9/24/12

ദേശീയ ദിനത്തിന് ഇരട്ടി മധുരമേകി ഹോട്ടലുകളും ബേക്കറികളും





ജിദ്ദ: ഹോട്ടലുകളും ബേക്കറികളും വിവിധ വിഭവങ്ങളൊരുക്കി സൗദി അറേബ്യയുടെ ദേശീയ ദിനത്തിനു ഇരട്ടി മധുരമേകി. ദേശീയ പതാകയുടേയും പരമ്പരാഗത സൗദി കെട്ടിടങ്ങളുടേയും മാതൃകയില്‍ തീര്‍ത്ത കേക്കുകള്‍ ആകര്‍ഷകമായി. വന്‍ വ്യാപാരം പ്രതീക്ഷിച്ചുകൊണ്ട് പ്രത്യേക കേക്കുകളും കപ്പ് കേക്കുകളും ലോലി പോപ്പുകളും ഒരുക്കിയ ബേക്കറികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രമുഖ ബേക്കറികള്‍ ആഘോഷം അവിസ്മരണീയമാക്കാന്‍ വിഭവങ്ങളൊരുക്കിയിരുന്നു.



ജിദ്ദ ഹില്‍ട്ടന്റെ അല്‍സാഫിന റെസ്റ്റോറന്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ ദിനം ആഘോഷിക്കാന്‍ ബുഫെ ഒരുക്കി. ജോലിക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ് അറബിക് കോഫിയും ഈത്തപ്പഴങ്ങളും പഴച്ചാറുകളും നല്‍കിയാണ് അതിഥികളെ വരവേറ്റത്. മനോഹരമായി അലങ്കരിച്ച ഹാളില്‍ തയാറാക്കിയ ബുഫെയില്‍ സൗദി വിഭവങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. 190 റിയാല്‍ മുതലായിരുന്നു ഒരാള്‍ക്ക് ബുഫെയില്‍ പങ്കെടുക്കാനുള്ള നിരക്ക്.
ജിദ്ദയിലെ അല്‍ അവാനി മോമോനി ഈത്തപ്പഴ സംസ്‌കരണ ഫാക്ടറി ദേശീയ ദിനാഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഫാക്ടറി സന്ദര്‍ശനത്തോടൊപ്പം ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളുമാണ് ഒരുക്കിയത്. ഈത്തപ്പഴ സംസ്‌കരണത്തിന്റെ വിവിധഘട്ടങ്ങള്‍ നേരില്‍ കാണാനും തുടര്‍ന്ന് അത്താഴത്തിനും യാത്രാ സൗകര്യമടക്കമാണ് അല്‍ അവാനി ഏര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് 422 റിയാലും ദമ്പതികള്‍ക്ക് 750 റിയാലുമാണ് ഈടാക്കിയത്.

9/6/12

ചരിത്രത്തിന്റെ കടലോരത്ത്


നീലക്കടലിനോട് കിന്നരിക്കുമ്പോള്‍ നീന്തിക്കടക്കാന്‍ ഭ്രമിപ്പിച്ചുകൊണ്ട് മാടിവിളിക്കുന്നു സീനായ് മലനിരകള്‍. ഇടതുവശം തിരിഞ്ഞുനിന്ന് ദൂരേക്ക് കണ്ണു പായിച്ചാല്‍ അകലെ കാണാം, മറ്റൊരു ചരിത്ര ദേശത്തിന്റെ മുനമ്പ്. അവിടെ അവ്യക്തമായി കാണുന്ന കെട്ടിടങ്ങളും സന്ധ്യ കഴിഞ്ഞാല്‍ അരിച്ചെത്തുന്ന വെളിച്ചവും ബൈത്തുല്‍ മഖ്ദിസ് ഉള്‍പ്പെടുന്ന ചരിത്ര ഭൂമിയില്‍നിന്നാണെന്നറിയുമ്പോള്‍ സഞ്ചാരിയുടെ മനസ്സിലേക്ക് ആഹ്ലാദം തിരതല്ലിയെത്തുന്നു. 


നില്‍ക്കുന്നത് അഖബ കടലിടുക്കിനോട് ചേര്‍ന്നാണ്. നാല് ദേശങ്ങള്‍ പങ്കിടുന്ന ഈ ഉള്‍ക്കടലിന്റെ ശാന്തതയും മനോഹാരിതയും മറ്റൊരു സമുദ്രത്തിനുമില്ലെന്ന് തോന്നും. അതുകൊണ്ടു തന്നെയാണ് യാത്രക്കൊരുങ്ങുന്ന സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളും ഈ മനോഹര തീരത്തണയാന്‍ കൊതിക്കുന്നത്.


ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹഖല്‍ എന്ന കൊച്ചു പട്ടണം വികസനക്കുതിപ്പിലാണ്. ടൂറിസ്റ്റു റിസോര്‍ട്ടുകളും ഉല്ലാസ നൗകകളും ഹഖലിന്റെ പുതിയ കാഴ്ച.
ഹഖലിന്റെ കിഴക്കന്‍ അതിര്‍ത്തിയാണ് ജോര്‍ദാന്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനിക കോലാഹലങ്ങളാണ് മനസ്സിലെങ്കില്‍ ഇവിടെ പട്ടാള ദൃശ്യങ്ങളില്ല. സൗദി അറേബ്യയും ജോര്‍ദാനും ഈ അതിര്‍ത്തി അടയാളപ്പെടുത്താന്‍ തീരുമാനിച്ചതും ജോര്‍ദാനിലെ ഏക തുറമുഖമായ അഖബയോട്  ചേര്‍ന്ന് ജോര്‍ദാന് അല്‍പം ഭൂമി ലഭിച്ചതും 1965 ലാണ്. മുന്നിലെ കടലിന്റെ ശാന്തത പോലെ ഈ അതിര്‍ത്തിയും ശാന്തമാണ്. പടിഞ്ഞാറ് കടലിനപ്പുറത്ത് ഈജിപ്തും സീനായ് പര്‍വത നിരകളും. പിന്നെ വിദൂരമായി കാണുന്നത് ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തിലെ ടവറില്‍നിന്നുള്ള വെളിച്ചം.


സൗദിയുടെ വടക്കു പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് ഈജിപ്തിന് അഭിമുഖമായുള്ള തബൂക്ക് പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതാണ് ഹഖല്‍. അതിവേഗം ടൂറിസ്റ്റുകളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു ഹഖല്‍. പ്രവിശ്യയുടെ തലസ്ഥാനമായ തബൂക്ക് സിറ്റിയില്‍ നിന്ന് 250 കി.മീ അകലെയാണ്. തദ്ദേശീയരും വിദേശികളും പ്രകൃതി ഭംഗിയും സവിശേഷമായ കാലാവസ്ഥയും തേടി വാരാന്ത്യത്തില്‍ ഇങ്ങോട്ടൊഴുകുമ്പോള്‍ വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹഖലിലെ കാഴ്ചകള്‍ ചരിത്ര പഠന യാത്രകളുടെ ഭാഗമാണ്.

 പൈതൃക കേന്ദ്രങ്ങളായ മദായിന്‍ സാലിഹും മദായിന്‍ ശുഐബും സന്ദര്‍ശിച്ചുകൊണ്ടാണ് ചരിത്രമുറങ്ങുന്ന സീനായ് മലനിരകളും അഖബ കടലിടുക്കും കാണാനെത്തുക.  പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം ലോക മഹാ യുദ്ധത്തിന്റെ ശേഷിപ്പുകളും ഈ ഭൂമി ഏറ്റുവാങ്ങിയിരിക്കുന്നു. ഈദ് അവധി ദിനങ്ങളില്‍ ജിദ്ദയില്‍നിന്ന് പുറപ്പെട്ട ഇതുപോലൊരു പഠന യാത്രയിലാണ് ഹഖലില്‍ എത്തിച്ചേര്‍ന്നത്.


പ്രകൃതി മനോഹാരതിക്കൊപ്പം ചരിത്രമുറങ്ങുന്ന ഹഖലിലും സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ മലയാളി സാന്നിധ്യമുണ്ട്. തബൂക്ക് മൊത്തം അതിശൈത്യത്തിലമര്‍ന്നാലും ഇവിടെ നല്ല കാലാവസ്ഥയായിരിക്കുമെന്നത് മറ്റൊരു സവിശേഷത.









കടലിനോട് ചേര്‍ന്നുള്ള പള്ളിയുടെ പുറത്തെ ഭാഗം സഞ്ചാരികള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. മരത്തണലുകള്‍ കൂടിയുള്ള ഈ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാം, വിശ്രമിക്കാം.
ശാന്തത ആസ്വാദിച്ചുകൊണ്ട് കടലിലേക്ക് നോക്കിയിരുന്നാല്‍ ദൂരെ സീനായ് മലകളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ കടന്നു പോകുന്നത് കാണാം. ദൈവ ധിക്കാരത്തിന്റെ ഫലമായി മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും തകര്‍ന്നടിഞ്ഞ ജനപഥങ്ങളുടെ ചരിത്രം അയവിറക്കിയ ശേഷം ഹഖലിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സീനായ് മലനിരകള്‍ പറയുന്നതും പ്രവാചക ചരിത്രം തന്നെ.

മൂസാ നബിയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്ന പര്‍വത നിരകളാണ് സീനായ്. മൂസാ നബിക്ക് വേദഗ്രന്ഥം നല്‍കപ്പെട്ടത് ഈ പര്‍വത നിരയില്‍ വെച്ചായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു. മൂസായും കുടുംബവും സീനായുടെ ദക്ഷിണ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് അകലെ ഒരു വെളിച്ചം കണ്ടതെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അവിടെ പോയി കുറച്ചു തീ കൊണ്ടുവരികയാണെങ്കില്‍ കുട്ടികള്‍ക്കും കുടുംബത്തിനും രാത്രി ശൈത്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നായിരുന്നു മൂസാ കരുതിയത്.  ഏറ്റവും ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മനസ്സിലാക്കുകയെങ്കിലും ചെയ്യാമല്ലോ എന്നു കരുതി അങ്ങോട്ട് പോയ അദ്ദേഹത്തിനു  മോക്ഷത്തിലേക്കുള്ള വഴി കൂടി അവിടെനിന്ന് ലഭിച്ചു.
ഹഖലിന്റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരദേശത്തുകൂടി മടങ്ങുമ്പോള്‍ ഒന്നു നീന്തിയിട്ട് പോകാം എന്നു പറയും മഗ്‌ന ബീച്ച്. ദൂരെ ഈജിപ്തിലെ വെളിച്ചം നോക്കിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള ഇവിടെ നീന്തിത്തുടിക്കാം. ആഴവും വലിയ തിരകളുമുണ്ടെങ്കിലും കൂര്‍ത്തു മൂര്‍ത്ത കല്ലുകള്‍ തറയ്ക്കാനില്ലാത്ത ഇവിടെ നീന്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടയാളപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഹഖലില്‍ നിന്ന് ജിദ്ദയിലേക്ക് തീരദേശ പാതയുണ്ട്. ഈജിപ്തിലേക്ക് ഫെറി, കപ്പല്‍ സര്‍വീസ് നടത്തുന്ന ദുബയിലേക്ക് ഇതുവഴി എത്താം. അഖബ ഉള്‍ക്കടല്‍ ആരംഭിക്കുന്ന ദുബയില്‍നിന്ന് ഈജിപ്തിലെ രണ്ട് തുറമുഖങ്ങളിലെത്താന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മതി. ഈ കൊച്ചു തുറമുഖ നഗരം തിരക്കു കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ട്. ഇവിടെ നിന്ന് 180 കി.മീ അകലെയുള്ള തബൂക്കിലും 160 കി.മീ അകലെയുള്ള അല്‍വാജിലും വിമാനത്താവള സൗകര്യമുണ്ട്. ജിദ്ദയില്‍നിന്നും മക്കയില്‍നിന്നും തബൂക്കിലേക്കുള്ള സാപ്റ്റ്‌കോ ബസ് സര്‍വീസ് ദുബ വഴിയാണ്.
തബൂക്കില്‍നിന്ന് ചരിത്ര വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി മുഹമ്മദ് റഷീദ് അല്‍ മതീനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പദ്ധതിയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക കമ്മിറ്റി ഈ മാസം അവസാനം യോഗം ചേരും. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്‌റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. കഴിഞ്ഞ ജൂണ്‍ 30 ന് അധികാരമേറ്റ ശേഷം രണ്ടു തവണ സൗദി അറേബ്യ സന്ദര്‍ശിച്ച  ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പദ്ധതി നടപ്പിലാക്കാന്‍ അതീവ തല്‍പരനാണ്. കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അറബ് ടൂറിസത്തിനും കോസ്‌വേ സഹായകമാകും. ലോകത്തെ ഏറ്റവും വലിയ പാലമായിരിക്കും ഇത്. സൗദിയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് കോസ്‌വേയുടെ ദൂരം 25 കിലോ മീറ്ററാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഉംലജും യാമ്പുവും കടന്ന് ബസ് ജിദ്ദയിലെത്തിയപ്പോള്‍ അവിസ്മരണീയ പ്രകൃതിക്കാഴ്ചകളും ചരിത്ര ശേഷിപ്പുകളും വീണ്ടും മാടിവിളിക്കുന്നു.


                                        മഗ്‌ന ബീച്ചില്‍നിന്ന് അസ്തമയം



                                    നിര്‍ദിഷ്ട സൗദി-ഈജിപ്ത് പാലം ഇതാ ഇവിടെ



8/28/12

സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഉസ്മാന്റെ കിണര്‍

 പുതിയ സംരക്ഷണ വേലി കെട്ടിയിരിക്കുന്ന മദീനയിലെ ബിഅ്‌റു ഉസ്മാന്‍. വലത്ത്: കിണറില്‍നിന്നുള്ള വെള്ളം ശേഖരിക്കുന്നവരെ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന മലയാളികള്‍.

മദീന: ഇസ്‌ലാമിക ചരിത്രത്തില്‍ കുടിവെള്ള ചൂഷണത്തിനെതിരായ ഇടപെടലിന്റെ കഥ പറയുന്ന ബിഅ്‌റു ഉസ്മാന്‍ കാണാനെത്തുന്നവര്‍ വര്‍ധിച്ചു. പെരുന്നാള്‍ അവധി ദിനങ്ങള്‍ ചരിത്രപഠന യാത്രക്ക് വിനിയോഗിച്ച ധാരാളം സംഘങ്ങള്‍ ഇത്തവണ ഈ ചരിത്ര കിണര്‍ കാണാനെത്തി. സൗദി അറേബ്യന്‍ മണ്ണിലെ ചരിത്ര സാക്ഷ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ പ്രവാസി മലയാളികള്‍ എന്നും മുന്നിലാണ്.
പ്രവാചകന്റെ കാലത്ത് ജൂതന്റെ ജലചൂഷണത്തെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ ഉറവ ചുരത്തുന്ന കിണറാണ് ബിഅ്‌റു ഉസ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 
ഹജ്, ഉംറ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തില്‍ സാധാരണ ഉള്‍പ്പെടുത്താത്തതാണ് ഖിബ്‌ലത്തൈന്‍ മസ്ജിദിന് അടുത്തുള്ള ഈ കിണര്‍. ഒരു തോട്ടത്തിനകത്ത് സംരക്ഷിച്ചിരിക്കുന്ന കിണറില്‍ ഇപ്പോഴും നല്ല ഉറവയുണ്ട്. വെള്ളം പമ്പ് ചെയ്ത് തോട്ടത്തിനകത്തെ ഈത്തപ്പനകള്‍ക്ക് നനക്കാന്‍ ഉപയോഗിക്കുന്നു.
മദീനയിലെ വരള്‍ച്ച സമയത്ത് ജനങ്ങള്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഉടമ ജൂതനായ റൂമല്‍ ഗിഫാരി  സ്വന്തം കിണറിലെ വെള്ളം വില്‍പന നടത്തിയതോടെയാണ് അതുവരെ ബിഅ്‌റു റൂമ എന്ന് അറിയപ്പെട്ടിരുന്ന കിണര്‍ ബിഅ്‌റു ഉസ്മാന്‍ ആയി ചരിത്രത്തില്‍ ഇടം നേടിയത്.
മുസ്‌ലിംകളില്‍നിന്ന് കൂടുതല്‍ വില ഈടാക്കി ജൂതന്‍ ജലചൂഷണം തുടര്‍ന്നപ്പോള്‍ പ്രവാചകന്‍ ആ കിണര്‍ വിലക്കു വാങ്ങി എല്ലാവര്‍ക്കും ജലം വിതരണം ചെയ്യാന്‍ ആഹ്വാനം  ചെയ്യുകയായിരുന്നു. ആരെങ്കിലും റൂമയില്‍നിന്ന് കിണര്‍ വാങ്ങി എല്ലാവര്‍ക്കും വെള്ളമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി ഉടന്‍ തന്നെ ഉസ്മാനുബ്‌നു അഫ്ഫാന്‍ അതു വില കൊടുത്തു വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി ജലമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ചരിത്രം പറയുന്നു. ഉസ്മാന്റെ സേവനത്തെ സുന്ദര ദാനമെന്ന് പ്രവാചകന്‍ പ്രകീര്‍ത്തിച്ചതോടെ കിണര്‍ പിന്നീട് ബിഅ്‌റു ഉസ്മാനായി മാറി.
കുടിവെള്ളത്തിനു വേണ്ടി ലോകം പുതിയ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജലചൂഷണം മുഖ്യ വിഷയമാകുമ്പോഴും വറ്റാത്ത ഉറവയുള്ള ഈ കിണര്‍ നല്‍കുന്ന ചരിത്രപാഠം ചെറുതല്ല.
ചുറ്റും വേലിയും കവാടവും നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കിണറും അതിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസും വേര്‍തിരിക്കാന്‍ ഇപ്പോള്‍ ഇരുമ്പ് വേലി നിര്‍മിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പാണ് ഈ വേലി നിര്‍മിച്ചതെന്ന് മദീന സന്ദര്‍ശകരോടൊപ്പം ഇവിടെ എത്താറുള്ള ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു.
വേലി നിര്‍മിച്ചുവെങ്കിലും കിണറിലെ വെള്ളം കൗതുകത്തിനു രുചിച്ചു നോക്കുന്നവരെയും പുണ്യം കല്‍പിച്ചോ അല്ലാതെയോ കുപ്പിയിലാക്കി കൊണ്ടുപോകുന്നവരെയും കാണാന്‍ കഴിഞ്ഞു. കുടിവെള്ളം പോലുള്ള പ്രശ്‌നങ്ങളോട് മുഖം തിരിക്കരുതെന്ന ആഹ്വാനത്തിനപ്പുറം മദീനയിലെ സംസമെന്നും വിളിക്കാറുള്ള ഈ കിണറിലെ വെള്ളത്തിന്  യാതൊരു പുണ്യവുമില്ലെന്ന് ഗ്രന്ഥകാരന്‍ കൂടിയായ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. ചരിത്രശേഷിപ്പുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കേ അവ കാണാനുള്ള പ്രവാസി മലയാളികളുടെ താല്‍പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

8/27/12

പാല്‍ക്കാരിയും ലോക് പാലും


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഖലീഫാ ഉമറിന്റെ ഭരണം കൊതിച്ചപ്പോള്‍ മനസ്സില്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു ഭരണാധികാരിയുടെ ചിത്രമായിരുന്നു. രാമരാജ്യമെന്ന് അടയാളപ്പെടുത്തിയപ്പോഴും ഭരണത്തിലെ നേരും നെറിയുമാണ് അദ്ദേഹം സൂചിപ്പിച്ചത്.
മനുഷ്യരെ അന്യരുടെ അവകാശം കവര്‍ന്നെടുക്കാതെ, സൂക്ഷ്മതയോടെയും ഭക്തിയോടെയും ജീവിക്കുന്നവരാക്കി മാറ്റാന്‍ എല്ലാ മതങ്ങളും നിര്‍ദേശിച്ച ഉപവാസത്തെ ഗാന്ധി മറ്റൊരു തരത്തില്‍ കൂടി ഉപയോഗപ്പെടുത്തി. ആര്‍ത്തിക്കും മോഹങ്ങള്‍ക്കും മീതെ ആത്മാവിന്റെ ബലം നേടുകയാണ് മതങ്ങളിലെ ഉപവാസത്തിന്റെ ലക്ഷ്യമെങ്കില്‍ പ്രതിഷേധ സൂചകമായും മനഃസാക്ഷി ഉണര്‍ത്തുന്നതിനുള്ള ആയുധമായും ഗാന്ധി നിരാഹാര സമരത്തെ കണ്ടു.
ഇന്ത്യയിലെ ഭരണാധികാരികളെക്കൊണ്ട് കണക്കു പറയിക്കാന്‍ ഉപവാസമെന്ന സമര മുറയുമായി ഇറങ്ങിപ്പുറപ്പെട്ട അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ തോറ്റു തൊപ്പിയിട്ടതിന്റെ ആഘോഷത്തിലാണ് എല്ലാവരും. ഗാന്ധി ശിഷ്യന്മാര്‍ ഒത്തുകൂടി മഹത്തായ ഒരു സമര മാര്‍ഗത്തെ കൊന്നു എന്നു പറയുന്നതാകും ശരി. തടി കേടാകുമെന്ന് ചിന്തിക്കാതെ നിരാഹാരമിരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹസാരെയും അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ സംഘവും ഉപവാസത്തെ പ്രഹസനമാക്കി മാറ്റി. അധികാരത്തിലുള്ള ഗാന്ധി ശിഷ്യന്മാര്‍ കഴുത്തു ഞെരിക്കുകയും ഹസാരെ സംഘത്തിലെ ആശാന്മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്ത മഹാസംഭവമാണ്  ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രക്ഷോഭം.  ഗാന്ധിയുടെ തൊപ്പിയില്‍നിന്ന് ഗാന്ധിത്തൊപ്പികളിലെത്തുമ്പോള്‍ ഖദറിനു മാത്രമല്ല, മഹത്തായ സമര മുറക്കും വിലയിടിഞ്ഞു പോയി.
ഗാന്ധിജി പിറന്ന ഗുജറാത്തില്‍, കൈയില്‍ ചോരപ്പാടുകളുള്ള മുഖ്യമന്ത്രി നരേന്ദ്ര മോഡി സൗഹാര്‍ദത്തിനു വേണ്ടി ഉപവാസമിരുന്നപ്പോള്‍ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
ലോകത്തെ സമ്പന്നര്‍ നികുതി വെട്ടിച്ചും അല്ലാതെയുമുണ്ടാക്കിയ 32 ട്രില്യണ്‍ ഡോളറിന്റെ സമ്പാദ്യം സുരക്ഷിത കേന്ദ്രങ്ങളിലുണ്ടെന്ന പഠന റിപ്പോര്‍ട്ട് പുറത്തു വന്ന വേളയില്‍ തന്നെയാണ് ഭരണാധികാരികളെ ഭയപ്പെടുത്താനുതകുന്ന ശക്തമായ ലോക്പാലിനു വേണ്ടിയുള്ള മുറവിളി ഇന്ത്യയില്‍ പ്രഹസനമായി കലാശിച്ചത്. സ്വര്‍ണമായും യാനങ്ങളായും സ്വത്തുക്കളായുമുള്ള ഈ അനധികൃത സമ്പാദ്യത്തില്‍ 2800 കോടി ഡോളറും ആദായ നികുതി വെട്ടിച്ചതാണെന്ന് ടാക്‌സ് ജസ്റ്റിസ് നെറ്റ് വര്‍ക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ കടല്‍ കടന്ന പണം 139 വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയിലാണ് ആഘാതമേല്‍പിച്ചത്. അതിസമ്പന്നരുടെ ഈ കവര്‍ച്ച എങ്ങനെ തടയാമെന്ന് വിവിധ രാജ്യങ്ങള്‍ തല പുകയ്ക്കുമ്പോഴാണ് നമ്മുടെ രാജ്യം 40 വര്‍ഷം മുമ്പ് ആരംഭിച്ച ലോക്പാല്‍ ദൗത്യം ഇപ്പോഴും തുടരുന്നത്. ഇന്ത്യയിലെ കോടീശ്വരന്മാര്‍ 25 ലക്ഷം കോടി രൂപയാണ് നികുതി വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചത്. ടു ജി സ്‌പെക്ട്രം അഴിമതിയില്‍  കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കിയ നഷ്ടം 1,76,000 കോടി രൂപയാണ്.
സമ്പന്നര്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന രാജ്യമെന്ന ഖ്യാതിയോടെയാണ് നാം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. നാലു ശതമാനം അതിസമ്പന്നരും 18 ശതമാനം ഇടത്തരക്കാരും 78 ശതമാനം പട്ടിണിപ്പാവങ്ങളും ചേര്‍ന്നതാണ് നമ്മുടെ രാജ്യം. സമ്പന്നരും പാവങ്ങളും തമ്മിലുള്ള അകലം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.   ലോകത്തിലെ ഏറ്റവും വലിയ പത്ത് കോടീശ്വരന്മാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. നൂറ് കോടിയിലധികം വരുമാനമുള്ള ശതകോടീശ്വരന്മാര്‍ 300.
5000 കോടിയിലധികം ആസ്തിയുള്ളവര്‍ ഇന്ത്യയില്‍ 50 വരും.
 പാര്‍പ്പിടമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത പാവങ്ങള്‍ നമ്മുടെ വികസന സ്വപ്‌നങ്ങളില്‍ കടന്നുവരുന്നില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മെട്രോ നഗരങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആഡംബര കാറുകളും അതിവേഗ പാതയുമൊക്കെയാണ് നമ്മുടെ സ്വപ്‌നങ്ങള്‍. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കോടികളുടെ നികുതിയിളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വ്യവസായികളില്‍നിന്ന് വേണ്ടെന്നുവെച്ച വരുമാനം ബജറ്റില്‍ കാണിച്ച ധനക്കമ്മിയേക്കാള്‍ കൂടുതലാണ്.
പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന സബ്‌സിഡികള്‍ എല്ലാ മേഖലയില്‍നിന്നും ഇല്ലാതാക്കിക്കൊണ്ടാണ് സമ്പന്നരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉദാരവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഉദാരീകരണ നടപടികളുടെ വേഗം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധരും മാധ്യമങ്ങളും ആവര്‍ത്തിക്കമ്പോള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും മേലുള്ള ജനകീയ സമ്മര്‍ദമെന്ന അവസാനത്തെ കെട്ടു കൂടി പൊട്ടിക്കാനുള്ള തന്ത്രമാണ് അതെന്നു പോലും തിരിച്ചറിയാനാവുന്നില്ല.
കഴിഞ്ഞ വര്‍ഷത്തെ മനുഷ്യ വികസന റിപ്പോര്‍ട്ടിലെ ദാരിദ്ര്യ സൂചികയനുസരിച്ച് 55 ശതമാനം ഇന്ത്യക്കാരും ദരിദ്രരാണ്. 200 ദശലക്ഷം ഇന്ത്യക്കാര്‍ എല്ലാ ദിവസവും ആവശ്യമായ ഭക്ഷണം കഴിക്കാത്തവരാണെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടനയും പറയുന്നു. 20 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് ഓരോ വര്‍ഷവും  പോഷകാഹാരം കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരിക്കുന്നത്. രാജ്യത്തെ 85 കോടിയോളം ജനങ്ങളുടെ ദിവസ വരുമാനം 20 രൂപയില്‍ താഴെ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
കാര്യക്ഷമതയില്ലാത്തവനെന്ന പഴി കേട്ടുതുടങ്ങിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനു കീഴില്‍ വീണ്ടും ധനകാര്യം ഏറ്റെടുത്ത പി. ചിദംബരം കുറേക്കൂടി പ്രത്യക്ഷമായ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാരണം വളര്‍ച്ചാ നിരക്ക് ഇനിയും കൂട്ടിക്കാണിച്ച് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കണമെങ്കില്‍ നാല് ശതമാനം വരുന്ന നാലര കോടി സമ്പന്നര്‍ക്ക് വീണ്ടും വളരാന്‍ സാഹചര്യമൊരുക്കിയേ പറ്റൂ.
ഒരു ലോക്പാല്‍ നിയമം  വരുന്നതോടെ രാജ്യത്തെ അധികാരി വര്‍ഗം അഴിമതി നിര്‍ത്തി സമ്പൂര്‍ണ ജനസേവകരായി മാറുമെന്ന് കരുതാനാവില്ലെങ്കിലും ജയിലില്‍ പോകേണ്ടിവരുമെന്ന ചെറിയൊരു പേടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
ഗള്‍ഫ് നാടുകളില്‍ ഉള്ളതുപോലെ കട്ടവന്റെ കരം ഛേദിക്കപ്പെടുമെന്ന ഭയമെങ്കിലും രാഷ്ട്രീയക്കാരില്‍ ഉണ്ടാക്കാന്‍ ശക്തമായ ലോക്പാലിനു കഴിയുമെന്നാണ് ഹസാരെ സംഘത്തിലെ കിരണ്‍ ബേദിയെന്ന മുന്‍ പോലീസ് ഓഫീസര്‍ പറഞ്ഞത്.
സമ്പന്നര്‍ക്ക് വേണ്ടി നിലകൊള്ളുന്ന അധികാരികളുള്ള രാജ്യത്ത് ഖലീഫ ഉമറിന്റേതുപോലുള്ള ഭരണമെന്ന ഗാന്ധിയുടെ സ്വപ്‌നം വെറും സ്വപ്‌നം മാത്രം. ഒരു സുപ്രഭാതത്തില്‍ രൂപപ്പെടുത്തുന്ന നിയമത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ഇന്ത്യയുടെ ശരീരത്തെ ആമൂലാഗ്രം ഗ്രസിച്ചിരിക്കുന്ന അഴിമതിയെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്കാരെ പിടികൂടണമെന്ന ഉറച്ച നിലപാടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ തന്നെ ധാരാളം മതി. പക്ഷേ, ഇന്ത്യയുടെ സ്വഭാവം നിര്‍ണയിക്കാന്‍ ഒരു നിയമത്തിലൂടെ സാധിക്കില്ല. ഒരു കുറ്റവാളിയെ അയാള്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ മാത്രമേ നിയമം കൊണ്ട് ശിക്ഷിക്കാന്‍ കഴിയൂ. അണ്ണാ ഹസാരെയെ നിര്‍മിച്ചതും ഇല്ലാതാക്കിയതും ടെലിവിഷന്‍ ക്യാമറകളാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടു മാത്രമല്ല അദ്ദേഹം ഉയര്‍ത്തിയ മഹിത മുദ്രാവാക്യത്തിന്റെ പകിട്ടില്‍നിന്ന് ജനങ്ങള്‍ മടങ്ങിപ്പോയത്. തിരിഞ്ഞുനടക്കാതെ അവര്‍ക്ക് നിവൃത്തിയില്ലായിരുന്നു.
അഴിമതിയില്ലാത്ത സമൂഹമെന്ന സ്വപ്‌നം പൂവണിയണമെങ്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കും ചെന്നു കയറാന്‍ സാധിച്ചിട്ടില്ലാത്ത അടിത്തട്ടില്‍നിന്നു തുടങ്ങണം. അവിടെ ഗാന്ധിജി കണ്ട ഉമറിന്റെ വിദ്യാഭ്യാസം പ്രസക്തമാണ്. പാലില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണാധികാരിയായ ഉമര്‍ കണ്ടില്ലെങ്കിലും എല്ലാം കാണുന്ന ഒരാളുണ്ടെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞ ധാര്‍മികപാഠം.
കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ച് സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്താണ് അദ്ദേഹം ധരിച്ചിരുന്നത്. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍കുട്ടി വിശന്നു ചത്താല്‍ പോലും താനതിന്റെ പേരില്‍ പരലോകത്ത് ഉത്തരം പറയേണ്ടി വരുമെന്ന ചിന്തയായിരുന്നു ഖലീഫാ ഉമറിന്റെ ലോക്പാല്‍. ഗാന്ധിജി മാത്രമല്ല, പില്‍ക്കാലത്തു വന്ന അനേകം ചിന്തകരും ഭരണ തന്ത്രജ്ഞരും ഉമറിന്റെ മാര്‍ഗം കൊതിച്ചു.

Related Posts Plugin for WordPress, Blogger...