5/9/10

പുത്തന്‍ കുമാരസംഭവങ്ങള്‍






മലയാളിയുടെ ഇന്റര്‍നെറ്റ് വായനക്ക് അവസരം തുറന്ന ബ്ലോഗുകള്‍ പുതിയ എഴുത്തുകാരെയും പുതിയ വായനാ സമൂഹത്തെയും സൃഷ്ടിച്ചുകൊണ്ട് അതിവേഗം മുന്നേറുന്നു. മലയാളിയുടെ വായന മരിച്ചുവെന്ന പരിദേവനങ്ങള്‍ക്കിടയിലാണ് ഈ വായനാ സമൂഹത്തിന്റെ പ്രയാണം. വായിക്കാനും തങ്ങളുടെ പ്രതികരണങ്ങള്‍ അപ്പോള്‍ എഴുതാനുമുള്ള മത്സരമാണ് ബ്ലോഗുകളില്‍ കാണുന്നത്. ദിവസേന നൂറുകണക്കിനു വായനക്കാരാണ് ബ്ലോഗുകളിലേക്ക് കടന്നുവരുന്നത്. അതുപോലെ തന്നെ പുതിയ പുതിയ എഴുത്തുകാരും.
ബ്ലോഗുകളിലൂടെ വെളിച്ചം കണ്ട പല രചനകളും പുസ്തക രൂപത്തില്‍ ആയിക്കഴിഞ്ഞു. കൊടകര പുരാണം, എന്റെ യൂറോപ്പ് സ്വപ്‌നങ്ങള്‍, 15 പെണ്ണനുഭവങ്ങള്‍, പേശാമടന്ത, ചിലന്തി തുടങ്ങിയവ.
കണ്ണൂര്‍ ചേലേരി സ്വദേശി അനില്‍കുമാര്‍ ടി. എന്ന കുമാരന്റെ 'കുമാരസംഭവങ്ങള്‍' എന്ന ബ്ലോഗാണ് പുതുതായി പുസ്തകമായിരിക്കുന്നത്. പയ്യന്നൂരിലെ ഡിസംബര്‍ പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ( വില 60 രൂപ)
ബ്ലോഗ് രചനകളെന്ന വിഭാഗത്തിലാണ് പ്രസാധകര്‍ കുമാരസംഭവങ്ങള്‍ ഇറക്കിയിട്ടുള്ളതെങ്കിലും ഇതിലെ പല രചനകളും പ്രത്യേക ശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് പറയുവാന്‍ കുമാരന് കഴിഞ്ഞിരിക്കുന്നു. പല രചനകളിലും ഗ്രാമീണതയുടെ നൈര്‍മല്യവും അനുഭവിക്കാം. വലിയ വിഷയങ്ങള്‍ നീട്ടിപ്പറയാതെ സരസമായും ലളിതമായും കൈകാര്യം ചെയ്തതിനാല്‍ വായന രസകരമാക്കിയതിനു പുറമേ, സമൂഹത്തിലെ ഏത് തട്ടിലുള്ളവര്‍ക്കും അത് സ്വീകാര്യമാകുന്നു.
കഥകള്‍ക്കും നോവലുകള്‍ക്കും ക്ഷാമമില്ലാത്ത മലയാള സാഹിത്യത്തില്‍ നേര്‍ത്ത നര്‍മങ്ങളും അനുഭവങ്ങളും എപ്പോഴെങ്കിലും ഒന്ന് ഓര്‍മിച്ചു ചിരിക്കാന്‍ പാകത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.
കുമാരസംഭവങ്ങളില്‍ 21 കൊച്ചു കുറിപ്പുകളാണുള്ളത്. ജീവിത യാഥാര്‍ഥ്യങ്ങള്‍ വായിച്ചെടുക്കാവുന്ന വിധം സമ്പന്നമാണ് എല്ലാം. ഇതിലെ നര്‍മങ്ങള്‍ ഗൃഹാതുരത്വമുയര്‍ത്തുന്ന ഓര്‍മകളിലേക്ക് വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്നുണ്ട്. 'പന്തിയിലെ പക്ഷഭേദം' എന്ന കഥയില്‍ കഥാനായകനും നാട്ടിലെ പ്രധാന മദ്യപനുമായ കപ്പല്‍ വാസുവിനെ അവതരിപ്പിച്ചത് ഗ്രന്ഥകാരന്റെ നര്‍മഭാവനക്ക് അടിവരയിടുന്നു. പല കഥകളിലും സ്വയം കഥാപാത്രമായും അല്ലാതെയും അവിടെയെല്ലാമുണ്ടാകുന്ന അമളികള്‍ പങ്കുവെക്കുമ്പോള്‍ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വായനക്കാരില്‍ എത്തിച്ചേരുന്നു. പുത്തന്‍ എഴുത്തുകാരുടെ രംഗപ്രവേശം മലയാളിക്ക് തിരികെ നല്‍കുന്നത് വായനയുടെ പഴയ പൂക്കാലമാണെന്ന് നിസ്സംശയം പറയാം.
ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാഗമാവുക എന്നതില്‍ കവിഞ്ഞുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ, സുഹൃത്തുക്കളോട് ഒരു തമാശ പറയുന്നത് പോലെ എഴുതിയിട്ടവയാണ് ഇവയെല്ലാമെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. നാട്ടിലേയും ഓഫീസിലേയും സുഹൃദ് സംഭാഷണങ്ങളില്‍നിന്നും ഓര്‍മകളില്‍നിന്നും അനുഭവത്തില്‍നിന്നും അടിച്ചുമാറ്റി ഭാവന ചേര്‍ത്ത് എഴുതിയതാണ് മിക്ക കഥകളുമെന്ന് മാതൃഭൂമി കണ്ണൂര്‍ പതിപ്പില്‍ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കുമാരന്‍ പറയുന്നു. കേരളത്തിലെ പുസ്തക ശാലകള്‍ക്കു പുറമേ, ഗള്‍ഫില്‍ ബ്ലോഗ് സുഹൃത്തുക്കളില്‍നിന്ന് പുസ്തകം ലഭിക്കും.

5/2/10

പേന്‍നോട്ടത്തിന്റെ പരിണാമം


ഒരു ഹോബിയുമില്ലാത്തയാളെ എന്തിനു കൊള്ളാം. പക്ഷേ, പേന്‍ നോട്ടമാണ് ഹോബിയെന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലേ തോന്നുന്നത്. അതൊരു പറയാന്‍ പറ്റുന്ന ഹോബിയാണോ?
അതവിടിരിക്കട്ടെ, പ്രവാസ ലോകത്തും ഈ പേന്‍ ശല്യമുണ്ടോ? ഇവിടെ മൂട്ടശല്യം കേട്ടിട്ടുണ്ട്. മൂട്ട നിവാരണ യത്‌നത്തിനിടയില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്ന മല്‍ബുകളും നിരവധിയാണ്. മൂട്ട മരുന്നു ശ്വസിച്ചുകൊണ്ടുള്ള മരണം പലപ്പോഴും വാര്‍ത്തയായി.
പേന്‍ശല്യം മൂട്ടയോളം ഗുരുതരമാണോ?
തലയുള്ളതുകൊണ്ടല്ലേ പേന്‍, അപ്പോള്‍ തലയുള്ളിടത്തെല്ലാം പേന്‍ കാണും. പിന്നെ പേനില്ലെങ്കിലും പേന്‍ നോട്ടമാകാം. വെറുതെ നേരം കൊല്ലാന്‍. പേനെടുക്കാന്‍ ഇരുന്നു കൊടുക്കുന്നവര്‍ക്കും പേനെടുക്കുന്നവര്‍ക്കും ഒരു സുഖം. ഒന്നിനെയെങ്കിലും കിട്ടുന്നതുവരെ നോക്കിക്കൊണ്ടിരിക്കാമല്ലോ? പേനെടുപ്പില്‍ വിദഗ്ധരായവര്‍ക്ക് അതൊരു ഹോബിയായി അങ്ങനെ തുടര്‍ന്നുകൊണ്ടുപോകാനായില്ലെങ്കില്‍ പ്രയാസമാകുമെന്നും അവര്‍ വിഷാദ രോഗത്തിന് അടിപ്പെടുമെന്നുമാണ് വിദഗ്ധ പഠനം. ആര് എപ്പോള്‍ പഠനം നടത്തി എന്നൊന്നും ചോദിക്കരുത്. മൂന്ന്് പേരോട് അഭിപ്രായം ചോദിച്ചാല്‍ അതൊരു പഠനമായി. പിന്നെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദഗ്ധ പഠനത്തിന്റെ സ്വീകാര്യത.
കാണാന്‍ കൊള്ളാമെങ്കില്‍ കോടതിയില്‍ ജഡ്ജിയെ പോലും സ്വാധീനിക്കാമെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച ഒരു വിദഗ്ധ പഠനം. കാണാന്‍ സ്മാര്‍ട്ട് ആണെങ്കില്‍ കടുത്ത കുറ്റകൃത്യമാണെങ്കിലും കഠിന ശിക്ഷ നല്‍കാന്‍ ജഡ്ജിക്ക് മനസ്സ് വരില്ലത്രെ. ഇത്രയും സ്മാര്‍ട്ട് ആയ ഇയാള്‍ ആ കുറ്റം ചെയ്യില്ലെന്ന് ജഡ്്ജിയുടെ മനസ്സ് മന്ത്രിക്കുംപോലും. കാണാന്‍ ഒരു ചേലുമില്ലാത്തയാളാണ് പ്രതിയെങ്കില്‍ ഇവന്‍ തന്നെയായിരിക്കും കുറ്റം ചെയ്തതെന്ന് ജഡ്ജി തീരുമാനിക്കുമെന്നും പഠനം അടിവരയിടുന്നു. അപ്പോള്‍ മുദ്രാവാക്യം, സ്മാര്‍ട്ടാകൂ... ശിക്ഷ പോലും ഒഴിവാക്കൂ എന്നായി. അതിനു പിന്നാലെ വരും സ്മാര്‍ട്ടാകാനുള്ള ഉല്‍പന്നങ്ങള്‍.
പേന്‍ നോട്ടവുമായി നാട്ടില്‍ കഴിഞ്ഞിരുന്ന ഒരു മല്‍ബി ഗള്‍ഫിലെത്തി. ഫാമിലി വിസയെടുത്ത് മല്‍ബു വിളിക്കുമ്പോള്‍ അവിടെ പേന്‍നോട്ടത്തിനു തല കിട്ടുമോ എന്നൊന്നും ചോദിച്ചില്ല. ആരുടെയെങ്കിലും തല കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയോടെ വിമാനം കയറി.
നാട്ടിലെ നൂറുകൂട്ടം തിരക്കുകളില്‍നിന്ന് സ്വതന്ത്രയായി ഗള്‍ഫിലെത്തിയപ്പോള്‍, വീട്ടു ജോലികള്‍ക്കും പിന്നീട് ടെലിവിഷനു മുന്നിലെ കുത്തിയിരിപ്പും കഴിഞ്ഞിട്ടും മല്‍ബിക്കു സമയം ബാക്കി. പ്രതീക്ഷിച്ചതുപോലെ ഭാഗ്യം കൈവിട്ടില്ല. ഒരുദിവസം മകളുടെ തലയില്‍ ഒരു പേന്‍ കണ്ടു. മല്‍ബിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പേനിനെ കണ്ടെത്തി അതിനെ കയ്യിലെടുത്ത്് നോക്കിയ ശേഷം ജീവാപായമൊന്നും വരുത്താതെ വീണ്ടും തലയില്‍തന്നെ വളരാന്‍ വിട്ടു. മറ്റൊരു പേന്‍ ഉണ്ടായി വരുന്നതുവരെ അതിനെ ദിവസം രണ്ടുനേരം തപ്പിയെടുത്ത് പിന്നെയും ജീവിക്കാന്‍ വിട്ടു. മറ്റൊരു പേന്‍ രംഗപ്രവേശം ചെയ്യുന്നതുവരെയായിരിക്കും അതിന്റെ ആയുസ്സ്. അതിനുശേഷം രണ്ടു നഖങ്ങള്‍ക്കിടയില്‍ സുഖമരണം.
നാട്ടിലെ ഇഷ്ടവിനോദം തുടരാനായതില്‍ സന്തോഷിച്ചുവെങ്കിലും മല്‍ബി അതിലേറെ ആഹ്ലാദിച്ചത് മല്‍ബുവിന് താങ്ങായി സ്വന്തം വരുമാന മാര്‍ഗം തുറന്നതോടെയാണ്.
അതെന്താ, പ്രൊഫഷണല്‍ പേന്‍നോട്ടം തുടങ്ങിയോ?
അല്ല, പേന്‍നോട്ടം പാടേ ഉപേക്ഷിച്ചതിനു ശേഷമാണ് അതു സംഭവിച്ചത്. പ്രേരണ മല്‍ബുവിന്റെ സ്ഥിരോത്സാഹം തന്നെ.
800 റിയാലിന് ബൂഫിയയിലെ ജോലിയോടെയായിരുന്നു മല്‍ബുവിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. വൈകാതെ അതേ ബൂഫിയ നടത്താന്‍ മല്‍ബുവിന് അവസരം ഒത്തു. പിന്നീട് അടിവെച്ചടിവെച്ച് കയറ്റമായിരുന്നു. ബൂഫിയയില്‍ രണ്ടുപേരെ ജോലിക്കു വെച്ചു. പിന്നെയും തുടങ്ങി മറ്റൊരു ബൂഫിയ. പിന്നെ ഒരു ബഖാല. അങ്ങനെ 800 റിയാലില്‍ തുടങ്ങിയ മല്‍ബു സ്ഥിരോത്സാഹവും കഠിനാധ്വാനവും കൈമുതലാക്കി വരുമാനത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടാക്കി.
കുടുംബ വരുമാനം കൂടിയപ്പോള്‍, ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കാനല്ല മല്‍ബിയെ പ്രേരിപ്പിച്ചത്. പകരം നാട്ടില്‍ പോയി ആറു മാസം താമസിച്ച് തയ്യല്‍ പഠിച്ചു വന്നു. അതുവഴി മികച്ചൊരു തയ്യല്‍ക്കാരിയായി.
ഇപ്പോള്‍, ആളുകള്‍ ക്യൂവാണ്. ഇന്ത്യക്കാരികളും പാക്കിസ്ഥാനികളും. പേന്‍നോട്ടത്തില്‍നിന്ന് ചുരിദാര്‍ സ്‌പെഷ്യലിസ്റ്റിലേക്കുള്ള ദൂരം എത്ര നിസ്സാരം. ചുറ്റും നോക്കിയേ, മല്‍ബുകള്‍ക്ക് തുണയേകാന്‍ സ്ഥിരോത്സാഹത്തോടെ പലതരം ജോലി നോക്കുന്ന എത്രയെത്ര മല്‍ബികള്‍.


4/28/10

ദുരിതങ്ങളുടെ കടമ്പകള്‍ കടന്ന് പാക് കുടുംബം നാട്ടിലേക്ക് മടങ്ങി

ഗൃഹനാഥന്‍ നാടുകടത്തപ്പെട്ടതോടെ ജിദ്ദയില്‍ കുടുങ്ങിയ കുടുംബത്തിലെ
കുട്ടികള്‍ ഫൈസലിയയിലെ ഫ്‌ളാറ്റിനു മുന്നില്‍.


നാടു കടത്തിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ കുടുങ്ങിയ പാക്കിസ്ഥാനി കുടുംബം ഒരു മാസത്തെ ദുരിതപര്‍വത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. മലയാളികളടക്കമുള്ള സുമനസ്സുകളുടെ സഹായമാണ് അഞ്ച് കുട്ടികളടങ്ങുന്ന കുടുംബത്തിന് തുണയായത്. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന മറദാന്‍ ജില്ലയില്‍നിന്നുള്ള കുടുംബമാണ് നിയമം ലംഘിച്ച് ജിദ്ദയില്‍ കഴിഞ്ഞിരുന്ന ആസിഫ് കമാല്‍ എന്ന 39 -കാരന്‍ പോലീസ് പിടിയിലായതോടെ വിഷമത്തിലായത്.
ലിമോസിന്‍ ഡ്രൈവറായിരുന്ന ആസിഫിന്റെ കാര്‍ അപകടത്തില്‍പെട്ടതോടെയാണ് ഇയാള്‍ പിടിയിലായത്. ആസിഫ് ജയിലിലായതോടെ ഭാര്യ ഫര്‍ഹന്തയും രണ്ടര വയസ്സിനും 14 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ച് മക്കളും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഫൈസലിയയിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇഖാമയും മറ്റു രേഖകളുമില്ലായിരുന്നുവെന്ന് അറസ്റ്റിലായ ആസിഫിനെ നാട്ടിലേക്ക് കയറ്റി അയച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇളയ രണ്ട് കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടുപോലും ഇല്ലായിരുന്നു. ഉംറ വിസയിലെത്തിയ ഇവര്‍ ഒരിക്കലും നാട്ടിലേക്ക് മടങ്ങിയിട്ടില്ല.
സമീപത്തെ മലയാളികളടങ്ങുന്ന ഇന്ത്യന്‍ കുടുംബങ്ങളും പാക്കിസ്ഥാനികളുമാണ് ഇവരുടെ തുണക്കെത്തിയത്. സമീപത്തെ കുടുംബങ്ങളാണ് ഇവര്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചത്.
പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍നിന്ന് മടക്കയാത്രക്ക് രേഖകള്‍ തയാറാക്കാന്‍ എളുപ്പം സാധിച്ചുവെങ്കിലും ജവാസാത്തില്‍ അടക്കേണ്ടിയിരുന്ന പിഴ സംഖ്യ കണ്ടെത്തുക പ്രയാസമായി.
പാക്കിസ്ഥാനിലെത്തിയ ആസിഫാകട്ടെ, സ്വന്തം വീട്ടിലേക്ക് പോകാതെ മനഃപ്രയാസത്തോടെ അവിടെ സുഹൃത്തിനോടൊപ്പം കഴിയുകയായിരുന്നു. ~ഒടുവില്‍ പാക്കിസ്ഥാനികളും സമീപത്തെ മലയാളി കുടുംബങ്ങളുമൊക്കെ ചേര്‍ന്നാണ് ജവാസാത്തിലെ പിഴ അടക്കാനും ടിക്കറ്റിനുമുള്ള തുക ശേഖരിച്ചത്.





4/25/10

ചികിത്സാലയത്തിലെ ബയോ മെട്രിക്‌സ്



ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു മല്‍ബുവും മല്‍ബിയും.
എന്തൊരു തിരക്കായിത്?
മല്‍ബുവിന് ഇരിക്കപ്പൊറുതി ഇല്ല. കാരണം അര മണിക്കൂര്‍ ഇട ചോദിച്ച്ഓഫീസില്‍നിന്ന് നേരെ പോന്നതാണ്. ഒരു മണിക്കൂറായിട്ടും രക്ഷയില്ല. ഇനിയിപ്പോ മല്‍ബിയെ വീട്ടിലെത്തിച്ച് ഓഫീസിലെത്തുമ്പോഴേക്കും ഓഫീസുംപൂട്ടി ആളുകള്‍ ഇറങ്ങും.
ഡോക്ടര്‍മാരെ സമ്മതിക്കണം. എത്രമാത്രം രോഗികളെയാണ് അവര്‍ ഇത്തിരിനേരംകൊണ്ട് പരിശോധിക്കുന്നത്. ടോക്കണെടുത്തുള്ള കാത്തിരിപ്പില്‍മല്‍ബുവിന്റെ ചിന്ത കാടുകയറുകയാണ്. തിരക്ക് ഒരിക്കലുംഅവസാനിക്കുന്നില്ല. നോക്കി നോക്കി വിടുന്നതിനനുസരിച്ച് പുതിയ പുതിയആളുകള്‍. ടോക്കണ്‍ നമ്പര്‍ അമ്പതും അറുപതും ഒക്കെ കടന്ന് മുന്നോട്ടു തന്നെ.
പേഷ്യന്റ്‌സ് ഇങ്ങനെ കൂടിയാല്‍ ഡോക്ടര്‍മാര്‍ക്കൊക്കെ എങ്ങനെയാനേരാംവണ്ണം പരിശോധിക്കാന്‍ കഴിയുക? മരുന്നെഴുതി കയ്യെടുക്കാന്‍നേരമുണ്ടാകില്ലല്ലോ? -മല്‍ബു സംശയം പ്രകടിപ്പിച്ചു.
അതിനല്ലേ, പ്രഷര്‍ നോക്കാനും മരുന്നെഴുതാനുമൊക്കെ വേറെ ആളെനിര്‍ത്തിയിരിക്കുന്നത്. ഡോക്ടര്‍ രോഗിയെ നോക്കുകയേ വേണ്ടൂ. മരുന്നൊക്കെഇപ്പോള്‍ സിസ്റ്റര്‍മാര്‍ എഴുതിക്കോളും. എഴുതി എഴുതി അവരും എക്‌സ്‌പേര്‍ട്ട്ആയില്ലേ? -മല്‍ബിയുടെ മറുപടി.
വലിയ വലിയ ആശുപത്രികളിലാണെങ്കില്‍ ഒറ്റ ഡോക്ടറും ഒരു ദിവസംഇത്രയധികം രോഗികളെ നോക്കുന്നുണ്ടാവില്ല അല്ലേ?
അവിടെ കുറച്ചു രോഗികളെ നോക്കിയാല്‍ മതിയല്ലോ. പത്തുപേരെനോക്കുന്നതിനുള്ള ഫീ ഒരാളെ നോക്കിയാല്‍ കിട്ടും -വീണ്ടും മല്‍ബിയുടെ മറുപടി.
വന്‍കിട ആശുപത്രികളില്‍ ഡോക്ടര്‍മാരാണ് കൂടുതല്‍. മറ്റു ജീവനക്കാരുടെഎണ്ണം കുറവും. അവിടത്തെ മെഡിക്കല്‍ സ്‌റ്റോര്‍ കണ്ടിട്ടുണ്ടോ? മരുന്ന്എടുത്തുകൊടുക്കാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രം.
ചെറിയ ക്ലിനിക്കുകളോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍ നോക്കിയിട്ടുണ്ടോ? അവിടെ മരുന്ന് എടുത്തു കൊടുക്കാന്‍ മാത്രം എത്ര പേരാ? തമ്മില്‍ കൂട്ടിയിടിച്ച്പരിക്കേല്‍ക്കാത്തത് ഭാഗ്യം. എന്താ ഇതിന്റെ ഗുട്ടന്‍സ്? ഇക്കുറിമല്‍ബിയുടേതായിരുന്നു സംശയം.
അതില്‍ വലിയ ഗുട്ടന്‍സൊന്നുമില്ല. 250 റിയാല്‍ ഫീ വാങ്ങുന്ന ഡോക്ടര്‍ക്ക്കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദേശിക്കുകയോ കൂടുതല്‍ മരുന്നെഴുതുകയോ വേണ്ട.
അഞ്ച് മുതല്‍ 50 റിയാല്‍വരെ മാത്രം ഫീ വാങ്ങുന്ന ഡോക്ടറുടെ സ്ഥിതി അതല്ല. അവര്‍ക്ക് ടെസ്റ്റും മരുന്നുകളും കൂടുതല്‍ എഴുതി വേണം ആശുപത്രികള്‍ക്ക്വല്ലതും ഒപ്പിച്ചു കൊടുക്കാന്‍. എന്നാലേ അവര്‍ക്കുമുള്ളൂ നിലനില്‍പ്.
250 റിയാല്‍ പരിശോധനാ ഫീ കൊടുത്ത് ഡോക്ടറെ കണ്ടാല്‍ പലതാണ് മെച്ചം. ടെസ്റ്റുകള്‍ക്ക് നിന്നുകൊടുക്കേണ്ട. മരുന്ന് പേരിനു മാത്രം കഴിച്ചാല്‍ മതി.
പത്ത് റിയാല്‍ ഫീസ് കൊടുത്താല്‍ ടെസ്റ്റുകള്‍ അനവധി. പിന്നെ ഒര കൊട്ട മരുന്നും. കുടിച്ചാലും കുടിച്ചാലും തീരില്ല.
മല്‍ബുവും മല്‍ബിയും ഇങ്ങനെ ചിന്തകള്‍ കൈമാറിക്കൊണ്ടിരിക്കെ ടോക്കണ്‍വിളിച്ചു.
ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് ഇരുവരും അകത്തേക്ക്.
അല്ലാ, ആരാ ഇത് നമ്മടെ ഫാത്തിമയോ?
എന്തൊക്കെയാ പൂക്കോട്ടുംപാടത്തെ വിശേഷങ്ങള്‍?
ലേഡി ഡോക്ടറുടെ നീട്ടിപ്പിടിച്ചുള്ള സംസാരത്തില്‍ മല്‍ബുവും മല്‍ബിയുംഅമ്പരന്നിരിക്കെ ഡോക്ടര്‍ വീണ്ടും വെടി പൊട്ടിച്ചു.
അമ്മാവന്‍ അയമൂട്ടിക്കയുടെ ഹാലൊക്കെ എന്താ? കച്ചോടൊക്കെ ഉഷാറല്ലേ? ഇപ്പോ മുട്ടുവേദനയൊന്നും ഇല്ലല്ലോ?
അമ്പരപ്പിനു കാരണം മറ്റൊന്നുമായിരുന്നില്ല. ആറു മാസം മുമ്പാണ് ലേഡിഡോക്ടറെ ആദ്യമായി കണ്ടത്. ഒരേയൊരു തവണ. പത്ത് മിനിറ്റു മാത്രം കണ്ടഫാത്തിമയെ ഡോക്ടര്‍ മറന്നിട്ടില്ല. പേര് ഓര്‍മിക്കുക എന്നതു വലിയ കാര്യമില്ല. അതു പേഷ്യന്റ് ഫയലില്‍ നോക്കി വിളിച്ചാല്‍ മതിയല്ലോ? പക്ഷേ മറ്റു കാര്യങ്ങള്‍ഓര്‍മിച്ചു വെക്കണമെങ്കില്‍, അതു ഡോക്ടറുടെ അപാര കഴിവുതന്നെ.
മല്‍ബുവല്ലേ, ചിന്ത പല വഴിക്കുപോയി.
വല്ല കണ്ടുപിടിത്തവുമുണ്ടാകുമോ? രോഗി മുറിയില്‍ പ്രവേശിക്കുന്നതോടെസകല വിവരങ്ങളും ഡോക്ടറുടെ മനസ്സില്‍ തെളിയുന്ന വല്ല കണ്ടുപിടിത്തവും...?
ബയോ മെട്രിക്‌സ് എന്നു കേട്ടിട്ടുണ്ട്. ആളുകളെ സൂക്ഷ്മമായി തിരിച്ചറിയാനുള്ളശാസ്ത്രീയ മാര്‍ഗം. കൃഷ്ണമണി, കൈഞ്ഞരമ്പുകള്‍, സംസാരിക്കുമ്പോഴുള്ള ശബ്ദം, ഡി.എന്‍. എന്നിവയുടെ പരിശോധന വഴി കിറുകൃത്യമായി ആളെതിരിച്ചറിയാന്‍ കഴിയും. മുഖച്ഛായയും റെറ്റിനയും (നേത്രാന്തരപടലവും) പരിശോധിച്ച് ആളെ തിരിച്ചറിയുന്ന രീതികളുമുണ്ട്. നമ്മുടെ രൂപവും പെരുമാറ്റരീതികളും മനസ്സിലാക്കി ആളെ തിരിച്ചറിയുന്ന രീതി വികസിത രാജ്യങ്ങളില്‍പലേടത്തും നടപ്പായതായും വായിച്ചിട്ടുണ്ട്.
മല്‍ബിക്കാണെങ്കില്‍ ഡോക്ടര്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദം മുഖത്ത്അലതല്ലുന്നു.
ഡോക്ടറെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. ഒരു തവണ കണ്ടാല്‍ മതി. പിന്നെഒരിക്കലും മറക്കില്ല. മരുന്നിനേക്കാളും ഫലിക്കുക ഡോക്ടറുടെ സ്‌നേഹമല്ലേഎന്നു പലരും ചോദിക്കാറുണ്ട്. മികച്ച ആശുപത്രികളില്‍ പോകാന്‍സൗകര്യമുണ്ടായിട്ടുപോലും അടുപ്പം കൊണ്ടുമാത്രം ഡോക്ടറെകാണാനെത്തുന്നവര്‍ നിരവധിയാണ്.
എന്നാലും ഇതൊരു അദ്ഭുതം തന്നെ. ഇത്ര തിരക്കുണ്ടായിട്ടും ആറുമാസം മുമ്പ്കണ്ട മല്‍ബി പൂക്കോട്ടുംപാടത്താണെന്നും അവിടെ ഒരു അയമൂട്ടിക്കയുണ്ടെന്നുംഅതു മല്‍ബിയുടെ അമ്മാവനാണെന്നും അയാള്‍ കച്ചവടക്കാരനാണെന്നുമൊക്കെഓര്‍മിച്ചു വെക്കുക നിസ്സാരമല്ല.
സ്‌ക്രീന്‍ നീക്കി മല്‍ബിയെ ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കെ, ഫയലിനടിയില്‍ കുനുകുനാന്ന് മലയാളത്തില്‍ എഴുതിയത് മല്‍ബുവിന്റെശ്രദ്ധയില്‍ പെട്ടു.
വെറുതെ ഒരു കൗതുകത്തിനു വായിച്ചുനോക്കി.
ഫാത്തിമ, പൂക്കോട്ടുംപാടത്താണ്. കച്ചവടക്കാരനായ അയമൂട്ടിയുടെമരുമകളാണ്. അയമൂട്ടിക്ക് മുട്ടുവേദനയുണ്ട്. ഹാജറ, ഷമീന, ഫദ്ല്‍, ദിയഎന്നിവര്‍ മക്കള്‍.
ബയോ മെട്രിക്‌സ് രഹസ്യം കണ്ടുപിടിച്ച മല്‍ബു മെല്ലെ ഫയല്‍ തിരികെ വെച്ച്ഒന്നും അറിയാത്തവനെ പോലെ ഇരുന്നു.

Related Posts Plugin for WordPress, Blogger...