8/13/11

വൈകാത്ത വിധി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് 2009 ല്‍ രൂപം കൊണ്ട ദേശീയ അന്വേഷണ ഏജന്‍സിയെ സംബന്ധിച്ചിടത്തോളം സവിശേഷമാണ്. മറ്റു അന്വേഷണ ഏജന്‍സികളെ അപേക്ഷിച്ച് വളരെ വേഗം അന്വേഷണം തീര്‍ക്കുകയും കുറ്റപത്രത്തിന്മേല്‍ വിചാരണ പൂര്‍ത്തിയാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു എന്നതാണ് പ്രത്യേകത. വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തു എന്നത് മറ്റു കേസുകളെ വെച്ചു നോക്കുമ്പോള്‍ വലിയ സമയമല്ല.
ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസാണിത്. രാജ്യത്തെമ്പാടുമായി 22 കേസുകളാണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിഗണനയിലുള്ളത്. ഇതില്‍ ഏഴെണ്ണവും കേരളത്തിലാണ്. ലശ്കറെ ത്വയ്യിബ ഭീകരനായ തടിയന്റവിട നസീറിനും മറ്റൊരു പ്രതിയായ ഷഫാസിനുമാണ് ജിവപര്യന്തം തടവ് വിധിച്ചത്. രാജ്യദ്രോഹം, സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുക തുടങ്ങി പലവിധ കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസിലെ വിധി ഭീകരവാദികള്‍ക്ക് മുന്നറിയിപ്പാകാന്‍ വേണ്ടിയുള്ളത് കൂടിയാണ്. നസീറിനു മൂന്നും ഷഫാസിനു രണ്ടും ജീവപര്യന്തമാണ് വിധിച്ചത്. രണ്ടു പോലീസുകാര്‍ക്കും ഒരു പോര്‍ട്ടര്‍ക്കും പരിക്കേറ്റ സ്‌ഫോടനങ്ങളില്‍ ആള്‍നാശമുണ്ടായിരുന്നില്ലെങ്കിലും  കുറേ കൂടി വലിയ സ്‌ഫോടനങ്ങളാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്ന് തെളിവുകള്‍ വിലയിരുത്തിക്കൊണ്ട് എന്‍.ഐ.എ കോടതി വ്യക്തമാക്കുന്നു.
രണ്ടാമത്തെ മാറാട് കേസില്‍ പ്രതികളായ മുസ്്‌ലിംകള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു സ്‌ഫോടനമെന്നും ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം പടര്‍ത്തുക കൂടി പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു.
കോടതിയുടെ നിരീക്ഷണങ്ങള്‍ക്കപ്പുറം ഈ കേസ് നീട്ടിക്കൊണ്ടുപോയി മതവിദ്വേഷം വളര്‍ത്താന്‍ തല്‍പരകക്ഷികള്‍ക്ക് സാവകാശം നല്‍കിയില്ല എന്നതാണ് കേസിലെ ശിക്ഷാവിധിയെ വ്യത്യസ്തമാക്കുന്നത്. സ്‌ഫോടനം ആസൂത്രണം ചെയ്തതു തീവ്രവാദ പ്രവര്‍ത്തനമായതിനാല്‍ അതിനെ രാജ്യദ്രോഹമായി കണക്കാക്കണമെന്നും രഹസ്യ വിചാരണക്കുശേഷം പുറപ്പെടുവിച്ച വിധിന്യായത്തില്‍ ജഡ്ജി പറയുന്നു.
എന്‍.ഐ.എ കേസിലെ വിധി വരുന്നതിനു രണ്ടു ദിവസം മുമ്പാണ് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. രാഷ്ട്രീയവല്‍ക്കരിച്ച് ഹിന്ദുത്വശക്തികള്‍ പരമാവധി മുതലെടുപ്പ് നടത്തിയ ശേഷമാണ് അഫ്‌സല്‍ ഗുരു കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായത്. അങ്ങനെയല്ലാതെ, ദയാഹരജി സ്വീകരിക്കണമെന്ന ഒരു ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയില്‍നിന്നുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്തവിധം ബി.ജെ.പിയും മറ്റു ഹിന്ദുത്വ സംഘടനകളും ഈ വിഷയം മാധ്യമങ്ങളിലും തെരുവിലും ചര്‍ച്ചയാക്കിയിരുന്നു. സമീപകാലത്ത് മുസ്‌ലിംകളുടെ പേരില്‍ ചാര്‍ത്തപ്പെട്ട പല സ്‌ഫോടനങ്ങളുടേയും പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് തെളിഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനും ബി.ജെ.പി ഉപയോഗപ്പെടുത്തിയത് പാര്‍ലമെന്റ് ആക്രമണക്കേസും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായിരുന്നു. അന്വേഷണ വേളയില്‍ നിയമസഹായം ലഭിക്കാതിരുന്ന, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ കണ്ടെത്തിയ, സുപ്രീം കോടതി പോട്ട ആരോപണങ്ങള്‍ നീക്കിയ അഫ്‌സല്‍ ഗുരുവാണ് തൂക്കുകയറിലേക്ക് നീങ്ങുന്നത്.
വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ച ശേഷം പ്രതികള്‍ ശ്രമിക്കുന്ന അവസാനക്കൈയാണ് ദയാഹരജിയെങ്കിലും ആ ഒരു പരിഗണന അതിനു ലഭിക്കാറില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ദയ ലഭിക്കുമെന്നോ ഇല്ലെന്നോ അറിയാതെ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തില്‍ കഴിയുക എന്നത് പ്രതികളോട് ചെയ്യുന്ന അപരാധമാണെങ്കിലും ഇതുപോലുള്ള സങ്കീര്‍ണമായ കേസുകളില്‍ മുതലെടുപ്പുകള്‍ക്കും വിദ്വേഷ പ്രചാരണത്തിനും സമയം നല്‍കുകയെന്ന ദുരന്തം കൂടിയുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്ന ശുപര്‍ശ നല്‍കിയ വേളയില്‍തന്നെയാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പേരുടെ ദയാഹരജിയും തള്ളിയിരിക്കുന്നത്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വധശിക്ഷ നല്‍കാമോ എന്ന ചര്‍ച്ചക്കുപരി വൈകാരികമായ മുതലെടുപ്പിനു സാധ്യതയുള്ള കേസുകളില്‍ കാലാതാമസം വരുത്തി അതിനു സൗകര്യം ചെയ്തു കൊടുക്കാമോ എന്ന വിഷയമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഭീകര സംഘടനകളുമായൊന്നും ബന്ധമില്ലാത്ത അഫ്‌സല്‍ ഗുരുവിന് പാര്‍ലമെന്റ് ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. സാഹചര്യതെളിവുകളിലാണ് വധശിക്ഷ വിധിച്ചത്. 2004 -ല്‍ ശിക്ഷ വിധിച്ച അഫ്‌സലിന് 2006-ല്‍ ശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. അഞ്ചുവര്‍ഷം നീട്ടിക്കൊണ്ടുപോയാണ് ഇപ്പോള്‍ തൂക്കിക്കൊല്ലുന്നതിലേക്കു തന്നെ നയിക്കുന്ന തരത്തിലൂള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി. എന്തിനായിരുന്നു ഈ വെച്ചുതാമസിപ്പിക്കലെന്ന ചോദ്യം ന്യായമാണ്. അഫ്‌സല്‍ ഗുരുവിന്റെ കുടുംബക്കാര്‍ ഇതിനകം പലതവണ ദയക്കായി അഭ്യര്‍ഥിച്ചു. തൂക്കിക്കൊല്ലുന്നതിനെതിരെ പൗരാവകാശ ഗ്രൂപ്പുകള്‍ പ്രചാരണം നടത്തി.
ആകെ ഉണ്ടായ നേട്ടം ബി.ജെ.പിക്കു മാത്രമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭീകരവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരാണെന്ന് അവര്‍ നാഴികക്ക് നാല്‍പതു വട്ടം പ്രചരിപ്പിച്ചു. കിരാതമായ സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പിക്കപ്പെട്ട മുസ്്‌ലിം ചെറുപ്പക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അന്വേഷണ ഏജന്‍സികളേയും സര്‍ക്കാരുകളേയും തടയാന്‍ ഇതിലൂടെ ഹിന്ദുത്വ സംഘടനകള്‍ക്ക് സാധിച്ചു.
ഏതു കുറ്റകൃത്യമായാലും അതിനു ഇരയായവരെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ നീതി നീട്ടിക്കൊണ്ടു പോകരുതെന്ന തത്ത്വം അഫസല്‍ ഗുരു കേസിനും ബാധകമാണ് എന്നതിലുപരി രാജ്യത്തെ ആശങ്കപ്പെടുത്തേണ്ടത് കേസുകള്‍ വെച്ചുള്ള മുതലെടുപ്പിനെയാണ്. വിദ്വേഷം വളര്‍ത്തി ലക്ഷ്യം നേടുകയെന്നത് രാഷ്ട്രീയ തന്ത്രമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു തരത്തിലും അവസരമൊരുക്കാന്‍ പാടില്ലാത്തതാണ്. വിശാലമായ അര്‍ഥത്തില്‍ അനിശ്ചിതത്വവുമായി കാത്തിരിപ്പ് തുടരുന്ന പ്രതിയോട് ചെയ്യുന്ന നീതിയും വേഗമായിരിക്കും.
ഈ പശ്ചാത്തലത്തില്‍ തടിയന്റവിടെ നസീറിനും ഷഫാസിനും വിധിച്ചിരിക്കുന്ന ജീവപര്യന്തം രാഷ്ട്രീയ മുതലെടുപ്പിനായി മതവിദ്വേഷം വളര്‍ത്തുന്ന തല്‍പര കക്ഷികള്‍ക്കുള്ള തിരിച്ചടിയാണ്.
ഇരട്ടസ്‌ഫോടനം സര്‍ക്കാരിനെതിരായ പ്രതിഷേധമെന്നതുപോലെ തന്നെ മതവിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതു കൂടിയായിരുന്നു എന്നു പറയുന്ന വിധിന്യായത്തില്‍ തീര്‍ച്ചയായും രണ്ടാമത്തേതാണ് രാജ്യദ്രോഹമെന്ന നിലയിലും സമൂഹത്തോട് ചെയ്യുന്ന അപരാധമെന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നത്. പ്രതിഷേധം ഭീകരതയായി മാറിയ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും ഇപ്പോള്‍ ജിവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്ന തടിയന്റവിട നസീര്‍ പ്രതിയാണ്. പ്രതിഷേധം തീവ്രവാദവും ഭീകരതയും രാജ്യദ്രോഹവുമാകാന്‍ വളരെ നേരിയ വ്യത്യാസമേയുള്ളൂ എന്ന പാഠത്തിനു കൂടി അടിവരയിടുന്നതാണ് ഇരട്ടസ്‌ഫോടന കേസിലെ എന്‍.ഐ.എ കോടതിയുടെ വിധി.


5/2/11

കൊന്ന് കടലിലെറിഞ്ഞുവെന്ന് പറയൂ ഒബാമാ അല്ലെങ്കില്‍ മാധ്യമങ്ങള്‍ തിരുത്തൂ

കൊന്ന് കടലിലെറിഞ്ഞുവെന്ന് പറയൂ ഒബാമാ
അല്ലെങ്കില്‍ മാധ്യമങ്ങള്‍ തിരുത്തൂ
അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ ഇസ്്‌ലാമിക വിധി പ്രകാരം കടലില്‍ സംസ്കരിച്ചുവെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഭീകരാക്രമണം വരുത്തിവെച്ച വിദ്വേഷം കെടാതെ മനസ്സില്‍ സൂക്ഷിക്കുന്ന അമേരിക്കന്‍ ജനതയെ യു.എസ്. സര്‍ക്കാരിന്റെ ഈ നടപടി ഒട്ടും തൃപ്തിപ്പെടുത്താനിടയില്ല.
അയാളെ കൊന്നു കടലിലെറഞ്ഞുവെന്ന് പച്ചക്ക് പറയുന്നതല്ലേ ഉചിതം.
ടെലിവിഷനില്‍ വാര്‍ത്ത വായിക്കുന്നതു കേട്ടാല്‍ തോന്നും കടലില്‍ സംസ്കരിക്കുകയാണ് മൃതദേഹം മറവുചെയ്യുന്നതിനുള്ള ഇസ്്‌ലാമിക രീതിയെന്ന്.
ഉസാമക്ക് മാന്യമായ സംസ്കാരം പാടില്ലെന്നു വിശ്വസിക്കുന്നവരാണ് അമേരിക്കക്കാരില്‍ കൂടുതലുമെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
മൃതദേഹം കുളിപ്പിച്ച് മയ്യിത്തിനു വേണ്ടി പ്രാര്‍ഥിച്ച ശേഷം (മയ്യിത്ത് നമസ്കാരം അല്ലെങ്കില്‍ ജനാസ നമസ്കാരം) ഖബറടക്കുന്നതാണ് ഇസ്്‌ലാമിക രീതി.
ഉസാമയെ മറവു ചെയ്യുന്ന ഖബറിനോട് പിന്നീട് ആരെങ്കിലും ആദരവ് പുലര്‍ത്തിയെങ്കിലോ എന്നാണ് അമേരിക്കക്കു പേടി. അതു കൊണ്ട് മൊത്തം സമുദ്രം തന്നെ അതിനായി വിട്ടുകൊടുത്തിരിക്കുന്നു.
സലഫിയാണ് ഉസാമ ബിന്‍ലാദിന്‍ (നമ്മുടെ നാട്ടിലെ മുജാഹിദുകളെ പോലെ ദൈവത്തോട് ആരെയങ്കിലും പങ്കുചേര്‍ക്കുന്നുണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കുന്ന വിഭാഗം) . അതുകൊണ്ടു തന്നെ ഉസാമയുടെ ഖബര്‍ ആരാധിക്കപ്പെടുമെന്ന് ഒരിക്കലും അമേരിക്ക ഭയപ്പെടേണ്ടതില്ലായിരുന്നു.
മനുഷ്യത്വത്തോട് ഇത്രയേറെ ക്രൂരത കാട്ടിയ ഒരാളെ പിടികൂടു ഉടന്‍ കടലിലെറിഞ്ഞുവെന്നു പറയുന്നത് വിശ്വസിക്കാന്‍ ഇത്തിര പ്രയാസം തോന്നുന്നു.
മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കും സാമ്രാജ്യത്വത്തിനും ഓശാന പാടുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇല്ലാതാകണം എന്നു കൂടി ആഗ്രഹിച്ചയാളായിരുന്നു ഉസാമ.
ആയുധങ്ങളില്ലാതെ, ജനങ്ങള്‍ ഇളകി, മുല്ലപ്പൂ പോലെ വന്ന വിപ്ലവം കണ്ട്, വേണ്ടായിരുന്നു എന്ന കുറ്റബോധത്തിലകപ്പെട്ട് ആധി പടിച്ചിരിക്കുമ്പോഴായിരിക്കാം അമേരിക്കയുടെ കടല്‍ പുലികള്‍ ചാടിയെത്തിയത്.

5/1/11

മേയ് ഇരുപത്തി ഒന്ന്

ഈ മാസം 21-ന് ഭൂമയില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് ഇന്‍ര്‍നെറ്റ്. 20 ദശലക്ഷത്തിലേറെ ലേഖനങ്ങളെങ്കിലുമുണ്ടെന്നാണ് കണക്ക്. ഭൂമിയുടെ ഘടനയില്‍ സമ്പൂര്‍ണ മാറ്റമുണ്ടാകുമെന്ന് ലോകത്തെ 200 കോടി ആളുകളെങ്കിലും വിശ്വസിക്കുന്നതായി സര്‍വേകള്‍ പറയുന്നു.
അമേരിക്കയില്‍ വീശിയടിച്ച കൊടുങ്കാറ്റും ജപ്പാനിലെ സംഭവവികാസങ്ങളുമൊക്കെ ചേര്‍ത്തുവെച്ചുകൊണ്ടാണ് ഈ വിലയിരുത്തലുകള്‍.
കല്‍ക്കി അവതരിക്കുമെന്നും ക്രിസ്തുവിന്റെ രണ്ടാംവരവാണെന്നുമൊക്കെ പോകുന്നു ശാസ്ത്രജ്ഞന്മാരുടേയും അല്ലാത്തവരുടേതുമായുള്ള വിലയിരുത്തലുകള്‍.
21-ാം നൂറ്റാണ്ടില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സര്‍ ഐസക് ന്യൂട്ടണ്‍ പറഞ്ഞുവെച്ചിരുന്നു. 2034 ഉം 2060 ഉം ആണ് അദ്ദേഹം പറഞ്ഞ വര്‍ഷങ്ങള്‍. 2034 നു മുമ്പ് ഏതു സമയത്തും ഭൂമിയുടെ മാറ്റം കണ്ടു തുടങ്ങാമെന്നും 2060 -ല്‍ അതു പൂര്‍ണമാകാമെന്നുമാണ് ന്യൂട്ടന്റെ ഗവേഷണത്തെ വിലയിരുത്തിക്കൊണ്ട് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

4/30/11

രാജ്യം തോറ്റു; ജനം ജയിച്ചു

രാജ്യം തോല്‍ക്കുമ്പോള്‍ പൗരന്‍ ദുഃഖിക്കും. എന്നാല്‍ ജനീവയില്‍ ഇന്ത്യന്‍ നിലപാടിനേറ്റ പരാജയം മണ്ണിനേയും മനുഷ്യനേയും സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും വിജയമായി. ഈ വൈരുധ്യത്തിനിടയാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല.
രാജ്യം തോറ്റു; ജനം ജയിച്ചു

വികൃതമായ ശരീരഘടനയും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെയും ഇന്ത്യക്കു പുറത്തും പ്രചരിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ എന്ന മാരക ജീവനാശിനിക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്തിയ സന്നദ്ധ സംഘടനകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇന്നലെ ജനീവയില്‍നിന്ന് ലഭിച്ചത്. എന്‍ഡോള്‍ഫാനെതിരെ കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളെയും സംഘടനകളെയും അണിനിരത്തുന്നതിലും കാസര്‍കോടിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രക്ഷോഭത്തെ മാറ്റുന്നതിലും  ഈ സന്നദ്ധ സംഘടനകളും അവര്‍ക്ക് സാധ്യമാകുന്ന എല്ലാ പിന്തുണയും നല്‍കിയ സാംസ്കാരിക പ്രവര്‍ത്തകരും വഹിച്ച പങ്ക് ചെറുതല്ല.
തൊഴില്‍ നഷ്ടപ്പെടുത്തുന്ന വികസന വിരോധികളെന്ന് ആക്ഷേപിക്കപ്പെട്ടപ്പോഴും പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ക്രൂരമായ അധിനിവേശത്തിന്റെ ഉദാഹരണങ്ങളുമായി അവര്‍ സമരരംഗത്തു ഉറച്ചുനിന്നു. പ്രക്ഷോഭത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിലും ശ്രദ്ധിച്ചുകൊണ്ടാണ് ഈ സമരം മുന്നോട്ടു പോയിരുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ കഷ്ടപ്പാടിലും ദുരിതത്തിലുമായ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്‌നേഹികള്‍ അകമഴിഞ്ഞു സഹായിച്ചു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളം ഒറ്റക്കെട്ടായി ഏറ്റെടുത്തപ്പോള്‍ അവസാന ഘട്ടത്തില്‍ അത് കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്ന കോര്‍പറേറ്റ് ലോബിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി പരിണമിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ പ്രതിനിധീകരിക്കുന്ന കോര്‍പറേറ്റ് ലോബിയെ പിണക്കിക്കൊണ്ടുള്ള തീരുമാനമെടുപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമ്മര്‍ദത്തിനു പോലും സാധിച്ചില്ല.
കക്ഷി രാഷ്ട്രീയത്തിനതീതമായ യോജിച്ച പോരാട്ടത്തിന്റെ പുതിയ മുഖമാണ് എന്‍ഡോസള്‍ഫാന്‍ സമരം കേരളത്തിനു സമ്മാനിച്ചത്. രാഷ്ട്രീയവല്‍ക്കരണത്തിനുള്ള ശ്രമം നടന്നിട്ടു പോലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഈ സമരത്തോടൊപ്പംനിന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളെ ദേശീയ തലസ്ഥാനത്ത് എത്തിച്ച് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പില്‍ ഹാജരാക്കിയതിന്റെ തുടര്‍ച്ചയായി കമ്മീഷന്‍ അധ്യക്ഷന്‍ കാസര്‍കോട് സന്ദര്‍ശിച്ച് മാരക കീടനാശിനി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറിയില്ല. കടുംപിടിത്തം തുടര്‍ന്ന കേന്ദ്ര സര്‍ക്കാരിനു പകരം കേരളത്തില്‍നിന്നു പോയ നിരീക്ഷകരാണ് ജനീവയില്‍ ശ്രദ്ധാകേന്ദ്രമായത്.
മണ്ണിനെയും മനുഷ്യനെയും ആവാസ വ്യവസ്ഥയെയും കൊടിയ ദുരന്തങ്ങളിലേക്കു തള്ളിവിടുന്ന ഈ
രാസവസ്തുവിന്റെ നിരോധം പഠനങ്ങളുടെ പേരു പറഞ്ഞാണ്  കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയത്. നിരോധം നടപ്പാക്കുന്നതിനുള്ള ഇളവു നേടിയെടുത്തിരിക്കേ കേന്ദ്ര നിലപാടിനെതിരായ സമരം അവസാനിപ്പിക്കാറായിട്ടില്ല. 
കാസര്‍കോട്, പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍, രണ്ടാം ലോകമഹായുദ്ധ വേളയില്‍ വിയറ്റ്‌നാമില്‍ പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന വിഷലായനിയുടെ അതേ ധര്‍മം തന്നെയാണ് നിര്‍വഹിക്കുന്നതെന്നു കണ്ടെത്താന്‍ ഇനിയുമൊരു പഠനത്തിന്റെ ആവശ്യമില്ല. അമിതാദായവും വിളവര്‍ധനയും ലക്ഷ്യമിട്ട് കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന ജീവനാശിനി കാസര്‍കോട്ട് വിതച്ച ദുരന്തം സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കുന്നതിനു കാത്തുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും കൃഷി മന്ത്രി പവാറും. പരിധികളില്ലാത്ത മനുഷ്യന്റെ ലാഭമോഹത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ജീവനാശിനി.
ഇരുപത് വര്‍ഷമായി സര്‍ക്കാരിന്റെ അനുമതിയോടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്ന
കാസര്‍കോട് ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്കാണ് മാരക കീടനാശിനി വരുത്തിയ രോഗങ്ങള്‍മൂലം ജീവന്‍ നഷ്ടപ്പെട്ടത്.  അത്യുത്തര ജില്ലയില്‍  9000 ത്തിലേറെ എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ നാലയിരത്തോളം പേര്‍ കിടപ്പിലാണ്. കസാര്‍കോടന്‍ ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്നതില്‍ പത്രങ്ങളും ടെലിവിഷനും നല്‍കിയ സംഭാവനകളും അവിസ്മരണീയമാണ്.
നിരന്തര ശ്രമങ്ങളുടെ ഫലമായി എന്‍ഡോള്‍ഫാന്‍ രാജ്യാന്തര തലത്തില്‍ തന്നെ നിരോധിക്കപ്പെട്ടിരിക്കേ അതില്‍ ആഹ്ലാദിക്കാന്‍ പാകത്തിലൊന്നുമല്ല കാസര്‍കോട്ടെ ദുരന്ത ബാധിത പ്രദേശങ്ങള്‍.
വികൃതമായ ശരീരഘടനയുള്ള കുട്ടികളും ബുദ്ധിമാന്ദ്യം ബാധിച്ച യുവാക്കളും ശാരീരിക ശേഷികള്‍ ക്ഷയിച്ച വൃദ്ധരും പുഴുക്കളെ പോലെ ഇഴഞ്ഞു ജീവിക്കുന്ന  ഈ പ്രദേശത്തിനു നെടുവീര്‍പ്പിടാന്‍ പോലും ശേഷിയില്ല. ലാഭക്കൊതിയുടെ ജീവിക്കുന്ന ബലിയാടുകളെയാണ് നമുക്കിവിടെ കാണുക. ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്ത അവരുടെ ദൃശ്യങ്ങള്‍ കേരളത്തെ കരയിച്ചു. സമീപകാലത്തൊന്നുമില്ലാത്ത ഒരുമയാണ്  അതു സംസ്ഥാനത്തിനു സമ്മാനിച്ചത്.
ലാഭക്കൊതി കാരണം രാജ്യം ഭരിക്കുന്നവര്‍ ഏതറ്റംവരെയും പോകുമെന്ന പാഠമാണ് മനുഷ്യ വിരുദ്ധ കീടനാശിനിക്ക് അനുകൂലമായി സ്വീകരിച്ച നിലപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ നിരോധിച്ച  എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്ര വേദികളില്‍ വാദിച്ച കേന്ദ്ര സര്‍ക്കാര്‍ ഓരോ ഇന്ത്യാക്കാരനും നാണക്കേടാണ്.  രാജ്യം തോല്‍ക്കുകയും ജനം ജയിക്കുകയും ചെയ്യുന്ന അപൂര്‍വമായ കാഴ്ചക്കാണ് സ്റ്റോക്‌ഹോം സാക്ഷ്യം വഹിച്ചത്.
വന്‍കിട കമ്പനികള്‍ വിപണിയിലിറക്കുന്ന മാരക കീടനാശിനികള്‍ വേറെയും അവശേഷിക്കുന്നുണ്ട്. മനുഷ്യര്‍ക്കും പ്രകൃതിക്കും ഹാനികരമായ ഇത്തരം കീടനാശിനികളുടെ ഉല്‍പാദന ചെലവ് കുറവാണെന്നും ശേഷി ഇരട്ടിയാണെന്നുമൊക്കെ വിശ്വസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും കാര്‍ഷിക മന്ത്രാലയവും ശ്രമിക്കുന്നത്. പ്രകൃതിയെ സ്‌നേഹിക്കുന്ന വികസന സങ്കല്‍പത്തിലേക്ക് ഭരണകൂടങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം. ജനമനഃസാക്ഷി ഉണര്‍ന്നാല്‍ അവിടെ കക്ഷി രാഷ്ട്രീയം പ്രസക്തമല്ലാതായിത്തീരുമെന്ന ഗൗരവമാര്‍ന്ന ഒരു പാഠവും ഈ സമരം നല്‍കുന്നു. ഇത്തരം സമ്മര്‍ദ ഗ്രൂപ്പുകളിലാണ് കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി.



Related Posts Plugin for WordPress, Blogger...