3/23/08

ഗുട്ടന്‍സറിയാതെ പാവം സ്വര്‍ണം

സൗദിയില്‍ വെക്കേഷന്‍ കാലം അടുക്കുകയായി. നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തവണയും കുറച്ച്‌ പൊന്ന്‌്‌ വാങ്ങാതെ എങ്ങനെ പോകുമെന്ന ചോദ്യം പ്രിയതമ എറഞ്ഞു കഴിഞ്ഞു. പ്രവാസി കുടുംബങ്ങള്‍ നാട്ടിലെത്തിയാല്‍ ബന്ധുക്കളും കൂട്ടുകാരികളുമൊക്കെ ചോദിക്കാറുള്ളതവയില്‍ ഒരു പ്രധാന ചോദ്യം എന്തൊക്കെ ആഭരണങ്ങള്‍ കൊണ്ടുവന്നു എന്നതാണ്‌. ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങള്‍ വെക്കേഷനായതിനാല്‍ സ്വര്‍ണ വിലയിലെ കുതിപ്പും കിതപ്പും നിരീക്ഷിച്ചു വരികയാണ്‌ പ്രവാസികള്‍. വില അല്‍പം കുറഞ്ഞുകിട്ടിയെങ്കില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും വല്ലതും വാങ്ങാനാണ്‌ ഈ നോട്ടം.വീട്ടുകാരിയുടെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ അല്‍പം ഇടിവുണ്ടായപ്പോള്‍ അഞ്ചു പവന്റെ ആഭരണം വാങ്ങി.അവരാകട്ടെ എല്ലാ വര്‍ഷവും ഇങ്ങനെ സ്വര്‍ണം വാങ്ങിക്കൂട്ടുമത്രെ. അമേരിക്കയിലെ ഓളങ്ങളില്‍ ഓഹരി വിപണിയും ഉലഞ്ഞതോടെ സ്വര്‍ണം വലിയ നിക്ഷേപ സാധ്യതയായി മാറിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാരി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ്‌ മറ്റൊന്നാണ്‌. അവര്‍ ഭര്‍ത്താവിനോട്‌ പറഞ്ഞുപോലും. മക്കളില്ലാത്ത നമ്മളെ ആപത്ത്‌ കാലത്ത്‌ ആരെങ്കിലും നോക്കണമെങ്കില്‍ ഇങ്ങനെ വല്ലതും സൂക്ഷിച്ചേ തീരൂ എന്ന്‌്‌.അവര്‍ക്ക്‌ സ്വര്‍ണത്തേക്കാളും തിളങ്ങുന്ന സന്താനങ്ങളേ നല്‍കണേ എന്ന പ്രാര്‍ഥനയോടെ...

3/20/08

പുനര്‍ഭവ


പുനര്‍ഭവ
വൈകല്യങ്ങളുമായി ജീവിക്കുന്നവര്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു. രാജ്യത്ത്‌ 21 ദശലക്ഷത്തോളം പേര്‍ വൈകല്യങ്ങളുമായി മല്ലടിച്ച്‌ ജീവിതം മുന്നോട്ടുനീക്കുന്നുവെന്നാണ്‌ ഔദ്യോഗകി കണക്ക്‌. അതിലേറെ വരുമെന്ന്‌ അനൗദ്യോഗിക കണക്കുകളും പറയുന്നു. നിസ്സാര വൈകല്യങ്ങള്‍ കൂടി കണക്കിലെടുത്താന്‍ എണ്ണം 60 ദശലക്ഷം വരുമെന്ന്‌ വിവിധ ഏജന്‍സികള്‍ കണക്കാക്കുന്നു.വൈകല്യങ്ങളുമായി ജീവിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും പുതിയ വെബ്‌ സൈറ്റ്‌ ഉതകുമെന്നാണ്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. വികലംഗരുടെ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ ലഭിക്കും.
http://www.punarbhava.in/

3/7/08

മക്കളേ ഓനെ ഇറക്കണ്ട

മക്കളേ ഓനെ ഇറക്കണ്ട
എം. അഷ്‌റഫ്‌
മലയാളം ന്യൂസ്‌- 2008 മാര്‍ച്ച്‌ ഏഴ്‌

സാമൂഹിക സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ക്ക്‌ പൂക്കാലമാണിപ്പോള്‍. സേവന സംരംഭങ്ങള്‍ക്കുള്ള അവസരങ്ങള്‍ കൂടിക്കൂടി വരുന്നു. നാട്ടിലെ പാര്‍ട്ടികള്‍ക്ക്‌ ജനപിന്തുണ ഉറപ്പാക്കാനുള്ള പരിമിത ലക്ഷ്യം മുതല്‍ ജനസേവനത്തിലൂടെ ദൈവപ്രീതി കരസ്ഥമാക്കാമെന്ന ഉന്നത ലക്ഷ്യംവരെയുള്ള സംഘടനകള്‍ മത്സരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ അത്‌ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക്‌ ആശ്വാസമാകുമെന്നതിലും തര്‍ക്കമില്ല. സ്വപ്‌നങ്ങളൊക്കെ കരിഞ്ഞുണങ്ങി നാട്ടിലേക്ക്‌ മടങ്ങി, ദുരിതം പേറുന്ന മുന്‍ പ്രവാസികള്‍ക്ക്‌ മാത്രമല്ല, അവിടെ രോഗങ്ങള്‍ കൊണ്ട്‌ കഷ്‌ടപ്പെടുന്നവര്‍ക്കും വീട്‌ വെക്കാന്‍ വകയില്ലാത്തവര്‍ക്കും വിവാഹത്തിനുമൊക്കെ പ്രവാസി സംഘടനകള്‍ ചെയ്യുന്ന സേവനം എത്ര പുകഴ്‌ത്തിയാലും മതിയാകുന്നതുമല്ല. ഗള്‍ഫ്‌ സംഘടനകള്‍ അയക്കുന്ന പണം ഇവിടെ വിയര്‍പ്പൊഴുക്കുന്ന മലയാളി അവന്റെ വേതനത്തില്‍നിന്ന്‌ നല്‍കുന്ന വിഹിതം സ്വരൂപിച്ചുണ്ടാക്കുന്നതാണെന്ന ബോധം നാട്ടിലുള്ളവര്‍ക്കുണ്ടാകില്ലെന്നതു നേരു തന്നെ.
പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ കണക്ക്‌ മതവിദ്വേഷം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന കാവിപ്പട മാത്രമല്ല, സര്‍ക്കാരുകള്‍ പോലും ഇവിടെനിന്ന്‌ അയക്കുന്ന പണത്തില്‍ അടങ്ങിയിരിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം കണ്ടില്ലെന്ന്‌ നടിക്കാറാണ്‌ പതിവ്‌. സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നിങ്ങളയക്കുന്ന കോടികളാണ്‌ കേരളത്തെ താങ്ങിനിറുത്തുന്നതെന്ന്‌ പറഞ്ഞ്‌ സുഖിപ്പിക്കാനും ഈ കണക്ക്‌ പ്രയോജനപ്പെടുന്നു.
സന്നദ്ധ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ മത്സരിച്ച്‌ മുന്നേറുന്നതിനനുസരിച്ച്‌ അത്തരം സഹായ ഹസ്‌തങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന്‌ തോന്നിപ്പോകും.
രാജ്യത്തെ നിയമങ്ങളെ കുറിച്ചുള്ള ഭീതി മൂലം അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പ്രവാസികള്‍ ഇപ്പോള്‍ അത്തരം ആശങ്കകളൊക്കെ മാറ്റിവെച്ചുകൊണ്ടാണ്‌ രംഗത്തിറങ്ങുന്നത്‌.
ഫ്‌ളാറ്റില്‍ നടന്ന സ്വാഭാവിക മരണത്തിന്റെ പേരില്‍, വാതുറന്ന്‌ പറയാന്‍ കഴിയാത്തതുമൂലം ആഴ്‌ചകളോളം ഒരു കൂട്ടം ആളുകള്‍ ജയിലില്‍ കിടന്ന സംഭവം ജിദ്ദയിലെ പഴയകാല പ്രവാസികള്‍ ഓര്‍ക്കുന്നു. സാധാരണ മരണമെന്ന്‌ പോലീസിനോട്‌ പറയാന്‍ കഴിയാത്തതിനാലാണത്രെ ജിദ്ദയില്‍ ആ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ക്ക്‌ മുഴുവന്‍ ജയിലില്‍ പോകേണ്ടിവന്നത്‌.
ഇന്നിപ്പോള്‍ ആ സംഭവങ്ങളൊക്കെ പഴങ്കഥകളായി. ഏതെങ്കിലും കാരണത്താല്‍ ജയിലിലടക്കപ്പെട്ട മലയാളി ഉണ്ടോ ഇറക്കാന്‍ എന്ന അന്വേഷണവുമായി സംഘടനാ നേതാക്കള്‍ പരക്കം പായുന്ന കാലമായി ഇന്ന്‌.
ജയിലിലടക്കാനുണ്ടായ കാരണമെന്തായാലും അയാളുടെ മോചനത്തിന്‌ ആദ്യം ഇടപെട്ടത്‌ തങ്ങളാണെന്ന നിര്‍ബന്ധവും വാശിയും സംഘടനകളെ നയിച്ചുതുടങ്ങിയതോടെ ഒട്ടേറെ പേര്‍ക്ക്‌ അതു തുണയായി. ഈ മത്സരങ്ങളില്‍ രക്ഷപ്പെട്ടവരില്‍ നിരപരാധികളും അപരാധികളുമുണ്ടാകും.
കുറ്റം എന്തെങ്കിലുമാകട്ടെ, മലയാളിയാണെങ്കില്‍ അവന്റെ കാര്യത്തില്‍ ഇടപടാതെ തരമില്ല എന്നതായിരിക്കുന്നു സംഘടനകളുടെ പരിപാടി. ഇത്‌ പലപ്പോഴും അവരെ പ്രയാസത്തിലകപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ട്‌. അങ്ങനെ വരുമ്പോള്‍ കുറ്റവാളിയായി ജയിലിലടക്കപ്പെട്ട മലയാളിയുടെ മറുകഥ രചിക്കാന്‍ സംഘടനകളുടെ നേതാക്കളും സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധിതരാകുന്നു. ഗോതമ്പു മോഷണത്തിന്‌ അറസ്റ്റിലായ മലയാളി, സുഹൃത്തിന്റെ പ്രേരണ കാരണമാണ്‌ കുറ്റം ചെയ്‌തതെന്നും മോഷണത്തിനു പോയപ്പോള്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബഹളം വെക്കാതിരിക്കാന്‍ വായയില്‍ തുണി തിരുകിയപ്പോള്‍ വൃദ്ധ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നുമൊക്കെ പറയാന്‍ നാം നിര്‍ബന്ധിതരാകുന്നു.
അങ്ങനെ നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പലതും വിജയം കാണുന്നു. ആദ്യമൊക്കെ വാഹനാപകടക്കേസുകളില്‍ നഷ്‌ടപരിഹാര തുക നല്‍കാന്‍ കഴിയാത്തവര്‍ക്ക്‌ ആ തുക കണ്ടെത്താന്‍ ഫണ്ട്‌ പിരിച്ചും മറ്റുമായിരുന്നു സഹായമെങ്കില്‍ ഇപ്പോള്‍ കുറ്റം എന്തു തന്നെയായാലും പ്രതിയുടെ നാട്ടിലെ കുടുംബത്തിന്റെ ദൈന്യതക്കുമുമ്പില്‍ എങ്ങനെയെങ്കിലും അയാളെ രക്ഷിച്ചെടുക്കുകയെന്നത്‌ സംഘടനകളുടെ ബാധ്യതയായി മാറുന്നു.
ജിദ്ദയിലേയും മക്കയിലേയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിയമ സഹായമെത്തിക്കുന്നതിലും നിറസാന്നിധ്യമായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കഥ കേള്‍ക്കുക. ജയിലിലടക്കപ്പെട്ട ഒരു യുവാവിന്റെ മോചനത്തിന്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ട്‌ നാളേറെയായി. ഒടുവില്‍ 10,000 റിയാല്‍ അടച്ചാല്‍ യുവാവിനെ മോചിപ്പിക്കാം എന്ന നിലയിലെത്തി. ആവശ്യമായ തുകയില്‍ എത്രമാത്രം യുവാവിന്റെ കുടുംബത്തില്‍നിന്ന്‌ കണ്ടെത്താനാകും എന്നറിയാനാണ്‌ അദ്ദേഹം സ്വന്തം സംഘടന വഴി നാട്ടില്‍ യുവാവിന്റെ പിതാവുമായി ബന്ധപ്പെട്ടത്‌. പതിനായിരത്തില്‍ കിട്ടുന്നത്‌ അവിടെനിന്ന്‌ വാങ്ങി ബാക്കി ഇവിടെനിന്നും സംഘടിപ്പിച്ച്‌ യുവാവിനെ പുറത്തിറക്കാനായിരുന്നു പരിപാടി. അങ്ങനെ യുവാവിന്റെ പിതാവിനെ കണ്ട്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ്‌ ഈ കുറിപ്പിന്റെ തലക്കെട്ട്‌. മക്കളേ, നിങ്ങള്‍ ഓനെ ഇപ്പം ഇറക്കണ്ട. ഓന്‍ കുറച്ച്‌ അവിടെക്കിടന്ന്‌ പഠിക്കട്ടെയെന്ന്‌.
സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച ക്രിമിനലിനെയാണോ നമ്മള്‍ ഇവിടെ ഏതെങ്കിലും വിധേന രക്ഷിക്കാന്‍ പാടുപെടുന്നതെന്ന സംശയമാണ്‌ ഇവിടെ ഉയരുന്നത്‌.
സ്വന്തം ഫ്‌ളാറ്റില്‍ മദ്യം വാറ്റിയതിനു പിടിയിലായ മലയാളിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ വിരല്‍ കടിച്ച മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്റെ അനുഭവവും ഈയിടെ അറിഞ്ഞു. തന്നെ വേറെ ചിലര്‍ ചേര്‍ന്ന്‌ കുടുക്കിയെന്ന കള്ളക്കഥയാണ്‌ ആ ക്രിമിനല്‍ സന്നദ്ധ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്‌. പിന്നീടാണ്‌ വാറ്റ്‌ ജീവിതമാര്‍ഗമാക്കിയ ഇയാളെ കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ ലഭ്യമായത്‌.
സംഘടനകളുടെ മത്സരത്തിനിടയില്‍ ഇത്തരം ചില അക്കിടികള്‍ പൊറുക്കാവുന്നതേയുള്ളൂവെന്ന്‌ വെക്കാം. എങ്കില്‍ പോലും മറുഭാഗത്ത്‌ ഇത്തരം ക്രിമിനലുകളില്‍നിന്നുള്ള ഉപദ്രവം ഏറ്റവരുടെ നീതി നിഷേധിക്കപ്പെടാമോ? നാടിനോടും നാട്ടുകാരോടുമുള്ള അമിത താല്‍പര്യവും സേവന മനോഭാവവും അതിരു കടക്കുമ്പോള്‍ അക്കിടികള്‍ക്കുമപ്പുറം അത്‌ നീതിനിഷേധത്തിലേക്കും ഒരു പക്ഷേ ദൈന്യതയുടെ മറവില്‍ ക്രിമിനലുകളെ മഹത്വപ്പെടുത്താന്‍ പോലും നാം നിര്‍ബന്ധിതരായി തീരും. ക്രിമിനലിനുവേണ്ടി നേരിട്ടു വാദിക്കാന്‍ കഴിയാതാകുമ്പോള്‍ അയാളെ കുറ്റത്തിനു പ്രേരിപ്പിച്ചതിനെ കുറിച്ചും പ്രേരകനെ കുറിച്ചുമൊക്കെയുള്ള പോലീസിനെ വെല്ലുന്ന അന്വേഷണമായി പിന്നീട്‌.
സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതു വഴി നിരവധി നിരപരാധികള്‍ക്ക്‌ രക്ഷപ്പെടാനായി എന്ന വസ്‌തുതയും ഇനിയും ഒട്ടേറെ നിരപരാധികള്‍ക്ക്‌ ഇത്തരം സഹായങ്ങള്‍ ആവശ്യമാണ്‌ എന്ന വസ്‌തുതയും വിസ്‌മരിച്ചുകൊണ്ടല്ല ഇക്കാര്യം സൂചിപ്പിക്കുന്നത്‌. വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള വ്യഗ്രതയും സംഘടനകള്‍ തമ്മിലുള്ള മത്സരവും അനാവശ്യമായ ഇടപെടലുകളിലേക്ക്‌ നയിക്കുന്നില്ലേ എന്ന സംശയം അവശേഷിക്കുന്നു.
നാട്ടില്‍ ഏതു ക്രിമിനലിനേയും രക്ഷിക്കാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്‌. മലപ്പുറം ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അതൊക്കെ നിയന്ത്രിക്കുന്നതിലും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരണത്തില്‍നിന്ന്‌ തടയുന്നതിലും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്‌ പരിമിതിയുണ്ടെന്നാണ്‌ ഒരു നേതാവ്‌ തുറന്നടിച്ചത്‌. മദ്യപിച്ച്‌ പോലീസ്‌ പിടിയിലായ ആളെ ഇറക്കാന്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു പറയാനെങ്കിലും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു നേതാവ്‌ എന്ന ചോദ്യമാണുയരുക. കള്ളുകുടിയനാണെങ്കിലും അയാളെ പോലീസ്‌ സ്റ്റേഷനില്‍നിന്ന്‌ ഇറക്കിയില്ലെങ്കില്‍ അയാളുടേയും കുടുംബത്തിന്റേയും പിന്തുണ പാര്‍ട്ടിക്ക്‌ നഷ്‌ടം തന്നെ. ഇതു പോലുള്ള നിസ്സഹായാവസ്ഥ എന്തായാലും പ്രവാസി സംഘടനകള്‍ക്കില്ല, അവയില്‍ മിക്കതും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളാണെങ്കില്‍ പോലും.

1/24/08

അഴിമതിക്കാരെ ഇതിലേ....


അനധികൃത മാര്‍ഗങ്ങളിലൂടെ നേടുന്ന പണം തിരിച്ചേല്‍പിക്കുന്നതിന്‌ സൗദി അറേബ്യയില്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇതുവരെ 14.6 കോടി റിയാല്‍ (140 കോടി രൂപ) ലഭിച്ചു. മൂന്നു വര്‍ഷം മുമ്പാണ്‌ അബ്‌ദുല്ല രാജാവ്‌ ഇത്തരമൊരു അക്കൗണ്ട്‌ തുറക്കാന്‍ നിര്‍ദേശം നല്‍കിയത്‌. രണ്ടര കോടി റിയാലാണ്‌ അക്കൗണ്ടില്‍ ലഭിച്ച ഏറ്റവും വലിയ തുക. ഒരു വ്യക്തിയാണ്‌ ഈ തുക അക്കൗണ്ടിലടച്ചത്‌.
അനര്‍ഹമായി നേടുന്ന തുക കൈമൈറുന്നതിനുള്ള അക്കൗണ്ട്‌ തുറക്കുകയെന്ന ആശയത്തിനു പിന്നില്‍ ഈജിപ്‌തുകാരനാണെന്ന്‌ അക്കൗണ്ട്‌ സെക്രട്ടറി മുഹമ്മദ്‌ വുഹൈബി പറഞ്ഞു. സൗദിയില്‍ ജോലി ചെയ്‌തിരുന്ന ഈജിപ്‌തുകാരന്‍ നാട്ടിലേക്ക്‌ മടങ്ങിയ ശേഷം അവിഹിത മാര്‍ഗത്തിലൂടെ നേടിയ തുക എങ്ങനെ തിരിച്ചുനല്‍കാമെന്ന്‌ അബ്‌ദുല്ല രാജാവിനോട്‌ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ അക്കൗണ്ട്‌ തുറക്കാന്‍ രാജാവ്‌ നിര്‍ദേശം നല്‍കിയത്‌. അക്കൗണ്ടില്‍ ആദ്യമായി പണം നിക്ഷേപിച്ചത്‌ രാജാവിനെ സമീപിച്ച ഈജിപ്‌തുകാരന്‍ തന്നെയായിരുന്നു. 5000 ഈജിപ്‌ഷ്യന്‍ പൗണ്ടാണ്‌ ഇയാള്‍ നിക്ഷേപിച്ചത്‌.
അക്കൗണ്ടില്‍ പണമടക്കുന്നവരെ ആരും ചോദ്യം ചെയ്യില്ല. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൈക്കൂലിയായും മറ്റും നേടിയ തുക സ്വദേശികള്‍ക്കും വിദേശികള്‍ക്കും അക്കൗണ്ടില്‍ അടയ്‌ക്കാം.
ഇങ്ങനെ ലഭിക്കുന്ന തുക പാവങ്ങള്‍ക്കാണ്‌ വിതരണം ചെയ്യുന്നത്‌. 2804 പേര്‍ക്കായി 5.6 കോടി റിയാല്‍ അക്കൗണ്ടില്‍നിന്ന്‌ വിതരണം ചെയ്‌തതായും സെക്രട്ടറി പറഞ്ഞു.
അനര്‍ഹമായി പണം കൈക്കലാക്കിയവര്‍ അത്‌ അക്കൗണ്ടില്‍ നിക്ഷേപിച്ച്‌ സ്വന്തം പാപമോചനം ഉറപ്പാക്കണമെന്ന്‌ ശൂറാ കൗണ്‍സില്‍ അംഗവും നീതിന്യായ മന്ത്രാലയത്തിലെ ഉപദേഷ്‌ടാവുമായ ശൈഖ്‌ അബ്‌ദുല്‍ മുഹ്‌സിന്‍ അല്‍ഉബൈകാന്‍ ആഹ്വാനം ചെയ്‌തു. അക്കൗണ്ടിന്‌ ജനങ്ങളില്‍നിന്ന്‌ ലഭിക്കുന്ന മികച്ച പ്രതികരണം സമൂഹത്തിലെ മതബോധത്തിന്‌ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു.
Related Posts Plugin for WordPress, Blogger...