എം.അഷ്‌റഫ്
(ജനുവരി 18-ന് മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം. കണ്ണൂരില്‍ എയര്‍പോര്‍ട്ട് വരുന്നതിനെ കുറിച്ചും സ്വകാര്യ മൂലധനത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടില്‍ വന്ന മാറ്റത്തെ കുറിച്ചും അഭിപ്രായങ്ങള്‍ എഴുതുമല്ലോ)
കണ്ണൂരില്‍ വിമാനത്താവളം വേണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നുവെങ്കിലും ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്‌റ്റന്‍ സി.പി. കൃഷ്‌ണന്‍ നായര്‍ക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കും മുമ്പേ ലീലാ ഗ്രൂപ്പ് അതേ കുറിച്ച് പഠനം തുടങ്ങിയിരുന്നു. വ്യോമയാന രംഗത്തെ 20 പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പഠനം. ഇപ്പോള്‍ സംയുക്ത സംരംഭമായി കണ്ണൂരില്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കെ നറുക്ക് ലീലാ ഗ്രൂപ്പിനു വീഴുമോ അതോ മറ്റു വല്ലവരും തട്ടിയെടുക്കുമോ എന്നേ അറിയാനുള്ളൂ.
കോഴിക്കോട് എയര്‍പോര്‍ട്ടിനെ കുറിച്ചും അവിടം കുത്തകയാക്കിയ എയര്‍ ഇന്ത്യയെ കുറിച്ചും പരാതികള്‍ അവസാനിക്കാത്തതു കൊണ്ടായിരിക്കണം കണ്ണൂരില്‍ സ്ഥാപിക്കാനിരിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളം ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി നോക്കുന്ന മലബാറുകാര്‍ക്ക് പ്രയോജനപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാരോ കണ്ണൂരില്‍ നോട്ടമിട്ടിരിക്കുന്ന ലീലയടക്കമുള്ള സ്വകാര്യ ഗ്രൂപ്പുകളോ പറഞ്ഞുതുടങ്ങിയിട്ടില്ല. പകരം ഈ എയര്‍പോര്‍ട്ട് പഴം, പച്ചക്കറി, മത്സ്യം, കൈത്തറി കയറ്റുമതിക്കും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഉപയുക്തമാകുമെന്നാണ് എല്ലാവരും പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ടൂറിസം വികസനമാണ് ലക്ഷ്യമായി പറഞ്ഞത്. നിര്‍ദിഷ്‌ട എയര്‍പോര്‍ട്ട് പൂക്കളും പച്ചക്കറിയും പഴങ്ങളും കയറ്റി അയക്കുന്നതിനുള്ള കേന്ദ്രമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതിയെ കുറിച്ച് വാര്‍ത്താ ലേഖകരോട് വെളിപ്പെടുത്തിയ വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്‌ജന്‍ ദാസ് മുന്‍ഷിയും പ്രത്യാശ പ്രകടിപ്പിച്ചത്.
തുണിത്തരങ്ങളുടെ ഇന്ത്യയിലെ എട്ട് പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കണ്ണൂരെന്നും ഇവിടെ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥാപിക്കുന്നത് മേഖലയുടെ മൊത്തം വികസനത്തിനു തന്നെ സഹായകമാകുമെന്നും ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായരും പറയുന്നു. മട്ടന്നൂരിനടുത്ത് 2000 ഏക്കറില്‍ സ്ഥാപിക്കുന്ന എയര്‍പോര്‍ട്ടിന് ഒറ്റ റണ്‍വേയായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിനും അനുമതിയായി കഴിഞ്ഞു.
സ്വകാര്യ പങ്കാളിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്ര രൂപം നല്‍കുന്ന സംയുക്ത കമ്പനി 930 കോടി രൂപ ചെലവിട്ടായിരിക്കും എയര്‍പോര്‍ട്ട് നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകക്ക് പുറമെയാണിത്. കിന്‍ഫ്രക്ക് 24 ശതമാനവും സ്വകാര്യ കമ്പനിക്ക് 74 ശതമാനവുമായിരിക്കും പങ്കാളിത്തം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വകാര്യ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ച് കണ്ടെത്തും.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി നേടിയ എയര്‍പോര്‍ട്ടിന്റെ സംയുക്ത പങ്കാളിയായി ലീലാ ഗ്രൂപ്പിനു പുറമേ മറ്റാരെയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. നിര്‍മിച്ച് കൈമാറാമെന്ന വ്യവസ്ഥയെ കുറിച്ചാണ് ആലോചിച്ചതെങ്കിലും നെടുമ്പാശ്ശേരി മോഡല്‍ കമ്പനി രൂപീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് നേരത്തെ ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നാലാമത്തെ എയര്‍പോര്‍ട്ടാണ് യാഥാര്‍ഥ്യമാകാനിരിക്കുന്നത്. കേന്ദ്രം യാതൊരു ഇളവുകളും നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടും കണ്ണൂര്‍ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രേരണയായത് സ്വകാര്യ പങ്കാളിത്തമെന്ന പ്രതീക്ഷയാണ്. നിര്‍ദിഷ്‌ട എയര്‍പോര്‍ട്ടിന് കണ്ടുവെച്ച സ്ഥലത്തെ ജനസാന്ദ്രത കൂടി കണക്കിലെടുത്താണ് ഒരു റണ്‍വേ മാത്രമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. പലതരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചെങ്കിലും രാഷ്‌ട്രീയതലത്തിലുള്ള സമ്മര്‍ദം വേണ്ടിവന്നു കേന്ദ്രത്തെ വഴിക്കുകൊണ്ടുവരാന്‍.
പത്തുവര്‍ഷം മുമ്പ് കൊച്ചിയില്‍ സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് സ്ഥാപിക്കുമ്പോള്‍ സമര രംഗത്തുണ്ടായിരുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് രാഷ്‌ട്രീയ സമ്മര്‍ദത്തിലൂടെ നേടിയെടുത്തിരിക്കുന്നതെന്നത് വിരോധാഭാസമായി തോന്നാം. സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചും വികസനത്തെ കുറിച്ചുമുള്ള സി.പി.എം നിലപാടുകളിലെ മാറ്റമായി കണ്ടാല്‍ ഇവിടെ ആശ്ചര്യത്തിനവകാശമില്ല. പത്ത് വര്‍ഷം മുമ്പ് കെ. കരുണാകരന്റെ ഭരണകാലത്ത് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സി.ഐ.എ.എല്‍) കമ്പനി രൂപീകരിക്കുമ്പോള്‍ തങ്ങളുടെ മൃതദേഹങ്ങളില്‍ ചവിട്ടിയേ സ്വകാര്യ പങ്കാളിത്തത്തോടെ എയര്‍പോര്‍ട്ട് സ്ഥാപിക്കാന്‍ അനുവദിക്കൂ എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് സി.പി.എം നേതാക്കള്‍ പട നയിച്ചിരുന്നത്.
ഏറ്റവും കുറഞ്ഞ ദൂരപരിധിയില്‍ ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങളെന്ന ബഹുമതി കൂടി കൈവരികയാണ് കൊച്ചു കേരളത്തിന്. അഞ്ചാമത്തെ എയര്‍പോര്‍ട്ട് ആറന്മുളയിലും വരാനിരിക്കുന്നു. രാജ്യത്തെ വ്യോമഗതാഗതത്തില്‍ ഒന്നാം സ്ഥാനത്താണ് മൂന്ന് എയര്‍പോര്‍ട്ടുകളും കൂടി കേരളമെന്ന കണക്ക് നമ്മുടെ നാലാം എയര്‍പോര്‍ട്ടിനായുള്ള യത്‌നത്തെ ന്യായീകരിക്കുമ്പോഴും വടക്കെ മലബാറിലെ വികസന മുന്‍ഗണന തെറ്റിയില്ലേ എന്ന സംശയം ബാക്കിനില്‍ക്കുന്നു. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വിമാന മാര്‍ഗം പോയാലോ എന്നു തോന്നുംവിധമാണ് താറുമാറായ റോഡുകളും പൂര്‍ത്തിയാകാത്ത റെയില്‍വേ മേല്‍പാലങ്ങളും. കണ്ണൂരില്‍ എയര്‍പോര്‍ട്ട് വേണമെന്ന് വാദിക്കാന്‍ തോന്നിപ്പിക്കുന്നതും കോഴിക്കോട്ടുനിന്ന് നൂറ് കി.മീ മാത്രം ദൂരമുള്ള കണ്ണൂരിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതത്തിരക്കുമാണ്.
ടൂറിസം വികസനത്തിനും കൈത്തറി വികസനത്തിനും മത്സ്യകയറ്റുമതിക്കുമൊക്കെ ഉപകാരപ്പെട്ട് കേരളത്തിന്റെ വികസന കുതിച്ചു ചാട്ടത്തിന് പുതുതായി ആരംഭിക്കുന്ന എയര്‍പോര്‍ട്ടും സഹായിക്കുമെന്ന് നമുക്ക് വാദിക്കാമെങ്കിലും കൂടുതുല്‍ കൂടുതല്‍ അഭ്യസ്‌തവിദ്യരെ അന്യനാടുകളിലേക്ക് കയറ്റി അയക്കാന്‍ തന്നെയായിരിക്കും അന്തിമമായി ഈ എയര്‍പോര്‍ട്ടും സഹായകമാകുക. അതുകൊണ്ട് പ്രവാസികളായ നമുക്ക് എല്ലാവിധ ആശംസകളും നേരാം.
വാല്‍ക്കഷ്‌ണം: പുതിയ എയര്‍പോര്‍ട്ട് സാധിച്ചെടുത്തതില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രിമാരും ആഹ്ലാദിക്കുമ്പോള്‍ പാവം കരുണാകരനായിരിക്കും നിരാശ. ഇടതുപക്ഷവുമായി അടുപ്പമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെ എന്‍.സി.പിയില്‍നിന്നുകൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന് സമ്മര്‍ദം ചെലുത്തിയ അദ്ദേഹത്തിനു വിലപേശലിനുള്ള ശേഷി തെളിയിക്കാന്‍ അവസരം നഷ്‌ടമായി.
1/18/08
11/29/07
ദുരന്തക്കാഴ്‌ചകളും കുട്ടികളും
അത്യുത്തര കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന ഒരു വിഡിയോ സി.ഡി കണ്ടു ഞാന്‍. ഇതു നല്‍കിയ സുഹൃത്ത് നല്‍കിയ മറ്റൊരു കഥയാണ് ഞാന്‍ വായനക്കാരുമായി പങ്ക് വെക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ഒരു പദ്ധതയിലേക്ക് സംഭാവന പ്രതീക്ഷിച്ചുകൊണ്ട് നമ്മുടെ സുഹൃത്ത് ഈ സി.ഡി. ഒരാളെ കാണിക്കാന്‍ ശ്രമിച്ചു. ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള സി.ഡികള്‍ കാണരുതെന്നും അത് നമ്മുടെ കുട്ടികളില്‍ ഭീതി വളര്‍ത്തുമെന്നുമായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഇത്തരം ദുരന്തങ്ങളുടെ സി.ഡികള്‍ കുട്ടികളെ കാണിക്കണമെന്നും അവരില്‍ അനുകമ്പയുടെ വികാരം വളര്‍ത്താനാണ് ഇത് ഉപകരിക്കുകയെന്നും ഞാന്‍ മനസ്സിലാക്കുന്നു. ടി.വി. ചാനലുകളില്‍ നമ്മുടെ കുട്ടികള്‍ എത്രയെത്ര ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നു.
അന്യരുടെ വേദനകളില്‍ നോവുകയെങ്കിലും ചെയ്യാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിച്ചേ തീരൂ.
അഷ്‌റഫ്
ഗൂഗിളിനും ഇസ്രായിലിനെ പേടി
യാഹുവിന് പിന്നാലെ ഗൂഗിളും അജ്ഞാത ബ്ലോഗറുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ്രായിലിലെ ഷാരെയ് ടിക്‌വ കൗണ്‍സിലിലേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ച ബ്‌ളോഗറുടെ ഐ.പി. അഡ്രസ് കോടതിക്ക് നല്‍കുമെന്നാണ് ഗൂഗള്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് പേരില്‍ ഒരാള്‍ വികലാംഗനായി അഭിനയിച്ച് ആനുകൂല്യം തട്ടിയെന്നും മറ്റുള്ളവര്‍ കോണ്‍ട്രാക്‌ടര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും മൂന്ന് പേര്‍ക്കും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമായിരുന്നു ബ്ലോഗ്. മൂന്ന് ലക്ഷം എന്‍.ഐ.എസ് നഷ്‌ടപരിഹാരവും ബ്ലോഗറുടെ പേരുവിവരം പുറത്തുവിടാന്‍ ഗൂഗിളിനോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് മൂന്ന് സ്ഥാനാര്‍ഥികളും കോടതിയെ സമീപിച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും കോടതി വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വയം പേര് വെളിപ്പെടുത്താന്‍ ഗൂഗിള്‍ ബ്ലോഗര്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കയാണ്.
നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രാജ്യമല്ലേ, ഗൂഗിളിനും കാണും പേടി.
അഷ്‌റഫ്
9/26/07
ഗാസയിലെ കുഞ്ഞുങ്ങള്‍

എം. അഷ്‌റഫ്
നാല് മാസം മാത്രം പ്രായമായ മുല കുടിക്കുന്ന കുഞ്ഞിനെ കണ്‍മുമ്പില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മുനീറ അമൃ എന്ന ഫലസ്തീനി സ്ത്രീയെ കൊലപ്പെടുത്തിയത് ഒരു സെപ്റ്റംബറിലായിരുന്നു.
'കരുണയില്ലാതെ' എന്ന മുദ്രവാക്യം സ്വീകരിച്ചുകൊണ്ട് ഇസ്രായില്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ നടപ്പിലാക്കിയ കൂട്ടനരമേധത്തിലെ കരളലിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്. ലബനോന്‍കാരായ ക്രിസ്ത്യന്‍ മിലീഷ്യയെ കൂട്ടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ തന്നെ ഒട്ടും കരുണയില്ലാതെ ഇസ്രായില്‍ സൈന്യം നടപ്പിലാക്കിയ ശബ്‌റാ?-ശത്തീലാ കൂട്ടക്കൊല 25 വര്‍ഷം പിന്നിടുമ്പോള്‍ ഫലസ്തീനി പ്രദേശമായ ഗാസയില്‍ നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും കൂട്ടക്കൊലയുടെ വക്കിലാണ്.
1982 സെപ്റ്റംബര്‍ 15 ന് ലബനോനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പുകളിലാണ് 3500 പേരെങ്കിലും കൊല്ലപ്പെട്ട നരമേധമെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രദേശത്ത് അവരെ പട്ടിണിക്കിട്ട് കൊല്ലുവാനാണ് അമേരിക്കയുടെ ഒത്താശയോടെ ഇസ്രായില്‍ ആസൂത്രണം ചെയ്ത പദ്ധതി. ശത്രു കേന്ദ്രമെന്ന് ഇസ്രായില്‍ പ്രഖ്യാപിച്ച ഗാസയിലെ ബാങ്കുകളുമായുള്ള വ്യാപാര ബന്ധം വിഛേദിക്കുകയാണെന്ന് ഇസ്രായിലിലെ ഏറവും വലിയ കൊമേഴ്സ്യല്‍ ബാങ്കായ ഹാപോഅലിമും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഗാസാ ചീന്തിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ബാങ്കുകളുടെ തീരുമാനവും കാരണമാകും.
പടിഞ്ഞാറന്‍ പിന്തുണയുള്ള പ്രസിഡണ്റ്റ് മഹ്മൂദ് അബ്ബാസിണ്റ്റെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ചീന്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഇസ്രായിലി കറന്‍സിയിലാണ്. ഒരാഴ്ച മുമ്പാണ് ഗാസയെ ശത്രു കേന്ദ്രമായി ഇസ്രായില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക ഉപരോധത്തിലായിരുന്ന പ്രദേശത്തേക്കുള്ള വൈദ്യുതി, ഇന്ധന വിതരണം പേരിനു മാത്രമാക്കാനായിരുന്നു ഈ പ്രഖ്യാപനം. ഫലസ്തീനി പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണത്തിനുളള തിരിച്ചടിയായാണ് 15 ലക്ഷത്തോളം പേരെ പാഠം പഠിപ്പിക്കാനുള്ള ഇസ്രായില്‍ നടപടി. ശത്രു കേന്ദ്രമെന്ന് പ്രഖ്യാപിച്ചതിനാല്‍ അവിടേക്ക് അവശ്യ സേവനങ്ങള്‍ എത്തിക്കണമെന്ന അന്താരാഷ്ട്ര നിബന്ധന ബാധകമല്ലെന്നാണ് ജൂത രാഷ്ട്രത്തിണ്റ്റെ വാദം. യു.എന്‍ ഉദ്യോഗസ്ഥര്‍ ഈ വാദത്തെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം അമേരിക്ക മാത്രമാണ് അംഗീകരിക്കപ്പെടേണ്ട അന്താരാഷ്ട്ര സമൂഹം. മ്യാന്‍മറില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കരുതെന്ന് അവിടത്തെ സൈനിക ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്കക്കും സഖ്യ രാജ്യങ്ങള്‍ക്കും ഫലസ്തീന്‍ ഒരു അന്താരാഷ്ട്ര പ്രശ്നം പോലുമല്ലാതായിട്ടുണ്ട്. ആവശ്യമായ ഭക്ഷണമോ മരുന്നോ കിട്ടാതെ ദുരിതക്കടലിലായ ഗാസ ജനതക്ക് അവശേഷിച്ചിരുന്ന വൈദ്യുതിയും ഇന്ധനവും കൂടി നല്‍കാതെ ഞെരുക്കാന്‍ കണ്ടെത്തിയ തന്ത്രമായിരുന്നു അധിനിവേശ പ്രദേശത്തെ ശത്രു കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം. സൈന്യത്തെ പിന്‍വലിച്ചുവെങ്കിലും കരയും കടലും അതിര്‍ത്തിയും ഇസ്രായില്‍ നിയന്ത്രണത്തിലുള ഗാസ ഇപ്പോഴും അധിനിവേശ പ്രദേശം തന്നെയാണ്. ഇറക്കുമതി, കയറ്റുമതി നിയന്ത്രണവും ഗാസ ജനതയെ ശിക്ഷിക്കുന്നതിന് ഇസ്രായില്‍ കൈക്കൊണ്ട ഇതര നയങ്ങളും മൂലം ഗാസയിലെ 70 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയോ വേതനം കിട്ടാതാവുകയോ ചെയ്തുവെന്നാണ് യു.എന്‍ കണക്ക്. 80 ശതമാനം ജനങ്ങളും ദാരിദ്യ്രക്കയത്തിലാണ്. യു.എന്നോ ഇതര അന്താരാഷ്ട്ര ഏജന്‍സികളോ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളെ മാത്രം ആശ്രയിച്ചാണ് ൮൦ ശതമാനം ജനങ്ങളും കഴിഞ്ഞുപോകുന്നത്. ഇതുകൂടിയില്ലെങ്കില്‍ ഗാസ പട്ടിണി മരണങ്ങള്‍ക്ക്് വേദിയാകുമായിരുന്നുവെന്ന് ലോക ഭക്ഷ്യ പരിപാടിയുടെ ക്രിസ്റ്റി കാംപെല്‍ അടിവരയിടുന്നു. മാംസത്തിണ്റ്റെ വില താങ്ങാനാവാത്ത ഗാസയില്‍ പഴവും പച്ചക്കറിയും കിട്ടാനേയില്ല. കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാനാവാതെ രക്ഷിതാക്കള്‍ പരക്കം പായുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികള്‍ തളര്‍ന്നുവീഴുകയാണെന്ന് യു.എന്‍ റിലീഫ് ആണ്റ്റ് വര്‍ക്ക് ഏജന്‍സിയുടെ ഗാസ ഡയറക്ടര്‍ ജോണ്‍ ഗിംഗ് വെളിപ്പെടുത്തുന്നു. ഇസ്രായിലി പട്ടണമായ സെറോത്തിലേക്ക് നാടന്‍ ബോംബുകളും റോക്കറ്റുമയച്ചവരെ ഫലസ്തീന്‍ ജനത തന്നെ ശിക്ഷിക്കാന്‍ വേണ്ടിയാണത്രേ ഇസ്രായിലിണ്റ്റെ പട്ടിണിക്കിടല്‍ തന്ത്രം. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ ൧൫ ലക്ഷത്തോളം വരുന്ന ജനങ്ങളെ മൊത്തം ശിക്ഷിക്കാനുള്ള ജൂത രാഷ്ട്രത്തിണ്റ്റെ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമായിട്ടും സമ്മര്‍ദമുയരുന്നില്ല എന്നത് അന്താരാഷ്ട്ര സമൂഹത്തിണ്റ്റെ ഇരട്ടത്താപ്പിന് ഒന്നാന്തരം ഉദാഹരണമാണ്. നാല് ദശകത്തിലേറെയായി സൈനിക അധിനിവേശം തുടരുന്ന ഇസ്രായിലിണ്റ്റെ ബാധ്യതയാണ് ഗാസയിലെ ജനങ്ങള്‍ക്ക്് അവശ്യ സാധനങ്ങളും സേവനങ്ങളും എത്തിക്കുക എന്നത്. ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമായിട്ടു പോലും ഇസ്രായിലിനു മേല്‍ സമ്മര്‍ദമുയിരുന്നില്ല. യു. എന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങളും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകളും വിസ്മരിക്കാന്‍ അമേരിക്കയുടെ കൂട്ട് ധൈര്യം പകരുന്ന ജൂത രാഷ്ട്രത്തിണ്റ്റെ കിരാത കൃത്യങ്ങള്‍ക്ക് മുന്നില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ ദീനരോദനത്തിന് എന്തു വില? കഴിഞ്ഞ ദിവസം അമേരിക്കയിലെ കൊളംബിയന്‍ യൂനിവേഴ്സിറ്റിയിലേക്ക്് ക്ഷണിച്ച് അതിണ്റ്റെ പ്രസിഡണ്റ്റ് ലീ ബൊളിംഗര്‍ തന്നെ അവഹേളിച്ചപ്പോള്‍ സംയമനം കൈവിടാതെ ഇറാന്‍ പ്രസിഡണ്റ്റ് മഹ്മൂദ് അഹ്മദി നെജാദ് ചോദിച്ചത് ഫലസ്തീന്‍ പ്രശ്നം അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമായെങ്കിലും സമ്മതിക്കുമോ എന്നാണ്. നിങ്ങളും നിങ്ങളുടെ ഗവണ്‍മെണ്റ്റും ഇസ്രായില്‍ രാഷ്ട്രത്തിണ്റ്റെ തകര്‍ച്ചയാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പരിപാടിയുടെ മോഡറേറ്ററും യൂനിവേഴ്സിറ്റി ഡീനുമായ ജോണ്‍ കോട്സ് വര്‍ത്ത്, യെസ് ഓര്‍ നോ മറുപടി ആവശ്യപ്പെട്ടപ്പോള്‍ നെജാദ് അതിനെ തന്‍മയത്വത്തോടെ നേരിട്ടത് ൭൦ ശതമാനത്തിലേറെ നെജാദി വിരുദ്ധരായിരുന്നിട്ടും കാമ്പസ് വേദിയുടെ കൈയടി നേടി. എല്ലാ വിഭാഗം ജനങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും ജൂതന്‍മാര്‍ സുഹൃത്തുക്കളാണെന്നും നിരവധി ജൂതന്‍മാര്‍ സമാധാനത്തോടെ ഇറാനില്‍ കഴിയുന്നുണ്ടെന്നും മറുപടി നല്‍കിയപ്പോഴാണ് കോട്സ്‌വര്‍ത്ത് യെസ് ഓര്‍ നോ മറുപടിക്ക് ശഠിച്ചത്. ചോദ്യം ഉന്നയിച്ച ശേഷം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം തന്നെ വേണമെന്ന് ശഠിക്കാമോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫലസ്തീന്‍ പ്രശ്നത്തില്‍ തിരിച്ച് യെസ് ഓര്‍ നോ മറുപടി ആവശ്യപ്പെട്ടത്. ൬൦ ലക്ഷം ജൂതന്‍മാരെ നാസികള്‍ കൂട്ടക്കൊല ചെയ്തുവെന്ന ആരോപണത്തിനു വസ്തുതകളുടെ പിന്‍ബലമില്ലെന്ന് ആവര്‍ത്തിച്ച നെജാദ് അങ്ങനെ സമ്മതിച്ചാല്‍ തന്നെ ഫലസ്തീനികള്‍ അതിനെന്തിനു വില നല്‍കണമെന്ന ചോദ്യവും ഉന്നയിച്ചു.
Subscribe to:
Posts (Atom)