6/30/16

മാടായിപ്പളളി: കമ്മിറ്റിക്ക് ചെയ്യാനുണ്ട്


മാടായിപ്പള്ളിയുടെ ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ട് പുതുതലമുറക്ക് പകര്‍ന്നു നല്‍കാനും സംരക്ഷിക്കാനും നടപടികളുണ്ടാകണമെന്ന പ്രശസ്ത എഴുത്തുകാരന്‍ ജമാല്‍ കടന്നപ്പള്ളി എഴുതിയ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.
പള്ളിക്കമ്മിറ്റിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം വീണ്ടും നിര്‍ദേശിക്കുന്നു.

ആദ്യകുറിപ്പുകളും പ്രതികരണങ്ങളും ഇവിടെ വായിക്കാം.


സ്വര്‍ണത്തകിടിലെ  
ചരിത്രരേഖ വെളിച്ചം കാണണം

'മലബാറിലെ ഇസ് ലാമിന്റെ ആധുനിക പൂര്‍വ്വ ചരിത്രം' എന്ന കൃതിയില്‍ യുവ ചരിത്രകാരനായ അഞ്ചില്ലത്ത് അബ്ദുല്ല എഴുതുന്നു:
' മാടായിപ്പളളിയുടെ ഗ്രന്ഥശേഖരത്തില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചു വരുന്ന ഒരപൂര്‍വ്വ ഗ്രന്ഥമാണ്  താരീഖു സുഹുറില്‍ ഇസ്‌ലാം ഫീമലൈബാര്‍ (മലബാറിലെ ഇസ് ലാമിക ആവിര്‍ഭാവ ചരിത്രം).
മുഹമ്മദ് ബ്‌നു മാലിക് സ്വര്‍ണത്തകിടില്‍ എഴുതിത്തയ്യാറാക്കിയ തങ്ങളുടെ കുടുംബ ചരിത്രവും മാലിക് ബ്‌നു ദീനാറിന്റെ പളളി നിര്‍മാണവും ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനവും വളരെ വിശദമായി വിവരിക്കുന്ന ഈ അറബിഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതിയാണ് മാടായിപ്പളളിയില്‍ സൂക്ഷിച്ചിട്ടുളളത്.
ഈ ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദുമിന്റെ തുഹ്ഫത്തുല്‍ മുജാഹിദിനേക്കാളും ( 1583) കേരളോല്‍പത്തിയേക്കാളും പ്രശസ്ത അറബിഗ്രന്ഥമായ രിഹ്‌ലത്തുല്‍ മു ലൂകിനേക്കാളും പഴക്കമുളളതാകാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.'
ഇനി ഒരു ചരിത്ര കുതുകിയെന്ന നിലയില്‍ പറയട്ടെ:
കേരള ചരിത്രത്തില്‍തന്നെ നിരവധി വെട്ടിത്തിരുത്തലുകള്‍ക്ക് സാധ്യതയുളള ചിരപുരാതനമായഈ ഗ്രന്ഥം മാടായിപ്പളളി കമ്മറ്റിക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു കൂടെ ?  (മലയമ്മയുടെ ഒരു 'പാവം അച്ചടി' യല്ല വേണ്ടത് )
മറിച്ച് കേരളത്തിലെ തലയെടുപ്പുളള ഒരറബി പണ്ഡിതനെ കൊണ്ട് ഗ്രന്ഥം സൂക്ഷ്മമാ യി പരിഭാഷപ്പെടുത്തിക്കുക. അത്തരം കാര്യങ്ങള്‍ക്ക് കേരളത്തിലെ ഏതെങ്കിലും ഒരു യുനിവേഴ്‌സിറ്റിയുടെ ഉപദേശവും സഹായവും തേടുക. തുടര്‍ന്ന്  ഡോ: കെ.കെ.എന്‍.കുറുപ്പ് എം.ജി.എസ്.മേനോന്‍ പോലുളള പ്രമുഖ ചരിത്രകാരന്‍മാരെ കൊണ്ട് ആമുഖങ്ങളും അനുബന്ധങ്ങളും എഴുതിക്കുക. അങ്ങനെ ഒരു ബ്രഹദ് ചരിത്ര ഗ്രന്ഥമായി അതിനെ അണിയിച്ചൊരുക്കുക.
 കേന്ദ്ര-കേരള ചരിത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ട്  മന്ത്രിമാര്‍ ഉള്‍പ്പെടെ പരമാവധി പ്രമുഖരെ പങ്കെടുപ്പിച്ച് നമ്മുടെ മാടായിപ്പളളി അങ്കണത്തിലോ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തോ വെച്ച് ഈ ഗ്രന്ഥത്തിന്റെ പ്രൗഢമായ പ്രകാശനച്ചടങ്ങും ചരിത്ര സെമിനാറും സംഘടിപ്പിക്കുക .
ഇതിന് മാടായിപ്പളളി കമ്മറ്റി മുന്‍കൈയെടുത്താല്‍ മാത്രം മതി. കേരളത്തിലുടനീളമുളള പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിക്കാവുന്നതാണ്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നല്ല പ്രചാരണവും വാര്‍ത്താപ്രാധാന്യവും നല്‍കാവുന്നതാണ്.

ജമാല്‍ കടന്നപ്പളളി





ഹൈദ്രോസ് വാട്ട്‌സപ്പ്
വിരുദ്ധനായ കഥ
മല്‍ബു കഥകളില്‍
വായിക്കാം.








6/26/16

കാര്യങ്ങളുടെ ഒരു പോക്ക്

പള്ളിയില്‍ ഭജനമിരിക്കാന്‍ രജിസ്‌ട്രേഷനും തിരക്കും
വാര്‍ത്ത വായിക്കാം.
മക്ക- വിശുദ്ധ റമദാനില്‍ ഭൗതിക ചിന്തകളില്‍ നിന്ന് മനസ്സിനെ മുക്തമാക്കി ദൈവിക പ്രീതിയും പുണ്യവും കാംക്ഷിച്ച് ആരാധനാ കര്‍മങ്ങളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിന് (ഭജനമിരിക്കല്‍) മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ ജുമാമസ്ജിദായ ആയിശ അല്‍റാജ്ഹി മസ്ജിദില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍. ബെഡും തലയിണയും അലമാരയും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് റമദാനിലെ അവസാന ഭാഗം മസ്ജിദില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ അല്‍റാജ്ഹി മസ്ജിദ് മാടിവിളിക്കുന്നത്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ഇഫ്താറും അത്താഴവും മുത്താഴവും മസ്ജിദില്‍ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. 
ഒരേസമയം 47,000 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രം വിശാലമാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. ഈ വര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നതിന് 12,000 പേര്‍ മസ്ജിദിലെ ഇഅ്തികാഫ് വിഭാഗത്തെ സമീപിച്ചിരുന്നു. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തികാഫിന് അനുമതി നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്യും. രണ്ടായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിനാണ് മസ്ജിദില്‍ സൗകര്യമുള്ളത്. ഓണ്‍ലൈന്‍ വഴി ഇഅ്തികാഫിന് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 
ഇഅ്തികാഫിന് മസ്ജിദിലെത്തുന്ന ഓരോരുത്തരെയും അധികൃതര്‍ പ്രത്യേകം സ്വീകരിച്ച് കാപ്പിയും ചായയും ഈത്തപ്പഴവും ജ്യൂസും വെള്ളവും പലഹാരങ്ങളും വിതരണം ചെയ്യും. ഇതിനു ശേഷം ഇഅ്തികാഫ് കാര്‍ഡും ഓരോരുത്തര്‍ക്കുമുള്ള അലമാരയുടെ താക്കോലും കൈമാറും. ടൂത്ത് ബ്രഷ്, പേസ്റ്റ്, ചീര്‍പ്പ്, ഷാംപു, സോപ്പ്, നെയില്‍ കട്ടര്‍, സുഗന്ധത്തില്‍ കുതിര്‍ത്ത ടിഷ്യു പേപ്പര്‍ എന്നിവ അടങ്ങിയ ബാഗും വിശ്വാസികള്‍ക്ക് നല്‍കും. ഓരോരുത്തര്‍ക്കുമുള്ള ബെഡ് പ്രത്യേകം നിര്‍ണയിച്ച് നല്‍കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കുള്ള ടോയ്‌ലെറ്റുകളില്‍ സോപ്പും ടിഷ്യു പേപ്പറും ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്.
ഇഅ്തികാഫ് ഇരിക്കുന്നവരുടെ ചികിത്സക്ക് ക്ലിനിക്കും മസ്ജിദിലുണ്ട്. ഒരു ഡോക്ടറാണ് ക്ലിനിക്കിലുള്ളത്. ഇഫ്താര്‍, ഇശാ നമസ്‌കാരത്തിനു ശേഷം മുത്താഴം, പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അത്താഴം എന്നിങ്ങനെ മൂന്നു തവണ ഭക്ഷണം വിതരണം ചെയ്യും. ഇതിനു പുറമെ കാപ്പി, ചായ, ജ്യൂസുകള്‍, മിനറല്‍ വാട്ടര്‍, മോര്, പലഹാരങ്ങള്‍ എന്നിവ രാത്രി മുഴുവന്‍ ഇഷ്ടാനുസരണം സ്വയം എടുത്തു കഴിക്കുന്നതിന് ബുഫെയും മസ്ജിദിലുണ്ട്. പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കര്‍മനിരതരായ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം 24 മണിക്കൂറും വൃദ്ധ•ാര്‍ക്കും മറ്റും ലഭിക്കും. 
ശൈഖ് സുലൈമാന്‍ അല്‍റാജ്ഹി ഫൗണ്ടേഷനു കീഴിലുള്ള മസ്ജിദുകളില്‍ ഒന്നാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ മസ്ജിദായ ഇത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ മൂന്നു വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. 60,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മസ്ജിദ് ഉസ്മാനിയ വാസ്തുശില്‍പ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. 


6/24/16

ഇഫ്താര്‍ ഒരു പോരാട്ടമാക്കാം


നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ നിരത്തിയ സുഫ്രക്ക് മുന്നില്‍ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഇരുന്ന അഹമ്മദിന് തൊട്ടടുത്തിരുന്ന അനൂപ് ഒരു കാരയ്ക്ക എടുത്തു നല്‍കി. ഒരെണ്ണം അനൂപും കൈയില്‍ കരുതി. സമീപത്തെ പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് കാതോര്‍ക്കുകയാണ് ഇരുവരും. ബാങ്ക് വിളി തുടങ്ങിയപ്പോള്‍ ഇരുവരും ഒരുമിച്ച് നോമ്പ് തുറന്നു.
തുറന്ന മൈതാനത്ത് വിരിച്ചിരിക്കുന്ന സുഫ്രകള്‍ക്ക് ഇരുവശവും നോമ്പെടുത്തവരോടൊപ്പം നോമ്പെടുക്കാത്തവരും നിരന്നിരിക്കുന്നു. പേരു കൊണ്ട് മുസ്്‌ലിം അല്ലെങ്കിലു കൂട്ടുകാര്‍ സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാനുളളതുകൊണ്ട് നോമ്പെടുത്തവരും അക്കൂട്ടത്തിലുണ്ട്. ജീവതത്തില്‍ സൂക്ഷ്മത പരിശീലിക്കുന്നതിന് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട വ്രതാനുഷ്ഠാനത്തിന്റെ ഒരു പ്രത്യേകത, പ്രകടനപരതയിലെ അര്‍ഥമില്ലായ്മയാണ്. നോറ്റവരേയും നോല്‍ക്കാത്തവരേയും വേര്‍തിരിക്കാനാവില്ല.
മുസ്്‌ലിംകളുടെ നിര്‍ബന്ധ അനുഷ്ഠാനമാണ് റമദാനിലെ വ്രതമെങ്കിലും നോമ്പ് നോല്‍ക്കാത്ത അനേകം സുഹൃത്തുക്കളുടെ സാന്നിധ്യം നോമ്പ്തുറ വേളകളില്‍ പുതുമയുള്ള സംഗതിയല്ല. 

അയല്‍ക്കാരായ മുസ്്‌ലിംകളല്ലാത്തവരെ പല ദിവസങ്ങളിലായി വീട്ടിലേക്ക് വിളിച്ച് നോമ്പ് തുറയില്‍ പങ്കെടുപ്പിക്കുകയെന്നത് കണിശമായും തുടരുന്നവരാണ് പലരും. നാട്ടില്‍ മാത്രമല്ല, പ്രവാസ ലോകത്തും ഇതു തന്നെയാണ് സ്ഥിതി. 

മുസ്്‌ലിംകളല്ലാത്ത അയല്‍ക്കാരേയും കൂട്ടുകാരേയും ഇവിടേയും നോമ്പ്തുറ വിരുന്നിന് വീട്ടിലേക്ക് വിളിക്കുന്നവരാണ് ചുറ്റും.
ഒരേ ഫഌറ്റില്‍ താമസിക്കുന്ന വിവിധ മതക്കാരുടെ കാര്യം എടുത്തുപറയേണ്ടതുമില്ല. ഡൈനിംഗ് ടേബിളുകളിലെ വിഭവങ്ങളുടെ വ്യത്യാസം പോലെ അതു കഴിക്കുന്നുവരിലും വീക്ഷണ വ്യത്യാസങ്ങളുണ്ട്. പക്ഷേ, കടല്‍ കടന്നവനു മുമ്പില്‍ മതമോ രാഷ്ട്രീയമോ സംഘടനാ വ്യത്യാസമോ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാറില്ല.
വ്യക്തികള്‍ മാത്രമല്ല, നാട്ടിലേതു പോലെ പ്രവാസി കൂട്ടായ്മകളും തങ്ങള്‍ സംഘടിപ്പിക്കുന്ന ഇഫ്താറുകളിലേക്ക് ഇതര മതസ്ഥരായ സുഹൃത്തുക്കളെ ക്ഷണിക്കാറും പങ്കെടുപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് ഇന്ത്യ ജിദ്ദയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് അമുസ്്‌ലിം സുഹൃത്തുക്കളോടൊപ്പമാണ്.
ഇതൊക്കെ ഓര്‍മിക്കാന്‍ കാരണം, ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനമാണ്. നാട്ടിലെ സൗഹാര്‍ദവും സമാധാനവും തിരിച്ചുപിടിക്കുന്നതിന് മുസ്്‌ലിംകള്‍ അയല്‍ക്കാരായ ഹിന്ദുക്കളേയും മറ്റു മതസ്ഥരേയും വീടുകളിലേക്ക് ഇഫ്താറിനു ക്ഷണിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായകമാകുന്ന ഈ നിര്‍ദേശത്തില്‍ നാം കേരളീയര്‍ക്ക് പുതുമ തോന്നില്ലെങ്കിലും സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിന്ദുത്വ സംഘടനകളുടെ പേരില്‍ സ്വാമിമാരും സന്യാസിനികളും നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ തകര്‍ത്തുകളഞ്ഞ ഹിന്ദു-മുസ്്‌ലിം ബന്ധങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇതേക്കാളും നല്ലൊരു മാര്‍ഗമില്ല. ഇഫ്താറുകളും അതുപോലെ മറ്റു ആഘോഷ അവസരങ്ങളും സൗഹൃദങ്ങളും അയല്‍പക്ക ബന്ധങ്ങളും ദൃഢമാക്കാനുള്ള മാര്‍ഗമായി മാറേണ്ടതുണ്ട്. 
പട്ടിണി കിടക്കുന്ന പാവങ്ങള്‍ ഏതു നാട്ടിലാണെങ്കിലും തങ്ങളുടെ വ്യതിരിക്തമായ മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാത്തു സൂക്ഷിച്ചുപോരുന്ന ബന്ധങ്ങള്‍ വഷളാക്കാന്‍ മുന്‍പന്തിയിലുള്ളത് ഹിന്ദുത്വ സംഘടനകളാണെന്ന കാര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സദ്യക്കു പോയവര്‍ തന്നെയാണ് പിന്നീട് വൈകാരികതക്ക് അടിപ്പെട്ട് ആ പാവം മനുഷ്യനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. 
ആര്‍.എസ്.എസിന്റെ മുസ്്‌ലിം വിഭാഗമായ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാര്‍, മഞ്ചിന്റെ നേതൃത്വത്തില്‍ വിദേശനയതന്ത്ര പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജൂലൈ രണ്ടിന് നടത്താനിരിക്കുന്ന ഗ്രാന്റ് ഇഫ്താറിന്റെ കാര്യം വിശദീകരിക്കുമ്പോഴാണ് സൗഹാര്‍ദത്തിന്റെ ടൂളായി ഇഫ്താറിനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 
ബാബ്‌രി മസ്ജിദില്‍ തുടങ്ങി ഗോധ്രയും ദാദ്രിയും പിന്നിട്ട് തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിക്കാതെ എങ്ങനെ സാമൂഹികാന്തരീക്ഷം സൗഹാര്‍ദപൂര്‍ണമാകുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടവരാണ് മറുഭാഗത്ത് ഇത്തരത്തിലുള്ള കാപട്യ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നത്. മദ്രസകളില്‍ രാജ്യസ്‌നേഹികളായ മുസ്്‌ലിംകളെ കുറിച്ച് പഠിപ്പിച്ച് കുട്ടികളെ ദേശസ്‌നേഹമുള്ളവരാക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ദ്രേഷ് കുമാര്‍ തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും. 

പാക്കിസ്ഥാനടക്കം നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന ഇഫ്താറിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുമെന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനു പോലും വിലക്കുളള രാജ്യമാക്കി മാറ്റി ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്തിയവര്‍ തന്നെയാണ് പ്രതിഛായ വീണ്ടെടുക്കാനുള്ള മറുവിദ്യകള്‍ കണ്ടെത്തുന്നതും. 

1992 ല്‍ ബാബ്്‌രി മസ്ജിദ് തകര്‍ത്തതിനുശേഷം ഹിന്ദുത്വ ഭീകരര്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ അസഹിഷ്ണുതയുടെ രാജ്യമാക്കി മാറ്റാന്‍ ശ്രമിച്ചുവരികയാണ്. ഗുണ്ടാസംഘങ്ങള്‍ ഒരു ഭാഗത്ത് ജനങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മറുഭാഗത്ത് എല്ലാ മേഖലകളിലും ഹിന്ദുത്വ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നു. നമ്മള്‍ എന്തു കഴിക്കണം, എന്തു ധരിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, ആരെ കാണണം, ആരെ വിവാഹം കഴിക്കണം, ആരെ ആരാധിക്കണം എന്നുതുടങ്ങി എന്ത് ചിന്തിക്കണമെന്നുവരെ തീരുമാനിക്കാനുള്ള അവകാശമാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 
ഇങ്ങനെ പൊതു അന്തരീക്ഷം വെറുപ്പിനാല്‍ വഷളാക്കിക്കൊണ്ടിരിക്കെ, വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും പേക്കിനാവായി തുടരുന്ന, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയില്‍ അതിനെ മറികടക്കാന്‍ ഏറ്റവും അനയോജ്യമായ ആയുധം തന്നെയാണ് ആഘോഷവേളകളിലെ പങ്കാളിത്തം. പറഞ്ഞത് കുതന്ത്രങ്ങളുടെ ആശാനായ ഇന്ദ്രേഷ് കുമാറായതുകൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതൃത്തില്‍ കേരളത്തില്‍ പോലും ഇപ്പോഴേ ആസൂത്രണവും പരിപാടികളും ആരംഭിച്ചിരിക്കെ, വിദ്വേഷ പ്രചാരണമാണ് കരുതിയിരിക്കേണ്ട ഏറ്റവും പ്രധാന വിഷയം. മുസ്്‌ലിംകളല്ലാത്തവരുമായി ബന്ധം സ്ഥാപിക്കാനും സൗഹൃദം പുതുക്കാനും ലഭിക്കുന്ന ഒരവസരവും മുസ്്‌ലിംകള്‍ പാഴാക്കാന്‍ പാടുള്ളതല്ല. കാരണം, സംഘ്്പരിവാറിന്റെ നേതൃത്വത്തില്‍ മുസ്്‌ലിം ന്യൂനപക്ഷത്തെ എതിര്‍പക്ഷത്തു നിര്‍ത്തിക്കൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത്.

വെറുപ്പിനെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ ജിഹാദാണ് ആഘോഷവേളകളിലെ പരസ്പര പങ്കാളിത്തമെന്ന തിരിച്ചറിവ് നേടാനാണ് കാലം ആവശ്യപ്പെടുന്നത്. ഇഫ്താറും പെരുന്നാളുമൊക്കെ വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ പോരാട്ടമാക്കി മാറ്റണം.

6/21/16

കോഴിക്കോട് കലക്ടര്‍ ഉറങ്ങുകയാണോ

കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് കലക്ടര്‍ക്കും ജില്ലാ അധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി മലബാര്‍ ഡെവലപ്്‌മെന്റ് ഫോറം സ്ഥാപകനും വര്‍ക്കിംഗ് ചെയര്‍മാനുമായ കെ.എം. ബീഷര്‍.

ഇവിടെ വായിക്കാം.

കോഴിക്കോട്ടെ ജില്ലാ ഭരണകൂടം നിശ്ചലം, പ്രവര്‍ത്തനരഹിതം.ഫെയ്‌സ് ബുക്കിലും, മാധ്യമങ്ങളെ കൂട്ടുപിടിച്ചും പബ്ലിസിറ്റി 'സ്റ്റണ്ടില്‍ ' മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആരാധക വലയത്തെ സൃഷ്ടി
ക്കുന്ന പുതിയ തന്ത്രം. ഒറ്റവാക്കില്‍ ഡിജിറ്റല്‍ ലോകത്ത് മാത്രംഒതുങ്ങി പോകുന്ന കാര്യങ്ങള്‍, നാട്ടിനും ജനങ്ങള്‍ക്കും തീരാ നഷ്ടത്തില്‍ പര്യവസാനം.
കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണാധികാരി ഉറങ്ങുകയാണോ?

ജനങ്ങള്‍ നികുതി പണം ശമ്പളമായി നല്‍കി പോറ്റുന്ന ഉദ്യോഗസ്ഥര്‍ ഉറങ്ങുമ്പോള്‍ അവരെ ഉണര്‍ത്തേണ്ട കടമ നമ്മില്‍ നിക്ഷി പ്തമാണ്. അത് നിറവേറ്റാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്ന നിരവധി കമ്മറ്റികള്‍ ഉണ്ട്. അതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നു.? എത്ര കമ്മറ്റികള്‍ യോഗം ചേരുന്നു. എല്ലാം താറുമാറായി കിടക്കുന്നതായി കൃത്യമായ വിവരം.
ഏററവും സുപ്രധാനമായ കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതിയുടെ യോഗം 4 മാസമായി നടന്നിട്ടില്ല.തന്മൂലം മെഡിക്കല്‍ കോളജിനെ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പാവ
പെട്ട രോഗികളാണ് വെള്ളം കുടിക്കുന്നതെന്ന് കണ്ണില്‍ ചോരയില്ലാത്ത ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയുമോ?? പാവപ്പെട്ട രോഗികളുടെ കണ്ണീരിന്റെ
കഥകള്‍ !!!
സാധാരണ രോഗികള്‍ക്ക് മരുന്നും, മറ്റു അനുബന്ധ സൗകര്യങ്ങള്‍, നിയമനങ്ങള്‍, മാലിന്യനീക്കം, തുടങ്ങിയ കാര്യങ്ങള്‍ നീങ്ങണമെങ്കില്‍
ആശുപത്രി വികസന സമിതി സജീവമായി നടക്കണം.കഴിഞ്ഞ 4 മാസമായി സമിതി യോഗം ചേര്‍ന്നിട്ടില്ലെന്ന് പറയുമ്പോള്‍ അതിന്റെ ചെയര്‍
മാനായ ജില്ലാ കലക്ടര്‍ സാധാരണക്കാരായ രോഗികളോട്, കോഴിക്കോട് മെഡിക്കല്‍ കോളേജിനോട്, നാട്ടുകാരോട് ചെയ്യുന്ന അനീതി യല്ലേ??? അത് ചര്‍ച്ചാ വിധേയമാവണം. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍
ശന നടപടിയും വേണം.
ഇത്രയും വലിയ അനാസ്ഥ പ്രകടിപ്പിച്ചിട്ട് നല്ല ആരോഗ്യമുള്ളവര്‍ക്ക് സുലൈമാനി വിതരണം ചെയ്തിട്ട് എന്താണ് പുണ്യം കിട്ടുക.?
ഇവിടെയാണ് പാവപ്പെട്ടവന്റെ രക്ഷകന്‍ ആവേണ്ടത്. വര്‍ഷങ്ങളായി നല്ല നിലയില്‍ നടക്കുന്ന കോഴിക്കോട്ടെ പാലിയേറ്റീവ് സെക്ഷനില്‍ ചെന്ന് ഫോട്ടോയെടുത്ത് അതിന്റെ പിതൃത്വം ഏറ്റെടുത്ത് ഫെയ്‌സ് ബുക്കിലും ചാനലുകളിലും നല്‍കി പ്രശസ്തി നേടിയുള്ള നാടകമല്ലവേണ്ടത്. പകരം സജീവമായ ഇടപെടലുകളാണ് അത്യാവശ്യം.
അത് പോലെ കഴിഞ്ഞ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം കൊടുമ്പിി കൊള്ളാന്‍ മുഖ്യകാരണം ജില്ലാ കലക്ടരുടെ നിരുത്തരവാദപ
രമായ ശൈലിയാണ്. കുറ്റിയാടി ഇറിഗേഷനോടനുബന്ധമായുള്ള പെരുവണ്ണാമുഴി ഡാമിന്റെ നായകനും ജില്ലാ കലക്ടര്‍ തന്നെയാണ്. ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിത്യേന പരിശോധിക്കാനും, കാര്യക്ഷമമാക്കാനുംവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട കമ്മറ്റിയുടെ ചെയര്‍മാനും കലക്ടര്‍ തന്നെ.
എന്നാല്‍ കമ്മറ്റി യോഗങ്ങളോ, നടപടിക്രമങ്ങളോ കൃത്യമായി നടക്കുന്നില്ല.റിവ്യൂ മീറ്റിങ്ങുകള്‍ നടക്കാത്തതിനാല്‍ കുറ്റിയാടി ഇറിഗേഷന്റെ കീഴിലുള്ള പെരുവണ്ണാമൂഴി മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലമൊഴുകുന്ന കനാലുകളുടെ ഞീൗശേില ങമശിമേിമിരല സ്തംഭിച്ചു.

ജലവിതരണം താറുമാറായി. ജില്ലയുടെ വേങ്ങേരി, കക്കോടി,കണ്ണാടിക്കല്‍ ചേളന്നൂര്‍, കുരുവട്ടൂര്‍, തുടങ്ങിയ പല കേന്ദ്രങ്ങളിലും രൂക്ഷമായ ജലക്ഷാമംഅനുഭവപ്പെട്ടു. കൃഷിപാടങ്ങള്‍ ഉണങ്ങിയമര്‍ന്നു. വേങ്ങേരിയില്‍ താമസക്കാരനായ കേരളത്തിലെ ആദ്യത്തെ ടി.വി. വാര്‍ത്താചാനലിന്റെ ബ്യൂറോ ചീഫ് വരെ വെള്ളം കിട്ടാതെ കുത്തിയിരിക്കേണ്ടി വന്നു. അപ്പോള്‍ സാധാര ണക്കാരന്റെ സ്ഥിതി എന്താവും??
ജില്ലയില്‍ കനാലുകള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലസ്രോതസും ഈ കനാലുകള്‍ തന്നെയായിരുന്നു. കനാലുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതായതോടെ  ആയിരക്കണക്കിന് കിണറുകളാണ് വരണ്ട് വറ്റിയത്.
ബന്ധപ്പെട്ടവര്‍ ഉറങ്ങിയപ്പോള്‍ വറ്റിപ്പോയ കനാലുകള്‍ ലക്ഷക്കണക്കിന് രൂപയുടെ ജൈവ പച്ചക്കറി കൃഷികള്‍ നശിച്ചുപോകാന്‍ കാരണമായി.
ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ പോലും പ്രാപ്തരല്ലാത്തവര്‍ സാധാരണക്കാരന്റെ നായകനായി ഡിജിറ്റല്‍ ലോകത്ത് സ്വയം വേഷമിടുന്നതാണ് ശരിയായ കാപട്യമെന്ന് വിലയിരുത്തേണ്ടത്.

കോഴിക്കോട് ജില്ലാ ഭരണകൂടം സ്തംഭനാവസ്ഥയിലാണ്.ആര്‍ജവവും പ്രാപ്തിയുമുള്ള ജില്ലാ ഭരണാധികാരിയാണ് മലബാറിന്റെ പ്രധാന ജില്ലയായ കോഴിക്കോടിനാവശ്യം.

വനിതാ കലക്ടറായിരുന്ന ലത ചെയ്തതിന്റെ 10% പ്രവര്‍ത്തനങ്ങള്‍
നടക്കുന്നില്ല. 2015 ഫിബ്ര23 ന് ചാര്‍ജെടുത്ത കലക്ടര്‍ ഒരു വര്‍ഷവും
നാലു മാസവുമായി ജില്ലയെ മുന്നോട്ടേക്കല്ല നയിക്കുന്നത്.
കൈത്തുമ്പില്‍ കിട്ടിയ കോടികളുടെ പദ്ധതികള്‍ പ്രാബല്യത്തിലാക്കാന്‍ കഴിയാതെ പദ്ധതികളും ഫണ്ടുകളും കൈവിട്ടു പോകുന്നു.
വളരണം കോഴിക്കോടിന്, അതിനായ് ആര്‍ജവമുള്ള ഒരു ജില്ലാ കലക്ടറെ കാത്തിരിക്കുകയാണ് കോഴിക്കോട്...
ജയ് ഹിന്ദ്

Related Posts Plugin for WordPress, Blogger...