കാറും പത്രാസും ഒക്കെ ഉണ്ടായിട്ടെന്താ ?തേപ്പു പെട്ടി മിസ്രിയില്‍നിന്ന് കടം വാങ്ങണം .പ്രവാസിയുടെ വോട്ടവകാശം കയ്യാലപ്പുറത്തുനിന്ന് താഴെ എത്തിയ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കേ മല്‍ബിയുടെ കമന്റ് .ആരുടെ കാര്യമാ ഇത് ?അപ്പുറത്തെ മല്‍ബുവിന്റേതു തന്നെ . പിന്നെ ആരാ ഇങ്ങനൊക്കെ ചെയ്യുക . കാര്‍ വാങ്ങിയ അവര്‍ക്കൊരു തേപ്പുപെട്ടി വാങ്ങിക്കൂടേ ?മിസ്രിത്തട്ടം പോലെ മിസ്രിപ്പെട്ടിക്കു വല്ല പ്രത്യേകതയും കാണും . നീയങ്ങു നാട്ടിലായിരുന്നപ്പോള്‍ മിസ്രിത്തട്ടത്തിനു വേണ്ടി എന്ന വട്ടം കറക്കിയത് ഓര്‍മയുണ്ടോ ? മിസ്രിപ്പെട്ടി കൊണ്ടു തേച്ചാല്‍ കഞ്ഞി മുക്കിയതു പോലെ ഇരിക്കുമായിരിക്കും . അല്ലാതെ അവര്‍ക്കൊരു അയേണ്‍ ബോക്സ് ഇല്ലാതിരിക്കുമോ ? വാങ്ങിയാലെന്ത് ? വാങ്ങിയില്ലെങ്കിലെന്ത് ? തനിക്കിത് വേറെ പണിയൊന്നുമില്ലേ ? രാവിലെ തന്നെ കണ്ടുപിടിച്ചിരിക്കുന്നു , അയല്‍വാസിയുടെ കുറ്റം . അതും ഒരു മല്‍ബിയുടെ .വേറെ വേല ഒന്നുമില്ലെങ്കില്‍ ഇതാ വായിച്ചു നോക്ക് .നമ്മളും വോട്ടര്‍മാരായി . ഇനിയിപ്പോ നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം . ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നു വിട്ടുനിന്നാലും ഇനി പട്ടികയില്‍നിന്ന് പുറത്താവില്ല .പട്ടികയില്‍ ഉണ്ടായിട്ടെന്താ ? വോട്ട് ചെയ്യാനും ഭാഗ്യം വേണ്ടേ . അതൊക്കെ മാന്യന്മാരു ചെയ്തോളും -മല്‍ബിയുടെ പ്രതികരണം .പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ അയമുവിന്റെ അവസ്ഥയായിരിക്കും നമുക്ക് .വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ പ്രവാസിയായ കൂട്ടുകരാനായതിനാല്‍ ഒരു കൈ സഹായിക്കാന്‍ അവധിക്കാലം വോട്ടെടുപ്പ് തീയതിയോട് അടുപ്പിച്ചുകൊണ്ടാണ് അയമു നാട്ടിലേക്ക് പറന്നത് . ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മേത്തരം പെര്‍ഫ്യൂം കൊണ്ടുപോകുകയും ചെയ്തിരുന്നു . ചെക്കന്മാരുടെ വോട്ടുറപ്പിക്കാന്‍ പച്ചനോട്ടിനേക്കാള് നല്ലത് പെര്‍ഫ്യൂമാണെന്ന് നിര്‍ദേശിച്ചത് സ്ഥാനാര്‍ഥി തന്നെയായിരുന്നു . മുന്‍ പ്രവാസിയായതിനാല്‍ വോട്ടു പിടിത്തം സുഗന്ധപൂരിതം തന്നെയാകണം .അവിടെയെത്തി നോക്കിയപ്പോള്‍ , ഒരേ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ അയമുവിന് വോട്ടുണ്ട് . വീട്ടുപേരില്‍ ഇത്തിരി അക്ഷരത്തെറ്റുണ്ടെങ്കിലും .അക്ഷരത്തെറ്റ് മല്‍ബുവിന് ഒരു പ്രശ്നമാണോ ? ഇവിടെ ഇഖാമയില്‍ അയമുവിന്റെ വീട്ടുപേര് ചേര്‍ത്തിരിക്കുന്നത് ഉച്ചത്തില്‍ വായിച്ചാല്‍ കുടുങ്ങിയതു തന്നെ . ഒന്നു രണ്ട് സ്ഥലത്ത് പേര് വിളിക്കാന്‍ ഇട വന്നപ്പോള്‍ ശരിക്കും ചൂളിപ്പോയിട്ടുണ്ട് അയമു . അയമുവിന്റേതു മാത്രമല്ല , ഒട്ടുമിക്ക മല്‍ബുകളും സ്വന്തം പേരുകള്‍ക്കും വീട്ടുപേരുകള്‍ക്കും വന്ന ദുര്‍ഗതിയോര്‍ത്ത് അസ്തിത്വ ദുഃഖം പേറുന്നവരാണ് .അയമു രാവിലെ തന്നെ ഏറ്റവും മുന്തിയ പേര്‍ഫ്യൂമൊക്കെ പൂശി വോട്ട് ചെയ്യാന്‍ ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് തൊട്ടു മുമ്പ് അത് ചെയ്തു പോയിരിക്കുന്നു . നിങ്ങള്‍ തന്നെയാണല്ലോ ഇവിടെ വന്ന് വോട്ട് ചെയ്തു പോയതെന്ന ചോദ്യം കൂടിയായപ്പോള്‍ ബോധം കെട്ട് വീഴാനൊരുങ്ങിയ അയമുവിനെ ഇനിയും രണ്ട് വാര്‍ഡുകള്‍ ഉണ്ടല്ലോ എന്നു പറഞ്ഞ് ആരൊക്കെയോ ആശ്വസിപ്പിക്കുകയായിരുന്നു . പക്ഷേ ആശ്വാസവും പ്രതീക്ഷയും ആ രണ്ടു വാര്‍ഡുകളില്‍ എത്തുന്നതു വരെയോ ഉണ്ടായിരുന്നുള്ളൂ . രണ്ടിടത്തും സമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടിരിക്കുന്നു . അയമുനേക്കാളും കെട്ട അവസ്ഥയല്ലേ ഇത് . തേപ്പുപെട്ടി കടം വാങ്ങുക -മല്‍ബി വിഷയം വിടുന്നില്ല .ചിലര്‍ അങ്ങനെയാണല്ലോ . ഉപദ്രവമേല്പിക്കാന് ഒരു വിധേനയും സാധ്യമാകുന്നില്ലെങ്കില്‍ നാവു കൊണ്ടെങ്കിലും അതു നിര്‍വഹിക്കും . ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇത്തിരി പബ്ലിസിറ്റി .ടെലിഫോണ്‍ ചെലവു പോലുമില്ല . ഗൂഗിള്‍ ടോക്കില്ലാത്ത മല്ബികള് ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്കൊട്ടും കുറവുണ്ടായില്ല .മിസ്രിപ്പെട്ടി വാര്‍ത്തയാവാന്‍ അധികനേരം വേണ്ടിവന്നില്ല . സംഭവം കഥാനായികയായ മല്‍ബിയുടെ ചെവയിലുമെത്തി .ഒടുവില്‍ മല്‍ബിക്ക് മിസ്രിപ്പെട്ടിയുടെ രഹസ്യം വെളിപ്പെടുത്തേണ്ടി വന്നു . സങ്കീര്‍ണതയൊന്നുമില്ലായിരുന്നു . ആ തേപ്പുപെട്ടി വര്‍ഷങ്ങളായി മല്‍ബിയുടെ കരസ്പര്ശമേറ്റു തേഞ്ഞതായിരുന്നു . ഒരിക്കല്‍ പോലും അതില്‍ മല്ബുവിന്റെ കരം പതിഞ്ഞിട്ടില്ല .മിസ്രി കുടുംബം ആഴ്ചയില്‍ രണ്ടു തവണ അതു കൊണ്ടുപോകും . പക്ഷേ , തേച്ചുകഴിഞ്ഞ ഉടന്‍ എത്തിക്കാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കാറില്ല . മല്‍ബിക്ക് ആവശ്യം വരുമ്പോള്‍ അവിടെ പോയി ഡോറിനു മുട്ടി വാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ പറ്റില്ലല്ലോ ? മല്‍ബു ഉണ്ടക്കണ്ണു കൊണ്ട് തുറിച്ചുനോക്കും മുമ്പ് പാന്റ്സും ഷര്‍ട്ടും തേച്ചു വെച്ചില്ലെങ്കില്‍ പിന്നെ പറയണ്ട .
സംഗതി മോഷണമാണ് .കാര്‍ഗില്‍ ഫ്ളാറ്റ് , ബൊഫോഴ്സ് , ലാവ്ലിന് , സ്പെക്ട്രം തുടങ്ങി വലിയ വലിയ കുംഭകോണമൊന്നുമല്ല . അതൊക്കെ വലിയ വലിയ ആളുകളുടെ ചെറിയ ചെറിയ മോഷണങ്ങള്‍ .ഇനിയിപ്പോള്‍ സാധാരണ മോഷണമാണെങ്കില്‍പോലും പറയാതിരിക്കുന്നതില്‍ കാര്യമൊന്നുമില്ല . പറയണം .നമ്മെ നേരിട്ടു ബാധിക്കുന്നതാണല്ലോ നമ്മെ സംബന്ധിച്ചിടത്തോളം ശരിക്കും മോഷണം .സ്പെക്ട്രം കുംഭകോണത്തില്‍ ഖജനാവിന് രണ്ട് ലക്ഷത്തോളം കോടി പോയാല്‍ നമുക്കെന്ത് ?അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടാം .ഇവിടെ പലതുകൊണ്ടും വ്യത്യസ്തമായൊരു മോഷണമാണ് . മോഷണത്തോടെ തീര്‍ന്നതുമില്ല പുകില് . മല്ബുവിന്റെ വര്‍ഗ ബോധവും സാഹോദര്യവും ചോദ്യം ചെയ്യപ്പെട്ട സംഭവമായി മാറി അത് . മാത്രമല്ല , കൂടിനിന്ന മല്‍ബുകളില്‍ അയല്‍ രാജ്യത്തോടുള്ള വിദ്വേഷം പോലും ആരോപിക്കപ്പെട്ടു .എന്തെങ്കിലും മോഷ്ടിച്ചതിനാണ് ഈ പഴിയൊക്കെ കേട്ടതെങ്കില്‍ കൊള്ളാം .അങ്ങനെയല്ല , അതിവിദഗ്ധനും പരിചയ സമ്പന്നനുമായ ഒരു കള്ളനെ അതിനേക്കാള്‍ മികച്ച വൈദഗ്ധ്യം ഉപയോഗിച്ച് പിടികൂടിയ സംഭവത്തിലാണ് മല്‍ബുകള്‍ പഴി കേട്ടത് .പോയതു പോട്ടെ , ഇനി സൂക്ഷിക്കാം . കേസും പുലിവാലുമൊന്നും വേണ്ട എന്നതാണ് സാധാരണ മല്‍ബു രീതി . ഇഖാമ അടിച്ചുമാറ്റുന്നുവെങ്കില്‍ അതു മല്‍ബുവിനെ നോക്കി വേണമെന്ന ചൊല്ല് ഇഖാമ പോക്കറ്റടി സ്പെഷലിസ്റ്റുകളുടെയിടയില് പ്രചരിക്കാന്‍ തന്നെ കാരണം ഇതാണ് .ബസില്‍ പോകുന്ന മല്‍ബു എവിടെയൊക്കെ ഇഖാമ സുരക്ഷിതമായി വെക്കുമെന്നുപോലും അവര്‍ക്കറിയാം .മല്‍ബു കള്ളനെ പിടിച്ചുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നുവെന്ന് വേണമെങ്കില്‍ പറയാം . സ്വാഭാവികമായും മോഷ്ടാവായിരുന്നില്ല ശ്രദ്ധാകേന്ദ്രം . കള്ളനെ പിടിച്ച മല്‍ബുവായിരുന്നു . കള്ളന്റെ വരവും പോക്കും പതിവാണെങ്കിലും പിടിയിലാകുന്നത് അപൂര്‍വമാണല്ലോ ? അതില്‍ ചെറുകളവ് , പെരുങ്കളവ് എന്ന വ്യത്യാസമൊന്നുമില്ല .ആരായാലും പ്രകീര്‍ത്തിച്ചുപോകും . മല്‍ബുവിന് പ്രശംസ തികച്ചും അര്‍ഹമാണു താനും . കാരണങ്ങള്‍ പലതുണ്ട് .ഫ്ളാറ്റില്‍നിന്ന് ചില്ലറ സാധനങ്ങള്‍ നഷ്ടമായ മോഷണം വിധിയെ പഴിച്ചു മറന്നുകളയേണ്ട ഒന്നല്ല എന്നു തോന്നിയതുതന്നെയാണ് ഒന്നാമത്തേത് .ആരായിരിക്കും കള്ളന് എന്നു ചിന്തിച്ചു , കള്ളനെ കുടുക്കാന്‍ കെണിയൊരുക്കി കാത്തിരുന്നു തുടങ്ങിയവ മറ്റു കാരണങ്ങള്‍ .പിടികൂടാന്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് കയറിയ കള്ളന് മറ്റാരുമായിരുന്നില്ല . സ്ഥിരമായി കാണുന്നവനും മാസാമാസം വണ്ടി കഴുകിയ വകയില്‍ പണം കൈപ്പറ്റുന്നവനുമായ ഹാരിസ് അഥവാ വാച്ച്മാന് .കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്പിക്കുന്നതു പോലെ ഫ്ളാറ്റിന്റെ താക്കാല്‍ കാവല്‍ക്കാരനെ ഏല്പിച്ചതായിരുന്നില്ല . തുറന്നു കയറാന്‍ പിന്നെ കീ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തില്‍ രണ്ട് ഗുണപാഠങ്ങളുണ്ട് . ഒന്ന് , വണ്ടി കഴുകാന്‍ ഒരിക്കലും വാച്ച്മാനെ ഏല്പിക്കരുത് . രണ്ട് , ഏല്പിച്ചാലും ഒരിക്കലും സ്വന്തം മുറിയുടെ കീ വണ്ടിക്കകത്ത് കളഞ്ഞുപോകരുത് .കള്ളനെ പിടിച്ച സ്ഥിതിക്ക് ഇനി പോലീസില്‍ ഏല്‍പിക്കുകയാണല്ലോ വേണ്ടത് . പോലീസ് വരുന്നതുവരെ കള്ളനെ മുറയിലിട്ട് പൂട്ടണം . അതുതന്നെയാണ് ചെയ്തത് .പോലീസിനായുള്ള കാത്തിരിപ്പിലാണ് കള്ളന്റെയാളുകളുടെ വരവ് . കട്ടതൊക്കെ തരാം , കള്ളനെ തുറന്നുവിടൂ , എന്തായാലും നമ്മളൊക്കെ ഒരു ജാതിക്കാരല്ലേ , ഇത്തിരി മനുഷ്യത്വം വേണ്ടേ . ചോദ്യങ്ങള്‍ അവസാനിച്ചില്ല .കള്ളന്മാരുടെ ജാതിയോ എന്നു കൂട്ടത്തിലൊരു മല്‍ബു തിരിച്ചു ചോദിച്ചുവെങ്കിലും കൂടിനിന്നവരുടെ സമുദായ മനസ്സ് ഇളക്കുകയായിരുന്നു ലക്ഷ്യം . കള്ളനായാലും സമുദായക്കരനാണെങ്കില് സംരക്ഷിക്കണമെന്നാണല്ലോ വെപ്പ് . അതു നടക്കാതായപ്പോള്‍ മല്‍ബുകള്‍ അയല്‍ക്കാരെ ദ്രോഹിക്കുന്നുവെന്നായി . വെറുമൊരു കള്ളനായ പച്ചയെ പോലീസിനു പിടിച്ചുകൊടുക്കാന്‍ ഹിന്ദികള്‍ ഇറങ്ങിയെന്ന് പച്ചമലയാളം . ആദ്യത്തെ പച്ച പാക്കിസ്ഥാനിക്ക് മല്‍ബു നല്കിയ വിളിപ്പേര് . രണ്ടാമത്തെ പച്ച മല്‍ബുവിനും സ്വന്തം . ഈച്ചകളും പച്ചകളുമുള്ള നാടെന്നാണ് പണ്ടു പറയുക . ഇപ്പോള്‍ ഈച്ചയില്ലാത്തതു കൊണ്ടും പച്ചകളോടൊപ്പം മറ്റുള്ളവരും ഉള്ളതുകൊണ്ടും പറയുന്നില്ല .മല്‍ബു ഇറങ്ങിയാല്‍ ഇറങ്ങിയതാണെന്ന് കാണിച്ചു കൊടുക്കാന്‍ പോലീസിനായുള്ള കാത്തിരിപ്പ് തുടര്‍ന്നു .പക്ഷേ എന്തു ചെയ്യാം . കഥാന്ത്യത്തില്‍ മല്‍ബു തോറ്റുപോയി . പൂട്ടിയിട്ട മുറിയില്‍നിന്ന് കള്ളന് സ്റ്റീമായിപ്പോയി . താഴെ ഇന്ത്യ -പാക് ചര്‍ച്ച പൊടിപൊടുക്കുന്നതിനിടെ രണ്ടാം നിലയില്‍നിന്ന് സൂപ്പര്‍ മാനെ പോലെ കള്ളന് തൂങ്ങിയിറങ്ങി രക്ഷപ്പെട്ടു .കളഞ്ഞുപോയ താക്കോല്‍ കിട്ടിയതു ഭാഗ്യം . മുറി തുറന്നു കയറാന്‍ മറ്റൊരു കള്ളന് വരില്ലല്ലോ ?
ഓ ഒബാമ, താങ്കള്‍ മല്‍ബുവിനൊരു മാതൃക. ഉം. എന്ത്? താനെന്താ പറഞ്ഞത്. തന്നോടു തന്നെയാ ചോദ്യം. ആരെ മാതൃകയാക്കൂന്നാ താന്‍ പറഞ്ഞത് ? എന്താ മനസ്സിലായില്ലേ? ്യൂഞാന്‍ ഒബാമയെ മാതൃകയാക്കും. എടോ വയസ്സ് കുറേ ആയില്ലേ? തനിക്കിനിയും ഒബാമയെ മനസ്സിലായില്ലെന്നോ. താന്‍ മന്ത്രി സുധാകരന് എഴുതിയ കവിത പോലും കേട്ടില്ലേ? അതു കേട്ടിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുന്നള്ളിക്കുമായിരുന്നില്ല. ഇറാഖിലും അഫ്ഗാനിലും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളേം സ്ത്രീകളേം കൊന്നൊടുക്കിയ നരാധമനാണ് താന്‍ മാതൃകയാക്കാന്‍ പോകുന്ന ഈ ഒബാമ. ഓഹോ. അത്രേയുള്ളൂ. അക്കാര്യത്തില്‍ ഞാന്‍ മാതൃകയാക്കുന്നില്ല. ഒരാളെ എല്ലാ കാര്യത്തിലും മാതൃകയാക്കണം എന്നൊന്നും ഇല്ല. നമുക്ക് ഇഷ്ടമുള്ള കാര്യത്തില്‍ മാതൃകയാക്കിയാ മതി. ഇനി തന്നോടു ചോദിക്കട്ടെ. ഈ ഒബാമ മാതൃകയാക്കുന്നത് ആരെയാന്നറിയോ? സാക്ഷാല്‍ നമ്മുടെ ഗാന്ധിയാ അങ്ങേരുടെ മാതൃക. താന്‍ എന്നെ കളിയാക്കാന്‍ വന്നല്ലോ? തനിക്കുമുണ്ട് ഒബാമയില്‍ മാതൃക. എനിക്കു വേണ്ട. ആ മാതൃക. നിക്കെടോ, തോക്കില്‍ കയറി വെടിവെക്കാതെ. മുഴുവന്‍ കേട്ടാല്‍ താനും മാതൃകയാക്കും ഒബാമയെ. കേള്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. താന്‍ പറ. ഒബാമയും മിഷേല്‍ ചേച്ചിയും ഹുമയൂണ്‍ കുടീരം കാണാന്‍ പോയല്ലോ. അതു കണ്ടിരുന്നോ താന്‍. വായിച്ചിരുന്നു. അതിലെന്തു പുതുമ. മുമ്പ് ക്ലിന്റണ് വന്നപ്പോഴും ജോര്‍ജ് ബുഷ് വന്നപ്പോഴും എവിടൊക്കെ പോയി. എന്നെ പറയാന്‍ വിടില്ല. അല്ലേ. അതൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്. ശരി, എന്നാല്‍ പറഞ്ഞു തുലക്ക്. ഹുമയൂണ്‍ കുടീരത്തില്‍ ചെന്നപ്പോള്‍ ഒബാമ കുറച്ചു കുട്ടികലെ കണ്ടിരുന്നു. അവിടത്തെ ജോലിക്കാരുടെ മക്കളെ. ആ കുട്ടികള്‍ ഇപ്പോള്‍ പറയുന്നതെന്താണെന്നോ? ഒബാമ അങ്കിള്‍ കം എഗൈന്‍. എങ്ങനെയാ ഒബാമ ഈ കുട്ടികളെ കൈയിലെടുത്തെന്നറിയാമോ? ആരോരുമറിയാതെ കൊണ്ടുവന്ന സമ്മാനപ്പൊതികളിലൂടെയാ ഒബാമ കുട്ടികളുടെ സ്വന്തം മാമനായത്. ഓ തന്റെയൊരു കാര്യം ഇതാണോ ഇത്ര വലിയ മാതൃക. നാട്ടില്‍ പോകുമ്പോള്‍ താന്‍ കൊണ്ടുപോകാറില്ലെടോ സമ്മാനപ്പൊതികള്‍. എന്നിട്ടതു കുട്ടികള്‍ക്കു കൊടുക്കാറില്ലേ? എന്നിട്ട് കുട്ടികള്‍ പിന്നാലെ കൂടാറില്ലേ? എടോ അതൊക്കെയുണ്ട്. സമ്മാനങ്ങള്‍ കൊടുക്കുന്നതിലല്ല, അവ കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലുമാണ് ഒബാമയുടെ മാതൃക. താന്‍ ഉടനെ നാട്ടില്‍ പോകുവാണല്ലോ. ഒന്നു പരീക്ഷിച്ചു നോക്ക്. എത്ര മരുമക്കളുണ്ട്. അഞ്ച് സഹോദരിമാരിലായി പതിനഞ്ചെണ്ണം കാണും. ഇത്രേയുള്ളൂ അല്ലേ. അപ്പോള്‍ സംഗതി എളുപ്പം. ഇവര്‍ക്കൊക്കെ താന്‍ എന്തെങ്കിലുമൊക്കെ കൊണ്ടുപോകുമല്ലോ അല്ലേ? പിന്നെ, കൊണ്ടുപോകാതെ. ഇല്ലാതെ അങ്ങോട്ടു ചെല്ലാനൊക്കില്ല. ഓരോ സഹോദരിയുടെ വീട്ടില്‍ ചെല്ലുമ്പോഴും സമ്മാനപ്പൊതികള്‍ രഹസ്യമാക്കി വെക്കണം. ഒന്നും കൊണ്ടുവന്നില്ലാ എന്ന് കുട്ടികള്‍ക്ക് തോന്നുംവിധമായിരിക്കണം പെരുമാറ്റം. മടങ്ങി വരാനാകുമ്പോള്‍ വളരെ നാടകീയമായി വേണം സമ്മാനങ്ങള്‍ പുറത്തെടുക്കാന്‍. പിന്നെ അവരുടെ മനസ്സില്‍നിന്ന് താന്‍ മായില്ല. ആ മാമനാണ് മാമന് എന്നായിരിക്കും കുട്ടികള്‍ പറയുക. ഇതാണോ ഇപ്പോള്‍ ഒരു ഒബാമ മാതൃക. ഇതിലും വലിയ കാര്യാ മാഷേ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു മല്‍ബൂനെ ഒബാമ കണ്ടതും ഹസ്തദാനം ചെയ്തതും. ഒന്നൊന്നും ആയിരിക്കല്ല, കുറെ മല്‍ബൂനെ കണ്ടു കാണും. എടോ ഇത് അങ്ങനെയുള്ള കാണലല്ല, അങ്ങനെയുള്ള സാദാ മല്‍ബുവും അല്ല. ആയിരങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന വ്യവസായിയെയാ കണ്ടത്. പടം കണ്ടിരുന്നു. അതെ, എന്തിനാ അദ്ദേഹത്തെ ഒബാമ കണ്ടത്. സംശയമെന്താ, അമേരിക്കയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ക്ഷണിക്കാനായിരിക്കും. അവിടെ ആളുകള്‍ക്ക് പണിയില്ലാതെ സ്വന്തം പാര്‍ട്ടി തോറ്റമ്പിയ ഞെട്ടലുമായാണല്ലോ വല്ലതും തടയുമോ എന്നു നോക്കാന്‍ ഒബാമ ഇന്ത്യയിലേക്ക് വന്നത്. മന്മോഹന് സിംഗില്‍നിന്ന് കോടികള്‍ ഒപ്പിച്ചു. അപ്പോള്‍ അമേരിക്കയില്‍ ഹൈപ്പര്‍ തുടങ്ങുമോ? തുടങ്ങിയാല്‍ ഒബാമ രക്ഷപ്പെട്ടു. 5000 പേര്‍ക്ക് ജോലി ഉറപ്പ്.
കൊല്ല്് , കൊല്ല്് , എന്നെയങ്ങ് കൊല്ല്് എന്ന സ്ഥിതിയിലായിപ്പോയി മല്‍ബു .വോട്ടിനുവേണ്ടി എസ് .എം .എസ്് അയച്ച് പുലിവാല് പിടിച്ച മല്‍ബുവല്ല . പത്തുപതിനഞ്ച് വര്‍ഷായിട്ടും ശമ്പള വര്‍ധനയില്ലെന്ന് പായ്യ്യാരം പറഞ്ഞ് കഴിച്ചുകൂട്ടുന്ന ഒരു സാദാ മല്‍ബു .ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ആവലാതികള്‍ക്കു പുറമെ , മോള് വലുതാകുവല്ലേ , പത്ത് പവന് പോലും ഇതുവരെ ഒരുക്കൂട്ടാന്‍ ആയില്ലല്ലോ എന്നുള്ള മല്‍ബിയുടെ ടെലിഫോണ്‍ സങ്കടം കേട്ടുകേട്ടു തളര്‍ന്നിരിക്കുന്ന ഒരാള്‍ .ശരിയാണ് . വന്ന നാള് മുതല്‍ മാസം ഒരു പവന് വീതം വാങ്ങി വെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാകുമായിരുന്നു . അന്നൊക്കെ 200 റിയാലിനു ലഭിച്ചിരുന്ന പവന്് ഇപ്പോള്‍ എന്താ വില . ആയിരത്തിനു മുകളില്‍ . വിലയൊന്നു താഴട്ടെ എന്നിട്ട് വേണം ഓരോ പവന് വാങ്ങിവെക്കാനെന്നു ചിന്തിച്ചു തുടങ്ങിയിട്ട് വര്‍ഷം രണ്ടായി . വിലയുണ്ടോ താഴുന്നു ? വാണം പോലെ കുതിച്ചു കയറുന്നു .അങ്ങനെ ഗള്‍ഫിലുള്ള ഒരു എഴുപത്തഞ്ച് ശതമാനം മല്‍ബുകളെ പോലെ സങ്കടക്കടലില്‍ കഴിയുന്നയാളാണ് നമ്മുടെ കഥാനായകന് . പ്രവാസി ഭൂരിപക്ഷത്തിന്റെ ഒരു പ്രതിനിധിയെന്നു വേണമെങ്കില്‍ പറയാം .തികഞ്ഞ ആശയക്കുഴപ്പത്തിലായിട്ട് ദിവസങ്ങളേ ആയുള്ളൂ . പിരിവുകാരെ കൊണ്ട് രക്ഷയില്ലാതായിരിക്കുന്നു .തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പിരിവു തീര്‍ന്നില്ലേ എന്നു ചോദിക്കാന്‍ വരട്ടെ , രാഷ്ട്രീയ പാര്ട്ടിക്കാര് മാത്രമല്ല യതീംഖാനകള്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക് സൗജന്യമായി ഡാന്‍സ് പഠിപ്പിക്കുന്നവര്‍ വരെയുണ്ട് വന്‍ തുക പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരില്‍ . നാട്ടില്‍ ഹൃദ്രോഗം ബാധിച്ച് ശസ്ത്രക്രിയ കാത്തു കഴിയുന്ന ഒരു മുന്‍ പ്രവാസിയുടെ ചികിത്സാ ചെലവ് മുഴുവന്‍ ഏറ്റെടുക്കണമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയിരിക്കുന്ന അഭ്യര്‍ഥന .അടുത്തയാഴ്ച പാര്‍ട്ടി നേതാവ് പ്രവാസികളെ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകം കാണാന്‍ വരുന്നുണ്ട് എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട് . പൊതുപരിപാടികളൊന്നുമില്ല . പാര്‍ട്ടിയെ സ്നേഹിക്കുന്ന കുറച്ചുപേരെ കാണാന്‍വേണ്ടി മാത്രമാണ് നേതാവ് വരുന്നത് .തെരഞ്ഞെടുപ്പ് കഴിഞ്ഞതല്ലേ , പാര്‍ട്ടി വലിയ കടത്തിലാണ് . അതുകൊണ്ടു നമ്മള് പ്രവാസികള്‍ തന്നെ വേണം രക്ഷപ്പെടുത്താന്‍ .അതൊക്കെ വലിയ വലിയ ആളുകള്‍ കൊടുക്കില്ലേ എന്നു ചോദിച്ചത് പ്രവാസി നേതാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല .പാര്‍ട്ടി ലേബലില്‍ നടന്നാല്‍ മതിയോ ? കാര്യങ്ങളൊക്കെ അറിയേണ്ടേ എന്നായിരുന്നു മറുചോദ്യം . ചില പഞ്ചായത്തുകളൊക്കെ പിടിക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത് . ഒരിടത്ത് 50 വോട്ട് കിട്ടാന്‍ ഒരു ലക്ഷത്തിന്റെ പുത്തനാ കൊടുത്തത് . നിങ്ങളെ പോലുള്ള ബിസിനസുകാരൊക്കെ അല്ലാതെ ആരാ പിന്നെ ഇതൊക്ക തരിക .എനിക്കോ , ബിസിനസോ ...? മല്‍ബു ഒന്ന് ഞെട്ടാതിരുന്നില്ല .അതെ , നിങ്ങളുടെ ബിസിനസ് തന്നെ . നിങ്ങളുടെ പുരോഗതിയില്‍ ഏറെ സന്തോഷിക്കുന്നവരാണ് ഞങ്ങളെല്ലാവരും .ഞാന്‍ ബിസിനസുകാരനൊന്നുമല്ല ഭായീ . ഇവിടെ ഇങ്ങനെയങ്ങു കഴിഞ്ഞുപോകുന്ന ഒരു സാദാ തൊഴിലാളി . തുക്കടാ ഓഫീസിലെ സെക്രട്ടറി .അതൊക്കെ നിങ്ങള്‍ വിനയം കൂടിയതുകൊണ്ടു പറയുന്നതല്ലേ എന്നു പറഞ്ഞുകൊണ്ടാണ് നേതാവ് ഫോണ്‍ വെച്ചത് . ഇവിടെ തൊഴില്‍ ചെയ്തു കൊണ്ടുതന്നെ അല്ലേ ഇക്കണ്ടയാളുകളൊക്കെ നാട്ടില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത് . ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായിരുന്നയാളാ ഇപ്പോള്‍ നാട്ടില്‍ റോള്‍സ് റോയ്സില്‍ വിലസുന്നത് .എവിടെയോ എന്തോ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു .താന്‍ വലിയ ബിസിനസുകാരനായിരിക്കുന്നു . അതിനായി അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല - മല്‍ബു ഓര്‍ത്തുനോക്കി .മരണത്തെ ഓര്‍ത്തു ജീവിക്കണം എന്ന ഒരു ഇ -മെയില്‍ 100 പേര്‍ക്കയച്ചാല്‍ വലിയ അനുഗ്രഹം ഉണ്ടാകും . അടിവെച്ചടിവെച്ചായിരിക്കും നേട്ടമെന്നുമുള്ള കല്പന അനുസരിച്ചിരുന്നു . അതു ഫലിച്ചു തുടങ്ങിയോ പടച്ചോനെ .പക്ഷേ , അതു യുക്തിക്ക് നിരക്കുന്നതല്ല . അടിവെച്ചടിവെച്ചു പുരോഗതിയുണ്ടാകാന്‍ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ടുവേണ്ടേ . ബിസിനസ് പ്രമുഖന് എന്ന നിലയിലാണ് എല്ലാ പിരിവുകാരും സമീപിക്കുന്നത് . ഇനി തന്റെ പേരില്‍ ആരെങ്കിലും ബിനാമി ബിസിനസുകള്‍ വല്ലതും ആരംഭിച്ചിട്ടുണ്ടാകുമോ ? പറയാന്‍ കഴിയില്ല . അതിലപ്പുറവും നടക്കുന്ന കാലമാണ് . കോടികളുടെ സ്വിസ് നിക്ഷേപമുള്ള ഒരാളെ പൂനെയില്‍വെച്ച് പിടികൂടിയ സംഭവമാണ് മല്‍ബുവിന് ഓര്മ വന്നത് .അധികം പരുങ്ങേണ്ടിവന്നില്ല . വിവര സാങ്കേതിക വിദ്യക്ക് നന്ദി . പര്യവസാനമായി ആ ഇ -മെയില്‍ എത്തി . 17 ലക്ഷം റിയാലിനു വാങ്ങിയ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ ഇന്‍ഷുറന്‍സ് തുക അന്വേഷിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് ഏജന്റിനെഴുതിയ ഇ -മെയിലിനുള്ള മറുപടി .ഇവനായിരുന്നു കോടാലി .മല്‍ബു ബിസിനസ് പ്രമുഖന് റോള്‍സ് റോയ്സ് വാങ്ങിയെന്ന് തെറ്റിദ്ധരിച്ച ഇന്‍ഷുറന്‍സ് എജന്റ് അതു രഹസ്യമാക്കി വെച്ചില്ല . ഇ -മെയിലിലൂടെ പറപറത്തി . ഒരു മല്ബുവിന്റെ വളര്‍ച്ചയില്‍ ആരാ സന്തോഷിക്കാതിരിക്കാ .മല്‍ബൂനെ പറഞ്ഞാല്‍ മതിയല്ലോ . ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ് കാര്‍ വാങ്ങിയതെന്ന് മാത്രം ഇ -മെയിലില്‍ ചേര്‍ത്തിരുന്നില്ല . റോള്‍സ് റോയ്സ് കോടാലി വന്നു കാലില്‍ വീണാല്‍ പോലും അറിയാത്ത ഒരു മറവി .