8/17/13
വാര്‍ത്തകളുടെ പാചകം
സംഭവങ്ങളെ പര്‍വതീകരിക്കുകയും ന്യൂനീകരിക്കുകയും വികലമാക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍പോലും ചര്‍ച്ചാ വിഷയമാണ്. വിവാദങ്ങള്‍ക്ക് അര്‍ഹമായതിലേറേ സ്ഥാനവും പ്രാധാന്യവും ലഭിക്കുമ്പോള്‍ സാധാരണക്കാരന്‍ പത്രം ചുരുട്ടിവെക്കുകയോ ചാനല്‍ മാറ്റി നോക്കുകയോ ചെയ്യുന്നു.
ആളുകളെ പിടിച്ചിരുത്താനും റേറ്റിംഗ് കൂട്ടാനും ടെലിവിഷന്‍ ചാനലുകള്‍ ഏതറ്റംവരേയും പോകാന്‍ തയാറാണ് എന്നു തെളിയിക്കുന്നതാണ് വ്യക്തിഹത്യകളിലേക്ക് പോലും നീങ്ങുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും. ഗോപ്യമായത് കാണാനുള്ള ആളുകളുടെ ത്വര വാര്‍ത്തകളില്‍ സന്നിവേശിപ്പിച്ച് അതുവഴി റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പെണ്ണുടലുകള്‍ക്കും വേണ്ടിവന്നാല്‍ കിടപ്പറ രംഗങ്ങള്‍ക്കുപോലും ദൃശ്യമൊരുക്കാന്‍ ചാനലുകള്‍ ധൈര്യം കാണിക്കുന്നു. ഒളിക്യാമറാ ദൃശ്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും അത് ഏതുനിമിഷവും സ്‌ക്രീനില്‍ തെളിയാമെന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പ്രമുഖരെ ക്ഷണിച്ചുവരുത്തി പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുമ്പെടുകയാണ് ചാനലുകള്‍.
കണക്കില്ലാത്ത കോടികള്‍ തട്ടിയെന്ന് പ്രതിപക്ഷവും ഓ, അത് വെറും ഏഴ് കോടിയേ ഉള്ളൂവെന്ന് ഭരണപക്ഷവും പറയുന്ന സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദൃശ്യമായ മാധ്യമ പടയൊരുക്കം സമാനതകളില്ലാത്തതാണ്. സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന മറ്റുപല വിഷയങ്ങള്‍ കടന്നുവന്നെങ്കിലും അതെല്ലാം ഈയാംപാറ്റകളെ പോലെ ചത്തുവീണു. സോളാര്‍ താപത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളായിരുന്നവരും അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ജ്വലിച്ചുനിന്നു.
വ്യക്തികളും പാര്‍ട്ടികളും പാര്‍ട്ടികളിലെ ഗ്രൂപ്പുകളും അതോടൊപ്പം ഏതാനും മാധ്യമ പ്രവര്‍ത്തകരുടെ താല്‍പര്യങ്ങളും ഒത്തുചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ സമരത്തിനപ്പുറം സോളാര്‍ വാര്‍ത്തകള്‍ക്ക് എപ്പോഴും എരിവും പുളിയും പകര്‍ന്നു കിട്ടിയത്.
ഈ മാധ്യമ പടയൊരുക്കത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളും പണമൊഴുക്കും സംബന്ധിച്ച ആരോപണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വഴിത്തിരിവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാക്ഷര കേരളത്തില്‍പോലും ഇതാണ് സ്ഥിതിയെങ്കില്‍ വിശ്വാസ്യത വേണ്ടെന്നുവെച്ച മാധ്യമങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയും ജനവികാരത്തെയും എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. പട്ടിണിയോട് മല്ലിടുന്ന സാധാരണ ജനം ഇതൊന്നും കാണാന്‍ ഇടയില്ലെന്ന് ആശ്വസിക്കാന്‍ തരമില്ല, കാരണം അവരുടെ കൈകളിലേക്ക് ടെലിവിഷന്‍ സെറ്റുകളും കംപ്യൂട്ടറുകളും എത്തിക്കാന്‍ ഭരണകൂടങ്ങളും പാര്‍ട്ടികളും കോര്‍പറേറ്റുകളും മത്സരിക്കുകയാണ്.
വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞിടത്ത് മാധ്യമ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളുമാണ് നേരും നീതിയും വേണമെന്ന് ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകരെപോലും ഇന്ന് ചലിപ്പിക്കുന്നത്.
മാധ്യമ അപചയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സാധാരണമാണെങ്കിലും പ്രസ് കൗണ്‍സിലും സര്‍ക്കാരുകളുമൊക്കെ ഇരുട്ടില്‍ തപ്പുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ എപ്പോഴും വിജയം വരിക്കുന്നു.
ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചെങ്കില്‍, മാധ്യമങ്ങള്‍ ഇന്ന് ജനപക്ഷത്തെ വിസ്മരിച്ചുകൊണ്ട് കോര്‍പറേറ്റുകളുടെ സ്വാധീനത്തിലാണ്. സാമ്പത്തിക ഉദാരീകരണത്തോടെ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് വന്‍വളര്‍ച്ചയാണ് ദൃശ്യമായതെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളോടൊപ്പം കോര്‍പറേറ്റുകളുടെ കൈകടത്തലുകളാണ് ഏറ്റവും വലിയ വെല്ലുവിളി.
സാമൂഹിക സ്ഥാപനങ്ങളെന്ന നിലയില്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതലയാണ് മാധ്യമങ്ങള്‍ നിറവേറ്റേണ്ടത്. നവഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന ധാരണ തിരുത്തുന്നതാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്റര്‍നെറ്റ് ചോര്‍ത്തലില്‍ തുടങ്ങി വെബ്‌സൈറ്റുകളുടെ നിരീക്ഷണത്തിലും അവ ബ്ലോക്ക് ചെയ്യുന്നതിലും എത്തിനില്‍ക്കുന്ന നടപടികള്‍.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള അധികാരികള്‍ അതോടൊപ്പം ചെയ്ത ആദ്യത്തെ നടപടി എതിരുനില്‍ക്കുന്ന മാധ്യമങ്ങളെ തച്ചുടക്കുകയായിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അധികാരമാണ് ഇന്ത്യയില്‍ ഭേദഗതി ചെയ്യപ്പെട്ട വിവര സാങ്കേതിക വിദ്യാ നിയമം സര്‍ക്കാരിന് നല്‍കുന്നത്.
സ്വാത്രന്ത്യത്തിനുശേഷം അരനൂറ്റാണ്ടോളം മാധ്യമങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനായിരുന്നുവെങ്കില്‍ 1990-കളില്‍ രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍കരണത്തോടെ തഴച്ചുവളര്‍ന്ന സ്വകാര്യ മേഖലയിലെ മാധ്യമങ്ങളെ ഇപ്പോള്‍ കോര്‍പറേറ്റുകളാണ് സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നത്.
ഇന്ത്യയിലെ പല മാധ്യമങ്ങളുടേയും പിറകില്‍ വന്‍കിട ബിസിനസുകാര്‍ ഒളിച്ചിരിപ്പുണ്ട്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ബിസിനസുകാര്‍ നടത്തുന്ന ചാനലുകളും പത്രങ്ങളും വെബ്‌സൈറ്റുകളുമുണ്ട്. വന്‍കിട മാധ്യമ സ്ഥാപനങ്ങളായ സണ്‍ ടി.വിക്കും സ്റ്റാര്‍ ഇന്ത്യക്കും മറ്റു ഗ്രൂപ്പുകള്‍ക്കും ചില്ലറ മാധ്യമങ്ങളല്ല ഉള്ളത്. ചില ചാനലുകളുടെ യഥാര്‍ഥ ഉടമകളാരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഘടന. പശ്ചിമബംഗാളിലെ സാധാരണക്കാരെ വഴിയാധാരമാക്കി ചിട്ടിത്തട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് മാധ്യമ സ്ഥാപനങ്ങളുടെ കൂടി ഉടമകളാണ്. ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പിനെ തുടര്‍ന്ന് ചാനലുകളോട് ഓഹരി ഘടന വെളിപ്പെടുത്താന്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങളാണ് ഇതുവഴി പുറത്തുവന്നത്.
കോര്‍പറേറ്റ്, രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ മുതല്‍മുടക്കിയിട്ടുണ്ട് എന്നതില്‍ ഒട്ടും സംശയമില്ല. തമിഴ്‌നാട്ടില്‍ മിക്ക പാര്‍ട്ടികള്‍ക്കും സ്വന്തം ചാനലുകളുണ്ട്. മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകന്‍ നടത്തുന്ന സണ്‍ ഗ്രൂപ്പിന് 32 ടെലിവിഷന്‍ ചാനലുകളും 45 റേഡിയോ നിലയങ്ങളുമാണ് ഉള്ളത്. കേബിള്‍ വിതരണ ശൃംഖലയും ഇവര്‍ക്കു സ്വന്തം. കുത്തകകളെ തച്ചുടച്ച് ഒരു കമ്പനിക്ക് ഒന്നോ രണ്ടോ മാധ്യമങ്ങളെന്ന ആലോചനപോലും സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്.
സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ലോകത്തെമ്പാടും ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇന്ത്യന്‍ മാധ്യമങ്ങളും വിശ്വാസ്യത കളഞ്ഞുകുളിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി ജനകോടികള്‍ തെരുവിലിറങ്ങിയ അറബ് വസന്ത വര്‍ഷമായ 2011-ല്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 16 ശതമാനത്തില്‍നിന്ന് 66 ശതമാനമായാണ് ഉയര്‍ന്നത്. അറസ്റ്റും ഭീഷണിയും 43 ശതമാനം വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകലുകളും കൂടിക്കൊണ്ടിരിക്കുന്നു. ധാരാളം പത്രപ്രവര്‍ത്തകര്‍ സ്വന്തം രാജ്യംവിടാനും മറ്റു നാടുകളില്‍ ജോലി തുടരാനും നിര്‍ബന്ധിതരായി. സെന്‍സര്‍ഷിപ്പ് കഠിനമാക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വസ്തുനിഷ്ഠമായ വിവരങ്ങള്‍ മറച്ചുവെച്ച് തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കും അവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കും വേണ്ടി കുഴലൂത്ത് നടത്തുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുപോകേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറി വരികയാണ്.
മാധ്യമങ്ങളെ നിയന്ത്രിക്കുകയല്ല, അവ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം വരെ പറയുമ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനകളും പെയ്ഡ് ന്യൂസുകളുടെ അതിപ്രസരവുമാണ് തെളിഞ്ഞുവരുന്നത്.
തങ്ങളാണ് ഉടമകളെന്നതിനാല്‍ മാധ്യമങ്ങളുടെ നിയന്ത്രണം തങ്ങള്‍ തന്നെയാണ് നിര്‍വഹിക്കേണ്ടതെന്ന് പുതിയ കുത്തക മുതലാളികമാര്‍ ശഠിക്കുന്നു. സത്യസന്ധതക്കും നീതിക്കും നിലകൊള്ളുന്ന പത്രപ്രവര്‍ത്തകരെ ചൊല്‍പടിക്കു നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ പുറന്തള്ളി സ്വന്തക്കാരെ വെച്ചുകൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കുകയോ ചെയ്യുന്നു മാധ്യമ മുതലാളിമാര്‍. സാമ്പത്തിക ക്രമക്കേടുകള്‍ മറച്ചുവെക്കാനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും മാധ്യമങ്ങള്‍ ചരടുവലിച്ച എത്രയോ സംഭവങ്ങള്‍ ഈയടുത്ത കാലത്ത് ഇന്ത്യയില്‍ പ്രകടമായി. മാധ്യമ ഉടമകളില്‍നിന്നു മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരെ സമര്‍ഥമായി സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും പുതുമയല്ലാതായിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും സമ്മാനിച്ച് സ്വന്തം ചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വരുത്തിക്കുന്ന തുക്കടാ നേതാക്കള്‍ മുതല്‍ കോടികളൊഴുക്കുന്ന വമ്പന്‍ സ്രാവുകള്‍വരെയുണ്ട്.
നീരാ റാഡിയ ടേപ്പ് കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടര്‍മാരേയും മാധ്യമങ്ങളേയും എങ്ങനെയൊക്കെ ഉപയോഗിക്കുന്നുവെന്ന് ജനം കണ്ടു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയ രംഗത്തെ വന്‍തോക്കുകളും സ്വാധീനമുള്ള പത്രപവര്‍ത്തകരും ലോബിയിസ്റ്റുകളുമൊക്കെ ഉള്‍പ്പെടുന്ന സംഘങ്ങള്‍ പിന്നാമ്പുറത്ത് സജീവമായിരിക്കുമ്പോള്‍ വിശ്വസ്തമെന്നു കരുതി ഒരു വാര്‍ത്ത വായിക്കാനോ കേള്‍ക്കാനോ സാധിക്കാതെ വരുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും അവ ചത്തൊടുങ്ങാതെ നിലനര്‍ത്തുന്നതിലും അഹിതകരമായ വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതിലും വിപണി ശക്തികളാണ് മുഖ്യപങ്കു വഹിക്കുന്നതെന്നാണ് നീരാ റാഡിയ ടേപ്പ് കേസും സമീപകാലത്തു പുറത്തുവന്ന നിരവധി പെയ്ഡ് ന്യൂസ് സംഭവങ്ങളും അടിവരയിടുന്നത്. ഇതിനിടയില്‍ യഥാര്‍ഥ വാര്‍ത്തകളായി മാറേണ്ടതും വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുമായ എത്രയോ സംഭവങ്ങള്‍ ആരോരുമറിയാതെ പോകുന്നു.
2/4/13
പ്രവാസികളുടെ പണം ആരു കൊണ്ടുപോകുന്നു?
പ്രവാസികള്‍ അയക്കുന്ന പണത്തെ കുറിച്ച് പ്രകീര്‍ത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നൂറുനാക്കാണ്. കുടുംബം പുലര്‍ത്താന്‍ നാടു വിട്ടുപോയവര്‍ പണം അയച്ചിരുന്നില്ലെങ്കില്‍ നാടിന്റെ നടുവൊടിഞ്ഞേനേ എന്നു പറയുമ്പോള്‍ പ്രവാസികള്‍ സുഖിക്കുന്ന കാലം കഴിഞ്ഞുപോയ കാര്യം എല്ലാവരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൊച്ചിയില്‍ ഈ മാസം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ പ്രവാസിപ്പണത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികള്‍ നാട്ടിലയച്ച പണത്തിന്റെ കണക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളും അതു സ്വീകരിച്ച ഇന്ത്യയും പുറത്തു വിടാറുണ്ട്. കഴിഞ്ഞ മാസം അയച്ച പണം ഒന്നിനും തികഞ്ഞില്ലെന്ന കുടുംബക്കാരുടെ പരാതികളുടെ ഷോക്കില്‍നിന്ന് മുക്തമാകാന്‍ പ്രവാസി ടി.വിക്കു മുന്നില്‍ ചടഞ്ഞിരിക്കുമ്പോഴായിരിക്കും അമ്പരപ്പിക്കുന്ന കോടികളുടെ കണക്കു കേള്‍ക്കുന്നത്.
ഗള്‍ഫില്‍നിന്നു കിട്ടുന്ന ശമ്പളത്തില്‍ ഒട്ടും മിച്ചം വെക്കാതെ അയച്ചിട്ടും കുടുംബത്തിന്റെ ആവശ്യങ്ങള്‍ തീരുന്നില്ല. അടുത്ത മാസം പണം അയക്കാനാകുമ്പോഴേക്കും അവിടുന്നും ഇവിടുന്നും വായ്പ വാങ്ങിയതിന്റെ കണക്കു കൂടി എത്തുകയായി.
വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് നേതാക്കളും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിലെ വസ്തുത തൊട്ടറിയുന്നവനാണ് പ്രവാസി. ഇവിടെയും അവിടെയും ഒരുപോലെ വിലക്കയറ്റം. രണ്ടിടത്തും പ്രവാസിക്ക് വരുമാനത്തില്‍ ചെറിയൊരു ഭാഗം പോലും മിച്ചം വെക്കാന്‍ സാധിക്കുന്നില്ല. രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന വിലക്കയറ്റമാണ് പ്രവാസികളുടെ നടുവൊടിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഗള്‍ഫുകാര്‍ ആഡംബരത്തിനും പൊങ്ങച്ചത്തിനും പണം വാരിക്കോരി ചെലവഴിക്കുന്നുവെന്ന് ആദ്യമൊക്കെ നാട്ടില്‍ ഒരു പറച്ചിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ പ്രവാസികളുടെ കുടുംബങ്ങളും രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നു.
അയ്യോ, നാട്ടില്‍ ഒരു മാസം തികച്ചുനില്‍ക്കാനാവില്ലെന്ന പരിഭവങ്ങളാണ് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികള്‍ പങ്കുവെക്കുന്നത്.
വിലക്കയറ്റം ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല, ലോകാടിസ്ഥാനത്തില്‍ തന്നെ ഇന്ന് ചര്‍ച്ചാവിഷയമാണ് -പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. വരുമാനത്തിന്റെ ഭൂരിഭാഗവും വിശപ്പടക്കാന്‍ വേണ്ടി മാത്രം വിനിയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഫുഡ് ഇന്‍ഫ്‌ളേഷന്‍ എന്നു പേരിട്ട് സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ധരും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും പാവങ്ങളുടെയും സാധാരണക്കാരുടെയും സ്ഥിതി ദയനീയമായിക്കൊണ്ടിരിക്കുന്നു.
പാവങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മാത്രമാണ് പഞ്ഞമില്ലാത്തത്. കഴിഞ്ഞയാഴ്ച ജയ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറും അതുപോലുള്ള സമ്മേളനങ്ങളും പാവങ്ങള്‍ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിനു കണക്കില്ല.
പണിയും വരുമാനവുമില്ലാതെ കോടികള്‍ ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പി.ചിദംബരവും അതുപോലെ സാമ്പത്തിക ശാസ്ത്രജ്ഞരും നൂറുകൂട്ടം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ പാവങ്ങളും സിദ്ധാന്തങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടി വരുമാനം വര്‍ധിപ്പിക്കാന്‍ ധനികരും എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. രാജ്യത്തെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്നുവെന്ന് പൊതുവെ പറയാറുണ്ട്.
ഏറ്റവും ഒടുവില്‍ സ്വര്‍ണം ഇറക്കുമതിയുടെ തീരുവ 50 ശതമാനം വര്‍ധിപ്പിച്ച് പുറത്തേക്കുള്ള ഡോളറിന്റെ ഒഴുക്കിനു തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇറക്കുമതി ചുങ്കം നാല് ശതമാനത്തില്‍നിന്ന് ആറു ശതമാനമായി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന്റെ നിക്ഷേപ ഡിമാന്റ് കുറക്കുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. സവാള വാങ്ങുന്നതു പോലെ സാധാരണക്കാരന്‍ സ്വര്‍ണം വാങ്ങില്ലെങ്കിലും ഈ തീരുവവര്‍ധനയും സ്വര്‍ണ നിരക്കില്‍ വര്‍ധന വരുത്തി അവനെ തന്നെയാണ് അന്തിമമായി ബാധിക്കുക. പുതിയ തീരുവ മറികടക്കാന്‍ കള്ളക്കടത്തിന്റെ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു. അത് കള്ളപ്പണത്തിന്റെ ഒഴുക്ക് ഒന്നു കൂടി വര്‍ധിപ്പിച്ച് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നത് സിദ്ധാന്തത്തിനുമപ്പുറത്ത് സാധാരണക്കാരനു മനസ്സിലാകുന്ന പ്രായോഗിക വശം.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ആഘാതത്തില്‍ നഷ്ടപ്പെട്ടുപോയ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ വെമ്പുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന ഇന്ത്യയുടെ മറുഭാഗത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അവശേഷിക്കുന്ന ധാന്യമണികള്‍ക്കായി അടിപിടി കൂടുന്ന പാവങ്ങളുണ്ട്. ഇക്കൂട്ടരെ വിസ്മരിച്ചുകൊണ്ടാണ് അമേരിക്കയടക്കമുള്ള സാമ്പത്തിക ശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് അനുസൃതമായ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വളര്‍ച്ചാ നിരക്ക് മാത്രം മുന്നില്‍ കണ്ട് പരക്കം പായുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡികളുടെ ബലത്തിലെങ്കിലും ജീവിതം മുന്നോട്ടു നീക്കിയിരുന്ന പാവങ്ങള്‍ ഞെരിഞ്ഞമരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഫലമായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നും അവര്‍ ധാരാളമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചു തുടങ്ങിയെന്നും അതുകൊണ്ടാണ് വില വര്‍ധിക്കുന്നതെന്നും ഇവിടെ സിദ്ധാന്തങ്ങള്‍ മെനയപ്പെട്ടു. സബ്‌സിഡി ഒഴിവാക്കിയും മറ്റും പൊതുവിതരണ ശൃംഖല തകര്‍ക്കുമ്പോള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും സാധാരണമാവുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉല്‍പാദകനും ഉപഭോക്താവിനും ഇടയിലുള്ള ഏജന്റുമാര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള മാര്‍ഗങ്ങളാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നത്. അവശ്യ വസ്തുക്കള്‍ പൊതുവിതരണം വഴി ന്യായവിലക്ക് ലഭ്യമാക്കിയാല്‍ വിലക്കയറ്റം തടയാനാകുമെന്ന സാധാരണക്കാരന്റെ പക്കലുള്ള സിദ്ധാന്തം മുദ്രാവാക്യങ്ങളായി പരിണമിക്കുന്നു. എല്ലാം വിപണി അധിഷ്ഠിതമാകണമെന്ന് ശഠിക്കുമ്പോള്‍ വിപണി ശക്തികള്‍ നിര്‍ണയിക്കുന്ന വിളകള്‍ക്കു മാത്രമായി സ്ഥാനം.
വിലക്കയറ്റത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും കൂട്ടത്തില്‍ തന്നെയാണ് പ്രവാസി സാധാരണക്കാരുടെ കുടുംബങ്ങളുമിന്ന്. പണിയെടുക്കുന്ന സ്ഥലങ്ങളില്‍ ജീവിതച്ചെലവിന്റെ വര്‍ധനയും നാട്ടില്‍ അതിരൂക്ഷമായ വലിക്കയറ്റവും പ്രവാസിയെ ഒരുപോലെ പിടിച്ചുമുറുക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള തിരിച്ചുപോക്ക് പല കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.
പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര, സംസ്ഥാന പ്രവാസി മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നതെന്നു പോലും പ്രവാസികള്‍ക്ക് മനസ്സിലാകുന്നില്ല. ദശാബ്ദങ്ങളുടെ പ്രവാസത്തിനു ശേഷം തിരിച്ചെത്തുന്നവര്‍ക്ക് ശിഷ്ട ജീവിതം തള്ളിനീക്കുന്നതിനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടാക്കി നല്‍കണമെന്ന ആവശ്യങ്ങള്‍ നിരാകരിച്ചവര്‍ ഇന്നു വാഗ്ദാനം ചെയ്യുന്നത് നിശ്ചിത വിഹിതം അടച്ചാല്‍ ആയിരവും രണ്ടായിരവും രൂപ പെന്‍ഷനാെണന്നാണ്.
വലിയ നോട്ടുകെട്ടുകള്‍ സഞ്ചിയില്‍ നിറച്ച് കടകളില്‍ പോകുന്നത് ഇന്തോനേഷ്യക്കാരെ കുറിച്ച് മാത്രമല്ല, നമ്മളെ കുറിച്ച് കൂടിയാകുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. റിയാലിന് കൂടുതല്‍ രൂപ കിട്ടി എന്ന് ആശ്വസിക്കുമ്പോള്‍, അത് ഒന്നിനും തികയാത്ത കടലാസുകളായി മാറുകയാണ് മറുഭാഗത്ത്. പോക്കറ്റില്‍ കാശുമായി പോയി സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് സഞ്ചിയില്‍ പണം കൊണ്ടുപോയാല്‍ പോക്കറ്റില്‍ വെക്കാവുന്ന സാധനങ്ങള്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണ് മടങ്ങുന്ന പ്രവാസികളെയും ഇവിടെ തുടരാന്‍ ഭാഗ്യമുള്ളവരെയും ഒരുപോലെ തുറിച്ചുനോക്കുന്നത്.
12/1/12
കണ്ണ് തുറന്ന ലോകം
ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും ലോകം ഇപ്പോള്‍ തുറന്നിരിക്കുന്ന കണ്ണും കാതും അടക്കാതിരിക്കുക മാത്രമാണ് വഴി.
ഫലസ്തീന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആഹ്ലാദത്തിലാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ആറര പതിറ്റാണ്ടായി വെച്ചുതാമസിപ്പിച്ച അംഗീകാരം ലഭ്യമായതിലുള്ള സന്തോഷമാണ് അദ്ദേഹം യു.എന്‍. പൊതുസഭയില്‍ പ്രകടിപ്പിച്ചത്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ നരനായാട്ടിനു പിന്നാലെ ഫലസ്തീന്‍ ചരിത്രനേട്ടം കൈവരിച്ചു എന്നത് ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളില്‍ നോവനുഭവിക്കുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ക്കും ആഹ്ലാദം പകരുന്നു.
ഐക്യരാഷ്ട്ര സംഘടനയില്‍ ലഭിച്ച നിരീക്ഷക രാഷ്ട്രപദവി ഫലസ്തീന് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടും എന്നതിനേക്കാളും അമേരിക്കയുടേയും ഇസ്രായിലിന്റേയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതു തന്നെ അഭിമാനാര്‍ഹമാണ്. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്രമായാണ് ഫലസ്തീനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സമാധാനപ്രിയരായ ജനാധിപത്യ രാഷ്ട്രങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഫലസ്തീന്‍ നയതന്ത്രം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ആയുധങ്ങളും സാങ്കേതിക വിദ്യയും കയറ്റി അയച്ച് വിവിധ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന അധിനിവേശത്തിനും കിരാത കൃത്യങ്ങള്‍ക്കും മറയിടാമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടലിനേറ്റ തിരിച്ചടി കൂടിയാണിത്. വെസ്റ്റ് ബാങ്കില്‍ നാമമാത്രമായി നിലനില്‍ക്കുന്ന ഫലസ്തീന്‍ സര്‍ക്കാരിനുള്ള ധനസഹായം പിന്‍വലിച്ചുകൊണ്ട് ശിക്ഷിക്കുമെന്ന് ഇസ്രായിലും അമേരിക്കയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതുവരെ ഉണ്ടായിരുന്ന നിരീക്ഷക പദവയില്‍നിന്ന് വത്തിക്കാനെ പോലെ പരമാധികാര രാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് തടയാന്‍ അമേരിക്കയും ഇസ്രായിലും, തങ്ങളെ പിന്തുണക്കുന്ന ഒരു പിടി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കക്കും ഇസ്രായിലിനും നയതന്ത്രതലത്തിലേറ്റ തിരിച്ചടി. യു.എന്നില്‍ പൂര്‍ണ തോതിലുള്ള അംഗത്വമല്ലെങ്കിലും പരമാധികാര രാഷ്ട്രം എന്ന നിലയിലുള്ള അംഗീകാരമാണ് 193 അംഗ യു.എന്‍ പൊതുസഭ ബഹുഭൂരിപക്ഷത്തോടെ ഫലസ്തീന് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടേതടക്കം 138 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബാക്കി രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഫലസ്തീനെ ജൂതരാഷ്ട്രമായും അറബ് രാജ്യങ്ങളായും പകുത്ത 181- ാം യു.എന്‍ പ്രമേയത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് മധ്യപൗരസ്ത്യ ദേശത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചരിത്ര സംഭവം. 1974 ലാണ് ഫലസ്തീന് യു.എന്നില്‍ നിരീക്ഷക പദവി ലഭിച്ചത്. 1988-ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും ഫലസ്തീന്‍ എന്ന പേരുപയോഗിക്കാനുള്ള അവകാശവും രാജ്യത്തിന് ലഭിച്ചു. പിന്നീട് യുനസ്‌കോ അംഗീകാരവും ഫലസ്തീന് ലഭിക്കുകയുണ്ടായി.
രാഷ്ട്രപദവിയെ നിരര്‍ഥക നടപടിയെന്ന ഇസ്രായിലിന്റെ വിലയിരുത്തിലിനു പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള നിയമപരമായ ഔപചാരിക അംഗീകാരമായി ഇതിനെ കണക്കാക്കരുതെന്നും നിയമപരമായ അംഗത്വം നല്‍കേണ്ടത് ഉഭയകക്ഷി തലത്തിലാണെന്നും പാശ്ചാത്യ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
വഞ്ചനകള്‍ ആവര്‍ത്തിക്കാത്ത സംഭാഷണ പ്രക്രിയയിലേക്ക് ഇസ്രായിലിനെ കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദമായി ഫലസ്തീന്റെ രാഷ്ട്രപദവി നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലസ്തീന്‍-ഇസ്രായില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കണമെന്ന് അമേരിക്കയും യു.എസിന് ഇസ്രായിലുള്ള സ്വാധീനം അതിനായി ഉപയോഗിക്കണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു കഴിഞ്ഞു.
യു.എന്നില്‍ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് ഫലസ്തീന് കൈവന്നതെങ്കിലും ദൂരവ്യാപകമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് ജൂതരാഷ്ട്രം ഭയപ്പെടുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയടക്കമുള്ള (ഐ.സി.സി) രാജ്യാന്തര വേദികളില്‍ ചേരുന്നതിന് ഫലസ്തീനു വഴി തുറന്നുകിട്ടിയിരിക്കയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണം തുടരുന്ന ഇസ്രായിലിനെതിരെ ഐ.സി.സിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതില്‍നിന്ന് ഫലസ്തീനെ തടയുന്നതിനുള്ള സമ്മര്‍ദം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. കടന്നകൈക്ക് മുതിര്‍ന്നാല്‍ വാഷിംഗ്ടണിലെ ഫലസ്തീന്‍ ഓഫീസ് അടക്കുമെന്നും ഫല്‌സതീന്‍ അതോറിറ്റിക്കുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. നിര്‍ണായക സന്ദര്‍ഭത്തില്‍ ഫലസ്തീനെ പിന്തുണക്കാതെ വിട്ടുനില്‍ക്കുക എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകുമായിരുന്നു.
ഒരു ഭാഗത്ത് ഫലസ്തീനെ പിന്തുണക്കുന്നതോടൊപ്പംതന്നെ ഇസ്രായിലുമായി ബന്ധം ദൃഢമാക്കുന്നതിനുള്ള നടപടികളും കരാറുകളുമായും മുന്നോട്ടു പോകുന്ന യു.പി.എ സര്‍ക്കാര്‍ പരമാവധി പഴി കേള്‍ക്കുന്നുണ്ട്. അമേരിക്കയുടേയും ഇസ്രായിലിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനായി സ്വന്തം ജനതയെ വിസ്മരിച്ചുകൊണ്ട് കൈക്കൊള്ളുന്ന നിലപാടുകള്‍ തിരുത്താനുള്ള അവസരമാണ് ഫലസ്തീന്റെ ചരിത്രനേട്ടം കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.
അന്താരാഷ്ട്ര മുറവിളികള്‍ക്ക് ചെവി കൊടുക്കാതെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച ഇസ്രായില്‍ നടപടിയാണ് രണ്ട് വര്‍ഷം മുമ്പ് വരെ പേരിനെങ്കിലും നടന്നിരുന്ന സമാധാന സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്. ഇസ്രായിലിനെ വീണ്ടും ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ പുതിയ സാഹചര്യം അമേരിക്കയെ പ്രേരിപ്പിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍. ലോകപോലീസ് ചമയാറുള്ള അമേരിക്കയുടെ പിന്തുണ ഏതുവിധേനയും ലഭിക്കുമെന്ന അഹങ്കാരവും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അവസാനിക്കാതെ തുടരുന്ന ജൂതസ്വാധീനവുമാണ് ഫലസ്തീന്‍ ജനതയുടെ മേലുള്ള നരനായാട്ടിന് ഇസ്രായിലിന് എന്നും പ്രേരകമായിട്ടുള്ളത്. ലോകത്തെവിടെയും മനുഷ്യാവകാശ സംരക്ഷകരായി എത്താറുള്ള അമേരിക്കന്‍ ഭരണകൂടം ഇസ്രായില്‍ കൊന്നൊടുക്കിയ ഫലസ്തീന്‍ കുരുന്നുകളെ ഒരിക്കലും കണ്ണ് തുറന്നു കണ്ടിട്ടില്ല.
കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചും കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ചും ഫലസ്തീന്‍ ജനതയുടെ പൗരാവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കാന്‍ ലോകം ഇപ്പോള്‍ തുറന്ന കണ്ണ് ഇനി അടക്കാതിരിക്കണം. ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും അതു മാത്രമാണ് വഴി.
11/21/12
പൊണ്ണത്തടിയന്മാരുടെ ഒരു കാര്യം

വണ്ണം ഇനിയും കൂടിയാല്‍ വിമാനത്തില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ടി വരും. ജാഗ്രതൈ
സഹയാത്രികനായി ഒരു പൊണ്ണത്തടിയനുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടി ഇത്തിരി വിട്ടുവീഴ്ച ചെയ്ത് സീറ്റില്‍ ഒതുങ്ങയിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. ബസിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും ഉറക്കം തൂങ്ങി ദേഹത്തേക്ക് വീഴുന്നവരെ പോലെ തന്നെ ശപിക്കപ്പെടുന്നവരാണ് സീറ്റിന്റെ ബഹുഭൂരിഭാഗവും കവര്‍ന്ന് ഒന്നനങ്ങാന്‍ പോലുമാകാത്ത വിധം മുറുകി ഇരിക്കുന്നവര്‍.
എന്തൊരു കഷ്ടപ്പാടാണിത്, തടി കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തുകൂടേ എന്ന നമ്മുടെ സഹതാപര്‍ഹമായ ചോദ്യത്തില്‍ ഒട്ടും കാര്യമില്ല. ഓരോ പൊണ്ണത്തടിയനും തടിച്ചിയും കൊണ്ടുനടക്കുന്ന ആധി പറഞ്ഞാല്‍ തീരില്ല. ഭക്ഷണം പാതിയാക്കിയും കഠിനവ്യായാമത്തിലേര്‍പ്പെട്ടും ചികിത്സകള്‍ നടത്തിയും പരാജയപ്പെട്ട് വിധിയെ പഴിച്ചു കഴിയുന്നവരായിരിക്കും മിക്ക പൊണ്ണത്തിടയന്മാരും. ഇക്കൂട്ടരുടെ എണ്ണം ഓരോ സമൂഹത്തിലും കൂടിക്കൂടി വരികയാണ്. അതില്‍ പണക്കാരെന്നോ പാവങ്ങളെന്നോ ഇല്ല. അധികമായി തിന്ന് മദിക്കാന്‍ അവസരങ്ങളില്ലാത്തവരും തടി കൊണ്ടുള്ള അലോസരങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. തിന്നിട്ടുള്ള തടിയല്ല, ഒരുതരം രോഗാവസ്ഥയാണ് പൊണ്ണത്തടി പലര്‍ക്കും. മരുന്നു കമ്പനികള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ക്കും പണം കൊയ്യാനുള്ള അവസരം കൂടി ഒരുക്കിയാണ് ഓരോ പൊണ്ണത്തടിയനും നമ്മോടൊപ്പം യാത്ര ചെയ്യാനും പ്രാര്‍ഥനകളില്‍ അണി ചേരാനും എത്തുന്നു. സാഷ്ടാംഗം വരെയുള്ള ശരീര ചലനങ്ങള്‍ ആവശ്യമായ നമസ്‌കാരത്തില്‍ ആയാസപ്പെടുന്നവര്‍ നമുക്ക് ദൈവത്തോട് നന്ദി പറയാനുള്ള അവസരം ഒരുക്കുന്നതോടപ്പം നമ്മുടെ പ്രാര്‍ഥനക്കും അര്‍ഹരായിത്തീരുന്നു.
അമിതവണ്ണമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന വാഹനങ്ങള്‍ മുതല്‍ എല്ലാ രംഗത്തും അവസരങ്ങള്‍ മുതലെടക്കാനുള്ള കച്ചവടക്കണ്ണ് താമസിയാതെ വിമാനയാത്രക്കാരെയും പിടികൂടും. അതിനുള്ള സൂചനകള്‍ ഉദാരവല്‍കരണത്തിനും ആഗോളവല്‍കരണത്തിനുമായി നാം കണ്ണയച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ കണ്ടു തുടങ്ങി. പ്രായപൂര്‍ത്തിയായവരില്‍ 30 ശതമാനത്തിലേറെ അമിതവണ്ണമുള്ളവര്‍ താമസിക്കുന്ന അമേരിക്കയിലെ വിമാനക്കമ്പനികള്‍ ഭീമന്‍ യാത്രക്കാരെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയിലാണ്. അവരുടെ ചിന്ത അനുകരിക്കാന്‍ നിര്‍ബന്ധിതരായ മൂന്നാം ലോകത്തെ നമ്മുടെ വിമാനക്കമ്പനികള്‍ക്കും വേറിട്ടൊരു ആലോചനക്ക് പഴുതില്ല. പാശ്ചാത്യലോകത്തുനിന്ന് അനുകരിക്കുമ്പോള്‍ നല്ലതു മാത്രമേ ആകാവു എന്ന ചിന്ത പാടുള്ളതല്ല. നല്ലതുമതി നമ്മള്‍ക്കു എന്നു ചിന്തിക്കുമ്പോള്‍ ഒന്നിനും കൊള്ളാത്തവനെന്ന് ്ചിത്രീകരിച്ച് പ്രധാനമന്ത്രിയെ പോലും സമ്മര്‍ദത്തില്‍ അകപ്പെടുത്തും. നാട്ടിലെ സമ്മര്‍ദം കാരണം ഉദാരവല്‍കരണത്തില്‍ ഇത്തിരി മെല്ലെപ്പോക്ക് നയം സ്വീകരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ മാധ്യമങ്ങളില്‍് വിമര്‍ശിക്കപ്പെട്ടപ്പോള്‍ വര്‍ധിതവീര്യത്തോടെയാണ് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്നത്.
അമിതവണ്ണമുള്ളവരോട് വിമാന യാത്രക്ക് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്ന നിഗമനത്തിലേക്കാണ് ചര്‍ച്ചകളുടെ പോക്ക്. ചില കമ്പനികളാകട്ടെ തടിയന്മാര്‍ക്ക് ഒരു സീറ്റ് അധികം നല്‍കി ചാര്‍ജ് ഈടാക്കിത്തുടങ്ങി.
ഭക്ഷണം, ബാഗേജ് മുതല്‍ കാല് നീട്ടിവെക്കാനുള്ള സൗകര്യംവരെ യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അധിക ചാര്‍ജ് നല്‍കി ലഭ്യമാക്കാവുന്ന സൗകര്യങ്ങളുണ്ട്. അതേസമയം, വിമാനത്തിലെ സാധാരണ സീറ്റില്‍ കൊള്ളാത്തവര്‍ അധിക തുക നല്‍കി പാപഭാരം പേറണമെന്ന വിവേചനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 17 ഇഞ്ച് വീതിയുള്ള ഇക്കണോമി ക്ലാസ് സീറ്റില്‍ കൊള്ളാത്തവരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ നയം രൂപപ്പെടുത്തിയെന്ന് എയര്‍വാച്ച്‌ഡോഗ് ഡോട് കോം പ്രസിദ്ധീകരിച്ച റിലീസില്‍ പറയുന്നു. ബാഗേജിന്റെ സൈസ് തീരുമാനിച്ചതുപോലെ യാത്രക്കാരുടേയും സൈസ് തീരുമാനിക്കപ്പെടുകയാണ്. അമിതവണ്ണമുള്ളവര്‍ രണ്ടാമതൊരു സീറ്റ് കൂടി ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകും.
സ്വാഭാവികമായും ഇരകളാക്കപ്പെടുന്ന തടിയന്മാരുടെ ഭാഗത്തുനിന്ന് ക്രൂരവിവേചനമെന്ന ആവലാതികള്‍ ഉയരുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും അനിവാര്യമെന്നാണ് ഒരിക്കലെങ്കിലും സമീപത്തിരിക്കുന്ന പൊണ്ണത്തടിയന്റ അസൗകര്യം അനുഭവിച്ചവരും അത്തരക്കാര്‍ ശല്യമായിരിക്കുമെന്ന നിഗമനത്തിലെത്തുന്നവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് എയര്‍വാച്ച്‌ഡോഗ് സ്ഥാപകനായ ജോര്‍ജ് ഹോബിക്കയുടെ അഭിപ്രായം.
വിമാനക്കമ്പനികള്‍ക്ക് പൊതുസുരക്ഷാ നിബന്ധനകളുണ്ട്. തൊട്ടടുത്ത സീറ്റ് കവരുന്നതിനേക്കാള്‍ പ്രധാനമാണ് ഇത്. സീറ്റിലെ കൈത്താങ്ങ് താഴ്ത്താനും സൗകര്യപ്രദമായി സീറ്റ് ബെല്‍റ്റ് ഇടാനും സാധിക്കണം. ചില വിമാനക്കമ്പനികള്‍ തടിന്മാര്‍ക്ക് സീറ്റ് ബെല്‍റ്റിന് നീളും കൂട്ടാനുള്ള എക്്‌സറ്റന്‍ഡേഴ്‌സ് നല്‍കാറുണ്ട്. അമിതവണ്ണമുള്ള യാത്രക്കാര്‍ സ്വന്തമായി എക്‌സറ്റന്‍ഡേഴ്‌സ കരുതുന്നതിനു വിലക്കുമുണ്ട്. ആളുകളുടെ തടി കൂടുന്നതല്ലാതെ വിമാനങ്ങളിലെ സീറ്റികളില്‍ മാറ്റം വരുന്നില്ല.
എയര്‍ കാനഡ പോലുളള ചില അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അമിതവണ്ണമുള്ളവര്‍ക്ക് കൂടുതലായി ഒരു സീറ്റ് സൗജന്യമായി നല്‍കാറണ്ട്. ഒറ്റ സീറ്റില്‍ കൊള്ളാത്തവരാണെന്നു ബോധ്യമുള്ളവര്‍ ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള കമ്പനികളുടെ നയം. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവപരോട് സൗകര്യപ്രഥമായ അടുത്ത വിമാനത്തില്‍ വന്നാല്‍ മതിയെന്ന് പറയാന്‍ അവകാശമുണ്ടെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പോലുള്ള ചില കമ്പനികള്‍ വ്യവസ്ഥ വെച്ചിട്ടുണ്ട്. അന്യന്റെ സീറ്റിീലെ അല്‍പഭാഗം കവര്‍ന്നാല്‍ ഒരു സീറ്റിന്റെ ചാര്‍ജ് കൂടി ഈടാക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്. വിമാനത്തില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ കൂടുതല്‍ പണം പിടുങ്ങുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലതെ ഈ നയം നടപ്പിലാക്കും. കൈത്താങ്ങ് താഴ്ത്താന്‍ പറ്റാത്തവര്‍ രണ്ടാമതൊരു സീറ്റിന്റെ തുക വാങ്ങുന്ന അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ ട്രാനും സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ടാമത്തെ ടിക്കറ്റ് നല്‍കുകയെന്ന് അവകാശപ്പെടുന്നു. അടുത്ത വിമാനത്തില്‍ പോകാമെന്ന നിര്‍ദേശത്തിനു വഴങ്ങാത്ത തടിയന്മാര്‍ക്ക് മറ്റൊരു ടിക്കറ്റ് ചാര്‍ജ് കൂടി നല്‍കാതെ യു.എസ്.എയര്‍വേസില്‍ പോകാനാവില്ല. സാധാരണ സീറ്റികളേക്കാള്‍ ഒരു ഇഞ്ച് വീതിയുള്ള സീറ്റ് ഏര്‍പ്പെടുത്തിയ ജെറ്റ് ബ്ലൂ അധിക ചാര്‍ജ് ഈടാക്കാതെ തടിയന്മാര്‍ക്കായി വേറിട്ടുനില്‍ക്കുന്നു.
ചുരുക്കത്തില്‍ ലഗേജ് പോലെ തന്നെ യാതക്കാരേയും തടിയും തൂക്കവും നോക്കി കടത്തിവിടുന്ന രീതിയിലാണ് കാര്യങ്ങള്‍.
അങ്ങനെ തന്നെ വേണമെന്നായിരിക്കും അടുത്ത സീറ്റിലെ തടിയനെ കൊണ്ടു കുഴങ്ങിയ യാത്രക്കാരുടെ പക്ഷം. കാശ് കൊടുത്തു് ടിക്കറ്റ് വാങ്ങുന്നത് സൗകര്യമായി ഇരുന്നു പോകാനാണല്ലോ. വിമാനത്തില്‍ കയറിയാലും ടേക്ക് ഓഫിനു മണിക്കൂറുകള്‍ എടുക്കുന്ന എയര്‍ ഇന്ത്യയിലാണ് യാത്രയെങ്കില്‍ പറയാനുമില്ല.
പരിഹാരമായി എയര്‍വാച്ച്‌ഡോഗ് മുന്നോട്ടുവെക്കുന്ന ഒരു നിര്‍ദേശം ഇതാണ്. അധിക തുക വാങ്ങി കാല് നീട്ടിവെക്കാവുന്ന സീറ്റ് നല്‍കുന്നതുപോലെ ഇക്കണോമി ക്ലാസില്‍ വീതി കൂടുതലുള്ള വലിയ സീറ്റ് ഏര്‍പ്പെടുത്തണം.
രണ്ടു സീറ്റിന്റെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട പ്രവാസി മലയാളിത്തടിന്മാരുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്രയില്ലെങ്കിലും ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
Subscribe to:
Posts (Atom)
