5/10/09

ലാസിം സബബ്‌ -കാരണം നിര്‍ബന്ധം

ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ട്‌ മല്‍ബു പിറുപിറുത്തു.
ലാസിം സബബ്‌.
മുറിയില്‍ കാത്തുനിന്നിരുന്ന സഹ മല്‍ബുകള്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല.
കൂട്ടത്തില്‍ ബഖാലയില്‍ ജോലി ചെയ്യുന്ന അയമൂട്ടി അതു തിരിച്ചറിഞ്ഞു.
അതാണോ കാര്യം?
ഇതു തന്നെയല്ലേ പണ്ടേയുള്ള നിയമം. പിന്നെ ആരാ പറഞ്ഞത്‌ മാറീന്ന്‌.
പുതിയവരും പഴയവരുമായ മല്‍ബുകളെല്ലാം കാതോര്‍ത്തു.
അയമൂട്ടി ചോദിച്ചു: നീ അവിടെ അറബി പറഞ്ഞിരുന്നോ?
രാവിലെ വെറും ചായ മാത്രം കുടിച്ച്‌ മഹാ ദൗത്യത്തിനിറങ്ങി നിരാശനായി തിരിച്ചെത്തിയ മല്‍ബു തലയാട്ടിക്കൊണ്ടു പറഞ്ഞു. ഇല്ല.
അറബി പറയരുതെന്ന്‌ നിങ്ങള്‍ മാത്രമല്ല, സബ്‌അ സിത്തീനും പറഞ്ഞിരുന്നു.
സബ്‌അ സിത്തീന്‍ -അറുപത്തിയേഴ്‌
ആരുടെ പേരാ ഇത്‌.
കോട്ടയത്തെ അച്ചായന്‍ സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്‍ സബ്‌അ സിത്തീന്‍ ആയത്‌ വലിയ കഥയൊന്നുമല്ല.
കടലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍. പലരുടേയും പേരുകള്‍ വിളിക്കുന്നു. തന്റെ പേര്‌ വിളിക്കുന്നില്ലെന്ന നിരാശയോടെ അക്ഷമനായി.
അവസാനം രണ്ടു മൂന്ന്‌ പേര്‍ ബാക്കിയായപ്പോഴാണ്‌ കൂട്ടത്തില്‍ ഒരാള്‍ അന്വേഷിച്ചത്‌.
എന്താ നിങ്ങളുടെ പേര്‌?
സെബാസ്റ്റ്യന്‍
കൈയിലുണ്ടായിരുന്ന കടലാസ്‌ വാങ്ങി നോക്കി.
ഓ സബഅ സിത്തീന്‍.
ഇത്‌ ഒരു മണിക്കൂര്‍ മുമ്പേ ഇവിടെനിന്ന്‌ പല തവണ വിളിക്കുന്നത്‌ കേട്ടല്ലോ?
ഒരു മണിക്കൂര്‍ കാത്തുനിന്നെങ്കിലും സെബാസ്റ്റ്യന്‍ കാര്യം സാധിച്ചത്‌ അറബി ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു.
അറബി ക്ലാസില്‍ പോയി പഠിച്ചിരുന്നെങ്കിലും അറിയാത്ത ഭാവത്തിലങ്ങനെ സബ്‌അ സിത്തീന്‍ നിന്നു.
മല്‍ബു കഥ തുടര്‍ന്നു.
പക്ഷേ എന്നോട്‌ അയാള്‍ അറബി മാത്രമേ പറഞ്ഞുള്ളൂ.
ഇംഗ്ലീഷില്‍ പലതും ചോദിച്ചു നോക്കിയെങ്കിലും അയാള്‍ ഒറ്റ അക്ഷരം ഇംഗ്ലീഷില്‍ ഇങ്ങോട്ടു പറഞ്ഞില്ല.
എല്ലാം അറബിയില്‍.
ദൂരെ ബോര്‍ഡ്‌ ചൂണ്ടി തഅ്‌ലീമാത്‌ എന്നും പറഞ്ഞു.
ഭാഷകള്‍ക്ക്‌ ഇങ്ങനെയൊരു സൗകര്യമുണ്ട്‌.
നല്ല ജ്ഞാനമുള്ള കാര്യമായാല്‍ പോലും ചിലപ്പോള്‍ മൗനം പാലിക്കേണ്ടിവരും. മൗനം വിദ്വാനു മാത്രമല്ല മല്‍ബൂനും ഭൂഷണമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നര്‍ഥം. കയര്‍ത്തുകൊണ്ടിരിക്കുന്ന കഫീലിനു മുന്നിലും പൊരിവെയിലത്ത്‌ മോട്ടോര്‍ സൈക്കിളുമായി കാത്തുനിന്ന്‌ ഇരയെ കിട്ടിയല്ലോ എന്നു സന്തോഷിക്കുന്ന ട്രാഫിക്‌ പോലീസുകാരനു മുന്നിലും അന്യായമായി ആളാകാന്‍ ശ്രമിക്കുന്ന ഇടത്തരം ബോസുമാര്‍ക്കു മുന്നിലും എന്നുവേണ്ട അസമയത്ത്‌ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ പോകാനിറങ്ങുന്ന മല്‍ബിക്കു മുന്നില്‍ പോലും മൗനം ആയുധമാക്കാം.
നിയമം മാറീന്ന വാര്‍ത്ത കേട്ട്‌ സന്തോഷിച്ച ആയിരങ്ങളില്‍ ഒരാളാണ്‌ മല്‍ബു.
ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ പാങ്ങുണ്ടെങ്കിലും പ്രായമായ മാതാവിനെ തനിച്ചാക്കി എങ്ങനെ ആ കടുംകൈ ചെയ്യുമെന്ന ചിന്തയിലായിരുന്ന മല്‍ബുവിന്‌ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു അത്‌.
ആര്‍ക്കും വിസിറ്റിംഗ്‌ വിസ കിട്ടും.
കേട്ടവര്‍ കേട്ടവര്‍ ഓഫീസുകളില്‍നിന്ന്‌ ഓഫീസുകളിലേക്ക്‌ ഓടി.
അങ്ങനെ ഇന്റര്‍നെറ്റ്‌ വഴി അപേക്ഷ നല്‍കിയും ഓഫീസുകള്‍ കയറിയിറങ്ങിയും ഒരു വക വിസ കിട്ടുമെന്ന തോന്നാല്‍ പ്രതീക്ഷയായി കടല്‍ കടന്നപ്പോഴാണ്‌ മല്‍ബുവിനു മുന്നില്‍ അതു പൊട്ടീവീണത്‌.
ലാസിം സബബ്‌.
മാതാവിനെ എന്തിനു കൊണ്ടുവരുന്നുവെന്ന്‌ തെളിയിക്കണം. അതായത്‌ കാരണം നിര്‍ബന്ധം.
പൊട്ടനെപ്പോലെ നിന്ന മല്‍ബുവിന്‌ മുന്നില്‍ ഉദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും ലാസിം സബബ്‌ ആവര്‍ത്തിച്ചു.
കാര്യവിവരമുള്ള അയമൂട്ടി പറഞ്ഞു.
മല്‍ബൂ നിനക്ക്‌ ഇനി ഒറ്റ വഴിയേയുള്ളൂ.
ആദ്യം മല്‍ബിയെ കൊണ്ടുവരിക. എന്നിട്ട്‌ പുഷ്‌പിണിയാക്കുക. പിന്നീട്‌ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുക.
അപ്പോള്‍ സബബായി. വിസ റെഡി.

5/9/09

മല്‍ബുവിന്റെ തിരോധാനം

വലിയ ഭാണ്ഡങ്ങളുമായി നാട്ടില്‍ പോകുന്നവരോട്‌ അയാള്‍ക്ക്‌ പരമ പുഛമായിരുന്നു.
കുടുംബ ബന്ധവും സ്‌നേഹവും ഇങ്ങനെ വല്ലതുമൊക്കെ കൊണ്ടുപോയി കൊടുത്ത്‌ നേടേണ്ടതല്ലെന്നും അതു പ്രതിഫലേഛകളൊന്നുമില്ലാതെ, നിഷ്‌കളങ്കമായി നിര്‍ഗളിക്കേണ്ടതാണെന്നുമൊക്കെ ആദര്‍ശം പുരട്ടി അയാളുടെ നാവില്‍നിന്ന്‌ അടര്‍ന്നുവീഴുമ്പോള്‍ ലോറി മാറിപ്പോയി എന്ന പാട്ടു പാടിയാണ്‌ കൂട്ടുകാരനായ മല്‍ബു അതിനെ നേരിടുക.
രാത്രി ആയായാന്നേ എന്താ ചാക്കോച്ചാ. ഓ എന്തരു ചാക്കോച്ചാ.
ലോറി മാറിപ്പോയി..പ്രകൃതം മായിച്ചോനെ..
ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍..
ചിന്താഭാരം ചിന്താഭാരം.. മൂങ്ങാക്കൂട്ടില്‍ ചാടി.
ഇവാന്‍ കുപ്പാലയുടെ റഷ്യന്‍ നാടോടി ഗാനം കേള്‍ക്കുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെ ഈണത്തില്‍ തോന്നും എന്ന്‌ കണ്ടെത്തി ഏതോ മലയാളി വിദ്വാന്‍ ഇന്റര്‍നെറ്റില്‍ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ച ഗാനമാണിത്‌.
മനസ്സിലാകാത്ത തത്വം പ്രസംഗിക്കുന്നവരോട്‌ പ്രതികരിക്കാന്‍ ഇതിലപ്പുറം നല്ല ഒരു പാട്ടില്ല.
മൗനം മല്‍ബൂന്‌ ഭൂഷണം എന്നറിയാത്തതുകൊണ്ടല്ല, ഇങ്ങനെയൊരു പാട്ടു പാടിയെങ്കിലും തനിക്കുമുണ്ട്‌ ചിന്താശേഷിയെന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ താനെന്തൊരു മല്‍ബു.
സ്‌നേഹം അനന്തമായി നിര്‍ഗളിക്കണമെന്ന്‌ പറയാറുള്ള ബുദ്ധിജീവി മല്‍ബു മര്യാദയെക്കുറിച്ചും പഠിപ്പിക്കാറുണ്ട്‌.
ഇംഗ്ലണ്ടിലെ ജന്‍ട്രിയുടെ കഥയാണ്‌ അതിനു പറയാറുള്ളത്‌.
ജന്‍ട്രി ചെറിയ ഒരു കുട്ടിയായിരുന്നു. ഒരു ദിവസം അവന്‍ അമ്മയോടൊപ്പം ബസില്‍ കയറി. സീറ്റ്‌ കണ്ടെത്താനുള്ള തിരക്കിനിടയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ ദേഹത്ത്‌ ചെന്ന്‌ തട്ടി.
സോറി, അറിയാതെ പറ്റിയതാണെന്നു പറഞ്ഞുകൊണ്ട്‌ ക്ഷമ ചോദിച്ചത്‌ യാത്രക്കാരന്‌ നന്നേ ബോധിച്ചു. അയാള്‍ കുട്ടിയെ അടുത്ത്‌ പിടിച്ചിരുത്തി പേരും വിലാസവുമൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ എല്ലാ വര്‍ഷവം ജെന്‍ട്രിക്ക്‌ സമ്മാനം കിട്ടിത്തുടങ്ങി. ബസില്‍ വെച്ചു കണ്ട സഹോദരന്റെ വക എന്നു മാത്രമാണ്‌ അതിലൊക്കെയും എഴുതിയിരുന്നത്‌. പിറന്നാളുകളില്‍ മുറ തെറ്റാതെ വന്നുകൊണ്ടിരുന്നു സമ്മാനം. പതിനേഴ്‌ വയസ്സായപ്പോള്‍ ജെന്‍ട്രിയും കുടുംബവും തണുപ്പ്‌ കൂടിയ പ്രദേശത്തേക്ക്‌ താമസം മാറ്റി. കല്‍ക്കരി കത്തിക്കാതെ കഴിയാന്‍ പറ്റാത്ത വീടായിരുന്നു അത്‌. ഒരു ഐസ്‌ കൂടു തന്നെ. കല്‍ക്കരിയാണെങ്കില്‍ ആവശ്യത്തിനു കിട്ടാനുമില്ല.
അച്ഛനും അമ്മയും തണുത്തു വിറച്ച്‌ മരിച്ചുപോകുമെന്ന്‌ ഭയപ്പെട്ട ജെന്‍ട്രി കല്‍ക്കരിക്ക്‌ വേണ്ടി നെട്ടോട്ടമോടി. കല്‍ക്കരി കമ്പനിയില്‍ ഫോണ്‍ ചെയ്‌തപ്പോള്‍ സ്റ്റോക്കില്ലെന്നും കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞ്‌ പേരും വിലാസവും എഴുതിയെടുത്തു.
രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത്‌ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന്‌ ജെന്‍ട്രിക്ക്‌ എന്നെഴുതിയ ഏതാനും കല്‍ക്കരിച്ചാക്കുകള്‍ വീട്ടിലേക്ക്‌ എടുത്തു വെക്കുന്നു. ഇത്‌ ഞങ്ങളുടെ മാനേജര്‍ തന്നയച്ചതാണെന്നും ബസില്‍ വെച്ചു കണ്ട സഹോദരന്‍ തന്നയച്ചതാണെന്ന്‌ പറയാന്‍ എല്‍പിച്ചതായും അവ കൊണ്ടുവന്നവര്‍ പറഞ്ഞു.
സന്തോഷം കൊണ്ട്‌ സംസാരിക്കാന്‍ കഴിയാതായി ജെന്‍ട്രിക്ക്‌.
ചെറുപ്രായത്തില്‍ കാണിച്ച മര്യാദയുടെ ഫലം.
സ്‌നേഹത്തിന്റെയും മര്യാദയുടെയും കഥകള്‍ക്ക്‌ പഞ്ഞമില്ലാത്ത സഹമുറിയനായ ബുദ്ധിജീവിയോട്‌ മറ്റു മല്‍ബുകള്‍ക്ക്‌ സ്‌നേഹമില്ലാതിരിക്കാന്‍ കാരണം അയാള്‍ കുഞ്ഞാലിക്കുട്ടിയുടെ ആരാധകനായിരുന്നില്ല എന്നതു മാത്രമല്ല.
മറ്റുള്ളവരെ സ്‌നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കുന്ന ബുദ്ധിജീവിക്ക്‌ വ്യത്യാസങ്ങള്‍ പലതായിരുന്നു. കൂട്ടുകാര്‍ പ്‌രാന്തനെന്ന്‌ വിളിക്കുന്ന അയാള്‍ക്ക്‌ നാട്ടില്‍ പോകുന്നതിനേക്കാളേറെ സന്തോഷം നാട്ടില്‍ നിന്ന്‌ തിരിച്ചുവരുമ്പോഴായിരുന്നു. പ്രവാസ ലോകത്തേക്ക്‌ തിരിച്ചെത്തുമ്പോള്‍ ചിരിച്ചുകൊണ്ട്‌ വിമാനമിറങ്ങുന്ന ഒരേ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം.
അങ്ങനെ ഒരു നാള്‍ അപ്രത്യക്ഷനായ മല്‍ബു ബുദ്ധിജീവിയെ കുറിച്ച്‌ ആര്‍ക്കും ഒരു വിവരവുമില്ലാതായി.
അന്വേഷണത്തിനൊടുവില്‍ ഒമ്പതു മാസമായി ജയിലിലുള്ള അയാള്‍ക്ക്‌ ഇപ്പോഴും നിസ്സംഗത തന്നെ. ~
ങാ.., ഒമ്പതു മാസായി. രണ്ടു മാസം കഴിഞ്ഞാ ഇറങ്ങാനാകൂന്നാ തോന്നുന്നത്‌.
പുറംലോകവുമായി ബന്ധപ്പെടാന്‍ സഹ തടവുകാര്‍ക്ക്‌ മൊബൈല്‍ സേവനം നല്‍കുന്ന ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക്‌ എന്തൊരു ലാഘവം!
ഇന്തോനേഷ്യന്‍ യുവതിയോടൊപ്പം പിടിയിലായ കഥാപുരുഷന്‌ നാട്ടിലേക്കുള്ള യാത്ര വിരസമായി തോന്നിയതിന്റെ ഗുട്ടന്‍സ്‌ അപ്പോഴാണ്‌ കൂട്ടുകാര്‍ക്ക്‌ പിടികിട്ടിയത്‌.

4/30/09

തള്ളാനും കൊള്ളാനും മല്‍ബു

എം. അഷ്‌റഫ്‌
ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയാരും തള്ളിയിട്ടില്ല.
ആരെങ്കിലും ചെറിയ തള്ള്‌ നല്‍കാനുണ്ടായിരുന്നുവെങ്കില്‍ എവിടെയോ എത്തിപ്പോകുമായിരുന്നുവെന്ന്‌ എപ്പോഴും പരിഭവം പറയാറുള്ള മല്‍ബു ആ തള്ളില്‍ വീണില്ലെന്നേയുള്ളൂ.
റോഡില്‍ കമിഴ്‌ന്നടിച്ചു വീഴാതെ ആരുടെയോ ഭാഗ്യത്തിന്‌ ബാലന്‍സ്‌ ചെയ്യാനായതിനാല്‍ ചോര കണ്ടില്ല.
പ്രതീക്ഷകള്‍ക്ക്‌ വിപരീതമായിരുന്നു, അല്ല, എല്ലാ കണക്കുകൂട്ടലുകളും തകര്‍ക്കുന്നതായിരുന്നു ആ തള്ള്‌.
അയമു പറഞ്ഞ എല്ലാ അടയാളങ്ങളും നോക്കിയതാ. വണ്ടി അരികിലൂടെ വന്നുനിര്‍ത്തി കയറ്റിക്കൊള്ളും എന്നാണ്‌ പറഞ്ഞിരുന്നത്‌.
ആദ്യാനുഭവമായതിനാല്‍ ഇത്തിരി ഭയമൊക്കെ ഉണ്ടായിരുന്നു.
അയമൂന്റെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ഒട്ടും ശങ്കിക്കാനില്ല.
കാശ്‌ കൊടുത്തിട്ടല്ലേ, പിന്നെ എന്തിനു ഭയക്കണം?
രാവിലെ എട്ട്‌ മണിക്ക്‌ തുടങ്ങിയതായിരുന്നു വണ്ടിയും കാത്തുള്ള റോഡരികിലെ ഈ നില്‍പ്‌.
അവസാനം വണ്ടി വന്നു. അയമു പറഞ്ഞതുപോലെ റോഡരികില്‍ ചേര്‍ത്തുനിര്‍ത്തി.
ഇതാ പിടിച്ചോളൂ എന്ന മട്ടില്‍ കൈകള്‍ നീട്ടി നില്‍ക്കുകയാണ്‌ മല്‍ബു. അഞ്ച്‌ മിനുട്ടായിട്ടും വണ്ടിയില്‍നിന്ന്‌ ആരും ഇറങ്ങുന്നില്ല. മെല്ലെ കണ്ണയച്ചു നോക്കി. ആശാന്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാ. ഒരു കൈയില്‍ സിഗരറ്റുമുണ്ട്‌.
അതു രണ്ടും കഴിഞ്ഞായിരിക്കും ഇറങ്ങുക.
ഏത്‌ ഓഫീസില്‍ പോയാലും തനിക്ക്‌ സമീപിക്കേണ്ടയാള്‍ മൊബൈലിലും മാള്‍ബൊറോയിലും തൊടല്ലേ എന്ന പ്രാര്‍ഥനയോടെ വേണം ക്യൂ നില്‍ക്കാന്‍ എന്നു പറയാറുണ്ട്‌.
മല്‍ബു പ്രാര്‍ഥിച്ചു... പടച്ചോനേ, ഇനിയും സിഗരറ്റ്‌ വലിക്കല്ലേ.�
വണ്ടി എത്തിയിട്ട്‌ പത്ത്‌ മിനുട്ടോടക്കുന്നു.
ക്ഷമ കെട്ട മല്‍ബു ഒരു തീരുമാനമെടുത്തു. രണ്ടും കല്‍പിച്ച്‌ വണ്ടിയിലങ്ങോട്ട്‌ കയറി. മല്‍ബുവിനോടാണോ കളി.
ഇങ്ങോട്ട്‌ തന്നില്ലെങ്കില്‍ അങ്ങോട്ട്‌ ചോദിച്ച്‌ പാര്‍ട്ടി സ്ഥാനവും എം.പി സ്ഥാനവും വരെ സ്വന്തമാക്കുന്നവരാണ്‌ മല്‍ബുകള്‍.
അങ്ങനെയല്ല സംഭവിച്ചത്‌.
ആശാന്‍ ചാടിയിറങ്ങി, മല്‍ബുവിന്റെ കൈയില്‍ പിടിച്ചുവലിച്ച്‌ പുറത്തേക്കൊരു തള്ള്‌.
ഏശ്‌ ഹാദാ, മജ്‌നൂന്‍...
പോടാ പ്‌രാന്താ...
മല്‍ബു ഓര്‍ത്തു. കാശ്‌ കൊടുത്തതിനു കിട്ടിയതാ ഈ ചവിട്ട്‌. കാലം കൊള്ളൂല്ലാ.
അസ്സലാമു അലൈക്കും എന്നുപറഞ്ഞ്‌ ഹസ്‌തദാനം ചെയ്യുന്ന കാക്കിക്കാരെ കുറിച്ച്‌ എപ്പോഴും ഊറ്റം കൊള്ളാറുണ്ട്‌.
ഇവിടെ വാടാ, കയറെടാ തുടങ്ങിയ മൃദു തെറികളില്‍ തുടങ്ങി കടുംതെറികളിലൂടെ കൊടുംതെറികളില്‍, പിന്നെ ഉരുട്ടലില്‍ കലാശിക്കുന്ന കാക്കിക്കാരെ അപേക്ഷിച്ച്‌ ഇവരില്‍ ഊറ്റം കൊള്ളുന്നതില്‍ എന്താണു തെറ്റ്‌?
ഏയ്‌ ഒരു തെറ്റുമില്ല. പക്ഷെ, കാക്കിക്കാര്‍ എല്ലായിടത്തും ഒരുപോലെ തന്നെയാ.
ദാ ഇപ്പോള്‍ കണ്ടില്ലേ, തള്ളിയ തള്ള്‌.
മല്‍ബു ഓര്‍ത്തു.
എല്ലാ ഉംറികളുടേയും ഗതി തന്നെയായിരിക്കുമോ ഇത്‌.
എന്നെ പിടിച്ചോളൂ, എന്നെ പിടിച്ചോളൂ എന്നു പറഞ്ഞുകൊണ്ട്‌ തലങ്ങും വിലങ്ങും നടന്നാലും ആരും പിടിക്കാന്‍ എത്തിക്കൊള്ളണമെന്നില്ല. അതൊരു ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ്‌.
മുങ്ങിയതിനു ശേഷം ജോലി തെരഞ്ഞ്‌ കണ്ടുപിടിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടിയിലാകുന്ന ഉംറികളുമുണ്ട്‌. അതും ഭാഗ്യമോ നിര്‍ഭാഗ്യമോ തന്നെ.
അങ്ങനെ ഉംറികളുടെ മടക്കം മല്‍ബുകള്‍ക്ക്‌ പുതിയ തൊഴില്‍ സാധ്യത തുറന്നുകൊടുത്തു.
അയമുമാരും സെയ്‌തലവിമാരും അതിന്റെ സാധ്യതകളിലേക്ക്‌ ആഴ്‌ന്നിറങ്ങി. പിടിയന്മാരുടെ പിന്തുണയില്ലാതെ തന്നെയും ചില സമര്‍ഥരായ മല്‍ബുകള്‍ തുടങ്ങി ഈ വ്യാപാരം.
നാട്ടില്‍ പോകാനൊരുങ്ങിയ മല്‍ബുവിന്‌, വണ്ടികള്‍ വരുന്ന വഴികളറിഞ്ഞ്‌ കാത്തുനില്‍ക്കാനുള്ള സ്ഥലം നിര്‍ണയിച്ചുകൊടുക്കുകയേ ഈ വ്യാപാരത്തില്‍ വേണ്ടിയിരുന്നുള്ളൂ. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വണ്ടി നിറുത്തി പെറുക്കിയാല്‍ നിശ്ചയിച്ചുറപ്പിച്ച തുക പോക്കറ്റിലായി. അല്ലെങ്കില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും പിടികൊടുക്കാന്‍ യോഗമില്ലാതെ മടങ്ങിവരുന്ന ഉംറിക്ക്‌ കാശ്‌ മടക്കിക്കൊടുക്കണം- അത്ര തന്നെ.
വിസക്ക്‌ കാശു വാങ്ങി ആറുമാസം ബക്കാല നടത്തി കഫീല്‍ ശരിയില്ലെന്ന്‌ പഴി പറഞ്ഞുകൊണ്ട്‌ പണം ഗഡുക്കളായി മടക്കിക്കൊടുക്കുന്നതു പോലെ.
പിടിത്തം കൊടുക്കുന്ന മല്‍ബുകള്‍ക്ക്‌ മുന്നില്‍ പടിയടക്കുന്ന പുതിയ കാലത്ത്‌ വ്യാപാര സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്‌. പടിയടക്കാതെ തള്ളാനും മല്‍ബുവിന്‌ വഴികളേറെ.

മല്‍ബുവിന്റെ കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കുറേ നേരമായി.
അയാള്‍ വരുമോ? അതോ കഴിഞ്ഞ തവണത്തെ പോലെ അവസാനം ഫോണ്‍ കോളായിരിക്കുമോ വരിക?
അസ്വസ്ഥനായ മല്‍ബു ചിന്താമല്‍ബുവായി.
കഫീലിന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലംവരെ പോകേണ്ടിവന്നു എന്നായിരുന്നു അന്ന്‌ അവസാനം ഫോണില്‍ അയാളുടെ മറുപടി.
രണ്ടു മണിക്കൂറോളം നടുറോഡില്‍ കാത്തുനിന്ന ശേഷം കേട്ട മറുപടിയില്‍ രക്തം തിളച്ചുവന്നതായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍ കഴിയും, ജീവിതം അയാളുടെ കൈയിലായിപ്പോയില്ലേ?
ഇത്രയും നേരം ഇവിടെ നിര്‍ത്തിയിട്ടാണോ ഇപ്പോള്‍ നിങ്ങളുടെ ഈ മറുപടി?
ഞാനൊരു ഹൗസ്‌ ഡ്രൈവറാണേ എന്നായിരുന്നു പിന്നീട്‌ അയാളുടെ വിശദീകരണം.
അറിയാലോ, ഹൗസ്‌ ഡ്രൈവറുടെ പരിപാടി. ഒന്നിനും ഒരു നിശ്ചയോം കാണില്ല.
പാസ്‌പോര്‍ട്ടിനായി കഴിഞ്ഞയാഴ്‌ച രണ്ടു മണിക്കൂറോളം കാത്തിരുന്ന വിവരം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഒന്നുകൂടി കളിയാക്കാനായി റൂമിലുള്ളവരോടും കൂട്ടുകാരോടും എന്തിനു പറയണം?
അലമ്പില്ലാതെ നാട്ടിലെത്താന്‍ അലവിയുടെ കൈയില്‍ പാസ്‌പോര്‍ട്ട്‌ ഏല്‍പിച്ചപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞതാ. ഇനി കാത്തിരിപ്പും മൊബൈല്‍ വിളിയും തന്നെയായിരിക്കുമെന്ന്‌.
അപ്പോഴൊന്നും മല്‍ബു പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
അയാളുടെ സംസാരത്തില്‍ അങ്ങനെ പറ്റിക്കുന്നയാളാണെന്ന്‌ ഒരിക്കലും തോന്നിയിട്ടില്ല. എടങ്ങേറില്ലാതെ നാട്ടില്‍ പോയി കെട്ട്യോളേം മക്കളേം കണ്ട്‌ പുതിയ വിസയില്‍ സുഖായി മടങ്ങിവരാമെന്ന്‌ അയാള്‍ പറയുമ്പോള്‍ മാത്രമാണ്‌ ആശ്വാസം.
ഇപ്പോള്‍ കുടുംബക്കാരും കൂട്ടുകാരുമൊക്കെ കുറ്റപ്പെടുത്തുന്നത്‌ തന്നെയാണ്‌.
ആരെങ്കിലും പാസ്‌പോര്‍ട്ട്‌ കൈമാറുമോ? അത്രക്കും പൊട്ടനാണോ നീ എന്നാണ്‌ എല്ലാവരുടേയും ചോദ്യം.
മഹാ പൊട്ടത്തരം തന്നെയാ ചെയ്‌തത്‌.
നാട്ടില്‍ പോയി പുതിയ വിസയില്‍ വരാനുള്ള തിടുക്കം കാരണം മറ്റൊന്നും ആലോചിച്ചില്ല. അലമ്പില്ലാതെ നാട്ടിലെത്താനും മടങ്ങിവരാനും മറ്റെന്താണൊരു വഴി.
നാലുവര്‍ഷം ജോലി ചെയ്‌തതില്‍ മിച്ചമുള്ളതും കടം വാങ്ങിയുമാണ്‌ പുതിയ വിസ ഒപ്പിച്ചത്‌. അതും കൊണ്ട്‌ പിടികൊടുക്കാതെ പോയി വരാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ആലോചിച്ചിരിക്കുമ്പോഴാണ്‌ പടച്ചവന്‍ അലവിയെ മുന്നിലെത്തിച്ചത്‌.
സുരക്ഷിതമായി വിമാനത്തിലെത്തിച്ചാല്‍ 2000 റിയാല്‍.
മറ്റൊന്നും ആലോചിച്ചില്ല. ഈ ഉംറി പിന്നെ എന്താ ചെയ്യുക? ഇപ്പോള്‍ കുറ്റപ്പെടുത്താന്‍ വരുന്ന കുടുംബക്കാരും കൂട്ടുകാരുമൊന്നും അന്ന്‌ ഉണ്ടായിരുന്നില്ല.
പലരുടേയും മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോവുകയാണ്‌. നാലു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുമ്പള്‍ മക്കള്‍ക്കായി വാങ്ങിയ സാധനങ്ങള്‍ റൂമില്‍ തയാറാക്കി വെച്ച പെട്ടിയില്‍ ഭദ്രമാണ്‌. പുതിയ വിസയില്‍ മടങ്ങിയെത്തിയിട്ട്‌ വേണം അലമ്പില്ലാതെ പണിയെടുക്കാനും എന്തെങ്കിലുമൊക്കെ മിച്ചം വെച്ച്‌ വീടുണ്ടാക്കാനും.
ചിന്തയുടെ വേഗം വാച്ചിലെ സമയസൂചിക്കില്ലല്ലോ. പറഞ്ഞ സമയവും കടന്ന്‌ ഇപ്പോള്‍ മണിക്കൂര്‍ രണ്ടാകുന്നു. മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്‌തു നോക്കി. സ്വിച്ച്‌ ഓഫാണ്‌.
പടച്ചോനേ, ഇന്നും കാത്തിരിപ്പ്‌ വെറുതെയാകുമോ?
ദേ സമീപത്ത്‌ തന്നെപോലെ അസ്വസ്ഥനായി വിരല്‍ കടിച്ചുകൊണ്ട്‌ നില്‍ക്കുന്നു മറ്റൊരു മല്‍ബു.
മലയാളിയാ അല്ലേ?
അതേ, നാട്ടില്‍ എവിടാ?
കൊണ്ടോട്ടി. ആരെയോ കാത്തുനില്‍ക്കുകാ അല്ലേ?
അതേ, മുഹമ്മദ്‌ക്കാനെ കാത്തുനില്‍ക്കുവാ. നിങ്ങളോ?
ഞാനും ഒരാളെ കാത്തുനില്‍ക്കുവാ, അലവിയെ.
പാസ്‌പോര്‍ട്ടും കൊണ്ട്‌ അയാള്‍ കറങ്ങിനടക്കുകാ.
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയത്തായിരുന്നു.
തുല്യ ദുഃഖിതര്‍.
ആട്ടെ എത്ര മണിക്ക്‌ എത്തുമെന്നാ പറഞ്ഞത്‌?
ആറ്‌ മണി.
എന്നോടും ആറ്‌ മണി.
ഇരുവരുടേയും കൈയിലുള്ളത്‌ ഒരേ മൊബൈല്‍ നമ്പര്‍.
രണ്ട്‌ മല്‍ബുകളും ഞെട്ടി.
വെപ്പ്‌മുടി പോലെ തോന്നിക്കുന്ന മുടിയുള്ളയാള്‍ക്കാണോ നിങ്ങള്‍ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌?
അല്ല, അലവി നല്ല ഒത്ത കഷണ്ടിയാ.
ഇയാള്‍ എവിടാ താമസിക്കുന്നതെന്ന്‌ അറിയാമോ?
അയാള്‍ പറയുന്ന ഏതെങ്കിലും സ്ഥലത്ത്‌ വരികയാ പതിവ്‌. ഇവിടെ വെച്ചാ ഒരു മാസം മുമ്പ്‌ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌.
ഞാന്‍ സൂഖില്‍ വെച്ചാ കൊടുത്തത്‌.
രണ്ടും ഒരാള്‍ തന്നെയായിരിക്കും. അപ്പോള്‍ അയാളുടേത്‌ വെപ്പുമുടിതന്നെയായിരിക്കും.
പടച്ചോനേ, കുടുങ്ങിയോ?
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയം.
അതേ, മല്‍ബുകള്‍ ഒരേ പോലെ ചിന്തിക്കുന്നു.
മണ്ടത്തരമാകുന്ന മല്‍ബുത്തരത്തിലും ഒപ്പത്തിനൊപ്പം.
Related Posts Plugin for WordPress, Blogger...