പിന്തുണയ്ക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ വക്കാലത്ത് ഏറ്റെടുക്കുക അനിവാര്യമാണെന്ന് അഭിഭാഷകന്‍കൂടിയായ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിന് അറിയാതിരിക്കില്ലല്ലോ? വക്കാലത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കക്ഷിയെ ഒഴിവാക്കാതെ നിര്‍വാഹവുമില്ല. മറ്റാരുടെയും വക്കാലത്ത് ഏറ്റെടുക്കാതിരുന്നാല്‍ പോലും പിന്തുണക്കുന്നവരുടെ വാദങ്ങള്‍ക്ക് എതിര്‍വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്പം കരുതിയിട്ടുതന്നെ വേണം.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് കണ്ടെത്താനുള്ള ദിവ്യദൃഷ്ടി സെബാസ്റ്റ്യന്‍ പോളിന് കഴിഞ്ഞ ദിവസം, അതായത് വെള്ളിയാഴ്ച ലഭിച്ചതാണെന്ന് കരുതാന്‍ ഒട്ടും ന്യായമില്ല. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന വേളയിലെങ്കിലും അദ്ദേഹത്തിനു ബോധ്യമായ സംഗതിയായിരിക്കണം അത്.
താന്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭാരമാകുമെന്നു കണ്ടെത്തിയ പിണറായിയുടെ ദീര്‍ഘദൃഷ്ടിയായിരിക്കണം പലവിധ സമ്മര്‍ദമുണ്ടായിട്ടും ഇക്കുറി സെബാസ്റ്റ്യന്‍ പോളിന് വോട്ട് ചോദിക്കാന്‍ ഇടവരുത്താതിരുന്നത്. ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നത് പാര്‍ട്ടി ധര്‍മമാണ്. മാധ്യമ സ്വാതന്ത്ര്യ നിഷേധമല്ല.
പകയും വിദ്വേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാടില്ലെങ്കിലും തങ്ങള്‍ക്ക് ചേരുന്നതാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.
പിണറായിയുടെ പകയാണോ സെബാസ്റ്റ്യന്‍ പോളിന്റെ പകയാണോ ജയിക്കേണ്ടതെന്ന് സി.പി.എമ്മിന്റെ ചരിത്രവും ആ പാര്‍ട്ടി ഇന്നകപ്പെട്ട പ്രതിസന്ധിയും മുന്നില്‍വെച്ച് കണ്ടെത്തേണ്ടതാണ്. വ്യക്തികളെ അവഹേളിക്കരുതെന്ന ധര്‍മത്തെക്കുറിച്ച് പലപ്പോഴും വാചാലനാകാറുള്ള സെബാസ്റ്റ്യന്‍ പോള്‍ കൊണ്ടുനടക്കുന്ന പൂച്ചയുടെ നിറം കണ്ടെത്താനുള്ള ശ്രമമാണ് ദേശാഭിമാനി ലേഖനത്തിലൂടെ നടത്തിയത്. അതാകട്ടെ, ഉണ്ട ചോറിനു നന്ദി കാണിക്കാത്തയാളെന്ന് ഏറ്റവും ചുരുങ്ങിയത് സാധാരണക്കാരായ പാര്‍ട്ടിക്കാരെെയങ്കിലും ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ ശ്രമത്തിലൂടെ വിളിച്ചു വരുത്തിയതും.
സി.പി.എമ്മിനും സെബാസ്റ്റ്യന്‍ പോളിനും അറിയാമായിരുന്ന വഴിപിരിയല്‍ പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടുത്തേണ്ട ഘട്ടമായെന്നു മാത്രം.
മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദവും സി.പി.എം നേരത്തെ തന്നെ തുടങ്ങിവെച്ചതാണ്. രണ്ടു വര്‍ഷം മുമ്പ് സെബാസ്റ്റ്യന്‍ പോളിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തെ പിണറായി വിജയന് ശാസിച്ചതായിരുന്നു. പത്രക്കാര് സി.ഐ.എയുടെ പണം പറ്റിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞപ്പോഴായിരുന്നു അത്.
ക്രൈസ്തവ സമുദായത്തിലേക്ക് പാലം പണിതതുകൊണ്ടോ എറണാകുളത്ത് അവിശ്വസനീയ ജയം നേടിക്കൊടുത്തതുകൊണ്ടോ പാര്‍ട്ടി നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാളെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കുമോ? പുരക്കുനേരെ ചായുന്ന മരം വെട്ടാതെ പിന്നെ എന്തു ചെയ്യും?
പാര്‍ട്ടിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാന്‍ ഇനി സമ്പൂര്‍ണ സ്വാതന്ത്ര്യം.