വാര്‍ത്തകള്‍ സുഖദായകവും അസ്വസ്ഥത സൃഷ്ടിക്കുന്നവയുമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് അസ്വസ്ഥത പകര്‍ന്ന വാര്‍ത്ത ഏതായിരിക്കും?
സംശയമില്ല, സ്വന്തം നാട്ടിലേക്കുള്ള വിമാനത്തില്‍ ബോംബ് പൊട്ടിക്കാന്‍ ശ്രമം നടന്നതും അക്രമി അഫ്ഗാനിസ്ഥാനെ കുറിച്ചു പറഞ്ഞതുമായിരിക്കും.
മല്‍ബുവിന് സുഖം പകര്‍ന്ന വാര്‍ത്തയാണ് സൗദി അറേബ്യയില്‍ ഫാമിലി വിസയുടെ കാര്യത്തില്‍ വരാനിരിക്കുന്ന പരിഷ്കാരം.
ഔദ്യോഗിക അറിയിപ്പൊന്നുമില്ലെങ്കിലും വാര്‍ത്ത പരന്ന് പരന്ന് അതു സംഭവിച്ചതു പോലെയായി.
ഫാമിലി വിസക്ക് ഇനി മുതല്‍ ഇഖാമയിലെ തൊഴില്‍ മാനദണ്ഡമാക്കില്ലെന്ന വാര്‍ത്തയാണ് മല്‍ബുവിന് സുഖദായകമായത്.
സുഖദായകം എന്നൊന്നും പറഞ്ഞാല്‍ പോരാ.
ഇതിലപ്പുറം ഇിനിയൊരു വാര്‍ത്ത വരാനില്ലെന്നാണ് മല്‍ബുവിന്റെ കമന്റ്.
ഒക്കെ മടക്കിവെച്ചതായിരുന്നു. ഇനിയൊന്നു കൂടി പൊടി തട്ടണം.
പൊടി പിടിച്ചു കിടന്ന മനസ്സിലും കുളിര്‍മ. വാര്‍ത്ത വരുന്നതു വരെ മനസ്സ് തികച്ചും അസ്വസ്ഥമായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തക്കാണ് ഇതോടെ അറുതിയായത്. നാട്ടില്‍ പോയി എന്തെങ്കിലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പം കഴിയാമെന്നു പറഞ്ഞുകൊണ്ടേയിരുന്ന മല്‍ബുവിനെ കൂട്ടുകാരും കൂടെ താമസിക്കുന്നവരും ഒരു വിധം പിടിച്ചുനിര്‍ത്തുകയായിരുന്നു.
പഠിപ്പിനനുസരിച്ചുള്ള ജോലി തന്നെയാണ് ലഭിച്ചതെങ്കിലും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലാണ് മല്‍ബുവിന് കീറാമുട്ടിയായത്. അതു മാറ്റിയെടുക്കാനും ശ്രമിക്കാതിരുന്നിട്ടില്ല. പക്ഷേ, നടന്നില്ല.
പിന്നെ പരാതി പ്രളയമായി.
ഇതെന്തൊരു നാട് എന്നു ദിവസം നൂറു തവണയെങ്കിലും പറയും -നല്ല ചൂടുള്ള ദിവസം ശ്ശൊ എന്തൊരു ചൂട് എന്നും നല്ല തണുപ്പുള്ള ദിവസം ശ്ശൊ എന്തൊരു തണുപ്പ് എന്നും പറയുന്ന ലാഘവത്തോടെ.
താന്‍ പറഞ്ഞതുകൊണ്ട് തണുപ്പോ ചൂടോ കുറയില്ലെന്നു അറിയത്താവനല്ല മല്‍ബു.
എന്നാലും അസ്വസ്ഥതയിലേക്ക് ഊര്‍ന്നിറങ്ങാന്‍ മല്‍ബുവിന് അതുമതി. സ്വന്തം അസ്വസ്ഥത മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നാലേ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റൂ.
താന്‍ തന്നെ നിര്‍വഹിക്കേണ്ട ജോലിയാണെന്നും ആരോടു പറഞ്ഞിട്ടും ഫലമുണ്ടാകില്ലെന്നും അറിവുള്ള മല്‍ബു തന്നെ പറയും. എന്തൊരു ജോലി ഭാരമാണിത്.
രാവിലെ ഓഫീസിലെത്തിയാല്‍ മല്‍ബു തുടങ്ങും.
നോക്കിഷ്ടാ, എടുത്താല്‍ തീരാത്തതത്രയും പണിയുണ്ട്. ശമ്പളം മാത്രം കൂടുന്നില്ല.
ഇതൊന്നുമില്ലെങ്കില്‍ റോഡിലെ തിരക്കിനെ കുറിച്ചെങ്കിലും പരാതി പറയാതെ മല്‍ബുവിന് സമാധാനമാവില്ല.
അതല്ല മാഷേ, ഫാമിലി വിസ കിട്ട്വോ. ഒന്നും പറയാറായിട്ടില്ല അല്ലേ.
ഓ, സമാധാനമായി. ചോദ്യവും ഉത്തരവും മല്‍ബു തന്നെ പറഞ്ഞു.
കുറച്ചുകൂടി ക്ഷമിച്ചേ പറ്റൂ. അറിയിപ്പ് വല്ലതും വരട്ടെ.
അതല്ല കാര്യം, അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാ. ഞാനതങ്ങ് കാന്‍സല്‍ ചെയ്തു. ഫാമിലി വിസ കിട്ടുകയാണെങ്കില്‍ മല്‍ബിയെ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ മതിയല്ലോ?
വന്നിട്ട് ഒരു വര്‍ഷമേ ആയുള്ളൂവെങ്കിലും സ്വന്തം ടിക്കറ്റില്‍ പോകാന്‍ മാനേജറുടെ കാലു പിടിച്ചിട്ടാ ഒരു മാസത്തെ വെക്കേഷന്‍ നേടിയത്.
ഫാമിലി വിസ കിട്ടിയില്ലെങ്കില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നതു പോലെയാകും.
ആട്ടെ, മല്‍ബിയോടു പറഞ്ഞോ?
ഞാനായിട്ട് പറഞ്ഞില്ല. അവിടെ പത്രത്തിലും ടി.വിയിലും വന്നൂത്രെ.
ഏതായാലും മല്‍ബി നല്ല പ്രതീക്ഷയിലാണ്. അവള്‍ ഒരുക്കം തുടങ്ങി. വെക്കേഷനില്‍ വരുന്നില്ലാന്നു കൂടി പറഞ്ഞപ്പോള്‍ വിശ്വാസം ഇരട്ടിച്ചു. ഇക്കുറി എന്തായാലും നടക്കും.
ഹലോ. ഹലോ..
ഫാമിലി വിസക്ക് അപ്ലിക്കേഷന്‍ കൊടുക്കാറായോ?
അയ്യോ .. ഇതു ഇസ്തിഖ്ദാമല്ല, പത്രം ഓഫീസാണ്.
പത്രം ഓഫീസിലേക്കു തന്നെയാ വിളിച്ചത്. എപ്പൊഴാ കൊടുക്കാന്‍ പറ്റ്വാ.
കുറച്ചൂടി ക്ഷമിക്കേണ്ടി വരും. ഒന്നും വ്യക്തത കൈവന്നിട്ടില്ല.
എന്നാലും ഒരാഴ്ച കൊണ്ട് കിട്ടുമോ. നാട്ടില്‍ പോകാനിരുന്നതാ. ഇനിയിപ്പോ ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാനാ തീരുമാനം.
നല്ലതു തന്നെ. എന്നാലും ക്ഷമിക്കേണ്ടിവരും.
ക്ഷമ മല്‍ബുവിന് പുത്തരിയല്ലല്ലോ. എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ പോകാന്‍ എത്ര നേരം കാത്തിരിക്കുന്നു.
It was very nice. U have got the talent to express ur words that is easy to digest for a normal person.Keep it up.
ReplyDelete