3/7/09

റസൂലിന്റെ നാട്ടുകാരനാ...



പത്രം ഓഫീസിലേക്ക്‌ വിളിച്ച മല്‍ബു പറഞ്ഞു:
ഒരു വാര്‍ത്ത കൊടുക്കാനുണ്ടായിരുന്നു. റസൂലിനുള്ള അഭിനന്ദനമാ. ഫാക്‌സില്‍ അയച്ചിട്ടുണ്ട്‌.
അതില്‍ റസൂല്‍ എന്നു മാത്രമേ എഴുതിയിട്ടുള്ളൂ കേട്ടോ. അങ്ങനെ കൊടുത്തേക്കരുതേ. റസൂല്‍ പൂക്കുട്ടി എന്നുതന്നെ കൊടുക്കണം.
അതെന്താ അങ്ങനെ?
റഹ്‌മാനും റസൂലും കൂടി ആകെ കുടുങ്ങിയിരിക്കാ. അറബികളോടൊന്നും അവരുടെ പേരു പറയാന്‍ പറ്റുന്നില്ല. കേള്‍ക്കുമ്പോള്‍ അവര്‍ മൂക്കത്ത്‌ വിരല്‍ വെക്കുന്നു. അതോണ്ട്‌ ഇപ്പോള്‍ എ.ആര്‍, പൂക്കുട്ടി എന്നൊക്കെയാ പറയാറ്‌.
പക്ഷെ, അങ്ങനെയാണെങ്കിലും നമുക്ക്‌ ഇപ്പോള്‍ നല്ല നിലയും വിലയുമൊക്കെയുണ്ട്‌.
മുണ്ട്‌ കുത്തിയുടുത്ത്‌ നടക്കുന്ന മല്‍ബു ഓസ്‌കര്‍ തിളക്കത്തിലല്ലേ?
തലയെടുപ്പോടെ നടക്കാം.
ചന്ദ്രനില്‍ നമ്മുടെ പതാക പറപ്പിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ്‌ ഈ തലയെടുപ്പ്‌.
അന്ന്‌ അറബി പത്രത്തില്‍ വന്ന ലേഖനവുമായിട്ടായിരുന്നു നടപ്പ്‌.
ഇപ്പോള്‍ ഇതാ റസൂല്‍ പൂക്കുട്ടിയും മല്‍ബുവിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു.
പിന്നെ, അയച്ച വാര്‍ത്ത ഒട്ടും കുറക്കരുത്‌ കേട്ടോ.
ഇത്ര ദീര്‍ഘമായി എഴുതിയാല്‍ എങ്ങനെ പത്രത്തിലിടും? -എഡിറ്ററുടെ മറുപടി.
എല്ലാവരുടേയും പേര്‌ കൊടുക്കണം സാറേ. ഇല്ലെങ്കില്‍ ആകെ കുഴപ്പമാകും. എല്ലാവരും വി.ഐ.പികളാ. ആരുടെയെങ്കിലും പേര്‌ വിട്ടുപോയാല്‍ അവരെന്നോട്‌ ശണ്‌ഠ കൂടും.
സാറിനു നിര്‍ബന്ധമാണെങ്കില്‍ റഹ്‌മാന്റേയും പൂക്കുട്ടിയുടേയും പോരിശ കുറച്ച്‌ ഒഴിവാക്കിക്കോ. അതേ ഒരു മാര്‍ഗമുള്ളൂ. അതൊക്കെ എമ്പാടും പത്രത്തില്‍ വന്നതാണല്ലോ?
പൂക്കുട്ടിയുടെ മറവില്‍ സ്വന്തം പൂക്കുറ്റി പൊട്ടിക്കാന്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും അത്തരം ഉപായങ്ങള്‍ക്കൊന്നും മെനക്കെടാതെ തന്നെ ആനന്ദാശ്രു പൊഴിച്ച മല്‍ബുകള്‍ ധാരാളം കാണും.
കൊച്ചു കുട്ടികള്‍ക്ക്‌ പുസ്‌തകങ്ങള്‍ നല്‍കുമ്പോഴും വീല്‍ചെയര്‍ സമ്മാനിക്കുമ്പോഴും മാത്രമല്ല, ചരമവാര്‍ത്തയില്‍ പോലും പേരച്ചടിച്ച്‌ ഞെളിയുന്നവര്‍ക്ക്‌ ഒരു പൂക്കുട്ടി സുഖം ലഭിച്ചതിന്‌ ആരേയും കുറ്റം പറയേണ്ട.
മരിച്ചയാളുടെ പേര്‌ വന്നില്ലെങ്കില്‍ പോലും ബന്ധുക്കളുടെ പേരും പദവിയും വരുന്നതിലാണ്‌ കാര്യം. സമ്മാനം ഏറ്റുവാങ്ങുന്ന കുട്ടിയെ ഫോട്ടോയില്‍ കണ്ടില്ലെങ്കിലും കുട്ടിക്കു ചുറ്റും ജിറാഫുകളെ പോലെ ഉയര്‍ന്നുനില്‍ക്കണം സംഘടനക്കാര്‍.
ഓസ്‌കറിലൂടെ യശസ്സുയര്‍ന്നപ്പോള്‍ വിളക്കുപാറ ഉള്‍പ്പെടുന്ന ജില്ലക്കാര്‍ മാത്രമല്ല, മറ്റു ഭാഗങ്ങളിലുള്ള മല്‍ബുകളും സന്തോഷം പങ്കിട്ടിരുന്നു. സ്വയം സന്നദ്ധരായി മറ്റുള്ളവരെ മധുരം തീറ്റിച്ചവരും അതിനു മുന്നോട്ടുവരാത്ത പിശുക്കന്മാരെ പഴുപ്പിച്ച്‌ ചെലവ്‌ ചെയ്യിച്ചവരും കാണും.
ജോലിക്കുള്ള അപേക്ഷയില്‍ ഇനി റസൂലിന്റെ നാട്ടുകാരെന്ന്‌ പ്രത്യേകം എഴുതാം അല്ലേ?
എന്തായാലും ഒരു ചെറിയ പരിഗണന ഇല്ലാതിരിക്കുമോ?
റസൂല്‍ പൂക്കുട്ടിയുടെ വീട്ടിനടുത്താണോ നിങ്ങള്‍?
ഒരു നൂറു കിലോമീറ്റര്‍ അടുത്തു വരും. അതിനെന്താ സാറേ. അറബികള്‍ക്കെവിടെ വിളക്കുപാറയും ചുവന്ന കുന്നും ചേറ്റംകുന്നും തിരിച്ചറിയുന്നു.
എല്ലാം മല്‍ബുകള്‍ തന്നെ. മലബാരികള്‍.
അതിന്‌ റസൂലിന്റെ നാട്‌ ഇപ്പോള്‍ മുംബൈയിലല്ലേ? ബാല്‍താക്കറേയുടെ നാട്ടുകാരന്‍ എന്നതാകും കൂടുതല്‍ ശരി.
സോണിയാ ഗാന്ധി മാത്രമല്ല, അദ്വാനിയും ജയ്‌ഹോ പാടുന്നതിനാല്‍ തല്‍ക്കാലം ബാല്‍താക്കറെ പുറത്താക്കില്ലെന്നു കരുതാം.
ശങ്ക വേണ്ട, ഓസ്‌കര്‍ സ്വീകരിച്ചുകൊണ്ട്‌ കൊഡാക്‌ തിയേറ്ററില്‍ പൂക്കുട്ടി കാച്ചിയത്‌ കേള്‍ക്കാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ. ആ കാച്ചലില്‍ താക്കറെയും അദ്വാനിയും മാത്രമല്ല, സാക്ഷാല്‍ തൊഗാഡിയ പോലും വീണിട്ടുണ്ടാകും.
ഓസ്‌കര്‍ മഹിമ കൊണ്ട്‌ നാട്ടില്‍ എങ്ങനെ നാല്‌ വോട്ട്‌ നേടാനാകുമെന്നാണ്‌ സോണിയാ ഗാന്ധിയും അദ്വാനിയും നോക്കുന്നത്‌.
അന്താരാഷ്‌ട്ര തലത്തില്‍ അതിന്റെ വ്യാപാര സാധ്യത അളക്കുന്നത്‌ പാവം മല്‍ബു മാത്രം.

3/1/09

പുസ്‌തകങ്ങള്‍ വെറുതെ




ആമസോണ്‍ വിതരണക്കാര്‍ ബ്രിട്ടനിലെ ഒരു പുസ്‌തക ഗോഡൗണ്‍ ഉപേക്ഷിച്ചത്‌ പുസ്‌തക പ്രേമികള്‍ക്ക്‌ കൊയ്‌ത്തായി.
പുസ്‌തകങ്ങള്‍ ഇങ്ങനെ ഉപേക്ഷിക്കാമോ അത്‌ ഏതെങ്കിലും ലൈബ്രറിക്ക്‌ കൊടുത്തൂകൂടേ എന്നൊക്കെ ചോദിക്കുന്നവുരുണ്ടെങ്കിലും ബ്രിസ്റ്റളില്‍ ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങള്‍ തെരഞ്ഞുപിടിച്ച്‌ സ്വന്തമാക്കിയവര്‍ നിരവധി. പുസ്‌തകങ്ങള്‍ കെട്ടിക്കൊണ്ടു പോകാന്‍ ബാഗും കയറുമൊക്കെ ആയിട്ടായിരുന്നു ആളുകളുടെ വരവ്‌.
പുസ്‌തകങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ടുള്ള തിക്കിലും തിരിക്കിലും ആളപായമൊന്നുമില്ല.

പേഞ്ഞാളത്തം




പേഞ്ഞാളും എന്നത്‌ അത്ര ഗുരുതരമായ കുറ്റമോ അസുഖമോ ഒന്നുമല്ല.
മല്‍ബു അത്‌ പഠിച്ചതും പയറ്റുന്നതും പ്രവാസ ലോകത്താണ്‌.
കണ്‍സ്യൂമര്‍ ഈസ്‌ ദ കിംഗ്‌ എന്നൊക്കെ ചൊല്ലി പഠിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ മല്‍ബു പേഞ്ഞാളനല്ല. ഒന്നിനും വിലപേശില്ലെന്നര്‍ഥം. അങ്ങനെയെങ്ങാനും ഒരു മല്‍ബു നാട്ടിലെത്തിപ്പെട്ടാല്‍ ചുറ്റുമുള്ളവര്‍ മൂക്കത്തു വിരല്‍വെക്കും.
തല്ലിക്കൊല്ലണമെന്ന്‌ മീന്‍കാരും ഇറച്ചിക്കാരും ആശാരിമാരും വിധിയെഴുതും.
നാട്ടില്‍ മല്‍ബുവിനില്ലാത്ത പേരുദോഷങ്ങളൊന്നുമില്ല. കൂലി വര്‍ധിപ്പിച്ചവന്‍, മീനിന്‌ വില കയറ്റിയവന്‍ തുടങ്ങി എത്രയോ അപകീര്‍ത്തികള്‍.
പക്ഷേ, വിയര്‍പ്പൊഴുക്കുന്ന നാട്ടില്‍ പേഞ്ഞാളനാകാതെ തരമില്ലല്ലോ. പേയാതെ എങ്ങനെ മറുനാട്ടില്‍ കാത്തിരിക്കുന്നവര്‍ക്ക്‌ പുഞ്ചിരി സമ്മാനിക്കും?
ലിമോസിന്‍ ജോലി എങ്ങനുണ്ട്‌?
പാരകളുടെ ഇരയായി വലിയ ഫാക്‌ടറിയിലെ ജോലി നഷ്‌ടപ്പെട്ട ശേഷം ലിമോസിന്‍ കമ്പനിയില്‍ അഭയം തേടിയ മല്‍ബുവിനോടാണ്‌ ചോദ്യം.
മനസ്സമാധാനം തന്നെ പ്രധാനം. ബോസ്‌ ചമയുന്ന മല്‍ബുകളെ കാണേണ്ടതില്ലല്ലോ. കുത്തിത്തിരിപ്പില്‍നിന്നും പാരകളില്‍നിന്നും മോചനം. പണിയെടുത്താല്‍ മെച്ചം തന്നെയാ. നടുവേദന വന്ന്‌ വെറുതെ ഇരുന്നാല്‍ അന്ന്‌ കമ്പനിയില്‍ അടക്കേണ്ട കാശ്‌ വെറെ കാണണം.
പിന്നെ മല്‍ബുകളും ഈ നാട്ടുകാരും കയറാതിരുന്നാല്‍ മതി.
അതെന്താ അങ്ങനെ?
പേഞ്ഞാളൂന്നേ. കിട്ടുന്നെങ്കില്‍ യൂറോപ്യന്മാരെ കിട്ടണം. മറ്റേതു നാട്ടുകാരായാലും കൊള്ളാം. മല്‍ബുകളെ വേണ്ട.
യൂറോപ്യരുമായി മല്‍ബുകളെ താരതമ്യം ചെയ്യാനൊക്കുമോ? അവര്‍ക്കൊക്കെ കിട്ടുന്ന ശമ്പളവും സൗകര്യങ്ങളുമൊക്കെ നോക്കിയാല്‍ മല്‍ബുവിന്‌ രണ്ട്‌ റിയാല്‍ ബസില്‍ കയറാന്‍ പോലും പാങ്ങില്ല. അതോണ്ട്‌ അവരെ വേറെ തന്നെ കാണണം.
ന്നാലും ഇങ്ങനെയുണ്ടോ ഒരു പേഞ്ഞാളത്തം. ഇരുപതും പതിനഞ്ചും ആരും നല്‍കുന്ന ഓട്ടത്തിന്‌ മല്‍ബു പത്ത്‌ റിയാലേ നല്‍കൂ. അഞ്ചിന്‌ പോകാമോ എന്ന്‌ ചോദിക്കുന്നവരുമുണ്ട്‌.
പത്ത്‌ മല്‍ബൂനെ കിട്ടുന്നിടത്ത്‌ ഒരു വെളുത്തോനെ കിട്ടിയാല്‍ മതി.
അങ്ങനെയൊന്നുമല്ല.
കഥ പറഞ്ഞാല്‍ മല്‍ബു മനസ്സറിഞ്ഞു കൊടുക്കും.
അതെങ്ങനാ?
പത്ത്‌ റിയാല്‍ പറഞ്ഞുറപ്പിച്ച്‌ ലിമോസിനില്‍ കയറിയ മല്‍ബൂനോട്‌ പന്ത്രണ്ടര റിയാലെങ്കിലും തന്നൂടെ എന്നു ചോദിച്ചായിരുന്നു പാക്കിസ്ഥാനി ഡ്രൈവര്‍ കഥ തുടങ്ങിയത്‌.
ആദ്യം ഒരു സ്‌ത്രീയുടെ കഥ. പിന്നെ ഒരു ഒമാനിയുടേയും.
പത്ത്‌ റിയാല്‍ പറഞ്ഞുറപ്പിച്ചായിരുന്നു യാത്രക്കാരി കാറില്‍ കയറിയത്‌. ഇടയ്‌ക്കൊന്ന്‌ ബാങ്കിലും മെഡിക്കല്‍ ഷോപ്പിലും കയറി.
സമയം നീണ്ടപ്പോള്‍ അക്കാര്യം ഓര്‍മിപ്പിച്ച ഡ്രൈവറോട്‌ സാരമില്ല, അധികം റിയാല്‍ നല്‍കിക്കോളാമെന്നായിരുന്നു അവരുടെ മറുപടി.
പറഞ്ഞുറപ്പിച്ചതിന്റെ മൂന്നിരട്ടിയെങ്കിലും വാങ്ങണമെന്ന്‌ മനസ്സില്‍ കണക്കുകൂട്ടിയ ഡ്രൈവറെ അമ്പത്‌ റിയാല്‍ നല്‍കി അമ്പരപ്പിച്ചുകളഞ്ഞു യാത്രക്കാരി.
മുപ്പത്‌ മതി.
വിനയാന്വിതനായി മാറിയ ഡ്രൈവറോട്‌ തൃപ്‌തിപ്പെട്ടു നല്‍കുന്നതാണെന്ന്‌ യാത്രക്കാരി.
പിന്നെ എന്തിനു വാങ്ങാതിരിക്കണം?
വിമാനത്താവളത്തിലേക്കായിരുന്നു ഒമാനിയുടെ യാത്ര.
യാത്ര അവസാനിച്ചപ്പോള്‍ എത്രയായെന്ന്‌ ചോദ്യം.
500 റിയാലായെന്ന മറുപടി കേട്ട്‌ ഒമാനി ഞെട്ടിയൊന്നുമില്ല.
പോക്കറ്റിലും പഴ്‌സിലുമൊക്കെ തപ്പി 440 തികച്ചു. തല്‍ക്കാലം ഇത്രയേയുള്ളൂ.
ഇതൊന്നും വേണ്ട. എനിക്ക്‌ 50 മതി.
അല്ല എടുത്തോളൂ. ഞാന്‍ തൃപ്‌തിപ്പെട്ടു നല്‍കുന്നതാ. ഞാന്‍ ഏതായാലും നാട്ടിലേക്ക്‌ പോകുന്നതാ. സന്തോഷായിട്ട്‌ തരുന്നതാ. എടുത്തോളൂന്നേ.
പിന്നെ എന്തിനു മടിക്കണം?
50 റിയാലിന്റെ ഓട്ടത്തിനു കിട്ടിയത്‌ 440.
പിന്നെ അന്ന്‌ എന്താണ്‌ ചെയ്‌തതെന്നോ?
എന്തോന്നാ ചെയ്‌തത്‌?
കുളിച്ച്‌, സുഖമായി കിടന്നുറങ്ങി. അത്ര തന്നെ.
കഥ തീര്‍ന്നപ്പോഴേക്കും മല്‍ബുവിന്‌ ഇറങ്ങാറായിരുന്നു.
പന്ത്രണ്ടരക്ക്‌ പകരം പതിനഞ്ച്‌ റിയാലെടുത്തു കൊടുത്ത മല്‍ബുവിനോട്‌ ഡ്രൈവര്‍-
ബാക്കി വേണോ?
ഏയ്‌ വേണ്ട എടുത്തോളൂ.
തൃപ്‌തിപ്പെട്ട്‌ നല്‍കുന്നതാണല്ലോ?
അതെ, അതെ.
പത്തിനുറപ്പിച്ച്‌ ലിമോസിനില്‍ കയറിയ മറ്റൊരു മല്‍ബുവും വീണത്‌ ഡ്രൈവറുടെ വാഗ്വിലാസത്തില്‍തന്നെ.
ശരിക്കും ഇത്‌ പതിനഞ്ച്‌ റിയാലിന്റെ ഓട്ടമുണ്ട്‌.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്‌.
പത്തിനു സമ്മതിക്കുന്ന ഡ്രൈവര്‍മാര്‍ യാത്ര അവസാനിക്കുന്നതുവരെ നിങ്ങളെ ശപിക്കുകയായിരിക്കും.
കണ്ടില്ലേ റോഡിലെ തിരക്ക്‌. ഇവിടെ കുടുങ്ങിയാല്‍ നിങ്ങളെ ശപിക്കാത്ത ഒരു ഡ്രൈവറുമുണ്ടാകില്ല.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്‌.
മറ്റുള്ളവര്‍ മനസ്സിലിങ്ങനെ ശപിച്ചു ശപിച്ചുകൊണ്ടായിരിക്കും ഓടിക്കുക.
ശാപത്തെ കുറിച്ച്‌ പറഞ്ഞുപറഞ്ഞ്‌ യാത്ര അവസാനിച്ചപ്പോള്‍ ഇരുപത്‌ റിയാല്‍ കൊടുത്ത മല്‍ബൂനോട്‌ ബാക്കി അഞ്ച്‌ മതിയല്ലോ അല്ലേ?
മതി.
അതും ഒരു പാക്കിസ്ഥാനി ഡ്രൈവറായിരുന്നു.

2/25/09

തല മാറ്റിയ മല്‍ബു




മധുവിധു ആഘോഷിക്കാന്‍ ജിദ്ദ നഗരത്തിലേക്കു വന്നതാണ്‌ ദമ്പതികള്‍. ചെറുതെങ്കില്‍ ചെറുത്‌, ഒരു യാത്ര ഇല്ലാതെ എന്തു ഹണിമൂണ്‍ എന്നായിട്ടുണ്ടല്ലോ. അങ്ങനെ നഗരത്തിലെത്തിയ ഒരു പൊട്ടന്‌ മണവാട്ടിയെ തന്നെ നഷ്‌ടപ്പെട്ട സംഭവമുണ്ടായി.
ആരെങ്കിലും അടിച്ചുമാറ്റിയതായിരിക്കും, അല്ലേ?
തോക്കില്‍ കയറി വെടിവെക്കാതെ. അങ്ങനെയൊന്നുമല്ല. മണവാളന്റെ പൊട്ടത്തരം കൊണ്ടു മാത്രം സംഭവിച്ചതാ.
ശരിക്കും ഉണ്ടായതാണോ?
അതെ, നാട്ടുകാരൊക്കെ അറിഞ്ഞു. പത്രത്തിലൊക്കെ വന്നു. പെണ്ണിന്റെ ബാപ്പയും ആങ്ങളമാരും ക്ഷമയുള്ളവരായതുകൊണ്ടാ മണവാളനു ജീവന്‍ തിരിച്ചു കിട്ടിയത്‌.
എന്തായാലും വലിച്ചുനീട്ടാതെ സംഭവം പറ. കേള്‍ക്കാന്‍ ധൃതിയായി.
വിദൂര ഗ്രാമത്തില്‍നിന്ന്‌ നഗരത്തിലെത്തിയതായിരുന്നു നവ ദമ്പതികള്‍.
യുവതികളുടെ രക്ഷിതാക്കള്‍ വിവാഹമൂല്യം കുറച്ചുകൊണ്ട്‌ യുവാക്കളെ സഹായിക്കണമെന്ന കാമ്പയിന്‍ തുടങ്ങിയതിനുശേഷമാണോ ഇവരുടെ വിവാഹം എന്നറിയില്ല.
അങ്ങനെയൊരു കാമ്പയിനുണ്ടോ?
പിന്നെ, രണ്ടു മൂന്ന്‌ വെബ്‌സൈറ്റുകളിലൂടെ വമ്പിച്ച പ്രചാരണമല്ലേ നടക്കുന്നത്‌. മഹര്‍ തുക കുറച്ച്‌ വിവാഹം എളുപ്പമാക്കുന്നില്ലെങ്കില്‍ നാട്ടുകാരെ വേണ്ടെന്നുവെച്ച്‌ വിദേശത്തുപോയി കെട്ടുമെന്നാണ്‌ യുവാക്കളുടെ ഭീഷണി.
ശരിയാ. ഇങ്ങനെയൊരു കാമ്പയിന്‍ അത്യാവശ്യം തന്നെയാ. പെണ്‍മക്കളുണ്ടെന്നുവച്ച്‌ അവരെ വിട്ടുകൊടുക്കാന്‍ ഇങ്ങനെയുമുണ്ടോ ഒരു മഹ്‌ര്‍ ചോദിക്കല്‍. ശരിക്കും ചൂഷണം തന്നെയാ ഇത്‌.
മല്‍ബൂന്റെ നാട്ടിലാണെങ്കില്‍ പത്ത്‌ മാര്‍ച്ച്‌ കഴിയേണ്ട സമയം കഴിഞ്ഞു.
താങ്ങാനാവാത്ത മഹ്‌ര്‍ ചോദിച്ച്‌ വലയ്‌ക്കുന്ന പിതാകിങ്കരന്മാര്‍ക്കെതിരെ യുവജനരക്ഷാ മാര്‍ച്ച്‌.
അതിരിക്കട്ടെ, നമ്മുടെ കഥയിലേക്ക്‌ വരാം.
ഒന്നു രണ്ടാഴ്‌ച കഴിഞ്ഞ്‌ മടങ്ങിയാല്‍ മതിയെന്ന്‌ തീരുമാനിച്ച ദമ്പതികള്‍ ഫര്‍ണിഷ്‌ഡ്‌ അപ്പാര്‍ട്ടുമെന്റിലാണ്‌ താമസം തുടങ്ങിയത്‌. രണ്ടാം ദിവസം ഉച്ചക്ക്‌ ഫാസ്റ്റ്‌ ഫുഡ്‌ വാങ്ങാന്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക്‌ പോയ മണവാളന്‌ അക്കിടി പറ്റി. തിരിച്ച്‌ അപ്പാര്‍ട്ട്‌മെന്റിലെത്താനുള്ള വഴി മറന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ പേരും മറന്നു. ടെലിഫോണ്‍ നമ്പറില്ല. മണവാട്ടിയുടെ കൈയിലും ഫോണില്ല.
എത്ര നേരാ വിഷണ്ണനായി നില്‍ക്കുക. പുള്ളിക്കാരന്‍ നേരെ സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങിപ്പോയി.
മണവാട്ടി എങ്ങനെയെങ്കിലും എത്തിക്കോളും എന്നാണോ അയാള്‍ വിചാരിച്ചിരുന്നതെന്നറിയില്ല.
ഭക്ഷണം വാങ്ങാന്‍ പോയ മണവാളനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ മുഷിഞ്ഞ മണവാട്ടിക്ക്‌ പരിഭ്രമം തുടങ്ങി.
അതു പിന്നെ പറയാനുണ്ടോ. എങ്ങനെ പരിഭ്രമിക്കാതിരിക്കും? വിദൂര ഗ്രാമത്തില്‍നിന്ന്‌ തീരെ പരിചയമില്ലാത്ത നഗരത്തിലെത്തുക. ഉച്ചക്ക്‌ ഭക്ഷണം വാങ്ങാന്‍ പോയ ഭര്‍ത്താവ്‌ രാത്രിയായിട്ടും അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്താതിരിക്കുക. ആരായാലും പരിഭ്രമിക്കും.
മണവാട്ടി ഏതായാലും ബുദ്ധിമതിയായിരുന്നു. ഗ്രാമത്തിലുള്ള സഹോദരനുമായി ബന്ധപ്പെട്ട്‌ വിവരം അറിയിച്ചു.
പരിഭ്രാന്തരായ സഹോദരനും പിതാവും മരുമോന്റെ വീട്ടില്‍ വിവരം അറിയിക്കാമെന്ന്‌ കരുതി അവിടെ ചെന്നു.
അപ്പോള്‍ അതാ കഥാപുരുഷന്‍ അവിടെ ഇരുന്ന്‌ സിഗരറ്റ്‌ വലിക്കുന്നു. ഭാര്യ എപ്പോള്‍ എത്തുമെന്ന ചിന്ത മൂത്തായിരിക്കാം സിഗരറ്റ്‌ വലിച്ചു തള്ളിത്തുടങ്ങിയത്‌.
സിഗരറ്റ്‌ പുകച്ചില്ലെങ്കില്‍ എങ്ങനെ ചിന്താമഗ്‌നനാകും? ഈയിടെ മല്‍ബുവിന്റെ ഒരു ഇലക്‌ട്രോണിക്‌സ്‌ റിപ്പയര്‍ കടയിലെത്തിയ ഒരാള്‍ സിഗരറ്റ്‌ വലിക്കാത്ത മല്‍ബു ടെക്‌നീഷ്യനെ കണ്ട്‌ അത്ഭുതം കൂറിയത്രെ.
സിഗരറ്റ്‌ പോലും വലിക്കാതെ എന്തു മുഹന്തിസ്‌ എന്നായിരുന്നുവത്രെ ചോദ്യം.
മണവാളനിലേക്ക്‌ വരാം.
മകളെ ഏതോ നഗരത്തിലാക്കി നാട്ടിലേക്ക്‌ മടങ്ങിവന്ന മരുമോനെ കൂടുതല്‍ വിശദീകരിക്കാനൊന്നും പരിഭ്രാന്തനായ ആ പിതാവ്‌ അനുവദിച്ചില്ല. എല്ലാം അവിടെവെച്ച്‌ അവസാനിപ്പിച്ചു.
കഥാനായകന്‍ മല്‍ബു അല്ലായിരിക്കും, അല്ലേ?
ഏയ്‌, മല്‍ബു അല്ല. അറബി തന്നെ.
മല്‍ബു കാണിക്കാറുള്ളത്‌ അതിലും വലിയ പൊട്ടത്തരമല്ലേ. അതുവെച്ചു നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം.
അതോണ്ടാണല്ലോ, അയല്‍ സംസ്ഥാനക്കാരന്‍ പ്രേമിച്ച പെണ്ണിന്‌ വ്യാജ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചു കൊടുക്കുകയെന്ന പൊട്ടത്തരത്തിന്‌ മല്‍ബു മുതിര്‍ന്നത്‌.
തല മാറ്റിയ പാസ്‌പോര്‍ട്ടില്‍ സൗദി വനിതയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടിറക്കിയ മംഗലാപുരത്തുകാരന്‍ ഇപ്പോള്‍ ജയിലിലാണ്‌. കൂട്ടുകാരന്‍ മല്‍ബുവാണ്‌ ബുദ്ധി ഉപദേശിച്ചതെന്നും തലമാറ്റിയ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചതെന്നുമാണ്‌ അയാള്‍ നല്‍കിയ മൊഴി.
ഡ്രൈവിംഗ്‌ ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം നല്‍കാറുള്ള ഇന്ത്യന്‍ ലൈസന്‍സിന്റെ വ്യാജനെ ഫ്‌ളാറ്റിന്റെ മുകളില്‍ വെയിലത്തുവെച്ച്‌ ഉണക്കിയെടുക്കാന്‍ കാണിക്കാറുള്ള ജാഗ്രതപോലും പൊട്ടന്‍ മല്‍ബു ഇക്കാര്യത്തില്‍ കാണിച്ചില്ല.
സൗദി പൗരത്വമുള്ളയാള്‍ക്ക്‌ ജനിച്ച, ഒറ്റ ഇന്ത്യന്‍ ഭാഷയും അറിയാത്ത പെണ്ണിനെ, രണ്ടാം പാസ്‌പോര്‍ട്ടുകാര്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊല്ലത്തുകാരിയുടെ പാസ്‌പോര്‍ട്ടില്‍ കാഴ്‌ചവെക്കണമെങ്കില്‍ കുറഞ്ഞ പൊട്ടത്തരമൊന്നും പോരാ. മല്‍ബുത്തരം തന്നെ വേണം.
Related Posts Plugin for WordPress, Blogger...