്തമാക്കക്കുന്നു. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ പച്ചപ്പ് നിറഞ്ഞ വിസ്തൃതമായ പാടങ്ങളോടൊപ്പം പുരാതന വാസ്തുവിദ്യ മുഴച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും കാഴ്ചകളാണ്. പര്‍വതനിരകളിലെ കനത്ത മഴ പാറകള്‍ക്കിടയിലൂടെ അനുഗ്രഹമായി താഴ്‌വരകളെ നനക്കുമ്പോള്‍ നജ്‌റാന്‍ ഒരു കാര്‍ഷിക നഗരമായി മാറുന്നു. ഉഖ്ദൂദിനു പുറമെ, നജ്‌റാന്‍ അണക്കെട്ടും പരമ്പരാഗത ചന്തയും അല്‍ ആന്‍ കൊട്ടാരവും മ്യൂസിയവും പാറകളില്‍നിന്ന് ജലമൊഴുകുന്ന താഴ്‌വരകളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബഹയില്‍നിന്ന് 280 കി.മീ കിഴക്കുള്ള നജ്‌റാനിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാന സര്‍വീസുണ്ട്.
പ്രബോധനം പ്രസിദ്ധീകരിച്ച യാത്ര



14 comments:

  1. വിജ്ഞാനപ്രദമായിരുന്നു.ആശംസകള്‍

    ReplyDelete
  2. വളരെ നല്ല വിവരണം

    ReplyDelete
  3. അറിയാത്തവ അറിയാന്‍ കഴിയുന്നത് പുതിയ അറിവുകലാകുന്നു. ചിത്രങ്ങള്‍ സഹിതമുള്ള വിവരണം നാന്നായിര്‍ക്കുന്നു.
    മൂന്നു പോസ്റ്റുകള്‍ മൂന്നു തവണയായി പോസ്റിയിരുന്നെങ്കില്‍ വായനക്ക് എളുപ്പമായിരുന്നു.
    പുറകെ മറ്റ് രണ്ടു പോസ്റ്റുകളും നോക്കണം.

    ReplyDelete
  4. അറിവുകള്‍ പങ്കു വെക്കുന്ന നല്ല പോസ്റ്റ്‌..

    ReplyDelete
  5. ചിത്രങ്ങള്‍ ഒക്കെ നന്നായിരിക്കുന്നു ..വിശദമായ വായനക്ക് വീണ്ടും വരുന്നതാണ്

    ReplyDelete
  6. സമയം പോലെ മുഴുവന്‍ വായിക്കാം....

    ReplyDelete
  7. നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക.. കുറ്റവാളികളുടെ പര്യവസാനം എങ്ങനെ ആയിരുന്നെന്നു നോക്കിക്കാണുക

    ReplyDelete
  8. ഒരു യാത്രപോലെ..

    ReplyDelete
  9. ആദ്യ വായനയില്‍ പലതും പിടി കിട്ടിയില്ല
    വീണ്ടും വായിച്ചു
    ഉത്തമമായൊരു വിവരണം
    ചരിത്രവഴിയില്‍ മങ്ങിക്കിടക്കുന്ന ചോരപ്പാടുകളില്‍ കൂടി ഒരു യാത്ര
    ആശംസകള്‍

    ReplyDelete
  10. ഒന്നോടിച്ചു വായിച്ചു.
    കൊള്ളാം.

    ReplyDelete

Related Posts Plugin for WordPress, Blogger...