Showing posts with label jeddah. Show all posts
Showing posts with label jeddah. Show all posts

1/2/11

സവാളയും സായിക് ഖാസും

സവാളയും സായിക് ഖാസും തമ്മില്‍ വലിയ ബന്ധമില്ലെങ്കിലും ഇപ്പോള്‍ രണ്ടിനും ക്ഷാമമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സവാളയെന്ന നമ്മുടെ സ്വന്തം ഉള്ളി വാങ്ങിക്കൊണ്ടുവരാന്‍ കല്‍പിക്കുന്നവരോട് സായിക് ഖാസെന്ന ഹൗസ് ഡ്രൈവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ കണ്ണുരുട്ടാം. ദിസ് ഈസ് നോട്ട് മൈ ജോബ് എന്നു തെളിച്ചു പറയാം. കണ്ണെറിയേണ്ടി വരില്ല.
തല്‍ക്കാലം പിരിച്ചുവിടില്ലെന്ന് നൂറു ശതമാനം ഉറപ്പ്.
വീട്ടു ഡ്രൈവര്‍മാരെ കിട്ടാതായിരിക്കയാണല്ലോ?
കൊന്നാലും ഇനി വീട്ടു ഡ്രൈവര്‍മാരായി ഹിന്ദികളെ കിട്ടില്ലാന്ന് നെഞ്ചു വിരിച്ചുകൊണ്ടല്ലേ ചില മല്‍ബുകള്‍ പറയുന്നത്.
ഈയിടെ ഒരു മല്‍ബു വീട്ടു ഡ്രൈവറെ റിക്രൂട്ട് ചെയ്യാന്‍ മുതലാളിയുടെ ചെലവില്‍ നാട്ടില്‍ പോയി. ഇവിടെയൊന്നും തപ്പിയിട്ടും കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ചുളുവില്‍ ടിക്കറ്റും ചെലവും ഒപ്പിച്ചത്. നാട്ടില്‍ പോയി വന്നതാണെങ്കിലും മൂന്നു മാസം കൊണ്ടു വീണ്ടുമൊരു യാത്ര.
രണ്ടാഴ്ച തിരിഞ്ഞു കളിച്ച ശേഷം തിരിച്ചുവന്ന് മുതലാളിക്ക് മുഖം കാണിച്ചു.
നിങ്ങള്‍ ഈ പറയുന്ന ശമ്പളത്തിന് നാട്ടില്‍നിന്ന് ഒരാളും ഇങ്ങോട്ടു വരാന്‍ തയാറില്ല. 15,000 രൂപ അവിടെ ഏതു കൂലിപ്പണിക്കും കിട്ടും. ആയിരം റിയാലിന് പിന്നെ ആര് ഇങ്ങോട്ടു കയറി വരും?
നിങ്ങള്‍ക്ക് കേള്‍ക്കണോ. ഇപ്പോള്‍ ഹിന്ദികള്‍ ബംഗാളികളെയാണ് ഡ്രൈവര്‍മാരായി ജോലിക്ക് വെക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും ബംഗാളികളാ. ഏതു ജോലിക്കും അവരെയേ കിട്ടാനുള്ളൂ. ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. ശമ്പളം കുറച്ചു കൊടുത്താലും മതി.
കത്തീര്‍ മുഷ്കില.
ഇന്ത്യ കുതിക്കുകയാണ് മുദീര്‍. വമ്പിച്ച പുരോഗതി. ഇഷ്ടം പോലെ ജോലി. ഇവിടെ നിന്നൊക്കെ മുഹന്ദിസുകളും മറ്റും കൂട്ടം കൂട്ടമായാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒറ്റ ഹിന്ദിയേയും മേലില്‍ കിട്ടിയെന്നു വരില്ല.
പറഞ്ഞതിന്റെ ഇരട്ടി ശമ്പളം കൊടുക്കാമെങ്കില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നിങ്ങളോട് സംസാരിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് പോന്നിരിക്കയാ ഞാന്‍.
(മുദീറിനോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം വേറെ ആയിരുന്നു. നാട്ടിലെത്തിയ ഉടന്‍ വിസ വില്‍പന നടത്തി അര ലക്ഷം വാങ്ങി പോക്കറ്റിലിടുകയായിരുന്നു.
ഏതു സമയവും വിവരം തരും. പുറപ്പെടാന്‍ തയാറായിരിക്കണമെന്നാണ് ഇരയോട് ശട്ടം കെട്ടിയിരിക്കുന്നത്.)
പ്രസംഗം നീണ്ടു നീണ്ടു പോയപ്പോള്‍ മുതലാളി മൂക്കത്തു വിരല്‍ വെച്ചു.
ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് വിസ്്മയപ്പെട്ടതായിരിക്കാം. എത്രായിരം ഹിന്ദികളാണ് ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പോള്‍ ആയിരം റിയാലിനു ആരെയും കിട്ടാനില്ലെന്ന്.
മുദീറിന്റെ ചിന്ത അങ്ങനെ ആയിരുന്നിരിക്കാമെങ്കിലും
മാലീഷ്, നമുക്ക്് വേറെ വഴി നോക്കാമെന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ സുഹൃത്തിനെ കൊണ്ടുവരുന്ന കാര്യം?
നേരെ ഇരട്ടിയാക്കുന്നില്ലെങ്കിലും പകുതിയെങ്കിലും കൂട്ടിക്കൊടുത്താല്‍ മതി. ഒരു ആയിരത്തഞ്ഞൂറ്. അവനെ ഇങ്ങോട്ടു കൊണ്ടുവരാം. കൂട്ടുകാരനായതു കൊണ്ടു പറയുകല്ല. നല്ല തങ്കപ്പെട്ട ഒരുത്തനാ അവന്‍.
മുതലാളി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍നിന്ന് സുഹൃത്തിന്റെ വിളി കൂടിയപ്പോള്‍ മല്‍ബു ഒന്നു കൂടി ചെന്നു നോക്കി.
മുതലാളി ടൂര്‍ കഴിഞ്ഞു വന്നതേയുള്ളൂ. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മുഖം കാണിച്ചു.
ഡ്രൈവറെ കൊണ്ടുവരുന്ന കാര്യം എന്തായി?
ദേ കണ്ടില്ലേ, പുതിയ ഡ്രൈവര്‍, നീ പറഞ്ഞതു പോലെ എനിക്കും കിട്ടി ഒരു ബംഗാളിയെ.
പുറത്തു വണ്ടി കഴുകിക്കൊണ്ടിരുന്നയാളെ ചൂണ്ടിക്കാട്ടി മുദീര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ കൈയില്‍ തന്ന വിസ.
ഹാദാ ഖലാസ്..
തളര്‍ന്നു വീഴാതിരിക്കാന്‍ മല്‍ബു അടുത്തു കണ്ട സോഫയില്‍ പിടിച്ചു.
ഇയാളല്ലേ പറഞ്ഞത്. ബംഗാളിയെ വേണ്ടേ വേണ്ടാന്ന്. വെറുതെ പറഞ്ഞു ബംഗാളിയെ കിട്ടുമെന്ന്. പോയ ബുദ്ധി പോയി. ഇനിയിപ്പോ ക്രെയിന്‍ കെട്ടി വലിച്ചാലും വരില്ല.
അര ലക്ഷം വാങ്ങിയവന് ഇനിയെങ്ങനെ വിസ കൊടുക്കമെന്നു ചിന്തിച്ചുകൊണ്ട് തളര്‍ന്ന മനസ്സുമായി മല്‍ബു വണ്ടി കഴുകുന്ന ബംഗാളിയുടെ അടുത്തേക്ക് ചെന്നു.
ഇക്കാനെ എവിടെയോ കണ്ടു മറന്ന പോലുണ്ടല്ലോ. നാട്ടില്‍ എവിടെയാ? മങ്കടയാണോ? കഫീലിന്റെ ഓഫീസിലാ ജോലി അല്ലേ? എങ്ങനെയാ കഫീല്‍. ഒരു നൂറു റിയാല്‍ കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? 1300 ആണ് പറഞ്ഞിരിക്കുന്നത്.
മല്‍ബുവിന്റെ മുഖത്ത് നോക്കി ഡ്രൈവര്‍ തുരുതുരാ പറഞ്ഞിട്ടും മല്‍ബുവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നതു പോലെ.



11/14/10

മാമനൊബാമ




ഓ ഒബാമ, താങ്കള്‍ മല്‍ബുവിനൊരു മാതൃക.
ഉം. എന്ത്? താനെന്താ പറഞ്ഞത്. തന്നോടു തന്നെയാ ചോദ്യം. ആരെ മാതൃകയാക്കൂന്നാ താന്‍ പറഞ്ഞത് ?
എന്താ മനസ്സിലായില്ലേ? ്യൂഞാന്‍ ഒബാമയെ മാതൃകയാക്കും.
എടോ വയസ്സ് കുറേ ആയില്ലേ? തനിക്കിനിയും ഒബാമയെ മനസ്സിലായില്ലെന്നോ. താന്‍ മന്ത്രി സുധാകരന്‍ എഴുതിയ കവിത പോലും കേട്ടില്ലേ? അതു കേട്ടിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുന്നള്ളിക്കുമായിരുന്നില്ല. ഇറാഖിലും അഫ്ഗാനിലും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളേം സ്ത്രീകളേം കൊന്നൊടുക്കിയ നരാധമനാണ് താന്‍ മാതൃകയാക്കാന്‍ പോകുന്ന ഈ ഒബാമ.
ഓഹോ. അത്രേയുള്ളൂ. അക്കാര്യത്തില്‍ ഞാന്‍ മാതൃകയാക്കുന്നില്ല. ഒരാളെ എല്ലാ കാര്യത്തിലും മാതൃകയാക്കണം എന്നൊന്നും ഇല്ല. നമുക്ക് ഇഷ്ടമുള്ള കാര്യത്തില്‍ മാതൃകയാക്കിയാ മതി. ഇനി തന്നോടു ചോദിക്കട്ടെ. ഈ ഒബാമ മാതൃകയാക്കുന്നത് ആരെയാന്നറിയോ? സാക്ഷാല്‍ നമ്മുടെ ഗാന്ധിയാ അങ്ങേരുടെ മാതൃക. താന്‍ എന്നെ കളിയാക്കാന്‍ വന്നല്ലോ? തനിക്കുമുണ്ട് ഒബാമയില്‍ മാതൃക.
എനിക്കു വേണ്ട. ആ മാതൃക.
നിക്കെടോ, തോക്കില്‍ കയറി വെടിവെക്കാതെ. മുഴുവന്‍ കേട്ടാല്‍ താനും മാതൃകയാക്കും ഒബാമയെ.
കേള്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. താന്‍ പറ.
ഒബാമയും മിഷേല്‍ ചേച്ചിയും ഹുമയൂണ്‍ കുടീരം കാണാന്‍ പോയല്ലോ. അതു കണ്ടിരുന്നോ താന്‍.
വായിച്ചിരുന്നു. അതിലെന്തു പുതുമ. മുമ്പ് ക്ലിന്റണ്‍ വന്നപ്പോഴും ജോര്‍ജ് ബുഷ് വന്നപ്പോഴും എവിടൊക്കെ പോയി.
എന്നെ പറയാന്‍ വിടില്ല. അല്ലേ. അതൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്.
ശരി, എന്നാല്‍ പറഞ്ഞു തുലക്ക്.
ഹുമയൂണ്‍ കുടീരത്തില്‍ ചെന്നപ്പോള്‍ ഒബാമ കുറച്ചു കുട്ടികലെ കണ്ടിരുന്നു. അവിടത്തെ ജോലിക്കാരുടെ മക്കളെ. ആ കുട്ടികള്‍ ഇപ്പോള്‍ പറയുന്നതെന്താണെന്നോ? ഒബാമ അങ്കിള്‍ കം എഗൈന്‍. എങ്ങനെയാ ഒബാമ ഈ കുട്ടികളെ കൈയിലെടുത്തെന്നറിയാമോ? ആരോരുമറിയാതെ കൊണ്ടുവന്ന സമ്മാനപ്പൊതികളിലൂടെയാ ഒബാമ കുട്ടികളുടെ സ്വന്തം മാമനായത്.
ഓ തന്റെയൊരു കാര്യം ഇതാണോ ഇത്ര വലിയ മാതൃക. നാട്ടില്‍ പോകുമ്പോള്‍ താന്‍ കൊണ്ടുപോകാറില്ലെടോ സമ്മാനപ്പൊതികള്‍. എന്നിട്ടതു കുട്ടികള്‍ക്കു കൊടുക്കാറില്ലേ? എന്നിട്ട് കുട്ടികള്‍ പിന്നാലെ കൂടാറില്ലേ?
എടോ അതൊക്കെയുണ്ട്. സമ്മാനങ്ങള്‍ കൊടുക്കുന്നതിലല്ല, അവ കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലുമാണ് ഒബാമയുടെ മാതൃക. താന്‍ ഉടനെ നാട്ടില്‍ പോകുവാണല്ലോ. ഒന്നു പരീക്ഷിച്ചു നോക്ക്. എത്ര മരുമക്കളുണ്ട്.
അഞ്ച് സഹോദരിമാരിലായി പതിനഞ്ചെണ്ണം കാണും.
ഇത്രേയുള്ളൂ അല്ലേ. അപ്പോള്‍ സംഗതി എളുപ്പം. ഇവര്‍ക്കൊക്കെ താന്‍ എന്തെങ്കിലുമൊക്കെ കൊണ്ടുപോകുമല്ലോ അല്ലേ?
പിന്നെ, കൊണ്ടുപോകാതെ. ഇല്ലാതെ അങ്ങോട്ടു ചെല്ലാനൊക്കില്ല.
ഓരോ സഹോദരിയുടെ വീട്ടില്‍ ചെല്ലുമ്പോഴും സമ്മാനപ്പൊതികള്‍ രഹസ്യമാക്കി വെക്കണം. ഒന്നും കൊണ്ടുവന്നില്ലാ എന്ന് കുട്ടികള്‍ക്ക് തോന്നുംവിധമായിരിക്കണം പെരുമാറ്റം. മടങ്ങി വരാനാകുമ്പോള്‍ വളരെ നാടകീയമായി വേണം സമ്മാനങ്ങള്‍ പുറത്തെടുക്കാന്‍. പിന്നെ അവരുടെ മനസ്സില്‍നിന്ന് താന്‍ മായില്ല. ആ മാമനാണ് മാമന്‍ എന്നായിരിക്കും കുട്ടികള്‍ പറയുക.
ഇതാണോ ഇപ്പോള്‍ ഒരു ഒബാമ മാതൃക. ഇതിലും വലിയ കാര്യാ മാഷേ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു മല്‍ബൂനെ ഒബാമ കണ്ടതും ഹസ്തദാനം ചെയ്തതും.
ഒന്നൊന്നും ആയിരിക്കല്ല, കുറെ മല്‍ബൂനെ കണ്ടു കാണും. എടോ ഇത് അങ്ങനെയുള്ള കാണലല്ല, അങ്ങനെയുള്ള സാദാ മല്‍ബുവും അല്ല.
ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായിയെയാ കണ്ടത്.
പടം കണ്ടിരുന്നു.
അതെ, എന്തിനാ അദ്ദേഹത്തെ ഒബാമ കണ്ടത്.
സംശയമെന്താ, അമേരിക്കയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ക്ഷണിക്കാനായിരിക്കും. അവിടെ ആളുകള്‍ക്ക് പണിയില്ലാതെ സ്വന്തം പാര്‍ട്ടി തോറ്റമ്പിയ ഞെട്ടലുമായാണല്ലോ വല്ലതും തടയുമോ എന്നു നോക്കാന്‍ ഒബാമ ഇന്ത്യയിലേക്ക് വന്നത്. മന്‍മോഹന്‍ സിംഗില്‍നിന്ന് കോടികള്‍ ഒപ്പിച്ചു.
അപ്പോള്‍ അമേരിക്കയില്‍ ഹൈപ്പര്‍ തുടങ്ങുമോ?
തുടങ്ങിയാല്‍ ഒബാമ രക്ഷപ്പെട്ടു. 5000 പേര്‍ക്ക് ജോലി ഉറപ്പ്.


7/25/10

അരി, പപ്പടം, അബായ


പപ്പടം ഉണ്ടാക്കുന്നത് നേരിട്ടു കണ്ടിരുന്നെങ്കില്‍ ഇയാള്‍ ഇത്ര വാശി പിടിക്കുമായിരുന്നില്ല.
ആരെങ്കിലും കണ്ടാല്‍ എന്തൊരു മോശായിത്. ഒരു പപ്പടത്തിനുവേണ്ടി ഇങ്ങനെയുമുണ്ടോ ദുര്‍വാശി?
ഹോട്ടല്‍ കൗണ്ടറിനു മുന്നില്‍ കശപിശ തുടര്‍ന്നപ്പോള്‍ മല്‍ബുവിന്റെ കമന്റ്.
കേട്ടിരുന്നയാള്‍ പപ്പടപ്രേമിയായിരുന്നതിനാല്‍ അപ്പോള്‍ തന്നെ കിട്ടി വായടപ്പന്‍ മറുപടി.
തീന്‍ മേശയില്‍ പപ്പടം ഇല്ലാത്തതിനാല്‍ ഈ വാദപ്രതിവാദം അപ്പോള്‍ തന്നെ ശമിച്ചുവെങ്കിലും കൗണ്ടറിനു മുന്നിലെ തര്‍ക്കം ടെലിവിഷന്‍ ചാനലുകളിലെ ഉത്തരംമുട്ടിച്ചുകൊണ്ടുള്ള ചര്‍ച്ച പോലെ നീണ്ടു.
പപ്പടം തീര്‍ന്നുപോയി മാഷേ. നാളെ രണ്ടെണ്ണം അധികം എടുക്കാം, ഇന്നൊന്ന് സബൂറാക്ക്.
ഇല്ല, പപ്പടം ഇല്ലാതെ എനിക്കിത് കഴിക്കാന്‍ കഴിയില്ല. ശീലിച്ചുപോയി, അതുകൊണ്ടാ.
മാസത്തില്‍ ഇടപാട് തീര്‍ക്കുന്ന കസ്റ്റമറായതിനാല്‍ ഹോട്ടലുടമ ഒന്നുകൂടി വിനയാന്വിതനായി.
നെയ്‌ച്ചോറല്ലേ സഖാവേ, ഇത് പപ്പടം ഇല്ലാതെയും കഴിക്കാമല്ലോ? വേണമെങ്കില്‍ കുറച്ചുകൂടി അച്ചാറു തരാം.
ആദ്യം മാഷ്, ഇപ്പോള്‍ സഖാവ്. ഞാനിതു രണ്ടുമല്ല. ഞാന്‍ എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട. പപ്പടം തന്നേ തീരൂ.
ചോറിനുകൂടെ പപ്പടം എന്റെ അവകാശമാണ്. പപ്പടം കാച്ചാന്‍ അത്രയൊന്നും സമയം വേണ്ടല്ലോ.
ഞാന്‍ എത്രവേണമെങ്കിലും കാത്തുനിന്നോളാം.
ഹോട്ടലുടമ പിന്നെയും അനുനയത്തിനു ശ്രമിച്ചെങ്കിലും പപ്പടമില്ലാതെ എന്തു നെയ്‌ച്ചോറ് എന്ന മല്‍ബുവിന്റെ വാശിക്കു മുന്നില്‍ തോറ്റു.
ജോലിക്കാരനെ വിളിച്ച് കൃത്യം രണ്ട് പപ്പടം കാച്ചി നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഇത്രയുംനേരം കാത്തുനിന്ന സ്ഥിതിക്ക് പത്ത് പപ്പടമെങ്കിലും തരേണ്ടതായിരുന്നുവെന്നുപറഞ്ഞ്, ഇന്ത്യ-പാക് ചര്‍ച്ച പോലെ വഷളായ രംഗവേദിക്ക് അല്‍പം അയവു വരുത്താന്‍ കസ്റ്റമറായ മല്‍ബു ശ്രമിച്ചെങ്കിലും ഹോട്ടലുടമയായ മല്‍ബു വിട്ടുകൊടുത്തില്ല.
ചോദിച്ചുവാങ്ങിയ അവകാശമല്ലേ, രണ്ടെണ്ണം കഴിച്ചാല്‍ മതി.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.
ഉപഭോക്തൃ ബോധവല്‍ക്കരണത്തിനുവേണ്ടി നാട്ടില്‍ എന്തെല്ലാം പരിപാടി നടക്കുന്നു. എത്രയെത്ര സൊസൈറ്റികള്‍, സംഘടനകള്‍. പക്ഷേ, പ്രവാസികളെ പോലെ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ബോധമുള്ളവര്‍ എവിടെയുമുണ്ടാകില്ല. ഉപഭോക്താവ് ശരിക്കും ചക്രവര്‍ത്തി ആകുന്നത് ഇവിടെ തന്നെയാണ്. നാട്ടിലാകുമ്പോള്‍ അതിന്റെ അര്‍ഥം വേറെ. കിംഗിനെ പോലെ സാധനങ്ങള്‍ വാങ്ങി പോകുകയെന്നതാണ് അവിടെ അര്‍ഥം. വിലപേശാന്‍ നിന്നാല്‍ അവിടെ മാനം പോയതുതന്നെ.
പ്രവാസികളാണ് മീന്‍വിലയും കെട്ടിട നിര്‍മാണ തൊഴിലാളികളുടെ കൂലിയും കൂട്ടിയതെന്ന ഒരു ചൊല്ല് നാട്ടില്‍ പാട്ടാണെങ്കിലും ഈയിടെ മീന്‍ വാങ്ങാന്‍ പോയ മല്‍ബു നാണം കെട്ടു മടങ്ങി.
മീന്‍വില കേട്ടപ്പോള്‍ അത് നേര്‍ പകുതിയാക്കിയൊന്നു പറഞ്ഞുനോക്കിയതാ.
മീന്‍കാരി കാര്‍ക്കിച്ചു തുപ്പി.
ഇതെവിടന്നു വരികാ. ഗള്‍ഫിലെന്നും പറഞ്ഞ് ബോംബേലോ മറ്റോ ആയിരുന്നോ. ഈ വിലക്കേ… ഇതില്‍നിന്ന് ഒരു മീന്‍പോലും കിട്ടില്ല. പച്ചക്കറിയും കിട്ടില്ല. പരിപ്പ് വാങ്ങി കഴിച്ചോളൂ.
സുഗന്ധം വിതറി ഗള്‍ഫുകാരന്‍ മീന്‍ വാങ്ങാന്‍ വന്നതോടെ ചുറ്റുമുണ്ടായിരുന്നവര്‍ സ്ഥലം കാലിയാക്കിയതിനാല്‍ മീന്‍കാരിയുടെ ആട്ട് കേള്‍ക്കാന്‍ വേറെ ആരുമില്ലാതിരുന്നത് സമാധാനം.
ബംഗാളികളോടും യെമനികളോടും എത്രകാലം വില പേശിയതാ.
ഒരിക്കലും കേട്ടിട്ടില്ല ഇതുപോലെ ഒരാട്ടെന്നത് സത്യം.
ഏതു സാധനത്തിനായാലും ഒരിക്കലും പറയുന്ന വില കൊടുക്കരുതെന്ന് വിമാനമിറങ്ങി അധിക നാളു കഴിയുന്നതിനു മുമ്പുതന്നെ കൂട്ടുകാരന്‍ ഉപദേശിച്ചിരുന്നുവെങ്കിലും അനുഭവത്തിലൂടെയാണ് ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടത്.
ഒരിക്കല്‍ മല്‍ബിയോടൊപ്പം അബായ വാങ്ങാന്‍ പോയതായിരുന്നു. പര്‍ദ എന്നു കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്ദമംഗലൂരും എം.എന്‍. കാരശ്ശേരിയും ചാടി വീഴുന്നതിനാല്‍ മല്‍ബു ഇപ്പോള്‍ അബായ എന്നേ പറയാറുള്ളൂ.
ആദ്യത്തെ കടയില്‍ കയറിയ മല്‍ബി വില കേട്ടു ഞെട്ടി. 190 റിയാല്‍.
ഇതൊരു 80-നു കിട്ടണം.
പിന്നെ, പകുതിയിലേറെ കുറച്ചിട്ടോ?
അതൊക്കെ കിട്ടും. രണ്ടു മൂന്ന് കടകളില്‍ കയറണം. നിങ്ങള് തിരക്ക് കൂട്ടാതിരുന്നാ മാത്രം മതി. ഇത് 80-നു വാങ്ങിയിട്ടേ ഇവിടെനിന്ന് പോകുന്നൂള്ളൂ.
അധികം മെനക്കെടേണ്ട. ഒരു 150-നു കിട്ടുമോന്ന് നോക്കിക്കോ. അതിലധികമൊന്നും കുറയില്ല.
നിങ്ങള് നോക്കിക്കോ. ഇതു 80-നുതന്നെ വാങ്ങും.
കടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ബംഗാളി തിരിച്ചുവിളിക്കുന്നു.
നൂറ് റിയാല്‍. വേണോ... ബംഗാളി മുറി മലയാളത്തില്‍ മൊഴിഞ്ഞു.
ങും... മല്‍ബി വിടുന്നില്ല. 80 റിയാല്‍.
വേണ്ടെന്നുപറഞ്ഞ് വീണ്ടും ഇറങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ് ബംഗാളി അബായ കീസിലാക്കി കഴിഞ്ഞിരുന്നു.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നു പറയുമ്പോള്‍ ഒന്നര റിയാലിന്റെ അരി തിരികെ നല്‍കാന്‍ നാല് റിയാല്‍ ചെലവാക്കിയ മല്‍ബുവിനെ കുറിച്ച് പറയാതെ വയ്യ.
ഒട്ടും വേവുന്നില്ല മാഷേ. ഇത് കണ്ണൂരില്‍ കൊണ്ടുപോയാല്‍ വിവാഹത്തോടൊപ്പമുള്ള ആഭാസത്തിന് ഉപയോഗിക്കാം.
അരികൊണ്ടെന്താ അവിടെ പരിപാടി.
ചക്ക ചുമന്ന്് വിവാഹവേദിയിലെത്തിയ വരന്‍ വധുവിന് വരന്‍ പഴം നല്‍കുന്ന ഏര്‍പ്പാടുണ്ട്. പഴം അരിയില്‍ മുക്കി കൊടുക്കാനാണ് വരന്റെ ചങ്ങാതിമാര്‍ കല്‍പിക്കുക. ഈ അരിയാകുമ്പോള്‍ അതിനു പറ്റിയതാണ്.
ഇതെന്തു മട്ടയാണെന്നാ പറഞ്ഞത്. പാലക്കാടന്‍ മട്ടയെന്നോ? ഇതതൊന്നമല്ല, ഉഗാണ്ടന്‍ മട്ടയോ മറ്റോ ആണ്.
ഇതാ, അരക്കിലോ കാണും. ബാക്കി തിളപ്പിച്ചുപോയി. അതുകൊണ്ട് ഇങ്ങോട്ടെടുത്തില്ല. റിയാലിങ്ങെടുക്ക്.
അല്ല, നിങ്ങളിത് മടക്കിത്തരാനായിട്ടാണോ ഇങ്ങോട്ട് പോന്നത്. കടക്കാരന് അദ്ഭുതം.
അതേ, ബസ് കയറിയിങ്ങ് പോന്നു. നാല് റിയാല്‍ പോയാലെന്താ.
ആളുകളെ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലല്ലോ?
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.


7/4/10

കാലമാടന്‍



വെബ്‌സൈറ്റ് നോക്കി നോക്കി മടുത്ത മല്‍ബു ബാങ്കില്‍ പോയി മടങ്ങുകയായിരുന്നു. ഇന്നു വരും, നാളെ വരും എന്നു കരുതി പത്തിരുപത് ദിവസായി വെബ്‌സൈറ്റ് നോക്കി തുടങ്ങിയിട്ട്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നു നോക്കും. അപ്പോഴാണ് ഓര്‍മ വരിക. ഓഫീസുകളൊക്കെ തുറന്ന് ഒന്ന് റെഡിയായിട്ടുവേണ്ടേ വല്ല അപ്‌ഡേറ്റും നടക്കാന്‍. അക്ഷമയോടെ കാത്തിരിപ്പായി പിന്നെ. ഒമ്പത്, പത്ത് അങ്ങനെ സമയം നീളുന്നതിനനുസരിച്ച് വീണ്ടും വീണ്ടും നോക്കി.
മാഫി ഫാഇദ. ആകെ ഉണ്ടായ മെച്ചം ഇഖാമയുടെ നമ്പര്‍ മനഃപാഠമായി. അറബിയിലുള്ള ഇഖാമ നമ്പര്‍ കടലാസില്‍ ഇംഗ്ലീഷ് അക്കത്തിലെഴുതി കൊണ്ടുനടക്കുകയായിരുന്നു പതിവ്. എവിടെയെങ്കിലും ഇഖാമ നമ്പര്‍ ആവശ്യമായി വന്നാല്‍ പഴ്‌സിനകത്തുനിന്ന് വെള്ളക്കടലാസ് വലിച്ചെടുത്ത് വേണം എഴുതിക്കൊടുക്കാന്‍.
ബുക്ക്‌ലെറ്റില്‍നിന്ന് മാറി കാര്‍ഡ് ഇഖാമ ലഭിച്ചവര്‍ക്ക് ഈ ബുദ്ധിമുട്ടില്ല. കാര്‍ഡിന്റെ താഴെ ഭാഗത്ത് നമ്പര്‍ ഇംഗ്ലീഷ് അക്കത്തില്‍ കൊടുത്തിട്ടുണ്ട്.
മല്‍ബുവിനാകട്ടെ, കാര്‍ഡ് ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ഇഖാമ നമ്പര്‍ ആരു ചോദിച്ചാലും വെള്ളം പോലെ പറയാം. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പണ്ട് സ്കൂളില്‍ പഠിച്ചത് കാര്യമാണെന്ന് ഇപ്പോഴാണ് ബോധ്യമായത്.
വെബ്‌സൈറ്റിലെ കോളത്തില്‍ ഇഖാമ നമ്പര്‍ അടിച്ചടിച്ചാണ് ഈ മനഃപാഠ വൈഭവം നേടിയത്. ഈയിടെയായി ഒന്നും ഓര്‍മിക്കാന്‍ മെനക്കെടാറില്ല. ഒന്നുകില്‍ കടലാസില്‍ എഴുതിവെക്കും അല്ലെങ്കില്‍ മൊബൈലില്‍ ഫീഡ് ചെയ്യും. ആവശ്യം വരുമ്പോള്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍.
രാവിലെ എഴുന്നേറ്റ ഉടന്‍ കംപ്യൂട്ടര്‍ തുറന്ന് കാണിക്കുന്ന അഭ്യാസത്തില്‍ മല്‍ബിക്ക് സഹികെട്ടിട്ടുണ്ട്. ചെറിയ കുട്ടിയെ സ്കൂള്‍ ബസ് വരുമ്പോഴേക്കും ഒരുക്കി ഇറക്കാന്‍ മെനക്കെടുന്ന മല്‍ബിക്ക് ഒരു സഹായവും കിട്ടുന്നില്ല. ഒടുക്കത്തെ രണ്ടായിരത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണിതെന്ന് അവള്‍ പിരാകിയിട്ടുണ്ട്. അതേ, രണ്ടായിരം റിയാലാണ് പ്രശ്‌നം.
അവള്‍ അങ്ങനെയൊക്കെ പറയും. കിട്ടിയാല്‍ എന്തെങ്കിലും സമ്മാനം വാങ്ങിത്തരണമെന്നും പറയുക അവള്‍ തന്നെയാണ്. നാക്കുപിഴ വരാതിരിക്കാനാണ് ചുറ്റും പല്ലുകൊണ്ടുള്ള മതിലെന്ന് അറിയാവുന്നതിനാല്‍ മല്‍ബു മറുപടി പറയില്ല. കര്‍മത്തില്‍ വ്യാപൃതനാകും.
അല്ല, മനുഷ്യാ നിങ്ങളല്ലേ ഇന്നലെ സ്കൂളില്‍നിന്നുള്ള സര്‍ക്കുലര്‍ വായിച്ചത്? ഒന്ന് മോനെ ബസില്‍ കയറ്റി വിട്ടശേഷം വന്നിട്ട് ഇരുന്നൂടെ ഈ കുന്ത്രാണ്ടത്തിനു മുന്നില്‍.
ശരിയാണ്. ചെറിയ കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റുന്നതിനും തിരികെ എത്തിയാല്‍ കൂട്ടിക്കൊണ്ടു പോകുന്നതിനും രക്ഷിതാക്കളോ മുതിര്‍ന്നവരോ ശ്രദ്ധിക്കണമെന്ന് സ്കൂളില്‍നിന്ന് അറിയിപ്പ് വന്നിരുന്നു. പല പ്രദേശങ്ങളിലും കുട്ടികളെ ഉപദ്രവിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സര്‍ക്കുലര്‍.
എന്നാലും കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ ഇത്തിരി പാടാണ്. "ഓ അവനങ്ങ് ബസില്‍ കയറി പോയ്‌ക്കോളൂന്നേ'.
കുടുംബ വിസയെടുക്കുന്നതിന് അടച്ച രണ്ടായിരം റിയാല്‍ സര്‍ക്കാര്‍ തിരികെ നല്‍കുന്നുവെന്ന വാര്‍ത്തയാണ് മല്‍ബുവിനെ മോഹവലയത്തിലാക്കിയത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇഖാമ നമ്പര്‍ അടിച്ചുകൊടുത്താല്‍ തിരികെ കിട്ടാനുള്ള തുകയായി 2000 റിയാല്‍ കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രിന്റുമായി ബാങ്കില്‍ പോയാല്‍ തുക ലഭിക്കും. വളരെ എളുപ്പമാണ് പ്രക്രിയ. ഇതുപോലെ പോയി വാങ്ങിയവര്‍ നിരവധി. പക്ഷേ മല്‍ബുവിന്റെ ഇഖാമ നമ്പറില്‍ എപ്പോഴും കാണിക്കുന്നത് സീറോ.
ആ സീറോ രണ്ടായിരമായി മാറുന്നതുവരെ അടിച്ചുകൊണ്ടേ ഇരിക്കാനായിരുന്നു തുക കിട്ടിയവരെ നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ ലഭിച്ച ഉപദേശം.
വിജയിക്കുന്നതുവരെ പരിശ്രമം തുടരണം.
നഷ്ടമുള്ള ഏര്‍പ്പാടൊന്നുമല്ലല്ലോ? വീട്ടില്‍ ഡി.എസ്.എല്‍ കണക്ഷന്‍. ഓഫീസിലാണെങ്കില്‍ ഹൈസ്പീഡ് നെറ്റ്. പിന്നെ സൈറ്റ് തുറന്ന് അടിച്ചുനോക്കണം. അത്രതന്നെ.
അടിച്ചടിച്ച് മനസ്സു മടുത്ത മല്‍ബുവിനു ബാങ്കില്‍നിന്നും നിരാശയായിരുന്നു ഫലം. ഇഖാമ വാങ്ങി നോക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. വെബ്‌സൈറ്റ് നോക്കി ഫണ്ട് ഉണ്ടെങ്കില്‍ മാത്രം ബാങ്കില്‍ വന്നാല്‍ മതിയെന്നായിരുന്നു മറുപടി.
അങ്ങനെ സകലരേയും പഴിച്ചുകൊണ്ട് കാറില്‍ മടങ്ങുമ്പോഴാണ് ആ വിളി വന്നത്.
നിങ്ങളുടെ സിം കാര്‍ഡ് ഒന്നു പരിശോധിക്കാമോ? അതില്‍ 124000 എന്നുണ്ടെങ്കില്‍ നിങ്ങള്‍ വിജയിയാണ്. ഇനാമിനായി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു.
2000 റിയാലാണ് സമ്മാനത്തുക. സിം പരിശോധിച്ച് ഉടന്‍ തിരിച്ചുവിളിക്കുക.
തിരിച്ചുവിളിപ്പിച്ച് പ്രോസസിംഗ് ഫീ ആയി പണം പിടുങ്ങുന്ന തട്ടിപ്പിനെക്കുറിച്ച് പത്രത്തില്‍ വായിച്ച ഓര്‍മയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിം പരിശോധിക്കാനൊന്നും പോയില്ല.
കൊടുംചൂടില്‍ ബാങ്കില്‍നിന്നുള്ള നിരാശയുടെ അരിശവും കൂടി ചേര്‍ത്ത് കാലമാടാ... എന്നോടു വേണ്ട എന്നു തിരികെയങ്ങു പച്ചമലയാളത്തില്‍ പറഞ്ഞു.
ഉടന്‍ അങ്ങേ തലക്കല്‍നിന്ന് ഫിലിപ്പിനോയുടെ മുറി അറബി. കലാംഹാഡ.. മാപ്പി മുശ്കില. പീ ഹിന്ദി.
ഫോണ്‍ ഹിന്ദിയുടെ കൈയില്‍.
ഐവ ജനാബ്. ആപ് വിന്നര്‍ ഹെ, ഇനാം കിത്‌നാഹെ മാലൂം ഹെ.. ദോ ലാക് റിയാല്‍..
അമ്പട…2000 റിയാല്‍ മിനിറ്റ് കൊണ്ട് രണ്ട് ലക്ഷമായോ?
മല്‍ബു കുറച്ചുകൂടി ശബ്ദമുയര്‍ത്തി പറഞ്ഞു. പോടാ കാലമാടാ..ചെലക്കാതെ..
അതു കലാമിനെക്കുറിച്ചല്ല എന്നു മനസ്സിലായതുകൊണ്ടാവണം ഹിന്ദി പിന്നെ തിരിച്ചുവിളിച്ചില്ല.



6/6/10

സ്ഥിരം കസ്റ്റമര്‍



മല്‍ബു സ്ഥിരം കസ്റ്റമറായതിനു പിന്നിലൊരു കഥയുണ്ട്‌. സ്വത്വ ബോധം, സ്വത്വ രാഷ്‌ട്രീയം തുടങ്ങിയതു പോലെ വലിയ കാര്യമൊന്നുമല്ല സ്ഥിരം കസ്റ്റമര്‍. ഏതെങ്കിലും ഒരു കടയില്‍ പോയി സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയാല്‍ നമ്മളൊരു സ്ഥിരം കസ്റ്റമറായി. ഒരിടത്തുനിന്നുതന്നെ ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതു തുടര്‍ന്നാല്‍ കുറച്ചുകൂടി പുരോഗതിയുണ്ടാകും. പറ്റുകാരനായി മാറ്റം കിട്ടും. പറ്റു തീര്‍ക്കുന്ന കാര്യം മാസാവസാനം നോക്കിയാല്‍ മതി. അതായതു സ്ഥിരം കസ്റ്റമര്‍ തന്നെ രണ്ടു വിധമുണ്ടെന്നര്‍ഥം. ഒന്ന്‌ സാധാരണ സ്ഥിരം കസ്റ്റമറും രണ്ടാമത്തേതു പറ്റു പുസ്‌തകത്തില്‍ രേഖപ്പെടുത്തുന്ന സ്ഥിരം കസ്റ്റമറും.
സാദാ സ്ഥിരം കസ്റ്റമറാണെങ്കില്‍ ചില ഇളവുകളൊക്കെ ലഭിക്കും. കാരണം ഇത്തരം സ്ഥിരം കസ്റ്റമര്‍മാര്‍ നഷ്‌ടപ്പെടാതിരിക്കേണ്ടത്‌ കടക്കാരന്റെ ബാധ്യതയാണ്‌. അതുകൊണ്ട്‌ ചിലപ്പോള്‍ ലാഭത്തില്‍ കുറച്ച്‌ നഷ്‌ടമൊക്കെ സഹിച്ച്‌ വില കുറച്ചു നല്‍കേണ്ടിവരും. സാദാ കസ്റ്റമര്‍ സ്ഥാനത്തുനിന്ന്‌ പറ്റു കസ്റ്റമറായി മാറുന്നതോടെ നേരത്തെ ഉണ്ടായ നഷ്‌ടം ഈടാക്കിത്തുടങ്ങാം. അപ്പോള്‍ സാദാ സ്ഥിരം കസ്റ്റമര്‍ക്കും പറ്റു കസ്റ്റമര്‍ക്കും രണ്ടുതരം വിലയായിരിക്കും.
സത്യം പറഞ്ഞാല്‍ മല്‍ബുവിന്‌ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍. സാഹചര്യം അങ്ങനെ ആയപ്പോള്‍ നിര്‍ബന്ധിതനായതാണ്‌. മല്‍ബിയെ നാട്ടില്‍നിന്ന്‌ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായ ഒരു ചോദ്യം ഉണ്ടായിരുന്നു.
നിങ്ങള്‍ വൈകുന്നേരം ഓഫീസ്‌ വിട്ടുവരുന്നതുവരെ മല്‍ബി അവിടെ മുറിയില്‍ തനിച്ചിരിക്കേണ്ടി വരില്ലേ?
ഭക്ഷണം ഉണ്ടാക്കണം, സീരിയലുകള്‍ കാണണം, പത്രം വായിക്കണം, ഫ്‌ളാറ്റ്‌ വൃത്തിയാക്കണം, ഇസ്‌തിരിയിടണം പിന്നെ പിന്നെ എന്തെല്ലാം പണി കിടക്കുന്നു. സമയം തികയാതിരിക്കാനാണ്‌ സാധ്യത എന്നതായിരുന്നു ഉത്തരം.
ഉത്തരം അത്ര കിറുകൃത്യമൊന്നുമല്ലെങ്കിലും പ്രവാസി വീട്ടമ്മമാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ റിലാക്‌സ്‌ ലഭിക്കുന്നത്‌ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയാലാണെന്ന്‌ ഒരു മഹതി വിശദീകരിക്കുന്നതു കേട്ടിട്ടുണ്ട്‌. അപ്പോള്‍ ആഴ്‌ചയില്‍ ആറു ദിവസം ഭക്ഷണം പുറത്തുനിന്ന്‌ വാങ്ങാമെന്നു തീരുമാനിക്കുന്ന മല്‍ബിക്കും ഒരു ദിവസം പോലും ഭക്ഷണം പുറത്തുനിന്നില്ല എന്നു തീരുമാനിക്കുന്ന മല്‍ബിക്കും സൂപ്പര്‍മാര്‍ക്കറ്റും ഹൈപ്പര്‍മാര്‍ക്കറ്റും അവിഭാജ്യ ഘടകം തന്നെ.
എല്ലാ വാരങ്ങളിലും വാതില്‍പ്പുറത്തെത്തുന്ന വര്‍ണക്കടലാസുകള്‍ എന്തു വലിയ അനുഗ്രഹമാണ്‌ ചെയ്യുന്നത്‌. അവയിലൂടെ തേടിയെത്തുന്ന ഓഫറുകള്‍ വഴി സവാളയും തക്കാളിയും മുതല്‍ ലൊട്ടുലൊടുക്ക്‌ സാധനങ്ങള്‍ വരെ ചുളുവിലക്ക്‌ ലഭ്യമാവുക മാത്രമല്ല പ്രവാസി വീട്ടമ്മമാര്‍ക്ക്‌ ഉല്ലാസത്തിനുളള അവസരം കൂടി തുറക്കുകയാണ്‌ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍.
ആഴ്‌ചയിലൊരു ദിവസം സൂപ്പര്‍ മാര്‍ക്കറ്റിലോ ഹൈപ്പര്‍മാര്‍ക്കറ്റിലോ പോയില്ലെങ്കില്‍ ഉണ്ടാകുന്ന വല്ലായ്‌മ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകളിലെ ബാലന്‍സ്‌ കുറയുന്നതു കൊണ്ടുണ്ടാകുന്ന വല്ലായ്‌മയോളം വരില്ല ഒരിക്കലും.
രണ്ടാമതു പറഞ്ഞ വല്ലായ്‌മ മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്നാണ്‌ ഒരു സ്ഥിരം കസ്റ്റമറായി മാറാന്‍ മല്‍ബു തീരുമാനിച്ചത്‌. സവാളയുടേയും തക്കാളിയുടേയും അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ തേടിപ്പോയ ഓരോ യാത്രയിലും അത്യാവശ്യമില്ലാത്ത നൂറുകൂട്ടം സാധനങ്ങള്‍ ട്രോളികളില്‍ കയറിയപ്പോള്‍ ഇതല്ലാതെ മറ്റൊരു വഴിയിലില്ലായിരുന്നു.
അങ്ങനെ ആവശ്യം വരുമ്പോള്‍ മാത്രം സാധനങ്ങള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെ മല്‍ബു ആദ്യം സ്ഥിരം കസ്റ്റമറും പിന്നെ പറ്റു കസ്റ്റമറും ആയി. രണ്ടും തമ്മിലുള്ള അന്തരം അറിയാന്‍ അധിക കാലം വേണ്ടിവന്നില്ല. സ്ഥിരം കസ്റ്റമര്‍ മാത്രമായപ്പോള്‍ ലഭിച്ച സാധനങ്ങള്‍ക്ക്‌ പറ്റു കസ്റ്റമറായതോടെ നേരിയ തോതിലുള്ള വില വര്‍ധന. പറയുന്നത്‌ ഒരു വില. പറ്റു പുസ്‌തകത്തില്‍ കുറിച്ചിടപ്പെടുന്നത്‌ മറ്റൊരു വില.
ഇനിയിപ്പോ അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട്‌ കാര്യമില്ല. പറ്റു തീര്‍ത്ത്‌ മെല്ലെ പുറത്തു കടക്കുക. മാസങ്ങളായി തുടരുന്ന വ്യാപാര ബന്ധം എങ്ങനെ അവസാനിപ്പിക്കും? പിന്നീട്‌ കടക്കാരന്റെ മുഖത്തു എങ്ങനെ നോക്കും തുടങ്ങിയ ചില ചോദ്യങ്ങളൊക്കെ ഉയര്‍ന്നുവന്നുവെങ്കിലും രക്ഷപ്പെടുകയെന്ന നിശ്ചയം തന്നെയാണ്‌ വിജയിച്ചത്‌.
അങ്ങനെ ഒരു സുപ്രഭാതത്തില്‍ മല്‍ബു പുതിയ കട കണ്ടു പിടിച്ചു. അധികം ദൂരെയല്ല. കണക്കില്‍ കൃത്യത, എല്ലാ സാധനങ്ങളും സുലഭം, സര്‍വോപരി നല്ല ഇടപെടല്‍ തുടങ്ങിയ ഗുണങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. അങ്ങനെ മനഃസമാധാനം വന്നു തുടങ്ങിയ ഒരു വ്യാഴാഴ്‌ച സാധനങ്ങളുടെ വലിയ ലിസ്റ്റുമായി പുതിയ കടയിലെത്തി. പറ്റിന്റെ കാര്യമൊക്കെ പറഞ്ഞുറപ്പിച്ച്‌ സാധനങ്ങളൊക്കെ എടുത്തുവെച്ചു തുടങ്ങിയപ്പോള്‍ പിറകില്‍നിന്ന്‌ ഒരാള്‍ പുറത്തു തടവുന്നു.
എന്നിട്ട്‌ കടയിലെ സെയില്‍സ്‌മാനോട്‌:
ഇതേയ്‌, നമ്മുടെ സ്ഥിരം കസ്റ്റമറാട്ടോ. ശരിക്കും നോക്കിയേക്കണം.
മല്‍ബു ബോധംകെട്ടു വീണില്ലെന്നേയുള്ളൂ. പിറകില്‍വന്ന്‌ പുറം തടവി ഉപദേശം നല്‍കിയത്‌ മറ്റാരുമായിരുന്നില്ല. ആദ്യത്തെ പറ്റു കടയുടെ ഉടമ.


5/30/10

മഞ്ഞക്കുപ്പായമിടാന്‍ മല്‍ബു



കുഞ്ഞോനെന്തിനാ ഇപ്പോ തന്നെ മടങ്ങുന്നേ... ഒരു കൊല്ലം പോലും തികഞ്ഞില്ലല്ലോ? ~ഒന്നു രണ്ടു
കൊല്ലംകൂടി നിന്ന് കടമൊക്കെ തീര്‍ത്തിട്ട് പോന്നാ പോരേ?
മല്‍ബുവിന്റെ യാത്രയെക്കുറിച്ച് സംശയം മറ്റാര്‍ക്കുമല്ല, രണ്ടുലക്ഷം രൂപ ചെലവാക്കി വിസ
സംഘടിപ്പിച്ച് കുഞ്ഞോനെ ഗള്‍ഫിലേക്കയച്ച ബാപ്പയ്ക്ക് തന്നെയാ.
ഒരുവര്‍ഷം തികയുന്നതിനുമുമ്പേ കുഞ്ഞോന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത് ബാപ്പയെ മാത്രമല്ല, പലരേയും അലോസരപ്പെടുത്തുന്നുണ്ട്.
കുഞ്ഞോന്‍ ഒന്നും പറയില്ല. എല്ലാം മൂളിക്കേള്‍ക്കും.
ഫോണ്‍ വെച്ച ഉടനെ ബാപ്പ മറ്റുള്ളവരുടെ നേരെ തിരിയും.
നീ അല്ലേ, അവനോട് പറയേണ്ടത്... നിനക്കറിയില്ലേ, അവന്‍ പോയിട്ട് ഇതുവരെ വിസയുടെ കണക്കില്‍
നയാപൈസ അയച്ചിട്ടില്ല. ഇപ്പോ, എന്തിനാ ഇങ്ങോട്ടേക്ക് ചാടിപ്പുറപ്പെടുന്നത്. എന്താ ഇവിടെ വിശേഷം?
ചോദ്യം കുഞ്ഞോന്റെ ഉമ്മയോടാണെങ്കിലും കേള്‍ക്കാന്‍ കുഞ്ഞിനെ ഒക്കത്തെടുത്തോണ്ട് കുഞ്ഞോന്റെ
കെട്ട്യോളുമുണ്ട്.
പടച്ചോനെ, ഓനോട് നമ്മളാരെങ്കിലും പറഞ്ഞോ. ഇപ്പോ ഇങ്ങോട്ട് ചാടിപ്പോരാന്‍. വരണ്ടാ, വരണ്ടാന്ന്
ഇവള്‍ ഫോണില്‍ പറയുന്നത് ഞാനെന്റെ കാതോണ്ട് കേട്ടതാ.
പക്ഷേ, ബാപ്പാക്ക് എങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയും?
രണ്ടുലക്ഷം രൂപ ചെലവിട്ട് വിസയെടുത്തത് തെക്കും വടക്കും നടന്ന് കാലം കളഞ്ഞിരുന്ന കുഞ്ഞോനെ
ഒന്ന് നാടുകടത്താന്‍ തന്നെയായിരുന്നു.
നാടു കടത്തിയാല്‍ പിന്നെ അവന്‍ നേരെയായിക്കോളുമെന്നും അവന്റെ കളിക്കമ്പമൊക്കെ മരുഭൂമിയിലെ
ചൂടേല്‍ക്കുമ്പോള്‍ താനേ ഇല്ലാതായിക്കോളുമെന്നും പലരും ഉപദേശിച്ചപ്പോഴാണ് ഉപായം കൊള്ളാമെന്ന് ഹമീദാജിക്കും തോന്നിയത്.
പിന്നെ അധികം ആലോചിച്ചില്ല, വളരെ വേഗം ഒരു വിസ തരപ്പെടുത്തി.
വിമാനത്താവളത്തില്‍ വെച്ച് യാത്രയാക്കുമ്പോള്‍ പ്രത്യേകം പറഞ്ഞതായിരുന്നു.
കുഞ്ഞോനേ, നീ രണ്ടുവര്‍ഷം അവിടെനിന്ന ശേഷം നാട്ടിലേക്ക് വന്നാ മതീട്ടോ. കുട്ടികളെ മുഖം
എപ്പോഴും നിന്റെ മനസ്സിലുണ്ടാവണം. അവരുടെ ഭാവി ഓര്‍ത്തിട്ടുവേണം നീ അവിടെ ഓരോ കായിയും ചെലവാക്കാനും സൂക്ഷിക്കാനും.
ഹമീദാജിക്ക് ഇരുട്ടടി പോലെയായി കുഞ്ഞോന്റെ ഇപ്പോഴത്തെ മടക്കം. കുഞ്ഞോന്റെ സുഹൃത്തുക്കളില്‍
പലരെയും വിളിച്ച് അദ്ദേഹം തിരക്കി. അവന് അവിടെ എന്താ പ്രശ്‌നം? എന്തിനാ ഇത്ര വേഗം മടങ്ങുന്നേ?
ആര്‍ക്കും ഉത്തരമില്ലായിരുന്നു. ഉപദേശിക്കാനെത്തിയവരോടൊക്കെ കുഞ്ഞോന് ഒറ്റ മറുപടിയേയുള്ളൂ.
എനിക്ക് നാട്ടീപോണം. പോയിട്ട് ഇനീം വരാല്ലോ? റീ എന്‍ട്രീല്‍ തന്നെയാ പോകുന്നേ, എക്‌സിറ്റിലൊന്നുമല്ല.
കുഞ്ഞോനു മാത്രമല്ല, വര്‍ഷാവര്‍ഷം അവധി ലഭിക്കുകയെന്നത് എല്ലാ പ്രവാസികള്‍ക്കും
ആഹ്ലാദകരമാണെന്ന് പറയേണ്ടതില്ല. പതിനൊന്ന് മാസം തികയുമ്പോള്‍ ഒരുമാസത്തെ ശമ്പളവും വിമാനടിക്കറ്റുമടക്കമുള്ള അവധി എല്ലാവരുടേയും സ്വപ്നമാണ്.
അതൊക്കെ ഇവിടെ വന്നവര്‍ക്കല്ലേ അറിയൂ. നാട്ടിലിരിക്കുന്നവര്‍ക്ക് എന്തറിയാം.
കുഞ്ഞോനെ കുറിച്ച് പറയുകയാണെങ്കില്‍ നാട് മാത്രമല്ല, അവിടെ കാല്‍പന്ത് നടക്കുന്ന ഏതു ഗ്രൗണ്ടും
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്.
കോളാമ്പികള്‍ കെട്ടിവെച്ചുകൊണ്ടുള്ള ജീപ്പില്‍ കുഞ്ഞോന്റെ നീട്ടിയുള്ള അനൗണ്‍സ്‌മെന്റിലൂടെയാണ്
നാടുണര്‍ന്നിരുന്നത്.
പ്രിയമുള്ളവരേ, ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കുതിരുമ്മല്‍ ട്രോഫിക്ക് വേണ്ടിയുള്ള
ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ആവേശകരമായ സെമിഫൈനലില്‍ റെഡ് സ്റ്റാറും ഗ്രീന്‍ സ്റ്റാറും ഏറ്റുമുട്ടുന്നു. കളി കാണാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നു...
അനൗണ്‍സര്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കേണ്ട, കുഞ്ഞോന്‍ തന്നെയാ എല്ലാമെല്ലാം. ടൂര്‍ണമെന്റ്
കമ്മിറ്റി ഉണ്ടാക്കുന്നതും നോട്ടീസും റസീറ്റും അച്ചടിക്കുന്നതും പിരിവ് നടത്തുന്നതും അങ്ങനെ അങ്ങനെ ഒരു ടൂര്‍ണമെന്റ് ഗംഭീര വിജയമാക്കുന്നതിന് ആവശ്യമായ എല്ലാമെല്ലാം.
ഇതിനിടയില്‍ കുഞ്ഞോനെന്ത് കുടുംബം, എന്തു ജോലി?
അങ്ങനെ ഗ്രൗണ്ടുകള്‍ കയറിയിറങ്ങിയ കുഞ്ഞോനെ ഉത്തരവാദിത്തം പഠിപ്പിക്കാനാണ് ബാപ്പ
ഹമീദാജി തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് വിമാനം കയറ്റിയത്.
പറഞ്ഞിട്ടെന്താ, നില്‍ക്കാന്‍ പറ്റുമോ കുഞ്ഞോന്.
ടെലിവിഷന്‍ തുറന്നാല്‍ കാണുന്നത് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജഴ്‌സിയണിഞ്ഞ് തന്റെ
കൂട്ടുകാര്‍ നാട്ടില്‍ ആരവമുയര്‍ത്തുന്നു.
മക്കള്‍ക്ക് രണ്ട് കുഞ്ഞുടുപ്പ് വാങ്ങിയതോടൊപ്പം കുഞ്ഞോന്‍ തെരഞ്ഞ് പിടിച്ച് വാങ്ങിയിട്ടുണ്ട്, പത്ത്്
ജോടി മഞ്ഞക്കുപ്പായവും നീല ട്രൗസറും.
മഞ്ഞപ്പടയുടെ ആവേശമുയര്‍ത്താന്‍ ജഴ്‌സി കൊടുത്തയക്കാനാണ് കൂട്ടുകാര്‍
ആവശ്യപ്പെട്ടിരുന്നതെങ്കിലും അതുമായി നേരിട്ടങ്ങോട്ട് പോകാന്‍ കുഞ്ഞോനങ്ങ് തീരുമാനിച്ചു.
ആര്‍ക്കും തടയാനാവില്ല യാത്ര.
നാട്ടില്‍ എത്തിയ ഉടന്‍ ഇടാനായി പെട്ടിക്കകത്ത് ഏറ്റവും മുകളില്‍തന്നെ വെച്ചിട്ടുണ്ട് മഞ്ഞക്കുപ്പായം. ഒന്നുരണ്ട് വിസിലും.
കുഞ്ഞോന്‍ പോയി വരട്ടെ, ലോകകപ്പ് കഴിഞ്ഞ് കാണാം.



5/24/10

തല്ല് വന്ന വഴി


ദേ ഒരു മല്‍ബൂനെ നടുറോഡിലിട്ട് ഒരാള്‍ തല്ലുന്നു.
ചുറ്റുമുള്ള ഫ്‌ളാറ്റുകളിലെ ബാച്ചിലേഴ്‌സും ഫാമിലികളുമൊക്കെ കാഴ്ച കാണാന്‍ അണിനിരന്നു. ബാല്‍ക്കണിയുള്ള ഫ്‌ളാറ്റുകളിലുള്ളവര്‍ക്കായിരുന്നു നല്ല വ്യൂ. ബാല്‍ക്കണികൊണ്ട് പലതുണ്ട് കാര്യം. തുണികള്‍ കഴുകിയിടാം, വാതില്‍ തുറന്നിട്ടാല്‍ ഇത്തിരി കാറ്റും വെളിച്ചവുമൊക്കെ കയറും. പിന്നെ
അവസരം ഒത്തുവന്നാല്‍ ഇതുപോലുള്ള അപൂര്‍വ കാഴ്ചകളും.
നാട്ടിലാണെങ്കില്‍ അടിയും ഇടിയുമൊന്നും അപൂര്‍വ കാഴ്ചകളല്ലല്ലോ? റോഡിലേക്കൊന്ന് നോക്കിയാല്‍
മതി. എങ്ങനെ വന്നാലും ഒരു ഉന്തും തള്ളുമെങ്കിലും കാണാം. ഒന്നും പറ്റിയില്ലെങ്കിലും സങ്കടം വേണ്ട. ഒരു കുടിയന്‍ മതിലു തള്ളിയിടാന്‍ നോക്കുന്നതെങ്കിലും കാണാം. നാട്ടില്‍ നടക്കുന്ന അടികളും സമരക്കാരെ പോലീസ് ചാമ്പുന്നതുമൊക്കെ ചാനലുകളില്‍ കാണുന്നുണ്ടെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു ത്രില്ലുണ്ടോ അതിന്?
നാട്ടിലെ പോലെയല്ല ഇവിടെ പ്രവാസ ലോകത്ത്, ഒരു അര അടി നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടാകാന്‍
ചിലപ്പോള്‍ കൊല്ലങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും. നീണ്ട ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പ്രവാസിയായിട്ടും ഒരിക്കല്‍ പോലും ഒരു കശപിശ കാണേണ്ടി വന്നിട്ടില്ലെന്ന് പറയുമ്പോള്‍ മലപ്പുറത്തുകാരന്‍ നാണിക്ക് നാടിനെ കുറിച്ച് അഭിമാനം തിളക്കുന്നു. നാണിയുടേതു തിളച്ചോട്ടെ, അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. അടിപിടി കണ്ടേ തീരൂ എന്നാണെങ്കില്‍ അതിനു വഴിയുണ്ട്. വിചാരിക്കണമെന്നു മാത്രം. എന്നിട്ട് ഇറങ്ങിപ്പുറപ്പെടണം.
എങ്ങോട്ട്?
മല്‍ബുകള്‍ സ്വന്തം നാടാക്കി മാറ്റിയ നഗരത്തിലെ ചില കോണുകളുണ്ട്. അവിടെ ചെന്നു നോക്കിയാല്‍
മതി. വിസക്ക് കൊടുത്ത പണത്തെ ചൊല്ലിയോ എക്‌സിറ്റ് ജയിലിലുള്ളയാളെ എളുപ്പം നാട്ടിലെത്തിക്കുന്നതിനു നല്‍കിയ പണത്തെ ചൊല്ലിയോ ഉള്ള വാക്തര്‍ക്കവും കയ്യാങ്കളിയുമൊക്കെ കാണാം. പക്ഷേ, സൂക്ഷിച്ചുവേണം. കണ്ട ഉടനെ അവിടെനിന്ന് രക്ഷപ്പെടുകയും വേണം. ഇല്ലെങ്കില്‍ അറിയാലോ. നാട്ടിലെ പോലെ രാഷ്ട്രീയക്കാര്‍ക്കു വന്ന് ഇറക്കിക്കൊണ്ടുവരാനൊന്നും കഴിയില്ല.
ഫ്‌ളാറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണി ഉണ്ടോ എന്ന് പ്രത്യേകം തിരക്കുന്നവരാണ് മല്‍ബുകള്‍. അഞ്ഞൂറോ ആയിരമോ അധികം കൊടുത്താലും ബാല്‍ക്കണിയുണ്ടെങ്കില്‍ അതൊന്നുവേറെത്തന്നെ. തുണികള്‍ കഴുകിയിടാന്‍ നല്ല ഒരു സ്ഥലം എന്ന നിലയിലാണ് ബാല്‍ക്കണിക്കുള്ള പ്രധാന പരിഗണന. അവസാനത്തെ ഗുണം, ഇങ്ങനെ വല്ല കാഴ്ചകളും ഒത്തുവരുമ്പോള്‍ ആരുടേയും ശല്യമില്ലാതെ, തിക്കിത്തിരക്കാതെ ആദ്യാവസാനം കാണാം.
മലയാളികള്‍ക്ക് ബാല്‍ക്കണിയോടുള്ള കമ്പം മറ്റുള്ളവര്‍ക്കില്ല എന്നാണറിവ്. അവരൊക്കെ
ബാല്‍ക്കണിയുള്ള ഫ്‌ളാറ്റ് ലഭിച്ചാലും അത് ബോര്‍ഡ് കൊണ്ടോ കമ്പി കൊണ്ടോ മറച്ച് ഒരു കൊച്ചുമുറിയാക്കി മാറ്റും. ആരെങ്കിലുമൊക്കെ കണ്ണയക്കേണ്ട എന്നു കരുതി ബാല്‍ക്കണി അടച്ചു ഭദ്രമാക്കുന്നവരുമുണ്ട്.
കാഴ്ചയിലേക്കു വരാം. മല്‍ബൂനെ ഇപ്പോള്‍ ആടിനെ അറുക്കാന്‍ കിടത്തിയതുപോലെ ചുരുട്ടിക്കൂട്ടി
നിലത്തിട്ടിരിക്കയാണ്. മര്‍ദകന്‍ ചെരിപ്പൂരി മല്‍ബൂന്റെ മുഖത്തു തുരുതുരാ കൊടുക്കുന്നു. അതിനുശേഷം സംതൃപ്തമായ മനസ്സോടെ മര്‍ദകന്‍ തിരിഞ്ഞു നടക്കുന്നു.
സാവകാശം എഴുന്നേറ്റ മല്‍ബു അടിയുടെ കാരണം അറിയാതെ പകച്ചുനില്‍ക്കുന്നു.
എന്തിനാ നിങ്ങളെ അയാള്‍ തല്ലിയത്?
എനിക്കൊന്നുമറിയില്ലേ? അയാള്‍ വന്നെന്നെ തള്ളിയിട്ട് മതിയാവോളം തല്ലി. എന്നിട്ട് പോയി.
ഒരു കാരണവുമില്ലാതെയോ? തല്ലുമ്പോള്‍ നിങ്ങള്‍ അയാളോട് ചോദിക്കേണ്ടെ, എന്തിനാ തല്ലുന്നതെന്ന്?
എന്നിട്ടുവേണം ഒരു അടി കൂടി അധികം കിട്ടാന്‍.
മല്‍ബൂനെ അറിയുന്ന മറ്റൊരു മല്‍ബു പറഞ്ഞു. ഇയാള്‍ അയാളുടെ കാറു നോക്കിക്കാണും. ഡ്രൈവിംഗ്
ലൈസന്‍സ് ഇല്ലെങ്കിലും കാര്‍ നോക്കി നടക്കുകയാണല്ലോ ഇയാളുടെ ജോലി.
ഇപ്പോള്‍ എങ്ങനുണ്ട്. കാര്‍ നോക്കി നോക്കി അവസാനം ചെകിട്ടത്ത് ചെരിപ്പു കൊണ്ട് കിട്ടി. കാറുകളുടെ
കമ്പനിയും മോഡലും നോക്കി വെക്കാലോ? കാശ് എപ്പോഴാ വരികാന്ന് ആര്‍ക്കാ അറിയാ. അപ്പോള്‍ വാങ്ങാലോ? എന്തൊക്കെയായിരുന്നു ന്യായങ്ങള്‍?
അതിന് കാര്‍ ഒന്നു നോക്കീന്നുവെച്ച് ഇങ്ങനെ തല്ലാന്‍ പാടുണ്ടോ? ഇവിടെ നിയമവും
വ്യവസ്ഥയുമൊന്നുമില്ലേ? -മുതലാളിത്ത സുഖം വിഴുങ്ങുന്നതിനു മുമ്പ് നാടുവിട്ട ഒരു സഖാവിന്റെ രക്തം തിളച്ചു.
അയാള്‍ അവിടെ നിര്‍ത്തിയിട്ട പുതിയ കാറാ ഇവന്‍ നോക്കാന്‍ പോയത്?
അതിനെന്താ?
സാധാരണയല്ലേ പുതിയ കാര്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകില്ലേ?
അതേ, കാറില്‍ അയാളുടെ ഭാര്യ ഉണ്ടായിരുന്നു.



5/9/10

കുന്‍ഹി ഫ്രം ജയില്‍




കുറേ കാലമായല്ലോ വിളി കേട്ടിട്ട്. നമ്പറും മാറിയിരിക്കുന്നു. എന്തിനാ ഇങ്ങനെ ഇടക്കിടെ നമ്പര്‍ മാറ്റുന്നത്? വല്ല ഗുലുമാലും ഒപ്പിച്ചു മുങ്ങി നടക്കുവാണോ ഇയാള്‍?
മാസങ്ങളായി അപ്രത്യക്ഷനായ കുന്‍ഹിയാണ് വിളിച്ചത്. ഇയാള്‍ എവിടാണെന്ന് ആര്‍ക്കും ഒരു ഐഡിയയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പല കഥകളും പ്രചരിച്ചു.
തിരോധാന കഥയൊന്നും അറിയാത്ത പോലെ കുന്‍ഹിയോട് വിവരങ്ങള്‍ തിരക്കി.
നമ്പറൊക്കെ പോയി. പത്രങ്ങളൊന്നും കിട്ടാത്തിടത്താ ഇപ്പോള്‍. എന്താ നാട്ടിലൊക്കെ വിശേഷങ്ങള്‍...? പൊതുമാപ്പിനെ കുറിച്ച് വല്ല വിവരവും ഉണ്ടോ? - അങ്ങേ തലയ്ക്കല്‍നിന്ന് കുന്‍ഹിയുടെ മറുപടി.
കുന്‍ഹിയെന്നൊക്കെ കേട്ടിട്ട് ചൈനക്കാരനാണെന്നൊന്നും തെറ്റദ്ധരിക്കേണ്ട. സക്ഷാല്‍ മല്‍ബു തന്നെയാണ്. പ്രവാസ ലോകത്തെത്തിയാല്‍ പലര്‍ക്കും നഷ്ടപ്പെടുന്ന ഒന്നാണല്ലോ സ്വന്തം പേര്. അച്ഛനമ്മമാരിട്ട പേര് തിരിച്ചുകിട്ടാന്‍ ചിലപ്പോള്‍ തിരികെ നാട്ടില്‍ എത്തേണ്ടിവരും.
വടക്കന്മാര്‍ക്ക് സ്വന്തം കുഞ്ഞിയും തെക്കന്മാര്‍ക്ക് കുഞ്ഞുമായ മുഹമ്മദ് കുഞ്ഞിയാണ് പിന്നീട് മുഹമ്മദ് കുന്‍ഹി (KUNHI) ആയത്.
മുഹമ്മദ് ആരും ചേര്‍ക്കാതായി. വിളി കുന്‍ഹിയിലൊതുങ്ങി. മലയാളി പേരുകള്‍ ഇഖാമയില്‍ അറബിയിലെഴുതുമ്പോഴാണ് പലര്‍ക്കും പുതിയ പേരുകള്‍ ലഭിക്കാറുള്ളതെങ്കിലും കഥാനായനായ കുഞ്ഞിയെ കുന്‍ഹിയാക്കിയത് ഇടബോസായ ഇംഗ്ലീഷുകാരനാണ്. ഏമാന്‍ കുന്‍ഹിയെന്നു വിളിച്ചതോടെ ഇയാള്‍ കുഞ്ഞിയാണെന്ന് അറിയുന്നവരും വിളി അങ്ങനെയാക്കി. നമ്മുടെ കുന്‍ഹി കുറച്ച് പണമൊക്കെ ചെലവഴിച്ച് മുഹമ്മദ് കുഞ്ഞിയുടെ സാക്ഷാല്‍ അറബിയായ മുഹമ്മദ് സഗീര്‍ എന്നാക്കി പേരു മാറ്റിയിരുന്നുവെങ്കിലും ആളുകള്‍ അതു വിളിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ക്ക് കുന്‍ഹിയെന്നു വിളിക്കാന്‍ തന്നെയായിരുന്നു ഇഷ്ടം.
അറബിയില്‍ മാത്രമല്ല, ഇംഗ്ലീഷില്‍ എഴുതിയാലും നമ്മള്‍ ആഗ്രഹിക്കുന്ന നിലയില്‍ പേര് വിളിച്ചു കിട്ടണമെങ്കില്‍ ഭാഗ്യം ഇത്തിരിയൊന്നും പോരാ.
പ്രൊഫ. കുഞ്ഞമ്പു തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരു ഉത്തരേന്ത്യന്‍ പ്രൊഫസറെ കോളേജിലെ കുട്ടികളുടെ മുന്നില്‍ ഗസ്റ്റ് ലക്ചററായി കൊണ്ടുവന്നു. ദീര്‍ഘമായ സുഹൃദ്ബന്ധത്തെ കുറിച്ചുള്ള കുഞ്ഞമ്പു സാറിന്റെ വിവരണത്തിനുശേഷമായിരുന്നു അതിഥിക്കുള്ള അവസരം.
അദ്ദേഹം തുടങ്ങിയതുതന്നെ പ്രൊഫ. കുന്‍ഹാമ്പുവിന് താങ്ക്‌സ് പറഞ്ഞുകൊണ്ടായിരുന്നു.
കുന്‍ഹിയിലേക്ക് വരാം. പത്രങ്ങളിലും ടെലിവിഷനിലും ചൂടുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന സ്വഭാവമുള്ളയാളാണ് മുഹമ്മദ് സഗീര്‍ എന്ന കുന്‍ഹി.
പത്രങ്ങളൊന്നും കിട്ടാത്ത ഏതു ഭൂലോകത്താ ഇയാള്‍ കൂടിയിരിക്കുന്നേ? പത്രങ്ങള്‍ കിട്ടാത്ത പഴയ കാലമൊക്കെ മാറിയില്ലേ. ഇപ്പോള്‍ എവിടാ രാവിലെ തന്നെ പത്രം എത്താത്ത സ്ഥലം?
കുന്‍ഹിയുടെ മറുപടി. ഞാന്‍ കുറച്ചുകാലമായി അകത്താ. വിവരങ്ങളൊക്കെ അറിയാമല്ലോ എന്നു കരുതി വിളിച്ചതാണ്. പൊതുമാപ്പ് എന്നു കേള്‍ക്കുന്നുണ്ടല്ലോ? ഉടനെ എന്തെങ്കിലും ഉണ്ടാകുമോ? വല്ല സാധ്യതയുമുണ്ടോ?
ജയിലിനകത്താണെന്ന സൂചനയൊന്നും കുന്‍ഹിയുടെ ശബ്ദത്തിലില്ല. പണ്ടുമുതലേ വിളിക്കാറുള്ള അതേ ഗാംഭീര്യമാര്‍ന്ന ശബ്ദം. വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുമ്പോള്‍ എപ്പോഴും ആ ശബ്ദത്തിനിത്തിരി കനം കൂടാറുണ്ട്. അതു കേട്ടിരിക്കാനും രസമായിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള ഘോരപ്രസംഗം പോലെ തോന്നും. അക്ഷര സ്ഫുടതയോടെ, പറയുന്ന കാര്യത്തില്‍ ഒട്ടും ചാഞ്ചല്യമില്ലാതെ...
സത്യം തന്നെയാണോ പറയുന്നത്. ജയിലിലാണോ?
ചിരിച്ചുകൊണ്ടായിരുന്നു കുന്‍ഹിയുടെ മറുപടി. അതേ മാഷേ, ജയിലില്‍ തന്നെയാ. അഞ്ചാറ് മാസായി.
എന്നാലും അഞ്ചാറ് മാസമായി ജയിലില്‍ കഴിയുന്ന ഒരാളുടെ ശബ്ദം ഇങ്ങനെ. അതും ഒട്ടും പതറാതെ പൊട്ടിച്ചിരിക്കാന്‍ കഴിയുക.
അല്ലാ, എന്താ കേസ്. ഉടനെങ്ങാനും ഇറങ്ങുന്നുണ്ടോ?
കേസൊക്കെ വലുതുതന്നെയാ. ആരോ ഇഖാമ പ്രസ് തുടങ്ങിയതാ. കുടുങ്ങിയതു ഞാനും. ഇന്നോ നാളെയോ എന്നു വിചാരിച്ചിരിക്കാ... പിന്നെ, നടന്നാല്‍ പറയാം നടന്നൂന്ന്.
അപ്പോ ഇറങ്ങുന്നതിലുള്ള സന്തോഷാ അല്ലേ?
ഏയ്, അങ്ങനെയൊന്നുമില്ല. ഇറങ്ങിയാല്‍ പറയാം ഇറങ്ങീന്ന്. ചിലപ്പോള്‍ ഒന്നു രണ്ടു കൊല്ലം കൂടി ഇവിടെ കഴിയേണ്ടിയും വരാം. വീണ്ടും ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യം.
പൊതുമാപ്പ് വരുമെന്ന് ഇതിനകത്ത് പലരും പറഞ്ഞുകേട്ടു. അതൊന്ന് ഉറപ്പുവരുത്താന്‍ വിളിച്ചതാ ഞാന്‍.
പിന്നെ പാലത്തിനടിയില്‍ പിടികൊടുക്കാനായി കാത്തിരിക്കുന്ന ആള്‍ക്കാര്‍ ഇപ്പോഴുമുണ്ടല്ലോ അല്ലേ?
പിന്നെ, ഇഷ്ടം പോലെ. അതിന് ഒരു കുറവുമുണ്ടായിട്ടില്ല.
ഞാന്‍ ഇങ്ങനെ ആലോചിക്കാരുന്നു.
ആലോചിക്കാലോ? അവിടെ വേറെ പണിയൊന്നും ഇല്ലല്ലോ?
അതല്ല, നമ്മുടെ നാടുപോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആലോചിച്ചുപോയതാ. അവിടെയാണെങ്കില്‍ ഏതു കേസിലായാലും പോലീസ് പ്രതികളെ പിടിച്ചാല്‍ അവരെ എക്‌സ്‌ചേഞ്ച് ചെയ്യാമല്ലോ? പോലീസുകാര്‍ പിടികൂടുന്ന യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രയ പാര്‍ട്ടിക്കാര്‍ കൊടുക്കുന്ന പ്രതികളെയല്ലേ എഫ്.ഐ.ആറില്‍ ചേര്‍ക്കുന്നത്. അങ്ങനെ ജയിലില്‍ പോകാനായി മാത്രം എല്ലാ പാര്‍ട്ടിക്കാര്‍ക്കും സ്വന്തം ആള്‍ക്കാരുണ്ട്. ഇവിടെയും അതു പോലായാല്‍ എന്തു സുഖായിരുന്നു.
പിടികൊടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും അപ്രതീക്ഷിതമായി അകത്തായതിനാല്‍ പുറത്തിറങ്ങാന്‍ വഴി അന്വേഷിക്കുന്നവര്‍ക്കും എന്തൊരു സന്തോഷായിരിക്കും.
പിടിയിലായ പത്തുപേരെ വിട്ടയക്കുന്നതിനു പകരം പിടികൊടുക്കാനായി പാലത്തിനു ചോട്ടില്‍ അന്തിയുറങ്ങുന്ന പത്തുപേരുടെ എക്‌സ്‌ചേഞ്ച്.
വാട്ടെനൈഡിയാ കുന്‍ഹിജീ, തല വെളിയില്‍ കാണിക്കരുത്.....

5/2/10

പേന്‍നോട്ടത്തിന്റെ പരിണാമം


ഒരു ഹോബിയുമില്ലാത്തയാളെ എന്തിനു കൊള്ളാം. പക്ഷേ, പേന്‍ നോട്ടമാണ് ഹോബിയെന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലേ തോന്നുന്നത്. അതൊരു പറയാന്‍ പറ്റുന്ന ഹോബിയാണോ?
അതവിടിരിക്കട്ടെ, പ്രവാസ ലോകത്തും ഈ പേന്‍ ശല്യമുണ്ടോ? ഇവിടെ മൂട്ടശല്യം കേട്ടിട്ടുണ്ട്. മൂട്ട നിവാരണ യത്‌നത്തിനിടയില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്ന മല്‍ബുകളും നിരവധിയാണ്. മൂട്ട മരുന്നു ശ്വസിച്ചുകൊണ്ടുള്ള മരണം പലപ്പോഴും വാര്‍ത്തയായി.
പേന്‍ശല്യം മൂട്ടയോളം ഗുരുതരമാണോ?
തലയുള്ളതുകൊണ്ടല്ലേ പേന്‍, അപ്പോള്‍ തലയുള്ളിടത്തെല്ലാം പേന്‍ കാണും. പിന്നെ പേനില്ലെങ്കിലും പേന്‍ നോട്ടമാകാം. വെറുതെ നേരം കൊല്ലാന്‍. പേനെടുക്കാന്‍ ഇരുന്നു കൊടുക്കുന്നവര്‍ക്കും പേനെടുക്കുന്നവര്‍ക്കും ഒരു സുഖം. ഒന്നിനെയെങ്കിലും കിട്ടുന്നതുവരെ നോക്കിക്കൊണ്ടിരിക്കാമല്ലോ? പേനെടുപ്പില്‍ വിദഗ്ധരായവര്‍ക്ക് അതൊരു ഹോബിയായി അങ്ങനെ തുടര്‍ന്നുകൊണ്ടുപോകാനായില്ലെങ്കില്‍ പ്രയാസമാകുമെന്നും അവര്‍ വിഷാദ രോഗത്തിന് അടിപ്പെടുമെന്നുമാണ് വിദഗ്ധ പഠനം. ആര് എപ്പോള്‍ പഠനം നടത്തി എന്നൊന്നും ചോദിക്കരുത്. മൂന്ന്് പേരോട് അഭിപ്രായം ചോദിച്ചാല്‍ അതൊരു പഠനമായി. പിന്നെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദഗ്ധ പഠനത്തിന്റെ സ്വീകാര്യത.
കാണാന്‍ കൊള്ളാമെങ്കില്‍ കോടതിയില്‍ ജഡ്ജിയെ പോലും സ്വാധീനിക്കാമെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച ഒരു വിദഗ്ധ പഠനം. കാണാന്‍ സ്മാര്‍ട്ട് ആണെങ്കില്‍ കടുത്ത കുറ്റകൃത്യമാണെങ്കിലും കഠിന ശിക്ഷ നല്‍കാന്‍ ജഡ്ജിക്ക് മനസ്സ് വരില്ലത്രെ. ഇത്രയും സ്മാര്‍ട്ട് ആയ ഇയാള്‍ ആ കുറ്റം ചെയ്യില്ലെന്ന് ജഡ്്ജിയുടെ മനസ്സ് മന്ത്രിക്കുംപോലും. കാണാന്‍ ഒരു ചേലുമില്ലാത്തയാളാണ് പ്രതിയെങ്കില്‍ ഇവന്‍ തന്നെയായിരിക്കും കുറ്റം ചെയ്തതെന്ന് ജഡ്ജി തീരുമാനിക്കുമെന്നും പഠനം അടിവരയിടുന്നു. അപ്പോള്‍ മുദ്രാവാക്യം, സ്മാര്‍ട്ടാകൂ... ശിക്ഷ പോലും ഒഴിവാക്കൂ എന്നായി. അതിനു പിന്നാലെ വരും സ്മാര്‍ട്ടാകാനുള്ള ഉല്‍പന്നങ്ങള്‍.
പേന്‍ നോട്ടവുമായി നാട്ടില്‍ കഴിഞ്ഞിരുന്ന ഒരു മല്‍ബി ഗള്‍ഫിലെത്തി. ഫാമിലി വിസയെടുത്ത് മല്‍ബു വിളിക്കുമ്പോള്‍ അവിടെ പേന്‍നോട്ടത്തിനു തല കിട്ടുമോ എന്നൊന്നും ചോദിച്ചില്ല. ആരുടെയെങ്കിലും തല കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയോടെ വിമാനം കയറി.
നാട്ടിലെ നൂറുകൂട്ടം തിരക്കുകളില്‍നിന്ന് സ്വതന്ത്രയായി ഗള്‍ഫിലെത്തിയപ്പോള്‍, വീട്ടു ജോലികള്‍ക്കും പിന്നീട് ടെലിവിഷനു മുന്നിലെ കുത്തിയിരിപ്പും കഴിഞ്ഞിട്ടും മല്‍ബിക്കു സമയം ബാക്കി. പ്രതീക്ഷിച്ചതുപോലെ ഭാഗ്യം കൈവിട്ടില്ല. ഒരുദിവസം മകളുടെ തലയില്‍ ഒരു പേന്‍ കണ്ടു. മല്‍ബിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പേനിനെ കണ്ടെത്തി അതിനെ കയ്യിലെടുത്ത്് നോക്കിയ ശേഷം ജീവാപായമൊന്നും വരുത്താതെ വീണ്ടും തലയില്‍തന്നെ വളരാന്‍ വിട്ടു. മറ്റൊരു പേന്‍ ഉണ്ടായി വരുന്നതുവരെ അതിനെ ദിവസം രണ്ടുനേരം തപ്പിയെടുത്ത് പിന്നെയും ജീവിക്കാന്‍ വിട്ടു. മറ്റൊരു പേന്‍ രംഗപ്രവേശം ചെയ്യുന്നതുവരെയായിരിക്കും അതിന്റെ ആയുസ്സ്. അതിനുശേഷം രണ്ടു നഖങ്ങള്‍ക്കിടയില്‍ സുഖമരണം.
നാട്ടിലെ ഇഷ്ടവിനോദം തുടരാനായതില്‍ സന്തോഷിച്ചുവെങ്കിലും മല്‍ബി അതിലേറെ ആഹ്ലാദിച്ചത് മല്‍ബുവിന് താങ്ങായി സ്വന്തം വരുമാന മാര്‍ഗം തുറന്നതോടെയാണ്.
അതെന്താ, പ്രൊഫഷണല്‍ പേന്‍നോട്ടം തുടങ്ങിയോ?
അല്ല, പേന്‍നോട്ടം പാടേ ഉപേക്ഷിച്ചതിനു ശേഷമാണ് അതു സംഭവിച്ചത്. പ്രേരണ മല്‍ബുവിന്റെ സ്ഥിരോത്സാഹം തന്നെ.
800 റിയാലിന് ബൂഫിയയിലെ ജോലിയോടെയായിരുന്നു മല്‍ബുവിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. വൈകാതെ അതേ ബൂഫിയ നടത്താന്‍ മല്‍ബുവിന് അവസരം ഒത്തു. പിന്നീട് അടിവെച്ചടിവെച്ച് കയറ്റമായിരുന്നു. ബൂഫിയയില്‍ രണ്ടുപേരെ ജോലിക്കു വെച്ചു. പിന്നെയും തുടങ്ങി മറ്റൊരു ബൂഫിയ. പിന്നെ ഒരു ബഖാല. അങ്ങനെ 800 റിയാലില്‍ തുടങ്ങിയ മല്‍ബു സ്ഥിരോത്സാഹവും കഠിനാധ്വാനവും കൈമുതലാക്കി വരുമാനത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടാക്കി.
കുടുംബ വരുമാനം കൂടിയപ്പോള്‍, ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കാനല്ല മല്‍ബിയെ പ്രേരിപ്പിച്ചത്. പകരം നാട്ടില്‍ പോയി ആറു മാസം താമസിച്ച് തയ്യല്‍ പഠിച്ചു വന്നു. അതുവഴി മികച്ചൊരു തയ്യല്‍ക്കാരിയായി.
ഇപ്പോള്‍, ആളുകള്‍ ക്യൂവാണ്. ഇന്ത്യക്കാരികളും പാക്കിസ്ഥാനികളും. പേന്‍നോട്ടത്തില്‍നിന്ന് ചുരിദാര്‍ സ്‌പെഷ്യലിസ്റ്റിലേക്കുള്ള ദൂരം എത്ര നിസ്സാരം. ചുറ്റും നോക്കിയേ, മല്‍ബുകള്‍ക്ക് തുണയേകാന്‍ സ്ഥിരോത്സാഹത്തോടെ പലതരം ജോലി നോക്കുന്ന എത്രയെത്ര മല്‍ബികള്‍.


4/4/10

രക്തനോട്ടക്കാരന്‍



മല്‍ബുവിന്റെ ഞരമ്പില്‍നിന്ന് മനോഹരമായ സഞ്ചിയിലേക്ക് രക്തം വാര്‍ന്നുവീഴുകയായിരുന്നു. എത്ര മനോഹരമായ സഞ്ചി. ഇതില്‍ രക്തത്തേക്കള്‍ വില കൂടിയ എന്തെങ്കിലും സൂക്ഷിക്കാമായിരുന്നു.
അങ്ങനെ ചിന്തിക്കരുത്.
ചിലപ്പോള്‍ രക്തത്തേക്കാള്‍ വില കൂടിയ ഒന്നുമില്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ആപത്ഘട്ടങ്ങളില്‍ രക്തത്തിനുവേണ്ടി പരക്കം പായുന്നവരുടെ ചിത്രം മനസ്സില്‍ സങ്കല്‍പിച്ചുനോക്കുക. അപൂര്‍വ ഗ്രൂപ്പുകളില്‍പെട്ട രക്തം കിട്ടാഞ്ഞാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കാറുണ്ട്. മരണമുഖത്തുനിന്ന് രക്ഷയാകുക ചിലപ്പോള്‍ രക്തം സമയത്ത് ലഭിച്ചാലാകും.
പ്രശസ്തമായ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മല്‍ബു വന്നിരിക്കുന്നത് അപൂര്‍വ രക്തം നല്‍കാനല്ലെങ്കിലും അത്യാസന്ന നിലയിലായ നാട്ടുകാരന് വേണ്ട അപൂര്‍വ രക്തം ലഭിക്കുന്നതിനായി തന്റെ സാദാ രക്തം സംഭാവന ചെയ്യാനാണ്. ആശുപത്രിയിലെ ബ്ലഡ് ബാങ്കുകാരുടെ വിദ്യകള്‍ എന്തെങ്കിലുമായിക്കോട്ടെ, രക്തദാനത്തിന്റെ മഹിമ അറിയുന്ന മല്‍ബു അതൊന്നും ഓര്‍ക്കേണ്ട കാര്യമില്ല. രക്തദാനത്തിനായി തന്നെ കൂട്ടിക്കൊണ്ടുവന്നയാളുടെ മുഖത്ത് വിരിയുന്ന സന്തോഷം നോക്കിയാല്‍ മതി.
കുടുംബക്കാരാരും രക്തം നല്‍കാന്‍ തയാറാകാത്തിടത്താണ് ഒരു പരിചയവുമില്ലാത്ത മല്‍ബു സ്വമേധയാ തയാറായി രക്തം നല്‍കാന്‍ എത്തിയിരിക്കുന്നത്. ഇതേ ഗ്രൂപ്പ് രക്തമുള്ള കുടുംബത്തിലെ പലരേയും സമീപിച്ചുവെങ്കിലും അവരൊക്കെ വിലയേറിയ മറുപടിയാണ് നല്‍കിയത്.
അതല്ലാ, നീ അവനെ ഇവിടെവെച്ച് ചികിത്സിക്കാനാണോ വിചാരിക്കുന്നത്? വലിയ ചെലവാകും കേട്ടോ.
പിന്നെ, അല്ലാതെ...
നാട്ടിലെ ഏതെങ്കിലും ആശുപ്രത്രിയില്‍ എത്തിക്കാന്‍ നോക്ക്.
രക്തം ദാനം ചെയ്യാമോ എന്നു ചോദിച്ചില്ലെങ്കില്‍ ഈ ഉപദേശം പോലും ലഭിക്കുമായിരുന്നില്ല.
രക്തം ഇറ്റിവീണുകൊണ്ടിരിക്കെ രക്തം എടുത്തുകൊണ്ടിരുന്നയാളുടെ ചോദ്യം. അതല്ല, എന്താ ആലോചിക്കുന്നേ, വൈകിട്ടാ ജോലി അല്ലേ?
ചോദ്യം കേട്ട്് മല്‍ബു തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല.
രക്തം നോക്കി ജോലിസമയം കണ്ടുപിടിക്കാനാകുമോ? മല്‍ബുവിന്റെ ചിന്ത ചോദ്യമായി.
എങ്ങനെ അറിയാം?
അതൊക്കെ അറിയാമെന്നേ, പകല്‍ ഇഷ്ടം പോലെ സമയം വെറുതെ കളയുകയാ അല്ലേ?
ദേ അടുത്ത യാഥാര്‍ഥ്യവും പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭയങ്കരം തന്നെ, ഈ ടെക്‌നീഷ്യന്റെ ഒരു കാര്യം. രക്തം നോക്കി ജീവിതം പറയുന്നു. കൊള്ളാലോ വിദ്യ. ഇനിയിപ്പോ ഹസ്തരേഖയോ പക്ഷിശാസ്ത്രമോ ഒന്നും വേണ്ട. രക്തം നോക്കി ഭാവി പ്രവചിക്കാം.
നിങ്ങള്‍ ഇതുവരെ ഇവിടെയല്ലാതെ മറ്റൊരു വിദേശ രാജ്യത്തേക്കും യാത്ര പോയിട്ടില്ല. അല്ലേ, ഐ മീന്‍ അമേരിക്ക, ഗ്രീസ്, ജര്‍മനി...
ഇല്ല മാഷേ, നമുക്കിതു തന്നെ സാധിക്കുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു മാസം അവധി കിട്ടും. ഉടനെ നാട്ടിലെത്താന്‍ നോക്കും. പിന്നെ ശ്രീലങ്കയിലെ എയര്‍പോര്‍ട്ടില്‍ നാല് മണിക്കൂര്‍ ഇരുന്നിട്ടുണ്ട്. ദുബായിലെ എയര്‍പോര്‍ട്ടിലും. പുറത്തിറങ്ങിയിട്ടില്ല. വിമാനക്കൂലി കുറഞ്ഞുകിട്ടാനായി വളഞ്ഞ വഴി കയറിയപ്പോഴുള്ള കാത്തിരിപ്പ്. മറ്റെവിടെയും പോയിട്ടില്ല.
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്തൊക്കെ വിവരങ്ങളാ നിങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതൊക്കെ രക്തം നോക്കിയിട്ടു തന്നാണോ കിട്ടുന്നത്?
ടെക്‌നീഷ്യന്റെ അടുത്ത ചോദ്യം.
പത്തിരുപത് വര്‍ഷം ജോലി ചെയ്തിട്ടും നിങ്ങള്‍ സംതൃപ്തനല്ല അല്ലേ? നിങ്ങളുടെ സേവനങ്ങളൊന്നും കമ്പനി അംഗീകരിക്കുന്നില്ല അല്ലേ? ഇതുവരെ അംഗീകാരത്തിന്റെ ഒരു മെഡല്‍ പോലും നിങ്ങള്‍ക്ക് കിട്ടിയില്ല.
ദേ പിന്നേം പറയുന്നു, നഗ്ന യാഥാര്‍ഥ്യങ്ങള്‍.
ജോലിയില്‍ താന്‍ ഒട്ടും സംതൃപ്തനല്ലെന്നും മറ്റും ഇതുവരെ ഒരാളോടും പറഞ്ഞിട്ടില്ല. അതൊക്കെ എല്ലാ പ്രവാസികളുടേയും പരാതികളല്ലേ. ആരോട് പറയാന്‍.
രക്തനോട്ടക്കാരന്റെ അടുത്ത ചോദ്യവും വൈകിയില്ല.
നിങ്ങള്‍ ഇതുവരെ നിങ്ങളുടെ കമ്പനിയുടെ ചെയര്‍മാന്റെ കൂടെ കാപ്പി കുടിച്ചിട്ടുണ്ടോ?
ഇല്ല, മാഷേ, അതൊക്കെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് തൊട്ടു മുകളിലുള്ള ബോസുമാര്‍ക്കൊക്കെ സാധിക്കുന്ന കാര്യമാ.
ആഹാ... എന്നാല്‍ കേട്ടോളൂ. ഇതൊക്കെ നിങ്ങള്‍ക്കും സാധ്യമാകും.
വിദേശ യാത്ര തരപ്പെടും. മാത്രമല്ല, കമ്പനിയുടെ ഏറ്റവും വലിയ മാനേജരോടൊപ്പം സുപ്രസിദ്ധ നഗരത്തില്‍ കാപ്പി കുടി.
20 വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് ശമ്പളമായി ലഭിച്ച തുക ഒരുമാസം കൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. നിങ്ങളുടെ സേവനങ്ങള്‍ക്ക് അംഗീകാരമായിക്കൊണ്ട് എല്ലാ മാസവും പുരസ്‌കാരങ്ങള്‍ നിങ്ങളെ തേടിയെത്തും.
പ്രവചനങ്ങള്‍ കേട്ടപ്പോള്‍, മല്‍ബുവിന് രോമാഞ്ചം കൊള്ളാനായില്ലെന്നേയുള്ളൂ. കാരണം രക്തമൊഴുകി തീര്‍ന്നിട്ടില്ല.
നിങ്ങള്‍ ക്ഷീണമൊക്കെ മാറ്റി, വൈകിട്ട് എന്നെ വന്നു കാണൂ.
രക്തമെടുത്ത സ്ഥലത്ത് അമര്‍ത്തിപ്പിടിക്കാന്‍ കോട്ടണ്‍ കൊടുത്തുകൊണ്ട് ടെക്‌നീഷ്യന്‍ പറഞ്ഞു.
പുറത്തിറങ്ങിയ മല്‍ബു രക്തനോട്ടക്കാരന്റെ കൃത്യത വിശദീകരിച്ചു കൊടുത്തപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു. മല്‍ബൂ, അതാരാണെന്ന് മനസ്സിലായോ?
ഇല്ല, അയാള്‍ പറഞ്ഞതു മുഴുവന്‍ ശരിയാ... വൈകിട്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
ചെന്നോളൂ... ഒരു അയ്യായിരം റിയാല്‍കൂടി കരുതിക്കോളൂ.
ഈ പറഞ്ഞ ആനുകൂല്യങ്ങളൊക്കെ ലഭിക്കാന്‍ നിങ്ങള്‍ അയാളുടെ കീഴില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിനു ചേരണം. ~ഒരു സാദാ ഏജന്റ്. പിന്നെ നിങ്ങള്‍ക്ക് കണ്ണികളെ കണ്ടെത്തി ഉയരങ്ങളിലേക്ക് പറക്കാം.
ഓഹോ, അങ്ങനെയാ അല്ലേ. എന്നാലും അയാള്‍ എന്റെ എല്ലാ കാര്യങ്ങളും മണിമണി പോലെ പറഞ്ഞല്ലോ.
ഈ മല്‍ബുവിന്റെ ഒരു കാര്യം. അതൊക്കെ അയാള്‍ എന്നോട് ചോദിച്ച് മനസ്സിലാക്കിയിരുന്നൂട്ടോ.

3/28/10

കോട്ടും ടൈയും വെറുതെയല്ല



ടൈ കെട്ടിയുള്ള ഒരു ഫോട്ടോ മല്‍ബുവിന്റെ സ്വപ്നമായിരുന്നു. നാട്ടിലായിരുന്നപ്പോള്‍ അതിനായി സ്റ്റുഡിയോകള്‍ തെണ്ടിനടന്നിട്ടുണ്ട്. ചില സ്റ്റുഡിയോകളില്‍ കോട്ടും ടൈയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും മെലിഞ്ഞുണങ്ങിയ മല്‍ബുവിന് ചേരുന്നതായിരുന്നില്ല. ആരപ്പായിത്, സായിപ്പോ എന്നു ചോദിച്ച സ്റ്റുഡിയോക്കാരുമുണ്ടായിരുന്നു.
അവര്‍ക്കറിയില്ലല്ലോ ജീവിത വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയുടെ അന്വേഷണമാണ് മല്‍ബു നടത്തിക്കൊണ്ടിരിക്കുന്നതെന്ന്. ജോലിക്ക് വേണ്ടിയുള്ള അപേക്ഷയില്‍ കോട്ടും ടൈയും കെട്ടിയ ഫോട്ടോ തന്നെ വേണമെന്ന നിബന്ധനയൊന്നുമില്ല. എന്നാല്‍ അതൊക്കെ വെച്ചുള്ള ഫോട്ടോയാകുമ്പോള്‍ അപേക്ഷക്ക് ഇത്തിരി വെയ്റ്റ് കൂടുമെന്നും ആരെങ്കിലുമൊക്കെ ഒന്നു വായിച്ചുനോക്കാനെങ്കിലും മെനക്കെടുമെന്നും നാട്ടുകാരനായ ഒരു മുന്‍ പ്രവാസിയാണ് ഉപദേശിച്ചത്.
തെറ്റിദ്ധരിക്കേണ്ട, നാടുവിടാനൊരുങ്ങുന്നുവെന്ന് പറഞ്ഞപ്പോള്‍ എല്ലാവരേയും പോലെ ആദ്യം ആ മുന്‍ പ്രവാസിയും പറഞ്ഞത് വേണ്ട മോനേ എന്നു തന്നെയായിരുന്നു. എന്തെങ്കിലും ഇവിടെ ഒക്കുമെങ്കില്‍ പരമാവധി കടല്‍ കടക്കാതെ നോക്കണമെന്നായിരുന്നു കുടവയര്‍ തടവിക്കൊണ്ട് അവശ സ്വരത്തിലുള്ള ഉപദേശം. കണ്ടില്ലേ, 25 വര്‍ഷത്തെ സമ്പാദ്യാ ഇത്. അഞ്ച് വര്‍ഷംകൊണ്ട് മടങ്ങണമെന്ന് കരുതി പുറപ്പെട്ടതായിരുന്നു. പക്ഷേ, പോരാനൊത്തില്ല. മരുഭൂമി എന്നെ അവിടെ പിടിച്ചുകെട്ടി.
ഇല്ല കാക്കാ, എന്തായാലും പോയേ പറ്റൂ. മരുഭൂമി എത്രയെത്ര പേരെ സ്വീകരിച്ചിരിക്കുന്നു. എനിക്കുമുണ്ടാകും ഒരിടം. എത്തേണ്ടിടത്ത് എത്തിപ്പെട്ടാല്‍ മതി. ബാക്കി സംഭവിച്ചുകൊള്ളും. ഇതുപോലുള്ള ഒരു വീട് എന്റെയും സ്വപ്നമാണ്. സമീപത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഗള്‍ഫുകാരന്റെ മാളിക ചൂണ്ടിക്കാട്ടി മല്‍ബു പറഞ്ഞപ്പോള്‍,
അക്കരപ്പച്ച...
ഇതുതന്നെയാ മോനേ എല്ലാവരേയും ജീവിപ്പിക്കുന്നത്.
എന്തായാലും കോട്ടും ടൈയും കെട്ടിയ ഒരു ഫോട്ടോയും കണ്ണീരില്‍ കുതിര്‍ന്നാലും നശിക്കാത്ത ഒരു തലയിണയും കരുതിക്കോളൂ.
അതെന്തിനാ, തലയിണ...? ജോലി കഴിഞ്ഞ് തളര്‍ന്നുവന്ന് കിടന്നുറങ്ങുമ്പോള്‍ മനസ്സിലേക്കീ നാടും ഉറ്റവരും ഉടയവരുമൊക്കെ കടന്നുവരും. അപ്പോള്‍ ഓരോരുത്തരേയും മനസ്സില്‍ വിചാരിച്ച് ഈ തലയിണയില്‍ കെട്ടിപ്പിടിച്ച് കരഞ്ഞുതീര്‍ക്കാം.
അവസാനം തനിക്കൊത്ത കോട്ടും ടൈയും ഒരുക്കിവെച്ച സ്റ്റുഡിയോവില്‍ തന്നെ മല്‍ബു എത്തിപ്പെട്ടു.
കോട്ടിനോടൊപ്പം കെട്ടിവെച്ചിരുന്ന ടൈ വലിച്ചപ്പോള്‍ അതിന്റെ കെട്ടഴിഞ്ഞതും വീണ്ടും കെട്ടാനറിയാതെ സ്റ്റുഡിയോക്കാരനോടൊപ്പം കൈമലര്‍ത്തിയതും ഒടുവില്‍ ആകാശത്തു നിന്നെന്നതുപോലെ ഒരു ഗള്‍ഫുകാരന്‍ അവിടെ പ്രത്യക്ഷപ്പെട്ടതും നിഷ്പ്രയാസം ടൈ കെട്ടി നല്‍കിയതും ഇന്നലെ നടന്നതുപോലെ ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ, ഫോറിന്‍...? എന്നു വിളിച്ച് ഗള്‍ഫുകാരുടെ വീടുകള്‍ കയറിയിറങ്ങിയ മല്‍ബു അങ്ങനെ ഗള്‍ഫിലെത്തിയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കോട്ടും ടൈയും ആശ്രയിക്കേണ്ടിവന്നു. വലിയ ഓഫീസിലെ വലിയ കസേരയില്‍ ഇരിക്കാനൊന്നുമല്ല മല്‍ബുവിന് കോട്ടും ടൈയുമണിഞ്ഞുള്ള ഈ വേഷം. സ്ഥിരമായി ഒരു ജോലി കണ്ടെത്താന്‍ കഴിയാത്ത മല്‍ബുവിന് പുറത്തിറങ്ങണമെങ്കില്‍ ഈ വേഷം വേണം. ഇല്ലെങ്കില്‍ മാസാമാസം മല്‍ബു അയക്കുന്ന തുകയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന കുടുംബം പട്ടിണിയിലാകും. കാരണം മല്‍ബുവിന് പുറത്തിറങ്ങാന്‍ മറ്റൊന്നുമില്ല കൈയില്‍. വലിയ തുക കൊടുത്തുതന്നെയാണ് ഫ്രീ വിസ നേടിയതെങ്കിലും ഫ്രീ വിസ എന്ന ഒരേര്‍പ്പാട് ഇല്ലെന്ന് മനസ്സിലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. അന്വേഷിച്ച്, അന്വേഷിച്ച് ജോലി കണ്ടെത്തിയപ്പോഴേക്കും ഇഖാമ അസാധുവായിരുന്നു. അപ്രതീക്ഷിതമായി പലര്‍ക്കും സംഭവിക്കാറുള്ളതുപോലെ ഹുറൂബ്. അതിനുശേഷം പലപ്പോഴും തുണയായത് ഈ വേഷം തന്നെ. നീണ്ടുനിവര്‍ന്നു നടക്കാം. അറിയാതെ തന്നെ വന്നുചേരുന്നു ഒരു ഗെറ്റപ്പ്.
നടപ്പാസ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ആളുകളെ തെളിച്ചുതെളിച്ച് വണ്ടിയില്‍ കയറ്റുമ്പോഴും മല്‍ബു ഈ വേഷബലത്തില്‍ തല ഉയര്‍ത്തി നടന്നിട്ടുണ്ട്. ഇഖാമയില്ലാത്തതിനാല്‍ തൊട്ടടുത്തുനിന്നുപോലും ആളുകളെ പൊക്കിയപ്പോള്‍ മല്‍ബുവിനെ തുണച്ചത് വിയര്‍ത്തു കുളിച്ചാലും ഉലയാതെ കാത്തുസൂക്ഷിക്കുന്ന ഈ കെട്ടുതന്നെ.
ഈ കെട്ട് ഊരിയെറിയാനുള്ള തിടുക്കത്തിലാണ് മല്‍ബു ഓരോ ദിവസവും മുറിയിലേക്കെത്തുക. വലിച്ചെറിഞ്ഞാല്‍ ലഭിക്കുന്ന ആശ്വാസത്തിലും അപ്പോള്‍ ഉണ്ടായിത്തീരുന്ന ദീര്‍ഘനിശ്വാസത്തിലുമാണ് നാട്ടിലെ തോടും അതിലെറിയുന്ന ചൂണ്ടയും മാവില്‍നിന്ന് എറിഞ്ഞുവീഴ്ത്തുന്ന മാങ്ങയും കടത്തുതോണി തുഴയുന്നതുമൊക്കെ ഓര്‍മയിലെത്തുക.
തിങ്ങിനിറഞ്ഞ ഫ്‌ളാറ്റില്‍ പിടികൊടുക്കാനാഗ്രഹിക്കാത്തവരും പിടികൊടുക്കാന്‍ കാത്തുനില്‍ക്കുന്നവരും ഒരുപോലെ മല്‍ബുവിനെ പ്രതീക്ഷിച്ചിരിക്കും.
അല്ല, അവിടെ വല്ലതും നടക്കുന്നുണ്ടോ? പിടിത്തം?
ഒരു മിനിറ്റേ, ഞാനിതാ ഇപ്പോ വരാം ഇതൊന്ന് ഊരിയെറിയട്ടെ. എന്നുപറഞ്ഞ് അകത്തു കയറുന്ന മല്‍ബു തിരിച്ചെത്തി പറയും.
മക്കളേ, സൂക്ഷിച്ചോ എന്റെ മുന്നില്‍നിന്നാ ഇപ്പോ പത്തിരുപതെണ്ണത്തെ കൊണ്ടുപോയത്. പല ഭാഗത്തുനിന്നും വളഞ്ഞുകൊണ്ടാ പരിശോധന.
Related Posts Plugin for WordPress, Blogger...