6/13/09

അഭയം നല്‍കിയതിന്‌ ജയില്‍


മല്‍ബുവിനെ പോലീസ്‌ കൊണ്ടു പോയി.
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ആര്‍ക്കും വിശ്വസിക്കാനായില്ല. ഇതു സത്യം തന്നെയോ?
ആളുകള്‍ മൊബൈലുകളില്‍ പരക്കെ അന്വേഷണം തുടങ്ങി. സംഭവം സത്യം തന്നെ.
പേടിക്കാനില്ലെന്നും കഫീല്‍ പോയി ഇറക്കിക്കൊള്ളുമെന്നും ചിലര്‍. അത്രയും നല്ല കഫീലാണ്‌..
ഈയിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച്‌ മല്‍ബു പിടിയിലായപ്പോള്‍ അദ്ദേഹം ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതു കൊണ്ടു മാത്രമാണ്‌ രക്ഷപ്പെട്ടത്‌. അല്ലെങ്കില്‍ അകത്താകുമായിരുന്ന കേസായിരുന്നു.
എന്നാല്‍ ഇക്കുറി അങ്ങനെയൊന്നും രക്ഷപ്പെടില്ലെന്ന്‌ സംഭവം മുഴുവന്‍ അറിയുന്ന ചിലര്‍.
മല്‍ബു ഒരു പ്രതിഭാസം തന്നെയായിരുന്നു. ഹൗസ്‌ ഡ്രൈവറായിരുന്നിട്ടും ഉശിരന്‍ വളര്‍ച്ച.
മറ്റു ഹൗസ്‌ ഡ്രൈവര്‍മാരൊക്കെ മൂക്കത്ത്‌ വിരല്‍ വെച്ചിട്ടുണ്ട്‌, മല്‍ബു ഇടക്കിടെ ബാങ്കിലേക്കൊടുമ്പോള്‍.
എല്ലാ മാസവും ഒന്നോ രണ്ടോ തവണ നാട്ടിലേക്ക്‌ ബാങ്കിലേക്കായും ഉണ്ടിയായും പണം അയക്കും.
ഇതെങ്ങനെ സ എന്നു ചോദിക്കുമ്പോള്‍
തലേവരയെന്നും ജാതക ഗുണമെന്നുമൊക്കെ പറയുന്നവരുണ്ട്‌.
കഫീല്‍ നന്നായാല്‍ ഇതുപോലിരിക്കുമെന്നാണ്‌ ചില നേരേ വാ നേരോ പോ മല്‍ബുകള്‍ പറയുക. ചെന്നു പറ്റുന്നിടം നന്നായാല്‍ പിന്നെ ഒന്നും നോക്കേണ്ട. നല്ല കഫീലുമാരുടെ ഡ്രൈവര്‍മാരായി വന്ന്‌ പിന്നെ പുഷ്‌പിച്ച്‌, പുഷ്‌പിച്ച്‌ ധനാഢ്യന്മാരായ എത്രയെങ്കിലും മല്‍ബുകളുണ്ട്‌. സ്വന്തം ജോലിക്കാരെ പൊന്നു പോലെ നോക്കുന്ന കഫിലുമാര്‍.
കഫീലുമാരെ മാത്രമല്ല, മണിയടിച്ച്‌, മണിയടിച്ച്‌ ബോസുമാരില്‍നിന്ന്‌ അവിഹിത ആനുകൂല്യം പറ്റുന്ന മല്‍ബുകള്‍ അനവധി. സ്വന്തം കാര്യങ്ങള്‍ നേടുന്നതിനു പുറമെ, മറ്റുള്ളവര്‍ക്ക്‌ എന്തെങ്കിലും കിട്ടുന്നത്‌ ഇല്ലാതാക്കാനും ഇക്കൂട്ടര്‍ക്കറിയാം. നാട്ടുകാര്‍ക്ക്‌ വിതരണം ചെയ്യാന്‍ കമ്പനികള്‍ ഏല്‍പിക്കുന്ന കോംപ്ലിമെന്റ്‌സുകള്‍ മുതല്‍ സഹജീവനക്കാര്‍ക്ക്‌ നല്‍കാന്‍ ബോസുമാര്‍ നല്‍കുന്ന രണ്ടു റിയാല്‍ സാധനങ്ങള്‍ വരെ നാട്ടിലേക്കുള്ള പെട്ടിയുടെ ഭാരം കൂട്ടാന്‍ മാറ്റി വെക്കുന്നവരാണ്‌ അത്തരം മല്‍ബു മേലാളന്മാര്‍.
പിന്നെ, പറഞ്ഞാല്‍ മതി.
കഫീല്‍ നന്നായിട്ടൊന്നുമല്ല ഈ മല്‍ബു നന്നായത്‌. ശരിക്കും അനര്‍ഹമായതു തന്നെയാ നാട്ടിലേക്‌ അയച്ചു കൊണ്ടിരുന്നത്‌.
ജയിലിലായ മല്‍ബുവിനെ ശരിക്കും അറിയുന്ന നാണി വിടുന്നില്ല.
സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറുമായി ഒത്തു കളിച്ച്‌ എത്ര പണമാ നാട്ടിലേക്കയച്ചത്‌. അവസാനം പിടിയിലായപ്പോള്‍ രക്ഷിച്ചത്‌ കഫീലാണെന്നതു നേരു തന്നെ.
അതെങ്ങനാ ഹൗസ്‌ ഡ്രൈവറായ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന്‌ അടിച്ചു മാറ്റുന്നേ..
ഗംശയം ന്യായമാണ്‌.
ഹൗസ്‌ ഡ്രൈവറായ മല്‍ബുവിന്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോക്കായിരുന്നു ഏറ്റവും ഇഷ്‌ടമുള്ള കാര്യം. ദിവസം പലതവണ സൂപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിക്കും.
അവിടെ ക്യാഷറുമായുള്ള അഡ്‌ജസ്റ്റ്‌മെന്റ്‌ പ്രകാരം സാധനങ്ങള്‍ പുറത്തേക്ക്‌ കടത്തി വില്‍പന നടത്തിയാണ്‌ മല്‍ബു പണക്കാരനായത്‌.
~ഒടുവില്‍ സെക്യൂരിറ്റിക്കാരനാണ്‌ സൂപ്പര്‍മാര്‍ക്കറ്റിന്റെ രക്ഷക്കെത്തിയത്‌. മല്‍ബു വാങ്ങിയ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ പകുതിയലധികവും ബില്ലില്ലാത്തത്‌.
ക്യാഷ്യര്‍ക്ക്‌ തെറ്റിയതാകുമെന്നും തന്റെ ഡ്രൈവര്‍ക്ക്‌ പങ്കില്ലെന്നും കഫീല്‍ ആണയിട്ടതുകൊണ്ടാണ്‌ അന്ന്‌ മല്‍ബു ഊരിപ്പോന്നത്‌.
നാണി പലപ്പോഴും പറഞ്ഞതാ..
എന്തിനാ മല്‍ബൂ ഇങ്ങനെ സമ്പാദിക്കുന്നത്‌. ഇതൊന്നും ബാക്കിയാകൂല്ല.
അതൊക്കെ വെറുതെ തോന്നുന്നതാണെന്നായിരുന്നു മല്‍ബൂന്റെ കമന്റ്‌.
പണം സൂക്ഷിക്കാനറിഞ്ഞാല്‍ ബാക്കിയാകും. ഇല്ലെങ്കില്‍ ഒന്നും കാണില്ല-പലപ്പോഴും മല്‍ബു സൈദ്ധാന്തികനാകും.
അഭയം നല്‍കിയതിനാണ്‌ ഇപ്പോള്‍ മല്‍ബു പിടിയിലായത്‌.
മറ്റുള്ളവരെ സഹായിക്കുന്നതും അഭയം നല്‍കുന്നതുമൊക്കെ മല്‍ബുവിന്‌ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണല്ലോ?
അഭയം നല്‍കുന്നതിനെതന്തിനാ പോലീസ്‌ കൊണ്ടു പോകുന്നത്‌?
അതേ, കഫില്‍ താമസിക്കാന്‍ നല്‍കിയ ചെറിയ മുറിയില്‍ നമ്മുടെ മല്‍ബു അഭയം നല്‍കിയത്‌ ആറ്‌ സ്‌ത്രീകള്‍ക്കായിരുന്നു.


6/3/09

അയാള്‍ എന്തിനാണ്‌ ചിരിച്ചത്‌?

മല്‍ബു കുറേ നേരം തലപുകഞ്ഞ്‌ ആലോചിച്ചു. ഇങ്ങനെ ആലോചിച്ചാല്‍ ഉള്ള മുടിയും പോകുമെന്നും ഗള്‍ഫ്‌ ഗേറ്റില്‍ പോകേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടാണ്‌ മായിന്‍ കയറിവന്നത്‌. അല്ലെങ്കിലും മായിന്‌ ഇപ്പോള്‍ എല്ലാവരേയും ഗള്‍ഫ്‌ ഗേറ്റില്‍ അയക്കാനാ പൂതി. മുടിവെച്ച്‌ നാട്ടില്‍ പോയി നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച്‌ തിരികെ എത്തിയ ശേഷം കഷണ്ടിക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിന്‌ ഇറങ്ങിയിരിക്കയാ അവന്‍.
ഹോര്‍മോണ്‍ ഗുളിക കഴിച്ച്‌ തടി കൂട്ടിയും കഷണ്ടിത്തലയില്‍ മുടിവെച്ചും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മായിന്‍ പുറത്ത്‌ കാത്തുനിന്നിരുന്ന മല്‍ബിയെയും മക്കളെയും കുടുംബക്കാരെയുമൊക്കെ ഏറെ നേരം വട്ടം കറക്കിയിരുന്നുവത്രെ.
പ്രകടനം നയിക്കാനുള്ള ആള്‍ക്കൂട്ടമായി എയര്‍പോര്‍ട്ടില്‍ എത്തിയ കുടുംബക്കാര്‍ക്ക്‌ മായിനെ തിരിച്ചറിയാന്‍ പതിനഞ്ച്‌ മിനിറ്റ്‌ വേണ്ടി വന്നൂത്രെ. മല്‍ബി പോലും വാ പൊളിച്ചു നിന്നുപോയി.
മല്‍ബിയെ കെട്ടുമ്പോള്‍ മെലിഞ്ഞൊട്ടിയ മായിന്‍ രണ്ടുവര്‍ഷം കഴിഞ്ഞുള്ള ആദ്യത്തെ പോക്കില്‍ ശരിക്കുമൊരു കിടിലനായിരുന്നു എന്നര്‍ഥം.
മല്‍ബുവിന്റെ ചിന്ത അതൊന്നുമായിരുന്നില്ല.
എന്തു പറ്റിയെടാ?
മായിന്‍ വിടുന്നില്ല.
രൂപയുടെ വില കൂടിയതിനാലാണോ?
കോണ്‍ഗ്രസും ലീഗും ജയിക്കേം വേണം, രൂപയുടെ വില കൂടാനും പാടില്ല. രണ്ടും കൂടി എങ്ങനെയാ നടക്കാ. പച്ച ലഡുവും തിന്ന്‌ പച്ചപ്പായസവും കുടിക്കുമ്പോള്‍ പിന്നെ എന്താ കരുതീത്‌.
അതൊന്നും അല്ല മാഷേ കാര്യം.
ജാട കള, കുളമാക്കാന്‍ പറ്റുന്നതാണേല്‍ ഞാനും സഹായിക്കാം. എന്തായാലും പറ.
മല്‍ബു മൊബൈല്‍ എടുത്തു കാണിച്ചു.
ദേ പത്ത്‌ മിസ്‌ഡ്‌ കോളാ. രാവിലെ മുതല്‍ തുടങ്ങിയതാ.
പിന്നെ കെട്ടിയോള്‍ക്ക്‌ സമയത്ത്‌ പണം അയച്ചു കൊടുത്തില്ലെങ്കില്‍ പത്തല്ല, നൂറ്‌ മിസ്‌ഡ്‌ കോളും വരും. രൂപയുടെ വില കുറയാന്‍ കാത്തിരുന്നാലേ, അവര്‌ പട്ടിണി കിടന്നു ചാകും.
അതൊന്നും അല്ല മായിനേ കാര്യം.
നീ ഇതെന്താ ഇടതുമുന്നണിക്കാര്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ കാരണം പറയുന്നതുപോലെ വളച്ചു കെട്ടിപ്പറയുന്നേ. ഒന്നു പറഞ്ഞു തുലക്കെടോ.
ഞാനൊരു ജയില്‍ സഹായിയുടെ കാര്യം പറഞ്ഞിരുന്നില്ലേ, ചിരിച്ചു കൊണ്ടുവന്ന മല്‍ബു. അവന്റേതാ മിസ്‌ഡ്‌ കോള്‍.
എന്താ കാര്യം?
കഴിഞ്ഞ മാസം പിടിയിലായ മല്‍ബൂനെ പെട്ടെന്ന്‌ നാട്ടിലേക്ക്‌ കയറ്റിവിടാന്‍ വഴി അന്വേഷിച്ചിരുന്നല്ലോ. അതിനിടെയാണ്‌ ചിരിച്ചു കൊണ്ടുവന്ന പഹയനെ പരിചയപ്പെട്ടത്‌.
ആയിരം റിയാലാ ചോദിച്ചിരുന്നത്‌. അന്നുതന്നെ 500 കൊടുത്തിരുന്നു.
ഒരാഴ്‌ചക്കകം സെല്ല്‌ മാറ്റി നാട്ടിലയക്കാന്‍ ഏര്‍പ്പാടാക്കാമെന്നായിരുന്നു ഓഫര്‍. ദിവസങ്ങളങ്ങനെ കടന്നുപോയിട്ടും ഒന്നും സംഭവിച്ചിരുന്നില്ല.
പലതവണ ചോദിച്ചെങ്കിലും ഉടന്‍ ശരിയാകുമെന്നായിരുന്നു മറുപടി. ഓനെക്കൊണ്ടൊന്നും നടക്കൂലാന്ന്‌ പിന്നീടാ മനസ്സിലായത്‌.
പോയ 500 പോട്ടേന്ന്‌ കരുതി അവനെ ഒഴിവാക്കീതാ.
പോലീസിന്റേയും ജവാസാത്തിന്റേയും പിടിയിലാകുന്നവരെ എളുപ്പം നാട്ടിലെത്തിക്കാമെന്നു പറഞ്ഞ്‌ പണം പിടുങ്ങാന്‍ കുറേ മല്‍ബുകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന കാര്യം പിന്നീടാണ്‌ അറിഞ്ഞത്‌.
പിടിയിലാകുന്നവര്‍ സമയമാകുമ്പോള്‍ നാട്ടിലെത്തുമെന്ന്‌ കരുതി സമാധാനിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.
വിമാന ടിക്കറ്റുമായി ചെന്നാല്‍ നാളെ തന്നെ നാട്ടിലെത്തിക്കാമെന്ന്‌ ചിന്തിക്കുന്ന മല്‍ബുകളുമുണ്ട്‌. പൊട്ടത്തരം അഥവാ മല്‍ബുത്തരം എന്നേ പറയേണ്ടൂ.
അവന്‌ അവസാനം രണ്ടു ദിവസം അവധി നല്‍കീതാ.
രണ്ടു ദിവസത്തിനകം നാട്ടിലെത്തിയാല്‍ ബാക്കി 500 തരാന്ന്‌ പറഞ്ഞതാ. ഇപ്പോള്‍ ഒരു മാസം കഴിഞ്ഞ്‌ മല്‍ബു നാട്ടിലെത്തിയപ്പോഴാ അവന്റെ ഒരു വിളി.
ബാക്കി 500 ഉടന്‍ എത്തിക്കണമെന്ന്‌. അവന്‍ സെല്ല്‌ മാറാന്‍ സഹായിച്ചതു കൊണ്ടാണത്രെ ഇപ്പോഴെങ്കിലും നാട്ടിലെത്താന്‍ കഴിഞ്ഞത്‌.
രാവിലെ തുടങ്ങീതാ വിളി. ഇനിയിപ്പോ സിം മാറ്റേണ്ടി വരുമെന്നാ തോന്നുന്നത്‌.
അവന്‌ പോയി രണ്ട്‌ പൊട്ടിച്ചു കൊടുക്കാ വേണ്ടത്‌ -മായന്‍ അഭിപ്രായം പാസാക്കി.
ശരിയാ. വിസക്കച്ചവടം കുറഞ്ഞപ്പോള്‍ ജയിലും പോലീസ്‌ സ്‌റ്റേഷനും ചുറ്റിപ്പറ്റി തൊഴിലവസരം കണ്ടെത്തിയിരിക്കയാ ചില മല്‍ബുകള്‍.
ജയിലിലാകുന്ന അനധികൃത താമസക്കാര്‍ സമയമാകുമ്പോള്‍ പോകുമെന്ന്‌ അറിയുന്നവരാണ്‌ അവര്‍. അതുകൊണ്ടുതന്നെ സഹായ വാഗ്‌ദാനവുമായി എത്തി തുക പറഞ്ഞുറപ്പിക്കുന്നു അവര്‍. പിടിയിലായ ആള്‍ നാട്ടിലെത്തുന്നതുവരെ അവധി കേള്‍ക്കാം. നാട്ടിലെത്തിക്കഴിഞ്ഞാല്‍ അവര്‍ എത്തുകയായി. പറഞ്ഞുറപ്പിച്ച തുക സ്വീകരിക്കാന്‍ അവകാശവാദവുമായി.
കസ്റ്റഡിയിലായവര്‍ക്കു മുന്നില്‍ അയാള്‍ ചിരിക്കുന്നത്‌ വെറുതെയല്ല- മല്‍ബുച്ചിരി.

5/10/09

ലാസിം സബബ്‌ -കാരണം നിര്‍ബന്ധം

ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ട്‌ മല്‍ബു പിറുപിറുത്തു.
ലാസിം സബബ്‌.
മുറിയില്‍ കാത്തുനിന്നിരുന്ന സഹ മല്‍ബുകള്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല.
കൂട്ടത്തില്‍ ബഖാലയില്‍ ജോലി ചെയ്യുന്ന അയമൂട്ടി അതു തിരിച്ചറിഞ്ഞു.
അതാണോ കാര്യം?
ഇതു തന്നെയല്ലേ പണ്ടേയുള്ള നിയമം. പിന്നെ ആരാ പറഞ്ഞത്‌ മാറീന്ന്‌.
പുതിയവരും പഴയവരുമായ മല്‍ബുകളെല്ലാം കാതോര്‍ത്തു.
അയമൂട്ടി ചോദിച്ചു: നീ അവിടെ അറബി പറഞ്ഞിരുന്നോ?
രാവിലെ വെറും ചായ മാത്രം കുടിച്ച്‌ മഹാ ദൗത്യത്തിനിറങ്ങി നിരാശനായി തിരിച്ചെത്തിയ മല്‍ബു തലയാട്ടിക്കൊണ്ടു പറഞ്ഞു. ഇല്ല.
അറബി പറയരുതെന്ന്‌ നിങ്ങള്‍ മാത്രമല്ല, സബ്‌അ സിത്തീനും പറഞ്ഞിരുന്നു.
സബ്‌അ സിത്തീന്‍ -അറുപത്തിയേഴ്‌
ആരുടെ പേരാ ഇത്‌.
കോട്ടയത്തെ അച്ചായന്‍ സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്‍ സബ്‌അ സിത്തീന്‍ ആയത്‌ വലിയ കഥയൊന്നുമല്ല.
കടലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍. പലരുടേയും പേരുകള്‍ വിളിക്കുന്നു. തന്റെ പേര്‌ വിളിക്കുന്നില്ലെന്ന നിരാശയോടെ അക്ഷമനായി.
അവസാനം രണ്ടു മൂന്ന്‌ പേര്‍ ബാക്കിയായപ്പോഴാണ്‌ കൂട്ടത്തില്‍ ഒരാള്‍ അന്വേഷിച്ചത്‌.
എന്താ നിങ്ങളുടെ പേര്‌?
സെബാസ്റ്റ്യന്‍
കൈയിലുണ്ടായിരുന്ന കടലാസ്‌ വാങ്ങി നോക്കി.
ഓ സബഅ സിത്തീന്‍.
ഇത്‌ ഒരു മണിക്കൂര്‍ മുമ്പേ ഇവിടെനിന്ന്‌ പല തവണ വിളിക്കുന്നത്‌ കേട്ടല്ലോ?
ഒരു മണിക്കൂര്‍ കാത്തുനിന്നെങ്കിലും സെബാസ്റ്റ്യന്‍ കാര്യം സാധിച്ചത്‌ അറബി ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു.
അറബി ക്ലാസില്‍ പോയി പഠിച്ചിരുന്നെങ്കിലും അറിയാത്ത ഭാവത്തിലങ്ങനെ സബ്‌അ സിത്തീന്‍ നിന്നു.
മല്‍ബു കഥ തുടര്‍ന്നു.
പക്ഷേ എന്നോട്‌ അയാള്‍ അറബി മാത്രമേ പറഞ്ഞുള്ളൂ.
ഇംഗ്ലീഷില്‍ പലതും ചോദിച്ചു നോക്കിയെങ്കിലും അയാള്‍ ഒറ്റ അക്ഷരം ഇംഗ്ലീഷില്‍ ഇങ്ങോട്ടു പറഞ്ഞില്ല.
എല്ലാം അറബിയില്‍.
ദൂരെ ബോര്‍ഡ്‌ ചൂണ്ടി തഅ്‌ലീമാത്‌ എന്നും പറഞ്ഞു.
ഭാഷകള്‍ക്ക്‌ ഇങ്ങനെയൊരു സൗകര്യമുണ്ട്‌.
നല്ല ജ്ഞാനമുള്ള കാര്യമായാല്‍ പോലും ചിലപ്പോള്‍ മൗനം പാലിക്കേണ്ടിവരും. മൗനം വിദ്വാനു മാത്രമല്ല മല്‍ബൂനും ഭൂഷണമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നര്‍ഥം. കയര്‍ത്തുകൊണ്ടിരിക്കുന്ന കഫീലിനു മുന്നിലും പൊരിവെയിലത്ത്‌ മോട്ടോര്‍ സൈക്കിളുമായി കാത്തുനിന്ന്‌ ഇരയെ കിട്ടിയല്ലോ എന്നു സന്തോഷിക്കുന്ന ട്രാഫിക്‌ പോലീസുകാരനു മുന്നിലും അന്യായമായി ആളാകാന്‍ ശ്രമിക്കുന്ന ഇടത്തരം ബോസുമാര്‍ക്കു മുന്നിലും എന്നുവേണ്ട അസമയത്ത്‌ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ പോകാനിറങ്ങുന്ന മല്‍ബിക്കു മുന്നില്‍ പോലും മൗനം ആയുധമാക്കാം.
നിയമം മാറീന്ന വാര്‍ത്ത കേട്ട്‌ സന്തോഷിച്ച ആയിരങ്ങളില്‍ ഒരാളാണ്‌ മല്‍ബു.
ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ പാങ്ങുണ്ടെങ്കിലും പ്രായമായ മാതാവിനെ തനിച്ചാക്കി എങ്ങനെ ആ കടുംകൈ ചെയ്യുമെന്ന ചിന്തയിലായിരുന്ന മല്‍ബുവിന്‌ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു അത്‌.
ആര്‍ക്കും വിസിറ്റിംഗ്‌ വിസ കിട്ടും.
കേട്ടവര്‍ കേട്ടവര്‍ ഓഫീസുകളില്‍നിന്ന്‌ ഓഫീസുകളിലേക്ക്‌ ഓടി.
അങ്ങനെ ഇന്റര്‍നെറ്റ്‌ വഴി അപേക്ഷ നല്‍കിയും ഓഫീസുകള്‍ കയറിയിറങ്ങിയും ഒരു വക വിസ കിട്ടുമെന്ന തോന്നാല്‍ പ്രതീക്ഷയായി കടല്‍ കടന്നപ്പോഴാണ്‌ മല്‍ബുവിനു മുന്നില്‍ അതു പൊട്ടീവീണത്‌.
ലാസിം സബബ്‌.
മാതാവിനെ എന്തിനു കൊണ്ടുവരുന്നുവെന്ന്‌ തെളിയിക്കണം. അതായത്‌ കാരണം നിര്‍ബന്ധം.
പൊട്ടനെപ്പോലെ നിന്ന മല്‍ബുവിന്‌ മുന്നില്‍ ഉദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും ലാസിം സബബ്‌ ആവര്‍ത്തിച്ചു.
കാര്യവിവരമുള്ള അയമൂട്ടി പറഞ്ഞു.
മല്‍ബൂ നിനക്ക്‌ ഇനി ഒറ്റ വഴിയേയുള്ളൂ.
ആദ്യം മല്‍ബിയെ കൊണ്ടുവരിക. എന്നിട്ട്‌ പുഷ്‌പിണിയാക്കുക. പിന്നീട്‌ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുക.
അപ്പോള്‍ സബബായി. വിസ റെഡി.

5/9/09

മല്‍ബുവിന്റെ തിരോധാനം

വലിയ ഭാണ്ഡങ്ങളുമായി നാട്ടില്‍ പോകുന്നവരോട്‌ അയാള്‍ക്ക്‌ പരമ പുഛമായിരുന്നു.
കുടുംബ ബന്ധവും സ്‌നേഹവും ഇങ്ങനെ വല്ലതുമൊക്കെ കൊണ്ടുപോയി കൊടുത്ത്‌ നേടേണ്ടതല്ലെന്നും അതു പ്രതിഫലേഛകളൊന്നുമില്ലാതെ, നിഷ്‌കളങ്കമായി നിര്‍ഗളിക്കേണ്ടതാണെന്നുമൊക്കെ ആദര്‍ശം പുരട്ടി അയാളുടെ നാവില്‍നിന്ന്‌ അടര്‍ന്നുവീഴുമ്പോള്‍ ലോറി മാറിപ്പോയി എന്ന പാട്ടു പാടിയാണ്‌ കൂട്ടുകാരനായ മല്‍ബു അതിനെ നേരിടുക.
രാത്രി ആയായാന്നേ എന്താ ചാക്കോച്ചാ. ഓ എന്തരു ചാക്കോച്ചാ.
ലോറി മാറിപ്പോയി..പ്രകൃതം മായിച്ചോനെ..
ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍..
ചിന്താഭാരം ചിന്താഭാരം.. മൂങ്ങാക്കൂട്ടില്‍ ചാടി.
ഇവാന്‍ കുപ്പാലയുടെ റഷ്യന്‍ നാടോടി ഗാനം കേള്‍ക്കുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെ ഈണത്തില്‍ തോന്നും എന്ന്‌ കണ്ടെത്തി ഏതോ മലയാളി വിദ്വാന്‍ ഇന്റര്‍നെറ്റില്‍ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ച ഗാനമാണിത്‌.
മനസ്സിലാകാത്ത തത്വം പ്രസംഗിക്കുന്നവരോട്‌ പ്രതികരിക്കാന്‍ ഇതിലപ്പുറം നല്ല ഒരു പാട്ടില്ല.
മൗനം മല്‍ബൂന്‌ ഭൂഷണം എന്നറിയാത്തതുകൊണ്ടല്ല, ഇങ്ങനെയൊരു പാട്ടു പാടിയെങ്കിലും തനിക്കുമുണ്ട്‌ ചിന്താശേഷിയെന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ താനെന്തൊരു മല്‍ബു.
സ്‌നേഹം അനന്തമായി നിര്‍ഗളിക്കണമെന്ന്‌ പറയാറുള്ള ബുദ്ധിജീവി മല്‍ബു മര്യാദയെക്കുറിച്ചും പഠിപ്പിക്കാറുണ്ട്‌.
ഇംഗ്ലണ്ടിലെ ജന്‍ട്രിയുടെ കഥയാണ്‌ അതിനു പറയാറുള്ളത്‌.
ജന്‍ട്രി ചെറിയ ഒരു കുട്ടിയായിരുന്നു. ഒരു ദിവസം അവന്‍ അമ്മയോടൊപ്പം ബസില്‍ കയറി. സീറ്റ്‌ കണ്ടെത്താനുള്ള തിരക്കിനിടയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ ദേഹത്ത്‌ ചെന്ന്‌ തട്ടി.
സോറി, അറിയാതെ പറ്റിയതാണെന്നു പറഞ്ഞുകൊണ്ട്‌ ക്ഷമ ചോദിച്ചത്‌ യാത്രക്കാരന്‌ നന്നേ ബോധിച്ചു. അയാള്‍ കുട്ടിയെ അടുത്ത്‌ പിടിച്ചിരുത്തി പേരും വിലാസവുമൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ എല്ലാ വര്‍ഷവം ജെന്‍ട്രിക്ക്‌ സമ്മാനം കിട്ടിത്തുടങ്ങി. ബസില്‍ വെച്ചു കണ്ട സഹോദരന്റെ വക എന്നു മാത്രമാണ്‌ അതിലൊക്കെയും എഴുതിയിരുന്നത്‌. പിറന്നാളുകളില്‍ മുറ തെറ്റാതെ വന്നുകൊണ്ടിരുന്നു സമ്മാനം. പതിനേഴ്‌ വയസ്സായപ്പോള്‍ ജെന്‍ട്രിയും കുടുംബവും തണുപ്പ്‌ കൂടിയ പ്രദേശത്തേക്ക്‌ താമസം മാറ്റി. കല്‍ക്കരി കത്തിക്കാതെ കഴിയാന്‍ പറ്റാത്ത വീടായിരുന്നു അത്‌. ഒരു ഐസ്‌ കൂടു തന്നെ. കല്‍ക്കരിയാണെങ്കില്‍ ആവശ്യത്തിനു കിട്ടാനുമില്ല.
അച്ഛനും അമ്മയും തണുത്തു വിറച്ച്‌ മരിച്ചുപോകുമെന്ന്‌ ഭയപ്പെട്ട ജെന്‍ട്രി കല്‍ക്കരിക്ക്‌ വേണ്ടി നെട്ടോട്ടമോടി. കല്‍ക്കരി കമ്പനിയില്‍ ഫോണ്‍ ചെയ്‌തപ്പോള്‍ സ്റ്റോക്കില്ലെന്നും കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞ്‌ പേരും വിലാസവും എഴുതിയെടുത്തു.
രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത്‌ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന്‌ ജെന്‍ട്രിക്ക്‌ എന്നെഴുതിയ ഏതാനും കല്‍ക്കരിച്ചാക്കുകള്‍ വീട്ടിലേക്ക്‌ എടുത്തു വെക്കുന്നു. ഇത്‌ ഞങ്ങളുടെ മാനേജര്‍ തന്നയച്ചതാണെന്നും ബസില്‍ വെച്ചു കണ്ട സഹോദരന്‍ തന്നയച്ചതാണെന്ന്‌ പറയാന്‍ എല്‍പിച്ചതായും അവ കൊണ്ടുവന്നവര്‍ പറഞ്ഞു.
സന്തോഷം കൊണ്ട്‌ സംസാരിക്കാന്‍ കഴിയാതായി ജെന്‍ട്രിക്ക്‌.
ചെറുപ്രായത്തില്‍ കാണിച്ച മര്യാദയുടെ ഫലം.
സ്‌നേഹത്തിന്റെയും മര്യാദയുടെയും കഥകള്‍ക്ക്‌ പഞ്ഞമില്ലാത്ത സഹമുറിയനായ ബുദ്ധിജീവിയോട്‌ മറ്റു മല്‍ബുകള്‍ക്ക്‌ സ്‌നേഹമില്ലാതിരിക്കാന്‍ കാരണം അയാള്‍ കുഞ്ഞാലിക്കുട്ടിയുടെ ആരാധകനായിരുന്നില്ല എന്നതു മാത്രമല്ല.
മറ്റുള്ളവരെ സ്‌നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കുന്ന ബുദ്ധിജീവിക്ക്‌ വ്യത്യാസങ്ങള്‍ പലതായിരുന്നു. കൂട്ടുകാര്‍ പ്‌രാന്തനെന്ന്‌ വിളിക്കുന്ന അയാള്‍ക്ക്‌ നാട്ടില്‍ പോകുന്നതിനേക്കാളേറെ സന്തോഷം നാട്ടില്‍ നിന്ന്‌ തിരിച്ചുവരുമ്പോഴായിരുന്നു. പ്രവാസ ലോകത്തേക്ക്‌ തിരിച്ചെത്തുമ്പോള്‍ ചിരിച്ചുകൊണ്ട്‌ വിമാനമിറങ്ങുന്ന ഒരേ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം.
അങ്ങനെ ഒരു നാള്‍ അപ്രത്യക്ഷനായ മല്‍ബു ബുദ്ധിജീവിയെ കുറിച്ച്‌ ആര്‍ക്കും ഒരു വിവരവുമില്ലാതായി.
അന്വേഷണത്തിനൊടുവില്‍ ഒമ്പതു മാസമായി ജയിലിലുള്ള അയാള്‍ക്ക്‌ ഇപ്പോഴും നിസ്സംഗത തന്നെ. ~
ങാ.., ഒമ്പതു മാസായി. രണ്ടു മാസം കഴിഞ്ഞാ ഇറങ്ങാനാകൂന്നാ തോന്നുന്നത്‌.
പുറംലോകവുമായി ബന്ധപ്പെടാന്‍ സഹ തടവുകാര്‍ക്ക്‌ മൊബൈല്‍ സേവനം നല്‍കുന്ന ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക്‌ എന്തൊരു ലാഘവം!
ഇന്തോനേഷ്യന്‍ യുവതിയോടൊപ്പം പിടിയിലായ കഥാപുരുഷന്‌ നാട്ടിലേക്കുള്ള യാത്ര വിരസമായി തോന്നിയതിന്റെ ഗുട്ടന്‍സ്‌ അപ്പോഴാണ്‌ കൂട്ടുകാര്‍ക്ക്‌ പിടികിട്ടിയത്‌.
Related Posts Plugin for WordPress, Blogger...