ബോസിനെ ഇംപ്രസ് ചെയ്യിക്കാനുള്ള വിദ്യകളെ കുറിച്ച് ചിന്തിക്കാതെ തട്ടിമുട്ടിപ്പോകുന്ന മല്‍ബുവിന്റെ ജീവിതം കട്ടപ്പൊക തന്നെ. അറിവോ കഴിവോ സത്യസന്ധതയോ ഒന്നുമല്ല പ്രധാനം. ഇംപ്രസിംഗ് വിദ്യയാണ് മുഖ്യം. ഇതറിയാത്തവന്‍ തുലഞ്ഞു. ഫസ്‌റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്നൊക്കെ പറയുമെങ്കിലും ഫസ്‌റ്റ് പോയിട്ട് ഒരു ഫിഫ്‌തോ സിക്‌സ്‌തോ ഇംപ്രഷനെങ്കിലും ഉണ്ടായില്ലെങ്കില്‍ പിന്നെ ഒന്നും പറയണ്ട. പായ്യ്യാരം പറഞ്ഞോണ്ടിങ്ങനെ ഇരിക്കാം.
അഞ്ചെട്ട് കൊല്ലായി വന്നിട്ട്. മൂന്ന് കൊല്ലം കൊണ്ട് മടങ്ങാന്‍ വിചാരിച്ചതാ. ഒന്നും ആയില്ലെന്നേ,�ഇങ്ങനെ പോയാല്‍ ഇവിടന്ന് മടങ്ങാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല.
ഇംപ്രസിംഗ് വിദ്യ എങ്ങനെ നേടും?
നാടുവിടുന്ന ഫിലിപ്പിനോകള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തൊഴില്‍ പരിശീലനവും അല്‍പം ഭാഷാ പരിജ്ഞാനവുമൊക്കെ നല്‍കുമെന്ന് പറയാറുണ്ട്. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ചില ഫിലിപ്പിനോകള്‍ പച്ചമലയാളം പോലെ അറബി പറയുമെന്ന് ഒരു മല്‍ബുവിന്റെ സാക്ഷ്യം.
പച്ചമലയാളം ആയിരിക്കല്ല. പച്ചത്തഗലോഗ് ആയിരിക്കും.
ഫിലിപ്പിനോകള്‍ ഇതോടൊപ്പം വേറെയും ചില ടെക്‌നിക്കുകള്‍ സ്വായത്തമാക്കാറുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. അതു സ്വന്തം വകയാണോ, അതോ സര്‍ക്കാര്‍ തന്നെ അഭ്യസിപ്പിക്കുന്നതാണോ എന്നു നിശ്ചയമില്ല.
അഞ്ചോ ആറോ മാസം കഴിഞ്ഞാല്‍ മതി, ഫലിപ്പിനോ പറയും.. അല്ലെങ്കില്‍ നിലപാട് പ്രഖ്യാപിക്കും.
അഞ്ചാറു മാസത്തെ കാലയളവ് കഫീലിന്റെ മുഖത്ത് നോക്കി അക്കാര്യം നിവര്‍ന്നുനിന്നു പറയാനുള്ള ശേഷി നേടിയെടുക്കുന്നതിനാണ്. നട്ടെല്ല് നിവരാനെടുക്കുന്ന സമയം അനുസരിച്ച് ഭേദഗതിയാകാം. ചിലപ്പോള്‍ ഒരു മാസം മതിയാകും അതിന്. നിവര്‍ന്നു നിന്ന് കാര്യം പറയുന്ന പാകത്തില്‍ മല്‍ബുവിന്റെ നട്ടെല്ല് നിവരണമെങ്കില്‍ എത്ര കാലമെടുക്കും?
ഏയ്, അതിനു സാധ്യതയേയില്ല. കാരണം മല്‍ബൂന്റെ പിരടിയില്‍ നൂറു കൂട്ടം ഭാരങ്ങള്‍ അട്ടിപ്പേറായി കിടക്കുകല്ലേ. പിന്നെ എങ്ങനെ നിവരും. പൊട്ടിപ്പോകുമെന്ന ആധിയില്‍ അതിനൊട്ട് ശ്രമിക്കാനും വയ്യ.
കഫീല്‍ കാതു കൂര്‍പ്പിക്കുന്ന സമയം നോക്കിയിരിക്കും ഫിലിപ്പിനോ.
എന്നിട്ട് തന്റെ ദൃഢതീരുമാനം പ്രഖ്യാപിക്കുന്നതിങ്ങനെ..
മാപി സിയാദ റാത്തിബ്, അന പി റൂഹ്..
ശമ്പളം കൂട്ടിത്തന്നില്ലെങ്കില്‍ ഞാന്‍ നാട്ടിലേക്ക് പോകുമെന്ന് പച്ചമലയാളം.
നീ വേറെ ആളെ നോക്കിക്കോ എന്നു പറയില്ല. കാരണം വേറെ ആളെ നോക്കുകയല്ല, കരാറിലെഴുതിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ കിട്ടുകയാണ് പ്രധാനം.
വിസയെടുക്കാനുള്ള ചെലവും ടിക്കറ്റിന്റെ റിയാലുമൊക്കെ കണക്കുകൂട്ടി പാവം കഫീല്‍ പറയും.
ഇന്‍ത മൊഹന്ദിസ് അഹ്‌സന്‍. മാഫി റൂഹ്.
പോകല്ലേ, പോകല്ലേ എന്നു തനിമലയാളം. നീയാള് ഉഷാര്‍ എന്‍ജിനീയറെന്നു ബാക്കി. ഫലമോ? ഫിലിപ്പിനോയുടെ ശമ്പളത്തില്‍ പ്രതീക്ഷിച്ച വര്‍ധന.
അഞ്ച് പത്ത് കൊല്ലായില്ലേ ജോലിക്ക് കയറിയിട്ട്. നിനക്കെന്തു ഡെവലപ്‌മെന്റുണ്ടായി എന്നു ചോദിച്ചാല്‍ സാദാ മല്‍ബൂന് ഉത്തരമൊന്നുമില്ല. ബോസിനെ ഇംപ്രസ് ചെയ്യിച്ചാലേ എന്തെങ്കിലും നടക്കൂ എന്നത് അനുഭവ പാഠം.
പക്ഷേ, എന്തു ചെയ്യും. ഒപ്പം വന്ന മറ്റൊരു മല്‍ബു ആദ്യമേ ഗോളടിച്ചു കഴിഞ്ഞു. സാദാ മല്‍ബു ഒരു ബോളൊക്കെ തപ്പിപ്പിടിച്ച് പോസ്‌റ്റിലേത്തുമ്പോഴേക്കും പാരയുമായി നില്‍പുണ്ടാകും മറ്റവന്‍ അവിടെ. അതുവരെ നടത്തിയ പ്രയത്‌നങ്ങള്‍ വൃഥാവിലായി.
ഇതിനൊരു പരിഹാരം വേണമല്ലോ?
കുറച്ചു ദിവസത്തേക്ക് മറ്റവനെ അവിടെനിന്നു മാറ്റണം. എന്നിട്ട് ബോസിന്റെ മനസ്സില്‍ കയറിയിരിക്കണം. ഇരുന്ന് കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല. കുറച്ച് ദിവസത്തേക്കെങ്കിലും മറ്റവനെ അവിടെനിന്ന് മാറ്റി ശല്യമൊഴിവാക്കാനുള്ള വിദ്യകള്‍ തേടി മല്‍ബു ഇന്റര്‍നെറ്റില്‍ പരതി തുടങ്ങി. കുറേ തിയറി കണ്ടെത്താനായെങ്കിലും അവസാനം ~ഒരു ബ്ലോഗില്‍നിന്നാണ് പ്രാക്‌ടിക്കല്‍ ലഭിച്ചത്.
സോപ്പിനകത്ത് ബ്ലേഡ് ഒളിപ്പിച്ചുവെക്കുക.
മറ്റവന്‍ അതെടുത്ത് കുളിക്കാന്‍ ഇടവന്നാല്‍ രക്ഷപ്പെട്ടു. ശരീരത്തിലെ മര്‍മ ഭാഗത്താണ് ആ സോപ്പ് തേക്കുന്നതെങ്കില്‍ ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും ശല്യം ഒഴിവായിക്കിട്ടും.
പക്ഷേ ഒരു പ്രശ്‌നം. ഇയാള്‍ കൈയില്‍ തേച്ചാണോ ദേഹത്ത് സോപ്പിടുക. അതോ നേരിട്ട് ദേഹത്തു തേക്കുമോ എന്നു കണ്ടെത്തണം. അല്ല, പിന്നെയുമുണ്ട് പ്രശ്‌നം. പന്നിപ്പനി വന്ന ശേഷം കമ്പനി അക്കൊമഡേഷനില്‍ ബാര്‍ സോപ്പില്ല. ലിക്വിഡ് സോപ്പ് സൂക്ഷിക്കുന്നതിന് വലിയ ഞെക്ക് യന്ത്രം കൊണ്ടുവെച്ചിരിക്കുന്നു.
ഇനിയൊരു വഴിയേയുള്ളൂ. ഉറുമ്പിനെ കൊണ്ട് കടിപ്പിക്കുക.
പിന്നെ, ഉറുമ്പ് കടിച്ചിട്ടെന്താവാനാ? ഇതു വല്ലതും നടക്കുമോ?
കടിക്കേണ്ടതു പോലെ കടിച്ചാല്‍ ഒന്നല്ല, രണ്ടാഴ്‌ച വരെ ആശുപത്രിയില്‍ കിടക്കാന്‍ വകുപ്പുള്ള ഉറുമ്പുകളുണ്ട്. അതിനങ്ങ് ആമസോണ്‍ വനത്തിലൊന്നും പോകേണ്ട. നാട്ടില്‍ പോയാല്‍ മതി. അങ്ങനെ ഒരാളെ കുറിച്ച് കൊച്ചിയില്‍നിന്ന് കേട്ടു.
ഉറുമ്പ് കടിച്ചതിനെ തുടര്‍ന്ന് ആഴ്‌ചകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നയാളുടെ പേരും വിലാസവുമൊക്കെ തരപ്പെടുത്തി. അയാളെ കണ്ടാല്‍ ഉറുമ്പിനെ സ്വന്തമാക്കാം.
പാസ്‌പോര്‍ട്ടില്ലാത്ത ഉറുമ്പിനെ ജീവനോടെ ഇങ്ങോട്ടെത്തിക്കാനുള്ള വിദ്യ കണ്ടെത്തിയാല്‍ മതി.

മല്‍ബു സ്ഥിരം കസ്റ്റമറായതിനു പിന്നിലൊരു കഥയുണ്ട്. സ്വത്വ ബോധം, സ്വത്വ രാഷ്‌ട്രീയം തുടങ്ങിയതു പോലെ വലിയ കാര്യമൊന്നുമല്ല സ്ഥിരം കസ്റ്റമര്‍. ഏതെങ്കിലും ഒരു കടയില്‍ പോയി സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയാല്‍ നമ്മളൊരു സ്ഥിരം കസ്റ്റമറായി. ഒരിടത്തുനിന്നുതന്നെ ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതു തുടര്‍ന്നാല്‍ കുറച്ചുകൂടി പുരോഗതിയുണ്ടാകും. പറ്റുകാരനായി മാറ്റം കിട്ടും. പറ്റു തീര്‍ക്കുന്ന കാര്യം മാസാവസാനം നോക്കിയാല്‍ മതി. അതായതു സ്ഥിരം കസ്റ്റമര്‍ തന്നെ രണ്ടു വിധമുണ്ടെന്നര്‍ഥം. ഒന്ന് സാധാരണ സ്ഥിരം കസ്റ്റമറും രണ്ടാമത്തേതു പറ്റു പുസ്‌തകത്തില്‍ രേഖപ്പെടുത്തുന്ന സ്ഥിരം കസ്റ്റമറും.
സാദാ സ്ഥിരം കസ്റ്റമറാണെങ്കില്‍ ചില ഇളവുകളൊക്കെ ലഭിക്കും. കാരണം ഇത്തരം സ്ഥിരം കസ്റ്റമര്‍മാര്‍ നഷ്‌ടപ്പെടാതിരിക്കേണ്ടത് കടക്കാരന്റെ ബാധ്യതയാണ്. അതുകൊണ്ട് ചിലപ്പോള്‍ ലാഭത്തില്‍ കുറച്ച് നഷ്‌ടമൊക്കെ സഹിച്ച് വില കുറച്ചു നല്‍കേണ്ടിവരും. സാദാ കസ്റ്റമര്‍ സ്ഥാനത്തുനിന്ന് പറ്റു കസ്റ്റമറായി മാറുന്നതോടെ നേരത്തെ ഉണ്ടായ നഷ്‌ടം ഈടാക്കിത്തുടങ്ങാം. അപ്പോള്‍ സാദാ സ്ഥിരം കസ്റ്റമര്‍ക്കും പറ്റു കസ്റ്റമര്‍ക്കും രണ്ടുതരം വിലയായിരിക്കും.
സത്യം പറഞ്ഞാല്‍ മല്‍ബുവിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍. സാഹചര്യം അങ്ങനെ ആയപ്പോള്‍ നിര്‍ബന്ധിതനായതാണ്. മല്‍ബിയെ നാട്ടില്‍നിന്ന് കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായ ഒരു ചോദ്യം ഉണ്ടായിരുന്നു.
നിങ്ങള്‍ വൈകുന്നേരം ഓഫീസ് വിട്ടുവരുന്നതുവരെ മല്‍ബി അവിടെ മുറിയില്‍ തനിച്ചിരിക്കേണ്ടി വരില്ലേ?
ഭക്ഷണം ഉണ്ടാക്കണം, സീരിയലുകള്‍ കാണണം, പത്രം വായിക്കണം, ഫ്‌ളാറ്റ് വൃത്തിയാക്കണം, ഇസ്‌തിരിയിടണം പിന്നെ പിന്നെ എന്തെല്ലാം പണി കിടക്കുന്നു. സമയം തികയാതിരിക്കാനാണ് സാധ്യത എന്നതായിരുന്നു ഉത്തരം.
ഉത്തരം അത്ര കിറുകൃത്യമൊന്നുമല്ലെങ്കിലും പ്രവാസി വീട്ടമ്മമാര്‍ക്ക് ഏറ്റവും കൂടുതല്‍ റിലാക്‌സ് ലഭിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയാലാണെന്ന് ഒരു മഹതി വിശദീകരിക്കുന്നതു കേട്ടിട്ടുണ്ട്. അപ്പോള്‍ ആഴ്‌ചയില്‍ ആറു ദിവസം ഭക്ഷണം പുറത്തുനിന്ന് വാങ്ങാമെന്നു തീരുമാനിക്കുന്ന മല്‍ബിക്കും ഒരു ദിവസം പോലും ഭക്ഷണം പുറത്തുനിന്നില്ല എന്നു തീരുമാനിക്കുന്ന മല്‍ബിക്കും സൂപ്പര്‍മാര്‍ക്കറ്റും ഹൈപ്പര്‍മാര്‍ക്കറ്റും അവിഭാജ്യ ഘടകം തന്നെ.
എല്ലാ വാരങ്ങളിലും വാതില്‍പ്പുറത്തെത്തുന്ന വര്‍ണക്കടലാസുകള്‍ എന്തു വലിയ അനുഗ്രഹമാണ് ചെയ്യുന്നത്. അവയിലൂടെ തേടിയെത്തുന്ന ഓഫറുകള്‍ വഴി സവാളയും തക്കാളിയും മുതല്‍ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ വരെ ചുളുവിലക്ക് ലഭ്യമാവുക മാത്രമല്ല പ്രവാസി വീട്ടമ്മമാര്‍ക്ക് ഉല്ലാസത്തിനുളള അവസരം കൂടി തുറക്കുകയാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍.
ആഴ്‌ചയിലൊരു ദിവസം സൂപ്പര്‍ മാര്‍ക്കറ്റിലോ ഹൈപ്പര്‍മാര്‍ക്കറ്റിലോ പോയില്ലെങ്കില്‍ ഉണ്ടാകുന്ന വല്ലായ്‌മ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ബാലന്‍സ് കുറയുന്നതു കൊണ്ടുണ്ടാകുന്ന വല്ലായ്‌മയോളം വരില്ല ഒരിക്കലും.
രണ്ടാമതു പറഞ്ഞ വല്ലായ്‌മ മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്നാണ് ഒരു സ്ഥിരം കസ്റ്റമറായി മാറാന്‍ മല്‍ബു തീരുമാനിച്ചത്. സവാളയുടേയും തക്കാളിയുടേയും അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തേടിപ്പോയ ഓരോ യാത്രയിലും അത്യാവശ്യമില്ലാത്ത നൂറുകൂട്ടം സാധനങ്ങള്‍ ട്രോളികളില്‍ കയറിയപ്പോള്‍ ഇതല്ലാതെ മറ്റൊരു വഴിയിലില്ലായിരുന്നു.
അങ്ങനെ ആവശ്യം വരുമ്പോള്‍ മാത്രം സാധനങ്ങള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെ മല്‍ബു ആദ്യം സ്ഥിരം കസ്റ്റമറും പിന്നെ പറ്റു കസ്റ്റമറും ആയി. രണ്ടും തമ്മിലുള്ള അന്തരം അറിയാന്‍ അധിക കാലം വേണ്ടിവന്നില്ല. സ്ഥിരം കസ്റ്റമര്‍ മാത്രമായപ്പോള്‍ ലഭിച്ച സാധനങ്ങള്‍ക്ക് പറ്റു കസ്റ്റമറായതോടെ നേരിയ തോതിലുള്ള വില വര്‍ധന. പറയുന്നത് ഒരു വില. പറ്റു പുസ്‌തകത്തില്‍ കുറിച്ചിടപ്പെടുന്നത് മറ്റൊരു വില.
ഇനിയിപ്പോ അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട് കാര്യമില്ല. പറ്റു തീര്‍ത്ത് മെല്ലെ പുറത്തു കടക്കുക. മാസങ്ങളായി തുടരുന്ന വ്യാപാര ബന്ധം എങ്ങനെ അവസാനിപ്പിക്കും? പിന്നീട് കടക്കാരന്റെ മുഖത്തു എങ്ങനെ നോക്കും തുടങ്ങിയ ചില ചോദ്യങ്ങളൊക്കെ ഉയര്‍ന്നുവന്നുവെങ്കിലും രക്ഷപ്പെടുകയെന്ന നിശ്ചയം തന്നെയാണ് വിജയിച്ചത്.
അങ്ങനെ ഒരു സുപ്രഭാതത്തില്‍ മല്‍ബു പുതിയ കട കണ്ടു പിടിച്ചു. അധികം ദൂരെയല്ല. കണക്കില്‍ കൃത്യത, എല്ലാ സാധനങ്ങളും സുലഭം, സര്‍വോപരി നല്ല ഇടപെടല്‍ തുടങ്ങിയ ഗുണങ്ങളൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെ മനഃസമാധാനം വന്നു തുടങ്ങിയ ഒരു വ്യാഴാഴ്‌ച സാധനങ്ങളുടെ വലിയ ലിസ്റ്റുമായി പുതിയ കടയിലെത്തി. പറ്റിന്റെ കാര്യമൊക്കെ പറഞ്ഞുറപ്പിച്ച് സാധനങ്ങളൊക്കെ എടുത്തുവെച്ചു തുടങ്ങിയപ്പോള്‍ പിറകില്‍നിന്ന് ഒരാള്‍ പുറത്തു തടവുന്നു.
എന്നിട്ട് കടയിലെ സെയില്‍സ്‌മാനോട്:
ഇതേയ്, നമ്മുടെ സ്ഥിരം കസ്റ്റമറാട്ടോ. ശരിക്കും നോക്കിയേക്കണം.
മല്‍ബു ബോധംകെട്ടു വീണില്ലെന്നേയുള്ളൂ. പിറകില്‍വന്ന് പുറം തടവി ഉപദേശം നല്‍കിയത് മറ്റാരുമായിരുന്നില്ല. ആദ്യത്തെ പറ്റു കടയുടെ ഉടമ.

കുഞ്ഞോനെന്തിനാ ഇപ്പോ തന്നെ മടങ്ങുന്നേ... ഒരു കൊല്ലം പോലും തികഞ്ഞില്ലല്ലോ? ~ഒന്നു രണ്ടു കൊല്ലംകൂടി നിന്ന് കടമൊക്കെ തീര്‍ത്തിട്ട് പോന്നാ പോരേ?
മല്‍ബുവിന്റെ യാത്രയെക്കുറിച്ച് സംശയം മറ്റാര്‍ക്കുമല്ല, രണ്ടുലക്ഷം രൂപ ചെലവാക്കി വിസ സംഘടിപ്പിച്ച് കുഞ്ഞോനെ ഗള്‍ഫിലേക്കയച്ച ബാപ്പയ്ക്ക് തന്നെയാ.
ഒരുവര്‍ഷം തികയുന്നതിനുമുമ്പേ കുഞ്ഞോന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത് ബാപ്പയെ മാത്രമല്ല, പലരേയും അലോസരപ്പെടുത്തുന്നുണ്ട്.
കുഞ്ഞോന്‍ ഒന്നും പറയില്ല. എല്ലാം മൂളിക്കേള്‍ക്കും.
ഫോണ്‍ വെച്ച ഉടനെ ബാപ്പ മറ്റുള്ളവരുടെ നേരെ തിരിയും.
നീ അല്ലേ, അവനോട് പറയേണ്ടത്... നിനക്കറിയില്ലേ, അവന്‍ പോയിട്ട് ഇതുവരെ വിസയുടെ കണക്കില്‍ നയാപൈസ അയച്ചിട്ടില്ല. ഇപ്പോ, എന്തിനാ ഇങ്ങോട്ടേക്ക് ചാടിപ്പുറപ്പെടുന്നത്. എന്താ ഇവിടെ വിശേഷം?
ചോദ്യം കുഞ്ഞോന്റെ ഉമ്മയോടാണെങ്കിലും കേള്‍ക്കാന്‍ കുഞ്ഞിനെ ഒക്കത്തെടുത്തോണ്ട് കുഞ്ഞോന്റെ കെട്ട്യോളുമുണ്ട്.
പടച്ചോനെ, ഓനോട് നമ്മളാരെങ്കിലും പറഞ്ഞോ. ഇപ്പോ ഇങ്ങോട്ട് ചാടിപ്പോരാന്‍. വരണ്ടാ, വരണ്ടാന്ന് ഇവള്‍ ഫോണില്‍ പറയുന്നത് ഞാനെന്റെ കാതോണ്ട് കേട്ടതാ.
പക്ഷേ, ബാപ്പാക്ക് എങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയും?
രണ്ടുലക്ഷം രൂപ ചെലവിട്ട് വിസയെടുത്തത് തെക്കും വടക്കും നടന്ന് കാലം കളഞ്ഞിരുന്ന കുഞ്ഞോനെ ഒന്ന് നാടുകടത്താന്‍ തന്നെയായിരുന്നു.
നാടു കടത്തിയാല്‍ പിന്നെ അവന്‍ നേരെയായിക്കോളുമെന്നും അവന്റെ കളിക്കമ്പമൊക്കെ മരുഭൂമിയിലെ ചൂടേല്‍ക്കുമ്പോള്‍ താനേ ഇല്ലാതായിക്കോളുമെന്നും പലരും ഉപദേശിച്ചപ്പോഴാണ് ഉപായം കൊള്ളാമെന്ന് ഹമീദാജിക്കും തോന്നിയത്.
പിന്നെ അധികം ആലോചിച്ചില്ല, വളരെ വേഗം ഒരു വിസ തരപ്പെടുത്തി.
വിമാനത്താവളത്തില്‍ വെച്ച് യാത്രയാക്കുമ്പോള്‍ പ്രത്യേകം പറഞ്ഞതായിരുന്നു.
കുഞ്ഞോനേ, നീ രണ്ടുവര്‍ഷം അവിടെനിന്ന ശേഷം നാട്ടിലേക്ക് വന്നാ മതീട്ടോ. കുട്ടികളെ മുഖം എപ്പോഴും നിന്റെ മനസ്സിലുണ്ടാവണം. അവരുടെ ഭാവി ഓര്‍ത്തിട്ടുവേണം നീ അവിടെ ഓരോ കായിയും ചെലവാക്കാനും സൂക്ഷിക്കാനും.
ഹമീദാജിക്ക് ഇരുട്ടടി പോലെയായി കുഞ്ഞോന്റെ ഇപ്പോഴത്തെ മടക്കം. കുഞ്ഞോന്റെ സുഹൃത്തുക്കളില്‍ പലരെയും വിളിച്ച് അദ്ദേഹം തിരക്കി. അവന് അവിടെ എന്താ പ്രശ്‌നം? എന്തിനാ ഇത്ര വേഗം മടങ്ങുന്നേ?
ആര്‍ക്കും ഉത്തരമില്ലായിരുന്നു. ഉപദേശിക്കാനെത്തിയവരോടൊക്കെ കുഞ്ഞോന് ഒറ്റ മറുപടിയേയുള്ളൂ.
എനിക്ക് നാട്ടീപോണം. പോയിട്ട് ഇനീം വരാല്ലോ? റീ എന്‍ട്രീല്‍ തന്നെയാ പോകുന്നേ, എക്‌സിറ്റിലൊന്നുമല്ല.
കുഞ്ഞോനു മാത്രമല്ല, വര്‍ഷാവര്‍ഷം അവധി ലഭിക്കുകയെന്നത് എല്ലാ പ്രവാസികള്‍ക്കും ആഹ്ലാദകരമാണെന്ന് പറയേണ്ടതില്ല. പതിനൊന്ന് മാസം തികയുമ്പോള്‍ ഒരുമാസത്തെ ശമ്പളവും വിമാനടിക്കറ്റുമടക്കമുള്ള അവധി എല്ലാവരുടേയും സ്വപ്നമാണ്.
അതൊക്കെ ഇവിടെ വന്നവര്‍ക്കല്ലേ അറിയൂ. നാട്ടിലിരിക്കുന്നവര്‍ക്ക് എന്തറിയാം.
കുഞ്ഞോനെ കുറിച്ച് പറയുകയാണെങ്കില്‍ നാട് മാത്രമല്ല, അവിടെ കാല്‍പന്ത് നടക്കുന്ന ഏതു ഗ്രൗണ്ടും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്.
കോളാമ്പികള്‍ കെട്ടിവെച്ചുകൊണ്ടുള്ള ജീപ്പില്‍ കുഞ്ഞോന്റെ നീട്ടിയുള്ള അനൗണ്‍സ്‌മെന്റിലൂടെയാണ് നാടുണര്‍ന്നിരുന്നത്.
പ്രിയമുള്ളവരേ, ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കുതിരുമ്മല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ആവേശകരമായ സെമിഫൈനലില്‍ റെഡ് സ്റ്റാറും ഗ്രീന്‍ സ്റ്റാറും ഏറ്റുമുട്ടുന്നു. കളി കാണാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നു...
അനൗണ്‍സര്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കേണ്ട, കുഞ്ഞോന്‍ തന്നെയാ എല്ലാമെല്ലാം. ടൂര്‍ണമെന്റ് കമ്മിറ്റി ഉണ്ടാക്കുന്നതും നോട്ടീസും റസീറ്റും അച്ചടിക്കുന്നതും പിരിവ് നടത്തുന്നതും അങ്ങനെ അങ്ങനെ ഒരു ടൂര്‍ണമെന്റ് ഗംഭീര വിജയമാക്കുന്നതിന് ആവശ്യമായ എല്ലാമെല്ലാം.
ഇതിനിടയില്‍ കുഞ്ഞോനെന്ത് കുടുംബം, എന്തു ജോലി?
അങ്ങനെ ഗ്രൗണ്ടുകള്‍ കയറിയിറങ്ങിയ കുഞ്ഞോനെ ഉത്തരവാദിത്തം പഠിപ്പിക്കാനാണ് ബാപ്പ ഹമീദാജി തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് വിമാനം കയറ്റിയത്.
പറഞ്ഞിട്ടെന്താ, നില്‍ക്കാന്‍ പറ്റുമോ കുഞ്ഞോന്.
ടെലിവിഷന്‍ തുറന്നാല്‍ കാണുന്നത് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജഴ്‌സിയണിഞ്ഞ് തന്റെ കൂട്ടുകാര്‍ നാട്ടില്‍ ആരവമുയര്‍ത്തുന്നു.
മക്കള്‍ക്ക് രണ്ട് കുഞ്ഞുടുപ്പ് വാങ്ങിയതോടൊപ്പം കുഞ്ഞോന്‍ തെരഞ്ഞ് പിടിച്ച് വാങ്ങിയിട്ടുണ്ട്, പത്ത്് ജോടി മഞ്ഞക്കുപ്പായവും നീല ട്രൗസറും.
മഞ്ഞപ്പടയുടെ ആവേശമുയര്‍ത്താന്‍ ജഴ്‌സി കൊടുത്തയക്കാനാണ് കൂട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും അതുമായി നേരിട്ടങ്ങോട്ട് പോകാന്‍ കുഞ്ഞോനങ്ങ് തീരുമാനിച്ചു.
ആര്‍ക്കും തടയാനാവില്ല ഈ യാത്ര.
നാട്ടില്‍ എത്തിയ ഉടന്‍ ഇടാനായി പെട്ടിക്കകത്ത് ഏറ്റവും മുകളില്‍തന്നെ വെച്ചിട്ടുണ്ട് മഞ്ഞക്കുപ്പായം. ഒന്നുരണ്ട് വിസിലും.
കുഞ്ഞോന്‍ പോയി വരട്ടെ, ലോകകപ്പ് കഴിഞ്ഞ് കാണാം.

ദേ ഒരു മല്‍ബൂനെ നടുറോഡിലിട്ട് ഒരാള്‍ തല്ലുന്നു.
ചുറ്റുമുള്ള ഫ്‌ളാറ്റുകളിലെ ബാച്ചിലേഴ്‌സും ഫാമിലികളുമൊക്കെ ആ കാഴ്ച കാണാന്‍ അണിനിരന്നു. ബാല്‍ക്കണിയുള്ള ഫ്‌ളാറ്റുകളിലുള്ളവര്‍ക്കായിരുന്നു നല്ല വ്യൂ. ബാല്‍ക്കണികൊണ്ട് പലതുണ്ട് കാര്യം. തുണികള്‍ കഴുകിയിടാം, വാതില്‍ തുറന്നിട്ടാല്‍ ഇത്തിരി കാറ്റും വെളിച്ചവുമൊക്കെ കയറും. പിന്നെ അവസരം ഒത്തുവന്നാല്‍ ഇതുപോലുള്ള അപൂര്‍വ കാഴ്ചകളും.
നാട്ടിലാണെങ്കില്‍ അടിയും ഇടിയുമൊന്നും അപൂര്‍വ കാഴ്ചകളല്ലല്ലോ? റോഡിലേക്കൊന്ന് നോക്കിയാല്‍ മതി. എങ്ങനെ വന്നാലും ഒരു ഉന്തും തള്ളുമെങ്കിലും കാണാം. ഒന്നും പറ്റിയില്ലെങ്കിലും സങ്കടം വേണ്ട. ഒരു കുടിയന്‍ മതിലു തള്ളിയിടാന്‍ നോക്കുന്നതെങ്കിലും കാണാം. നാട്ടില്‍ നടക്കുന്ന അടികളും സമരക്കാരെ പോലീസ് ചാമ്പുന്നതുമൊക്കെ ചാനലുകളില്‍ കാണുന്നുണ്ടെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു ത്രില്ലുണ്ടോ അതിന്?
നാട്ടിലെ പോലെയല്ല ഇവിടെ പ്രവാസ ലോകത്ത്, ഒരു അര അടി നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടാകാന്‍ ചിലപ്പോള്‍ കൊല്ലങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും. നീണ്ട ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പ്രവാസിയായിട്ടും ഒരിക്കല്‍ പോലും ഒരു കശപിശ കാണേണ്ടി വന്നിട്ടില്ലെന്ന് പറയുമ്പോള്‍ മലപ്പുറത്തുകാരന്‍ നാണിക്ക് ഈ നാടിനെ കുറിച്ച് അഭിമാനം തിളക്കുന്നു. നാണിയുടേതു തിളച്ചോട്ടെ, അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. അടിപിടി കണ്ടേ തീരൂ എന്നാണെങ്കില്‍ അതിനു വഴിയുണ്ട്. വിചാരിക്കണമെന്നു മാത്രം. എന്നിട്ട് ഇറങ്ങിപ്പുറപ്പെടണം.
എങ്ങോട്ട്?
മല്‍ബുകള്‍ സ്വന്തം നാടാക്കി മാറ്റിയ നഗരത്തിലെ ചില കോണുകളുണ്ട്. അവിടെ ചെന്നു നോക്കിയാല്‍ മതി. വിസക്ക് കൊടുത്ത പണത്തെ ചൊല്ലിയോ എക്‌സിറ്റ് ജയിലിലുള്ളയാളെ എളുപ്പം നാട്ടിലെത്തിക്കുന്നതിനു നല്‍കിയ പണത്തെ ചൊല്ലിയോ ഉള്ള വാക്തര്‍ക്കവും കയ്യാങ്കളിയുമൊക്കെ കാണാം. പക്ഷേ, സൂക്ഷിച്ചുവേണം. കണ്ട ഉടനെ അവിടെനിന്ന് രക്ഷപ്പെടുകയും വേണം. ഇല്ലെങ്കില്‍ അറിയാലോ. നാട്ടിലെ പോലെ രാഷ്ട്രീയക്കാര്‍ക്കു വന്ന് ഇറക്കിക്കൊണ്ടുവരാനൊന്നും കഴിയില്ല.
ഫ്‌ളാറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണി ഉണ്ടോ എന്ന് പ്രത്യേകം തിരക്കുന്നവരാണ് മല്‍ബുകള്‍. അഞ്ഞൂറോ ആയിരമോ അധികം കൊടുത്താലും ബാല്‍ക്കണിയുണ്ടെങ്കില്‍ അതൊന്നുവേറെത്തന്നെ. തുണികള്‍ കഴുകിയിടാന്‍ നല്ല ഒരു സ്ഥലം എന്ന നിലയിലാണ് ബാല്‍ക്കണിക്കുള്ള പ്രധാന പരിഗണന. അവസാനത്തെ ഗുണം, ഇങ്ങനെ വല്ല കാഴ്ചകളും ഒത്തുവരുമ്പോള്‍ ആരുടേയും ശല്യമില്ലാതെ, തിക്കിത്തിരക്കാതെ ആദ്യാവസാനം കാണാം.
മലയാളികള്‍ക്ക് ബാല്‍ക്കണിയോടുള്ള കമ്പം മറ്റുള്ളവര്‍ക്കില്ല എന്നാണറിവ്. അവരൊക്കെ ബാല്‍ക്കണിയുള്ള ഫ്‌ളാറ്റ് ലഭിച്ചാലും അത് ബോര്‍ഡ് കൊണ്ടോ കമ്പി കൊണ്ടോ മറച്ച് ഒരു കൊച്ചുമുറിയാക്കി മാറ്റും. ആരെങ്കിലുമൊക്കെ കണ്ണയക്കേണ്ട എന്നു കരുതി ബാല്‍ക്കണി അടച്ചു ഭദ്രമാക്കുന്നവരുമുണ്ട്.
കാഴ്ചയിലേക്കു വരാം. മല്‍ബൂനെ ഇപ്പോള്‍ ആടിനെ അറുക്കാന്‍ കിടത്തിയതുപോലെ ചുരുട്ടിക്കൂട്ടി നിലത്തിട്ടിരിക്കയാണ്. മര്‍ദകന്‍ ചെരിപ്പൂരി മല്‍ബൂന്റെ മുഖത്തു തുരുതുരാ കൊടുക്കുന്നു. അതിനുശേഷം സംതൃപ്തമായ മനസ്സോടെ മര്‍ദകന്‍ തിരിഞ്ഞു നടക്കുന്നു.
സാവകാശം എഴുന്നേറ്റ മല്‍ബു അടിയുടെ കാരണം അറിയാതെ പകച്ചുനില്‍ക്കുന്നു.
എന്തിനാ നിങ്ങളെ അയാള്‍ തല്ലിയത്?
എനിക്കൊന്നുമറിയില്ലേ? അയാള്‍ വന്നെന്നെ തള്ളിയിട്ട് മതിയാവോളം തല്ലി. എന്നിട്ട് പോയി.
ഒരു കാരണവുമില്ലാതെയോ? തല്ലുമ്പോള്‍ നിങ്ങള്‍ അയാളോട് ചോദിക്കേണ്ടെ, എന്തിനാ തല്ലുന്നതെന്ന്?
എന്നിട്ടുവേണം ഒരു അടി കൂടി അധികം കിട്ടാന്‍.
മല്‍ബൂനെ അറിയുന്ന മറ്റൊരു മല്‍ബു പറഞ്ഞു. ഇയാള്‍ അയാളുടെ കാറു നോക്കിക്കാണും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കിലും കാര്‍ നോക്കി നടക്കുകയാണല്ലോ ഇയാളുടെ ജോലി.
ഇപ്പോള്‍ എങ്ങനുണ്ട്. കാര്‍ നോക്കി നോക്കി അവസാനം ചെകിട്ടത്ത് ചെരിപ്പു കൊണ്ട് കിട്ടി. കാറുകളുടെ കമ്പനിയും മോഡലും നോക്കി വെക്കാലോ? കാശ് എപ്പോഴാ വരികാന്ന് ആര്‍ക്കാ അറിയാ. അപ്പോള്‍ വാങ്ങാലോ? ഓ എന്തൊക്കെയായിരുന്നു ന്യായങ്ങള്‍?
അതിന് കാര്‍ ഒന്നു നോക്കീന്നുവെച്ച് ഇങ്ങനെ തല്ലാന്‍ പാടുണ്ടോ? ഇവിടെ നിയമവും വ്യവസ്ഥയുമൊന്നുമില്ലേ? -മുതലാളിത്ത സുഖം വിഴുങ്ങുന്നതിനു മുമ്പ് നാടുവിട്ട ഒരു സഖാവിന്റെ രക്തം തിളച്ചു.
അയാള്‍ അവിടെ നിര്‍ത്തിയിട്ട പുതിയ കാറാ ഇവന്‍ നോക്കാന്‍ പോയത്?
അതിനെന്താ?
സാധാരണയല്ലേ പുതിയ കാര്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകില്ലേ?
അതേ, കാറില്‍ അയാളുടെ ഭാര്യ ഉണ്ടായിരുന്നു.